കാശ്മീർ ഫയൽസ് - 15 (Click & Read)
ലോകപ്രശസ്തമായ മുഗൾ ഉദ്യാനങ്ങളാണ് കാശ്മീരിലുള്ളത്. ചെഷ്മഷാഹി, ഷാലിമാർ ബാഗ്, നിഷാന്ത് ബാഗ് ,പരി മഹൽ തുടങ്ങീ നിരവധി ഗാർഡനുകളാണ് ദാൽ തടാകത്തിന് ചുറ്റുമായി പരന്നു കിടക്കുന്നത്. ജലധാരകളും കനാലുകളും കുളങ്ങളും മരങ്ങളും ചെടികളും പൂക്കളും നിറഞ്ഞതാണ് എല്ലാ മുഗൾ ഗാർഡനുകളും. പേർഷ്യൻ ഉദ്യാനങ്ങളുടെ ശൈലിയിലാണ് ഇവയുടെ നിർമ്മിതി .
ദാലിലെ കാഴ്ചകളും കാശ്മീരി വാസ് വാൻ രുചിയും അറിഞ്ഞ ശേഷം തൊട്ടടുത്ത പരി മഹലിലേക്കാണ് ഇഷ്ഫാഖ് ഞങ്ങളെ നയിച്ചത്. വണ്ടി അൽപം മുന്നോട്ട് നീങ്ങിയപ്പോഴേക്കും നല്ലൊരു ട്രാഫിക്ക് കുരുക്കിൽ പെട്ടു . പരിമഹലിന്റെ ഗേറ്റ് മുതൽ തുടങ്ങിയതാണ് ഈ ബ്ലോക്ക് എന്നറിഞ്ഞപ്പോൾ പെട്ടെന്നൊന്നും അവിടെ എത്തിപ്പെടാൻ സാദ്ധ്യതയില്ല എന്ന് തിരിച്ചറിഞ്ഞു.
"സർ... പരി മഹൽ ദേഖ്ന മുശ്കിൽ ഹോഗ... വൈസാ ഹെ ഭീഡ് ... " ഇഷ്ഫാഖ് എന്നോടായി പറഞ്ഞു.
" ക്യാ കരേഗ ?"
" പീച്ചെ ഹെ ബൊട്ടാണിക്കൽ ഗാർഡൻ ... യഹാം ഖടെ തൊ ആജ് കോയി ഗാർഡൻ ദേഖ് നഹിം സകേഗ"
വണ്ടിയുമായി ആ ബ്ലോക്കിൽ കാത്ത് നിന്നാൽ ഇന്നിനി മറ്റൊന്നും കാണാൻ സാധിക്കില്ല എന്ന മുന്നറിയിപ്പ് എന്നെ അങ്കലാപ്പിലാക്കി. കാണാനാവുന്നത് എങ്കിലും കാണുക എന്ന ഉദ്ദേശത്തിൽ വണ്ടി നേരെ റിവേഴ്‌സ് അടിച്ചു.തൊട്ടടുത്ത് തന്നെയുള്ള ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡനിന്റെ മുമ്പിലാണ് പിന്നെ നിർത്തിയത്. 35 രൂപയാണ് പ്രവേശന ഫീസ്.ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെപ്പോലെ, വലിയ തിക്കും തിരക്കും അനുഭവപ്പെടാത്ത കൗണ്ടറിൽ നിന്നും ടിക്കറ്റെടുത്ത് ഞങ്ങൾ അകത്ത് കയറി.
പൂക്കൾ തീർക്കുന്ന വർണ്ണപ്രപഞ്ചം ആസ്വദിക്കണോ അതല്ല ഓക്ക് മരങ്ങളും ചിനാർ മരങ്ങളും ഒരുക്കുന്ന തണലിൽ ഇരിക്കണോ അതുമല്ല ചെറിയ ചെറിയ കുന്നുകളിലെ പുൽത്തകിടിയിൽ കിടന്നുരുളണോ അതൊന്നുമല്ല ദാൽ തടാകത്തിൽ നിന്നുള്ള സൂഫി സംഗീതം നിറഞ്ഞ കാറ്റുമേറ്റ് ചുറ്റും നടക്കണോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു ഞങ്ങൾ.
എൺപത് ഏക്കറിലധികം സ്ഥലത്ത് പരന്ന് കിടക്കുന്ന ഗാർഡൻ മുഴുവൻ പോയിട്ട്, കാൽ ഭാഗമെങ്കിലും കാണാനുള്ള സമയം ഞങ്ങളുടെ പക്കൽ ഇല്ലാത്തതിനാൽ ചിനാർ മരങ്ങളുടെയും മറ്റു മരങ്ങളുടെയും ശീതളഛായയിൽ അൽപനേരം വിശ്രമിച്ചു.
ടുലിപ് പുഷ്പങ്ങൾ വിടരുന്ന ഏപ്രിൽ മാസത്തിലെ ആദ്യത്തെ അഞ്ചു ദിവസം മാത്രം തുറക്കുന്ന ടുലിപ് ഗാർഡൻ ബൊട്ടാണിക്കൽ ഗാർഡനിന്റെ അകത്ത് തന്നെയാണ് . ദൂരെ മറച്ച് കെട്ടിയ നിലയിലുള്ള അവസ്ഥയിലായതിനാൽ ഞങ്ങൾ അങ്ങോട്ട് പോയതേയില്ല.സ്‌കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യമാണോ എന്നറിയില്ല, നിരവധി കുട്ടികൾ ജോഡികളായും സംഘങ്ങളായും ബൊട്ടാണിക്കൽ ഗാർഡനനികത്ത് പലവിധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നത് കണ്ടു.
