Pages

Thursday, February 27, 2020

പയ്യാമ്പലം ബീച്ച് (കണ്ണൂരിലൂടെ...3)


               ജീവിതത്തിൽ കടൽ ആദ്യമായി കണ്ടത് എന്നാണെന്ന് ഒരു നിശ്ചയവും ഇല്ല. പ്രൈമറി സ്കൂളിലെ ഒരു വിനോദയാത്രയിൽ ആയിരിക്കും നമ്മളിൽ മിക്കവരും ആദ്യമായി കടലിരമ്പം കേട്ടത്.ഞാനും ആദ്യമായി കണ്ടത് കോഴിക്കോട് ബീച്ച് ആണെന്നാണ് ഒട്ടും ഉറപ്പില്ലാത്ത എന്റെ ധാരണ.ഇതുവരെ എത്ര ബീച്ചുകൾ കണ്ടു എന്ന് ചോദിച്ചാൽ അതിനും ഇപ്പോൾ ഒരു നിശ്ചയവും ഇല്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബീച്ച് ആയ ചെന്നൈ മെറീന ബീച്ച്, മഹാബലിപുരം ബീച്ച്,കന്യാകുമാരി ബീച്ച്, കടമത്ത് ബീച്ച്, മാല്പെ ബീച്ച്, കേരളത്തിലെ പ്രമുഖ ബീച്ചുകളായ കോവളം, ശംഖുമുഖം, ആലപ്പുഴ, വിഴിഞ്ഞം, സ്നേഹതീരം , ചെറായി, കോഴിക്കോട് , കാപ്പാട്, ബേക്കൽ അങ്ങനെ അങ്ങനെ കണ്ട ബീച്ചുകളുടെ ആ ലിസ്റ്റ് നീളുന്നു. എന്നാലും കണ്ടതും കാണാത്തതും ആയ ബീച്ചിൽ പോകുന്നതിന് ഇപ്പോഴും എനിക്ക് ഇഷ്ടമാണ്.

