മുൻകൂർ ജാമ്യം : ഈ കഥയിലെ "ഞാൻ" ഞാനല്ല !!
ഞങ്ങളുടെ സ്കൂളിൽ നിന്നും എല്ലാ വർഷവും വിനോദയാത്ര പോകാറുണ്ടായിരുന്നു. എട്ടിൽ നിന്നും ഒമ്പതിൽ നിന്നും പത്തിൽ നിന്നും ഞാൻ വിനോദ യാത്രക്ക് പോയിട്ടുണ്ട്. ഇതിൽ പത്താം ക്ലാസിലെ യാത്രയായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. കാരണം അത് മദ്രാസിലേക്കായിരുന്നു.സമീപ പ്രദേശത്തെ സ്കൂളുകളിൽ നിന്നൊന്നും തന്നെ അന്ന് ഇത്രയും ദൂരത്തേക്ക് ടൂർ പോയിരുന്നില്ല. ജീവിതത്തിലാദ്യമായി തീവണ്ടിയിൽ കയറാനുള്ള അവസരം കൂടി ആ ടൂറിലൂടെ എനിക്ക് കിട്ടി.
ജ്യോതി, നിഷി, പ്രഭിത ,സക്കീന എന്നിവരായിരുന്നു ടൂറിന് പേര് നൽകിയ എന്റെ ബാച്ചിലെ മറ്റു പെൺകുട്ടികൾ. സക്കീനയുടെ അനിയത്തിയും ടൂറിലുണ്ടായിരുന്നു. സക്കീന എന്റെ നാട്ടുകാരി കൂടി ആയതിനാൽ ടൂർ ഡേറ്റ് പ്രഖ്യാപിച്ച അന്ന് മുതൽ ഞങ്ങൾ അതിന്റെ ഒരു ഹരം മനസ്സിൽ നുണഞ്ഞ് കൊണ്ടിരുന്നു.പക്ഷെ ട്രെയിനിൽ കയറാൻ ഞങ്ങൾക്ക് ചെറിയൊരു ഭയവും ഉണ്ടായിരുന്നു. കാരണം തീവണ്ടി പാളം തെറ്റി മറിയുന്നത് അന്ന് ഇടക്കിടെ കേൾക്കുന്ന ഒരു വാർത്ത ആയിരുന്നു.
സ്കൂളിൽ നിന്നുള്ള ഏത് ടൂറിന്റെയും സർവ്വാധിപൻ കരീം മാഷ് ആയിരുന്നു. ബയോളജി അദ്ധ്യാപകൻ കൂടി ആയതിനാൽ ചില വിചിത്രമായ കാര്യങ്ങൾ കൂടി മാഷ് ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിലൊന്നാണ് തലയിൽ എണ്ണ തേക്കരുത് എന്നത്. ശരീരത്തിൽ സ്വന്തമായി അതിനാവശ്യമായ എണ്ണ ഉൽപാദിപ്പിക്കുന്നുണ്ട് എന്നും നാം എണ്ണ വേറെ തേച്ചാൽ ഈ ഉല്പാദനം നിലക്കുമെന്നും മാഷ് പറഞ്ഞിരുന്നു (അത് പ്രാവർത്തികമാക്കിയ ചെയർമാന്റെ തല ഇപ്പോൾ മൊട്ടക്കുന്നായി).ആ എണ്ണ ഏതിലൂടെയാണ് പുറത്തെടുക്കുക എന്ന് ആരോ ചോദിച്ചതോടെയാണ് മാഷ് അത് നിർത്തിയത്.
"അഞ്ച് ദിവസമാണ് നമ്മുടെ ടൂർ... അവനവന് ആവശ്യമുള്ള വസ്ത്രങ്ങൾ ഓരോരുത്തരും കരുതണം. പല്ല് തേക്കാൻ ഉമിക്കരിയോ പൽപൊടിയോ ഉപയാഗിക്കുക, പേസ്റ്റ് പല്ലിന് നല്ലതല്ല. സോപ്പ് എല്ലാവരും എടുക്കണ്ട .. ഒരു റൂമിൽ ഒരാൾ എടുത്താൽ മതി ... " ടൂറിന്റെ രണ്ട് ദിവസം മുമ്പ് കരീം മാഷ് നിർദ്ദേശങ്ങൾ തന്നു. അതനുസരിച്ച് പൽപൊടി ഒരാളും എണ്ണ മറ്റൊരാളും സോപ്പ് ഞാനും എടുക്കാൻ തീരുമാനിച്ചു. അന്നത്തെ പ്രമുഖ ബ്രാന്റായ സൻസാർ സോപ്പ് തന്നെ കാക്കയോട് പറഞ്ഞ് ഞാൻ വാങ്ങിപ്പിച്ചു.
അങ്ങനെ കാത്തിരുന്ന ദിവസം സമാഗതമായി. കോഴിക്കോട്ട് നിന്നായിരുന്നു ഞങ്ങൾക്ക് ട്രെയിൻ കയറേണ്ടത്.എല്ലാം ശ്രദ്ധിച്ച് കേൾക്കണം എന്നും കാണണം എന്നും പഠിക്കണം എന്നും എല്ലാം കർശന നിർദ്ദേശം കിട്ടിയിരുന്നു.ഇടക്ക് ഇതേപ്പറ്റി ചോദ്യങ്ങൾ ചോദിക്കുമെന്നും കൂടി കരീം മാഷ് പറഞ്ഞതോടെ ഞങ്ങൾ ജാഗരൂകരായി.
"യാത്രിയോം കൃപയാ ധ്യാൻ ദീജിയേ.... " പെട്ടന്ന് അനൗൻസ്മെന്റ് മുഴങ്ങി.
