ബുക്ക് ക്ലബ്ബ് മെമ്പർഷിപ് വഴി വാങ്ങിയതും നേരിട്ട് വാങ്ങിയതും സമ്മാനമായി ലഭിച്ചതും പാരിതോഷികങ്ങളായി ലഭിച്ചതും മക്കൾ വാങ്ങിയതും കൈമാറ്റം വഴി കിട്ടിയതുമായി അഞ്ഞൂറോളം പുസ്തകങ്ങൾ ഇപ്പോൾ എന്റെ വീട്ടിലെ ലൈബ്രറിയിൽ ഉണ്ട്. വര്ഷം തോറും പുതിയ പുസ്തകങ്ങൾ മേൽ പറഞ്ഞ ഏതെങ്കിലും രീതിയിൽ വന്നുകൊണ്ടിരിക്കുന്നുമുണ്ട്.
പുസ്തകങ്ങൾ ശേഖരിക്കാനും വായിക്കാനും ഞാൻ കണ്ടെത്തിയ മറ്റൊരു മാർഗ്ഗമാണ് പുസ്തകാവലോകന ചർച്ചകൾ. 2022 ആരംഭത്തിൽ കോട്ടയത്തെ പരസ്പരം വായനക്കൂട്ടത്തിൽ അംഗമായതിൽ പിന്നെ നാല് പുസ്തകങ്ങളുടെ ചർച്ചയിൽ ഞാൻ പങ്കെടുത്തു. കവിത ഒഴികെയുള്ള പുസ്തകച്ചർച്ചയിലാണ് ഞാൻ സാധാരണ പങ്കെടുക്കാറ് എന്നുള്ളതുകൊണ്ടാണ് എണ്ണം നാലിൽ ഒതുങ്ങിയത്.
ശ്രീ. അനിൽ കോനാട്ട് എഴുതിയ സംസ്കാരം അതല്ലേ എല്ലാം എന്ന കഥാസമാഹാരം , ശ്രീമതി എസ് സരോജത്തിന്റെ നേവ മുതൽ വോൾഗ വരെ എന്ന സഞ്ചാര സാഹിത്യം, ശ്രീ.തുളസീദാസിന്റെ ഒറ്റാലി മുത്തപ്പനും മീൻദൈവവും എന്ന കഥാസമാഹാരം, ശ്രീ രാധാകൃഷ്ണൻ കാര്യാകുളത്തിന്റെ വിജീഷും അയാളുടെ ഭാര്യ സോനയും എന്ന കഥാസമാഹാരം എന്നീ പുസ്തകങ്ങളുടെ ചർച്ചയിലാണ് ഞാൻ ഇതുവരെ പങ്കെടുത്തത്.
ഒരു ചർച്ചയിൽ പങ്കെടുക്കണമെങ്കിൽ വിഷയത്തെക്കുറിച്ച് നല്ലൊരു അറിവ് ഉണ്ടായിരിക്കണം എന്നാണ് എന്റെ പക്ഷം.പുസ്തകച്ചർച്ചയാവുമ്പോൾ മറ്റു ചർച്ചകളിൽ നിന്ന് ഏറെ വ്യത്യസ്തവുമാണ്.സാധാരണയുള്ള ഒരു ചർച്ച അത് അവസാനിക്കുന്നതോടെ കേട്ടവരുടെയും പങ്കെടുത്തവരുടെയും മനസ്സിൽ നിന്ന് മാഞ്ഞുപോകും.പ്രത്യേകിച്ചും പിറ്റേ ദിവസം തന്നെ മറ്റൊരു ചർച്ചക്ക് കാതോർക്കുന്നതിനാൽ ഇന്നത്തെ കാലത്ത് ഒരു ചർച്ചയും ആരും മനസ്സിലിടാറില്ല.അതുകൊണ്ട് തന്നെ പല വിഷയങ്ങൾക്കും അർഹിക്കുന്ന ഗൗരവം ലഭിക്കാറുമില്ല.ഒരു മണിക്കൂറോളം നീണ്ടു നിൽക്കുന്ന ചാനൽ ചർച്ചകൾ പലപ്പോഴും വാചകക്കസർത്തുകൾ മാത്രമായി പരിണമിക്കുന്നതും പ്രേക്ഷകരുടെ പ്രതികരണശേഷിക്കുറവ് കൊണ്ടാണ് എന്നാണ് എന്റെ അഭിപ്രായം.ഈ ചർച്ചകൾ മിക്കവാറും ആർക്കും ഉപകാരമോ ഉപദ്രവമോ ഇല്ലാതെ അവസാനിക്കുകയും ചെയ്യും.
