കഴിഞ്ഞ നൂറ്റാണ്ട് വരെ, പതിനാറ് വയസ്സിന് താഴെയുള്ളവര്‍ക്ക് വേനലവധിക്കാലം എന്നത് ഒരാവേശത്തിന്റെ കാലമായിരുന്നു. സ്കൂള്‍ അടച്ച് പാടത്തും പറമ്പിലും നാട്ടിലും തോട്ടിലും എല്ലാം കുത്തിമറിഞ്ഞ് കളിച്ച് നടക്കാനുള്ള കാലമായിരുന്നു അത്. ടെലിവിഷനും കമ്പ്യൂട്ടറും മൊബൈലും എ പ്ലസും ഗ്രേസ്മാര്‍ക്കും ഒന്നും ഇല്ലാത്തതിനാല്‍ അവധിക്കാലത്ത് കുട്ടികളുടെ കളികള്‍ എല്ലാം തന്നെ ഔട്ട്‌ഡോര്‍ ആയിരുന്നു. കളിക്കിടയില്‍ പരിക്ക് പറ്റുന്നതും സര്‍വ്വ സാധാരണമായിരുന്നു. ഓരോ ഗ്രാമവും നിരവധി നാടന്‍ കളികള്‍ കൊണ്ട് സമ്പന്നമായിരുന്നു. കുറെ കളികള്‍ ഇവിടെ ക്ലിക്കിയാല്‍ വായിക്കാം.
സ്കൂളിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞാണ് വേനലവധി വരുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആ പരീക്ഷ ഏത് മാസത്തിലാണ് വരുന്നത് എന്ന് എന്റെ കുട്ടിക്കാലത്തൊന്നും നിശ്ചയം ഇല്ലായിരുന്നു. പക്ഷെ അതിന് മുന്നോടിയായി സംഭവിക്കുന്ന ഒരു സംഗതി എന്റെ മനസ്സില്‍ ഇന്നും പച്ച പിടിച്ച് നില്‍ക്കുന്നു. ഉങ്ങ് എന്ന മരം പൂവിടുന്നതാണ് അത്. ഉങ്ങിന്റെ പഴയ ഇലകളെല്ലാം പൊഴിഞ്ഞ് പുത്തന്‍ ഇലകളോടെ തണല്‍ വിരിച്ച് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം അതില്‍ പൂവുണ്ടാകാന്‍ തുടങ്ങും. വെളുത്ത പൂക്കള്‍ കാണാന്‍ അത്ര ഭംഗി ഇല്ല.പക്ഷെ പൂക്കുലകള്‍ നല്ല ഭംഗിയുണ്ടാകും. ഓരോന്നായി വാസനിച്ചാല്‍ അതും അത്ര പിടിക്കില്ല.പക്ഷേ പൂത്ത ഉങ്ങ് മരത്തിന്റെ താഴെയുള്ള സുഗന്ധം വല്ലാത്തൊരു അനുഭവം തന്നെയാണ് (ഇന്നും ഉങ്ങ് പൂത്ത് നില്‍ക്കുന്നത് കണ്ടാല്‍ അല്പ സമയം അതിന്റെ ചുവട്ടില്‍ പോയി ഞാന്‍ നില്‍ക്കും). ഉങ്ങ് പൂത്ത് കഴിയുന്നതോടെ വേനലവധിയും തുടങ്ങും എന്നാണ് അന്ന് കൊച്ചുമനസ്സില്‍ കൊത്തിവച്ചിരുന്നത്.
ഞങ്ങളുടെ കളിസ്ഥലമായിരുന്ന വലിയ അമ്മാവന്റെ വീട്ടുമുറ്റത്ത് രണ്ട് ഉങ്ങുകള്‍ ഉണ്ടായിരുന്നു. അതിന്റെ തൊട്ടു താഴെത്തന്നെ ഒരു പാറയും ഉണ്ടായിരുന്നു. ആ പാറയില്‍ കയറി നിന്ന്, താഴ്ന്ന് നില്‍ക്കുന്ന ഉങ്ങിന്റെ കൊമ്പിലേക്ക് ചാടിപ്പിടിച്ച് കുരങ്ങന്‍ ആടുന്ന പോലെ ഊഞ്ഞാലാടി താഴേക്ക് ഒരു ചാട്ടമുണ്ട്. അമ്മാവനോ മൂത്താപ്പയോ കണ്ടാല്‍ ചെവിക്ക് പിടുത്തം കിട്ടുമെങ്കിലും പാറയും ഉങ്ങും മനസ്സും ഒരുമിച്ചാല്‍ ഈ കര്‍മ്മം ചെയ്തേ സമാധാനമാവൂ. സ്കൂളിലും ഉങ്ങ് ഉണ്ടായിരുന്നു. പക്ഷെ അധ്യാപകരെ ഭയമായിരുന്നതിനാല്‍ ഇത്തരം വിക്രിയകള്‍ ഒന്നും അവിടെ കാണിക്കാറില്ല.
ഉങ്ങില്‍ ഒരു കായ ഉണ്ടാകും. നല്ല കട്ടിയുള്ള പുറംതോടോട് കൂടിയ കായക്കകത്ത് ഒന്നോ രണ്ടോ കുരുവും ഉണ്ടാകും. പച്ച നിറത്തില്‍ ഉള്ള കായ പൊട്ടിച്ചാല്‍ രൂക്ഷ ഗന്ധമുള്ള കുരു കിട്ടും. നല്ല കയ്പ്പ് ആണ് രുചി. തിന്നാല്‍ മരിച്ച് പോകും എന്നൊക്കെ അന്ന് പറഞ്ഞിരുന്നെങ്കിലും ഞാനും അനിയനും ഇന്നും ജീവിച്ചിരിപ്പുണ്ട് ! കായ ഉണങ്ങിയാല്‍ അതിനകത്തെ കുരുവും ഉണങ്ങിയിരിക്കും. കാശ് കൊടുത്ത് ഗോലി വാങ്ങാന്‍ പറ്റാത്തതിനാല്‍ ഇത് ഉപയോഗിച്ച് ഏറ് കോട്ടിക്കളി പതിവായിരുന്നു. ഈ കായ തന്നെയാണ് ഉങ്ങിന്റെ വിത്തും എന്ന് ജൂണ്‍ പകുതിയാകുമ്പോള്‍ മനസ്സിലാകും. മിക്ക കായയും ജൂണിലെ മഴയില്‍ മുളച്ച് വന്നിരിക്കും.പള്ളിമുറ്റത്ത് പൂത്ത് നില്‍ക്കുന്ന ഉങ്ങ് മരം എന്റെ ചിന്തകളെ ബാല്യകാലത്തെ വേനലവധി കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. നിങ്ങളും പോരൂ കൂടെ....
(തുടരും...)
വേനലവധിക്കാലം തുടങ്ങി...എന്റെ മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റവും.
ReplyDeleteബാല്യകാലത്തെ ഓർമ്മയുടെ പൂക്കാലങ്ങൾ ...!
ReplyDeleteബിലാത്തി ജീ... അതെ ബാല്യത്തിന്റെ പൂക്കാലത്തേക്ക് ഒരു തിരിച്ച് പോക്ക്
ReplyDeleteബാല്യകാല ഓർമ്മകൾ അടയാളപ്പെടുത്തുന്നിടം!
ReplyDeleteമുബീ... നന്ദി
ReplyDelete