സ്‌കൂൾ പഠന കാലത്തെ ഏറ്റവും വീറും വാശിയും ഏറിയ ദിവസമാണ് സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ് ദിവസം. സർക്കാർ സ്‌കൂളുകളിൽ ആ ദിവസം അടിപിടി ഉറപ്പാണ്. കാരണം അവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത് കക്ഷിരാഷ്ട്രീയം അനുസരിച്ചാണ്.എന്നാൽ ഞാൻ പഠിച്ച സ്‌കൂളുകളിൽ ഒന്നിലും തന്നെ, പത്താം ക്ലാസ് വരെയുള്ള ഒരു തെരഞ്ഞെടുപ്പിലും പാർട്ടി അടിസ്ഥാനത്തിലുള്ള വോട്ടെടുപ്പ് ഉണ്ടായിട്ടില്ല.എന്നിരുന്നാലും വീറിനും വാശിക്കും ഒട്ടും കുറവും ഉണ്ടായിരുന്നില്ല.
വർഷങ്ങളായുള്ള എന്റെ സ്‌കൂൾ ജീവിതത്തിലെ അവസാനത്തെ തെരഞ്ഞെടുപ്പിൽ വിജയ ശ്രീലാളിതനായത് അബ്ദുൽ അലിയായിരുന്നു. അവന്റെ പിതാവിന്റെ രാഷ്ട്രീയ പരിചയം ഇതിനു പിന്നിലുണ്ടായിരുന്നോ എന്നറിയില്ല. അത്യാവശ്യം നന്നായി തന്നെ അസംബ്ലി നയിക്കാൻ അവന് സാധിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ.അതിൽ എനിക്ക് ചെറിയ ഒരു കുശുമ്പും ഉണ്ടായിരുന്നു.കാരണം എട്ടിലും ഒമ്പതിലും ഞാൻ അവന്റെ സീനിയർ ആയിരുന്നു. ഞാനാകട്ടെ സ്‌കൂളിൽ ആദ്യമായി തുടങ്ങിയ സ്‌കൗട്ടിന്റെയും അത് കഴിഞ്ഞ് ആരംഭിച്ച എൻ.സി.സി യുടെയും ക്യാപ്റ്റനും. എന്നിട്ടും സ്‌കൂളിനെ നയിക്കാൻ അവസരം കിട്ടിയത് അവനും.
അങ്ങനെയിരിക്കെ അസംബ്ലിയുള്ള ഒരു ദിവസം ലീഡർ അബ്ദുൽ അലി ആബ്‌സന്റായി. അന്ന് അസംബ്ലി നയിക്കേണ്ടത് എൻ.സി.സി ക്യാപ്റ്റനായ ഞാനാണെന്ന് കരീം മാസ്റ്റർ ഒരു സൂചന മാത്രം നൽകി. അസംബ്ലിയിൽ കൂട്ടത്തിൽ നിന്ന് പരിചയമുണ്ടെങ്കിലും ഓർഡർ നൽകി പരിചയമില്ലാത്തതിനാൽ എന്തൊക്കെയാണ് പറയേണ്ടത് എന്ന് ഞാൻ ഒന്ന് ഓർത്തു നോക്കി. ശേഷം ഒരു സംശയ നിവാരണത്തിനായി ഞാൻ പത്ത് സി ക്ലാസ്സിലെ ആബിദിന്റെ അടുത്തെത്തി.
"പാട്ടിന് എന്താ ഇംഗ്ളീഷിൽ പറയുക?" ഞാൻ അവനോട് ചോദിച്ചു.
"സോങ്ങ്..."
അവൻ മറുപടി പറഞ്ഞപ്പോഴാണ് എനിക്ക് അതറിയാമായിരുന്നു എന്ന് ഞാൻ ഓർത്തത്. ഞാൻ വേഗം ക്ളാസിലേക്ക് തിരിച്ചു പോവുകയും ചെയ്തു. അല്പസമയത്തിനകം തന്നെ ഫസ്റ്റ് ബെൽ മുഴങ്ങി. രണ്ട് മിനുറ്റ് കഴിഞ്ഞ് അസംബ്ലി ചേരാനുള്ള നാല് ബെല്ലും അടിച്ചു.കുട്ടികൾ വരി വരിയായി ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി.എന്റെ ക്ലാസ്സിലെ കുട്ടികൾക്കൊപ്പം ഞാനും വരിയിൽ ചെന്ന് നിന്നു. കരീം മാസ്റ്റർ ഇപ്പോൾ വിളിക്കും എന്നതിനാൽ എന്റെ ഹൃദയം പട പടാ അടിക്കാനും തുടങ്ങി.
