ഡൽഹിയിൽ എത്തുന്ന ഏതൊരു സഞ്ചാരിയും നിർബന്ധമായും കാണേണ്ട നിർമ്മിതി ഏതെന്ന് ചോദിച്ചാൽ ഇന്ത്യാ ഗേറ്റ് എന്നാണ് എൻ്റെ പ്രഥമ ഉത്തരം. ഇന്ത്യാ ഗേറ്റ് എന്ന പേരിൻ്റെ പിന്നിലെ ഉദ്ദേശം അന്നും ഇന്നും എനിക്ക് അജ്ഞാതമാണ്. പക്ഷേ ഡൽഹിയിൽ പോയ മിക്ക അവസരങ്ങളിലും ഞാൻ ഇന്ത്യാ ഗേറ്റിൻ്റെ മുന്നിലൂടെ കടന്നു പോവുകയോ ഒരല്പസമയം അതിൻ്റെ മുന്നിൽ ചെലവഴിക്കുകയോ ചെയ്തിട്ടുണ്ട്. 2021 ആഗസ്റ്റിൽ കുടുംബ സമേതം ഡൽഹിയിൽ പോയപ്പോൾ സെൻട്രൽ വിസ്തയുടെ പണി നടക്കുന്നത് കാരണം ടാക്സിയിലിരുന്ന് കാണാനേ സാധിച്ചിരുന്നുള്ളൂ. എന്നിട്ടും, ഇന്ത്യാ ഗേറ്റ് കണ്ട ലിദുമോൻ്റെ സന്തോഷം ഞാൻ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. തൊട്ടടുത്ത വർഷം ഞങ്ങളെല്ലാവരും വീണ്ടും ഡൽഹിയിൽ എത്തിയെങ്കിലും ഇന്ത്യാ ഗേറ്റിൽ പോകാൻ സാധിച്ചിരുന്നില്ല.
ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി പോരാടി ജീവൻ നഷ്ടപ്പെട്ട 70,000 ഇന്ത്യൻ സൈനികരെ അനുസ്മരിക്കുന്ന, അവരുടെ പേരുകൾ കൊത്തിവച്ച റോമൻ ശില്പകലയിലുള്ള ഒരു കമാനമാണ് ഇന്ത്യാ ഗേറ്റ്'. ആദ്യമായി ഇന്ത്യാഗേറ്റ് സന്ദർശിച്ചപ്പോൾ കണ്ട അമർ ജവാൻ ജ്യോതി ദർശിക്കുകയും അതിൻ്റെ പിന്നിലുള്ള ചരിത്രവും മക്കളെ ബോധിപ്പിക്കുക എന്ന ലക്ഷ്യത്താടെയാണ് ഞാൻ ഇപ്രാവശ്യം ഇന്ത്യാ ഗേറ്റിൽ എത്തിയത്.2023 ൽ വന്ന സമയത്ത് അമർ ജവാൻ ജ്യോതിയുടെ അടുത്ത് പോകാൻ സമയം കിട്ടിയിരുന്നില്ല.
വൈകുന്നേരമായതിനാൽ ഇന്ത്യാ ഗേറ്റിൻ്റെ സമീപമുള്ള ഗാർഡനിൽ എവിടെ വച്ചെങ്കിലും നമസ്കാരം നിർവ്വഹിക്കുക എന്നതായിരുന്നു ആദ്യ ഉദ്ദേശം. പക്ഷേ, പുൽത്തകിടിയിൽ എവിടെയും പ്രവേശനം അനുവദിക്കാത്തതിനാൽ ഞങ്ങൾ നേരെ ഇന്ത്യാ ഗേറ്റിന് മുന്നിൽ എത്തി. ആവശ്യമായ ഫോട്ടോകൾ എടുത്ത ശേഷം കഴിഞ്ഞ തവണ കണ്ട് വച്ചിരുന്ന അണ്ടർ പാസ് വഴി ഇന്ത്യാ ഗേറ്റിൻ്റെ തൊട്ടടുത്ത് എത്തി. പക്ഷേ, ഗേറ്റിൻ്റെ മദ്ധ്യത്തിലായി സ്ഥാപിച്ചിരുന്ന അമർ ജവാൻ ജ്യോതി അവിടെ കണ്ടില്ല. കാരണം അന്വേഷിച്ച് ഗൂഗിൾ ചെയ്ത് നോക്കിയപ്പോഴാണ് 2019 മുതൽ ഇത് തൊട്ടടുത്ത് തന്നെയുള്ള ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മാറ്റിയിട്ടുണ്ട് എന്നറിഞ്ഞത്. സമയമുണ്ടെങ്കിൽ മാത്രം അത് കാണാം എന്ന് ഞാൻ മനസ്സിൽ കരുതി.
