Pages

Monday, October 14, 2019

The Coffee Beans Estate

           ദൈനംദിന ജീവിതത്തിന്റെ വിരസതകളിൽ നിന്നും യാന്ത്രികയിൽ നിന്നും ഒരു മോചനം നേടി മനസ്സിനെ ഒന്ന് ഫ്രെഷ് ആക്കാനാണ് ഞാൻ പലപ്പോഴും ടൂറും പിക്നിക്കും എല്ലാം പോകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അവയിൽ 99 ശതമാനവും കുടുംബത്തോടൊപ്പം ആയതിനാൽ അവരും ഫ്രെഷ് അപ് ആകും. നഗരത്തിലെ ഹോട്ടലുകളിൽ നിന്നും മാറി, ഏതെങ്കിലും വില്ലയിലോ റിസോർട്ടിലോ ആണ് താമസമെങ്കിൽ കുടുംബത്തിന് അത് കൂടുതൽ രസകരവും ആകും.
               അത്തരം ഒരു ചിന്തയാണ് ഞങ്ങളെ ഗൂഡല്ലൂർ റിസോർട്ടിൽ എത്തിച്ചത്. കുടുംബത്തോടൊപ്പമുള്ള ആദ്യത്തെ റിസോർട്ട് വാസം അവർ അന്ന് ശരിക്കും ആസ്വദിച്ചു. ഒരു പ്രീ പ്ലാനിംഗും ഇല്ലാതെ അന്ന് മസിനഗുഡിയിലും   അവിടെ നിന്ന് മായാറിലെ ഗുൽമോഹർ തീരത്തും  എത്തിയതോടെ ലഭിച്ച പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്.  സുഹൃത്തായ പവിത്രേട്ടൻ വയനാട് വെള്ളമുണ്ടയിൽ നടത്തുന്ന മിസ്റ്റി ഗ്രീൻസ്  റിസോർട്ടിൽ താമസിച്ചില്ലെങ്കിലും അവിടെയും ഏതാനും മണിക്കൂർ ചെലവഴിച്ചപ്പോൾ അതിന്റെ രസം അവർക്ക് ശരിക്കും പിടികിട്ടി.
              ഇത്തവണ E3 തീം പാർക്കിലേക്ക് പുറപ്പെടുമ്പോൾ ഞാൻ നേരത്തെ തീരുമാനിച്ചതായിരുന്നു, എന്റെ NSS വളണ്ടിയർ ക്യാപ്റ്റൻ ആയിരുന്ന ഹന്ന പരിചയപ്പെടുത്തി തന്ന കോഫീ ബീൻസ് എസ്റ്റേറ്റിലെ റിസോർട്ടിൽ ഒരു ദിവസത്തെ തങ്ങൽ.റിസോർട്ട് മാനേജർ എന്നെ നന്നായറിയുന്ന, ഞാൻ മുമ്പ് പരിചയപ്പെടുത്തിയ സോളോയാത്രയുടെ ഭൈമീകാമുകൻ സുഹൈൽ കൂടിയായതിനാൽ മറ്റൊന്നും ആലോചിച്ചില്ല. മാനന്തവാടിയിലെ പതിവ് സുഹൃത് സന്ദർശനങ്ങൾ കഴിഞ്ഞ് നേരെ തലപ്പുഴക്കടുത്ത് കരിമാനിയിലെ റിസോർട്ടിലേക്ക് തിരിച്ചു.
             വൈകിട്ട് പെയ്ത മഴയിൽ റിസോർട്ടിലേക്കുള്ള വഴി ചെളിമയമായതിനാൽ കാർ കയറാൻ ബുദ്ധിമുട്ടാകും എന്ന് സുഹൈൽ അറിയിച്ചിരുന്നു. റോഡിൽ തന്നെ അവൻ ഏർപ്പാടാക്കിയ ജീപ്പ് ഉണ്ടെന്നും കാർ തൊട്ടടുത്ത വീട്ടിൽ പാർക്ക് ചെയ്ത് ജീപ്പിൽ കയറാനും അവൻ നിർദ്ദേശിച്ചു. ഓഫ് റോഡും  കുത്തിക്കുലുങ്ങിയുള്ള ജീപ്പ് യാത്രയും തൊട്ടടുത്തൊന്നും മനുഷ്യവാസം ഇല്ലാത്തതും കൂരിരുട്ടും എല്ലാം കൂടി ഞങ്ങളുടെ മനസ്സിൽ ഒരു ഭീതി പടർത്തി. പക്ഷെ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ എന്നെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്ത്  സ്വാഗതം ചെയ്ത സുഹൈൽ ആ ഭയം മുഴുവൻ ഇല്ലാതാക്കി.
