നിരവധി കുഞ്ഞുകഥകൾ മലയാളത്തിന് സമ്മാനിച്ച കഥാകാരനാണ് പി.കെ പാറക്കടവ്.പക്ഷേ, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ 'എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ല' എന്ന കൃതി കുറുങ്കഥകൾ അല്ല.മറിച്ച് കുഞ്ഞു കുഞ്ഞു ലേഖനങ്ങളാണ് .ആനുകാലിക പ്രസക്തിയുള്ള നിരവധി ചിന്തകളുടെ സമാഹാരമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.
വിവിധ സമയങ്ങളിൽ എഴുതിയ കുറുങ്കഥകൾ വികസിപ്പിച്ചതാണോ ചില കുറിപ്പുകൾ എന്നും എനിക്ക് തോന്നിപ്പോയിട്ടുണ്ട്.സെൽഫി എടുത്തെടുത്താണ് നമ്മളൊക്കെ ഇങ്ങനെ സെൽഫിഷ് ആകുന്നത് എന്ന വരികൾ ഞാൻ മുമ്പ് എവിടെയോ വായിച്ചതായിട്ടാണ് എന്റെ ഓർമ്മ.അത് ഈ പുസ്തകത്തിൽ 'ഞങ്ങളുടെ ആയുധം വാക്കുകളാണ്' എന്ന അദ്ധ്യായത്തിന്റെ അവസാനത്തിൽ വരുന്നു.
തടസ്സമില്ലാതെ വായന മുന്നോട്ട് നീങ്ങുമെങ്കിലും ചെറിയ ചില കല്ലുകൾ അവിടെയും ഇവിടെയും ഒക്കെ കടിക്കുന്നുണ്ട്.ചില അദ്ധ്യായങ്ങൾ അൽപ സ്വല്പം എഡിററിംഗ് ആവശ്യമായിരുന്നോ എന്നൊരു തോന്നൽ ഉളവാക്കുന്നു.'ജല്ലിക്കെട്ട് ചില ചോദ്യങ്ങൾ ചോദിക്കുന്നു' എന്ന തലക്കെട്ടിലുള്ള ഭാഗം തുടങ്ങുന്നത് 'കഴിഞ്ഞയാഴ്ച നമ്മുടെ പത്രങ്ങളുടെ പ്രധാന വാർത്ത...' എന്നാണ്.കുറിപ്പിന്റെ തീയ്യതിയും കാലവും പറയാതെ, ഒരു പുസ്തകത്തിൽ കഴിഞ്ഞയാഴ്ച എന്ന് പറയുന്നത് എത്രത്തോളം ശരിയായിരിക്കും? കാലങ്ങളോളം നിലനിൽക്കുകയും വായിക്കപ്പെടുകയും ചെയ്യുന്ന ഒരു പുസ്തകത്തിൽ ഈ പ്രയോഗം ശരിയല്ല എന്നാണ് എനിക്ക് തോന്നിയത്.
രാഷ്ട്രീയ പാർട്ടികളെ പരാമർശിക്കുന്നിടത്തെല്ലാം 'ചായം തേച്ച തുണികൾക്ക് പിറകിൽ' എന്ന് ആവർത്തിച്ച് പറയുന്നതും അരോചകമായി തോന്നി.'ഒരു ചെവി മൊബൈൽ ഫോണിന് കടം കൊടുത്തതും' ഒന്നിലധികം സ്ഥലങ്ങളിൽ വായിച്ചു.ഗോമാംസം ഭക്ഷിച്ചെന്ന ആരോപണത്തിന് വധിക്കപ്പെട്ട മുഹമ്മദ് അഖ്‌ലാഖിനെ പറ്റിയും രണ്ടോ മൂന്നോ തവണ വായിച്ചു.
എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ല എന്ന് പറയുമ്പോഴും കെട്ട കാലത്തെപ്പറ്റി നിരവധി സ്ഥലങ്ങളിൽ പറയുന്നുണ്ട്. എങ്കിലും തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ പ്രതീക്ഷ കൈവിടാതെ നമുക്ക് മുന്നേറാം.
പുസ്തകം : എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ലരചയിതാവ് : പി.കെ പാറക്കടവ്
പ്രസാധകർ : പേരക്ക ബുക്സ്
പേജ് : 112
1 comments:
ഒരു വായാനാനുഭവം
Post a Comment
നന്ദി....വീണ്ടും വരിക