2012ൽ ടെക്നിക്കൽ സെൽ എൻ.എസ്.എസ് ടീമിന്റെ കൂടെ ഡൽഹിയിൽ എത്തിയ സമയത്താണ് ഞാൻ ആദ്യമായി സരോജിനി മാർക്കറ്റ് എന്ന ഷോപ്പിംഗ് സ്ഥലത്തെപ്പറ്റി കേൾക്കുന്നത്.അന്ന് അവിടം സന്ദർശിച്ച് നടന്ന് നടന്ന് മടുത്തു എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല.2013ൽ ഞാൻ എൻ.എസ്.എസ് ഇന്ദിരാഗാന്ധി ദേശീയ അവാർഡ് സ്വീകരിക്കാൻ എത്തിയ സമയത്ത് ബ്ളാക്ക് ഷൂ നിർബന്ധമാണ് എന്ന കിംവദന്തി കാരണം വീണ്ടും ഈ മാർക്കറ്റിൽ എത്തിയിരുന്നു.അന്ന് വാങ്ങിയ ഷൂ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
മൂത്ത മകൾ ലുലു ജമ്മുവിൽ നിന്നും സഹപാഠികൾക്കൊപ്പം ഡൽഹിയിൽ കറങ്ങാൻ വന്ന സമയത്ത് സരോജിനി മാർക്കറ്റിൽ പോയ വിവരം എന്റെ ഭാര്യയോട് പറഞ്ഞിരുന്നു. ആ മാർക്കറ്റിൽ നിന്നും വാങ്ങിയ വിവിധ സാധനങ്ങളെപ്പറ്റിയും അവൾ പറഞ്ഞതോടെ അടുത്ത തവണ ഡൽഹിയിൽ പോകുമ്പോൾ ഈ മാർക്കറ്റിൽ ഒന്ന് കറങ്ങിയിട്ട് തന്നെ പോരൂ എന്ന് അവരെല്ലാവരും കൂടി തീരുമാനിച്ച് കഴിഞ്ഞിരുന്നു.
ഏതായാലും ഏറും മോറും ഒത്തു എന്ന് പറഞ്ഞപോലെ കാശ്മീരിൽ നിന്നും തിരിച്ച് ഡൽഹിയിൽ എത്തിയപ്പോൾ ഒരു പകൽ മുഴുവൻ ഞങ്ങൾക്ക് മുന്നിൽ പരന്നു കിടക്കുന്നുണ്ടായിരുന്നു.
കാശ്മീരിലേക്ക് പോകുമ്പോൾ ഞങ്ങളെ വേണ്ട വിധം സൽക്കരിക്കാൻ കഴിയാതിരുന്ന റഈസ് അവന്റെ വീട്ടിലേക്ക് ഞങ്ങളെ വീണ്ടും ക്ഷണിച്ചു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് കൂട്ടത്തിലെ സ്ത്രീജനങ്ങൾക്ക് ഒരു ഷോപ്പിംഗ് ആഗ്രഹമുദിച്ചത്. സരോജിനി മാർക്കറ്റ് തൊട്ടടുത്താണ് എന്നറിഞ്ഞതോടെ ആഗ്രഹത്തിന് എരിവ് കൂടി. അങ്ങനെ രണ്ട് യൂബറുകളിലായി ഞങ്ങൾ മാർക്കറ്റിലേക്ക് തിരിച്ചു.
നിത്യോപയോഗത്തിനുള്ള വിവിധതരം വസ്ത്രങ്ങൾ, ബാഗുകൾ, ബെൽറ്റുകൾ, ഷൂസുകൾ, ചെരിപ്പുകൾ തുടങ്ങിയവയാണ് ഈ മാർക്കറ്റിലെ പ്രധാന കച്ചവട സാധനങ്ങൾ. ഒരറ്റത്ത് നിന്നും തുടങ്ങിയാൽ അതിലെയും ഇതിലെയും എല്ലാം തിരിഞ്ഞ് കൂട്ടം തെറ്റാനും വഴി തെറ്റാനും ഒക്കെ വളരെയധികം സാദ്ധ്യതകളും ഉണ്ട്. കുട്ടികളെ കൈപിടിച്ച് തന്നെ നടന്നില്ലെങ്കിൽ നഷ്ടപ്പെടും എന്ന് തീർച്ചയാണ്.
