Pages

Wednesday, February 26, 2020

അറക്കൽ കൊട്ടാരവും സെന്റ് ആഞ്ചലോ കോട്ടയും (കണ്ണൂരിലൂടെ...2)

                 പേരിൽ കൊട്ടാരം എന്നുണ്ടെങ്കിലും പഴയ പല കൊട്ടാരങ്ങളും പുതുതലമുറക്ക് കൊട്ടാരങ്ങളായി തോന്നാറില്ല. നാട്ടിലെ പല വീടുകളും അതിലും വലുതായതിനാൽ കൊട്ടാരങ്ങൾ കാണിക്കാൻ പോകുന്നതിന് മുമ്പ് ഒരു എക്സ്ക്യൂസ് ഞാൻ എപ്പോഴും എടുക്കാറുണ്ട്. മുമ്പൊരിക്കൽ സന്ദർശിച്ചിട്ടുള്ളതിനാൽ അറക്കൽ കൊട്ടാരത്തിലേക്ക് കുടുംബത്തെ നയിക്കുമ്പോഴും ഞാൻ അതിന്റെ അവസ്ഥ ആദ്യമേ അവരെ ബോധ്യപ്പെടുത്തി.

              കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശമായി രേഖപ്പെടുത്തിയിരിക്കുന്നത് അറക്കൽ രാജവംശത്തെയാണ്. പുരുഷ അധികാരികൾ ആലി രാജ എന്നും സ്ത്രീ അധികാരികൾ അറക്കൽ ബീവി എന്നും ആയിരുന്നു അറിയപ്പെട്ടിരുന്നത്. മരുമക്കത്തായ സമ്പ്രദായം പിന്തുടർന്നതിനാൽ ആൺ അധികാരികളും പെൺ അധികാരികളും രാജ്യത്ത് ഉണ്ടായിരുന്നു.

                കണ്ണൂർ പട്ടണത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാറി ആയിക്കര എന്ന സ്ഥലത്താണ് അറക്കൽ കൊട്ടാരം എന്ന ഇപ്പോഴത്തെ അറക്കൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ചെങ്കല്ലും മരവും ഉപയോഗിച്ച് ദീർഘ ചതുരാകൃതിയിൽ നിർമ്മിച്ച ഒരു ഇരുനില കെട്ടിടമാണ് പുറത്ത് നിന്ന് കാണുന്ന അറക്കൽ കൊട്ടാരം. താഴെ നില രാജ കുടുംബത്തിന്റെ കാര്യാലയവും മുകൾ നില ദർബാർ ഹാളും ആയിരുന്നു എന്ന് പറയപ്പെടുന്നു. മുകൾ നിലയുടെ തറ മുഴുവനായും വീട്ടി നിർമ്മിതമാണ്.
                            രാജകുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളാണ് മ്യൂസിയത്തിലെ കാഴ്ച. മൈസൂർ രാജാക്കന്മാരായ ഹൈദർ അലി , ടിപ്പു സുൽത്താൻ എന്നിവരോടും ബീജാപ്പൂർ സുൽത്താനോടും മറ്റു വിദേശ ശക്തികളോടും ആശയ വിനിമയം നടത്തിയ കത്തുകൾ, ഖുർ‌ആൻ കയ്യെഴുത്ത് പ്രതികൾ, യുദ്ധോപകരണങ്ങൾ , പാത്രങ്ങൾ , സിംഹാസനം അടക്കമുള്ള മര ഉരുപ്പടികൾ തുടങ്ങീ നിരവധി സാധനങ്ങൾ കൊട്ടാരത്തിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്. രാജവംശത്തിന്റെ ചരിത്രവും ഇതുവരെയുള്ള ഭരണാധികാരികളെ പരിചയപ്പെടാനുള്ള വിവരങ്ങളടങ്ങിയ ബോർഡും മ്യൂസിയത്തിലുണ്ട്.

                 കേരള പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും കൊട്ടാരത്തിന്റെ പൂർണ്ണാവകാശം ഇപ്പോഴും അറക്കൽ രാജവംശത്തിന് തന്നെയാണ്. വിദേശികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന കേരളത്തിലെ മ്യൂസിയങ്ങളീൽ ഒന്നാണ് അറക്കൽ മ്യൂസിയം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. പ്രവേശനം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ്.

                    അറക്കൽ കൊട്ടാരത്തിൽ നിന്നും ഞങ്ങൾ നേരെ പോയത് സെന്റ് ആഞ്ചലോ ഫോർട്ടിലേക്കായിരുന്നു. 1505ൽ പോർച്ചുഗീസുകാരനായ ഡോൺ ഫ്രാൻസിസ്കൊ ഡി അൽമേഡ ആണ് സെന്റ് ആഞ്ചലോ കോട്ട പണിതത്. പിന്നീട് ഡച്ചുകാർ ഈ കോട്ട പിടിച്ചടക്കി. അറക്കൽ രാജ്യത്തെ അലി രാജക്ക് വിൽക്കുന്നത് വരെ ഡച്ചുകാർ തന്നെയായിരുന്നു അധിപന്മാർ.പിന്നീട് ബ്രിട്ടീഷ്കാരും ഈ കോട്ട പിടിച്ചടക്കി.
                         രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചര വരെയാണ് സന്ദർശന സമയം. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും 25 രൂപയാണ് പ്രവേശന ഫീസ്. സെന്റ് ആഞ്ചലോ കോട്ടയിലെ കുതിര ലായം ആണ് ഏറ്റവും ആകർഷണീയം. തുരങ്കപാത പോലെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് അത് നീണ്ടു പോകുന്നു. കോട്ടയുടെ മുകളിൽ കയറിയാൽ നേരെ താഴെ അറബിക്കടൽ കോട്ടമതിലിൽ ഉമ്മ വയ്ക്കുന്നതും കാണാം.
            കണ്ണൂർ ടൌണിൽ നിന്ന് HQ ആശുപത്രി വരെ പോകുന്ന ബസ്സിൽ കയറി പ്രസ്തുത സ്റ്റോപ്പിൽ ഇറങ്ങി ഒരു ഓട്ടോ വിളിച്ചാൽ കോട്ടയിലെത്താം. കടന്നു പോകുന്ന വഴി സൈനിക മേഖലയാണ്. ഏതോ ഒരു യുദ്ധ വിമാനത്തിന്റെ ഒറിജിനൽ രൂപവും അവിടെ കാണാം.

4 comments:

  1. കണ്ണൂരിലെ കാഴ്ചകൾ തുടരുന്നു,

    ReplyDelete
  2. ഹൃസ്വമായ വിവരണമായി..............
    ആശംസകൾ മാഷേ

    ReplyDelete
  3. കണ്ണൂരിലെ കണ്ണായ കിണ്ണംങ്കാച്ചി
    കാണാക്കാഴ്ച്ചകൾ കാണിച്ചുതന്നതിന് സലാം ട്ടാ ഭായ് 

    ReplyDelete
  4. മുരളിയേട്ടാ... നന്ദിയുണ്ട് ട്ടോ ..

    ReplyDelete

നന്ദി....വീണ്ടും വരിക