Pages

Monday, March 31, 2014

ദുല്ല ഭട്ടിയും ലോഡി ആഘോഷവും…..(ലുധിയാന -9)

ജലന്ധറിലെ രാജേട്ടൻ….( ലുധിയാന-8)

         പഞ്ചാബിലൂടെയുള്ള യാത്രയെപ്പറ്റി പറയുമ്പോൾ അതേ സമയത്ത് ഞങ്ങൾ സാക്ഷ്യം വഹിച്ച , അന്നുവരെ ഞങ്ങൾക്ക് അറിയാത്ത പഞ്ചാബികളുടെ ഒരു ആഘോഷത്തെപറ്റി പറയാതിരിക്കാൻ വയ്യ. ഇംഗ്ലീഷിൽ Lohri എന്നാണ് എഴുതുന്നതെങ്കിലും ഉത്തരേന്ത്യക്കാർ ലോഡി എന്നാണ് പറയുന്നത് (ഒറിജിനൽ പഞ്ചാബിയിൽ ਲੋਹੜੀ ) ഞങ്ങൾക്ക് കേൾക്കുന്നത് പറയാതിരിക്കുന്നതാണ് ഭേദം.

          തീ കത്തിച്ച് അതിന് ചുറ്റും പാട്ടു പാടി നൃത്തം വയ്ക്കുന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന പരിപാടി.വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനത്തിലാണ് ഇത് ആഘോഷിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ആധികാരികത എനിക്കറിവില്ല. എന്നാൽ അതിലേറെ പറയാൻ എളുപ്പം, നമുക്കെല്ലാം പരിചയമുള്ള മകരസംക്രാന്തിയുടെ തലേ ദിവസമാണ് ഇത് ആഘോഷിക്കുന്നത് എന്നതായിരിക്കും. റാബി വിളകളുടെ വിളവെടുപ്പിനോടനുബന്ധിച്ചുള്ള ഉത്സവമാണ് ലോഡി എന്നും പറയപ്പെടുന്നു.പക്ഷേ ജനുവരിയിൽ അങ്ങനെയൊരു വിളവെടുപ്പ് ഉള്ളതായി ഞാൻ കേട്ടിട്ടില്ല. പക്ഷേ പഞ്ചാബി കർഷകരെ സംബന്ധിച്ചിടത്തോളം അത് ഒരു പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കം കുറിക്കുന്നു.


               ലോഡിയെപറ്റി പറയുമ്പോൾ  അതുമായി ബന്ധപ്പെട്ട ഒരു പേര് പറയാതിരിക്കാൻ വയ്യ. പഞ്ചാബികൾ തങ്ങളുടെ ഹീറൊ ആയി ഗണിക്കുന്ന ദുല്ല ഭട്ടി.മുഗൾ രാജാവായ അക്ബറിന്റെ കാലത്ത് മുഗളരോട്‌ പൊരുതിനിന്ന പഞ്ചാബിന്റെ ധീരപുത്രനാണ് മുസ്ലിം രജപുത്ര കുടുംബത്തിൽ നിന്നുള്ള അബ്ദുല്ല ഭട്ടി എന്ന ദുല്ല ഭട്ടി. പണക്കാരെ കൊള്ളയടിച്ച് പാവങ്ങൾക്ക് നൽകിയിരുന്നതിനാൽ പഞ്ചാബിന്റെ റോബിൻഹുഡ് എന്നും അദ്ദേഹം അറിയപ്പെട്ടു. മധ്യപൂർവേഷ്യയിലെ അടിമച്ചന്തകളിൽ വിൽക്കാൻ വിധിക്കപ്പെട്ട പാവങ്ങളായ നിരവധി പഞ്ചാബി പെൺകുട്ടികളെ രക്ഷപ്പെടുത്തി വിവാഹം ചെയ്തയച്ചിരുന്ന ഒരു മഹാൻ കൂടിയാണ് ദുല്ല ഭട്ടി.പഞ്ചാബി നാടോടീക്കഥകളിലെ നായികമാരായ സുന്ദ്രിയും മുന്ദ്രിയും ദുല്ല രക്ഷിച്ചവരാണ് എന്ന് പറയപ്പെടുന്നു. ഇക്കാരണങ്ങളാൽ ലോഡി പാട്ടുകൾ ദുല്ലക്കുള്ള നന്ദി വാക്കുകളാണ്.

          ദുല്ലയുടെ കഥ ഒരു നാടകരൂപത്തിൽ യൂത്ത്ഫെസ്റ്റിവൽ സ്റ്റേജിൽ പഞ്ചാബികൾ അവതരിപ്പിച്ചു.അപ്പോൾ പാടിയ പാട്ടിന്റെ ആദ്യത്തെ നാലുവരി ഇങ്ങനെയായിരുന്നു.

സുന്ദർ മുന്ദ്രിയെ ഹോ
തേര കോൻ വിചാര ഹോ
ദുല്ലഭട്ടി വല്ല ഹോ
ദുല്ലെ ദി ധീ വ്യായ ഹോ

ഇതിലെ ഹോ എന്ന ഭാഗം എല്ലാവരും ഒരുമിച്ചാണ് ആലപിക്കുന്നത്.

         പകൽ സമയ്ത്ത് കുട്ടികൾ പാട്ടുപാടി വീടുതോറും കയറി ഇറങ്ങും.അവർക്ക് മധുരപലഹാരങ്ങളും പൈസയും നൽകിയില്ലെങ്കിൽ അത് കുറച്ചിലായി ഗണിക്കപ്പെടുന്നു. ഇങ്ങനെ കിട്ടുന്ന സാധനങ്ങളെ മൊത്തം പേരാണ് ലോഡി.ഒരു തരം പഞ്ചസാരക്കട്ടയും തൊലിക്കാത്ത നിലക്കടലയും ആണ് ലോഡിയുടെ സിംഹഭാഗവും.നമ്മുടെ ചോളാപൊരിയും കുറച്ച് കണ്ടു.ഈ സാധനം രാത്രി മറ്റുള്ളവർക്ക് വിതരണം ചെയ്യുകയും തീയിൽ എറിയുകയും ചെയ്യുന്നു.കിട്ടിയ കുറേ കടലയും പഞ്ചസാരക്കട്ട പോലെയുള്ള സാധനവും ഞങ്ങൾ തീയിൽ എറിഞ്ഞില്ല, വയറ്റിലേക്ക് പോസ്റ്റ് ചെയ്തു.



           പഞ്ചാബിൽ തന്നെ ലോഡിക്ക് പല രൂപങ്ങൾ ഉണ്ടെന്ന് പറയുന്നു.ലുധിയാന ടൌണിൽ പല കടകളിലും പട്ടം വിൽക്കുന്നത് കണ്ടപ്പോൾ കടപ്പുറം ഇല്ലാത്ത ഇവിടെ ഇതെന്ത് പ്രാന്ത് ആണെന്ന് ഞാൻ ചിന്തിച്ചു.പക്ഷേ ലോഡി ഉത്സവത്തിന്റെ ഒരു ഭാഗമാണ് പട്ടം പറപ്പിക്കൽ എന്ന് അവർ പറഞ്ഞു തന്നു.മാത്രമല്ല രാത്രി ആയപ്പോൾ ആകാശത്തിലൂടെ “തീ പട്ടങ്ങൾ” പറക്കാ‍ൻ തുടങ്ങി.നമ്മുടെ പ്ലാസ്റ്റിക് കീസ് പോലെയുള്ള ഒരു സാധനം കമഴ്ത്തി വച്ച് അതിനകത്ത് തീ കത്തിച്ച് വിടുന്നതോടെ തീ കത്തിക്കൊണ്ട് തന്നെ അത് അന്തരീക്ഷത്തിലേക്ക് ഉയരും!!അന്തരീക്ഷത്തിൽ ഇത്തരം നിരവധി തീ പട്ടങ്ങൾ കാണാമായിരുന്നു.

         ലോഡി ഉത്സവത്തിന്റെ ഞാൻ ദർശിച്ച മറ്റൊരു പ്രത്യേകത പെൺകുട്ടികളുടെ നൃത്തമാണ്.ഭംഗ്ര നൃത്തവിം ഗിദ്ദ നൃത്തവും ആണ് ഇതിൽ പ്രധാനം.ഗിദ്ദ പെൺകുട്ടികൾക്ക് മാത്രമാണ്.ഭംഗ്ര ആണും പെണ്ണും കളിക്കും.കണ്ണിൽ കുത്തുന്ന നിറത്തോട് കൂടിയുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഈ രണ്ട് നൃത്തങ്ങളും അരങ്ങേറുന്നത്.അതിനാൽ തന്നെ ആരും ഒന്ന് നോക്കിപ്പോകും എന്ന് തീർച്ച.



           അതുവരെ കാണാത്ത ഒരു ആഘോഷവും അതിന്റെ ആചാരക്രമങ്ങളും പിന്നിലുള്ള കഥയും കേട്ടപ്പോൾ ഒരു പുത്തൻ അറിവ് നേടിയ സന്തോഷം കിട്ടി. നമ്മുടെ ഓണത്തെപ്പോലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ആഘോഷങ്ങൾ അരങ്ങേറുന്നു എന്നും അന്ന് 
മനസ്സിലായി.

ചിത്രങ്ങൾ : ഗൂഗിളിൽ നിന്ന്
  

(തുടരും..)

Sunday, March 30, 2014

ജലന്ധറിലെ രാജേട്ടൻ….( ലുധിയാന-8)



       സ്റ്റേഷനിൽ നിന്നും പതിനഞ്ചോ ഇരുപതോ മിനുട്ട് നേരത്തെ ഓട്ടത്തിന് ശേഷം ഞങ്ങൾ ഒരു ഇടുങ്ങിയ ഗല്ലിയിലേക്ക് പ്രവേശിച്ചു.സ്കൂൾ കുട്ടികൾ സൈക്കിൾ ചവിട്ടി രസിക്കുന്നതും റോഡിൽ ക്രിക്കറ്റ് കളിക്കുന്നതും കാണാമായിരുന്നു.ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്നുമുണ്ടായിരുന്നു. പക്ഷേ ആ മക്കൾക്ക് വിശാലമായ ഈ ഭൂമിയിൽ കളിക്കാൻ വേറെ സ്ഥലം ഇല്ലായിരുന്നു.നാം ജനിച്ച് കളിച്ച് തിമർക്കുന്ന നമ്മുടെ ഗ്രാമം എന്ന വലിയ അനുഗ്രഹം അവിടെ ഞാൻ ശരിക്കും തിരിച്ചറിഞ്ഞു.

          ലുധിയാനയിലെ തണുപ്പിൽ ഒരു ഓവർകോട്ടും ഒരു ക്യാപും ധരിച്ച വെളുത്ത് സുമുഖനായ ഉയരം കുറഞ്ഞ ഒരാളായിരുന്നു ഞങ്ങളുടെ ആതിഥേയനും ജിതിനിന്റെ അമ്മാവനുമായ രാജേട്ടൻ.കേരള രീതിയിൽ മുറ്റത്ത് ഒരു തുളസിത്തറയും അതിൽ ഒരു തുളസിച്ചെടിയും ഉണ്ടായിരുന്നു.പക്ഷേ വീട് ഇംഗ്ലീഷിലെ ഏതോ അക്ഷരം പോലെ ആയിരുന്നു കിടന്നിരുന്നത്.




          നമസ്കാരം നിർവ്വഹിച്ച് കഴിഞ്ഞ് ശേഷം ഞാൻ രാജേട്ടനോട് ജലന്ധറിൽ ബിസിനസ് തുടങ്ങാനുണ്ടായ കാരണം ചോദിച്ചു.ആ കഥ കേട്ട് ഞാൻ ശരിക്കും തരിച്ചിരുന്നു.

            വർഷങ്ങൾക്ക് മുമ്പ് ബന്ധുവിന്റേയോ അതോ സുഹൃത്തിന്റെയോ കല്യാണത്തിൽ പങ്കെടുക്കാനായാണ്  രാജേട്ടൻ ജലന്ധറിൽ എത്തുന്നത്. കല്യാണവും ഭക്ഷണവും മറ്റു പരിപാടികളും എല്ലാം കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് പോകാനായി റെയിൽ‌വേ സ്റ്റേഷനിൽ എത്തി. ഇന്നത്തെപ്പോലെ കുതിച്ചോടുന്ന തീവണ്ടികൾക്ക് പകരം അന്ന് കിതച്ചോടുന്ന തീവണ്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്.അതും എണ്ണത്തിൽ വളരെ കുറവും.ചുരുക്കിപ്പറഞ്ഞാൽ രാജേട്ടന് കയറേണ്ട വണ്ടി മിസ്സായി!!!

         ദിവസങ്ങൾ കഴിഞ്ഞ് ഇനിയും വന്നേക്കാവുന്ന അടുത്ത വണ്ടി കാത്തു നിൽക്കാതെ  രാജേട്ടൻ ജലന്ധർ സിറ്റിയിലേക്ക് തിരിച്ചു പോന്നു.പലവിധ ഫാക്ടറികളും പ്രവത്തിക്കുന്ന സിറ്റിയിലെ ഒരു സ്ഥാപനത്തിൽ  അറിയാവുന്ന വിവരം വച്ച് അദ്ദേഹം ജോലിക്ക് കയറി.വളരെ ചുരുങ്ങിയ കാലം ജോലി ചെയ്തതോടെ തന്നെ ആ കമ്പനിയുടെ പ്രവർത്തനത്തിന്റെ വ്യാപ്തിയും അതിന്റെ വിപണന സാധ്യതകളും രാജേട്ടൻ മനസ്സിലാക്കി. അനുയോജ്യമായ ഒരു പാർട്ട്ണറേയും കമ്പനി തുടങ്ങാനുള്ള സ്ഥലവും ലഭിച്ചതോടെ രാജേട്ടൻ ആ കമ്പനി വിട്ട് തന്റേതായ ഒരു സ്ഥാപനം ജലന്ധറിൽ ആരംഭിച്ചു !

