"പോം...പോം...പോം....." മയമാക്കാന്റെ സൈക്കിളിൽ ഘടിപ്പിച്ചിരിക്കുന്ന ബലൂൺ പോലെയുള്ള ഹോൺ അമർത്തുമ്പോൾ വരുന്ന ശബ്ദം മനസ്സിനെ മദിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.കോലൈസും പാലൈസും വാങ്ങി വായിലിട്ട് ഈമ്പി വരുന്നവരെ ഞാൻ അസൂയയോടെ നോക്കി നിന്നിരുന്നു.ഒരു പത്ത് പൈസ കിട്ടിയിരുന്നെങ്കിൽ എനിക്കും ഒരു പൊട്ടിയ ഐസോ അല്ലെങ്കിൽ കോല് പോയ ഐസോ വാങ്ങാമായിരുന്നു.പക്ഷെ ബാപ്പയുടെ കീശ തപ്പിയാൽ പലപ്പോഴും കിട്ടുന്നത് പകുതി കത്തിയ ദിനേശ് ബീഡിയായിരിക്കും.
അന്ന് മദ്രസയിലേക്ക് പോകുമ്പോഴാണ് ബാപ്പയുടെ ഷർട്ട് വീണ്ടും എന്റെ ശ്രദ്ധയിൽ പെട്ടത്.വെറുതെ ഒന്ന് അതിന്റെ കീശയിൽ കയ്യിട്ട് നോക്കി.ചെറിയൊരു തണുപ്പ് കയ്യിലടിച്ചതോടെ ഞാൻ ചുറ്റും ഒന്ന് നോക്കി.ബാപ്പ ആ പരിസരത്തൊന്നും ഇല്ല.ഉമ്മയും അടുക്കളയിൽ എന്തോ പണിയിലാണ്.കയ്യിൽ തടഞ്ഞ സാധനം ഞാൻ മെല്ലെ എടുത്തു - ഇരുപതു പൈസയുടെ ഒരു പിച്ചള നാണയം.'ഇന്ന് എനിക്കും ഒരു കോലൈസ് വാങ്ങാനുള്ള പൈസ ആയി' എന്ന സന്തോഷത്തിൽ അതും കീശയിലിട്ട് മദ്രസയിലേക്കോടി.
ഞാൻ എത്തിയപ്പോഴേക്കും പോക്കർ മോല്യാർ ക്ലാസ് തുടങ്ങിയിരുന്നു.
"ഉം...എന്തിനാ ബെന്നേ ?" പോക്കർ മോല്യാരുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് പരുങ്ങി.
"ഓത്ത് പട്ച്ചാന്..."
"അത് ച്ചറിയാ..അയിന് നേരത്തും കാലത്തും ബെരണം...ഔടിം ബ്ടിം ഒക്കെ കജ്ജും തലിം ട്ട് ബെന്നാ നേരം ബെഗ്ഗും...കജ്ജ് ങ്ങട്ട് നീട്ട്..."
'മ്മേ!! ഞാൻ ബാപ്പയുടെ കീശയിൽ കയ്യിട്ട് പൈസ എടുത്തത് മദ്രസയിൽ ഇരിക്കുന്ന പോക്കർ മോല്യാർ കണ്ടോ?' എന്റെ ഹൃദയം പട പടാ അടി തുടങ്ങി.മോല്യാർ പറഞ്ഞതനുസരിച്ച് അറിയാതെ ഞാൻ കൈ നീട്ടി.
"ച്ലിം..ച്ലിം..ച്ലിം..." മൂന്നെണ്ണം കിട്ടിയതും ഞാൻ കൈ വലിച്ചു.മെഹബുവും അന്ത്രുവും ആസ്യയും ബീവിയും ഒക്കെ എന്നെ നോക്കി ചിരിക്കുന്നുണ്ട്.
'ഇനി സ്‌കൂളിൽ ചെന്നാലും ഇവര് എന്നെ കളിയാക്കി ചിരിക്കും... പോരാത്തതിന് കണക്കിലെ ഹോംവർക്കും ചെയ്യാനുണ്ട്...ഇന്ന് ആനി ടീച്ചറോടും നല്ല നുള്ള് കിട്ടും...ഇന്ന് ഇനി സ്‌കൂളിൽ പോകാതിരിക്കുന്നതാണ് നല്ലത്...' ഞാൻ ആലോചിച്ചു.
മദ്രസ വിട്ട് വന്ന ഞാൻ ചായ കുടിച്ച ശേഷം പുസ്തകക്കെട്ടും എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി.നേരെ പോയത് അല്പം അകലെയുള്ള പറങ്കിമാവിന്റെ തോട്ടത്തിലേക്കാണ്.തോട്ടം ആരുടേത് എന്ന് അന്ന് നോട്ടമില്ല.താഴെ വീണ പറങ്കിമാങ്ങയിൽ നിന്ന് അണ്ടി ഊരിയെടുത്ത് അത് ട്രൗസറിന്റെ കീശയിലേക്കും മാങ്ങ വായിലേക്കും വയ്ക്കുക എന്നതായിരുന്നു ശീലം.
അന്ന് മാവ് പൂത്തു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.അതിനാൽ തന്നെ മറ്റാരും അങ്ങോട്ട് വരില്ല എന്നത് എന്റെ മനസ്സിൽ സമാധാനം പരത്തി.
