Pages

Monday, June 27, 2022

കാശ്മീർ ഫയൽസ് - 4

കാശ്മീർ ഫയൽസ് - 3 ( Click & Read )

"ഹം ബാനിഹാൾ പഹൂഞ്ച..." ചെറിയ ഒരു പട്ടണത്തിന്റെ ലക്ഷണം കണ്ട് തുടങ്ങിയപ്പോൾ നസീർഖാൻ പറഞ്ഞു. ജമ്മുവിൽ നിന്നും ബാനിഹാൾ വരെ ടാക്സിയിൽ വന്ന് അവിടെ നിന്നും ബാരാമുള്ളയിലേക്കുള്ള ട്രെയിൻ കയറാം എന്നായിരുന്നു എൻറെ ആദ്യത്തെ പ്ലാൻ. കാശ്മീറുകാരൻ ഇഷ്‌ഫാഖ്‌ ട്രെയിനിന്റെ സമയക്രമവും അയച്ചു തന്നിരുന്നു. പക്ഷെ ലാസ്റ്റ് ട്രെയിൻ ഉച്ചക്ക് രണ്ട് മണിക്ക് സ്റ്റേഷൻ വിടുന്നതിനാൽ ആ പ്ലാൻ ഒഴിവാക്കി.മാത്രമല്ല ബാനിഹാളിലേക്കും ശ്രീനഗറിലേക്കും ടാക്സി ചാർജ്ജ് പറഞ്ഞത് തലക്ക് 1300 രൂപ എന്നായിരുന്നു.

"ഓഹ്.... യഹാം സെ ഖാന ഖായേഗ" അവിടെ നിന്നും ഭക്ഷണം കഴിക്കാം എന്ന ആശയിൽ ഞാൻ പറഞ്ഞു.

"പഹ്‌ലെ നമാസ് കരോ..." ആദ്യം നമസ്കരിക്കാം എന്ന നസീർഖാന്റെ നിർദ്ദേശത്തിൽ, വണ്ടി പാർക്ക് ചെയ്ത ശേഷം ഞങ്ങൾ പള്ളി ലക്ഷ്യമാക്കി നടന്നു.

"ലേഡീസ് കോ ഭീ കർന സകേഗ ?" ഈ നാട്ടിലെ സിസ്റ്റം അറിയാത്തതിനാൽ ഞാൻ ചോദിച്ചു.

"ചൽ..." ഡ്രൈവർ പറഞ്ഞതനുസരിച്ച് ഞങ്ങൾ എല്ലാവരും പള്ളിയിലേക്ക് നടന്നു.സ്ത്രീകൾക്ക് അവിടെ സൗകര്യം ഉണ്ടായിരുന്നില്ല.അവിടെ അപ്പോൾ കണ്ട ഒരാളോട് അന്വേഷിച്ചപ്പോൾ തൊട്ടടുത്ത് തന്നെയുള്ള മദ്രസാ ഹാൾ തുറന്നു തന്നു. അങ്ങനെ എല്ലാവർക്കും നമസ്കരിക്കാനും ദൈവത്തെ സ്തുതിക്കാനും അവസരം ലഭിച്ചു.

പള്ളിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സമീപത്തെ ചില സ്ത്രീകൾ ഞങ്ങളുടെ കൂടെയുള്ള സ്ത്രീകളുടെ ചുറ്റും കൂടി എന്തൊക്കെയോ ചോദിച്ചു.അറിയാവുന്ന രീതിയിൽ അവർ ആശയ വിനിമയം നടത്തി.കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അവർ അവരുടെ വീട്ടിലേക്കും ക്ഷണിച്ചു.ആദ്യമായി കാണുന്നവരെ വീട്ടിലേക്ക് ക്ഷണിക്കുന്ന ആ ആതിഥേയ മര്യാദക്ക് മുമ്പിൽ ഞങ്ങൾ കൈകൂപ്പി.

"ഖാന കഹാം സെ?" മൂന്നാല് ദിവസം കൊണ്ട് അത്യാവശ്യമുള്ള ഹിന്ദി പഠിച്ച ഹാഷിം ഡ്രൈവറോട് ചോദിച്ചു.

"രാസ്തേ മേം .." 

"യാ ഖുദാ...!!!" 