          കമ്പനി വളർന്നു വരുന്നതിനിടെ പാർട്ട്ണർ തന്റെ അവകാശവുമായി പിരിഞ്ഞുപോയി. രാജേട്ടൻ മാത്രം മാനേജർ ആയി വന്നപ്പോൾ ചിന്ത പുതിയ ദിശയിലേക്ക് തിരിഞ്ഞു.സ്പോർട്ട്സ് സാമഗ്രികൾക്ക് പേരുകേട്ട ജലന്ധർ സിറ്റിയിൽ അതുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം തുടങ്ങാനുള്ള ആലോചന കടന്നുവന്നു.പഠിച്ച് നേടിയ അറിവും പ്രവർത്തനത്തിലൂടെ നേടിയ അറിവും വച്ച് രാജേട്ടൻ സോഫ്റ്റ് ബാളും ഹോക്കിബാളും ഉല്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ആരംഭിച്ചു !!

           ഇന്ന് എ.ആർ എന്ന രാജേട്ടന്റെ കമ്പനി സ്പാന്നെർ , ചവണ , സ്ക്ര്യൂ ഡ്രൈവർ തുടങ്ങിയ സാധാരണ ഉപകരണങ്ങളിൽ പ്ലാസ്റ്റിക് പോലെയുള്ള ഒരു കോട്ടിംഗ് കൂടി ഉണ്ടാക്കി വിദേശത്തേക്ക് കയറ്റി വിടുന്നു.ഇതിനാവശ്യമായ വിവിധ കളറിലുള്ള ഡൈകളും മറ്റ് രാസപദാർത്ഥങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും രാജേട്ടൻ തന്നെ നേരിട്ട് പോയി കൊണ്ട് വരുന്നു.ഒരു പറ്റം ഹിന്ദിക്കാർ അദ്ദേഹത്തിന്റെ ഈ കമ്പനിയിൽ സംതൃപ്തരായി ജോലി ചെയ്യുന്നു.





          എ.ആർ സ്പോർട്ട്സ് എന്ന രാജേട്ടന്റെ രണ്ടാമത്തെ കമ്പനിയാണ് യഥാർത്ഥത്തിൽ ലോകപ്രശസ്തമായത്.സ്വന്തം പ്രയത്നത്തിലൂടെ നേടിയ അറിവിലൂടെ ഉല്പാദിപ്പിച്ചെടുത്ത ഹോക്കിബാളുകൾ ഇന്ന് ഉപയോഗിക്കുന്നത് ഇന്ത്യയിൽ അല്ല !!!ജർമ്മനിയിലേയും ഹോളണ്ടിലേയും ആസ്ത്രേലിയയിലേയും അന്താരാഷ്ട്ര ഹോക്കി മത്സരവേദികളിലാണ്.
“ഗുണനിലവാരത്തിൽ ഒരു കൊമ്പ്രമൈസും ചെയ്യാത്തതിനാൽ ജർമ്മനിയിലെ ഒരു കമ്പനി എന്റെ മുഴുവൻ പ്രൊഡക്ടും ഏറ്റെടുക്കുന്നു.ഓരോ ബാച്ചും ഞാൻ സ്വയം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ കയറ്റുമതി ചെയ്യുന്നുള്ളൂ: “  രാജേട്ടൻ പറഞ്ഞു.

“എങ്കിൽ എന്തുകൊണ്ട് ഇന്ത്യയിൽ അത് ഉപയോഗിക്കുന്നില്ല..?” ഞാൻ വെറുതെ ചോദിച്ചു.

“ഇവിടെ 40 രൂപക്ക് നിലവാരം കുറഞ്ഞ ബാളുകൾ കിട്ടും.പിന്നെ 150 രൂപ വരുന്ന ഈ ബാൾ ആരെങ്കിലും വാങ്വാ? ഭക്ഷണത്തിന് ശേഷം നമുക്ക് അതെല്ലാം ഒന്ന് കാണാം.”

          ഭക്ഷണത്തിനായി ചെന്നപ്പോഴാണ് ശരിക്കും കണ്ണ് തള്ളിപ്പോയത്. കേരള രീതിയിൽ ഇലയിൽ (വാഴ ഇല കിട്ടാത്തതിനാൽ പ്ലാസ്റ്റിക് ഇല തന്നെ) വിളമ്പിയ സദ്യക്ക് സാ‍മ്പാറും അവിയലും കാളനും ഓലനും എല്ലാം ഉണ്ട്. ഒപ്പം കോഴിക്കറിയും.ഇതും പോരാഞ്ഞ് പഞ്ചാബിൽ സുലഭമല്ലാത്ത മത്സ്യം കൊണ്ടുണ്ടാക്കിയ വിഭവങ്ങളും.എട്ടാം തീയതി വീട്ടിൽ നിന്നും പുറപ്പെട്ട് എട്ടു ദിവസത്തിന് ശേഷമാണ് ഒരു കേരള സ്റ്റൈൽ ഊൺ ലഭിക്കുന്നത് എന്നതിനാൽ എല്ലാവരും മൂക്കറ്റം തിന്നു.പഞ്ചാബിയായ സർവന്റിനോട് ചിക്കൻ ആവശ്യപ്പെട്ട് കോഴിക്കാൽ ഉയർത്തിക്കാട്ടിയ ആൻസനും മത്സ്യം ആവശ്യപ്പെട്ട് അതിന്റെ മുള്ള് ഉയർത്തിപ്പിടിച്ച ഫ്രെഡ്ഡിയും  വെണ്ടക്ക ഉയർത്തിക്കാട്ടിയ ആതിരയും മനസ്സിൽ മായാതെ നിൽക്കുന്നു.“സാമ്പാറ് ക പാനി” എന്ന ശ്രീവിദ്യയുടെ ആവശ്യം സർവന്റിലും ചിരി പടർത്തി. അമ്മാവനെ നന്നായി മുടിപ്പിച്ച സന്തോഷത്തിൽ മരുമകൻ ജിതിൻ ഒരു മൂലയിലിരുന്ന് കോഴിയുമായി പടപൊരുതി.അഞ്ചു ദിവസത്തെ ഉത്തരേന്ത്യൻ ഭക്ഷണം ലക്കും ലഗാനുമില്ലാതെ കയറ്റിയതിനാൽ രാഹുലിനും ഷിജിനും ഈ വിഭവ സ‌മൃദ്ധിക്ക് മുമ്പിൽ നോക്കി നിൽക്കാനേ യോഗമുണ്ടായിരുന്നുള്ളൂ.പനി പിടിച്ച ഹരീഷും ഒതുങ്ങി നിന്നു.ഇന്ത്യയിലെ ഏത് ഭക്ഷണവും ഫലപ്രദമായി ദഹിപ്പിക്കുന്ന എന്റെ ആമാശയത്തിന് ഇതെല്ലാം പുല്ലായതിനാൽ ഞാനും മോശമാക്കിയില്ല.




          ഭക്ഷണശേഷം നേരെ മുമ്പിൽ തന്നെയുള്ള രാജേട്ടന്റെ കമ്പനിയിലേക്ക് ഞങ്ങൾ കയറി.ഓഫീസ് റൂമിൽ വച്ചിരുന്ന ബാളുകളുടെ സാമ്പിളുകൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി.ആവശ്യമായ മൂന്നോ നാലോ എണ്ണം എടുക്കാൻ പറഞ്ഞതും സുവർണ്ണ ക്ഷേത്രത്തിലെ കൌണ്ടറിൽ ചെയ്തപോലെ അതും കാലിയാക്കി കൊടുത്തു.ഒരു ഹോക്കി ബാൾ മാത്രം അവിടെ ബാക്കി വയ്ക്കേണ്ട എന്ന് കരുതി നേരത്തെ പോക്കറ്റിലാക്കിയ സോഫ്റ്റ്ബാളിന്റെ കൂടെ ഞാൻ അതും കൂടി നിക്ഷേപിച്ചു!!



          നാലഞ്ചു നിലയിലായി ശേഖരിച്ച് വച്ച വിവിധതരം രാസവസ്തുക്കൾ രാജേട്ടൻ ഞങ്ങൾക്ക് പറഞ്ഞ് തന്നു.അതിന്റെ വാസന പിടിക്കാതെ ചിലർ ഉടൻ തന്നെ താഴോട്ടിറങ്ങി.കൂടെ വന്ന രാജേട്ടന്റെ പട്ടിക്കുട്ടി എല്ലാവരുടേയും കാൽ നക്കാൻ  തുടങ്ങിയതോടെ ഞാനും താഴോട്ടിറങ്ങി.എല്ലാം കണ്ടും കേട്ടും അനുഭവിച്ചും വളരെ സന്തോഷത്തോടെ വൈകുന്നേരം ഞങ്ങൾ രാജേട്ടനോട്‌ വിടപറഞ്ഞു.

        രാവിലെ തീവണ്ടിയിൽ ഉണ്ടായ ദുരനുഭവം കാരണം മിക്കവരുടേയും പേഴ്സ് കാലിയായതിനാൽ തിരിച്ചുള്ള പോക്കിന് ആരും ട്രെയിൻ തെരഞ്ഞെടുത്തില്ല.ചർദ്ദിയും മറ്റ് അനുബന്ധ ഭീഷണികളും ഉണ്ടായിട്ടും സന്ധ്യയോടെ ഞങ്ങൾ ജലന്ധർ സിറ്റിയിൽ നിന്നും ലുധിയാനയിലേക്ക് ബസ് കയറി.

ഫോട്ടോ കടപ്പാട് : ജിതിൻ 

(തുടരും……)

Saturday, March 29, 2014

ജലന്ധർ സിറ്റിയിൽ….(ലുധിയാന-7)


“നല്ലൊരു ഊണ് കഴിക്കാൻ കൊതിയാവുന്നു സാർ”  സ‌മൃദ്ധമായ യൂത്ത്ഫെസ്റ്റിവൽ ഭക്ഷണത്തിനിടയിൽ  തീറ്റ ഹോബിയാക്കിയ കൂട്ടത്തിലെ ബേബി അഞ്ജു സലീം പറഞ്ഞപ്പോൾ എല്ലാവരും അത് ശരിവച്ചു.

“ ജിതിനിന്റെ അമ്മാവൻ ഇവിടെ എവിടെയോ ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ?” ഒരു ചെറിയ പ്രതീക്ഷയിൽ ഞാൻ പറഞ്ഞു.

“അതേ സാർ ജലന്ധർ സിറ്റിയിൽ ആണ് അമ്മാവൻ താമസിക്കുന്നത്നമ്മോട് ഒരു ദിവസം അവിടെ ചെല്ലണം എന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുമുണ്ട്

“ഫെസ്റ്റിവൽ 16 ന് സമാപിക്കും.അന്നും നമുക്ക് പ്രത്യേകിച്ച് ഒരു പരിപാടിയും ഇല്ല.രാവിലെത്തന്നെ ജലന്ധർ സിറ്റിയിലേക്ക് വിടാം. എന്താ അഭിപ്രായം ?” ഞാൻ വളണ്ടിയർമാരോട് ചോദിച്ചു.

“ഹം സബ് തയ്യാർ ഹേം” അഞ്ച് ദിവസം ലുധിയാനയിൽ നിന്നപ്പോഴേക്കും എല്ലാവരുടേയും നാവ് ഹിന്ദിയായി.

യൂത്ത്ഫെസ്റ്റിവൽ സമാപന ദിനത്തിന് തലേ ദിവസം തന്നെ ഞങ്ങൾക്കുള്ള ഓർമ്മഫലകം,ബാഗ്,സ്വറ്റർ തുടങ്ങിയവ എല്ലാം തന്നതിനാൽ സമാപന സമ്മേളനം എന്ന ബോറൻ പരിപാടിക്ക് നിൽക്കേണ്ടതില്ല എന്ന് തോന്നി.പലരും തലേ ദിവസം തന്നെ സ്ഥലം വിടുകയും ചെയ്തിരുന്നു.അതിനാൽ 16 ആം തീയതി രാവിലെ ഞങ്ങൾ വീണ്ടും ലുധിയാന റെയിൽ‌വേ സ്റ്റേഷനിലെത്തി. പക്ഷേ ജലന്ധറിലേക്ക് ട്രെയിൻ ഇല്ലായിരുന്നു. അതിനാൽ ട്രെയിൻ വരുന്നത് വരെ ചോട്ട മാർക്കറ്റിൽ വീണ്ടും ഷോപ്പിംഗ് നടത്താനായി ഞങ്ങൾ പിരിഞ്ഞു. ഇത്തരം യാത്രകളിൽ ഇനിയും ഉപയോഗിക്കാൻ വേണ്ടി 400 രൂപ കൊടുത്ത് ഞാനും ഒരു ജാക്കറ്റ് വാങ്ങി.പിന്നെ കുട്ടികൾക്കുള്ള ജീൻസ് , നൈറ്റ്ഡ്രെസ്സ്, ചുരിദാർ മറ്റീരിയലുകൾ തുടങ്ങിയവയും. ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ച് എത്തിയപ്പോൾ  എല്ലാവരുടെ കയ്യിലും ഓരോ ഭാണ്ഠങ്ങൾ തന്നെ ഉണ്ടായിരുന്നു.

