മൂന്ന് കുട്ടികളുടെ അപൂർവ്വ സൗഹൃദത്തിന്റെ കഥ പറയുന്ന പുസ്തകമാണ് പുഞ്ചിരിപ്പൂരം. അയൽപക്കത്ത് താമസിച്ചിരുന്ന വൈത്തി എന്ന പട്ടരു കുട്ടിയെ കൽപാത്തിയിൽ പോയി കാണാൻ നാട്ടിൻ പുറത്ത് കാരായ കുഞ്ഞോനും കാദറും തയ്യാറാക്കുന്ന പദ്ധതികളും അനന്തര ഫലങ്ങളും ആണ് നോവലിന്റെ ഇതിവൃത്തം. വളരെ ഹൃദ്യമായി തന്നെ രചയിതാവ് അത് അവതരിപ്പിക്കുന്നുണ്ട്.
അമ്മയും അച്ഛനും മരിച്ച് പോയ കുഞ്ഞോന് ആ നഷ്ടം നികത്തുന്ന ചെറിയച്ചൻമാരും ചെറിയമ്മമാരും പിന്നെ കളിക്കൂട്ടുകാരനായ ഖാദറിന്റെ ഉമ്മയും ഈ നോവലിലെ സ്നേഹത്തിന്റെ പണത്തൂക്കങ്ങളാണ്. കുഞ്ഞോനെപ്പോലെ ഖാദറിനും പിതാവ് ഇല്ല , വൈത്തിക്ക് അമ്മയുമില്ല. അങ്ങനെ എല്ലാവർക്കും ദുഃഖങ്ങൾ ഉണ്ടെങ്കിലും സൗഹൃദത്തിലൂടെ അവർ കണ്ടെത്തുന്ന ആനന്ദം വളരെ വലുതാണ്.
കുട്ടികൾ വഴി തെറ്റുന്ന രീതികളും പരിസ്ഥിതി ചിന്തകളും ശാസ്ത്ര കൗതുകങ്ങളും എല്ലാം ഈ നോവലിൽ മിന്നി മറഞ്ഞു പോകുന്നുണ്ട്. മണൽ മാഫിയ ചെറിയ കുട്ടികളെ എങ്ങനെ വഴി തെറ്റിക്കുന്നു എന്നത് ഒരുൾക്കിടിലത്തോടെയേ വായിച്ച് പോകാൻ സാധിക്കൂ. നല്ലവരായ മക്കൾ പോലും മാഫിയയുടെ കെണിയിൽ വീണപ്പോൾ സങ്കടം തോന്നി.
"നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ നിന്ന് ആകാശത്തേക്ക് നോക്കിയപ്പോൾ നിറയെ നക്ഷത്രങ്ങൾക്കിടയിൽ പുഞ്ചിരിച്ച് നിൽക്കുന്ന നീല നിറമുള്ള ഒരു ഗോളം കണ്ടു. അതായിരുന്നു സ്വർഗ്ഗം. പക്ഷെ, അതാരും മനസ്സിലാക്കിയിരുന്നില്ല. ആരും മനസ്സിലാക്കുന്നുമില്ല... " പുസ്തകത്തിന്റെ അവസാന പേജിലെ ഏതാനും വരികളാണിത്. സ്വർഗ്ഗം എന്നൊരിടം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നാം ജീവിക്കുന്നിടം കൂടി സ്വർഗ്ഗ തുല്യമാക്കണമെന്ന് ഈ വരികൾക്കിടയിൽ ഞാൻ വായിക്കുന്നു.
ലസാഗു എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ നോവലിസ്റ്റ് സുമോദിന് അഭിനന്ദനങ്ങൾ.
പുസ്തകം: പുഞ്ചിരിപ്പൂരം.
രചയിതാവ് : സുമോദ്
പ്രസാധനം: പേരക്ക ബുക്സ്
പേജ്: 88
വില: Rs 100
ഹൃദ്യമായ ഒരു ബാലസാഹിത്യ കൃതിയെപ്പറ്റി ....
ReplyDelete