നമസ്കരിക്കാനുള്ള സ്ഥലം തേടി ഞങ്ങൾ ഇന്ത്യാ ഗേറ്റിൻ്റെ വലതു വശത്തുള്ള ചിൽഡ്രൻസ് പാർക്കിൽ എത്തി. ധാരാളം സന്ദർശകർ ഉണ്ടെങ്കിലും പരിപാലനം വളരെ മോശമായി തോന്നി. അല്പനേരം അലഞ്ഞ ശേഷം ഒഴിഞ്ഞ ഒരു മരബെഞ്ച് ഞങ്ങൾ കണ്ടെത്തി. നമസ്കാരം നിർവ്വഹിച്ച് അൽപസമയം കൂടി അവിടെ ഇരുന്ന ശേഷം ഞങ്ങൾ വീണ്ടും ഇന്ത്യാ ഗേറ്റിനടുത്തേക്ക് നീങ്ങി.
പെട്ടെന്നാണ്, ഒരു കൂട്ടം സന്ദർശകർ ഒരു പ്രത്യേക സ്ഥലത്തേക്ക് നീങ്ങുന്നത് ഞാൻ ശ്രദ്ധിച്ചത്. നാഷണൽ വാർ മെമ്മോറിയലിലേക്ക് ആയിരുന്നു അവർ പോയിരുന്നത്. സുരക്ഷാ പരിശോധന കഴിഞ്ഞ് ഞങ്ങളും അങ്ങോട്ട് നീങ്ങി.1971 ലെ ഇന്തോ പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച യോദ്ധാക്കളുടെ സ്മരണക്കായി 2019 ൽ പണി കഴിപ്പിച്ചതാണ് നാഷണൽ വാർ മെമ്മോറിയൽ. ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന സൈനികരുടെ അനുസ്‌മരണ ചടങ്ങുകളും റിപ്പബ്ലിക് - സ്വാതന്ത്യ ദിനാഘോഷ ദിവസങ്ങളിലെ പുഷ്പചക്ര സമർപ്പണങ്ങളും ഇപ്പോൾ ഇവിടെയാണ് നടക്കുന്നത്.
ചില പ്രത്യേക സമയങ്ങളിൽ ഒഴികെ സന്ദർശകർക്ക് അർദ്ധവൃത്താകൃതിയിലുള്ള നാഷണൽ വാർ മെമ്മോറിയൽ ചുറ്റിക്കാണാം. എന്നാൽ അമർ ജവാൻ ജ്യോതിയുടെ സമീപത്തേക്ക് പ്രവേശനമില്ല. യുദ്ധങ്ങളിലും ഏറ്റുമുട്ടലുകളിലും അപകടങ്ങളിലും മറ്റും മരിച്ച സൈനികരുടെ പേരുകൾ പല വിഭാഗങ്ങളായി തിരിച്ച് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളെത്തുമ്പോൾ ഡ്യൂട്ടിയിലുള്ള ഒരാൾ പ്രവേശനം തടഞ്ഞു. അകത്ത് കയറിയവർ നടന്നു നീങ്ങുന്നത് കണ്ടതിനാൽ അവർ പുറത്തിറങ്ങിയ ശേഷമേ ഞങ്ങളെ പ്രവേശിപ്പിക്കൂ എന്നാണ് ഞാൻ കരുതിയത്. എവിടെയോ വച്ച് വീരമൃത്യു വരിച്ച ഒരു ജവാൻ്റെ പേരും മറ്റൊരു പേരും പറഞ്ഞുകൊണ്ട് എന്തോ ഒരു പ്രോഗ്രാം ഉടൻ നടക്കാൻ പോകുന്നതായി അനൗൺസ് ചെയ്യുന്നുണ്ട്.
