കാശ്മീർ ഫയൽസ് - 4 (Click & Read)
ശ്രീനഗർ - ഗുൽമാർഗ് പാതയിൽ ടാങ്ങ് മാർഗ് ൽ ആയിരുന്നു ഇഷ്ഫാഖിന്റെ വീട്. ഞങ്ങളവിടെ എത്തുമ്പോൾ സമയം രാത്രി ഒമ്പതര മണിയായിരുന്നു. തണുത്ത് വിറക്കുന്നതിനാൽ വണ്ടിയിൽ നിന്നിറങ്ങിയ ഉടൻ ലഗേജും കൊണ്ട് എല്ലാവരും വീട്ടിനകത്തേക്ക് കയറി (ഓടിക്കയറി എന്ന് പറയുന്നതാണ് ഏറ്റവും ഉചിതം). കാശ്മീരിൽ സമ്മർ ആണെന്നും തണുപ്പ് ഇല്ല എന്നും അറിയിച്ചിരുന്നതിനാൽ സ്വറ്റർ ആരും തന്നെ കരുതിയിരുന്നില്ല. വരും ദിവസങ്ങളിൽ ഈ തണുപ്പിനെ എങ്ങനെ പ്രതിരോധിക്കും എന്ന ചിന്ത എന്റെ മനസ്സിലൂടെ ഒന്ന് മിന്നി.
കാർപ്പറ്റ് വിരിച്ച കർട്ടനിട്ട വിശാലമായ ഒരു മുറിയിലേക്കാണ് ഞങ്ങളെ അവർ സ്വീകരിച്ചിരുത്തിയത്. ചാരിയിരിക്കാനായി എട്ടോ പത്തോ ചെറിയ കുഷ്യനുകളും ഉണ്ടായിരുന്നു. ഒരു തരത്തിലുള്ള ഫർണ്ണീച്ചറും ആ മുറിയിൽ ഉണ്ടായിരുന്നില്ല. എല്ലാവരും നിലത്ത് ചമ്രം പടിഞ്ഞിരിക്കുക എന്നതാണ് ഇവിടത്തെ സിസ്റ്റം. നിലത്തിരുന്ന ഉടനെ തന്നെ പുതക്കാനായി കട്ടിയുള്ള വിരിപ്പുകളും തന്നു. എല്ലാവരും ശരീരം മൂടിപ്പുതച്ച് വിറയലിൽ നിന്നും താല്ക്കാലിക രക്ഷ നേടി.
"സർ, സബ് ഠീക് ഹേം ന?" എല്ലാവരുടെയും പല്ലിടി നിന്നപ്പോൾ ഇഷ്ഫാഖ് ചോദിച്ചു.
"ഹാം ... അബ് ഠീക് ഹോ ഗയ"
അല്പ സമയത്തിനകം തന്നെ കുട്ടികളും വലിയവരുമായി പലരും ഞങ്ങളെ കാണാനായി കടന്നു വന്നു. ഇഷ്ഫാഖിന്റെ കസിൻ ബ്രദേഴ്സും അവരുടെ ഭാര്യമാരും കുട്ടികളും ഒക്കെയായിരുന്നു അത്. കുട്ടികൾ ഞങ്ങളെ സ്വാഗതം ചെയ്തു ഒരു പാട്ട് പാടിയതോടെ ഞങ്ങൾക്കും ആവേശമായി. ഞങ്ങളും ഹിന്ദിയിലും മലയാളത്തിലും പാട്ടുകൾ അവതരിപ്പിച്ചു. അവരിലെ മുതിർന്നവരും പാട്ടുകൾ പാടിയതോടെ ഒരു സാംസ്കാരിക വിനിമയം തന്നെ അവിടെ അരങ്ങേറി. സമയം പത്തര ആയതോടെ പലരും പിരിഞ്ഞു പോയി.
" ആജ് ഹം മജ്ലിസ് ഖാന ഖായേഗ " മറ്റുള്ളവർ പോയ ശേഷം ഇഷ്ഫാഖ് എന്നോട് പറഞ്ഞു.
"ഹാം.." സംഗതി എന്താണെന്ന് മനസ്സിലായില്ലെങ്കിലും തിന്നാനുള്ള എന്തോ പരിപാടി ആയതിനാൽ ഞാനങ്ങ് സമ്മതം മൂളി.
