Pages

Thursday, June 09, 2022

ആഗ്രയിലൂടെ - 3

Part 1 :  ആഗ്രയിലൂടെ - 1

Part 2 : ആഗ്രയിലൂടെ .... 2

കോട്ടക്കകത്ത് വലത് ഭാഗത്ത് ആദ്യം കാണുന്ന ചെങ്കൽ നിർമ്മിതിയാണ് ജഹാംഗീർ മഹൽ. അക്ബറിന്റെ രജപുത്ര ഭാര്യമാർ വസിച്ചിരുന്ന സ്ഥലമാണ് ഇത്. പൂന്തോട്ടത്തിൽ ഉലാത്തുന്ന അക്ബറിനെ മുകളിലെ ചെറിയൊരു കിളിവാതിലിലൂടെ ജോധാബായി എത്തി നോക്കുന്നുണ്ടോ എന്ന് ഒരു വേള നമുക്ക് ഇപ്പോഴും സംശയം തോന്നും. അക്ബറിന്റെ പുത്രനായിരുന്ന ജഹാംഗീറിന്റെ ഓർമ്മയിൽ ജഹാംഗീർ പാലസ് എന്നും ഈ കെട്ടിടം ഇപ്പോൾ അറിയപ്പെടുന്നു. അതിന്റെ വലത് വശത്ത് പൊളിഞ്ഞ് പോയ കെട്ടിടങ്ങളുടെ കുറെ അവശിഷ്ടങ്ങൾ കാണാം. അതായിരുന്നു അക്ബർ പാലസ്. ബംഗാളി വാസ്തുശില്പ പ്രകാരം നിർമ്മിക്കപ്പെട്ടതിനാൽ ഈ രണ്ട് പാലസിനെയും കൂട്ടിച്ചേർത്ത് ബംഗാളി മഹൽ എന്നും പറയാറുണ്ട്.


ചുവന്ന കല്ലുകളാൽ നിർമ്മിതമായ കെട്ടിടങ്ങളിൽ നിന്ന് ഉള്ളോട്ട് നടന്ന് ഞങ്ങൾ എത്തിയത് മാർബിൾ നിർമ്മിതമായ കെട്ടിടങ്ങളിലാണ്. ഷാജഹാൻ പാലസ് ആരംഭിക്കുന്നത് അവിടം മുതലാണ്. 

ഷാജഹാൻ പാലസിന്റെ വരാന്തയിൽ ഒരു മുറിക്കകത്ത് പൂട്ടിയിട്ട നിലയിൽ വലിയൊരു വാതിൽ കാണാം. ഗസ്നി ദർവാസ എന്നാണത് അറിയപ്പെടുന്നത്. ഗസ്നിയുടെ കോട്ടയിൽ നിന്ന് ബ്രിട്ടീഷുകാർ കൊണ്ടു വന്നതാണിത് എന്നു പറയപ്പെടുന്നു. സോമനാഥ ക്ഷേത്രത്തിന്റെ ചന്ദന വാതിൽ ഗസ്നി കൊള്ളയടിച്ചതാണ് എന്നും പറയപ്പെടുന്നു. അതിനാൽ സോമനാഥ് ഗേറ്റ് എന്നും ഈ വാതിൽ അറിയപ്പെടുന്നു.

പിന്നീട് എത്തുന്നത് മനോഹരമായ ഒരു വെണ്ണക്കൽ സൗധത്തിലാണ്. ഷാജഹാനും മുംതസ് ബീഗവും താമസിച്ചിരുന്ന ഈ സൗധത്തിന്റെ പേരാണ് ഖാസ് മഹൽ. ഇവരുടെ പെൺമക്കളായ ജഹനാരയും റോഷ്നാരയും താമസിച്ചിരുന്ന ഇടവും ഖാസ് മഹലിന്റെ ഇടത്തും വലത്തും കാണാം. ഖാസ് മഹലിന്റെ മുൻഭാഗത്ത് കാണുന്നതാണ് അംങ്കൂരി ബാഗ് അഥവാ മുന്തിരിത്തോട്ടം (ഇന്ന് മുന്തിരി ഒന്നും ഇല്ല).

ഖാസ് മഹലും കഴിഞ്ഞ് കാണുന്ന സൗധവും വളരെ മനോഹരമാണ്. പക്ഷെ, ഒരു വിഷാദഗാനം അവിടെ സദാ സമയവും അലയടിക്കുന്നുണ്ട്. മുസമ്മൻ ബുർജ് എന്നറിയപ്പെടുന്ന ഈ കെട്ടിടത്തിലായിരുന്നു എട്ട് വർഷക്കാലം ഷാജഹാനെ സ്വന്തം മകൻ ഔറംഗസീബ് തടവിലിട്ടത്. അങ്ങകലെ താജ്മഹലിലേക്കു കണ്ണും നട്ട് ആ മനുഷ്യൻ എട്ട് വർഷം പാടിയ പാട്ടുകൾ ഏതൊരു മനുഷ്യന്റെയും കണ്ണ് നിറക്കും. 

