എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ ഞാൻ വർക്ക് ചെയ്ത കോളേജുകളിലെയും മറ്റു കോളേജുകളിലെയും ആയി വലിയൊരു ശിഷ്യ സമ്പത്ത് എനിക്കുണ്ട്.കേരളത്തിൽ എവിടെ എത്തിയാലും ആ പരിസരത്ത് ഇവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് വിളിച്ച് അറിയിച്ച് കണ്ടുമുട്ടാൻ ശ്രമിക്കുക എന്നത് എനിക്ക് ഒരു ഹരമാണ്.ശിഷ്യരെ മാത്രമല്ല ആ സമയത്ത് ഓർമ്മയിൽ വരുന്ന സഹപ്രവർത്തകരെയും സഹപാഠികളെയും കൂട്ടുകാരെയും എല്ലാം ഇങ്ങനെ കണ്ടുമുട്ടാൻ ഞാൻ ഒരു ശ്രമം നടത്താറുണ്ട്.
ഈ വർഷത്തെ വൈഗ അഗ്രി ഹാക്കത്തോണിന്റെ ജൂറി പാനൽ മെമ്പർമാർക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത് കോവളത്തെ "അപ്ന പഞ്ചാബി ധാബ " എന്ന ഹോട്ടലിലായിരുന്നു. രാത്രി എട്ടര മണിയോടെയാണ് ഞാൻ തമ്പാനൂരിൽ ബസ്സിറങ്ങിയത്. ഹോട്ടലിലേക്ക് വിളിച്ചപ്പോൾ ഒരു ഹിന്ദിവാല തന്നെയായിരുന്നു ഫോൺ എടുത്തത്. വിഴിഞ്ഞം ബസ്സിന് കയറിയാൽ കോവളം ജംഗ്ഷനിൽ ഇറങ്ങാമെന്നും ജംഗ്ഷനിലെ സിഗ്നലിന് തൊട്ടടുത്താണ് ഹോട്ടൽ എന്നും അറിഞ്ഞപ്പോൾ സമാധാനമായി. കാരണം കോവളം ബീച്ച് ഭാഗത്തേക്കാണെങ്കിൽ ആ നേരത്ത് ബസ് കിട്ടില്ല എന്ന് വിവരം ലഭിച്ചിരുന്നു. രാത്രി ഒമ്പതരയോടെ തന്നെ ബുദ്ധിമുട്ടൊന്നും കൂടാതെ ഞാൻ റൂമിലെത്തി.
പിറ്റേ ദിവസം പകൽ വെളിച്ചത്തിൽ ഈ ജംഗ്ഷനും പരിസരവും കണ്ടപ്പോൾ എനിക്കൊരു മുൻപരിചയം തോന്നി. വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എന്റെ NSS യൂണിറ്റ് വളണ്ടിയർ സെക്രട്ടറി ആയിരുന്ന ചിത്ര 2016 ൽ എനിക്ക് താമസമൊരുക്കിത്തന്ന 'കോവളത്തെ എന്റെ വീട് ' ഇവിടെയായിരുന്നു.
തൊട്ടടുത്ത ദിവസം ഞാൻ ചിത്രയെ വിളിച്ചു. അപ്രതീക്ഷിതമായ വിളിയിൽ ആകാംക്ഷഭരിതയായ ചിത്രയോട് ഞാൻ കോവളത്ത് താമസിക്കുന്ന വിവരം പറഞ്ഞു. വിഴിഞ്ഞത്തുള്ള അവളുടെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ജഡ്ജിംഗ് ഷെഡ്യൂളിനിടക്ക് എത്തിപ്പെടാൻ സാധിക്കില്ല എന്ന് ഞാൻ അറിയിച്ചു. താമസത്തിന് പ്രശ്നമില്ലെന്നും ഞങ്ങൾ പത്ത് പതിനാറ് പേരുണ്ടെന്നും കൂടി ഞാൻ പറഞ്ഞു.എങ്കിൽ ഹോട്ടലിൽ വന്ന് എന്നെ കാണാമെന്ന് മറുപടി കിട്ടി.
അന്ന് വൈകിട്ട് അഞ്ചര മണിയോടെ ചിത്ര ഹോട്ടലിലെത്തി.ജന്മനാ കയ്യില്ലാത്ത അവളുടെ കയ്യിൽ ഒരു നിറ കവറും കൂടി ഉണ്ടായിരുന്നു. അതെന്റെ നേരെ നീട്ടിയപ്പോൾ ഞാൻ ഒന്ന് ശങ്കിച്ചു പോയി.
"ഇതെന്താ...?" ഞാൻ ചോദിച്ചു.
" ഞാനും അനിയത്തിയും കൂടി തയ്യാറാക്കിയ ഇലയടയാണ്..." ചിത്ര പറഞ്ഞു.
"അയ്യോ !! ഇതെന്തിനാ ഇത്രയും അധികം?"
"പത്ത് പതിനാറ് പേരുണ്ടെന്നല്ലേ സാറ് പറഞ്ഞത് ... എല്ലാവർക്കും ഓരോന്ന് വീതം എടുക്കാം..''
"മൈ ഗോഡ്..."
ചൂടുള്ള ഇലയടകൾ അടങ്ങിയ കവർ ഏറ്റുവാങ്ങി അവിടെ തന്നെ ഇരുന്ന് ഞങ്ങൾ ദീർഘനേരം സംസാരിച്ചു. ഞാനെഴുതിയ രണ്ട് പുസ്തകങ്ങളും ചിത്രക്കും സമ്മാനിച്ചു.
അടുത്ത ജഡ്ജ്മെന്റിന്റെ സമയം അടുത്തതിനാൽ കോളേജിലേക്ക് പോകാനായി മറ്റ് ജൂറി അംഗങ്ങൾ ഇറങ്ങി വന്നു. അവർക്കെല്ലാം ചിത്ര തന്നെ ഇലയട വിതരണം ചെയ്തു. ഹാക്കത്തോൺ കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ സാറിന്റെ അനുവാദത്തോടെ ചിത്രയെയും ഞങ്ങളുടെ വണ്ടിയിൽ കയറ്റി അവൾക്ക് അത് കാണാനുള്ള അവസരവും ഒരുക്കി.
രാത്രി പത്ത് മണി കഴിഞ്ഞാണ് അന്നത്തെ പ്രോഗ്രാം അവസാനിച്ചത്. തിരിച്ച് ഞങ്ങളുടെ വണ്ടിയിൽ തന്നെ ചിത്രയെ കോവളത്തെത്തിച്ചു. നേരത്തെ പറഞ്ഞതനുസരിച്ച് അനിയൻ എത്തി അവളെ കൊണ്ടുപോയി.
വിധിയുടെ മുമ്പിൽ തളരാത്ത ജീവിതങ്ങൾക്ക് അൽപമെങ്കിലും കരുത്ത് പകരാൻ ഇങ്ങനെയൊക്കെയേ ഒരു പക്ഷേ സാധിക്കൂ. ചിത്രക്കും ഈ കണ്ടുമുട്ടൽ ഒരു പോസിറ്റീവ് എനർജി നൽകിയതായി ഞാൻ മനസ്സിലാക്കുന്നു. സൗഹൃദങ്ങൾക്ക് കൈമാറാൻ സാധിക്കുന്ന ഏറ്റവും മികച്ച സമ്മാനവും ഈ പോസിറ്റീവ് എനർജി തന്നെ.
സൗഹൃദം പൂക്കട്ടെ...
ReplyDelete🥰
ReplyDelete