           സുഹൈൽ തന്നെ പാകം ചെയ്ത ചിക്കൻ കറിയും ചപ്പാത്തിയും പൊറോട്ടയും പൊരിച്ച പത്തിരിയും ചിക്കൻ ഫ്രൈയും എല്ലാം കൂടി വിഭവ സ‌മൃദ്ധമായിരുന്നു രാത്രി ഭക്ഷണം. ആവശ്യമായ സാധനങ്ങൾ എല്ലാം കൊണ്ട്  വന്നാൽ, കൂട്ടമായി പാകം ചെയ്ത് കഴിക്കാനുള്ള സൌകര്യം ഉണ്ട്. അതാകുമ്പോൾ ഇത്തരം യാത്രകൾ ഏറെ ഹൃദ്യവുമാകും.റിസോർട്ടിലെ ഭക്ഷണമാണെങ്കിൽ  സാധാരണ നിരക്ക് മാത്രമേ അതിന് ഈടാക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്.
            Stay in the Woods , Feel at home എന്നാണ്  Coffee Beans Estateന്റെ കാപ്ഷൻ. രാത്രിയായാൽ  ശരിക്കും ഒരു കാട്ടിൽ താമസിക്കുന്ന പ്രതീതി അനുഭവപ്പെടുകയും ചെയ്യും.  കാലാവസ്ഥ അനുയോജ്യമെങ്കിൽ രാത്രി ക്യാമ്പ് ഫയർ നടത്താനും സൌകര്യമുണ്ട്. അതിരാവിലെ തേയിലത്തോട്ടത്തിലൂടെയുള്ള ട്രക്കിംഗും ആസ്വാദ്യകരമായ അനുഭവമായിരിക്കും. താഴെ എവിടെയോ ഒഴുകുന്ന അരുവിയുടെ കളാകളാരവവും പക്ഷികളുടെ കലപിലയും പൊഴിയുന്ന മഞ്ഞുകണവും സൂര്യന്റെ പൊൻ‌കിരണവും ഏറ്റ് ഈ വാതില്പടിയിൽ ഇരുന്ന് ഒരു ചുടുകട്ടൻ‌ചായ വലിച്ച് കുടിക്കുമ്പോഴുണ്ടാകുന്ന സുഖം....അതൊന്ന് വേറെത്തന്നെ.
            തലേദിവസം രാത്രി പേടിപ്പിച്ച അതേ വഴിയിലൂടെയാണ് ഞങ്ങൾ കാൽനടയായി തിരിച്ചിറങ്ങിയത്. ഇത്രയും സുന്ദരമായ വഴിയായിരുന്നു അതെന്നും വിളി കേൾക്കുന്നിടത്ത് താമസക്കാർ ഉണ്ടെന്നും അപ്പോഴാണ് മനസ്സിലായത്.
           രണ്ട് ബെഡ്‌റൂമും ഹാളും അടുക്കളയും ആണ് Coffee Beans റിസോർട്ടിലുള്ളത്. 4 പേർക്ക് 2500 രൂപയാണ് ഒരു ദിവസത്തെ റേറ്റ്. 6 പേരാണെങ്കിൽ 3500 രൂപയും. ഭക്ഷണം ഇതിൽ ഉൾപ്പെടില്ല. ഒരു ദിവസം മുഴുവൻ, എല്ലാ തിരക്കിൽ നിന്നും മാറി ഒന്നിരിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ വരൂ...കോഫീ ബീൻസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു.
Contact : 9567773715 (Suhail)

6 comments:

  1. ഒരു ദിവസം മുഴുവൻ, എല്ലാ തിരക്കിൽ നിന്നും മാറി ഒന്നിരിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ വരൂ...കോഫീ ബീൻസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു.

    ReplyDelete
  2. Yathrakal oru haramanalle mashe..athum kudumbathodoppamavumpol ere hrudyam.
    Iniyum kooduthal yathravivaranangal poratte.. okkeyum puthiya arivukal.. ashamsakal

    ReplyDelete
  3. Geethaji...കഴിഞ്ഞ മാസം യാത്രകളുടെതായിരുന്നു. ഇനിയും വരുന്നുണ്ട് കുറിപ്പുകൾ.

    ReplyDelete

നന്ദി....വീണ്ടും വരിക