ഡൽഹി സന്ദർശിക്കുന്ന അധികമാളും പോകാത്ത എന്നാൽ വളരെ പ്രശസ്തമായ ഒരു സ്ഥലം ഡൽഹിയിലുണ്ട്. രാഷ്ട്രപതി ഭവനും പാർലിമെൻ്റ് മന്ദിരവും ഒക്കെ ആയിരിക്കും പലരും മനസ്സിൽ കരുതുന്നത്. അത് രണ്ടുമല്ല. ഞാൻ സൂചിപ്പിച്ച ഈ സ്ഥലത്ത് നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിലേ പ്രവേശനാനുവാദം കിട്ടൂ. ആ സ്ഥലമാണ് തിഹാർ ജയിൽ.
രണ്ടര വർഷത്തിലധികമായി തിഹാർ ജയിലിൽ കഴിയുന്ന എൻ്റെ ഭാര്യാ സഹോദരീ ഭർത്താവിനെ സന്ദർശിക്കുക എന്നത് ഇപ്രാവശ്യത്തെ ഡൽഹി യാത്രയിലെ ഒരു മുഖ്യ ഇനമായിരുന്നു.രണ്ടര വർഷത്തിനിടയിൽ രണ്ട് തവണ ഞാൻ ഡൽഹിയിൽ എത്തിയെങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ എനിക്ക് തിഹാർ ജയിലിൽ എത്താൻ കഴിഞ്ഞില്ല. കുടുംബ സമേതം പോകാനുള്ള അവസരത്തിൻ്റെ വഴിയൊരുക്കമായിരുന്നു അത് എന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു.
എനിക്ക് പോകാൻ സാധിച്ചിരുന്നില്ലെങ്കിലും, ഡൽഹിയിൽ പഠിക്കുന്ന എൻ്റെ രണ്ടാമത്തെ മകൾ സമയം കിട്ടുമ്പോൾ തിഹാർ ജയിലിൽ പോകാറുണ്ടായിരുന്നു. അവളെയും കൂട്ടി ഞാനും ഭാര്യയും മകനും കൂടി രാവിലെ ഏഴ് മണിക്ക് തന്നെ മെട്രോ വഴി തിലക് നഗറിലേക്ക് പുറപ്പെട്ടു. സ്റ്റേഷനിൽ ഇറങ്ങി ഓട്ടോ പിടിച്ച് നേരെ ജയിൽ എൻട്രൻസിൽ എത്തി. ആവശ്യമായ നിർദ്ദേശങ്ങൾ തന്ന് ലുഅ മോൾ പുറത്ത് ബസ്സ്റ്റോപ്പിൽ ഇരുന്നു.
ജയിലിനകത്തേക്ക് വാച്ച്, മൊബൈൽ ഫോൺ, കാഷ് എന്നിവയൊന്നും കൊണ്ടു പോകാൻ സാധിക്കില്ല. അവയെല്ലാം ബാഗിലാക്കി ഞങ്ങൾ ബാഗ് കീപ്പിംഗ് കൗണ്ടറിൽ കൊടുത്തു. തൊട്ടടുത്തിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആധാർ കാർഡ് കാണിച്ച് ഞാനും ഭാര്യയും മോനും പ്രവേശന നടപടികൾ തുടങ്ങി. ഒരു ദിവസം ഒരു തടവ്കാരന് രണ്ട് പേരെയേ സന്ദർശകരായി അനുവദിക്കൂ. അവരുടെ പേര് വിവരങ്ങൾ തടവുകാരൻ ജയിൽ അധികൃതരെ നേരത്തെ അറിയിച്ചു അനുവാദം വാങ്ങിയിരിക്കണം. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനാനുമതിയുണ്ട്.
ആധാർ കാർഡ് പരിശോധനക്ക് ശേഷം ഞങ്ങൾ അടുത്ത പോലീസ് കാരുടെ അടുത്തെത്തി. ജയിലിനകത്തേക്ക് കൊണ്ടു പോകാനായി രണ്ട് ഷർട്ട് ഞങ്ങളുടെ വശം ഉണ്ടായിരുന്നു. കൊടുക്കാനായി മുവായിരം രൂപയും. ഷർട്ട് വിശദമായി പരിശോധിച്ച് തിരിച്ച് തന്നു. കാശ് സൂക്ഷിച്ച കവർ അകത്തേക്ക് കൊണ്ടു പോകാൻ പറ്റാത്തതിനാൽ അത് എടുത്ത് മാറ്റി. കുമളിക്കാരനായ പോലീസ്കാരൻ കുശലാന്വേഷണങ്ങൾക്ക് ശേഷം ഞങ്ങളെ അടുത്ത കൗണ്ടറിലേക്ക് വിട്ടു.
