Pages

Sunday, September 17, 2023

കാപ്പാട് ബീച്ച്

കുട്ടിക്കാലത്ത് കാണാൻ ഏറെ ആഗ്രഹിച്ചിരുന്ന രണ്ട് പ്രകൃതി സൗന്ദര്യങ്ങളായിരുന്നു ബീച്ചുകളും വെള്ളച്ചാട്ടങ്ങളും. ജീവിത സാഹചര്യങ്ങൾ കാരണവും ബീച്ചിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും ഉള്ള  അപ്രാപ്യത കാരണവും എൻ്റെ അന്നത്തെ ആഗ്രഹം നിറവേറിയത് ഞാൻ മുതിർന്നപ്പോഴാണ്. എന്നാൽ എൻ്റെ മക്കൾ എപ്പോഴൊക്കെ ഈ ആഗ്രഹം പ്രകടിപ്പിച്ചുവോ അപ്പോഴൊക്കെ അത് നിറവേറ്റാൻ എന്നെ പ്രേരിപ്പിച്ചതും എൻ്റെ കുട്ടിക്കാലാനുഭവങ്ങളാണ്.

ഞാൻ ആദ്യം കേട്ട കേരളത്തിലെ ബീച്ചുകളിൽ ഒന്നാണ് കാപ്പാട് ബീച്ച്.1498 ൽ കടൽ മാർഗ്ഗം ഇന്ത്യയിൽ ആദ്യമായി ഒരു വിദേശി എത്തിച്ചേർന്നത് കാപ്പാട് ആയിരുന്നു എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.പിന്നീട് പല വിദേശ ശക്തികളും ഇന്ത്യയിൽ കാലുകുത്തിയതും ഈ പാതയിലൂടെയായിരുന്നു. വാസ്കോഡഗാമ എന്ന പോർച്ചുഗീസ് നാവികനായിരുന്നു ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ സഞ്ചാരി. അദ്ദേഹം കാൽ കുത്തിയതിന്റെ കാൽപാട് ആണ് പിന്നീട് കാപ്പാട് ആയത് എന്ന് പറയപ്പെടുന്നു. കോഴിക്കോട് നിന്നും പതിനേഴ് കിലോമീറ്റർ ദൂരെ മാറി, കൊയിലാണ്ടിക്കടുത്താണ് കാപ്പാട് സ്ഥിതി ചെയ്യുന്നത്.

1993 ൽ കോഴിക്കോട് IHRDEയിൽ  പി.ജി.ഡി.സി.എ ക്ക് പഠിക്കുമ്പോൾ സഹപാഠികൾക്കൊപ്പം ഈ ബീച്ചിൽ എത്തിയതാണ് എൻ്റെ ആദ്യ കാപ്പാട് സന്ദർശനം. പിന്നീട് ഫാമിലി സഹിതവും സുഹൃത്തുക്കൾക്കൊപ്പവും  പല തവണ ഞാൻ കാപ്പാട് എത്തിയിട്ടുണ്ട്.ബീച്ചിന്റെ സൗന്ദര്യവൽക്കരണവും മുഖച്ഛായ മാറ്റവും കാരണം മക്കളെ ഒന്ന് കൂടി കാണിക്കാൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഞാൻ വീണ്ടും കാപ്പാട്ടെത്തി.

കാപ്പാട് ഇന്ന് പഴയ ആ ബീച്ചല്ല.ലോകത്ത് തന്നെ അറിയപ്പെടുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ഉള്ള ഇന്ത്യയിലെ പത്ത് ബീച്ചുകളിൽ ഒന്നും കേരളത്തിലെ ഏക സർട്ടിഫൈഡ് ബീച്ചും ആണ്.Foundation for Environment Education എന്ന അന്താരാഷ്ട്ര സംഘടന വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ച് നൽകുന്ന ഒരു സർട്ടിഫിക്കേഷൻ ആണ് ബ്ലൂ ഫ്ലാഗ്.പരിസ്ഥിതി സംരക്ഷണം, വൃത്തി, സുരക്ഷ, സഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം ഈ മാനദണ്ഡങ്ങളിൽ പെടുന്നു.അതിനാൽ തന്നെ പ്രവേശന ഫീസുള്ള ബീച്ചുകളിൽ പെട്ട ഒന്നാണ് കാപ്പാട് ബീച്ച്.മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് ഇരുപത് രൂപയുമാണ് എൻട്രി ഫീസ്.

മണിക്കൂറുകൾ ഇടവിട്ട് വൃത്തിയാക്കുന്നതിനാൽ കേരളത്തിലെ മറ്റേതൊരു ബീച്ചിനെക്കാളും സഞ്ചാരികൾ ഈ ബീച്ചിനെ ഇഷ്ടപ്പെടും.മാത്രമല്ല കുടിവെള്ള സൗകര്യവും ടോയിലറ്റ് സൗകര്യവും ഡ്രസ്സ് ചേഞ്ചിംഗ് റൂം സൗകര്യവും എല്ലാം ഇപ്പോൾ കാപ്പാട് ബീച്ചിലുണ്ട്.കുട്ടികൾക്കുള്ള പാർക്കും മരങ്ങൾ തണൽ വിരിക്കുന്ന മനോഹരമായ നടപ്പാതകളും ബീച്ചിനെ കൂടുതൽ ആകർഷകമാക്കുന്നു.

കാപ്പാട് സന്ദർശിക്കുന്നവർ ഒരു കിലോമീറ്റർ അകലെയുള്ള തൂവപ്പാറ കൂടി സന്ദർശിക്കണം.കടലിലേക്ക് തള്ളി നിൽക്കുന്ന ഭീമൻ ചെങ്കൽ പാറക്ക് മുകളിൽ കയറി ഇരുന്ന് തിരമാലകളുടെ രൗദ്ര ഭാവവും കടൽക്കാറ്റും ആസ്വദിക്കാൻ വൈകുന്നേരങ്ങളിൽ നിരവധി സന്ദർശകരാണ് ഇവിടെ എത്തുന്നത്. പാറക്ക് മുകളിൽ സംരക്ഷണ വേലി ഉണ്ടെങ്കിലും കുട്ടികളുമായി പോകുന്നവർ ഇവിടെ അതീവ ജാഗ്രത പുലർത്തണം.

സൂര്യാസ്തമനവും കണ്ട് തിരിച്ചു പോരുമ്പോഴാണ് മിക്ക യാത്രകളിലും സംഭവിക്കുന്ന ഒരു കൂടിക്കാഴ്ച അവിടെയും സംഭവിച്ചത്.


(തുടരും....)

1 comments:

Areekkodan | അരീക്കോടന്‍ said...

ലോകത്ത് തന്നെ അറിയപ്പെടുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ഉള്ള ഇന്ത്യയിലെ പത്ത് ബീച്ചുകളിൽ ഒന്നും കേരളത്തിലെ ഏക സർട്ടിഫൈഡ് ബീച്ചും ആണ് കാപ്പാട് ബീച്ച്.

Post a Comment

നന്ദി....വീണ്ടും വരിക