പാർശ്വവൽക്കരിക്കപ്പെട്ടവന്റെ വേദനകൾ അവന് മാത്രമേ അറിയൂ. അത്തരം ആൾക്കാരുടെ മുഖത്ത് വിടരുന്ന പുഞ്ചിരി , അത് ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. എന്റെ പത്താം ക്ലാസ് കൂട്ടായ്മയുടെ "സ്നേഹസ്പർശം " പരിപാടിയിലൂടെ നടത്തിയ ഒരു എളിയ പ്രവർത്തനത്തിലൂടെ ഇത്തരം ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് അൽപമെങ്കിലും നിറം നൽകാനും ഹൃദ്യപ്പുഞ്ചിരികൾ വിടർത്താനും സാധിച്ചു.
രോഗിയായ ഗൃഹനാഥനും ഗൃഹനാഥയും, നിലത്തിഴഞ്ഞ് നീങ്ങുന്ന മുപ്പത് വയസ്സ് കഴിഞ്ഞ മകനും, ബധിരയായ മകളും അടങ്ങിയ ഒരു കുടുംബത്തിലെ എല്ലാവർക്കും പെരുന്നാൾ വസ്ത്രം നൽകാൻ സുമനസ്സ് കാണിച്ചത് ഞങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി മനസ്സിലാക്കിയ ഗ്രൂപ്പിന് പുറത്തുള്ള മറ്റൊരു 87 SSC ബാച്ചുകാരൻ തന്നെയായിരുന്നു. അങ്ങനെ, ഓടക്കയത്തെ ആദം കുട്ടി കാക്കാക്കും കുടുംബത്തിനും മറക്കാനാവാത്ത ഒരു പെരുന്നാൾ സമ്മാനിക്കാൻ സാധിച്ചതിൽ ഹൃദയം നിറഞ്ഞ സന്തോഷം ഞാൻ അനുഭവിക്കുന്നു.
കുരിക്കലമ്പാട്ട് ക്കാരുടെ "അമ്മായി " എനിക്ക് ആരുമല്ല. പക്ഷെ, ജീവിത യാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ അടിപതറാതെ രണ്ട് ജീവിതങ്ങളെ കൂട്ടിപ്പിടിച്ച് അവർ തരണം ചെയ്യുന്നത് ദുഃഖ സാഗരമാണ്. ഭർത്താവ് മരിച്ചുപോയ അവർക്ക് കൂട്ടിനുള്ളത് 34 വയസ്സ് പ്രായമുള്ള എന്നാൽ കുട്ടിത്തം വിടാത്ത ഓട്ടിസം ബാധിച്ച മാനു എന്ന മകനും ഊമയും ബധിരയുമായ ഭർത്താവിന്റെ പെങ്ങളുമാണ് . മൂന്ന് പേർക്കും ലഭിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകളും പിന്നെ നാട്ടുകാരുടെ സഹായവും മാത്രമാണ് ഇവരുടെ ജീവിതാശ്രയം. ഞങ്ങളുടെ കൂട്ടായ്മയുടെ ഒരു തൂവൽ സ്പർശം യാദൃശ്ചികമായി ഈ കുടുംബത്തിലും എത്തി. ബിരിയാണി അരി , പഞ്ചസാര, ചായപ്പൊടി, വനസ്പതി, നെയ്യ് എന്നിവയും മറ്റും അടങ്ങിയ ഒരു മാസത്തേക്കുള്ള പലവ്യഞ്ജന കിറ്റ് അവരുടെ വീട്ടിലെത്തിച്ച് കൊടുത്തു.
തോട്ടുമുക്കം സ്വദേശി ഉസ്മാനിക്കയും ഭാര്യയും പത്താം ക്ലാസിൽ പഠിക്കുന്ന മകനും +1 ന് പഠിക്കുന്ന മകളും അടങ്ങിയ കുടുംബത്തിനും ഇത്തവണ ആഹ്ലാദത്തിന്റെ ചെറിയ പെരുന്നാളാണ്. കടുത്ത അൾസർ രോഗം കാരണം ജോലിക്ക് പോകാൻ സാധിക്കാത്ത ഉസ്മാനിക്ക ആരോടും പരിഭവം പറഞ്ഞില്ല. ഭാര്യ അടക്ക പൊളിച്ചു കിട്ടുന്ന തുഛമായ വരുമാനത്തിൽ മുന്നോട്ട് നീങ്ങിയിരുന്ന ജീവിതം കോവിഡ് മഹാമാരിയോടെ പ്രതിസന്ധിയിലായി. മക്കളെങ്കിലും നല്ല വസ്ത്രങ്ങൾ ധരിച്ച് കാണാൻ ആഗ്രഹിച്ച മാതാപിതാക്കൾക്ക് ഒരു സുമനസ്സ് അവ എത്തിച്ച് കൊടുത്തു.ഒരു മാസത്തേക്കുള്ള സാധനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റ് സ്റ്റേഹസ്പർശം പദ്ധതിയിലൂടെ ഞങ്ങളുടെ കൂട്ടായ്മയും നൽകി.
ഇതിൽ രണ്ട് കുടുംബങ്ങളുടെ അടുത്ത് ഞങ്ങളെ എത്തിച്ചത് തെരട്ടമ്മൽ സ്വദേശിയായ അബ്ദുക്കയാണ്. തേനീച്ച വളർത്തിയും അല്ലറ ചില്ലറ പണികളെടുത്തും ലഭിക്കുന്ന വരുമാനത്തിൽ നിന്ന് നിരവധി കുടുംബങ്ങൾക്ക് താങ്ങാകുന്ന അദ്ദേഹത്തിന്റെ നിശബ്ദ സേവനത്തിന് ദൈവം അർഹമായ പ്രതിഫലം നൽകട്ടെ, ആമീൻ.
ഈ മൂന്ന് കുടുംബ സന്ദർശനവും, ഞാനെത്ര ധന്യനാണെന്ന എന്റെ തിരിച്ചറിവിനെ ഒന്ന് കൂടി ബലപ്പെടുത്താനും സഹായിച്ചു.
NB: ചെയ്ത കർമ്മങ്ങൾ വിളിച്ചോതാനല്ല ഈ കുറിപ്പ്. മറിച്ച് ആർക്കെങ്കിലും ഒരു കൈ സഹായിക്കാനോ പിന്തുണ നൽകാനോ ഇതൊരു പ്രചോദനമാകുമെങ്കിൽ ഒന്നിറങ്ങിത്തിരിക്കാനാണ്. ദൈവം അനുഗ്രഹിക്കട്ടെ .
ഈ മൂന്ന് കുടുംബ സന്ദർശനവും, ഞാനെത്ര ധന്യനാണെന്ന എന്റെ തിരിച്ചറിവിനെ ഒന്ന് കൂടി ബലപ്പെടുത്താനും സഹായിച്ചു.
ReplyDelete