Pages

Friday, June 10, 2022

ആഗ്രയിലൂടെ - 4

Part 1 :  ആഗ്രയിലൂടെ - 1

Part 2 : ആഗ്രയിലൂടെ .... 2

Part 3 : ആഗ്രയിലൂടെ - 3

ആഗ്ര ഫോർട്ടിൽ നിന്നും ഏതാനും നിമിഷങ്ങൾ സഞ്ചരിച്ചപ്പഴേക്കും ഞങ്ങൾ താജ് മഹലിന്റെ പിന്നാമ്പുറത്തെത്തി. ബായി കാണിച്ച് തന്ന ഗേറ്റിലൂടെ ഞങ്ങൾ അകത്തെത്തി. ഇവിടെയും ടിക്കറ്റ് ഞങ്ങൾ ഓൺലൈനിൽ എടുത്തിരുന്നു. മുതിർന്നവർക്ക് 45 രൂപയാണ് ടിക്കറ്റ് നിരക്ക്. പതിനഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റില്ല.

പ്രവേശന കവാടത്തിൽ ബാഗ് പരിശോധനയുണ്ട്. ഒരു തരത്തിലുള്ള ഭക്ഷ്യവസ്തുക്കളും അകത്തേക്ക് പ്രവേശിപ്പിക്കില്ല. ട്രൈപോഡ്, ചാർജ്ജർ തുടങ്ങീ മൊബൈൽ അനുബന്ധ ഉപകരണങ്ങളും അനുവദനീയമല്ല. അവയൊക്കെ ഉണ്ടെങ്കിൽ കൗണ്ടറിൽ ഏൽപിക്കാം. തിരിച്ച് വരുമ്പോൾ കിട്ടുമോ ഇല്ലയോ എന്ന് ഒരു ഗ്യാരണ്ടിയും ഇല്ല.

പ്രവേശന കവാടം കടന്ന് കഴിഞ്ഞാൽ റെഡ് സ്റ്റോൺ നിർമ്മിതികളാണ് ആദ്യം കാണുന്നത്. മനോഹരമായി സെറ്റ് ചെയ്ത പുൽതകിടികളും അവക്കിടയിലൂടെയുള്ള നടപ്പാതകളും സഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെടും.  കോട്ടവാതിൽ പോലെയുള്ള വലിയൊരു വാതിലിന് മുന്നിൽ വീണ്ടും ഞങ്ങളെത്തി.

"ഉമ്മച്ചീ.... അതാ താജ് മഹൽ ... " ജീവിതത്തിലാദ്യമായി താജ് മഹൽ കണ്ട എന്റെ ആറ് വയസ്സ് കാരൻ ലിദു മോൻ ആവേശത്തിൽ വിളിച്ച് പറഞ്ഞു. ഞാൻ താജ് മഹലിന്റെ കവാടം കടക്കുന്നത് അഞ്ചാമത്തെ തവണയായിരുന്നു. എന്റെ ഭാര്യ മൂന്നാം തവണയും മറ്റ് മക്കൾ രണ്ടാം തവണയും താജ് മഹൽ ദർശിച്ചു. ലോകാത്ഭുതങ്ങളിൽ ഒന്നായി സ്കൂൾ കാലം മുതലേ പഠിച്ച് വരുന്ന താജ് മഹൽ ആദ്യമായി കൺമുന്നിൽ പ്രത്യക്ഷമായതിന്റെ ആശ്ചര്യം നൗഷാദിന്റെ കുടുംബത്തിലും കണ്ടു.

പതിവ് പോലെ താജ് മഹലിന്റെ ഉച്ചിയിൽ തൊടുന്ന ഫോട്ടോ എടുക്കാനായി സഞ്ചാരികളും ഫോട്ടോ എടുപ്പിക്കാനായി ഫോട്ടോഗ്രാഫർമാരും തിക്കിത്തിരക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു ഫോട്ടോഗ്രാഫർ മൊബൈലിൽ നൗഷാദിന്റെ മോൾക്ക് പ്രസ്തുത ഫോട്ടോ സൗജന്യമായി എടുത്ത് കൊടുത്തു. താജ് മഹൽ പശ്ചാത്തലമാക്കി നിരവധി ഫോട്ടോകൾ എടുത്ത ശേഷം ഞങ്ങൾ ആ ശില്പകാവ്യത്തിനടുത്തേക്ക് നീങ്ങി.

മുൻ സന്ദർശനങ്ങളിലെപ്പോലെ നേരിട്ട് താജ്മഹലിന്റെ സ്റ്റെപ്പ് കയറുന്നതിന് പകരം ഇടത് ഭാഗത്ത് ഏറ്റവും അറ്റത്തുള്ള സ്റ്റെപ്പ് കയറിയാണ് എല്ലാവരും പ്രവേശിച്ചിരുന്നത്. അവിടെ എത്തിയപ്പോഴാണ് താജ്മഹലിനകത്ത് പ്രവേശിക്കാൻ ഇനിയും ടിക്കറ്റ് എടുക്കണം എന്നതറിഞ്ഞത്. ഓൺലൈനിൽ Taj mausoleum എന്ന് കാണിച്ച് 200 രൂപയുടെ ടിക്കറ്റ് കണ്ടിരുന്നു. അത് ഏതോ മ്യൂസിയത്തിക്കുള്ള ടിക്കറ്റാണെന്ന് കരുതി ഞാൻ എടുത്തതുമില്ല. പക്ഷേ ടിക്കറ്റ് കൗണ്ടർ അവിടെത്തന്നെ ഉണ്ടായിരുന്നതിനാൽ മുതിർന്ന അഞ്ച് പേർക്കും ഞങ്ങൾ ടിക്കറ്റ് എടുത്തു. കുട്ടികൾക്ക് സൗജന്യമായതിനാൽ അവരെയും കൂടെ കടത്തി വിട്ടു. ഞാനും നൗഷാദും പുറത്ത് കാത്തിരുന്നു.

താജ് മഹലിന്റെ ഉൾഭാഗവും ഷാജഹാന്റെയും മുംതസ് മഹലിന്റെയും ശവകുടീരങ്ങളും കൺ കുളിർക്കെ കണ്ട് അവർ തിരിച്ച് വന്നപ്പഴേക്കും താജ് മഹലിന്റെ മകുടങ്ങളിൽ സൂര്യന്റെ പൊൻ കിരണങ്ങൾ പതിക്കാൻ തുടങ്ങിയിരുന്നു. അവിടന്നും ഇവിടന്നും സെക്യൂരിറ്റിക്കാരുടെ വിസിലുകൾ മുഴങ്ങാൻ തുടങ്ങിയതോടെ താജ് മഹൽ പരിസരം പെട്ടെന്ന് വിജനമാകാൻ തുടങ്ങി. അടുത്ത ദിവസം ഡൽഹിയിലെത്തി കാശ്മീർ എന്ന സ്വർഗ്ഗത്തിലേക്ക് യാത്ര തിരിക്കാനുള്ളതിനാൽ ഞങ്ങളും ഷാജഹാനോടും മുംതാസിനോടും സലാം പറഞ്ഞ് പിരിഞ്ഞു.


NB: മുൻ വർഷത്തെ താജ്മഹൽ സന്ദർശനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.



1 comment:

  1. ആഗ്രയിലൂടെയുള്ള യാത്ര അവസാനിക്കുന്നു.... ഇനി കാശ്മീർ ഫയൽസ്

    ReplyDelete

നന്ദി....വീണ്ടും വരിക