2009 ൽ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് ആദ്യമായി ട്രാൻസ്ഫർ ആയി വന്ന സമയം.ഗസറ്റഡ് ഓഫീസർ ആയതിനാൽ ശമ്പള ബില്ല് സ്വയം എഴുതണം, ട്രഷറിയിൽ കൊണ്ട് പോയി കൊടുക്കണം; കാശ് നേരിട്ട് നമുക്ക് തന്നെ കൈപ്പറ്റുകയും ചെയ്യാം.ബില്ലിനോടൊപ്പം സാലറിയിൽ നിന്നും പിടിക്കേണ്ട വിവിധ ഇൻഷുറൻസ് പ്രീമിയങ്ങളുടെ ഷെഡ്യൂളുകളും പൂരിപ്പിച്ച് നൽകണമായിരുന്നു. എന്നിരുന്നാലും അതൊരു രസകരമായ പരിപാടിയായിരുന്നു.കാരണം ഒരു മാസത്തെ അദ്ധ്വാനത്തിന്റെ ഫലം നേരിട്ട് കയ്യിൽ വാങ്ങുന്നതിന്റെ ഒരു അനുഭൂതി അനുഭവിച്ചറിയാമായിരുന്നു.
കോഴിക്കോട്ടെ ശമ്പള ട്രഷറി സിവിൽ സ്റ്റേഷനിലെ ജില്ലാ ട്രഷറി ആയിരുന്നു.വെറും അഞ്ച് കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂവെങ്കിലും അവിടെ എത്തണമെങ്കിൽ രണ്ട് ബസ് മാറിക്കയറണം.ജില്ലാ ട്രഷറി ആയതിനാൽ മിക്ക ദിവസങ്ങളിലും തൃശൂർ പൂരത്തിനുള്ള ആളും കാണും.ഒരു ദിവസം പോയതോട് കൂടി തന്നെ ഞാൻ വശം കെട്ടു.അപ്പോഴാണ് ഓഫീസിൽ നിന്നും ഒരു പ്യൂൺ ദിവസവും ട്രഷറിയിൽ പോകാറുണ്ടെന്നും അവരുടെ വശം ബില്ല് കൊടുത്തു വിട്ടാൽ മതിയെന്നും ഞാൻ കേട്ടത്. പ്രതിഫലമായി, കാഷ് പിൻവലിക്കുന്ന ദിവസം അമ്പത് രൂപ നൽകിയാൽ മതിയെന്നും അറിഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടുമായി നാല് ബസ്സ് കയറുമ്പോൾ തന്നെ ഈ സംഖ്യക്ക് അടുത്ത് എത്തും എന്നതിനാൽ നമുക്കും ലാഭം അവർക്കും ലാഭം.
അങ്ങനെ ആ മാസത്തെ ട്രഷറി ഡ്യൂട്ടിയുള്ള പ്യൂണിനെ അന്വേഷിച്ച് പിടിച്ചപ്പോഴാണ് ബിനീഷിനെ ഞാൻ പരിചയപ്പെടുന്നത്. സൗമ്യമായി മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയോടെ ഉദ്യോഗസ്ഥരോടും കുട്ടികളോടും എല്ലാം അടുത്തിടപഴകുന്ന നീളം കൂടിയ ഒരു ദേഹം.നാല് പ്യൂണുകൾ ഉള്ളതിനാൽ നാല് മാസത്തിൽ ഒരിക്കൽ മാത്രമേ അദ്ദേഹവുമായി എനിക്ക് ബന്ധം വരികയുള്ളൂ എന്നതിനാൽ ഞാൻ ബിനീഷുമായി വല്ലാതെ അടുപ്പം കാട്ടിയില്ല.പക്ഷെ കണ്ടുമുട്ടുമ്പോളെല്ലാം പുഞ്ചിരി പരസ്പരം കൈമാറി.
ആ വർഷം തന്നെ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഞാൻ അതിന്റെ പല മീറ്റിങ്ങുകളിലും പങ്കെടുത്തു കൊണ്ടിരുന്നു. ആസന്നമായ സപ്തദിന ക്യാമ്പിന്റെ ലൊക്കേഷനും പ്രവൃത്തി എന്തെന്നും ആരൊയൊക്കെ സമീപിക്കണമെന്നും എല്ലാം ആയിരുന്നു മിക്ക മീറ്റിങ്ങുകളിലും ചർച്ച. അതിലൊക്കെ രണ്ട് പേരുകൾ സ്ഥിരം കടന്നു വന്നിരുന്നു - പ്രസാദേട്ടനും ബിനീഷേട്ടനും. കോളേജിൽ സീനിയേഴ്സിനെ ജൂനിയേഴ്‌സ് ഒരു ഏട്ടൻ കൂട്ടി വിളി ഉള്ളതിനാൽ അതിൽ പെട്ടതാകും എന്നാണ് ഞാൻ കരുതിയത്. ക്യാമ്പിന്റെ ഭക്ഷണം തയ്യാറാക്കുന്നവരുടെ പേരിന്റെ കൂട്ടത്തിലാണ് ഈ രണ്ട് ഏട്ടൻമാരും കടന്നു വന്നിരുന്നത് എന്നതിനാൽ ഇത് 'സാധാരണ' ഏട്ടന്മാരല്ല എന്ന് എനിക്ക് മനസ്സിലായി.