ഡ്രൈവറുടെ നിർദ്ദേശ പ്രകാരം ഞങ്ങൾ എല്ലാവരും വണ്ടിയിൽ കയറി.  ഇടുങ്ങിയതും  വൃത്തിഹീനമായതുമായ ഒരു പട്ടണമായിരുന്നു ബാനിഹാൾ. ജമ്മുവിനെയും ശ്രീനഗറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കവാടമാണ് ബാനിഹാൾ എന്ന് അവിടെ എത്തിയപ്പോഴേ മനസ്സിലായി. അതുവരെ ചൂടുകൊണ്ട് ബുദ്ധിമുട്ടിയിരുന്ന ഞങ്ങൾക്ക് തണുപ്പ് ശരിക്കും അനുഭവിക്കാൻ തുടങ്ങി.ജമ്മുവിലെ 42 ഡിഗ്രി സെൽഷ്യസിൽ നിന്ന് കാശ്മീരിലെ ഇരുപത്തിരണ്ട് ഡിഗ്രി സെൽഷ്യസിലേക്കുള്ള താപനിലയുടെ കൂപ്പുകുത്തലിൽ ശരീരം വിറക്കാൻ തുടങ്ങി.

ബാനിഹാൾ റെയിൽവേ സ്റ്റേഷന്റെ മഞ്ഞുകാലത്തെ പടം കണ്ടപ്പോൾ ആ പാതയിൽ ഒന്ന് സഞ്ചരിക്കാൻ കൊതിയായി. ഈ പാതയിലെ Pir Panjal തുരങ്കമാണ് ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കം എന്ന് പറയപ്പെടുന്നു.11.215 കി.മീ ആണ് ഇതിന്റെ നീളം.മഞ്ഞുകാലത്തെ കാശ്മീർ കാണാൻ, ദൈവം അനുഗ്രഹിച്ചാൽ  പിന്നീടൊരിക്കൽ വരാം എന്ന് പറഞ്ഞ് മനസ്സിനെ ഒന്ന് മയപ്പെടുത്തി.

ടൗണിലെ റോഡിൽ മേഞ്ഞുകൊണ്ടിരിക്കുന്ന ചെമ്മരിയാടുകളിലേക്ക് പെട്ടെന്നാണ് ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞത്.ബ്രൗൺ പെയിന്റ് കൊണ്ട് നക്ഷത്രവും ചന്ദ്രക്കലയും വരച്ചിട്ടതിന്റെ ഉദ്ദേശം മനസ്സിലാകാത്തതിനാൽ ഞാൻ നസീർഖാന്റെ നേരെ അറിയാവുന്ന ഹിന്ദിയിൽ ഒരു ചോദ്യമെറിഞ്ഞു.

"യെ ബകരിയോം ക്യോമ് ഐസ രംഗ് കിയ ഹെ?" 

"വേ കുർബാനി കെലിയെ ഹേ" 

ബലിപെരുന്നാളിന് ബലിയർപ്പിക്കാൻ വേണ്ടിയുള്ളതാണ് അവയെന്നും അവയ്ക്ക് ഭക്ഷണം നൽകുന്നത് പുണ്യമാണെന്നും നസീർഖാൻ പറഞ്ഞു. അല്പം കൂടി മുന്നോട്ട് പോയതോടെ ഞങ്ങൾ വീണ്ടും ഒരു തുരങ്കത്തിലേക്ക് പ്രവേശിച്ചു.ബാനിഹാളിനെയും കാസിഗുണ്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജവഹർ ടണൽ ആയിരുന്നു അത്.1950 ൽ പണികഴിപ്പിച്ചതാണ് അതെന്ന് വിശ്വസിക്കാൻ വളരെ പ്രയാസമായിരുന്നു.

ടണൽ കഴിഞ്ഞതും മെയിൻ റോഡിൽ നിന്നും തെറ്റി ഒരു കാട്ടു റോഡിലൂടെ വണ്ടി നീങ്ങാൻ തുടങ്ങി.

"വഹ് രാസ്തേ കഹാം ജാ രഹാ ഹേ?" നല്ല വഴി ഒഴിവാക്കിയതിന്റെ കാരണം മനസ്സിലാകാത്തതിനാൽ ഞാൻ ചോദിച്ചു.

"ആപ് കുച്ച് ഖാന പീന ഹേ ന ...?"

"ആ.. മാണം മാണം..." അതുവരെ ഹിന്ദി തിരിയാതിരുന്നവർക്കൊക്കെ അത് മനസ്സിലായി. പ്രകൃതി രമണീയമായ സ്ഥലത്തെ ഒഴിഞ്ഞൊരു കടക്കു മുമ്പിൽ വണ്ടി നിർത്തി.നല്ല തണുപ്പിൽ  ആവി പറക്കുന്ന ചായയും ആലൂ പരന്തയും എല്ലാവരും ആർത്തിയോടെ അകത്താക്കി.