അങ്ങനെ ഒരു സ്ഥലത്ത് നിൽക്കുമ്പഴാണ് വഴിയോരക്കച്ചവടക്കാർ എല്ലാവരും കൂടി വാരിപ്പെറുക്കി ഓടുന്നത് കണ്ടത്. ഷോപ്പിൽ നിന്നും പുറത്തേക്ക് വച്ചിരുന്ന സാധനങ്ങൾ പെട്ടെന്ന് പൊക്കി എടുത്ത് ചിലർ അകത്തേക്ക് വയ്ക്കുന്നു. ഓടാൻ സാധിക്കാതെ കുടുങ്ങിപ്പോയ ഒരു പാവത്തിന്റെ മുഴുവൻ സാധനങ്ങൾക്കുമൊപ്പം അവനെയും തൂക്കി എടുത്ത് ഒരാൾ നടന്ന് നീങ്ങുന്നു. എന്താണ് സംഭവം എന്ന് ചോദിച്ചപ്പോഴാണ് വന്നത് പോലീസാണെന്നും വഴിയോര വാണിഭം കർശനമായി വിലക്കിയതാണെന്നും മനസ്സിലായത്. എന്നാൽ പോലീസ് സ്ഥലം വിട്ടതും എല്ലാം പഴയപടിയായി. പത്ത് മിനിട്ടിനകം വീണ്ടും ഇതാവർത്തിച്ചു. അങ്ങനെ ഒന്നര മണിക്കൂറിനുള്ളിൽ നിരവധി തവണ ഞാനിതിന് ദൃക്സാക്ഷിയായി.
മാർക്കറ്റ് ഗേറ്റിന് തൊട്ടടുത്ത് തന്നെ മെട്രോ സ്റ്റേഷൻ ഉണ്ടായിരുന്നു. എങ്കിൽ ഡൽഹി മെട്രോയിൽ ഒരു ഹ്രസ്വദൂര യാത്ര നടത്താം എന്ന് ഞങ്ങൾ കരുതി. എങ്ങനെ എങ്ങോട്ട് ടിക്കറ്റ് എടുക്കണം എന്ന് അറിയാത്തതിനാൽ മെട്രോ ജോലിക്കാരിയായ ഒരു സ്റ്റാഫിനെ ഞാൻ സമീപിച്ചു. ടിക്കറ്റിനായി ഞാൻ 500 രൂപ നൽകി. ഇതിനിടക്ക് മറ്റൊരാൾക്ക് നൽകാനായി എന്നോട് അവർ ചില്ലറ ചോദിച്ചു. ഞാനതും നൽകി. ടിക്കറ്റിന് നൽകിയ അഞ്ഞൂറ് രൂപയുടെ ബാക്കി ചോദിച്ചപ്പോൾ അത് തന്നതായി അവർ പറഞ്ഞു. എനിക്കറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും എല്ലാം പറഞ്ഞു നോക്കിയെങ്കിലും ആ 'മാന്യസ്ത്രീ' കാശ് തിരിച്ച് തന്നില്ല. തർക്കിച്ചിട്ട് കാര്യമില്ലാത്തതിനാൽ ഞങ്ങൾ ട്രെയിൻ കയറാനായി അണ്ടർഗ്രൌണ്ട് സ്റ്റേഷനിൽ എത്തി. ലിദുമോന്റെ കയ്യിലെ കളിപ്പാട്ടം കണ്ടതും പോലീസ് ഞങ്ങളെ തടഞ്ഞു.കളിക്കോപ്പാണ് എന്നറിഞ്ഞിട്ടും അതും കൊണ്ട് യാത്ര അനുവദിക്കാൻ നിർവ്വാഹമില്ല എന്ന് പോലീസ് അറിയിച്ചു.
യാത്ര മുടങ്ങിയതോടെ ടിക്കറ്റ് റീഫണ്ട് ചെയ്യാനുള്ള വഴി ചോദിച്ചു. അകത്ത് കസ്റ്റമർ കെയറിൽ അന്വേഷിക്കാൻ ആയിരുന്നു നിർദ്ദേശം. പക്ഷെ,അങ്ങോട്ട് കയറണമെങ്കിൽ മാസ്ക് നിർബന്ധവും. അപ്പോൾ അതുവഴി വന്ന ഒരു യാത്രക്കാരൻ ഒരു മാസ്ക് തന്നതിനാൽ അതും വച്ച് നൗഷാദ് അകത്ത് കയറി ടിക്കറ്റ് റീഫണ്ട് ചെയ്തു. സമയം പിന്നെയും ഉള്ളതിനാൽ സ്ത്രീകൾ വീണ്ടും മാർക്കറ്റിലേക്ക് തന്നെ കയറി. അങ്ങനെ മതി വരുന്നത് വരെ ഷോപ്പിംഗ് നടത്തി സന്ധ്യയോടെ ഞങ്ങൾ റഈസിന്റെ വീട്ടിലേക്ക് തന്നെ മടങ്ങി.
എനിക്കറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും എല്ലാം പറഞ്ഞു നോക്കിയെങ്കിലും ആ 'മാന്യസ്ത്രീ' കാശ് തിരിച്ച് തന്നില്ല.
ReplyDelete