"സാർ ടിക്കറ്റ് ലിയാ ഹേ യാ നഹീം" ഡ്രൈവിംഗിനിടെ കുത്തബ് മിനാറിലേക്കുള്ള പ്രവേശന ടിക്കറ്റിന്റെ കാര്യം ദീപ്‌സിംഗ് ചോദിച്ചു.
'അവിടെ എത്തിയിട്ട് വേണ്ടേ ചെങ്ങായി,ടിക്കറ്റെടുക്കാൻ?' എന്ന ചോദ്യമായിരുന്നു എന്റെ മനസ്സിൽ വന്നത്.
"ഓൺലൈൻ കരോ തോ ക്യൂ മേം ഘട ന പടേഗ" ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാനുള്ള ആ വിദ്യ നല്ലൊരു ഐഡിയ ആയി എനിക്ക് തോന്നി.
"കൈസാ കരേഗ ?"
"സിർഫ് പന്ത്രഹ് സാൽ ക ഊപർ ലോഗോം ക നാം ബതാവോ...ആപ് ക ആധാർ നമ്പർ ഭീ ദോ ...മേം കരേഗ " ഈ സർദാർജി എന്തിനുള്ള പുറപ്പാടാണാവോ എന്ന് സംശയിച്ചെങ്കിലും ഞാൻ സമ്മതം മൂളി.
"ഏക് ടിക്കറ്റ് കോ ചാലീസ് റുപയ ഹോഗാ,ഓൺലൈൻ മേം പാഞ്ച് റുപയ കം ഹോ..." വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ സർദാർജി ബുക്കിംഗ് നടത്തി, ടിക്കറ്റ് എൻറെ മൊബൈലിലേക്ക് അയച്ച് തന്നു.പറഞ്ഞതുപോലെ നാല്പത് രൂപയുടെ ടിക്കറ്റിന് മുപ്പത്തഞ്ച് രൂപ, അതും മുതിർന്ന നാലുപേർക്ക് മാത്രം !സർദാർജിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ എനിക്ക് തോന്നി. പക്ഷേ,ഇക്കിളി കൊണ്ട് വണ്ടി എവിടെയെങ്കിലും കൊണ്ടിടിച്ചാലോ എന്ന് കരുതി ഞാനത് ചെയ്തില്ല.
ഉത്തരേന്ത്യയിലെ ആദ്യത്തെ ഇസ്‌ലാമിക് ഭരണകൂടമായ ഡൽഹി രാജവംശത്തിലെ കുത്തുബുദ്ദീൻ ഐബക്ക് നിർമ്മിച്ച ഒരു വിജയസ്തംഭമാണ് കുത്തബ് മിനാർ എന്നാണ് ഏറ്റവും പ്രബലമായ ചരിത്രം.യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഒരു സ്മാരകമാണ് കുത്തബ് മിനാർ.ഇന്തോ-ഇസ്‌ലാമിക് വാസ്തുശില്പകലയുടെ ഒരു മകുടോദാഹരണം കൂടിയാണ് കുത്തബ് മിനാർ.മിനാറിന് പുറമെ ഖുവ്വത്തുൽ ഇസ്‌ലാം പള്ളി, പള്ളി ഇമാമിന്റെ ഖബറിടം,ഇൽത്തുമിഷിന്റെയും അലാവുദ്ദീൻ ഖിൽജിയുടെയും ശവകുടീരങ്ങൾ,പണി പൂർത്തിയാക്കാത്ത അലൈ മിനാർ തുടങ്ങിയവയാണ് കുത്തബ് മിനാർ കോംപ്ലെക്‌സിലെ പ്രധാന കാഴ്ചകൾ.
കുത്തബ് മിനാറിന്റെ ഗേറ്റിന് മുന്നിൽ ഞങ്ങളെ ഇറക്കിവിട്ട് സർദാർജി എങ്ങോ പോയി.ടാക്സി ചാർജ്ജായി ഒന്നും തന്നെ നല്കിയിട്ടില്ലാത്തതിനാൽ എനിക്ക് ഒരു ഭയവും തോന്നിയില്ല. എൻട്രി ഗേറ്റിൽ ഞാൻ പ്രതീക്ഷിച്ച അത്ര തിരക്ക് ഇല്ലായിരുന്നു.2013ലും കുടുംബ സമേതം കുത്തബ് മിനാറിൽ വന്ന ഓർമ്മകൾ അയവിറക്കിക്കൊണ്ട് ഞങ്ങൾ അകത്ത് പ്രവേശിച്ചു. ശേഷം, മുമ്പേ ഗമിക്കും ഗോ തൻ പിമ്പേ തന്നെ എല്ലാവരും നടന്നു.
"ഉപ്പച്ചീ .... കുത്തബ് മിനാർ....." ലൂന മോളെപ്പോലെ തന്നെ കുട്ടിക്കാലത്തേ ചരിത്ര സ്മാരകങ്ങൾ കാണാൻ ഭാഗ്യം ലഭിച്ച ലിദു മോൻ സന്തോഷത്തോടെ വിളിച്ച് പറഞ്ഞു.
