Pages

Tuesday, May 02, 2023

മെയ് രണ്ട്

പ്രൈമറി സ്കൂൾ വിദ്യാഭ്യാസം രസകരമാക്കിക്കൊണ്ട് , സ്കൂൾ പഠനം നിർത്തുന്നവരുടെ എണ്ണം കുറക്കാൻ വേണ്ടി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം ആവിഷ്കരിച്ച ഒരു പദ്ധതിയായിരുന്നു ഡി പി ഇ പി അഥവാ ഡിസ്ട്രിക്ട് പ്രൈമറി എഡുക്കേഷൻ പ്രോഗ്രാം.1994 ൽ കേരളത്തിലും ഈ പദ്ധതി ലോഞ്ച് ചെയ്തു. സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങളിൽ മാറ്റം വന്നതോടൊപ്പം പാഠ്യ പദ്ധതികളിലും പരീക്ഷാ രീതികളിലും എല്ലാം  ചില മാറ്റങ്ങൾ ഡി പി ഇ പി യിലൂടെ തുടക്കമിട്ടു.

ഒന്നാം ക്ലാസിൽ ഒതുങ്ങി നിന്നിരുന്ന, എല്ലാവരെയും പാസാക്കുന്ന "ഓൾ പാസ് " സമ്പ്രദായം ക്രമേണ മറ്റു ക്ലാസുകളിലേക്കും വ്യാപിച്ചു. കഞ്ഞിയും പയറും മുട്ടയും പാലും എല്ലാം സൗജന്യമായി ലഭിക്കാൻ തുടങ്ങിയതോടെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ ഉത്സാഹമായി. വിദ്യാലയത്തിൽ നിന്നും പഠനം നിർത്തിപ്പോകുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.പക്ഷെ, പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ പഠന നിലവാരം കൂപ്പുകുത്തി.

ഇത്രയും പറഞ്ഞത് അന്ന് വരെ മെയ് രണ്ടിന് ഉണ്ടായിരുന്ന ഒരു പ്രത്യേകത ഓർമ്മിപ്പിക്കാനാണ്.മാർച്ച് മാസത്തിൽ എഴുതുന്ന പരീക്ഷയെ അന്നും ഇന്നും വിളിക്കുന്നത് കൊല്ലപ്പരീക്ഷ എന്നാണ്.ഈ പരീക്ഷ എഴുതാൻ എല്ലാവർക്കും ഒരു പ്രത്യേക ഉത്സാഹം ഉണ്ടായിരുന്നു. പരീക്ഷാ പേപ്പർ തിരിച്ചു കിട്ടില്ല എന്നതാണ് അതിന് ഒരു കാരണം. പരീക്ഷ കഴിഞ്ഞാൽ രണ്ട് മാസം അവധിയാണെന്നതാണ് മറ്റൊരു കാരണം.

കൊല്ലപ്പരീക്ഷ ജയിച്ചാൽ മാത്രമേ അടുത്ത വർഷം ഉയർന്ന ക്ലാസിലെത്തൂ. തോറ്റാൽ പഴയ ക്ലാസിൽ തന്നെ ഇരിക്കേണ്ടി വരും. എല്ലാ വർഷവും പരീക്ഷയുടെ റിസൾട്ട്  പ്രസിദ്ധീകരിച്ചിരുന്നത്  മെയ് രണ്ടിനായിരുന്നു. സ്കൂൾ ഓഫീസിന്റെ മുന്നിൽ വച്ചിരിക്കുന്ന കറുത്ത ബോർഡിൽ ഒട്ടിച്ച വെളുത്ത പേപ്പറിൽ  ജീവിതതിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് അക്ഷരങ്ങൾ രണ്ടാം ക്ലാസ് മുതൽ കുട്ടികൾ കാണാൻ തുടങ്ങും. തിക്കിത്തിരക്കി എത്തി നോക്കി പേര് കാണാതാവുമ്പോൾ തോറ്റു എന്ന സത്യം തിരിച്ചറിയും. രണ്ടിറ്റ് കണ്ണീരോടെ അതിനെ അഭിമുഖീകരിക്കാൻ തോൽക്കുന്ന എല്ലാവർക്കും അന്ന് സാധിച്ചിരുന്നു.

പുതിയ അധ്യയന വർഷത്തിൽ, തോറ്റവരുടെ സീറ്റ് ഏറ്റവും പിന്നിലെ ബെഞ്ചിലായിരിക്കും. ഒരേ ക്ലാസിൽ ഒന്നിലധികം തവണ തോൽക്കുന്നവരും ഉണ്ടായിരുന്നു. കാലക്രമേണ അവർ സ്കൂളിലെ ഉപ്പ്മാവ് ചേച്ചിയുടെ സഹായികളായി മാറും. പരസഹായം അടക്കമുള്ള മാനുഷിക മൂല്യങ്ങൾ അന്നേ അവർ ഈ പ്രവൃത്തിയിലൂടെ സ്വായത്തമാക്കിയിരുന്നു.ഡി പി ഇ പി കത്തി വച്ചത് ഇതിന്റെ എല്ലാം കടയ്ക്കലാണ്. ഇനി ഒരു തിരിച്ച് പോക്കിന് ഒരിക്കലും സാദ്ധ്യത ഇല്ലാത്ത ആ നല്ല ദിനങ്ങളെ ഈ മെയ് രണ്ടിന് വെറുതെ ഒന്നോർമ്മിക്കുന്നു.

1 comment:

നന്ദി....വീണ്ടും വരിക