‘ഞങ്ങളെ ഉദ്ദേശിച്ച ‘ ട്രെയിൻ കൃത്യസമയത്ത് തന്നെ എത്തി. ട്രെയിൻ ഫെയർ വളരെ തുച്ഛമായതിനാൽ സ്ഥലം അടുത്ത് തന്നെയായിരിക്കും എന്ന ധാരണയിൽ സാദാ ടിക്കറ്റെടുത്ത ഞങ്ങൾ റിസർവേഷൻ കമ്പാർട്ട്മെന്റിൽ തന്നെ കയറി.

“മക്കളേ.ഇരിക്കരുത്ചെക്കിംഗ് ഉണ്ടാകും.പിടിച്ചാൽ വായിൽ തോന്നുന്നതായിരിക്കും ഫൈൻ” ഇക്കഴിഞ്ഞ ഡെൽഹിയാത്രയിൽ ആഗ്രയിൽ നിന്നും ഡെൽഹിയിലേക്ക് കയറിയപ്പോൾ പെട്ടുപോയ ഞാൻ വളണ്ടിയർമാരെ ഓർമ്മിപ്പിച്ചു.അതിനാൽ തന്നെ അവർ ആരും ഇരുന്നില്ല.പക്ഷേ പ്രലോഭനങ്ങൾക്ക് അടിമപ്പെടാത്ത ആദം സന്തതി ഇല്ല എന്ന സത്യത്തിന് അടിവര ഇട്ടുകൊണ്ട് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ ഇരുന്നു പോകാൻ ചിലർ തീരുമാനിച്ചു.അങ്ങനെ അവർ ഇരുന്നു , ഞാൻ ട്രെയിനിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു !!

അരമണിക്കൂർ കഴിഞ്ഞ്കാണും, എന്റെ ഫോൺ ശബ്ദിച്ചു.സുധിൻ ആയിരുന്നു മറുവശത്ത്.
“സാർ എവിടെയാ?”

“മുമ്പിലെ കമ്പാർട്ട്മെന്റിൽ

“ഒന്നിവിടെക്ക് വരാമോ.സ്ക്വാഡ് കയറി .പിടിച്ചു.അവർ ഹിന്ദിയിൽ പറയുന്നത് ഞങ്ങൾക്ക് തിരിയുന്നില്ല

തല വയ്ക്കണോ വേണ്ടേ എന്ന സംശയത്തിൽ ഒന്ന് സ്തബ്ധനായെങ്കിലും ഒന്ന് സംസാരിച്ചു നോക്കാം എന്ന് കരുതി ഞാൻ ചെന്നു.മാന്യനായ ഒരു പുരുഷൻ എന്നെ പുഞ്ചിരിയോടെ സ്വീകരിച്ചു. അദ്ദേഹത്തോട് ഞാൻ സംഗതികൾ എല്ലാം പറഞ്ഞു.വളരെ ശാന്തനായി കേട്ട ശേഷം അദ്ദേഹം ഹിന്ദിയിൽ പറഞ്ഞു.”അവരുടേത് കഴിഞ്ഞ് വരട്ടെ

അപ്പോഴാണ് തൊട്ടപ്പുറത്ത് അളകനന്ദയുടെ നേതൃത്വത്തിൽ രണ്ട് സ്ത്രീകളോട്‌ എന്റെ കുട്ടികൾ സംസാരിക്കുന്നത് ഞാൻ കണ്ടത്.പല പല എക്സ്ക്യൂസുകളും അവതരിപ്പിച്ചെങ്കിലും അവർ അലിഞ്ഞതേ ഇല്ല.ടിക്കറ്റ് ചാർജ്ജിന്റെ മൂന്നിരട്ടിയും ഫൈൻ ആയി ആയിരം രൂപയും (ഒരാൾക്കാണോ മൊത്തമാണോ എന്നറിയില്ല) അടക്കാൻ അവർ പറഞ്ഞു.കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ആണെന്നും ഭാഷ ഒരു പ്രശ്നമായതിനൽ മാറിക്കയറിയതാണ് എന്നും എല്ലാം അളക പുളുവടിച്ചു നോക്കി. പക്ഷേ പെൺപിടിയിൽ ഞങ്ങൾ ശരിക്കും കുരുങ്ങി. അവസാന കൈ എന്ന നിലയിൽ പകുതിപേർക്കാക്കി കുറക്കാനുള്ള ഒരു അപേക്ഷ ഞാൻ നൽകി നോക്കി.അതും ആ രണ്ട് പെണ്ണുങ്ങളുടെ ചെവിയിലൂടെ മുഴുവനായി കടന്നില്ല.വണ്ടി അപ്പോഴേക്കും ജലന്ധറിനോടടുക്കുകയും ചെയ്തു.സൂപ്പർഫാസ്റ്റ് വണ്ടിയിലാണ് ഞങ്ങൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത് എന്നും അതിന്റെ മിനിമം ചാർജ്ജ് തന്നെ 80 രൂപയോളം വരും എന്നും അവർ പറഞ്ഞു. അതിനാൽ ടിക്കറ്റ് ചാർജ്ജിന്റെ മൂന്നിരട്ടി മാത്രമാണ് ഈടാക്കുന്നതെന്നും അറിയിച്ചു. നിങ്ങളോട് സംസാരിച്ച് നിന്ന് മറ്റു ടിക്കറ്റുകൾ പരിശോധിക്കാൻ സാധിച്ചില്ല എന്നും മറ്റും അവർ ഇടക്കിടെ പറഞ്ഞു.അവസാനം രണ്ടായിരത്തിലധികം രൂപ അടച്ച് രസീത് കൈപ്പറ്റി.




“ഗാഡി സ്റ്റോപ് കിയ തൊ ആപ് സബ് ലോഗ് ഹമാരെ സാഥ് ഹീ ആന ഹെ ക്യോംകി പ്ലാറ്റ്ഫോം മേം ഭീ ഐസ ചെക്കിംഗ് ഹോഗ.ഹമാരെ സാഥ് ഹെ തോ ആപ് ലോഗ് ആസാനി സെ ബാഹർ ജായേഗ..” വണ്ടിയിൽ നിന്നും പുറത്തിറങ്ങിയാൽ അവരുടെ കൂടെത്തന്നെ പുറത്തേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ ഇത് ഒറിജിനലോ ഡൂപ്ലിക്കേറ്റോ എന്ന ഒരു സംശയം എന്നിൽ ഉദിച്ചു.പോയ കാശ് തിരിച്ചു പിടിക്കാൻ മാർഗ്ഗമുണ്ടെങ്കിൽ അത് നോക്കാം എന്ന ഉദ്ദേശ്യത്തോടെ പുറത്ത് കടന്ന് അല്പ നേരം ഞങ്ങൾ മൌനമാചരിച്ചു.അല്പം കഴിഞ്ഞ് ലുധിയാനയിൽ നിന്നും ജലന്ധറിലേക്കുള്ള ചാർജ്ജ് അറിയാൻ ഞാൻ ഒരാളെ കൌണ്ടറിലേക്ക് അയച്ചു.മേൽ സ്ത്രീകൾ കൌണ്ടറിനകത്ത് സൊറ പറഞ്ഞിരിക്കുന്നത് കണ്ട് ഒന്നും ചോദിക്കാതെ അയക്കപ്പെട്ട ആൾ തിരിച്ചുപോന്നു.അതിൽ നിന്നും അവർ റെയിൽ‌വേ ഉദ്യോഗസ്ഥർ തന്നെ ആണെന്ന് ഞങ്ങൾ സമാധാനിച്ചു.

ഞങ്ങളുടെ ആതിഥേയൻ എല്ലാവർക്കും പോകാനായി സ്വന്തം കാറും ഒപ്പം വേറെ രണ്ട് കാറുകളും ഏർപ്പാട് ചെയ്തിരുന്നു.അല്പസമയത്തെ കാത്തിരിപ്പിന് ശേഷം മൂന്ന് കാറുകളിലായി ഞങ്ങൾ ജലന്ധർ സിറ്റിയുടെ ഉള്ളിലേക്ക് പ്രവേശിച്ചു.



(തുടരും..)

Friday, March 28, 2014

വാഗയിലെ റിട്രീറ്റ് സെറിമണി (ലുധിയാന – 6)

ജാലിയൻ‌വാലാബാഗിൽ…(ലുധിയാന–5)

     വാഗ അതിർത്തിയിൽ ഞങ്ങളെത്തുമ്പോൾ സമയം നാല് മണി ആയിരുന്നു. അതിർത്തിയിലെ ദേശീയപതാക താഴ്ത്തുന്ന നയനാനന്ദകരമായ റിട്രീറ്റ് സെറിമണി കാണാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ക്യൂ ഉണ്ടായിരുന്നു. പേഴ്സ്, മൊബൈൽ ഫോൺ, ക്യാമറ എന്നിവ ഒഴികെ ഒന്നും തന്നെ കൊണ്ടുപോകരുത് എന്ന് താൽകത് സിംഗ് എന്ന ഞങ്ങളുടെ ഡ്രൈവർ നിർദ്ദേശം തന്നിരുന്നു.കയ്യിലുണ്ടായിരുന്ന എല്ലാ ബാഗുകളും വാഹനത്തിൽ തന്നെ വച്ച് ഞങ്ങൾ വേഗത്തിൽ നടന്നു.

          നടത്തത്തിനിടയിൽ തന്നെ , മുഖത്ത് ഇന്ത്യൻ പതാക വരക്കാൻ കുട്ടികൾ ചുറ്റും കൂടിക്കൊണ്ടിരുന്നു. വെറും അഞ്ച് മിനുട്ടിനുള്ളിൽ 20 രൂപയ്ക്ക് ഇരു കവിളിലും പതാക വരച്ച് തരും.ദേശസ്നേഹം വാനോളം ഉയരുന്ന റിട്രീറ്റ് സെറിമണി നിമിഷങ്ങളിൽ പലരുടേയും മുഖത്ത് ഈ പതാക ജ്വലിച്ച് നിൽക്കുന്നത് പോലെ തോന്നും.അടുത്ത് നിന്ന് നോക്കിയാൽ പതാകയിൽ ചില അപാകതകൾ കണ്ടേക്കാം എങ്കിലും മൊത്തത്തിൽ ഒരു ചന്ദം തോന്നും.

           ഒരൊറ്റ ലൈനായി നീങ്ങിയ പുരുഷന്മാർ സുരക്ഷാപരിശോധനക്ക് എത്തുമ്പോൾ നാല് ലൈനായി മാറി.അടിമുടി ശരീരം തപ്പി നോക്കിയുള്ള പരിശോധനയിൽ കീശയിൽ തടയാൻ ഒന്നുമില്ലെങ്കിൽ വളരെ സുഗമമായി കടന്നു പോകാം.ബാഗ് കൊണ്ടുപോയാൽ മിക്കവാറും ഈ പരിശോധന കടന്ന് കിട്ടാൻ പ്രയാസമാകും.വണ്ടി ഇറങ്ങുന്ന സ്ഥലത്ത് തന്നെ ബാഗുകളും ലഗേജുകളും എല്ലാം സൂക്ഷിക്കാനുള്ള പെയ്ഡ് കൌണ്ടറുകൾ ഉണ്ട്.



           ഇടത്തേ ഗ്യാലറിയിലേക്കായിരുന്നു ആദ്യം ആദ്യം എത്തുന്നവർക്കുള്ള പ്രവേശനം. ഞങ്ങളെത്തുമ്പോഴേക്കും ഇടത് ഗ്യാലറി നിറഞ്ഞ് കവിഞ്ഞിരുന്നു.പെട്ടെന്നാണ് വലത് ഗ്യാലറിയിലേക്കുള്ള ഗേറ്റ് തുറന്നത്.ഇടത് വശത്തേക്ക് ഓടിക്കയറിയ ഞാൻ അതേ വേഗത്തിൽ വലത് ഗ്യാലറിയിൽ എത്തി.പക്ഷേ ഗ്യാലറി സൂര്യനഭിമുഖമായതിനാൽ കാഴ്ചക്ക് തടസ്സം നേരിട്ടിരിരുന്നു.




           അതിർത്തിരക്ഷാസേനയിലെ ഭടന്മാർ അണിയണിയായി നിൽക്കുന്നതും കാണികളെ നിയന്ത്രിക്കുന്നതും കാണാമായിരുന്നു.അല്പസമയത്തിനകം തന്നെ സേനാ യൂനിഫോമിൽ അല്ലാത്ത ഒരാൾ വന്ന് എല്ലാവരെയും സ്വാഗതം ചെയ്തു. ഉച്ചത്തിൽ ഭാരത് മാതാ കീ ജയ് വിളിക്കാനും , വന്ദേമാതരം വിളിക്കാനും , ഹിന്ദുസ്ഥാൻ സിന്ദാബാദ് വിളിക്കാനും അദ്ദേഹം കാണികളോട് ആംഗ്യ ഭാഷയിൽ പറഞ്ഞു.




