Pages

Sunday, May 01, 2022

മാങ്ങാത്തോല്

സുന്നത്ത് കല്യാണം വളരെ വലിയൊരു പരിപാടിയായി തന്നെയായിരുന്നു മുൻ കാലങ്ങളിൽ നടത്തിയിരുന്നത്. അടുത്ത ബന്ധുക്കളെയും കാരണവൻമാരെയും എല്ലാം ക്ഷണിച്ച് വരുത്തി വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കി ആയിരുന്നു സുന്നത്ത് കല്യാണം. കല്യാണം കഴിക്കപ്പെടുന്നവൻ വരാൻ പോകുന്ന സംഭവം അറിയാതെ ഇവർക്കിടയിലൂടെ ഓടിക്കളിക്കുന്നുണ്ടാകും.

എന്റെ ഓർമ്മയിലുള്ള സുന്നത്ത് കല്യാണം എളാമയുടെ മൂത്ത മകന്റെതാണ്. അന്നൊക്കെ  ജ്യേഷ്ഠാനുജന്മാരുടെ സമപ്രായക്കാരായ മക്കൾ, അല്ലെങ്കിൽ ഒരേ വീട്ടിലെ രണ്ട് മക്കൾ അതുമല്ലെങ്കിൽ അയൽവാസികളുടെ മക്കൾ ഇങ്ങനെ കൂട്ടമായിട്ടായിരുന്നു സുന്നത്ത് കല്യാണം നടത്തിയിരുന്നത്. ഒസ്സാനെ കിട്ടാൻ പ്രയാസമായതിനാലാവും ഇങ്ങനെ ചെയ്തിരുന്നത്. സ്കൂൾ പൂട്ടുന്ന വേനലവധിക്കാലത്താണ് സുന്നത്ത് കല്യാണം നടക്കാറ്.

എളാമയുടെ മകന്റെ കൂടെ തന്നെയായിരുന്നു തൊട്ടപ്പുറം താമസിക്കുന്ന അവരുടെ മൂത്താപ്പയുടെ മകന്റെ സുന്നത്ത് കല്യാണവും നിശ്ചയിച്ചിരുന്നത് . ഒസ്സാൻ ആദ്യം എത്തിയത് എളാമയുടെ വീട്ടിലായിരുന്നു. ആഗതർ എല്ലാം ഭക്ഷണം കഴിച്ച ശേഷം ഒസ്സാനും ചേലാകർമ്മം നടത്തപ്പെടുന്നവനും വേറെ രണ്ട് പേരും ( ചേലാകർമ്മം നടത്തപ്പെടുന്നവനെ പിടിച്ചു വയ്ക്കാനായിരിക്കാം) കൂടി ഒരു മുറിയിലേക്ക് കയറി വാതിലടച്ചു. അൽപം കഴിഞ്ഞ് ഉച്ചത്തിലുള്ള ഒരു കരച്ചിൽ , അടുത്ത സുന്നത്ത് കല്യാണം നടത്തപ്പെടണ്ടവനടക്കം ഞങ്ങൾ എല്ലാവരും കേട്ടു. അര മണിക്കൂറിന് ശേഷം ചേലാകർമ്മം ചെയ്യപ്പെട്ടവൻ ഒഴികെ എല്ലാവരും മുറിയിൽ നിന്ന് പുറത്തിറങ്ങി.

ഒസ്സാൻ ഉപകരണങ്ങളുമായി തൊട്ടടുത്ത വീട്ടിൽ എത്തി. അവിടെ എല്ലാവരും വാതിലിന്റെ പിന്നിലും കട്ടിലിനടിയിലും വീടിന്റെ മച്ചിലും എല്ലാം തിരച്ചിലിൽ ആണ്. ചേലാകർമ്മം നടത്തപ്പെടേണ്ടവനെ കാൺമാനില്ല ! നേരത്തെ കേട്ട കരച്ചിലിൽ നിന്ന് അതിന്റെ വേദന മനസ്സിലാക്കിയ അവൻ എവിടെയോ പോയി ഒളിച്ചിരിക്കുന്നു ! അവസാനം മൂന്ന് വീട് അപ്പുറത്ത് നിന്നോ മറ്റോ ആണ് ആളെ കണ്ടെത്തിയത്.

സുന്നത്ത് കല്യാണം കഴിഞ്ഞാൽ സന്ദർശകരായി നിരവധി പേർ വരും. വിവിധ തരം പലഹാരങ്ങളും പൈസയും എല്ലാം സമ്മാനമായി കിട്ടും.  ലിദുമോന് ആദ്യ സമ്മാനം കിട്ടിയത് എന്റെ ഉമ്മയിൽ നിന്നാണ് - ആയിരം രൂപ !!   സമ്മാനമായി നെയ്യും ബൂസ്റ്റും മറ്റും എല്ലാം വേറെയും കിട്ടിയിട്ടുണ്ട്. കാഷ് പ്രൈസ് ഇപ്പോൾ തന്നെ ആറായിരം രൂപ പിന്നിട്ടു.ഇത് കാണുമ്പോഴാണ് പെൺകുട്ടികൾക്കും ആൺകുട്ടിയാകാൻ കൊതി വരുന്നത്.

1980 ലാണ് എന്ന് തോന്നുന്നു എന്റെയും അനിയന്റെയും ചേലാകർമ്മം ഒരുമിച്ച് നടന്നത്. എനിക്ക് ആകെ കിട്ടിയത് 120 രൂപയോ മറ്റോ ആയിരുന്നു. പക്ഷേ സമ്മാനം കിട്ടിയ ഒരു സാധനം ഇന്നും ഓർമ്മയിലുണ്ട് - മാങ്ങാത്തോല് !! പഴുത്ത മാങ്ങ നീളത്തിൽ അരിഞ്ഞ് വെയിലത്തുണക്കി ഉണ്ടാക്കുന്ന ഒരു പലഹാരമായിരുന്നു മാങ്ങാത്തോല് .ഇന്ന് ആ സാധനം തന്നെ നാമാവശേഷമായി. എങ്കിലും ആ നാട്ടുരുചി നാവിൽ തങ്ങി നിൽക്കുന്നു.

1 comment:

  1. പക്ഷേ സമ്മാനം കിട്ടിയ ഒരു സാധനം ഇന്നും ഓർമ്മയിലുണ്ട് - മാങ്ങാത്തോല് !!

    ReplyDelete

നന്ദി....വീണ്ടും വരിക