Pages

Sunday, June 19, 2022

സംസ്കാരം .... അതല്ലേ എല്ലാം

ഈ വർഷം ആദ്യത്തിലാണ് കോട്ടയം മര്യാത്തുരുത്തിലെ പരസ്പരം വായനക്കൂട്ടത്തിൽ ഞാൻ അംഗമായത്. ആഴ്ചതോറുമുള്ള ഓൺലൈൻ സാഹിത്യ സമ്മേളനങ്ങളിലൂടെയും മറ്റ് സാംസ്കാരിക പരിപാടികളിലൂടെയും പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് എന്നെ ഈ കൂട്ടത്തിലേക്ക് അടുപ്പിച്ചത്. സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുക എന്ന എന്റെ ഒരഭിലാഷം ഈ കൂട്ടുകൂടലിന് ആക്കം കൂട്ടി. 2022 ൽ ആദ്യമായി ഒരു കഥ ഓൺലൈനായി ഞാൻ അവതരിപ്പിച്ചതും ഈ കൂട്ടായ്മയിലാണ്.

പരസ്പരം വായനക്കൂട്ടത്തിന്റെ കഥയരങ്ങിൽ പതിവായി കഥാവലോകനം നടത്താറുള്ളത് കഥാകൃത്ത് കൂടിയായ ശ്രീ. അനിൽ കോനാട്ട് ആണ്. അദ്ദേഹത്തിന്റെ കൃതിയായ "സംസ്കാരം  .... അതല്ലേ എല്ലാം " ആണ് ഇത്തവണത്തെ പുസ്തക ചർച്ചയിൽ ചർച്ച ചെയ്യുന്നത് എന്നറിഞ്ഞ ഉടൻ ഞാനും അതിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചു. അങ്ങനെ കഥാകൃത്തിന്റെ കയ്യൊപ്പോട് കൂടിയ പുസ്തകത്തിന്റെ കോപ്പി എനിക്കും കിട്ടി.

പതിനാറ് കഥകളുടെ ഒരു സമാഹാരമാണ് ഈ കൃതി. പുസ്തകത്തിന്റെ കവറും ടൈറ്റിലും ശ്രദ്ധേയമാണ്. പക്ഷെ പല കഥകളുടെയും തലക്കെട്ടുകൾ അനാകർഷകമായി തോന്നി. മാത്രമല്ല അവ ഒരേ തരത്തിലുള്ളതായും അനുഭവപ്പെട്ടു. മനുവിന്റെ ഏട്ടൻ, മാത്തച്ചനും മകനും , ഭാര്യ, പുത്രൻ , മകൾ എന്നിങ്ങനെയുള്ള തലക്കെട്ടുകൾ ഉദാഹരണം.

'മനക്കണക്ക് " എന്ന കഥയിലെ അച്ചുതൻ മാഷ് 1970-80 കാലഘട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് എല്ലാം സുപരിചിതനായിരിക്കും. പക്ഷെ, കഥ ഒഴുകുന്നത് തലക്കെട്ടിന്റെ ദിശയിലല്ല. 'മനുവിന്റെ ഏട്ടൻ' വായനക്കാരനിൽ നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയ ശേഷം അയാളെ നല്ലവനാക്കുന്നതും എനിക്കിഷ്ടമായില്ല. ടൈറ്റിൽ കഥയായ 'സംസ്കാരം  .... അതല്ലേ എല്ലാം " ആരുടെ സംസ്കാരത്തെയാണ് കൊഞ്ഞനം കുത്തുന്നത് എന്ന് വായനക്കാരനിൽ ഒരു വേള അങ്കലാപ്പ് സൃഷ്ടിക്കും.'മാത്തച്ചന്റെ മകനും' ഒഴുക്ക് കിട്ടാത്ത ഒരു കഥയായി അനുഭവപ്പെട്ടു.

"പുത്രൻ' എന്ന കഥ വളരെ മനോഹരമായി എന്ന് മാത്രമല്ല മനസ്സിൽ പതിയുകയും ചെയ്തു. നർമ്മം കലർത്തിയ 'കഥകളിയും കല്പണിയും' എന്ന കഥയും എനിക്ക് ശ്ശി പിടിച്ചു. 'കല്യാണിയുടെ കല്യാണം' പഴകിയ ഒരു സിനിമാക്കഥ പോലെ മാത്രം അനുഭവപ്പെട്ടു. "ഹോം സപ്പോർട്ട് വർക്കറും " അവസാനം കലമുടച്ച പോലെ തോന്നും. ബക്കറ്റിന് കുഴയിടുന്ന ജോലിക്ക് തോമസ് മാഷെ അമേരിക്കയിൽ എത്തിക്കുന്ന "തോമസ് സാറും ബക്കറ്റും" നിരാശ തന്നെയാണ് തരുന്നത്. മറ്റ് കഥകളും എന്റെ പ്രതീക്ഷക്കനുസരിച്ച് ഉയർന്നില്ല.

കഥകളുടെ എണ്ണം കുറച്ച് , ബാക്കിയുള്ളവക്ക് അല്പം ഇല്ലസ്ട്രേഷൻ  കൂട്ടിച്ചേർത്തിരുന്നുവെങ്കിൽ പുസ്തകം അൽപം കൂടി ആകർഷമാവുമായിരുന്നു എന്ന് കൂടി അഭിപ്രായമുണ്ട്.


പുസ്തകം : സംസ്കാരം  .... അതല്ലേ എല്ലാം

രചയിതാവ്: അനിൽ കോനാട്ട്

പ്രസാധകർ : Onix Publications, Australia

വില: 120 രൂപ

പേജ്: 84

1 comment:

നന്ദി....വീണ്ടും വരിക