'ഇനി വൈകുന്നേരം വരെ ഏതെങ്കിലും മരത്തിന്റെ മുകളിൽ കയറി ഇരിക്കണം.സ്‌കൂൾ വിട്ട് കുട്ടികൾ തിരിച്ച് പോകുന്ന സമയത്ത് അവരുടെ കൂടെ വീട്ടിലേക്ക് തിരിച്ച് പോകണം'. മനസ്സിൽ അത്തരം ഒരു പദ്ധതി തയ്യാറാക്കിക്കൊണ്ട് പുസ്തകം അടുത്തുള്ള പൊന്തക്കാട്ടിൽ ഒളിപ്പിച്ച് വച്ച് ഞാൻ വലിയൊരു പറങ്കിമാവിൽ വലിഞ്ഞു കയറി.അത്യാവശ്യം ഉയരത്തിലുള്ള ഇരിക്കാൻ സൗകര്യമുള്ള നല്ലൊരു കൊമ്പിൽ ഞാൻ സീറ്റുറപ്പിച്ചു.
മരത്തിൽ നിന്നും കാണാവുന്ന ദൂരത്തിലുള്ള ചെമ്മൺ പാതയിലൂടെ കടന്ന് പോകുന്ന കുട്ടികളുടെ എണ്ണം ക്രമേണ കുറഞ്ഞ് കുറഞ്ഞ് വന്നു.സ്‌കൂൾ പഠന സമയം ആരംഭിച്ചതായി ഞാൻ മനസ്സിലാക്കി.
പറങ്കിമാവിന്റെ പൂക്കളുടെ മണവും ഇളം തെന്നലും ഏറ്റതോടെ മരത്തിൽ ഇരുന്ന എനിക്ക് അല്പം കഴിഞ്ഞ് ചെറിയൊരു മയക്കം വരാൻ തുടങ്ങി.ഇരുന്ന കൊമ്പിനെയും എന്നെയും തുണികൊണ്ട് ഒന്ന് കെട്ടി താഴെ വീഴില്ല എന്ന് ഞാൻ ഉറപ്പ് വരുത്തി.വെയില് അത്യാവശ്യം ചൂടായി തുടങ്ങി.പെട്ടെന്നാണ് ഞാൻ ഇലകൾ ചവിട്ടി അമരുന്ന ഒരു ശബ്ദം കേട്ടത്.മയക്കത്തിൽ നിന്നും ഞെട്ടി എണീറ്റു ഞാൻ താഴോട്ട് നോക്കി.
"പടച്ചോന്റെ റബ്ബേ!!!" ഞാൻ ഞെട്ടി.കണ്ണ് ഒന്ന് കൂടി തിരുമ്മി നോക്കി.
'ബാപ്പ അതാ ഓരോ പറങ്കിമാവും പൂത്തതും നോക്കി നോക്കി വന്നു കൊണ്ടിരിക്കുന്നു.ഇത്തവണ ഈ തോട്ടം പാട്ടത്തിന് എടുത്തത് ബാപ്പയുടെ കൂട്ടുകാരനാണ്.അദ്ദേഹം തോട്ടം നോക്കാൻ ഏൽപിച്ചത് ബാപ്പയെയും'.
പിടിക്കപ്പെടും എന്നുറപ്പായതിനാൽ ഞാൻ വേഗം തുണി ശരിയാക്കി കണ്ണ് പൊത്തി ഇരുന്നു.പക്ഷെ, കാലടികൾ അകന്ന് അകന്ന് പോകുന്നതായി തോന്നിയതിനാൽ ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കി. ബാപ്പ , ഞാനിരിക്കുന്ന മരവും കഴിഞ്ഞ് പോയിട്ടുണ്ട്. എങ്കിലും, അതുവഴി തന്നെ തിരിച്ചു വരും എന്നതിനാൽ എത്രയും വേഗം രക്ഷപ്പെടലാണ് ബുദ്ധി എന്ന് മനസ്സ് പറഞ്ഞു. ഇറങ്ങാനായി ഞാൻ മെല്ലെ എണീറ്റു.
"ക്ർ... ർ... ർ...... ഡും..." എണീറ്റ് നിന്ന എന്റെ ഭാരം താങ്ങാനാവാതെ കൊമ്പ് പൊട്ടി വീണു.ശബ്ദം കേട്ട് ബാപ്പ വേഗം ഓടി രക്ഷപ്പെട്ടതിനാൽ ഞാൻ ബാപ്പയുടെ തലയിലേക്ക് വീണില്ല. ചന്തി നന്നായി വേദനിച്ചെങ്കിലും വേഗം മൂട് തട്ടി എണീറ്റ് കുറ്റിക്കാട്ടിൽ നിന്നും പുസ്തകക്കെട്ടും എടുത്ത് ഞാൻ സ്കൂളിലേക്കോടി.
(തുടരും...)
"പടച്ചോന്റെ റബ്ബേ!!!" ഞാൻ ഞെട്ടി.കണ്ണ് ഒന്ന് കൂടി തിരുമ്മി നോക്കി.
ReplyDeleteഎന്റെ ദൈവമേ ... ഇങ്ങള് ആള് കൊള്ളാല്ലോ മാഷേ .. എന്നിട്ട് വാപ്പ ഇതറി ഞ്ഞോ
ReplyDelete