"ആസ്യാ... എത്ര നേരായി നീ കലപില കലപില ന്ന് പറയുന്നു .... ഇനി കുറച്ച് നേരം ഒന്ന് മിണ്ടാണ്ടിരി .... എന്തോ വിളിച്ച് പറയുന്നു... കരീം മാഷ് ഇപ്പോ ചോദിക്കും..."പ്രഭിത പറഞ്ഞു.
"എടീ.... അത് പറയുന്നത് ഹിന്ദിയാ... കരീം മാഷ് ബയോളജി യാ..."
"ഓ.... അപ്പോ, ബയോളജിയിൽ എന്തെങ്കിലും പറയുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ മതിയല്ലേ?"
"ഉം. മതി... മതി....''
അൽപ സമയത്തിനകം ട്രെയിൻ എത്തിച്ചേർന്നു. കരീം മാഷ് കാണിച്ച് തന്ന കമ്പാർട്ട്മെന്റിൽ ഞങ്ങളെല്ലാവരും കൂടി തിക്കിത്തിരക്കി കയറി. ജനലിനടുത്തുള്ള സീറ്റ് പിടിക്കാനായിരുന്നു ഈ തിരക്ക് എന്നത് പിന്നീടാണറിഞ്ഞത്. തീവണ്ടിയിലെ സീറ്റിൽ ഇരുന്നും കിടന്നും ബർത്തിൽ കയറിയും ഇറങ്ങിയും ഞങ്ങൾ ആദ്യ ട്രെയിൻ യാത്ര ശരിക്കും ആസ്വദിച്ചു.
മദ്രാസിലെ ആശ മെമ്മോറിയൽ സ്കൂളിലായിരുന്നു ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്.ഒരു റൂമിൽ മൂന്ന് പേർ വീതം എന്ന രീതിയിൽ ഗ്രൂപ്പാക്കിയപ്പോൾ മൈത്രക്കാരികളായ ഞങ്ങളെ മൂന്ന് പേരെയും കരീം മാഷ് ഒരു റൂമിലാക്കി.
പിറ്റേ ദിവസം വൈകിട്ടോടെയാണ് ഞങ്ങൾ മദ്രാസിലെത്തിയത്.നേരെ ആശ മെമ്മോറിയൽ സ്കൂളിലെത്തി ഓരോരുത്തർക്കും അനുവദിച്ച റൂമുകളിലേക്ക് കയറി.യാത്രാക്ഷീണം അകറ്റാനായി ഒന്ന് കുളിക്കാം എന്ന് ഞാൻ കരുതി. ഭയങ്കരമായ ചൂട് കാരണം, എന്നെപ്പോലെ തന്നെ സഹമുറിയികൾ രണ്ട് പേരും കുളിക്കാൻ തീരുമാനിച്ചിരുന്നു.
ഞാനാദ്യം ഞാനാദ്യം എന്ന് മൂന്ന് പേരും പറഞ്ഞതിനാൽ ഒരു കോംപ്രമൈസ് എന്ന നിലക്ക് മൂന്നാളും ഒരുമിച്ച് കുളിക്കാൻ തീരുമാനിച്ചുകൊണ്ട് ഞങ്ങൾ കുളിമുറിയിൽ കയറി. ഏതാനും പാട്ട വെള്ളം തലയിലൂടെ ഒഴിച്ച ശേഷം സോപ്പ് പുറത്തെടുക്കാനായി ഞാൻ അതിന്റെ കവറിന്റെ ഒരറ്റത്ത് ഒന്നമർത്തി. കണ്ണിമാങ്ങയുടെ അണ്ടി എടുത്ത് ആനയോ കുതിരയോ എന്ന ഒരു കളി കളിക്കാറുണ്ടായിരുന്നു. ഈ കളിയിലെ കുതിരയെപ്പോലെ സോപ്പ് ഒരൊറ്റ ചാട്ടം !
"ബ്ലും "
"അള്ളാ ന്റെ സൻസാർ..!!." ഞാൻ തലയിൽ കൈവച്ചു പോയി.
ഞങ്ങൾ മൂന്ന് പേരും നോക്കി നിൽക്കെ സോപ്പ് നേരെ ക്ലോസറ്റിലേക്ക് വീണു. ഇനി എന്ത് ചെയ്യും എന്ന മട്ടിൽ സങ്കടത്തോടെ ഞാൻ സക്കീനയെ ഒന്ന് നോക്കി.ഒരു കൂസലും കൂടാതെ തറയിൽ മുട്ടു കുത്തിയിരുന്ന് ക്ലോസറ്റിലേക്ക് കയ്യിട്ട് അവൾ ആ സോപ്പ് പുറത്തെടുത്തു !
" അയ്യേ!!"
അറപ്പിന്റെ ഒരു കുളിര് എന്റെ ശരീരത്തിലൂടെ പടർന്ന് കയറി. സോപ്പ് നന്നായി കഴുകി എടുത്ത് സക്കീന അന്നും അടുത്ത ദിവസങ്ങളിലും എല്ലാം കുളിച്ചു.പക്ഷേ, അഞ്ച് ദിവസം ഞാൻ ആ സോപ്പ് ഉപയോഗിച്ചതേ ഇല്ല.
"അള്ളാ ന്റെ സൻസാർ..!!." ഞാൻ തലയിൽ കൈവച്ചു പോയി.
ReplyDeleteസക്കീന കാണണ്ട
ReplyDeleteഉസ്മാനേ.... ജ്ജ് മുണ്ടാതെ ഔടെ കുത്തർ ന്നോ ..
ReplyDeleteസോപ്പിന് സുഗന്ധം കൂടിയിട്ടുണ്ടാകും
ReplyDeleteസോപ്പിന്റെ ഗന്ധം മാറിയിരുന്നു എന്ന് അനുഭവസ്ഥ
ReplyDelete