പുരുഷൻമാർ മെറ്റൽ ഡിറ്റക്ടർ ഘടിപ്പിച്ച ഒരു കവാടത്തിനുള്ളിലൂടെ കടന്ന് പോകാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സ്ത്രീകൾക്ക് അവർ വസ്ത്രത്തിൽ കുത്തിവച്ച സേഫ്റ്റി പിൻ അടയ്ക്കം എല്ലാം ഊരി കാണിക്കേണ്ടി വന്നു. അവയെല്ലാം പഴയ രൂപത്തിൽ തന്നെ കുത്തി ഞങ്ങൾ ഒരു കൗണ്ടറിന് മുന്നിലെത്തി. അവിടെ മൂന്ന് കൗണ്ടറുകൾക്ക് മുമ്പിലായി നീണ്ട വരി ഉണ്ടായിരുന്നു.
ഇതിൽ രണ്ടാമത്തെയും മൂന്നാമത്തെയും കൗണ്ടറുകളിൽ നിന്ന് ഒരു സ്ലിപ്പ് കിട്ടും. അത് കിട്ടാനായി തടവ്കാരൻ നമ്മുടെ പേര് രജിസ്റ്റർ ചെയ്യുമ്പോൾ കിട്ടിയ നമ്പർ പറഞ്ഞ് കൊടുക്കണം. ശേഷം ആധാർ കാണിച്ച് പ്രവേശിക്കുന്നവരുടെ ഫോട്ടോ എടുക്കും. കുട്ടികൾക്ക് ഇത് ആവശ്യമില്ല. തടവ്കാരൻ്റെ പേരും ഫോട്ടോയും അകത്ത് പോകുന്നവരുടെ വിവരങ്ങളും ഫോട്ടോയും അടങ്ങുന്ന ഒരു സ്ലിപ്പ് ആ കൗണ്ടറിൽ നിന്ന് കിട്ടും. തടവ്കാരന് കാഷ് നൽകാൻ ഉണ്ടെങ്കിൽ ഈ സ്ലിപ്പ് ഒന്നാം നമ്പർ കൗണ്ടറിൽ കാണിച്ച് പണവും അവിടെ ഏൽപ്പിക്കണം. മറ്റ് കാശോ പഴ്സോ ഒന്നും അകത്ത് കൊണ്ടു പോകാൻ പറ്റില്ല എന്നായിരുന്നു ഞങ്ങൾക്ക് കിട്ടിയ അറിവ്.
കൗണ്ടറിൽ കാഷ് നൽകിയതിൻ്റെ സ്ലിപ്പും വാങ്ങി ഞങ്ങൾ അടുത്ത പോലീസ്കാരൻ്റെ മുന്നിലെത്തി.പാദരക്ഷകൾ ഊരി വച്ച്, ഒരു മെറ്റൽ ഡിറ്റക്ടറിൻ്റെ മുമ്പിൽ നിർത്തി ഒന്ന് വട്ടം കറങ്ങാൻ പറഞ്ഞു. ഞാൻ ആ ഡിറ്റക്ടർ കവാടത്തെ മുഴുവനായും വലം വയ്ക്കാൻ തുടങ്ങിയപ്പോൾ പോലീസ്കാർ എന്നെ തടഞ്ഞ് ശരിയായ രീതി പറഞ്ഞു തന്നു.അതും കഴിഞ്ഞ് പാദരക്ഷകളും അകത്തേക്ക് കൊണ്ടു പോകുന്ന വസ്തുക്കളും സ്കാൻ ചെയ്യാനായി ഒരേ മെഷീനകത്ത് കൂടെ കയറ്റിവിട്ടു. ചെരിപ്പിനൊപ്പം തന്നെ കയറ്റി വിട്ട വെള്ള ഷർട്ടിൽ ചെളി പുരളുന്നത് നിസ്സഹായരായി നോക്കി നിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.
എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കി ഞങ്ങൾ ജയിലിനകത്തേക്ക് പ്രവേശിച്ചു. പന്ത്രണ്ടാം നമ്പർ ജയിലിലായിരുന്നു എൻ്റെ ബന്ധുവിൻ്റെ വാസം. കോട്ട മതിൽ കണക്കെ ഉയർന്ന് നിൽക്കുന്ന മതിലിൻ്റെ ഓരത്ത് കൂടി തന്നെ മുന്നോട്ട് പോയാൽ പ്രസ്തുത ജയിലിൽ എത്താം എന്ന് പോലീസ്കാർ നിർദ്ദേശം തന്നു. അതു പ്രകാരം ഞങ്ങൾ മുന്നോട്ട് നടന്ന് പ്രവേശന കവാടത്തിലെത്തി.