"എൻ.സി.സി ക്യാപ്റ്റൻ ശുക്കൂർ ... കം ഹിയർ..." കരീം മാസ്റ്ററുടെ ആജ്ഞ വന്നു. വിറക്കുന്ന കാലുകളോടെ ഞാൻ മുന്നിലെത്തി കുട്ടികൾക്ക് അഭിമുഖമായി നിന്നു. അസംബ്ലി തുടങ്ങാനുള്ള നിർദ്ദേശം കരീം മാസ്റ്റർ തന്നു.
"അസംബ്ലി.... അറ്റെൻഷൻ..." എൻ.സി.സി - സ്‌കൗട്ട് പരിചയത്തിൽ ഗംഭീരമായി തന്നെ ഞാൻ തുടങ്ങി. കുട്ടികൾ എല്ലാവരും അറ്റെൻഷനിൽ നിന്നു.
"സ്റ്റാൻഡറ്റീസ്..." ഞാൻ അടുത്ത ഓർഡർ നൽകി.
"അറ്റെൻഷൻ..." അസംബ്ലി കണ്ടുള്ള പരിചയത്തിൽ ഞാൻ വീണ്ടും പറഞ്ഞു. 'ഇനി പ്രാർത്ഥന ചൊല്ലാൻ പറയണം' - ഞാൻ ആലോചിച്ചു.
"നാഷണൽ സോങ്ങ്...!!" ഞാൻ ഉറക്കെ പറഞ്ഞു.പ്രാർത്ഥനക്കായി വന്ന് നിന്ന കുട്ടികളും അദ്ധ്യാപകരും എന്നെ തുറിച്ച് നോക്കിയെങ്കിലും എനിക്ക് പെട്ടെന്ന് കാര്യം പിടികിട്ടിയില്ല.
"നാഷണൽ സോങ്ങ് എന്നല്ല .... ആന്തം എന്നാ ..." അസംബ്ലിയുടെ മുൻ നിരയിൽ നിന്ന ചില പെൺകുട്ടികൾ വിളിച്ച് പറഞ്ഞത് ഞാൻ വ്യക്തമായി കേട്ടില്ല.
"നാഷണൽ ആനന്ദം..." നേരത്തെ പറഞ്ഞത് തിരുത്തി ഞാൻ ഉച്ചത്തിൽ വീണ്ടും പറഞ്ഞു. അസംബ്ലിയിൽ മുഴുവൻ പൊട്ടിച്ചിരി ഉയർന്നു.കരീം മാഷ് എന്നെ വീണ്ടും രൂക്ഷമായി നോക്കി.കുട്ടികളെ നേരെ നിർത്താനായി ഞാൻ അടുത്ത കമാൻഡ് ഉടൻ നൽകി.
"അസംബ്ലീ.... ഡിസ്‌മിസ്...."
കുട്ടികൾ ചിന്നിച്ചിതറി ക്‌ളാസ്സിലേക്ക് ഓടുന്നത് കണ്ട് ഞാൻ അന്തം വിട്ടു നിന്നു. കരീം മാസ്റ്ററുടെ വലത്തെ കയ്യിലെ രണ്ട് വിരലുകൾക്കിടയിൽ ഞാൻ തൂങ്ങിയാടാനും തുടങ്ങി.
5 comments:
നാഷണൽ ആനന്ദം..." നേരത്തെ പറഞ്ഞത് തിരുത്തി ഞാൻ ഉച്ചത്തിൽ വീണ്ടും പറഞ്ഞു. അസംബ്ലിയിൽ മുഴുവൻ പൊട്ടിച്ചിരി ഉയർന്നു
വായിച്ച് കുറെ ചിരിച്ചു. പക്ഷെ ഷുക്കറിന് അങ്ങിനെയൊരബദ്ധം പറ്റിയതിലാണെനിക്കൽഭുതം
ഇങ്ങെനെ ഒരു സംഭവം അസംബ്ലിയിൽ ഉണ്ടായത് എനിക്ക് ഓർമ്മയില്ല
ഇതല്ല ഇതിലും വലുത് പറ്റിയവനാ ഈ ഷുക്കൂർ.... എന്ന് പറയാൻ ഷുക്കൂർ തന്നെ പറഞ്ഞു
അസംബ്ലിയിൽ സംഭവിച്ചിട്ടില്ലെന്നോ? എന്നാൽ അന്ന് നീ സ്‌കൂളിൽ വന്നിട്ടില്ല
Post a Comment
നന്ദി....വീണ്ടും വരിക