Part 1 : ആഗ്രയിലൂടെ - 1
രണ്ട് ദിവസത്തെ ട്രെയിൻ യാത്ര എല്ലാവരിലും ക്ഷീണം പടർത്തിയിരുന്നു. എങ്കിലും എത്രയും പെട്ടെന്ന് കുളിച്ച് ഉച്ചഭക്ഷണം കഴിക്കാനായി തൊട്ടടുത്ത "മനോജ് ഭോജനാലയ" ത്തിൽ ഞങ്ങളെത്തി. ബായി അവിടെ ആർക്കോ വേണ്ടി ഒരു അപേക്ഷ തയ്യാറാക്കുന്നുണ്ടായിരുന്നു. ഞങ്ങളെത്തിയതോടെ ഭക്ഷണം വിളമ്പലും കറി ഒഴിക്കലും തൈര് പാരലും വെള്ളം കോരലും എല്ലാം ബായി തന്നെ ഏറ്റെടുത്തു.
ഭക്ഷണം കഴിഞ്ഞ ഉടനെത്തന്നെ ഞങ്ങൾ ആഗ്രാ ഫോർട്ടിലേക്ക് പുറപ്പെട്ടു. ടിക്കറ്റ് ഓൺലൈനിൽ നേരത്തെ എടുത്തിരുന്നു. മുതിർന്നവർക്ക് 35 രൂപയാണ് ടിക്കറ്റ് നിരക്ക്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ആഴ്ചയിൽ ഏഴ് ദിവസവും പ്രവേശനമുണ്ട്.
ആഗ്ര എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ ഓടി എത്തുന്നത് താജ് മഹൽ ആണ്. എന്നാൽ താജിൽ നിന്നും ഏതാനും കിലോമീറ്ററുകൾ ദൂരെ , ഒരു കാലത്തെ വലിയൊരു സാമ്രാജ്യത്തിന്റെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന ആഗ്ര ഫോർട്ടും നെഞ്ചുയർത്തി നിൽപ്പുണ്ട്. മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ പുനരുദ്ധാരണം തുടങ്ങി വച്ച് പിന്നീട് അധികാരത്തിൽ വന്ന ജഹാംഗീറും ഷാജഹാനും വിവിധ നിർമ്മിതികൾ നടത്തിയ ആഗ്ര ഫോർട്ട് ചരിത്രകുതുകികൾക്ക് കാഴ്ച സദ്യയൊരുക്കും. ആഗ്രയിൽ വരുന്ന ഏതൊരു സഞ്ചാരിയും ആഗ്ര കോട്ട കണ്ട ശേഷമേ താജ് മഹൽ സന്ദർശിക്കാവൂ എന്നാണ് എന്റെ പക്ഷം.
യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ആഗ്ര ഫോർട്ടിന് നാല് കോട്ടവാതിലുകൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഇതിൽ മൂന്നും ഇന്ത്യൻ സൈന്യത്തിന്റെ കീഴിലായതിനാൽ പൊതുജനങ്ങൾക്ക് അവയിലൂടെ പ്രവേശനമില്ല. തെക്ക് ഭാഗത്തുള്ള അമർസിങ്ങ് ഗേറ്റിലൂടെ കോട്ടക്കകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ ബീർബലിന്റെ കുസൃതികളും രാജാ തോഡർമാളിന്റെ ചിന്തകളും ഇടത്തും വലത്തും നമുക്ക് അനുഭവപ്പെടും.
രജപുത്ര രാജാവായ ബാദൽ സിംഗ് പതിനൊന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് ആഗ്ര ഫോർട്ട് എന്ന് പറയപ്പെടുന്നു. അന്ന് ബാദൽ ഘർ എന്നായിരുന്നു ഇതിന്റെ പേര്. പിന്നീട് മുഹമ്മദ് ഗസ്നിയും അലക്സാണ്ടർ ലോധിയും ഇബ്രാഹിം ലോധിയും ഈ കോട്ട കീഴടക്കി. 1526ലെ ഒന്നാം പാനിപ്പറ്റ് യുദ്ധത്തോടെ കോട്ട മുഗൾ രാജവംശത്തിന്റെ കീഴിലായി. മുഗൾ സാമ്രാജ്യത്തിലെ എല്ലാ രാജാക്കന്മാരും താമസിച്ച ഈ കോട്ടയെ ഇന്നത്തെ രൂപത്തിലാക്കിയത് അക്ബർ ചക്രവർത്തിയും ഷാജഹാൻ ചക്രവർത്തിയും കൂടിയാണ്.
വിവിധ കാലഘട്ടങ്ങളിലായി പണികഴിപ്പിച്ച നിരവധി നിർമ്മിതികൾ കോട്ടക്കകത്തുണ്ട്. ഇവയെപ്പറ്റി വിവരിച്ച് തരാൻ നിരവധി ഗൈഡുമാരും നമ്മളെ പൊതിയും. 200 രൂപ മുതൽ മുകളിലോട്ടാണ് റേറ്റ്. 100 രൂപ കൊടുത്താലും അവർ വരും. പക്ഷെ സമയം അവർ തെളിച്ച് കൊണ്ട് പോകുന്നതിന് അനുസരിച്ചായിരിക്കും. അതിനെക്കാളും നല്ലത് പോകുന്നതിന് മുമ്പേ ഫോർട്ടിനകത്ത് കാണാനുള്ളതിനെപ്പറ്റി സ്വയം അറിയുകയാണ്. കൃത്യമായി അടയാളപ്പെടുത്തി വച്ചിട്ടുള്ളതിനാൽ സന്ദർശന സമയത്ത് വ്യക്തമായി മനസ്സിലാക്കാനും സാധിക്കും.
കോട്ടക്കകത്തെ വിവിധ കെട്ടിടങ്ങൾ കാണാനായി ഞങ്ങൾ മുന്നോട്ട് നടന്നു.
(തുടരും....)
Part 3 : ആഗ്രയിലൂടെ - 3
ആഗ്രയിലൂടെ യാത്ര തുടരുന്നു.
ReplyDelete