ആളുകൾ കൂടിക്കൂടി വന്നു.അമർ ജവാൻ ജ്യോതിയുടെ അടുത്ത് പ്രതിമ കണക്കെ അനങ്ങാതെ നിൽക്കുന്ന ജവാനെ ഞങ്ങൾ ശ്രദ്ധിച്ചു. അൽപ നേരം കഴിഞ്ഞ് വേറൊരാൾ മാർച്ച് ചെയ്ത് വന്ന് ആ ഡ്യൂട്ടി ഏറ്റെടുത്തു. ഇതിനിടയിൽ ഞങ്ങളുടെ മുമ്പിലെ ബാരിക്കേഡ് നീക്കി. ഞങ്ങൾക്ക് അമർ ജവാൻ ജ്യോതിയുടെ കുറച്ച് കൂടി അടുത്തേക്ക് ഇറങ്ങി നിൽക്കാൻ സാധിച്ചു. ഒരു മിനി സ്റ്റേഡിയം പോലെ ഇരിപ്പിടങ്ങളോട് കൂടിയ സ്ഥലമായതിനാൽ പലരും ഇരിക്കാൻ ശ്രമിച്ചു. പക്ഷെ, ഡ്യൂട്ടിയിലുള്ള പട്ടാളക്കാരൻ എല്ലാവരെയും എണീറ്റ് നിർത്തി.
പെട്ടെന്ന് പരിപാടി ആരംഭിക്കുന്നതിൻ്റെ അനൗൺസ്മെൻ്റ് മുഴങ്ങി. സൈനികൻ്റെ പേര് പറഞ്ഞ ശേഷം വിലാസം പറഞ്ഞപ്പോൾ കോഴിക്കോട്, കേരള എന്ന് കേട്ടപ്പോൾ ഞങ്ങളൊന്ന് ഞെട്ടി. വീര ജവാൻ്റെ ചെറുപ്പക്കാരിയായ വിധവ സൈനികരുടെ മാർച്ച് പാസ്റ്റിൻ്റെ അകമ്പടിയോടെ അമർജവാൻ ജ്യോതിയിൽ പുഷ്പചക്രം അർപ്പിച്ചു. ശേഷം ദേശീയഗാനം മുഴങ്ങി. ഏതൊക്കെയോ രജിസ്റ്ററിൽ ഒപ്പ് വയ്ക്കുന്നതും ചില സാധനങ്ങൾ കൈമാറുന്നതും ഞങ്ങൾ ദൂരെ നിന്ന് നോക്കിക്കണ്ടു. അവർ തിരിച്ചു വന്നാൽ പരിചയപ്പെടാം എന്ന് കരുതി. പക്ഷേ, ഉദ്യോഗസ്ഥരോടൊപ്പം അവർ മറ്റൊരു ദിശയിലാണ് പോയത്.
സമയം ഇരുട്ടിത്തുടങ്ങി. ഇന്ത്യാ ഗേറ്റിന് മുകളിൽ ത്രിവർണ്ണ ദീപങ്ങൾ തെളിഞ്ഞു.തികച്ചും അപ്രതീക്ഷിതമായി നാഷനൽ വാർ മെമ്മോറിയലിൽ എത്തി നാട്ടുകാരനായ ധീര ജവാൻ്റെ ആദരവ് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൻ്റെ നിമിഷങ്ങൾ മനസ്സിൽ കോറിയിട്ട് ഞങ്ങൾ ഇന്ത്യാ ഗേറ്റിനോട് വിട പറഞ്ഞു.
(തുടരും...)
1 comments:
വീര ജവാൻ്റെ ചെറുപ്പക്കാരിയായ വിധവ സൈനികരുടെ മാർച്ച് പാസ്റ്റിൻ്റെ അകമ്പടിയോടെ അമർജവാൻ ജ്യോതിയിൽ പുഷ്പചക്രം അർപ്പിച്ചു.
Post a Comment
നന്ദി....വീണ്ടും വരിക