അവസാന ദിവസം വരെ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ശേഷം 2009 ലെ എൻ.എസ്.എസ് വാർഷിക സപ്തദിന ക്യാമ്പ് കാക്കൂരിനടുത്ത് പാവണ്ടൂരിൽ നടക്കുന്നു എന്നറിഞ്ഞപ്പോൾ ഒന്ന് പങ്കെടുക്കാനായി ഞാനും കുട്ടികളുടെ കൂടെ പോയി.ആദ്യ ദിവസം തന്നെ, അതിഥിയായെത്തിയ ഞാൻ ക്യാമ്പംഗങ്ങളുടെ മുഴുവൻ പേര് പറഞ്ഞ് കൊണ്ട് സർവ്വരെയും ഞെട്ടിച്ചു. പിറ്റേ ദിവസത്തെ നാടകക്കളരിയിൽ ഒരു തകർപ്പൻ അഭിനയവും കൂടി ആയതോടെ കുട്ടികൾ ചില ഭാവി പദ്ധതികൾ ആസൂത്രണം തുടങ്ങി. അന്ന് തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിച്ച കുട്ടികളുടെ 'ബിനീഷേട്ടനെ ' ഞാൻ ശരിക്കും പരിചയപ്പെട്ടു.
വർഷങ്ങളായി എൻ.എസ്.എസ് സപ്തദിന ക്യാമ്പിലെ സ്ഥിരാംഗങ്ങളാണ് കോളേജിലെ ഡ്രൈവറായ പ്രസാദേട്ടനും പ്യൂണായ ബിനീഷേട്ടനും . രാഷ്ട്രീയമായി ഭിന്ന ചേരിയിലാണെങ്കിലും ക്യാമ്പിന്റെ സമാപനം വരെ അടുക്കള നിയന്ത്രണവും ഏകോപനവും ഈ രണ്ട് ഏട്ടൻമാരും കൂടിയാണ് (പ്രിന്നീട് ഞാൻ പ്രോഗ്രാം ഓഫീസർ ആയപ്പോഴും ഈ കൂട്ടുകെട്ടിന്റെ സഹകരണം കൊണ്ട് കിട്ടിയ ആശ്വാസം ചെറുതൊന്നുമല്ല). അതിനാൽ തന്നെ മറ്റ് പല യൂണിറ്റുകളും ചെയ്യുന്ന പോലെ ഒരു പാചകക്കാരിയെ അടുക്കളയിൽ നിർത്തി പണം കൊടുക്കേണ്ടതായി വന്നിട്ടില്ല. മാത്രമല്ല ഫുഡ് കമ്മിറ്റിയിൽ അംഗമായ എല്ലാവരും ക്യാമ്പ് കഴിയുമ്പോഴേക്കും എന്തെങ്കിലും ഒക്കെ പാകം ചെയ്യാൻ പഠിച്ചിട്ടുമുണ്ടാകും. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയാണ് പ്രസാദേട്ടൻ. മലയാളത്തിൽ പി.ജി. ബിരുദമുള്ള ബിനീഷ് കാപ്പാട് തൂവപ്പാറ നിവാസിയും.
ഇന്ത്യയിലെ ഒരു എൻ.എസ്.എസ് യൂണിറ്റിന് ലഭിക്കാവുന്ന സർവ്വ അവാർഡുകളും നാല് വർഷം കൊണ്ട് ജി.ഇ.സി കോഴിക്കോടിന്റെ ഷോകേസിലെത്തിക്കാനും ഇവരുടെ നിസ്സീമ പിന്തുണ കൊണ്ടായി. നാല് വാർഷിക സപ്തദിന ക്യാമ്പുകൾ നടത്തിയ ശേഷം ഞാൻ പ്രോഗ്രാം ഓഫീസർ പദവി ഒഴിയുകയും ചെയ്തു. കാലത്തിന്റെ കുത്തൊഴുക്കിൽ പ്രസാദേട്ടൻ പെൻഷൻ പറ്റി, ബിനീഷ് ഗുമസ്തനായി ഡിപ്പാർട്ട്മെന്റ് മാറിപോയി, ഞാൻ സ്ഥലം മാറ്റം കിട്ടി കോഴിക്കോട് വിട്ടു.
വീണ്ടും വർഷങ്ങൾ കഴിഞ്ഞ് ഇന്ന് തൂവ്വപ്പാറയിൽ എത്തിയപ്പോൾ ഞാൻ ബിനീഷിനെ വിളിച്ചു. സ്ഥലത്തില്ല എങ്കിലും കണ്ടിട്ടേ പോകാവൂ എന്ന അപേക്ഷക്ക് മുന്നിൽ ഞാൻ മറുവാക്ക് പറഞ്ഞില്ല.കഴിഞ്ഞ വർഷം മെഡിക്കൽ പ്രവേശന പരീക്ഷ സംബന്ധമായി എന്തോ ഒരു സംശയത്തിന് ബിനീഷിന്റെ അളിയന് ഞാൻ ഫോണിലൂടെ മാർഗ്ഗ നിർദ്ദേശം നൽകിയിരുന്നു. അന്നത്തെ ഗൈഡൻസ് പ്രകാരം മോൾ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സന്തോഷ വാർത്ത അറിയിക്കാനും ഞങ്ങളെ സൽക്കരിക്കാനുമായി , ബിനീഷ് അറിയിച്ച പ്രകാരം അദ്ദേഹവും എത്തി. അങ്ങനെ ചരിത്രമുറങ്ങുന്ന കാപ്പാട് കടൽത്തീരത്ത് സൗഹൃദത്തിന്റെ പൂത്തുമ്പികൾ ഒരിക്കൽ കൂടി പാറിപ്പറന്നു.
1 comments:
സൗഹ്യദം എവിടെ പൂക്കും എന്ന് ഒരു മുൻ നിശ്ചയവുമില്ല. പൂക്കട്ടെ, തളിർക്കട്ടെ എന്നും ഈ ഭൂമിയിൽ
Post a Comment
നന്ദി....വീണ്ടും വരിക