ഒരു ഹോട്ടലിൻ്റെ പിന്നിലെ വൃത്തിഹീനമായ അടുക്കളയിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന ഒരു ഫീലാണ് പന്ത്രണ്ടാം നമ്പർ ജയിലിൻ്റെ സന്ദർശക ഗ്യാലറിയിലേക്ക് പ്രവേശിക്കുമ്പോൾ എനിക്കുണ്ടായത്. എൻട്രി പോയിൻ്റിൽ നിന്നും തന്ന സ്ലിപ്പ് അവിടെ ഇരിക്കുന്ന പോലീസുകാരനെ ഏല്പിച്ചു. ഞങ്ങളുടെ മുമ്പിൽ അവിടെ എത്തിയ ധാരാളം പേർ ഉണ്ടായിരുന്നു. ഓരോരുത്തരുടെയും പേര് വിളിച്ച് പിന്നെയും അകത്തേക്ക് കയറ്റി വിട്ടുകൊണ്ടിരുന്നു. വാച്ചോ മൊബൈലോ ഒന്നും തന്നെ കയ്യിൽ ഇല്ലാത്തതിനാൽ സമയം അറിയാൻ ഒരു നിർവ്വാഹവും ഇല്ലായിരുന്നു.
രാവിലെ ഭക്ഷണം ശരിക്കും കഴിക്കാത്തതിനാൽ വിശപ്പിൻ്റെ വിളി ഉയരാൻ തുടങ്ങി. ചെറിയ മോനും വിശക്കുന്നു എന്നു പറഞ്ഞപ്പോൾ വെള്ളമെങ്കിലും കിട്ടുമോ എന്നറിയാൻ ഞാൻ പുറത്തേക്ക് പോയി നോക്കി. ഭാഗ്യത്തിന് കുടിവെള്ളം അവിടെ ഉണ്ടായിരുന്നു.മകനെ വിളിക്കാനായി , തിരിച്ച് ഞാൻ അകത്തേക്ക് പ്രവേശിച്ചതും ഒരാൾ ചായ ചായ എന്ന് വിളിച്ച് പറഞ്ഞു. ആവേശത്തിൽ മകനെയും കൊണ്ട് ഓടിച്ചെന്നപ്പോഴാണ് കാശ് കൊടുത്ത് വാങ്ങേണ്ടതാണ് എന്ന് മനസ്സിലായത്. സകല സ്ഥാവര ജംഗമ വസ്തുക്കളും എൻട്രി കൗണ്ടറിൽ വാങ്ങി വച്ചിരുന്നതിനാൽ ആ ആശ നിരാശയായി മാറി. സന്ദർശകരിൽ ചിലർ കാശ് കൊടുത്ത് വാങ്ങുന്നത് കണ്ടപ്പോഴാണ് അത്യാവശ്യത്തിനുള്ള കാശ് കൊണ്ടു പോകാം എന്ന് മനസ്സിലായത്. തൽക്കാലം വെള്ളം കുടിച്ച് ഞങ്ങൾ പശിയടക്കി.
ഇരുപത് മിനുട്ടാണ് ഒരാളുമായിട്ടുള്ള കൂടിക്കാഴ്ചക്ക് അനുവദിച്ച സമയം.രക്ത ബന്ധുക്കൾ അല്ലെങ്കിൽ അത് തന്നെ ധാരാളമാണ്.ആദ്യം കയറിയവരുടെ സമയം കഴിഞ്ഞതോടെ അവരെ പുറത്താക്കി ഞങ്ങളെ അകത്ത് കയറ്റി. നെഞ്ചുയരത്തിൽ ക്രമീകരിച്ച ചില്ല് ജാലകത്തിനപ്പുറം പുഞ്ചിരിച്ച് നിൽക്കുന്ന എൻ്റെ ഭാര്യാ സഹോദരീ ഭർത്താവിനെ രണ്ടര വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ഇരുഭാഗത്തുമുള്ള ഫോണിലൂടെ ആദ്യം ഞാനും ശേഷം എൻ്റെ ഭാര്യയും പിന്നെ മോനും സംസാരിച്ചു. കുടുംബ വിശേഷങ്ങൾ പരസ്പരം കൈമാറി. ഞങ്ങൾക്കായി തയ്യാറാക്കിയ ബിരിയാണിയും റൂഹ് അഫ്സയും മിഠായികളും മറ്റ് സാധനങ്ങളും കൗണ്ടർ വഴി ഇങ്ങോട്ടും ഷർട്ടുകൾ അങ്ങോട്ടും കൈമാറി.നിശ്ചിത സമയം കഴിഞ്ഞതോടെ സന്തോഷത്തോടെ സലാം പറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി.
കൗണ്ടറിൽ ഏല്പിച്ച സാധനങ്ങൾ എല്ലാം തിരിച്ച് വാങ്ങി ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തി. സമയം അപ്പോൾ പതിനൊന്നര മണി കഴിഞ്ഞിരുന്നു. എല്ലാവരുടെയും വിശപ്പ് മാറ്റാനായി അവിടെ ഇരുന്ന് തന്നെ ഞങ്ങൾ അൽപം ബിരിയാണി കഴിച്ചു. ശേഷം റൂമിലേക്ക് തന്നെ തിരിച്ചു പോയി.

അങ്ങനെ തിഹാർ ജയിലും കണ്ടു.
ReplyDelete