1992 മുതലാണ് ഞാൻ ഗുരുവായൂരിൽ പോകാൻ തുടങ്ങിയത്. ക്ഷേത്ര സന്ദർശനത്തിനല്ല ഞാൻ ഗുരുവായൂരിൽ പോയിരുന്നത്. മറിച്ച് കൊടുങ്ങല്ലൂരിനടുത്ത് മതിലകത്ത് താമസിക്കുന്ന എന്റെ ഡിഗ്രി സഹപാഠി ഖൈസിന്റെ വീട്ടിലേക്കായിരുന്നു ആ യാത്ര ഒക്കെയും. ഒറ്റക്കും സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തോടൊപ്പവും എല്ലാം പല തവണ ഞാൻ മതിലകത്ത് എത്തിയിട്ടുണ്ട്.
കുന്ദംകുളത്ത് ബസ്സിറങ്ങി അവിടെ നിന്ന് അടുത്ത ബസ്സിന് ഗുരുവായൂരെത്തി കൊടുങ്ങല്ലൂർ ബസ് കയറലാണ് എന്റെ പതിവ്.ഇന്ന് , വയനാട് എഞ്ചിനീയറിംഗ് കോളേജിൽ എന്റെ വളണ്ടിയർ സെക്രട്ടറിയായിരുന്ന അബ്ദുൽ വാസിഹിന്റെ നിക്കാഹിൽ പങ്കെടുക്കാനായിട്ടാണ് വളരെ കാലങ്ങൾക്ക് ശേഷം ഞാൻ ഈ വഴി യാത്ര ചെയ്തത്.
കുന്ദംകുളത്ത് ബസ്സിറങ്ങിയപ്പോൾ തന്നെ സ്റ്റാന്റ് ശൂന്യമായി കിടക്കുന്നത് കണ്ട എനിക്ക് കാര്യം മനസ്സിലായില്ല. ഒരു ഓട്ടോ ഡ്രൈവറോട് അന്വേഷിച്ചപ്പഴാണ് സ്റ്റാന്റ് അവിടെ നിന്നും മാറ്റിയ വിവരം അറിയുന്നത്.പക്ഷെ, ഗുരുവായൂർ ബസ് അവിടെ വരും എന്ന് പറഞ്ഞതിനാൽ ഞാൻ കാത്ത് നിന്നു.
അല്പ സമയത്തിനകം തന്നെ ഒരു മിനിയും ബഡായും അല്ലാത്ത മുക്കാൽ ബസ് വന്നു. ഗുരുവായൂർ എന്ന് കണ്ടക്ടർ വിളിച്ച് കൂവുന്നത് കേൾക്കാം.പക്ഷെ, ബസ് പോകുന്ന വഴി എഴുതിയ ബോർഡിലെ ഒരു സ്ഥലം പോലും എനിക്ക് പരിചയം തോന്നിയില്ല. ഞാൻ മറന്നു പോയതായിരിക്കാം എന്ന നിഗമനത്തിൽ ബസ്സിൽ കയറി. എന്നാൽ മെയിൻ റോഡ് വിട്ട് വളവും തിരിവും മാത്രമുള്ള റോഡിലൂടെ ബസ് നീങ്ങാൻ തുടങ്ങിയപ്പോഴാണ് റൂട്ട് മാറിയ വിവരം അറിഞ്ഞത്. അവസാനം, ഒരു ഓവർ ബ്രിഡ്ജിന്റെ പണി നടക്കുന്ന സ്ഥലത്തെ ചെളിയിൽ കൊണ്ട് നിർത്തിയ ശേഷം ഇറങ്ങാൻ പറഞ്ഞപ്പോൾ എന്നെപ്പോലെ ത്തന്നെ ബസ്സിലുള്ള എല്ലാവരും ചുറ്റും നോക്കുന്നുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയുടെ "ആ കാണുന്നതാണ് ദുബായ് ..." എന്ന ഡയലോഗ് ആണ് പെട്ടെന്ന് മനസ്സിൽ വന്നത്.
ബസ്സിറങ്ങി ആൾക്കൂട്ടത്തിനൊപ്പം ഞാനും നടന്നു. ഒരു പെട്രോൾ പമ്പിൽ കയറി, കലശലായ മൂത്രശങ്ക തീർത്തു. ഏകദേശം ഒരു കിലോമീറ്റർ നടന്ന ശേഷമാണ് ഞാൻ എനിക്ക് പരിചയമുള്ള ആ പഴയ ഗുരുവായൂർ സ്റ്റാന്റിൽ എത്തിയത്. കേട്ട് മാത്രം പരിചയമുണ്ടായിരുന്ന ഗുരുവായൂർ റെയിൽവെ സ്റ്റേഷനും ഈ നടത്തത്തിനിടയിൽ ഞാൻ കണ്ടു.
ഒന്നിന് പിറകെ ഒന്നായി എറണാകുളം എന്ന് വിളിച്ച് കൂവി കൊണ്ടിരിക്കുന്ന ബസ് ജീവനക്കാരെയാണ് സാധാരണ ഞാൻ ഗുരുവായൂർ സ്റ്റാന്റിൽ കാണാറുള്ളത്. പക്ഷെ, ഇത്തവണ ഒരൊറ്റ ഒരു ബസും അതിനടുത്ത് എറണാകുളം എന്ന് പിറു പിറുക്കുന്ന ഒരാളെയും മാത്രമാണ് കാണാൻ സാധിച്ചത്. ബസ് യാത്ര തുടങ്ങിയപ്പോഴാണ് മുപ്പത് വർഷം മുമ്പ് ഉണ്ടായിരുന്ന ഉശിരും ചൂരും ഒന്നും ഇപ്പോൾ ബസ്സുകൾക്ക് ഇല്ല എന്ന് മനസ്സിലായത്. കാലം ഇവിടെ പിന്നോട്ടാണോ ഗമിക്കുന്നത്?
ബസ്സിറങ്ങി ആൾക്കൂട്ടത്തിനൊപ്പം ഞാനും നടന്നു. ഒരു പെട്രോൾ പമ്പിൽ കയറി, കലശലായ മൂത്രശങ്ക തീർത്തു.
ReplyDelete