ചായക്ക് ശേഷം വണ്ടി വീണ്ടും നല്ല റോഡിലേക്ക് തന്നെ പ്രവേശിച്ചു.ഇരുവശത്തും കാണുന്ന വീടുകളുടെ മുകളിലും മുറ്റത്തും എല്ലാം മരത്തടികൾ ഒരു പ്രത്യേക രൂപത്തിൽ അട്ടിയിട്ടത് കണ്ടു. ബിജ്ബെഹാര എന്ന സ്ഥലമാണെന്നും കാശ്മീരി വില്ലോ മരങ്ങളുടെ തടികളാണ് അട്ടി വച്ചിരിക്കുന്നത് എന്നും നസീർ ഖാൻ പറഞ്ഞു. ക്രിക്കറ്റ് ബാറ്റ് നിർമ്മാണത്തിന് പേരു കേട്ട സ്ഥലമാണ് ബിജ്ബെഹാര . എഴുപത്തിഅഞ്ചിലധികം ബാറ്റ് നിർമ്മാണ യൂണിറ്റുകൾ ആ കുഞ്ഞു സ്ഥലത്ത് ഉണ്ടെന്നറിഞ്ഞപ്പോഴാണ് വീടുകളിലെ മരക്കൂട്ടത്തിന്റെ ഗുട്ടൻസ് പിടികിട്ടിയത്,

അല്പം കൂടി മുന്നോട്ട് പോയതോടെ ഹൈവേക്ക് പതിവിലേറെ വീതിയായി.

"യെ ഹൈവേ യാ റൺവേ?"  ഞാൻ ചോദിച്ചു.

" റൺവെ ഹേ...'' നസീർ ഖാന്റെ മറുപടി ആദ്യം തമാശയായി തോന്നി. പക്ഷെ, പോർ വിമാനങ്ങൾക്ക് അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാവുന്ന ലാന്റിംഗ് സ്ട്രിപ്പ് ആയിരുന്നു അത്.

വഴിയിൽ, നിർത്തിയിട്ട നിരവധി ലോറികൾ കണ്ടു. മിക്കവയിലും മുന്നിലെ ചില്ലിൽ ഇസ്‌ലാം സിന്ദാബാദ് എന്നും എഴുതിയിരിക്കുന്നു. ഞാൻ അവയെപ്പറ്റി വെറുതെ ഒന്ന് നസീർ ഖാനാട്ചോദിച്ചു. 

"യെ സാരെ ഇന്ത്യ സെ ആതെ ഹേ..."

" ഇന്ത്യാ സെ...?? ആപ് ഇന്ത്യാ മേം ഹേ ന?"

"നഹീം " ഒരു ഞെട്ടലോടെയാണ് ഞാനത് ശ്രവിച്ചത്.

ഇരുട്ടിന്റെ പുതപ്പ് മെല്ലെ മെല്ലെ ഞങ്ങൾക്ക് മുകളിൽ വീഴാൻ തുടങ്ങി. പാമ്പോറിലെ കൊയ്ത്ത് കഴിഞ്ഞ കുങ്കുമപ്പാടങ്ങളും പിന്നിട്ട് വണ്ടി ശ്രീനഗർ പരിധിയിൽ എത്തി. ഇഷ്ഫാഖ് നിർദ്ദേശിച്ച പ്രകാരം ഡ്രൈവർ നസീർ ഖാൻ ഞങ്ങളെ ടാങ്ക്പൊര എന്ന സ്ഥലത്തിറക്കി. അപ്പോൾ സമയം എട്ട് മണിയായിരുന്നു. തണുപ്പ് ഞങ്ങളെ വിറപ്പിക്കുന്നുണ്ടായിരുന്നു.

റോഡ് സൈഡിൽ വിറച്ച് നിൽക്കുന്ന സ്ത്രീകളെയും കുട്ടികളെയും പിന്നെ കുറെ ലഗേജും കണ്ട് നിരവധി ടാക്സിക്കാർ വന്ന് കുശലാന്വേഷണം നടത്തി. നാട്ടുകാരായ ആൾക്കാരും അപരിചിതക്കൂട്ടത്തെക്കണ്ട് കാര്യം തിരക്കിയെത്തി.അര മണിക്കൂറിന് ശേഷം ആതിഥേയൻ ഇഷ്ഫാഖ് ടാക്സിയുമായി അവിടെ എത്തി. വണ്ടി ഇഷ്ഫാഖിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു.


(തുടരും...)

കാശ്മീർ ഫയൽസ് - 5

3 comments:

  1. "ആ.. മാണം മാണം..." അതുവരെ ഹിന്ദി തിരിയാതിരുന്നവർക്കൊക്കെ അത് മനസ്സിലായി.

    ReplyDelete
  2. അതെന്നാ അയാളങ്ങനെ പറഞ്ഞത്? വിശദമാക്കിയിട്ടേ ഇനി യാത്രയുള്ളൂ

    ReplyDelete
  3. സുധീ...അയാളെ ഞാൻ ഇറക്കിവിട്ടു.ഇനി അടുത്ത പോക്കിന് ചോദിക്കാം.

    ReplyDelete

നന്ദി....വീണ്ടും വരിക