മുസമ്മൻ ബുർജിന് സമീപം തന്നെ, ജനങ്ങളുടെ പരാതി നേരിട്ട് ബോധിപ്പിക്കാനുള്ള ജഹാംഗീറിന്റെ ചെയിൻ ഓഫ് ജസ്റ്റിസ് ഉണ്ടായിരുന്ന സ്ഥലം കാണാം. ഒരു ക്വിന്റലോളം ഭാരമുള്ള സ്വർണ്ണത്തിന്റെ ചങ്ങലയായിരുന്നു ഇത്.ഇന്നത് അവിടെ ഇല്ലാത്തത് ഭാഗ്യം. തൊട്ടടുത്തുള്ള ശീഷ് മഹൽ എന്ന ഗ്ലാസ് പാലസ് പുറത്ത് നിന്ന് നോക്കി കാണാം.

ചക്രവർത്തിയുടെ മുമ്പാകെ പൊതുജനങ്ങൾക്ക് പരാതി ബോധിപ്പിക്കാനുള്ള സൗകര്യം എല്ലാ രാജാക്കന്മാരും ഒരുക്കാറുണ്ട്. മുഗൾ ചക്രവർത്തിമാർ ഇതിനായി വലിയൊരു ഹാൾ തന്നെ പണി കഴിപ്പിച്ചിരുന്നു. മനോഹരമായ കൊത്തുപണികളാൽ അലംകൃതമായ വിശാലമായ ആ ഹാളാണ് ദിവാനിം ആം. അതിന്റെ മുറ്റത്തായി ഒരു ശവക്കല്ലറ കാണാം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനിടെ ഇവിടെ വച്ച് കൊല്ലപ്പെട്ട ബ്രിട്ടീഷുകാരനായ ജോൺ റസ്കലിന്റെ ശവകുടീരമാണത്.

ദിവാനി ആമിലെ ഇടുങ്ങിയ ഒരു ഗോവണിപ്പടിയിലൂടെ കുറെ പേർ മുകളിലേക്ക് കയറുന്നത് കണ്ട് ഞങ്ങളും കയറി. ഖാസ് മഹലും അങ്കൂരി ബാഗും നടുമുറ്റമായി വരുന്ന രൂപത്തിൽ കണ്ടിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഞങ്ങളെത്തിയത്. അവിടെ ഒരു മൂലയിലുള്ള വാതിൽ തുറന്നു മറ്റൊരു വെണ്ണക്കൽ സൗധത്തിലേക്ക് ഞങ്ങളെത്തി. നാഗിന മസ്ജിദ് ആയിരുന്നു അത്. ഷാജഹാൻ ചക്രവർത്തി കൊട്ടാരത്തിലെ സ്ത്രീകൾക്ക് പ്രാർത്ഥിക്കാനായി പണി കഴിപ്പിച്ചതാണ് ഈ മസ്ജിദ് . ഇപ്പോൾ അവിടെ നമസ്കാരം ഒന്നും തന്നെ ഇല്ല.

ആഗ്ര ഫോർട്ടിനകത്ത് നമ്മൾ കറങ്ങാൻ തുടങ്ങിയിട്ട് സമയം ഏറെയായി. ഇതിനിടക്ക് , 2014 ൽ എന്റെ കൂടെ നാഷണൽ യൂത്ത് ഫെസ്റ്റിവലിന് പഞ്ചാബിലേക്ക് വന്ന കോഴിക്കോട്ടുകാരൻ സുധിനെയും ഭാര്യയെയും അവിടെ വച്ച് കണ്ടുമുട്ടി. വെയിൽ കുറഞ്ഞപ്പോൾ യമുനാ നദിയിൽ നിന്നുയർന്ന മന്ദമാരുതൻ താജ് മഹലിനെയും തഴുകി ഞങ്ങളുടെ സമീപത്തെത്തി. താജിന്റെ തണുപ്പും മുംതസിന്റെ ഗന്ധവും നിറഞ്ഞ ആ കുളിർക്കാറ്റ് ഞങ്ങളെ താജ് മഹലിലേക്ക് നയിച്ചു.


NB:മുൻ സന്ദർശന വിവരണവും ഫോട്ടോസും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


(തുടരും...)

Part 4 : ആഗ്രയിലൂടെ - 4

1 comment:

നന്ദി....വീണ്ടും വരിക