ജയ്‌പൂർ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി നിരവധി ചരിത്ര സ്മാരകങ്ങൾ ഉണ്ട്. ആൽബർട്ട് ഹാൾ മ്യൂസിയം, ഹവാ മഹൽ,സിറ്റി പാലസ്,ജന്തർ മന്തർ,ജൽ മഹൽ,ആംബർ ഫോർട്ട്,നഹാർഗർ ഫോർട്ട്,ജയ്‌ഗർ ഫോർട്ട് തുടങ്ങിയവയാണ് നിർബന്ധമായും കാണേണ്ട നിർമ്മിതികൾ. ഇതിൽ തന്നെ ആൽബർട്ട് ഹാൾ മ്യൂസിയവും ഹവാ മഹലും രാത്രികാല ദൃശ്യമാണ് ഏറെ നയനമനോഹരം.
ഡ്രൈവർ ജബ്ബാറിന്റെ ഉപദേശ പ്രകാരം ഞങ്ങൾ ആദ്യം കാണാൻ പോയത് നഹാർഗർ ഫോർട്ട് ആണ്. അമാൻ കെ പാലസ് ഒഴിവാക്കി പുതിയ റൂം കണ്ടെത്താനായി പോയപ്പഴേ അങ്ങകലെ മലമുകളിൽ ഉയർത്തി കെട്ടിയ മതിലുകൾ ഞാൻ കണ്ടിരുന്നു. ജബ്ബാറിനോട് അതേ പറ്റി ചോദിച്ചപ്പോൾ നമുക്ക് ഇന്ന് കാണാൻ പോകാനുള്ള ഇടങ്ങളിൽ ഒന്നാണ് എന്ന് പറഞ്ഞു. പറഞ്ഞത് പോലെത്തന്നെ ഞങ്ങൾ ആദ്യം പോയത് നഹാർഗർ ഫോർട്ടിലേക്കായിരുന്നു.
ഹിന്ദിയിൽ നഹാർഗർ എന്നാൽ കടുവകളുടെ താമസ സ്ഥലം എന്നാണ്.സത്യം പറഞ്ഞാൽ അങ്ങോട്ടുള്ള വഴി കണ്ടാൽ അത് വളരെ ശരിയാണെന്ന് ബോദ്ധ്യമാകും.ഇന്ന് ആ വഴി അങ്ങനെയാണെങ്കിൽ 300 വർഷം മുമ്പത്തെ സ്ഥിതി അതിഭയാനകം തന്നെയായിരിക്കും.പക്ഷെ നഹാർ സിംഗ് ഭോമിയ എന്ന റാത്തോർ രാജകുമാരൻറെ പേരിൽ ഇവിടെ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ നിന്നാണ് ഈ പേര് ലഭിച്ചത് എന്നാണ് ഗൈഡുകൾ പറയുന്നത്.
ജയ്‌പൂർ നഗരത്തെ മുഴുവൻ കാണാവുന്ന വിധത്തിലാണ് ആമേർ രാജാവായിരുന്ന സ്വായ് ജയ് സിംഗ് 1734 ൽ ഈ കോട്ട നിർമ്മിച്ചത്.പിന്നീട് പല കൂട്ടിച്ചേർക്കലുകളും നടന്നിട്ടുണ്ട് എന്നും ചരിത്രം പറയുന്നു.1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പല ബ്രിട്ടീഷ് പൗരന്മാർക്കും അഭയം നൽകിയ സ്ഥലം കൂടിയാണ് ഈ കോട്ട. എട്ടാം ക്ലാസ്സിലെ ഭൂമിശാസ്ത്രത്തിൽ പഠിച്ച ആരവല്ലി പർവ്വത നിരയിലാണ് നഹാർഗർ ഫോർട്ട് സ്ഥിതി ചെയ്യുന്നത്.
സിറ്റിയിൽ നിന്നും ഏകദേശം ഇരുപത് കിലോമീറ്റർ ദൂരത്തിലാണ് നഹാർഗർ കോട്ട. പക്ഷെ മല മുകളിലേക്കുള്ള വിജനമായതും കാട് നിറഞ്ഞതുമായ പാത ദൂരം കൂടുതൽ തോന്നിക്കും. രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവേശന സമയം.മുതിർന്നവർക്ക് നൂറ് രൂപയും വിദ്യാർത്ഥികൾക്ക് ഇരുപത് രൂപയുമാണ് പ്രവേശന ഫീസ്.വിദ്യാർത്ഥിയാണ് എന്ന് തെളിയിക്കാൻ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. വിദ്യാർത്ഥികൾക്കുള്ള കൺസഷനെപ്പറ്റി നേരത്തെ അറിവുണ്ടായിരുന്നതിനാൽ ഞങ്ങൾ അത് കയ്യിൽ കരുതിയിരുന്നു.
കോട്ടയുടെ ചുറ്റുമായി സ്ഥിതി ചെയ്യുന്ന നഹാർ ഗർ ബയോളജിക്കൽ പാർക്കിന്റെ സാന്നിദ്ധ്യം കാരണം വന്യമൃഗങ്ങളുടെ ആവാസ സ്ഥലം കൂടിയാണ് ഇത് എന്നതിനാൽ സന്ധ്യാ സമയം ആകുന്നതിന് മുമ്പ് കോട്ടയിൽ നിന്നും സ്ഥലം വിടുന്നതാണ് ഏറ്റവും ഉത്തമം എന്ന് ജബ്ബാർ പറഞ്ഞു.
പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്ത ശേഷം ഞാൻ ടിക്കറ്റ് എടുത്തു.കോട്ടക്കകത്തെ കാഴ്ചകൾ കാണാനായി ഞങ്ങൾ അകത്ത് പ്രവേശിച്ചു.
1 comments:
ജയ്‌പൂർ നഗരത്തെ മുഴുവൻ കാണാവുന്ന വിധത്തിലാണ് ആമേർ രാജാവായിരുന്ന സ്വായ് ജയ് സിംഗ് 1734 ൽ ഈ കോട്ട നിർമ്മിച്ചത്.
Post a Comment
നന്ദി....വീണ്ടും വരിക