              ബി.എഡിന് പഠിക്കുമ്പോൾ കണ്ണൂരിലേക്ക് നടത്തിയ ഒരു ഏകദിന യാത്രയിലാണ് ആദ്യമായി പയ്യാമ്പലം എന്ന കണ്ണൂർ ബീച്ചിൽ ഞാൻ എത്തിയത്. പി.ജിക്ക് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ പഠിക്കുമ്പോൾ വീണ്ടും അവിടം സന്ദർശിച്ചിട്ടുണ്ട് എന്ന് മനസ്സ് പറയുന്നു (കൊചു ഗള്ളൻ).ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന ലുലു മോൾക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ ഞാൻ കുടുംബ സമേതം വീണ്ടും പയ്യാമ്പലത്ത് എത്തിയിരുന്നു. പിന്നീട് അവിടം സന്ദർശിച്ചതായി എന്റെ ഓർമ്മയിൽ രേഖപ്പെടുത്തിയ തെളിവുകൾ ഇല്ല. 2020 പിറന്ന മാസം തന്നെ ഞാൻ ഭാര്യെയെയും മക്കളെയും കൊണ്ട് വീണ്ടും പയ്യാമ്പലത്തെത്തി.
             പ്രകൃതി സൌന്ദര്യത്തിന് പേരു കേട്ട, കണ്ണൂർ ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് പയ്യാമ്പലം ബീച്ച് . കണ്ണൂർ ടൌണിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്. സെന്റ് ആഞ്ചലോ ഫോർട്ട് കാണാൻ പോകുന്നവർക്ക് ബീച്ചിലെത്താൻ എളുപ്പമാണ്. സായാഹ്ന സമയം തന്നെയാണ് ബീച്ച് കാണാൻ ഏറ്റവും അനുയോജ്യമായത്. നേരത്തെ എത്തുന്നവർക്ക് സമയം തള്ളാൻ പാർക്കും ബീച്ചിനോടനുബന്ധിച്ച് ഉണ്ട്.പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ അമ്മയും കുഞ്ഞും എന്ന ശില്പവും പയ്യാമ്പലം ബീച്ചിലാണ്.
             രാഷ്ട്രീയ - സാംസ്കാരിക കേരളത്തിലെ പല മഹാരഥന്മാരും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം കൂടിയാണ് പയ്യാമ്പലം ബീച്ച്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ജി, ഇ.കെ.നായനാർ,സുകുമാർ അഴീക്കോട് എന്നിങ്ങനെ ആ നിര നീളുന്നു. എല്ലാവരെയും ഇവിടെ അടക്കം ചെയ്യാൻ കാരണം എന്താണെന്ന് അറിയില്ലെങ്കിലും ജന്മം കൊണ്ട് കണ്ണൂരുകാർ ആയതായിരിക്കും റീസൺ എന്ന് ഞാൻ അനുമാനിക്കുന്നു.         
             സാഹസികർക്ക് ഇഷ്ടപ്പെട്ട ഒരു കേന്ദ്രം കൂടിയാണ് പയ്യാമ്പലം ബീച്ച്. വൈകുന്നേരങ്ങളിൽ കടലിന്റെ മുകളിലെ ആകാശത്ത് ബലൂണിൽ സഞ്ചരിക്കാൻ പാരാസെയ്‌ലിംഗ് അവസരം ഉണ്ട്. ജെറ്റ് സ്കീയിംഗ് പോലെയുള്ള വാട്ടർ സ്പോർട്ട് ആക്റ്റിവിറ്റികൾക്കും സൌകര്യമുണ്ട്. ഓരോന്നിന്റെയും റേറ്റ് എത്രയാണെന്നറിയില്ല. സൂര്യൻ കടലിൽ താഴാൻ മിനുട്ടുകൾ മാത്രം ശേഷിക്കുന്ന സമയത്താണ് ഞങ്ങൾ അവിടെ എത്തിയത്.അതിനാൽ ആർക്കും ഇതിൽ കയറി ധൈര്യം പരീക്ഷിക്കേണ്ടി വന്നില്ല.ബട്ട്, തിരമാലകളോട് കിന്നാരം പറയാൻ എന്റെ കുഞ്ഞുമോനടക്കം കടലിലിറങ്ങി.
           
            ഇരുട്ട് പരന്നതോടെ ഈ വർഷത്തെ ആദ്യത്തെ ഏകദിന പിക്നിക്കിന് വിരാമമിട്ട് ഞങ്ങൾ നാട്ടിലേക്ക് മടങ്ങി.

3 comments:

  1. ബി.എഡിന് പഠിക്കുമ്പോൾ കണ്ണൂരിലേക്ക് നടത്തിയ ഒരു ഏകദിന യാത്രയിലാണ് ആദ്യമായി പയ്യാമ്പലം എന്ന കണ്ണൂർ ബീച്ചിൽ ഞാൻ എത്തിയത്. പി.ജിക്ക് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ പഠിക്കുമ്പോൾ വീണ്ടും അവിടം സന്ദർശിച്ചിട്ടുണ്ട് എന്ന് മനസ്സ് പറയുന്നു (കൊചു ഗള്ളൻ).

    ReplyDelete
  2. തൃശ്സൂർ ജില്ലയിലെ കണ്ടമാനമുള്ള 
    ഓരൊ ബീച്ചുകളും  ഇന്നും ഓരൊ
    നൊസ്റ്റാൾജിയകൾ തന്നെയാണെനിക്ക് ...!

    ReplyDelete
  3. മുരളിയേട്ടാ...വാടാനപ്പള്ളി,തൃപയാർ,മതിലകം ബീച്ചുകൾ എനിക്കും നോസ്റ്റാൽജിക് ആണ്.

    ReplyDelete

നന്ദി....വീണ്ടും വരിക