ഡൽഹിയിലെ ചൂട് സഹിക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം കഴിഞ്ഞു.കൊടും ചൂടിനിടയിൽ ഒരല്പം തണുപ്പ് ആസ്വദിക്കാനായി ഞങ്ങൾ രണ്ട് ദിവസത്തേക്ക് മണാലിയിൽ പോകാൻ നേരത്തെ തീരുമാനിച്ചിരുന്നു. അത് പ്രകാരം ഈ ട്രിപ്പിൻ്റെ നാലും അഞ്ചും ദിവസങ്ങൾ ഞങ്ങൾ മണാലിയിൽ ചെലവഴിച്ചു (ആ കാഴ്ചകൾ മറ്റൊരു കുറിപ്പിൽ പറയാം).ജൂൺ ഒന്നിന് രാവിലെ ആറര മണിക്ക് ഞങ്ങൾ ഡൽഹിയിൽ തന്നെ തിരിച്ചെത്തി.
യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ എനിക്ക് ജലദോഷം ഉണ്ടായിരുന്നു. ഡൽഹിയിലെ ചൂടിൽ അത് കഫക്കെട്ടായി മാറി. മണാലിയിലെ തണുപ്പിൽ അത് ഒന്ന് കൂടി ഗെറ്റപ്പായി ഗംഭീര ചുമയായി. മണാലിയിൽ നിന്ന് തിരിച്ച് ഡൽഹിയിൽ എത്തുമ്പോൾ ചെറിയ കയറ്റം പോലും കയറാനുള്ള കെല്പ് എനിക്കില്ലായിരുന്നു. ടീം ലീഡർ ആയതിനാൽ എനിക്കത് തരണം ചെയ്യൽ നിർബന്ധവുമായിരുന്നു. അങ്ങനെ ഒരു വിധത്തിൽ ഞങ്ങൾ റൂമിൽ തിരിച്ചെത്തി.
ലിദുമോൻ കാണാത്തതും ഡൽഹിയിലെ പ്രധാന കാഴ്ചകളുമായ ഏതാനും ചില സ്ഥലങ്ങൾ കാണുക എന്നതായിരുന്നു അന്നത്തെ പ്ലാൻ. ഞാനും ഭാര്യയും അവയെല്ലാം കണ്ടതായതിനാൽ കാഴ്ചകൾ കാണാൻ മക്കളെ മാത്രം വിടാം എന്ന് എനിക്ക് തോന്നി. ഡൽഹി എന്ന മഹാനഗരത്തിലേക്ക് നാല് മക്കളെയും മരുമകനെയും കെട്ടഴിച്ച് വിടാൻ എൻ്റെ ഭാര്യക്കും ഒട്ടും ഭയം തോന്നിയില്ല. കാരണം, ഒരു വർഷമായി ഡൽഹിയിൽ താമസിക്കുന്ന ലുഅക്ക് റൂട്ടും സ്ഥലങ്ങളും പരിചയം ഉണ്ടാകും എന്ന വിശ്വാസമുണ്ടായിരുന്നു. അങ്ങനെ, അവശനായ ഞാൻ ഒരു വിശ്രമത്തിനായും ഭാര്യ എന്നെ ശുശ്രൂഷിക്കാനായും റൂമിൽ തങ്ങി. മക്കൾ കുളിച്ചൊരുങ്ങി ഡൽഹി കാഴ്ചകൾ കാണാനും തിരിച്ചു.
മക്കൾ ആദ്യം പോയത് ഏറ്റവും അടുത്ത ടൂറിസ്റ്റ് കേന്ദ്രമായ ലോട്ടസ് ടെമ്പിളിലേക്കാണ്. ഡൽഹിയിലെ ബഹാപൂർ എന്ന ഗ്രാമത്തിലാണ് ഈ ടെമ്പിൾ സ്ഥിതി ചെയ്യുന്നത്. ഗ്രീക്ക് വൈറ്റ് മാർബിളിൽ താമരയുടെ ആകൃതിയിൽ ഇറാൻകാരനായ കനേഡിയൻ വാസ്തുശില്പി ഫാരിബോസ് സഹ്ബ യാണ് ഇത് രൂപകല്പന ചെയ്തത്. ആഗോള വിനോദസഞ്ചാരികളെ ഡൽഹിയിലേക്ക് ആകർഷിക്കുന്ന മുഖ്യ കേന്ദ്രങ്ങളിൽ ഒന്നായ ലോട്ടസ് ടെമ്പിൾ ബഹായി മതവിശ്വാസികളുടെതാണ്.പക്ഷേ, ജാതിമതലിംഗദേശ ഭേദമന്യേ ആർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാം. പ്രവേശന ഫീസ് ഇല്ല. തിങ്കളാഴ്ച അവധിയാണ്.
