Pages

Thursday, July 21, 2022

സോജിലാ ചുരം (കാശ്മീർ ഫയൽസ് - 13 )

കാശ്മീർ ഫയൽസ് - 12 (Click & Read)

ലഡാക്കിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സോജിലാ ചുരം സോനാമാര്‍ഗില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളിൽ ഒന്നിൽ കൂടിയാണ് ഇപ്പോൾ ഞങ്ങൾ യാത്ര ചെയ്യുന്നത്. ശ്രീനഗറിനെയും ലഡാക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാത 1 ലൂടെ സോജിലാ ചുരം ഞങ്ങൾ കയറിത്തുടങ്ങി.ദേശീയ പാതയാണെങ്കിലും ടാറിന്റെ ഒരംശം പോലും ആ റോഡിൽ ഉണ്ടായിരുന്നില്ല. തലേ ദിവസം ഒരു മഴ പെയ്തതിന്റെ ലക്ഷണങ്ങൾ റോഡിൽ മുഴുവൻ വ്യാപിച്ച് കിടക്കുന്ന കുഴികളിൽ കാണുന്നുണ്ട്.

"കൽ ബർസാത് ധ... ഹം ധ്യാൻ സെ ജാന ഹേ...മിട്ടി ലൂസ് ഹേ .... പഹാട് സെ പത്ഥർ ഗിരേഗ..." മുസമ്മിൽ പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന് ഒരു നിമിഷം ശങ്കിച്ചു.

"ഡ്രൈവർ എന്താ പറഞ്ഞത്?" പിന്നിൽ നിന്നും ആരോ ചോദിച്ചു.

"ഇന്നലെ മഴ പെയ്തിരുന്നു..."

"അത് റോഡ് കണ്ടാൽ അറിയില്ലേ?"

"ആ...ബാക്കി കേൾക്ക്...മണ്ണ് ഇളകിയതിനാൽ മലയിൽ നിന്ന് കല്ല് ഉരുണ്ട് വീഴാൻ സാദ്ധ്യതയുണ്ട്... ശ്രദ്ധിച്ച് പോകണം എന്ന്..."

നിര നിരയായി നീങ്ങുന്ന അസംഖ്യം വണ്ടികൾ അവരുടെ പരിചയ സമ്പത്തിന്റെ ആത്മബലത്തിലാണ് നീങ്ങുന്നത് എന്ന് അപ്പോൾ മനസ്സിലായി.ഏത് സമയവും റോഡിലേക്ക് പതിക്കാൻ പാകത്തിൽ തള്ളി നിൽക്കുന്ന കല്ലുകൾ കണ്ടാൽ അതിനടിയിലൂടെ പോകാൻ എങ്ങനെ ധൈര്യം തോന്നുന്നു എന്ന് ചിന്തിച്ചു പോകും.ഇടത് ഭാഗത്ത് അടർന്നു വീഴാൻ നിൽക്കുന്ന കല്ലുകളാണെങ്കിൽ വലതു ഭാഗത്ത് ഇടിഞ്ഞ് വീഴാൻ നിൽക്കുന്ന മണ്ണായിരുന്നു. അങ്ങകലെ മഞ്ഞ് പുതച്ച് കിടക്കുന്ന മലകളിലേക്ക് മാത്രം നോക്കി ഇരിക്കാം, അല്ലെങ്കിൽ കണ്ണ് പൂട്ടി ഇരിക്കാം.

അൽപം മുകളിൽ എത്തിയപ്പോൾ നേരത്തെ ഒന്നര മണിക്കൂർ തടസ്സം സൃഷ്ടിച്ച സ്ഥലത്തെത്തി.മണ്ണിടിഞ്ഞ് വീണ ഭാഗത്തുകൂടെ വാഹനങ്ങൾ ഞെരുങ്ങി നീങ്ങി.വെറുതെ ഒന്ന് താഴേക്ക് നോക്കിയപ്പോൾ പെരുമ്പാമ്പ് പോലെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡ്!അത് വഴിയാണ് കയറി വന്നത് എന്ന് വിശ്വസിക്കാൻ ഏറെ പ്രയാസപ്പെട്ടു.