"ആ...ശരിക്കും കണ്ടോ... സ്‌കൂളിൽ ചെന്നാൽ ടീച്ചർ ചോദിക്കും..." അവനെ പ്രോത്സാഹിപ്പിക്കാനായി ഞാൻ പറഞ്ഞു.
"ടീച്ചർക്കും വന്ന് കണ്ടാൽ പോരേ? എന്തിനാ എന്നോട് ചോദിക്കുന്നത്?" അവന്റെ മറുപടി കേട്ട് ഞങ്ങൾക്ക് ചിരി വന്നു.
അപ്പോഴാണ് ഒരു വിമാനം പറന്നു പോകുന്നത് എന്റെ ശ്രദ്ധയിൽപെട്ടത്.ഞാൻ ഉടനെ ഫോണെടുത്ത് ഒന്ന് ക്ലിക്കി.വിമാനം മിനാരത്തിൽ ഇടിക്കുന്ന പോലെയുള്ള ഒരുപടം ശരിക്കും എന്നെത്തന്നെ അത്ഭുതപ്പെടുത്തി. വിമാനങ്ങൾ പിന്നെയും ധാരാളം കടന്നുപോയി.ഞാൻ കുത്തബ് മിനാറിന്റെ വിവിധ ഭാഗങ്ങൾ കാണാനും നീങ്ങി.
കുത്തബ് മിനാർ കോംപ്ലെക്‌സിലെ ഏറ്റവും ആകർഷകമായ ഇടം എഴുപത്തിരണ്ടര മീറ്റർ ഉയരത്തിൽ അഞ്ച് നിലകളായി ഉയർന്ന് നിൽക്കുന്ന കുത്തബ് മിനാർ തന്നെയാണ്.രജപുത്ര രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന് മേൽ മുഹമ്മദ് ഗോറി നേടിയ വിജയത്തെ അനുസ്മരിക്കാനായി കുത്തുബുദ്ദീൻ ഐബക്ക് 1192 ൽ പണി തുടങ്ങിയതാണ് ഈ സ്തംഭം.മിനാരത്തിന്റെ പണി തീരുന്നതിന് മുമ്പേ രാജാവ് ദിവംഗതനായതിനാൽ മകൻ ഇൽത്തുമിഷ് ആണ് മൂന്ന് നിലകൾ കൂടി കൂട്ടിച്ചേർത്ത് അത് പൂർത്തിയാക്കിയത്. 1368 ൽ ഫിറോസ് ഷാ തുഗ്ലക്ക് രണ്ട് നില കൂടി കൂട്ടിച്ചേർത്തതായി പറയപ്പെടുന്നു.
ഖുർആനിലെ ആയത്തുകൾ മിനാരത്തിന്റെ കല്ലുകളിൽ കൊത്തിവച്ചതായി കാണാം.എണ്ണൂറ് വർഷത്തിലധികമായി മഴയും മഞ്ഞും വെയിലും ഏറ്റിട്ടും അവയ്ക്ക് ഒരു മങ്ങൽ പോലും ഏറ്റിട്ടില്ല എന്നത് അത്ഭുതാവഹം തന്നെയാണ്. 1503 ൽ മിന്നലേറ്റും 1802 ൽ ഭൂകമ്പത്തിലും കുത്തബ് മിനാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.മുമ്പ്, മിനാരത്തിന്റെ ഒന്നാം നില വരെ സഞ്ചാരികൾക്ക് കയറാൻ അനുവാദമുണ്ടായിരുന്നു.എന്നാൽ 1981 ൽ നിരവധി സ്‌കൂൾ കുട്ടികൾ മരിക്കാനിടയായ ഒരു അപകടത്തിന് ശേഷം മിനാരത്തിനകത്ത് പ്രവേശിക്കുന്നത് പൂർണ്ണമായും നിർത്തലാക്കി.
മിനാരം കഴിഞ്ഞ് അല്പം കൂടി മുമ്പോട്ട് നടന്നാൽ ഇടതുഭാഗത്ത് ഒരു പള്ളിയുടെ അവശിഷ്ടങ്ങൾ കാണാം.അവിടെ കണ്ട ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് ഞങ്ങൾ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ഖുവ്വത്തുൽ ഇസ്‌ലാം മസ്‌ജിദിന്റെ ബാക്കിപത്രമാണ് അതെന്നും അകത്ത് കയറിയാൽ ആ മസ്ജിദിലുണ്ടായിരുന്ന ഇമാമിന്റെ മഖ്‌ബറ കാണാമെന്നും പറഞ്ഞു.അൽപനേരം അവിടെ ചെലവഴിച്ച ശേഷം അദ്ദേഹം നിർദ്ദേശിച്ച പ്രകാരം തന്നെ ചരിത്രത്തിൽ കേട്ട് മാത്രം പരിചയമുള്ള അലാവുദ്ദീൻ ഖിൽജിയുടെ മഖ്ബറയിലേക്ക് ഞങ്ങൾ നീങ്ങി.
കുത്തബ് മിനാറിന്റെ തണലിൽ .....
ReplyDelete