         പെട്ടെന്ന് അവിടെക്കൂടിയിരുന്ന കുറേ സ്ത്രീകൾ റോഡിന്റെ മദ്ധ്യഭാഗത്ത് ഒരു ക്യൂവായി രൂപപ്പെട്ടു.ആ ക്യൂവിന്റെ മുന്നിലേക്ക് ജവാന്മാർ കുറേ ദേശീയപതാകകൾ എത്തിച്ചു. ദേശീയപതാക ഏന്തിക്കൊണ്ട് സ്ത്രീകൾ ഓരോരുത്തരായി ഇന്ത്യയുടെ ഗേറ്റ് വരെ ഓടി തിരിച്ചു വന്നു.ഇതുകണ്ട് കൂടുതൽ പേർ ഇറങ്ങാൻ തുടങ്ങിയതോടെ ക്യൂവിന്റെ വലിപ്പം കൂടിക്കൊണ്ടേ ഇരുന്നു.കൊച്ചുകുട്ടികളേയും എടുത്ത് ഓടിയവരും നിരവധിയായിരുന്നു.



            25-ലധികം പേർ ഓടിക്കഴിഞ്ഞപ്പോൾ പതാക ഗ്യാലറിയിലെ ആൺനിരയിലേക്ക്  കൈമാറപ്പെട്ടു. അവരത് വീശിക്കൊണ്ടിരിക്കുന്നതിനിടയിൽ ഉച്ചഭാഷിണിയിലൂടെ ദേശഭക്തിസ്ഫുരിക്കുന്ന ഹിന്ദി സിനിമാഗാനങ്ങൾ ഒഴുകി വരാൻ തുടങ്ങി.ചക്ദേ ഇന്ത്യയും ദേശ് കീ രംഗീലയും ജയ്ഹോയും കാണികളെ ഹരം കൊള്ളിച്ചു.പാട്ടുക്കൾക്കൊത്ത് പെൺകുട്ടികൾ റോഡിന് നടുവിൽ നൃത്തച്ചുവടുകൾ വച്ചു.

            പിന്നീടായിരുന്നു അതിർത്തി രക്ഷാസേനയുടെ ത്കർപ്പൻ പ്രകടനം.ഉച്ചത്തിലുള്ള ഒരു ആജ്ഞ കേട്ട് രണ്ട് സ്ത്രീഭടന്മാർ ഗേറ്റിലേക്ക് കുതിച്ച് മാർച്ച് ചെയ്തു.ശേഷം ഓരോ ആജ്ഞകൾക്കനുസരിച്ച് ഓരോ ഭടന്മാരായി ഗേറ്റിലേക്ക് അതിവേഗം മാർച്ച് ചെയ്ത് നീങ്ങി.മാർച്ച് ചെയ്യുന്ന ഭടനെ പ്രോത്സാഹിപ്പിക്കാൻ വെള്ളവേഷധാരി കാണികളോട് ഉച്ചത്തിൽ കയ്യടിക്കാൻ ആംഗ്യം കാണിച്ചുകൊണ്ടിരുന്നു.ഗേറ്റിനടുത്തെത്തി ഓരോ ഭടനും തലക്ക് മുകളിൽ കാലെത്തുന്ന രൂപത്തിൽ കാല് പൊക്കുന്നതും നിലത്ത് ആഞ്ഞ് ചവിട്ടുന്നതും കാണാമായിരുന്നു.




         അല്പസമയം കഴിഞ്ഞ് ഇന്ത്യയുടെ ഗേറ്റും മറുവശത്ത് പാകിസ്ഥാനിന്റെ ഗേറ്റും തുറന്നു.ഇന്ത്യയുടെ ഒരു ഭടൻ പാകിസ്ഥാനിന്റെ ഗേറ്റു വരേയും പാകിസ്ഥാൻ ഭടൻ ഇന്ത്യൻ ഗേറ്റ് വരേയും വന്ന് ഹസ്തദാനം നടത്തി നെഞ്ച് വിരിച്ച് മുഖത്തോട് മുഖം നോക്കി നിന്നു.കാണികളിൽ ദേശസ്നേഹത്തിന്റെ മൂർദ്ധന്യത നിറഞ്ഞ ആ നിമിഷത്തിൽ ഭാരത് മാതാ കീ ജയ് വിളി ഉച്ചത്തിൽ ഉയർന്നു. പാകിസ്ഥാൻ ഭാഗത്ത് നിന്നും ‘ലാ ഇലാഹ ഇല്ലള്ളാ’ എന്നും ഉയർന്നു കേൾക്കാമായിരുന്നു.

         ആരവങ്ങൾക്കൊപ്പം ഇന്ത്യൻ ഗ്യാലറിയിൽ ത്രിവർണ്ണ പതാകയും പാകിസ്ഥാൻ ഗ്യാലറിയിൽ പാകിസ്ഥാൻ പതാകയും ശക്തിയായി വീശിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.ഗേറ്റുകൾ തമ്മിൽ ഒരു നിശ്ചിത അകലവും സെറിമണി നടക്കുന്ന സ്ഥലവും ഗ്യാലറിയും തമ്മിലും അകലം ഉണ്ടായിരുന്നതിനാൽ ഭടന്മാർക്കിടയിലെ ദേശസ്നേഹാവേശം കാണികൾക്കിടയിൽ പടർന്നിട്ടും അക്രമാവസ്ഥയിൽ എത്തിയില്ല അല്ലെങ്കിൽ എത്തില്ല.

               ഭടന്മാരുടെ പ്രകടനങ്ങൾക്കൊടുവിൽ ഇരു രാജ്യങ്ങളുടേയും പതാകകൾ താഴ്ത്തുന്ന ചടങ്ങ് ആരംഭിച്ചു.ഒരേ വേഗതയിൽ ഇന്ത്യയുടേയും പാകിസ്ഥാനിന്റേയും പതാകകൾ താഴുന്നതോടൊപ്പം അതിർത്തി രക്ഷാ സേനയുടെ പതാകയും അവരുടെ ഓഫീസിനു മുമ്പിൽ താഴ്ത്തിക്കൊണ്ടിരുന്നു. പതാക താഴ്ത്തിയതോടെ നേരത്തെ ഗേറ്റിനടുത്തേക്ക് മാർച്ച് ചെയ്ത അതേ ക്രമത്തിൽ ഭടന്മാർ തിരിച്ച് മാർച്ച് ചെയ്തു.താഴ്ത്തിയ ദേശീയപതാക രണ്ട് ഭടന്മാർ ആദരവോടെ കൊണ്ട് വന്ന് അതിർത്തി രക്ഷാ സേനയുടെ പതാകയിലേക്ക് വച്ചു.അത് ഓഫീസിനകത്തേക്ക് മാറ്റിയതോടെ അര മണിക്കൂർ നീണ്ടു നിന്ന റിട്രീറ്റ് സെറിമണി അവസാനിച്ചു. 

   സെറിമണിക്ക് ശേഷം കാണികൾ അതിർത്തിയിലെ ഗേറ്റിനടുത്തേക്ക് നീങ്ങി.ഞങ്ങളും ആ മഹപ്രവാഹത്തിൽ ചേർന്നു.ആരൊക്കെയോ ഉന്തി ഉന്തി ഞാൻ അതിർത്തിയിലെത്തി.ചിത്രത്തിൽ മാത്രം കണ്ട് പരിചയമുള്ള ഇന്ത്യയുടെ അതിർത്തിയിലെ ഗേറ്റ് എന്റെ മുന്നിൽ.തൊട്ടപ്പുറം പാകിസ്ഥാനിന്റെ ‘ബാബ് ആസാദ്’ !! ഞാൻ കണ്ണ് വീണ്ടും വീണ്ടും തിരുമ്മി അത് ഒരു സ്വപ്നമല്ല എന്ന് ഉറപ്പ് വരുത്തി !!!






       റിട്രീറ്റ് സെറിമണി ദിവസത്തിൽ രണ്ട് പ്രാവശ്യം നടക്കും.രാവിലേയും വൈകിട്ടും.കാലത്തേത് അതിരാവിലെ ആയതിനാൽ തിരക്ക് കുറവായിരിക്കും.വൈകിട്ട് നടക്കുന്ന സെറിമണി തണുപ്പ് കാലത്ത് നാല് മണിക്ക് തന്നെ ആരംഭിക്കും.ലുധിയാനയിൽ നിന്നും നൂറില്പരം കിലോമീറ്ററുകൾ താണ്ടി വന്ന ഞങ്ങൾക്ക് ആദ്യ ദിവസം താമസിച്ചതിനാൽ കാണാൻ സാധിച്ചില്ല.രണ്ടാം പ്രാവശ്യം എത്തിയാണ് വർണ്ണശബളമായ ഈ പരിപാടി പിന്നീട് നേരിൽ കണ്ടത്.കണ്ടില്ല എങ്കിൽ തീർച്ചയായും അത് നഷ്ടമാകുമായിരുന്നു എന്ന് അന്ന് മനസ്സിലായി.

(തുടരും....)

Thursday, March 27, 2014

ജാലിയൻ‌വാലാബാഗിൽ…( ലുധിയാന – 5)

ന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ നടുക്കുന്ന അദ്ധ്യായമായ ജാലിയൻ‌വാലാബാഗ് പഞ്ചാബിൽ ആണെന്ന് മാത്രം അറിയാമായിരുന്നു.എന്റെ സ്വന്തം പിതാവ് ഹൈസ്കൂൾ ചരിത്രപുസ്തകത്തിൽ പഠിപ്പിച്ച് തന്ന  ആ കറുത്ത മണ്ണിൽ എത്തിപ്പെടും എന്ന് ഞാൻ സ്വപ്നേപി നിനച്ചിരുന്നില്ല.

സുവർണ്ണക്ഷേത്രത്തിൽ നിന്നും അഞ്ചു മിനുട്ട് മാത്രം നടക്കാനുള്ള ദൂരമേ ഉള്ളൂ ജാലിയൻ‌വാലാബാഗിലേക്ക്. ഒരു കൂട്ടം നിരപരാധികളുടെ നിണമണിഞ്ഞ് ചുവന്ന ആ ചരിത്രമൈതാനത്തേക്ക് ഞങ്ങൾ നടന്നു.ഗേറ്റിന് മുന്നിൽ നിന്ന സെക്യൂരിറ്റിക്കാരൻ വെറും കാഴ്ചക്കാരൻ മാത്രമാണെന്ന് അവിടെയും ഇവിടെയും എല്ലാം നിന്ന് ഫോട്ടോ എടുക്കുന്നവർ വിളിച്ചോതി.
   മൈതാനത്തേക്കുള്ള ഇടുങ്ങിയ വഴിയിൽ നിലയുറപ്പിച്ച ജനറൽ ഡയർ എന്ന കാട്ടാളന്റെ കിരാതരൂപം മനസ്സിൽ പതിഞ്ഞത് ഞങ്ങൾ ആ വഴിയിലൂടെ ആ മൈതാനത്തിലേക്ക് പ്രവേശിച്ചപ്പോഴാണ്. മൂന്നാൾക്ക് കയറാൻ മാത്രം വീതിയുള്ള ഒരു ഇടുങ്ങിയ പ്രവേശന കവാടം !!പ്രവേശിച്ച ഉടനെ ഒരു സ്ഥലം മാർക്ക് ചെയ്തത് കാണാം - ജനറൽ ഡയർ ജനക്കൂട്ടത്തിന് നേരെ വെടിവച്ച സ്ഥലമാണത്. അതിന്റെ തൊട്ടടുത്തായി ഒരു ജ്യോതി – അമർ ജ്യോതി കത്തിക്കൊണ്ടേ ഇരിക്കുന്നു.അന്ന് മരിച്ചു വീണ നിഷ്കളങ്കരായ ഇന്ത്യൻ മക്കളുടെ ഓർമ്മക്കായി സ്ഥാപിച്ചതാണത്.
  ഒരു സാധാരണ പ്രൈമറി സ്കൂളിന്റെ ഗ്രൌണ്ടിനോളം മാത്രമേ ജാലിയൻ‌വാലാബാഗ് മൈതാനത്തിനും വലിപ്പമുള്ളൂ. അമർ ജ്യ്യൊതിയിൽ നിന്നും അല്പം മുന്നോട്ട് പോയാൽ ഉയരത്തിൽ ഉണ്ടാക്കിയിരിക്കുന്ന ഒരു ഗ്രാനൈറ്റ് സ്തൂപവും ഗ്രാനൈറ്റ് തറയും കാണാം.ഇതും 1919-ലെ ആ കിരാതനടപടിയിൽ പിടഞ്ഞുമരിച്ചവരുടെ ഓർമ്മക്കായി ഉണ്ടാക്കിയതാണ്. ഇതിനടുത്തും ഇടുങ്ങിയ ഒരു കവാടം ഉണ്ടായിരുന്നു.
  മൈതാനത്തിന്റെ ഇടതുഭാഗത്തായി കുപ്രസിദ്ധമായ ആ കിണർ സ്ഥിതി ചെയ്യുന്നു. ഇന്ന് അതിന് ചുറ്റും ഒരു കെട്ടിടം പണിതുയർത്തി കിണർ അകത്താക്കി സംരക്ഷിച്ചിരിക്കുന്നു.ഈ ഭാഗത്തും ഒരു ചെറിയ കവാടം ഉണ്ടായിരുന്നു.ജനറൽ ഡയർ , തടിച്ചു കൂടിയ ജനക്കൂട്ടത്തിന് നേരെ പിന്നിൽ നിന്ന് വെടിവച്ചപ്പോൾ പ്രാണരക്ഷാർത്ഥം ഈ കവാടത്തിനടുത്തേക്ക് ഓടിയവരിൽ പലരും പ്രസ്തുത കിണറ്റിൽ വീണു എന്ന് ചരിത്രം പറയുന്നു.ഏകദേശം 120-ഓളം മൃതദേഹങ്ങൾ കിണറ്റിൽ നിന്നും ലഭിച്ചതായി അവിടെ രേഖപ്പെടുത്തിയിരിക്കുന്നു.
   സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് കേട്ട് പഠിച്ച ചരിത്രവും അത് നടന്ന സ്ഥലങ്ങൾ കാണുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്ന ചരിത്രവും തികച്ചും ഭിന്നമാണ്. ജാലിയൻ‌വാലാബാഗിലെ രക്തം പുരണ്ട മണ്ണിൽ നിൽക്കുമ്പോൾ എന്റെ മക്കൾ ഒമ്പതിൽ പഠിക്കുന്ന ലുലുവും അഞ്ചിൽ പഠിക്കുന്ന ലുഅയും കൂടി എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. കാരണം പുസ്തകത്താളിൽ അച്ചടിച്ച ചരിത്രത്തിന്റെ മണ്ണിൽ നിന്നുകൊണ്ട് അതേ ചരിത്രം കേൾക്കുമ്പോൾ മനസ്സിൽ പതിയുകയല്ല പകരം കൊത്തിവയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.

