Pages

Tuesday, April 14, 2020

ഓർമ്മയിലെ കൊന്നമരങ്ങൾ

     വിഷു വരുന്നു എന്ന് എന്നെപ്പോലുള്ളവർ അറിയുന്നത് എവിടെയെങ്കിലും ഒക്കെ പൂത്ത് നിൽക്കുന്ന കൊന്നമരം കാണുമ്പോഴാണ്. ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം കാരണമാണോ അതോ ജനിതകമാറ്റം വരുത്തിയതോ എന്നറിയില്ല ഓണം കഴിഞ്ഞാൽ തന്നെ പൂക്കുന്ന കൊന്നകൾ കാണാം. അതിനാൽ വിഷു വരുന്നു എന്നതിന് പകരം വിഷു വരും എന്നാണ് കൊന്നകൾ ഇപ്പോൾ ഓർമ്മിപ്പിക്കുന്നത്. എൻ്റെ മനസ്സിൽ മായാതെ ഇടം പിടിച്ച ചില കൊന്നമരങ്ങളെപ്പറ്റിയാവട്ടെ ഇപ്രാവശ്യത്തെ വിഷു പോസ്റ്റ് .

കൊന്ന എന്ന് കേൾക്കുമ്പോഴും ഏത് കൊന്ന പൂത്തത് കാണുമ്പോഴും പതിനൊന്ന് വർഷം മുമ്പ് അന്തരിച്ച എൻ്റെ പിതാവ് എൻ്റെ മനസ്സിൽ ഓടിയെത്തും. ഞാനും എൻ്റെ പ്രിയ പിതാവും കൂടി കോഴിക്കോട്ടെ ഒരു എക്സിബിഷനിൽ നിന്ന് കൊണ്ടുവന്ന കൊന്നത്തൈ തറവാട് വീടിൻ്റെ മുറ്റത്ത് തന്നെ വച്ചു. നാലഞ്ച് വർഷം കൊണ്ട് തന്നെ അത് വളർന്ന് വലുതായി പൂത്തുലഞ്ഞു. എല്ലാ വർഷവും മാർച്ച് പകുതി മുതൽ മെയ് പകുതി വരെ ഞങ്ങളുടെ മുറ്റം സ്വർണ്ണവർണ്ണമായിരുന്നു. കണി ഒരുക്കാൻ നിരവധി പേർ കൊന്നപ്പൂ കൊണ്ട് പോകാറുമുണ്ടായിരുന്നു.
ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് അമ്മാവൻ്റെ വീട്ട് മുറ്റത്തും ഒരു കൊന്നത്തൈ നട്ടതും വളർന്ന് പൂവിട്ടതും. മെയിൻ റോഡ് സൈഡിൽ തന്നെയായതിനാൽ സ്വആ മരത്തിൽ നിന്നും നിരവധി പേർ പുക്കളിറുക്കാറുണ്ടായിരുന്നു. വസ്തു ഭാഗം വയ്ക്കൽ കഴിഞ്ഞപ്പോൾ അമ്മാവൻ സ്ഥലം വിറ്റു.അതോടെ ആ കൊന്നയും ഇല്ലാതായി. ബാപ്പയുടെ മരണ ശേഷം ഞങ്ങളുടെ സ്വത്തും ഭാഗം വച്ചു. തറവാട് വീട് അനിയൻ പൊളിച്ച് പുതുക്കിപ്പണിതതോടെ ഞങ്ങളുടെ കൊന്നമരവും കഥാവശേഷമായി.

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളജിൽ ജോയിൻ ചെയ്തതിൻ്റെ പിറ്റേ വർഷത്തെ പരിസ്ഥിതി ദിനത്തിൽ കാമ്പസിൽ വിവിധ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന കൂട്ടത്തിൽ എൻ്റെ ഡിപ്പാർട്ട്മെൻ്റിൻ്റെ മുമ്പിൽ ഒരു കൊന്ന ത്തൈ നട്ടിരുന്നു. വളണ്ടിയറായ അഫ്നാസ് ആയിരുന്നു തൈ നട്ടത്. അന്നത്തെ മുഖ്യാതിഥി മരത്തെ അഫ്നാസ് മരം എന്ന് വിളിച്ചു. വർഷങ്ങളായി അതും നേരത്തെ പൂക്കുന്നു.

