എന്റെ വീട്ടിലെ മിക്ക ഫലവൃക്ഷങ്ങളും ചില ഓർമ്മക്കുറിപ്പുകൾ കൂടിയാണ്. കുടുംബാംഗങ്ങളുടെ ജന്മദിനത്തിലോ ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിലോ നട്ടതാണ് അതിൽ മിക്കതും.മൂവാണ്ടൻ മാവിൽ നിന്ന് അഞ്ച് മീറ്റർ മാറിയാണ് ലൂന മോളുടെ രണ്ടാം ജന്മദിന വാർഷികത്തിൽ നട്ട സീതപ്പഴച്ചെടി.വർഷം തോറും അത് സീതപ്പഴം തരുന്നു.ഈ വർഷവും അതിന് മുടക്കമില്ല.
രണ്ടാമത്തെയും മൂന്നാമത്തെയും സന്താനങ്ങൾ ഒരേ ഡേറ്റിന് ജന്മദിനമുള്ള അപൂർവ്വ സഹോദരികൾ ആണ്. നാലഞ്ച് വർഷം മുമ്പത്തെ അവരുടെ ഒരു ജന്മദിനത്തിൽ നട്ട കദളിവാഴ അഞ്ച് തലമുറക്ക് ശേഷവും സ്ഥിരമായി ഒരു ചെങ്കദളിക്കുല തരുന്നു.ഈ വർഷത്തോടെ അവളെ മുറ്റത്ത് നിന്നും മാറ്റാനാണ് പ്ലാൻ.
2020ലെ ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ നട്ട ആയുർജാക്കിൽ നിന്ന് അഞ്ച് ചക്കയാണ് ആദ്യ തവണ കിട്ടിയത്.ഈ വർഷത്തെ ചക്ക പൊട്ടിത്തുടങ്ങുന്നു. അത് നടുന്നതിന് ഒരു വർഷം മുമ്പ് , എന്റെ ജന്മദിനത്തോടനുബന്ധിച്ച് നട്ട വിയറ്റ്നാം സൂപ്പർ ഏർളിയിൽ ഈ വർഷം ആദ്യമായി ചക്ക പൊട്ടി. ചക്കയുടെ രുചി അറിയാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ഏതോ നഴ്സറിയിൽ നിന്ന് വാങ്ങി, അനിയൻ അവന്റെ വീട്ടിൽ നട്ട നട്ട് ബട്ടർ ചെടിയിലും വർഷങ്ങളായി വേനലവധിക്ക് കായ ഉണ്ടാകാറുണ്ട്. അതിന്റെ കുരു മുളച്ച് നിരവധി തൈകൾ, എന്റെയും അവന്റെയും പറമ്പിൽ വളർന്ന് വരാറുണ്ട്. അതിലൊന്ന് വളർന്ന് വലുതായി ഇത്തവണ കായ്ച്ചു. കടലയുടെ രുചിയുള്ള കായ പക്ഷെ കുട്ടികളിൽ പലർക്കും പിടിച്ചില്ല.
ഭാര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് 2019 ൽ വിയറ്റ്നാം ഏർളിയുടെ കൂടെ തന്നെ വച്ചതായിരുന്നു റമ്പൂട്ടാൻ.കഴിഞ്ഞ വർഷം തന്നെ അത് ഇഷ്ടം പോലെ ഫലം തന്നു. ഈ വർഷവും അവൾ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കാം.
അയൽപക്കത്തെ ചാമ്പക്ക മരത്തിൽ നിറഞ്ഞ് നിൽക്കുന്ന ചാമ്പക്ക പറിക്കാൻ എന്റെ മക്കൾ പോയിരുന്ന ഒരു കാലം എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്.വീട്ടുമുറ്റത്ത് ഒരു ചാമ്പമരം ഉണ്ടായിരുന്ന കാലത്ത് തന്നെയായിരുന്നു മക്കൾ അങ്ങോട്ട് പോയിരുന്നത്.കാരണം, പ്രായമായിട്ടും എന്റെ ചാമ്പ പൂത്തിരുന്നില്ല.ഇപ്പോൾ അയൽപക്കത്തെ ചാമ്പ അവർ മുറിച്ച് മാറ്റി;എന്റെ വീട്ടിലെ ചാമ്പയിൽ ചുവന്ന ബൾബുകൾ നിറഞ്ഞ് നിൽക്കുന്നു.2023 ൽ രണ്ടാമത്തെ തവണ അത് ഫലം തന്നു കഴിഞ്ഞു.
അങ്ങനെ ഈ വർഷത്തെ വേനൽക്കാലം ഒരു പഴക്കാലമായി ഞങ്ങളങ്ങ് കൊണ്ടാടി.
ReplyDelete