  രക്തസാക്ഷിത്വം വരിച്ച ധീര യോദ്ധാക്കളുടെ മണ്ണിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങുമ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു.നേരെ അതിർത്തി രക്ഷാഭടന്മാരുടെ കരുത്ത് കാണിക്കുന്ന 30 കിലോമീറ്റർ അകലെയുള്ള വാഗയിലെ റിട്രീറ്റ് സെറിമണി കാണാനായി പുറപ്പെട്ടു.(വാഗയിൽ നിന്ന് ലാഹോറിലേക്ക് 23 കിലോമീറ്റർ ദൂരമേയുളൂ എന്നത് ഞങ്ങളിൽ കൌതുകമുണർത്തി). നിർഭാഗ്യവശാൽ ഞങ്ങളെത്തുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. പിരിഞ്ഞ് പോകുന്ന ജനങ്ങളെയാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത്.വന്ന സ്ഥിതിക്ക് അതിർത്തി വരെ പോയി നോക്കാം എന്ന് കരുതി തിരിച്ചു വരുന്ന ജനങ്ങൾക്കിടയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു.പക്ഷേ മഹാത്മാഗാന്ധി ഗേറ്റ് വരെയേ പോകാൻ സാധിച്ചുള്ളൂ.അവിടെ നിന്നും ജനങ്ങളെ തിരികെ തെളിച്ചു കൊണ്ടുവരുന്ന ഭടന്മാരെ മറികടക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. റിട്രീറ്റ് സെറിമണി കാണാതെ പഞ്ചാബിന്റെ മണ്ണിൽ നിന്നും മടങ്ങുന്നത് ഒരു പക്ഷേ ജീവിതത്തിൽ എന്നെന്നും വേട്ടയാടും എന്ന തോന്നൽ കാരണം മറ്റൊരു ദിവസം ലുധിയാനയിൽ നിന്നും ഇത്രയും ദൂരം വീണ്ടും താണ്ടാൻ ഞങ്ങൾ തീരുമാനിച്ചു.
 അമൃതസറിൽ നിന്നും തിരിച്ച് ലുധിയാനയിൽ എത്തുമ്പോൾ രാത്രി 10 മണി കഴിഞ്ഞിരുന്നു. അന്നും കുറേ കലാകാരന്മാർ വണ്ടി ഇറങ്ങാനുണ്ടായിരുന്നതിനാൽ ബസ് കാത്തുനിൽ‌പ്പുണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ള വളണ്ടിയർമാരാണ് എന്ന് അറിയിച്ചപ്പോൾ ബസ്സിൽ കയറാൻ അധികൃതർ സമ്മതം നൽകി.താമസിച്ചെങ്കിലും സുഭിക്ഷമായ ഭക്ഷണം മറ്റുള്ളവരോടൊപ്പം ഞങ്ങളും സുന്ദരമായി തട്ടി.

 ജനുവരി 14ന് എൻ.എസ്.എസ് വളണ്ടിയർമാർക്ക് അഡ്വെഞ്ചർ സ്പോർട്ട്സിനും മറ്റുമുള്ള ദിവസമായിരുന്നു.അന്നേ ദിവസം വീണ്ടും വാഗയിലേക്ക് തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു.മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വളണ്ടിയർമാർ അഡ്വെഞ്ചർ സ്പോർട്ട്സ് നടക്കുന്ന മൈതാനത്തേക്ക് അണിയായി നീങ്ങിയപ്പോൾ ഞാൻ എന്റെ മക്കളേയും കൊണ്ട് നേരെ എതിർവശത്തേക്ക് തിരിഞ്ഞു. കിട്ടിയ ഓട്ടോയിൽ കയറി ലുധിയാന റെയില്വേ സ്റ്റേഷനിൽ എത്തി.ട്രെയിൻ സമയം ആകാത്തതിനാൽ തൊട്ടടുത്തുള്ള ചോട്ട മാർക്കറ്റിൽ ഒന്ന് ചുറ്റിയടിച്ചു.തിരിച്ച് സ്റ്റേഷനിൽ എത്തിയപ്പോൾ മിസോറാം ടീമും,ആന്ധ്രാ ടീമും , മണിപ്പൂർ ടീമും , സിക്കീം ടീമും,ഗുജറാത്ത് ടീമും വാഗയിലേക്ക് പോകാനായി നിൽക്കുന്നു!!!അതായത് എല്ലാവരും ഞങ്ങളെപ്പോലെ ക്യാമ്പിൽ നിന്നും മുങ്ങി എന്ന് സാരം.

വാഗ അതിർത്തിയിൽ..... (ഇവിടെ ക്ലിക്ക് ചെയ്യുക)

(തുടരും.....)

Wednesday, March 26, 2014

സുവർണ്ണക്ഷേത്രത്തിന്റെ സ്വർണ്ണശോഭയിൽ….( ലുധിയാന – 4)

         ലുധിയാനയിലേക്ക് പുറപ്പെടുന്നതിന് മുമ്പേ മനസ്സിൽ ഉറപ്പിച്ച മൂന്ന് കാര്യങ്ങൾ ഉണ്ടായിരുന്നു – അമൃതസറിലെ സുവർണ്ണക്ഷേത്ര സന്ദർശനം, ജാലിയൻ‌വാലാബാഗ് സന്ദർശനം , വാഗാ അതിർത്തി സന്ദർശനം. ലുധിയാനയിൽ നിന്നും അധിക ദൂരം യാത്ര ചെയ്യേണ്ടതില്ല എന്ന നിഗമനത്തിലാണ് എന്റെ കൂടെ വരുന്ന വളണ്ടിയർമാരോടും കൂടി അഭിപ്രായം ആരാഞ്ഞ ശേഷം ഈ തീരുമാനം കൈകൊണ്ടത്.അവർ വരുന്നില്ല എന്ന് പറഞ്ഞാലും ഞാൻ സ്വന്തമായി പോകാനുള്ള ഒരു തീരുമാനവും എന്റെ മനസ്സിൽ ഉണ്ടായിരുന്നു.

          ലുധിയാനയിൽ ഇറങ്ങി രണ്ടാം ദിവസം രാവിലെത്തന്നെ ഞങ്ങൾ സ്ഥലം കാണാനിറങ്ങി.അമൃതസറിലേക്ക് ഒരു മണിക്കൂർ യാത്ര എന്ന് ട്രെയ്നിൽ കണ്ട മലയാളി പറഞ്ഞത് നാട്ടുകാരനായ ഒരാൾ അഞ്ചു മണിക്കൂറും യൂത്ത് ഫെസ്റ്റിവൽ വളണ്ടിയർമാർ മൂന്നര മണിക്കൂറും ആക്കിയപ്പോൾ  രണ്ടും കല്പിച്ച് ഞങ്ങൾ ഇറങ്ങി.12 മണിക്ക് പുറപ്പെട്ട ‘ഷാനെ പഞ്ചാബ്’ എന്ന ട്രെയിനിൽ ഫഗ്വാരയും ജലന്ധർ സിറ്റിയും പിന്നിട്ട് ഞങ്ങൾ അമൃതസറിൽ എത്തുമ്പോൾ സമയം മൂന്നോടടുത്തിരുന്നു.

            ട്രെയിനിൽ വച്ച് വളണ്ടിയർമാർ പലരുമായി സൌഹൃദം പങ്കിട്ടതിൽ ഒന്ന് കുറിക്ക് കൊണ്ടു.കമൽജിത് സിങ്ങ് എന്ന മെക്കാനിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസർ ആയിരുന്നു അദ്ദേഹം.നല്ല പ്രായം തോന്നിച്ച അദ്ദേഹം ഒരു പ്രൊഫസർ എന്ന് ഒരു ജാടയും കാണിക്കാതെ ഞങ്ങൾ എല്ലാവരോടും സൌംയമായി പെരുമാറി.അമൃതസറിൽ കാണേണ്ട സ്ഥലങ്ങളായി അദ്ദേഹം ചിലത് കുത്തിക്കുറിച്ച് വിദ്യാർത്ഥികളെ ഏല്പിച്ചു.നേരത്തെ ഞാൻ സൂചിപ്പിച്ച മൂന്നെണ്ണത്തിന് പുറമേ റാണാ രഞ്ജിത് സിംഗ് പനോരമ കൂടി ആ ലിസ്റ്റിൽ ഉണ്ടായിരുന്നു. സിഖ് ചരിത്രം മുഴുവൻ പറയുന്ന ഒരു മ്യൂസിയമാണ് അതെന്ന് അദ്ദേഹത്തിലൂടെ തന്നെ അറിഞ്ഞു..

 സുവർണ്ണക്ഷേത്രത്തിലേക്ക് പോകാൻ പ്രത്യേകം വണ്ടി വിളിക്കണ്ട എന്നും സൌജന്യമായി സന്ദർശകരെ ക്ഷേത്രത്തിൽ എത്തിക്കുന്ന ബസ് കാണിച്ചു തരാമെന്നും അദ്ദേഹം അറിയിച്ചപ്പോൾ ഞങ്ങൾക്ക് അത്ഭുതം തോന്നി. കൂടാതെ ഉച്ചഭക്ഷണം പുറത്ത് നിന്നും കഴിക്കേണ്ട ആവശ്യം ഇല്ല എന്നും ക്ഷേത്രത്തിൽ സൌജന്യമായി ഭക്ഷണം ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ ചില രോഗലക്ഷണങ്ങൾ കാണിച്ചതോടെ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ക്ലിനിക്കിൽ സൌജന്യ പരിശോധനയും മരുന്നും ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.അന്നേ ദിവസം അവിടെ താമസിച്ചാൽ സമാധാനത്തോടെ എല്ലാം കാണാമെന്നും ആ മാന്യദേഹം അറിയിച്ചു.

            അമൃതസറിൽ ട്രെയിൻ ഇറങ്ങിയ ഉടനെ ആൾക്കൂട്ടത്തിനിടയിലൂടെ ആ നല്ല പ്രൊഫസർ ഞങ്ങളെ പുറത്തേക്ക് നയിച്ചു.റെയിൽ‌വേ സ്റ്റേഷനിന്റെ പുറത്ത് അല്പം അകലെയായി ഒരു മഞ്ഞ ബസ്സിലേക്ക് കുറേ പേർ ധൃതിയിൽ നീങ്ങുന്നത് ഞങ്ങൾ കണ്ടു.ഞങ്ങളെ ആ ബസ്സിനടുത്ത് വരെ അനുഗമിച്ച് ബസ്സ്കാരനോട് എന്തോ പഞ്ചാബിയിൽ അദ്ദേഹം പറഞ്ഞു.ഈ ബസ്സിൽ പോകാൻ പറ്റില്ല എങ്കിൽ അര മണിക്കൂർ കഴിഞ്ഞ് വീണ്ടും ബസ് വരുമെന്ന് പ്രഫസർ ഞങ്ങളെ അറിയിച്ചെങ്കിലും നിന്ന് യാത്ര ചെയ്യാൻ തയ്യാറുള്ളതിനാൽ എല്ലാവരും ആ ബസ്സിൽ തന്നെ കയറി.ഞങ്ങളെ യാത്രയാക്കി ആ നല്ല പ്രഫസർ ആൾക്കൂട്ടത്തിൽ മറഞ്ഞു.


            ട്രാഫിക് ജാമുകൾ പിന്നിട്ട് അര മണിക്കൂറിന് ശേഷം ബസ് സുവർണ്ണക്ഷേത്രത്തിന്റെ അടുത്തെത്തി.എല്ലാവരും ബസ്സിൽ നിന്നും ഇറങ്ങിയതോടെ തൂവാല വില്പനക്കാർ ചുറ്റും കൂടി.സുവർണ്ണ ക്ഷേത്രമുദ്ര ആലേഖനം ചെയ്ത കാവി തൂവാല എന്തിനാണെന്ന് ആദ്യം പിടി കിട്ടിയില്ല.ക്ഷേത്രത്തിനകത്ത് കയറണമെങ്കിൽ ആണും പെണ്ണും മുടി മറയ്ക്കണം എന്ന് പിന്നീടാണ് മനസ്സിലായത്.പ്രവേശന കവാടത്തിന് സമീപം പാദരക്ഷകൾ സൌജന്യമായി സൂക്ഷിക്കാനുള്ള സ്ഥലവും അതിനടുത്ത് തന്നെ സൌജന്യമായി തൂവാല നൽകുന്ന സ്ഥലവും ഉണ്ടായിരുന്നു.




            ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പേ കാല് ശുചിയാക്കാനായി ഏർപ്പെടുത്തിയ ഉപായം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.പ്രധാന കവാടത്തിന് തൊട്ടു മുമ്പിൽ കവച്ചു വയ്ക്കാൻ പറ്റാത്ത വീതിയിൽ നെരിയാണിയുടെ ഉയരത്തിൽ വെള്ളം ഒരു ചാലിലൂടെ ഒഴുകുന്നുണ്ടായിരുന്നു. ഇതിലൂടെ ഇറങ്ങിവേണം എല്ലാവരും ക്ഷേത്രത്തിൽ പ്രവേശിക്കാൻ.അപ്പോൾ എല്ലാവരുടെ കാലും ശുദ്ധിയാകും എന്ന് തീർച്ച.

            ഉച്ചസൂര്യന്റെ കത്തുന്ന വെയിലിൽ സുവർണ്ണക്ഷേത്രത്തിന്റെ താഴികക്കുടങ്ങൾ മിന്നിത്തിളങ്ങി.സന്ദർശകരും ഭക്തരുമായി നിരവധി പേർ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ നടുമുറ്റത്തുള്ള കുളത്തിൽ നിന്ന് വെള്ളം ശേഖരിച്ച് ആൾക്കാർ നടക്കുന്ന മാർബിൾ പതിച്ച ഇടങ്ങൾ മുഴുവൻ വൃത്തിയാക്കുന്ന ആണും പെണ്ണും അടങ്ങുന്ന ഒരു വലിയ സംഘം തുടർച്ചയായി ജോലി ചെയ്തു കൊണ്ടിരുന്നു. ചില സ്ഥലങ്ങളിൽ, നിന്നും മുട്ടിലിരുന്നും തറയിൽ നെറ്റി പതിപ്പിച്ചും ഭക്തർ പ്രാർത്ഥിക്കുന്നതും കണ്ടു.സ്വർണ്ണം പൂശിയ ‘ശ്രീകോവിലിൽ’ പ്രവേശിക്കാൻ നീണ്ട ക്യൂ കണ്ടതോടെ അങ്ങോട്ട് പോകേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു.അതിനാൽ ക്ഷേത്രത്തിലെ ഭക്ഷണവും വേണ്ട എന്ന് വയ്ക്കേണ്ടി വന്നു (അത് അതിനകത്താണോ മറ്റെവിടെയെങ്കിലുമാണോ എന്ന് അറിയില്ല).


            കൂടുതൽ ചെലവഴിക്കാൻ സമയം ഞങ്ങളുടെ പക്കൽ സ്റ്റോക്കില്ലാത്തതിനാൽ ഞങ്ങൾ വേഗം പുറത്തിറങ്ങി.അപ്പോഴാണ് അടുത്ത സൌജന്യം ശ്രദ്ധയിൽ പെട്ടത് – സിഖ് മതത്തെക്കുറിച്ചും അതിന്റെ ഗുരുക്കന്മാരെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ഇംഗ്ലീഷ്,ഹിന്ദി,പഞ്ചാബി ഭാഷകളിലുള്ള നിരവധി കുഞ്ഞു കുഞ്ഞു പുസ്തകങ്ങൾ. ഇംഗ്ലീഷിലുള്ള രണ്ട് മൂന്ന് പുസ്തകങ്ങൾ ഞാൻ എടുക്കുന്നത് കണ്ട് അത് സൌജന്യമാണ് എന്ന് മനസ്സിലാക്കി എല്ലാവരും കൂടി ആ കൌണ്ടർ കാലിയാക്കിക്കൊടുത്തു!!!

(തുടരും...)

Tuesday, March 25, 2014

മാനം നോക്കുന്നതാര്?

“രക്തം നൽകൂ...ജീവൻ രക്ഷിക്കൂ“ എന്ന് ഇന്ന് കേരളം വിളിച്ചു പറയുന്നത് ശ്രീ ബോബി ചെമ്മണ്ണൂരിന്റെ മാരത്തോണുമായി ബന്ധപ്പെട്ടാണ്. നാഷണൽ സർവീസ് സ്കീമിന്റെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള എല്ലാ യൂണിറ്റുകളും സമാനമായ ഒരു സന്ദേശം വളരെ മുമ്പേ ഈ കൊച്ചു കേരളത്തിൽ നൽകിയിട്ടുണ്ട് - രക്ത ദാനം ജീവൻ‌ദാനം. അതിനാൽ തന്നെ ഈ മാരത്തോണിനെ പറ്റിയുള്ള ആദ്യ വാർത്ത വന്ന അന്നുതന്നെ ഞാൻ അത് ശ്രദ്ധിച്ചു.കോഴിക്കോട് വഴി വരുമ്പോൾ അതുമായി സഹകരിക്കണം എന്ന് കരുതിയിരിക്കുമ്പോഴാണ് അതിന്റെ ചുമതലയുള്ള ഏതാനും പേർ കോളേജിലെത്തി എന്നെ നേരിട്ട് കണ്ട് ക്ഷണിച്ചത്.

 ഇന്നലെ കോഴിക്കോട് പട്ടണത്തിൽ എത്തിയ ഈ മാരത്തോണിന്റെ സ്വീകരണ ചടങ്ങിൽ ആശംസകൾ അർപ്പിക്കാൻ എനിക്കും അവസരം കിട്ടി. ഓടി എത്തിയ ശ്രീ.ബോബി ജനങ്ങളെ അഭിവാദ്യം ചെയ്യാൻ സ്റ്റേജ് ആയി സജ്ജീകരിച്ച ഒരു തുറന്ന വാനിലേക്ക് കയറി.ശേഷം മന്ത്രി ശ്രീ.എം.കെ മുനീർ, എം.പി ശ്രീ എം.കെ രാഘവൻ, ശ്രീ.എ. പ്രദീപ്കുമാർ എം.എൽ.എ,മേയർ ശ്രീമതി എ.കെ പ്രേമജം,ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് ശ്രീമതി കാനത്തിൽ ജമീല, വിവിധ രാഷ്ട്രീയ പാർട്ടികളുടേയും അവരുടെ യുവജന വിഭാഗത്തിന്റേയും നേതാക്കൾ എന്നിവരോടൊപ്പം എൻ.എസ്.എസിനെ പ്രതിനിധീകരിച്ച് എന്നേയും വേദിയിലേക്ക് ക്ഷണിച്ചപ്പോൾ ഞാനും ഒന്നമ്പരന്നു.ക്ഷണിക്കപ്പെട്ട നേതാക്കളുടെ എണ്ണവും വേദിയിലെ സ്ഥലപരിമിതിയും ആയിരുന്നു ഈ അമ്പരപ്പിന്റെ കാരണം.

പക്ഷേ ലിസ്റ്റിന്റെ വലിപ്പം പോലെ സ്റ്റേജിൽ ആളെത്തിയില്ല.തിക്കിത്തിരക്കുന്ന ജനം ശ്രീ.ബോബിക്ക് ഹസ്തദാനം നൽകാൻ ശ്രമിക്കുമ്പോൾ, ഞാൻ വേദിയിൽ കയറി അദ്ദെഹത്തിന്റെ നേരെ മുമ്പിലെത്തി കൈപിടിച്ച് കുലുക്കി.ശേഷം മേല്പറഞ്ഞ നേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മന്ത്രി ശ്രീ.എം.കെ മുനീർ സംസാരിക്കുമ്പോൾ വേദിയിലെ ചൂട് കാരണം ഞാൻ ഒരു നിമിഷം മുകളിലേക്ക് നോക്കി.കൃത്യം ആ സമയത്ത് തന്നെ ഈ പരിപാടിയുടെ പ്രധാന ഫോട്ടോഗ്രാഫർ ക്യാമറ ക്ലിക്കി.ഇന്ന്  എല്ലാ പത്രങ്ങളുടേയും കോഴിക്കോട് എഡിഷനിൽ ആ ഫോട്ടൊ ഈ മാരത്തോണിന്റെ പരസ്യമായി പ്രസിദ്ധീകരിക്കുകയും ചെയ്തു!


ജില്ലാ പഞ്ചായത്ത് പ്രെസിഡെന്റിന്റേയും മേയറുടേയും ഇടയിൽ മാനം നോക്കുന്നതാര്?


യൂത്ത്ഫെസ്റ്റിവൽ് ദിനം (ലുധിയാനയിൽ -3)

ലുധിയാനയിൽ -2

ലുധിയാനയിൽ യൂത്ത്ഫെസ്റ്റിവൽ വേദിയായ പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ ഞങ്ങളിറങ്ങുമ്പോൾ എല്ലാവരും പുതച്ച് മൂടിയ നിലയിലായിരുന്നു കാണപ്പെട്ടത്.രാത്രി ഒമ്പതരയോടെ സുഭിക്ഷമായി ഭക്ഷണം കഴിച്ചു.ശേഷം താമസത്തിനുള്ള സ്ഥലം തിരക്കിയുള്ള നെട്ടോട്ടം ആരംഭിച്ചു.അപ്പോഴാണ് നേരത്തെ എത്തുന്നവർക്കുള്ള താമസത്തിനാവശ്യമായ സജ്ജീകരണങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്ന് മനസ്സിലായത്. ഏതൊരു കേരള ടീമിനും കേരളത്തിന് പുറത്തേക്കുള്ള യാത്രയിൽ, വായിച്ച് മാത്രം അറിഞ്ഞ പ്രയാസങ്ങൾ പിന്നീട് ഞങ്ങൾ നേരിട്ടനുഭവിച്ചു.രാത്രി 1 മണിയോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റലുകളിൽ നിലത്ത് കിടക്കാനുള്ള യോഗമെങ്കിലും ലഭിച്ചു.

ദേശീയയുവജനദിനമായ ജനുവരി 12ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും പാരമ്പര്യവേഷമണിഞ്ഞ യുവതീ-യുവാക്കളുടെ ഘോഷയാത്രയോടെ നാഷണൽ യൂത്ത് ഫെസ്റ്റിവൽ ആരംഭിച്ചു.ഓരോ സംസ്ഥാനത്തിന്റേയും തനത് കലാരൂപങ്ങളും ഈ ഘോഷയാത്രയിൽ അണിനിരന്നിരുന്നു. കൂട്ടത്തിൽ നാഗാലാന്റുകാരുടെ പാരമ്പര്യ വേഷം തീർത്തും കൌതുകമായി-മുൻ‌ഗുഹ്യഭാഗം മാത്രം മറച്ചു വച്ചു കൊണ്ട് പൂർണ്ണ നഗ്നരായി ആ തണുപ്പിൽ അവർ അണിനിരന്നത് തന്നെ അത്ഭുതമുളവാക്കി.

യൂത്ത്ഫെസ്റ്റിവലിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാനായി വന്നവർക്ക് പുറമേ എല്ലാ  സംസ്ഥാനങ്ങളിൽ നിന്നും നാഷണൽ സർവീസ് സ്കീമിന്റെ വളണ്ടിയർമാരും  ഘോഷയാത്രക്കായി അണിനിരന്നിരുന്നു.അവരും അതാത് സംസ്ഥാനങ്ങളുടെ പാരമ്പര്യ വേഷത്തിലായിരുന്നു. സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർക്ക് പിന്നിൽ ഈ വർഷത്തെ യൂത്ത് അവാർഡ് ജേതാക്കളും അതിന് പിന്നിൽ എൻ.എസ്.എസ് വളണ്ടിയർമാരും അണിചേർന്ന് ഘോഷയാത്ര കൂടുതൽ വർണ്ണാഭമാക്കി.





യൂത്ത് അവാർഡ് വിതരണം ചെയ്യുന്നത് രാഷ്ട്രപതി ശ്രീ.പ്രണബ് മുഖർജിയാണെന്നായിരുന്നു ആദ്യം കേട്ടിരുന്നത്.ഏറെ കാത്തിരിപ്പിനൊടുവിൽ വേദിയിൽ ഉത്ഘാടകനായി കണ്ടത് കേന്ദ്ര യുവജനകാര്യവകുപ്പ് മന്ത്രി ശ്രീ.ജിതേന്ദ്രസിംഗിനെയായിരുന്നു.ഒരു മണിക്കൂറോളം നീണ്ടു നിന്ന ഘോഷയാത്രക്ക് ശേഷം യൂത്ത്ഫെസ്റ്റിവൽ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. ഏറെ നേരം കാത്തിരുന്നതിനാൽ പലരും ഘോഷയാത്രക്ക് ശേഷം തന്നെ സ്ഥലം വിട്ടു.ഇന്ത്യ മുഴുവൻ അണിനിരന്ന ചടങ്ങിൽ പ്രസംഗങ്ങൾ ഹിന്ദിയിൽ മാത്രമായതിനാൽ ഞങ്ങളും അല്പസമയത്തിന് ശേഷം ഭക്ഷണത്തിനായി സ്ഥലം വിട്ടു.

അന്ന് വൈകിട്ട് തന്നെ എൻ.എസ്.എസ് പ്രോഗ്രാം അഡ്വൈസറി സെൽ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ.സാഹ്നി സാറിന്റെ നേതൃത്വത്തിൽ പ്രോഗ്രാം ഓഫീസർമാരുടെ യോഗം ചേർന്നു.പിറ്റേ ദിവസത്തെ എൻ.എസ്.എസ് സുവിചാറും യൂത്ത് കൺ‌വെൻഷനും ആയിരുന്നു ചർച്ചാ വിഷയം.സുവിചാറിലും (അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല) യൂത്ത് കൺ‌വെൻഷനിലും പങ്കെടുക്കുന്നവരെക്കുറിച്ചും അതിന്റെ സമയക്രമത്തെക്കുറിച്ചും അവസാനനിമിഷത്തിലാണ് തീരുമാനങ്ങൾ എടുത്തതെന്ന് അ ചർച്ചയിൽ നിന്നും വ്യക്തമായി.അതിനാൽ തന്നെ അതിന്റെ ഗതി വിഗതികളും ധാരണയായി.യൂത്ത് ഫെസ്റ്റിവൽ വേദിയിൽ നിന്നും 3 കിലോമീറ്റർ അകലെ ലുധിയാന സിറ്റിക്കകത്ത് ഖത്സ വിമൻസ് കോളേജിലായിരുന്നു യൂത്ത് കൺ‌വെൻഷൻ.