കാശ്മീരിന്റെ കാലാവസ്ഥ ഏതൊരു സഞ്ചാരിയുടെയും മനം കുളിർപ്പിക്കും. എന്നാൽ അതേ കാശ്മീരിന്റെ തന്നെ പെട്ടെന്ന് മാറിമറിയുന്ന രാഷ്ട്രീയ കാലാവസ്ഥ ചിലപ്പോൾ സഞ്ചാരികളുടെ മനം മടുപ്പിക്കുകയും ചെയ്യും.ഞങ്ങൾ ശ്രീനഗറിലെ കാഴ്ചകൾ കാണാൻ ഇറങ്ങിയ ദിവസമാണ് സുപ്രീം കോടതിയിൽ യാസീൻ മാലിക്കിന്റെ കേസ് വിധി പറയാൻ എടുത്തത്.അതിനാൽ ശ്രീനഗർ തലേ ദിവസം മുതലേ അതിജാഗ്രതയിൽ ആയിരുന്നു. പല സ്ഥലങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ ആ വഴിക്ക് പോകാൻ പോലും പറ്റില്ലായിരുന്നു.
ഷാജഹാൻ ചക്രവർത്തി പ്രിയ പത്നിക്കായി താജ്മഹൽ പണി കഴിപ്പിച്ച പോലെ ജഹാംഗീർ തന്റെ പ്രിയ പത്നി നൂർജഹാന് വേണ്ടി നിർമ്മിച്ച ഷാലിമാർ ബാഗ്, മുഗൾ കാലത്തിന്റെ ഗതകാല പ്രൗഢി വെളിവാക്കുന്ന ഉദ്യാനമായ നിഷാന്ത് ബാഗ്, ഉദ്യാന നിർമ്മാണത്തിലെ പേർഷ്യൻ ടച്ച് വ്യക്തമാക്കുന്ന ചഷ്മേ ഷാഹി, പ്രവാചകന്റെ മുടി സൂക്ഷിച്ചു വച്ചിരിക്കുന്നതായി പറയപ്പെടുന്ന വെള്ളമാർബിളിൽ പണിത ഹസ്രത്ത് ബാൽ പള്ളി,ശ്രീനഗറിന്റെ വ്യാപാര കേന്ദ്രം ലാൽ ചൗക്ക് എന്നിവയൊന്നും പ്രതിഷേധങ്ങൾ നടക്കുന്ന കാരണത്താൽ ഞങ്ങൾക്ക് കാണാൻ സാധിച്ചില്ല.
"സാർ ... ആജ് ശ്രീനഗർ മേം ഖുംന അഛാ നഹീം ...ഹം വാപസ് ജാകർ മേരാ ഓർച്ചാഡ്‌സ് ദെഖേക... കൽ സബേരെ ഹീ ഘർ ചോഡ്നാ ഹേ ... ഫിർ ഔർ ഏക് ബാർ ആയെ തോ സാര ദേഖേൻഗ..." ചിരിച്ചുകൊണ്ട് ഇഷ്‌ഫാഖ് പറഞ്ഞപ്പോൾ സമ്മതിക്കുകയല്ലാതെ നിവൃത്തി ഇല്ലായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസവും പ്ലാൻ ചെയ്‌തെങ്കിലും ഇഷ്ഫാഖിന്റെ ആപ്പിൾ തോട്ടവും ചെറിത്തോട്ടവും കാണാൻ സാധിച്ചിരുന്നില്ല.അടുത്ത ദിവസം കാലത്ത് തന്നെ പഹൽഗാമിലേക്ക് പുറപ്പെടാനുള്ളതിനാൽ ഇനിയൊരു ദിവസം ബാക്കിയില്ലതാനും.ശ്രീനഗറിൽ ഇനി കൂടുതൽ സമയം ചെലവഴിക്കുന്നത് പന്തിയല്ല എന്നതിനാൽ ഒരിക്കൽ കൂടി വരികയാണെങ്കിൽ ബാക്കിയുള്ളവയെല്ലാം കാണാം എന്ന പ്രതീക്ഷയിൽ ഞങ്ങൾ ശ്രീനഗറിൽ നിന്നും തിരിച്ചു പോന്നു.
(തുടരും...)
കാശ്മീർ ഫയൽസ് - 17
പൂക്കൾ തീർക്കുന്ന വർണ്ണപ്രപഞ്ചം ആസ്വദിക്കണോ അതല്ല ഓക്ക് മരങ്ങളും ചിനാർ മരങ്ങളും ഒരുക്കുന്ന തണലിൽ ഇരിക്കണോ അതുമല്ല ചെറിയ ചെറിയ കുന്നുകളിലെ പുൽത്തകിടിയിൽ കിടന്നുരുളണോ അതൊന്നുമല്ല ദാൽ തടാകത്തിൽ നിന്നുള്ള സൂഫി സംഗീതം നിറഞ്ഞ കാറ്റുമേറ്റ് ചുറ്റും നടക്കണോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു ഞങ്ങൾ.
ReplyDeleteവായിച്ചു... ആസ്വദിച്ചു...
ReplyDeleteThanks Muhammedkka
ReplyDeleteഎല്ലാം ഒന്ന് കാണാന്‍ മോഹം
ReplyDeleteഉസ്മാൻ ഭായ്... ഒരിക്കൽ കൂടി പോകാൻ എനിക്കും ആഗ്രഹം !!
ReplyDelete