പ്രകൃതി ദൃശ്യങ്ങളിൽ, എന്നും ഹരം പകരുന്ന കാഴ്ചയാണ് വെള്ളച്ചാട്ടങ്ങൾ സമ്മാനിക്കാറുള്ളത്. അതിനാൽ തന്നെ ഒരിക്കൽ കണ്ടതാണെങ്കിലും വെള്ളച്ചാട്ടങ്ങൾ നിങ്ങളെ വീണ്ടും വീണ്ടും മാടി വിളിച്ചു കൊണ്ടിരിക്കും. അത്തരത്തിലുള്ള ഒന്നാണ് സൂചിപ്പാറ വെള്ളച്ചാട്ടം. വയനാട്ടിൽ കുടുംബ സമേതം താമസിച്ചിരുന്ന കാലത്ത് അളിയന്റെ സന്ദർശനത്തോടനുബന്ധിച്ചും മറ്റൊരിക്കൽ ഞങ്ങളുടെ കുടുംബ ടൂറിലും ഇപ്പോൾ SSC കൂട്ടായ്മയുടെ ഫാമിലി ട്രിപ്പിലും ആണ് ഞാൻ സൂചിപ്പാറയിൽ എത്തിയത്.
വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു വെള്ളച്ചാട്ടമാണ് മേപ്പാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനൽ റോക്ക് വെള്ളച്ചാട്ടം. 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച് നുരഞ്ഞു പതഞ്ഞ് ഒഴുകുന്ന വെള്ളം കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചയാണ്.താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിൽ നീന്തുവാനും കുളിക്കുവാനും കഴിയും.
സൂചിപ്പാറയിൽ സജ്ജീകരിച്ചിട്ടുള്ള ഏറുമാടങ്ങളിൽ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകൾ കാണാം. 200 മീറ്ററിൽ അധികം ഉയരമുള്ള സൂചിപ്പാറ (സെന്റിനൽ റോക്ക്) സാഹസിക മല കയറ്റക്കാർക്ക് പ്രിയങ്കരമാണ്. ഗൈഡിന്റെ സഹായത്തോടെ ട്രക്കിംഗ് നടത്താം.
മഴ ഒന്നടങ്ങിയ ശേഷം,ഒക്ടോബർ മുതൽ ജനുവരി വരെയാണ് സൂചിപ്പാറ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ കാലം. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സന്ദർശന സമയം. ആളൊന്നിന് 40 രൂപയാണ് എൻട്രി ഫീ.
സൂചിപ്പാറ വെള്ളച്ചാട്ടം
ReplyDelete