നാഷണൽ യൂത്ത്പ്രൊജക്ട് ഡയരക്ടർ ഡോ.എസ്.എൻ.സുബ്ബറാവു അവർകളുടേതായിരുന്നു യൂത്ത് കൺ‌വെൻഷനിലെ ആദ്യത്തെ സെഷൻ.ലുധിയാനയിലെ കൊടുംതണുപ്പിൽ ട്രൌസർ ധരിച്ച് സ്റ്റേജിലിരുന്ന ആ വൃദ്ധൻ ഞങ്ങൾക്ക് കൌതുകമായി. നേരത്തെ എത്തി ഏറെ നേരം സ്റ്റേജിൽ കാത്തിരുന്നിട്ടും ഉത്ഘാടകൻ എത്താത്തതിനാൽ പരിപാടി അവതരിപ്പിക്കാതെ അദ്ദേഹം ക്ഷുഭിതനായി സ്റ്റേജിൽ നിന്നിറങ്ങിയത് സംഘാടകരിൽ അല്പം അങ്കലാപ്പ് സൃഷ്ടിച്ചു.സ്ഥാനത്തും അസ്ഥാനത്തും ഹിന്ദി ‘ശായരി’ അവതരിപ്പിച്ച് കയ്യടി ചോദിച്ചു വാങ്ങിയ അവതാരകനായ ‘കുഞ്ഞാപ്പു’സിങ്ങും ഏറെ സമയം അപഹരിച്ചു.പ്രാസംഗികരുടെ നീണ്ട നിരയിൽ ഇംഗ്ലീഷിൽ സംസാരിച്ചത് നെഹ്രു യുവക് കേന്ദ്ര ഡയർക്ടർ ജനറൽ കർണ്ണാടകക്കാരനായ ഡോ.സലീം അഹമ്മെദ് മാത്രമാണ്.ദക്ഷിണേന്ത്യൻ വളണ്ടിയർമാർക്ക് മനസ്സിലായ ഏക പ്രഭാഷണവും അത് തന്നെയായിരിക്കും.



ഉത്ഘാടന ശേഷവും തുടർന്ന സുബ്ബറാവു സാറിന്റെ സെഷൻ ഇംഗ്ലീഷിൽ ആയിരുന്നു.കുട്ടികളെ വിവിധ രീതിയിലൂടെ കയ്യിലെടുത്ത് തന്റെ സെഷൻ അദ്ദേഹം ഭംഗിയാക്കി.”ദേശ് കി ദൌലത്ത് നൌ ജവാൻ “ (രാജ്യത്തിന്റെ അഭിമാനം – യുവജനത) എന്ന സുബ്ബറാവു സാറിന്റെ മുദ്രാവാക്യവും ഗാനവും എല്ലാം വളണ്ടിയർമാർ ഏറ്റുചൊല്ലി.തുടർന്ന് യുവത്വത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെട്ട ഡോ.നന്ദിതേഷ് നീലേനിന്റെ പ്രഭാഷണവും ഹൃദ്യമായി.കുട്ടികളുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ കൃത്യവും മൂർച്ചയുള്ളതുമായ മറുപടികൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.അദ്ദേഹവും സദസ്സിനെ മനസ്സിലാക്കി ഇംഗ്ലീഷിൽ ആയിരുന്നു സംസാരിച്ചത്.”യുവത്വം – ലഹരിമരുന്നിനെതിരെ” എന്ന മുദ്രാവാക്യം ഉയർത്തിയുള്ള ഇത്തവണത്തെ നാഷണൽ യൂത്ത് ഫെസ്റ്റിവലിലെ യൂത്ത് കൺ‌വെൻഷനിന്റെ മൂന്നാം സെഷനിലായിരുന്നു ഈ വിഷയം അവതരിപ്പിക്കപ്പെട്ടത്.എസ്.പി.വൈ.എം ഡയരക്ടർ ഡോ.രാജേഷ്കുമാർ അവതരിപ്പിച്ച ആ സെഷനിൽ നിന്ന് എനിക്ക് ഒന്നും പുതുതായി ലഭിച്ചില്ല !!!

15-ആം തീയതി നടന്ന സുവിചാറിൽ ജലന്ധർ പോലീസ് ഡി.ഏ.വി പബ്ലി‌ൿസ്കൂൾ പ്രിൻസിപ്പാൾ ഡോ.രശ്മി വിജ് കൈകാര്യം ചെയ്ത ‘വിരിയാനായി ജനിച്ചവർ’ എന്ന സെഷനും ഏറെ ഗുണകരമായില്ല.Stress Management ന്റെ വിവിധ രീതികൾ ആയിരുന്നു പ്രധാനപ്രതിപാദ്യ വിഷയം.‘സാമൂഹ്യ ഉത്തരവാദിത്വങ്ങൾ - ഏറ്റവും വലിയ വെല്ലുവിളികൾ’ എന്ന രണ്ടാം സെഷനും ‘ഡിസാസ്റ്റർ മാനേജ്മെന്റ്’ എന്ന മൂന്നാം സെഷനും കൈകാര്യം ചെയ്തത് മുൻ ഉത്തർപ്രദേശ് ഡി.ജി.പി ആയ ശ്രീ.ഷൈലജ കാന്ത് മിശ്ര ആയിരുന്നു.വീണ്ടും മുഴുസമയ ഹിന്ദി പ്രസംഗം ബോറടിപ്പിച്ചെങ്കിലും സ്ലൈഡ് പ്രെസെന്റേഷൻ ആശ്വാസമേകി.

ശേഷം ഡോ.സുബ്ബറാ‍വുവിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ‘ഭാരത് കി സന്താൻ ‘ എന്ന സംഗീത നൃത്ത ശില്പം ഹൃദ്യമായി.1652 മാതൃഭാഷകൾ ഉള്ള ഭാരതത്തിന്റെ ഭരണഘടന അംഗീകരിച്ച 18 ഭാഷകളിലുള്ള വിവിധ പാട്ടുകൾ ഡോ.സുബ്ബറാ‍വു പാടിയപ്പോൾ അതാത് സംസ്ഥാനങ്ങളുടെ പാരമ്പര്യ വേഷമണിഞ്ഞ് ഓരോ വളന്റിയർമാർ ചുവടുവച്ചപ്പോൾ അതൊരു നവ്യാനുഭവമായി.തുടർന്ന് വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങളും അരങ്ങേറി.






രാത്രി എട്ടു മണിയോടെ സുവിചാറും യൂത്ത്ഫെസ്റ്റിവലിലെ ഞങ്ങളുടെ പങ്കാളിത്തവും അവസാനിച്ചു.പുറത്തിറങ്ങിയപ്പോൾ റോഡിൽ സൌത്ത് ഇന്ത്യൻ ദോശ വിൽക്കുന്ന തട്ടുകടക്കാരൻ റെഡിയായി നിൽക്കുന്നു.ചൂടുള്ള ദോശയും സാമ്പാറും ചമ്മന്തിയും എല്ലാവരും നന്നായി തട്ടി – ബില്ല് വെറും 440 രൂപ !

(തുടരും....)

Monday, March 24, 2014

ലുധിയാനയിൽ -2

“കഹാം സെ ആപ്?” സുമുഖനായ ഒരു സിങ്ങ് എന്നോട് വന്ന് ചോദിച്ചു.

“കേരള സെ.”  ഞാൻ മറുപടി പറഞ്ഞു.

“കിത്‌നെ ലോഗ് ?”

“ബാര(ഹ്)“

“സിർഫ് ബാര ??” സിങ്ങിന് സംശയം.

“ഹാം

“ലേകിൻ ഹമേം ബതായാ ഹെ നബ്ബെ(ഞങ്ങളോട് പറഞ്ഞത് 90 എന്നാണ്)ആപ് കി സാഥിയാം കഹാം ഗയെ?”(താങ്കളുടെ കൂട്ടുകാർ എവിടെപ്പോയി?)

“വീ ആർ എൻ.എസ്.എസ് കണ്ടിജന്റ് ഫ്രം കേരളവീ ഡോണ്ട് നൊ ദി അദേർസ്..” ഇനിയും ഹിന്ദിയിൽ പറഞ്ഞാൽ ശരിയാകില്ല എന്നതിനാൽ ഞാൻ റെയിൽ മാറ്റി.

“അംഗ്രേസി നഹീം മാലും.ഹിന്ദി മേം ബോലൊ” സർദാർജി വേഷഭൂഷാദിയിൽ ഉന്നതനെന്ന് തോന്നിച്ചെങ്കിലും നിസ്സഹായത വെളിപ്പെടുത്തി.അതിനിടക്ക് മൂന്ന് മലയാളികൾ കൂടി വന്ന് കയറി.അവരോട് ചോദിച്ചപ്പോഴും, 90 ആൾക്കാർ ഉണ്ടായിരുന്നെന്നും ഇപ്പോൾ അവരെവിടെപ്പോയി എന്നറിയില്ല എന്നും വിവരം കിട്ടി. ഞങ്ങൾ വന്ന അതേ ട്രെയി‌നിൽ ഒരു കമ്പാർട്ട്മെന്റ് നിറയെ വന്ന ആളുകൾ പെട്ടെന്ന് അപ്രത്യക്ഷമായതിൽ ഞങ്ങൾ അത്ഭുതം കൂറി.

“ഭയ്യാ.ഏ ഗാഡി കബ് ചലേഗ?” ഡ്രൈവറോടായി ഞാൻ ചോദിച്ചു.

“ഭർനെ കെ ബാദ്” (നിറഞ്ഞതിന് ശേഷം)

“ഭർനെ കെ ബാദ ???”

പിന്നാലെ വരുന്നവരെല്ലാം മറ്റു ബസ്സുകളിൽ കയറിയതിനാൽ ഞങ്ങളുടെ ബസ്സ് നിറഞ്ഞതേയില്ല.പക്ഷേ ഏറ്റവും മുന്നിലുള്ള ബസ് എന്ന നിലയിൽ ഞങ്ങൾ പോകാതെ മറ്റാർക്കും പോകാനും സാധ്യമായിരുന്നില്ല.അതിനിടക്ക് എന്റെ ഹിന്ദി സംസാരം കേട്ട് ഡ്രൈവർ എന്നോട് കാര്യങ്ങൾ ഒന്ന് കൂടി വ്യക്തമാക്കിയ ശേഷം ചോദിച്ചു – “ദൊ കൊ ക്യാ ബതാതെ ഹെ ആപ്?”

“ദൊ കൊ ????രണ്ട്

“രണ്ട്???” ഡ്രൈവർ ഉച്ചരിച്ചു.

“ഹാം.രണ്ട്” ഞാൻ മുഴുവനാക്കുന്നതിന് മുമ്പ് അയാൾ ബസ്സിലേക്ക് ഓടിക്കയറി.  ശേഷം പറഞ്ഞു.
“സിർഫ് രണ്ട് മിനറ്റ്

“ങേ!!ഇച്ചങ്ങാതിക്ക് മലയാളം തിരിയുമായിരുന്നോ??” ഞങ്ങളിലാരോ ആശ്ചര്യപ്പെട്ടു.

“ആ കുന്തോം കുടച്ചക്രോം ഒക്കെ ഈ ശകടത്തിലേക്ക്.” ഏതോ മൂലയിൽ നിന്നുള്ള മലയാള സംസാരം കേട്ട് ഞാൻ അങ്ങോട്ടോടി.അതാ സർദാർജി നേരത്തെ പറഞ്ഞ തൊണ്ണൂറിൽ മൂന്നെണ്ണം കഴിച്ച് ബാക്കി !!അവരെ കൂട്ടത്തോടെ ഞാൻ ഞങ്ങളുടെ ബസ്സിനടുത്തേക്ക് ആനയിച്ചു.പക്ഷേ മലയാളിയല്ലെ, ഇതിലേ എന്ന് പറഞ്ഞാൽ അതിലെയല്ലേ കയറൂ.അത് തന്നെ സംഭവിച്ചു.കയറിയ 20 പേരെയും ഏതോ ഒരു വിവരദോഷി തിങ്ങിനിറഞ്ഞ് നിൽക്കുന്ന മറ്റൊരു ബസ്സിലേക്ക് വിളിച്ചു കയറ്റി.

“അരേ ഭയ്യാ ഹം ചലേഗ..യെ ഭരേഗ നഹീം” ക്ഷമ കെട്ട് ഞാൻ ഡ്രൈവറോട് പറഞ്ഞു.


“രണ്ട് മിനറ്റ്” ഞാൻ കൊടുത്ത വടികൊണ്ട് എനിക്ക് തന്നെ ഡ്രൈവറുടെ കൊട്ട് കിട്ടി.

“ജീ.ഹമാര നബ്ബെ പൂര ഹുവ..സഭീ ദൂസര ഔർ തീസര ബസ് മേം ഹെ” നേരത്തെ നബ്ബെ കണക്ക് പറഞ്ഞ സർദാർജിയോട് ഞാൻ പറഞ്ഞു.