ടെമ്പിളിൽ നിന്നും മക്കൾ നേരെ പോയത് ഗാന്ധി സമാധിയായ രാജ്ഘട്ടിലേക്കാണ്. രാജ്ഘട്ടിന് സമീപമുള്ള ഇന്ദിരാഗാന്ധി സമാധി ശക്തിസ്ഥൽ,നെഹ്റു സമാധി ശാന്തിവനം,രാജീവ് ഗാന്ധി സമാധി വീർഭൂമി, ചരൺസിംഗ് സമാധി കിസാൻഘട്ട് എന്നിവയെല്ലാം സന്ദർശിക്കണമെന്ന് ഞാൻ നിർദ്ദേശം നൽകിയിരുന്നു.നിർഭാഗ്യവശാൽ 2022 ആഗസ്റ്റിലേതുപോലെ രാജ്ഘട്ട് അടച്ചിട്ടിരുന്നു. കാരണം എന്തെന്ന് തിരക്കാൻ പോലും ആരെയും കണ്ടില്ല. അതിനാൽ തന്നെ ഞാൻ നിർദ്ദേശിച്ച ബാക്കി സമാധികളും കാണാനാകാതെ മക്കൾ ചെങ്കോട്ടയിലേക്ക് നീങ്ങി.
തലസ്ഥാന നഗരിയിൽ ഇന്നും തല ഉയർത്തി നിൽക്കുന്ന ഒരു സ്മാരകമാണ് റെഡ് ഫോർട്ട് അഥവാ ലാൽ കില. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഷാജഹാൻ പണി കഴിപ്പിച്ചതാണ് റെഡ് ഫോർട്ട്. മുഗൾ വാസ്തു ശില്പകലയുടെ പ്രൗഢിയും പ്രതാപവും വിളിച്ചോതുന്ന നിർമ്മിതിയാണിത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും റെഡ് ഫോർട്ട് സ്ഥാനം പിടിച്ചിട്ടുണ്ട്.
മുപ്പത്തഞ്ച് രൂപയാണ് ചെങ്കോട്ടയിലേക്കുള്ള പ്രവേശന ഫീസ്.മ്യൂസിയം കൂടി കാണണമെങ്കിൽ അമ്പത് രൂപയും. പ്രധാന കവാടമായ ലാഹോർ ഗേറ്റിലൂടെയാണ് കോട്ട പ്രവേശനം. കോട്ടക്കകത്തെ പ്രധാന കാഴ്ചകളായ ദിവാനി ആം (പൊതു സഭാ സ്ഥലം), ദിവാനി ഖാസ് (സ്വകാര്യ സഭാ സ്ഥലം), മോത്തി മസ്ജിദ് തുടങ്ങിയവയെല്ലാം മക്കൾ ചുറ്റിക്കണ്ടു. സ്വാതന്ത്ര്യ ദിനമായആഗസ്റ്റ് 15 ന് ത്രിവർണ്ണ പതാക ഉയർത്തുന്ന സ്ഥലവും കണ്ടു.
പുറത്തിറങ്ങിയപ്പോൾ പതിവില്ലാത്ത വിധം കാർമേഘം ഡൽഹിയെ മൂടുന്നുണ്ടായിരുന്നു. ശക്തമായ കാറ്റും വീശാൻ തുടങ്ങിയതോടെ മഴ പെയ്യും എന്നുറപ്പായി. റെഡ് ഫോർട്ടിൻ്റെ മുന്നിൽ വച്ച് തന്നെ മഴ പെയ്യാൻ തുടങ്ങിയതിനാൽ ജുമാ മസ്ജിദിലേക്ക് ഓടിക്കയറി.
ജുമാ മസ്ജിദിൽ ഞാൻ നിരവധി തവണ പോയിട്ടുണ്ട്.പക്ഷെ, എനിക്കിത് വരെ കിട്ടാത്ത ഒരു കാഴ്ച മക്കൾക്ക് കിട്ടി. മസ്ജിദിൻ്റെ മിനാരത്തിനുള്ളിലൂടെ മുകളിൽ കയറി വീക്ഷിക്കാനുള്ള അവസരമായിരുന്നു അത്. മുപ്പത് രൂപയാണ് ഇതിന് ഈടാക്കുന്നത്. ഓൾഡ് ഡെൽഹിയുടെ ആകാശ കാഴ്ചകൾ കണ്ടും മസ്ജിദിൽ അല്പനേരം ഇരുന്നും ആ സായാഹ്നം അവർ ഗംഭീരമാക്കി.
ഇരുട്ട് മൂടിത്തുടങ്ങിയതിനാൽ ചാന്ദ്നി ചൗക്കിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി മക്കൾ റൂമിലേക്ക് മടങ്ങി.
(തുടരും..)
1 comments:
മക്കൾ കണ്ട ഡൽഹി
Post a Comment
നന്ദി....വീണ്ടും വരിക