പുസ്തകച്ചർച്ച ഒരു പുസ്തകം വായിച്ച് വിവിധ വായനക്കാർ അതിനെ വിലയിരുത്തുന്ന ചർച്ചകളാണ്. പുസ്തകം നല്ലതാണെന്ന് ചർച്ചയിലൂടെ ഉരുത്തിരിഞ്ഞാൽ പുസ്തകത്തിന് സാമാന്യം ഭേദപ്പെട്ട പ്രൊമോഷൻ തന്നെ ലഭിക്കും.എന്നാൽ പുസ്തകത്തിന്റെ ഉള്ളടക്കവും കെട്ടും മട്ടും പോരാ എന്നാണ് വായനക്കാർ അഭിപ്രായപ്പെടുന്നതെങ്കിൽ രചയിതാവും പ്രസാധകരും ഒരു പോലെ വെള്ളം കുടിക്കും.പുസ്തകത്തിന്റെ തുടർവായനയെയും വില്പനയെയും അത് സാരമായി ബാധിക്കും. ഗ്രന്ഥകർത്താവുൾപ്പെടെ മറ്റുള്ളവരുമായി നേർക്ക് നേരെയുള്ള അഭിപ്രായപ്രകടനമായതിനാൽ പരസ്പര ബന്ധത്തെയും അത് ബാധിച്ചേക്കാം.നമ്മളും ഒരു എഴുത്ത്കാരനാണെങ്കിൽ പ്രത്യേകിച്ചും അത് പല വിപരീത ഫലങ്ങളും ഉണ്ടാക്കിയേക്കും. ആയതിനാൽ വളരെ ശ്രദ്ധാപൂർവ്വമേ പുസ്തക ചർച്ചയിൽ പങ്കെടുക്കാൻ പറ്റൂ.
നാളിതു വരെയുള്ള പുസ്തക ചർച്ചയിലും അവലോകനത്തിലും എഴുത്ത്കാരന്റെ വലിപ്പവും സ്ഥാനവും ഞാനുമായുള്ള ബന്ധവും ഒന്നും പരിഗണിക്കാതെ സ്വതന്ത്രമായി തന്നെ ഞാൻ അഭിപ്രായം പറയാറുണ്ട്. അത് വ്യക്തിപരമായി ബാധിക്കും എന്ന് തോന്നുന്നുണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിച്ച ശേഷം മാത്രമേ പൊതുസമൂഹത്തിൽ അവതരിപ്പിക്കാറുള്ളൂ എന്ന് മാത്രം.അപ്പോഴും ആ അഭിപ്രായം അറിയേണ്ടവർ അറിഞ്ഞു എന്ന് ഞാൻ ഉറപ്പ് വരുത്താറും ഉണ്ട്.ഇത്തരം ചർച്ചകളിൽ ഇനിയും പങ്കെടുത്ത് നമ്മുടെ കഴിവുകളും മിനുക്കിയെടുക്കണം എന്ന് തുടർന്നും ആഗ്രഹിക്കുന്നു.കൂടുതൽ ചർച്ചാ അവസരങ്ങൾക്കായി കാത്തിരിക്കുന്നു.
കൂടുതൽ ചർച്ചാ അവസരങ്ങൾക്കായി കാത്തിരിക്കുന്നു.
ReplyDelete