“തൊ ചലേഗ”സർദാർജിയുടെ ഓർഡർ കിട്ടിയ ഉടൻ ബസ് സ്റ്റാർട്ട് ചെയ്തു.

“പഹ്‌ലെ ഹം ഖാന ഖായേഗ.ഫിർ റൂ‍ം മേം ചോഡേഗ ആപ് കൊ” ഡ്രൈവറുടെ പഞ്ചാരവാക്കുകൾ ഞങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടു.

യൂത്ത്‌ഫെസ്റ്റിവൽ വേദിയിലെ വലിയ ഭക്ഷണശാലക്ക് മുമ്പിൽ ബസ് വന്ന് നിന്നു.ബാഗുകൾ ബസ്സിൽ തന്നെ വച്ച് എല്ലാവരും പുറത്തിറങ്ങി.ടീം ലീഡർ എന്ന നിലക്ക് ഞാൻ റിസപ്ഷനിൽ റിപ്പോർട്ട് ചെയ്തു.അല്പം കഴിഞ്ഞ് ഭക്ഷണശാലയിലേക്ക് നീങ്ങുമ്പോൾ റിസപ്ഷനിൽ നിന്നും ഒരാൾ എന്റെ അടുത്തെത്തി.


“ഇൻ‌കോ യഹാം സെ തീസ് കിലോമീറ്റർ ജാന ഹെ.ആപ് കൊ ഹം ഔർ എക് ബസ് മേം ചോഡേഗ.ആപ് ലോഗോം ക സാമാൻ ബാഹർ നികാൽനെ കൊ ബതാഒ” പറഞ്ഞതനുസരിച്ച് എല്ലാവരും ബാഗുകളും തൂക്കി ഭക്ഷണത്തിനായി കയറി. ആ ബസ്സും ഭക്ഷണതിന് ശേഷം ഡ്രൈവറും സമർത്ഥമായി രക്ഷപ്പെടുകയും ചെയ്തു   


 (തുടരും...)

Sunday, March 23, 2014

നാഷണൽ യൂത്ത് ഫെസ്റ്റിവൽ 2014 @ ലുധിയാന

      ഇന്ദ്രപ്രസ്ഥമായ ഡൽഹിയിൽ നാല് തവണ പോയെങ്കിലും ജയ്പൂർ , അമൃതസർ, ചണ്ഡീഗഡ്, ശ്രീനഗർ എന്നിങ്ങനെയുള്ള ഡൽഹിയിൽ നിന്നും എത്താവുന്ന സ്ഥലങ്ങൾ എനിക്ക് അപ്രാപ്യമായി നിന്നു. അപ്പോഴാണ് ട്രെയ്നിംഗ് ആവശ്യാർത്ഥം കൊൽക്കത്ത, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് ഞാൻ ആസൂത്രണം നടത്തിയത്. പക്ഷേ ആ അപേക്ഷകളും തള്ളിപ്പോയതിനാൽ ‘ഡൽഹിക്കപ്പുറമുള്ള ഇന്ത്യ’ എന്ന എന്റെ സ്വപ്നം ചിറകരിയപ്പെട്ടു. പക്ഷേ കാരുണ്യവാനായ ദൈവം ഇവിടേയും എന്നെ കൈവിട്ടില്ല.പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിനുള്ള കേരള എൻ.എസ്.എസ് ടീമിനെ നയിക്കുക എന്ന വലിയ ദൌത്യം തന്നെ എന്നിൽ അർപ്പിതമായി.തള്ളിപ്പോയ എന്റെ ചണ്ഡീഗഡ് ട്രെയ്നിംഗ് പ്ലാൻ ചെയ്ത അതേ ഡേറ്റിൽ തന്നെയാണ് ചണ്ഡീഗഡിന് അടുത്തുള്ള ലുധിയാനയിലേക്ക് എനിക്ക് ടിക്കറ്റ് കിട്ടിയത് എന്നത് കൌതുകമായി.

ജിതിൻ(കോളേജ്ഓഫ്എഞ്ചിനീയറിംഗ്,തിരുവനന്തപുരം),രാഹുൽ(വി.എച്.എസ്.ഇ, തിരുവനന്തപുരം),അഞ്ജുസലീം (വി.എച്.എസ്.ഇ,അടിമാലി),ഹരീഷ്,ഫ്രെഡ്ഡി(ഇരുവരും എം.ഇ.ടി മാള),ആതിര (ഗവ.എഞ്ചി.കോളേജ്,ശ്രീകൃഷ്ണപുരം), ശ്രീവിദ്യ(ഗവ.എഞ്ചി.കോളേജ്,കോഴിക്കോട്), സുധിൻ (സെന്റ് ജോസഫ് കോളേജ്,ഡേവഗിരി,കോഴിക്കോട്), അളകനന്ദ (പ്രോവിഡൻസ് വിമൻസ് കോളേജ്, കോഴിക്കോട്), ആൻസൺ (അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് ,കാഞ്ഞിരപ്പള്ളി), ഷിജിൻ വർഗ്ഗീസ് (എൻ.എസ്.എസ് കോളേജ് പന്തളം) എന്നിവരായിരുന്നു ടീമംഗങ്ങൾ. ലക്ഷദ്വീപിൽ നിന്നുള്ള നാല് വിദ്യാർത്ഥികളും ലേഡി പ്രോഗ്രാം ഓഫീസറും കൂടി ഉണ്ടായിരുന്നെങ്കിലും യഥാസമയം കപ്പൽ കിട്ടാത്തതിനാൽ അവർക്ക് യാത്ര റദ്ദാക്കേണ്ടി വന്നു.
8.1.2013ന് 12:50ന് എറണാകുളം സൌത്തിൽ നിന്ന് കൊച്ചുവേളി-അമൃതസർ എക്സ്പ്രസ്സിൽ ഞങ്ങൾ യാത്ര ആരംഭിച്ചു.യാത്രക്ക് മുമ്പേ തന്നെ ടീമംഗങ്ങളുടെ ഓറിയന്റേഷൻ മീറ്റിംഗ് നടന്നിരുന്നതിനാൽ 2 പേരൊഴികെയുള്ള അംഗങ്ങൾ തമ്മിൽ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു.തൃശൂർ,കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി എല്ലാവരും കയറിയതോടെ ടീം പൂർണ്ണമായി.

          ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം എന്ന ഡൽഹി യാത്രാനുഭവത്തിൽ നിന്നുള്ള എന്റെ ഉപദേശം ചെവികൊണ്ട് 3 പെൺകുട്ടികൾ അവർക്കും അധികം 2 പേർക്കും കൂടി ഭക്ഷണം കരുതിയിരുന്നതിനാൽ അത്താഴം കുശാലായി.വിവിധ ഭാഗങ്ങളിൽ നിന്നാണ് കയറിയതെങ്കിലും മൂന്ന് പേരും ചപ്പാത്തിയായിരുന്നു കൊണ്ടുവന്നത് എന്നതും യാദൃശ്ചികമായി.ചപ്പാത്തിയും വെജിറ്റബിൾ കറിയും തൃശൂർ സ്പെഷൽ തക്കാളിക്കറിയും (ആരോ അതിന് അച്ചാർ എന്ന് വിളിച്ചു) നന്നാ‍യി ആസ്വദിച്ചു.

         ഉത്തരേന്ത്യൻ യാത്രയുടെ ആദ്യ ആകർഷണം കൊങ്കൺ പാതയിലൂടെയുള്ള തീവണ്ടിയാത്ര തന്നെയാണ്.മംഗലാപുരം മുതൽ റോഹ വരെയുള്ള ആ യാത്ര എന്റെ രണ്ടാം ഡൽഹിയാത്രയുടെ മടക്കത്തിൽ അനുഭവിച്ചത് ഞാൻ ഇന്നും ഓർക്കുന്നു.ഇക്കഴിഞ്ഞ ഓണം അവധിക്കാലത്ത് അരസിക്കരെ യാത്രയിലാണ് വീണ്ടും അതിന്റെ ഒരു ചെറിയപതിപ്പ് ആസ്വദിക്കാനായത്.മൂന്നാം ഡൽഹിയാത്ര വിമാനത്തിൽ ആയതിനാലും നാലാം യാത്രയിൽ കൊങ്കൺ വഴി കടന്നുപോയത് രാത്രി ആയതിനാലും ആ ആസ്വാദനം അന്യം നിന്നു.





      
ലുധിയാന യാത്രയിലും കൊങ്കൺ റെയിൽ‌വെയുടെ ഭൂരിഭാഗവും ഞങ്ങൾ പിന്നിട്ടത് രാത്രിയിലായിരുന്നു.തുരങ്കങ്ങൾ കടന്നുപോകുന്നത് ശബ്ദവ്യതിയാനത്തിലൂടെ മനസ്സിലാക്കിയെങ്കിലും ഉയരം കൂടിയ പാലങ്ങളും ആഴമേറിയ ഗർത്തങ്ങളും ഈ യാത്രയിലും നേരിട്ട് കാണാനായില്ല.എങ്കിലും പുലർച്ചെ മുതൽ കൊങ്കണിലെ ചില തുരങ്കങ്ങൾ നേരിട്ട് കാണാൻ സാധിച്ചു.






         വടക്കേ ഇന്ത്യയിലെ ഫലഭൂയിഷ്ടമായ മണ്ണിൽ പൊന്ന് വിളയിച്ച് നിൽക്കുന്ന പലതരം കൃഷികളൂം റെയിലിന്റെ ഇരുഭാഗത്തും കണ്ടു.ചില പാടങ്ങൾ പൂക്കളാൽ മഞ്ഞ പുതച്ചിരുന്നു.കടുക് കൃഷിയാണതെന്ന് മടക്കയാത്രയിലാണ് മനസ്സിലായത്.ഏക്കറുകളോളം പരന്ന് കിടക്കുന്ന പാടങ്ങളിൽ ഒന്ന് പോലും മണ്ണിട്ട് നികത്തിയതായി കണ്ടില്ല.എല്ലാം പച്ചപിടിച്ച് നിൽക്കുന്ന അവസ്ഥയിലായിരുന്നു.






    ട്രെയിൻ മഹാരാഷ്ട്രയിലേക്ക് കയറിയതോടെ തന്നെ തണുപ്പും ആരംഭിച്ചിരുന്നു. ഉത്തരേന്ത്യയിലെ നിലവിലുള്ള തണുപ്പിനെപ്പറ്റി നേരത്തെ അറിയാമായിരുന്നതിനാൽ അത്യാവശ്യം പുതപ്പും സ്വറ്ററും മങ്കിക്യാപും എല്ലാം ഞങ്ങൾ കരുതിയിരുന്നു.പക്ഷേ ട്രെയ്നിന്റെ റെക്സിൻ ഷീറ്റടക്കം തണുത്ത് പോയതിനാൽ ഈ സജ്ജീകരണങ്ങൾ മതിയായില്ല.

              രാഷ്ട്രപിതാവ് ഗാന്ധിജിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ കയറിയതോടെ ഉപ്പ് സത്യാഗ്രഹം ഓര്‍മ്മ വന്നു. മറ്റൊന്നുമല്ല കാരണം , പുറത്ത് ഉപ്പ് പാടങ്ങള്‍ ഉപ്പ് നിറഞ്ഞ നിലയില്‍ കാണുന്നുണ്ടായിരുന്നു.



     
       രണ്ടാം  ദിവസം അർദ്ധരാത്രിയിലാണ് രാജസ്ഥാനിൽ പ്രവേശിച്ചത്.മഞ്ഞിൽ പുതച്ച് മൂടിക്കിടന്ന രാജസ്ഥാനിലെ വിവിധ സ്റ്റേഷനുകൾ സരിക്കും കണ്ണിന് കുളിർമ്മ നൽകി.പിറ്റേ ദിവസവും ഏറെ നേരം രാജസ്ഥാനലൂടെ കടന്ന്പോയെങ്കിലും മഞ്ഞ്കണങ്ങളെ തുടച്ച് മാറ്റാൻ സൂര്യൻ എത്തിനോക്കുക പോലും ചെയ്തില്ല!








           കേരളത്തിൽ നിന്നും തുടങ്ങി കർണ്ണാടക,  മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്,ഹരിയാന,ഡെൽഹി എന്നീ സംസ്ഥാനങ്ങൾ കടന്ന് ഞങ്ങൾ പഞ്ചാബിൽ പ്രവേശിച്ചു.കൊയ്ത്ത്കഴിഞ്ഞ ഗോതമ്പ് പാടങ്ങളിൽ കൂന കൂട്ടിയിട്ട ഗോതമ്പ് വ്യത്യസ്തമായ ഒരു കാഴ്ചയായി.






           മൂന്ന് ദിവസത്തെ യാത്രക്കൊടുവിൽ വൈകുന്നേരം അഞ്ചേകാലിന് എത്തേണ്ട ഞങ്ങൾ രാത്രി എട്ടേകാലിന് ലുധിയാനയിൽ വണ്ടി ഇറങ്ങി.സ്റ്റേഷനിൽ തന്നെ സജ്ജീകരിച്ചിരുന്ന കൺ‌ട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്ത ശേഷം യൂത്ത് ഫെസ്റ്റിവൽ വേദിയായ പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലേക്ക് പോകാനായി ഒരുക്കി നിർത്തിയ പഞ്ചാബ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പാട്ടവണ്ടിയിലേക്ക് ഞങ്ങൾ കയറി.


(തുടരും...)