അല്പസമയം കഴിഞ്ഞ് കിണ്ടി പോലെയുള്ള ഒരു സാധനവും കോളാമ്പി പോലുള്ള മറ്റൊരു സാധനവും കൊണ്ട് ഇഷ്ഫാഖ് വന്നു. രണ്ടും വെള്ളി നിറത്തിലുള്ളതും കൊത്ത് പണികളോട് കൂടിയതും ആയിരുന്നു. പേപ്പർ റോള് പോലെയുള്ള ചുരുട്ടി വച്ച എന്തോ ഒന്ന് കൂടി അവന്റെ കയ്യിലുണ്ടായിരുന്നു. കോളാമ്പി എന്റെ മുമ്പിൽ കാർപ്പറ്റിൽ വച്ച ശേഷം അവൻ എന്നോട് അതിന് മുകളിലേക്ക് കൈ നീട്ടാൻ പറഞ്ഞു. ശേഷം അവൻ കിണ്ടിയിൽ നിന്ന് വെള്ളമൊഴിച്ചു. ഞാൻ കൈ നന്നായി കഴുകി. ഞങ്ങൾ പതിനൊന്ന് പേരുടെയും കൈകൾ ഇങ്ങനെ കഴുകിയ ശേഷം നേരത്തെ പറഞ്ഞ പേപ്പർ റോൾ കാർപ്പറ്റിൽ നിവർത്തി. ഞങ്ങൾ പണ്ട് "സുപ്ര" എന്ന് വിളിച്ചിരുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഷീറ്റായിരുന്നു അത്.
ഇഷ്ഫാഖിനും കുടുംബത്തിനുമായി കൊണ്ടു വന്ന വെളിച്ചെണ്ണ, മാങ്ങ, വിവിധതരം ചിപ്സ്, തേൻ പലക, കുരുമുളക്, കോഴിക്കോടൻ ഹൽവ എന്നിവ ഞാനവന് കൈമാറി.
"സർ, കൽ ഗുൽമാർഗ് ജാന ഹേ...യഹാം സെ അധിക് ദൂർ നഹീം.. ലേകിൻ ഗണ്ടോല മേം ജാനെ കൊ സബേര ഹീ നികൽന ഹേ..."
"കിത് നെ ബജെ ?"
"ആട്ട് ബജെ. "
" ഠീക്"
"എല്ലാവരും വേഗം ഉറങ്ങിക്കോളൂന്ന്....നാളെ ഗണ്ടോലയിൽ പോകണമെങ്കിൽ ഇവിടെ നിന്ന് നേരത്തെ ഇറങ്ങണം ..." ഞാൻ നിർദ്ദേശം നൽകി.
"ഇവിടെ നിന്ന് ഗോണ്ടനാമോയിലേക്ക് എളുപ്പ വഴി ഉണ്ടോ?" കേട്ടത് മാറിപ്പോയ ആരോ ചോദിച്ചു.
" ഗോണ്ടനാമോ അല്ല ... ഗണ്ടോല അഥവാ കേബിൾ കാർ ..."
"കേബിൾ കാറോ?"
"അതെ,കേബിളിൽ തൂക്കിയ കാറിൽ ഒരു ..യാത്ര."
"ങേ!!" ഒരു ഞെട്ടൽ പെട്ടെന്ന് അവിടെ അലയടിച്ചു.
" യെ സബ് യഹാം ലേടേംഗ ... ആപ് ഔർ നൗഷാദ് സാർ ഉസ് ഘർ മേം... ആവോ മേരെ സാത്..."
സ്ത്രീകളും കുട്ടികളും ഇഷ്ഫാഖിന്റെ വീട്ടിലെ അതേ സ്വീകരണ മുറിയിൽ തന്നെ കിടന്നുറങ്ങി. ഞാനും നൗഷാദും തൊട്ടടുത്ത വീട്ടിലെ സമാനമായ ഒരു മുറിയിലും കിടന്നുറങ്ങി. അന്ന് ആരൊക്കെ എന്തൊക്കെ സ്വപ്നങ്ങൾ കണ്ടു എന്ന് ആരും ആരോടും പറഞ്ഞില്ല.
(തുടരും...)
"ഇവിടെ നിന്ന് ഗോണ്ടനാമോയിലേക്ക് എളുപ്പ വഴി ഉണ്ടോ?" കേട്ടത് മാറിപ്പോയ ആരോ ചോദിച്ചു.
ReplyDelete