വർഷത്തിൽ ആകെ ആറു മാസം മാത്രമാണ് ഈ പാത ഗതാഗതത്തിന് തുറന്നു കൊടുക്കുന്നത്.മഞ്ഞുകാലത്തു 30 അടി ഉയരത്തിൽ വരെ മഞ്ഞുനിറയും എന്ന് മുസമ്മിൽ പറഞ്ഞപ്പോൾ ഞാൻ മൂക്കത്ത് വിരൽ വച്ചു. ലേ - കാര്‍ഗില്‍ റൂട്ടിലെ ഫോതു ലാ ചുരം കഴിഞ്ഞാല്‍ ഏറ്റവും ഉയരം കൂടിയ ചുരം  റോഡുകളില്‍ ഒന്നാണ് സോജിലയിലേത്.ഏകദേശം 12000 അടി ഉയരത്തിലുള്ള ഈ വഴിയിലൂടെയുള്ള യാത്ര അനുഭവിച്ചു തന്നെ അറിയണം. 

26 കിലോമീറ്റർ യാത്ര രണ്ട് മണിക്കൂർ കൊണ്ട് പൂർത്തിയാക്കി ഞങ്ങൾ ഹിമാലയത്തിന്റെ ആ തണുപ്പിലേക്ക് ഇറങ്ങാറായി.സമയം അപ്പോൾ ഉച്ച കഴിഞ്ഞ് രണ്ടര മണിയായിരുന്നു.

"ഹം ഇന്ത്യാ ഗേറ്റ് പഹൂൻജ.." മുസമ്മിൽ പറഞ്ഞു.

"ഇന്ത്യാ ഗേറ്റ് കാശ്മീരിലോ...പൊട്ടൻ!!" എന്തോ മനസ്സിലായ ഹാഷിം കളിയാക്കി.

"ഇന്ത്യാ ഗേറ്റ് ?" ഉറപ്പ് വരുത്താനായി ഞാൻ ചോദിച്ചു.

"ഹാം ...ദായേം ഓർ ദേഖോ... ദോ ബഡാ പത്ഥർ ഉട് രഖാ ഹേ നാ... ഇസെ ഇന്ത്യാ ഗേറ്റ് ബുലാത്ത ഹേ .."

വലതു സൈഡിൽ രണ്ട് കല്ലുകൾ ഉയർന്നു നിൽക്കുന്നത് കാണിച്ച് കൊണ്ട് മുസമ്മിൽ പറഞ്ഞു.

വണ്ടി വിശാലമായ ഒരു മൈതാനത്തേക്ക് എത്തിച്ചേർന്നു.രാവിലെ മുതൽ കയറി വന്ന വാഹനങ്ങളെല്ലാം പാർക്ക് ചെയ്തിട്ടും രണ്ട് സാൾട്ട്ലേക്ക് സ്റ്റേഡിയത്തിന്റെ അത്രയും സ്ഥലം പിന്നെയും ബാക്കിയുണ്ട്.

"വഹ് ഗാഡി ദേഖോ...ആജ് പത്ഥർ ഗിരാ ഉസ് മേം.." ബോണറ്റ് ഞെളുങ്ങി ചില്ലുടഞ്ഞ ഒരു ടാറ്റാ സുമോ ചൂണ്ടി മുസമ്മിൽ പറഞ്ഞു.

പാർക്കിംഗ് ഏരിയയിൽ നിന്നും ഏതാനും മീറ്ററുകൾ അകലെ മഞ്ഞുമല അതാ ഞങ്ങളുടെ മുന്നിൽ !! നേരെ മുന്നിൽ കണ്ട, സൂര്യൻ ബാക്കി വച്ച മഞ്ഞു കട്ടകൾ ഒന്ന് വാരി നോക്കാൻ ഞങ്ങൾ എല്ലാവരും ഓടി.ശേഷം മഞ്ഞിലെ ആറാട്ടിനായി മഞ്ഞുമലയിലേക്കും നീങ്ങി.


(തുടരും..) 


കാശ്മീർ ഫയൽസ് - 14


1 comment:

  1. ലേ - കാര്‍ഗില്‍ റൂട്ടിലെ ഫോതു ലാ ചുരം കഴിഞ്ഞാല്‍ ഏറ്റവും ഉയരം കൂടിയ ചുരം റോഡുകളില്‍ ഒന്നാണ് സോജിലയിലേത്.ഏകദേശം 12000 അടി ഉയരത്തിലുള്ള ഈ വഴിയിലൂടെയുള്ള യാത്ര അനുഭവിച്ചു തന്നെ അറിയണം.

    ReplyDelete

നന്ദി....വീണ്ടും വരിക