2012 മെയ് മാസത്തിൽ ദേശീയോദ്ഗ്രഥന ക്യാമ്പിൽ പങ്കെടുക്കാനായി എൻ്റെ കോളേജിലെ 10 NSS വളണ്ടിയർമാരെയും കൊണ്ട് പോണ്ടിച്ചേരിയിൽ പോയിരുന്നു. ക്യാമ്പ് കഴിഞ്ഞ് നഗരം കാണാനായി ഇറങ്ങിയപ്പോൾ ഒരു തെരുവിൽ പൂത്തുലഞ്ഞ് നിന്ന കൊന്നമരം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
           പുത്തുലഞ്ഞ കൊന്നമരങ്ങൾ തരുന്നത് ഇങ്ങനെ പലതരം ഓർമ്മകളാണ്. ലോ ക്ക് ഡൗൺ കാരണം ഇപ്രാവശ്യം കാണാനായത് അരീക്കോട് പോലീസ് സ്റ്റേഷനിലെ കൊന്നമരം മാത്രമാണ്. ഓർമ്മകൾ എന്നിട്ടും മനസ്സിൽ ഇരമ്പി എത്തുന്നു.

എല്ലാവർക്കും വിഷു ആശംസകൾ (ഒരു പഴയ വിഷു ഓര്‍മ്മ  ഇവിടെ)

11 comments:

  1. കൊന്നമരങ്ങൾ പൂക്കുമ്പോൾ ചില ഓർമ്മകൾ

    ReplyDelete
  2. ഈ കൊറോണാക്കാലത്ത് കൊന്നപ്പൂ ശേഖരിക്കുന്നവരുടെ എണ്ണവും,പൂക്കച്ചവടവും കുറഞ്ഞു. വേഗത്തിൽ.നന്മകളുടെ പൂക്കാലം പിറക്കട്ടേ!!
    ആശംസകൾ സാർ

    ReplyDelete
  3. മധുരിക്കും ഓർമ്മകൾ 🥰🥰

    ReplyDelete
    Replies
    1. എൻ്റെ വീട്ടിലെ കൊന്നമരം... വല്ലാത്തൊരു ഓർമ്മ തന്നെ

      Delete
  4. കൊന്ന പൂത്ത് നിൽക്കുന്നത് മനസിന് ആഹ്ളാദം നൽകുന്നു. ഒപ്പം മറ്റു കൃഷികളുടെയും.

    ReplyDelete
  5. ചില നാട്ടുമരങ്ങൾ പോയ കാലത്തെ ഓർമ്മകളിൽ കൊണ്ടുവരും..അതിൽ അധികവും ബാല്യകാല സ്മരണകൾ ആയിരിക്കും.. എത്ര വാർധക്യം വന്നാലും ഓർമ്മയിൽ നിന്നും ബാല്യം മായില്ലല്ലോ..

    ReplyDelete
    Replies
    1. മരങ്ങൾ കൊണ്ടുവരുന്ന ഓർമ്മകൾ ഒന്നൊന്നര ഓർമ്മകളുമായിരിക്കും

      Delete
  6. കൊന്നമരങ്ങൾ ഇനിയും പൂക്കും എന്നാൽ കൊറോണ കൊന്നുകഴിഞ്ഞാൽ ഇതൊന്നും കാണുവാൻ
    പറ്റില്ലായെന്നു കരുതുന്ന ഒരു ജനവിഭാഗത്തിൽ പെട്ട ഒരുവനായി 
    ഇത് കണ്ട് ഇപ്പോൾ സന്തോഷിക്കുന്നു ...

    ReplyDelete
    Replies
    1. കൊറോണ ആരെയും കൊല്ലാതിരിക്കട്ടെ മുരളിയേട്ടാ..

      Delete

നന്ദി....വീണ്ടും വരിക