Tuesday, March 27, 2007
ബാല്യകാലസ്മരണകള്‍ - അഞ്ച്
മധുരിക്കും ഓര്‍മ്മകളേ..
മലര്‍മഞ്ചല്‍ കൊണ്ടുവരൂ...
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍.....
ആ...മാഞ്ചുവട്ടില്‍.....
ശരിയാണ് , പലര്‍ക്കും ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ഇതുപോലെ ചില പ്രത്യേക സ്ഥലങ്ങളും മരങ്ങളും ആദ്യം മനസ്സിലോടിയെത്തുന്നു.ആ മരത്തിന് ചുറ്റും ബാല്യവും കൗമാരവും ഇഴചേര്‍ന്ന് ഊഞ്ഞാലാടുന്നതായി അനുഭവപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും.എന്റെ ബാല്യവും വീട്ടുമുറ്റത്തെ ഒരു മരവുമായി അഭേദ്യബന്ധം പുലര്‍ത്തിയിരുന്നു - മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ബഷീറിന്റെ മാങ്കോസ്റ്റിന്‍ പോലെ എന്റെ വീട്ടിന്റെ മുന്നില്‍ പടര്‍ന്ന് പന്തലിച്ചു നിന്നിരുന്ന സ്റ്റാര്‍ആപ്പിള്‍ മരം.
ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ കഥ ആദ്യമായി ടീച്ചര്‍ പറഞ്ഞ് തന്നപ്പോള്‍ എന്റെ പ്രിയപ്പെട്ട മരത്തില്‍ നിന്ന് എന്റെ തലയില്‍ ആപ്പിള്‍ വീണ സംഭവം ഞാന്‍ ക്ലാസ്സിലവതരിപ്പിച്ചു. ആപ്പിള്‍ ഈ നാട്ടില്‍ ഉണ്ടാകില്ല എന്ന് പറഞ്ഞ് എല്ലവരും എന്നെ കളിയാക്കി - വിഡ്ഢികൂഷ്മാണ്ഠങ്ങള്‍!!!അവരുടെ വീട്ടില്‍ ഇല്ല എന്ന് വച്ച് എവിടെയും ഉണ്ടാകില്ല എന്നോ....ഏതായാലും ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ സംഭവത്തില്‍ എനിക്ക് ഒട്ടും അല്‍ഭുതം തോന്നിയില്ല.
മറ്റൊരു ബാലന്റെ മനസ്സിലേക്ക് കുടിയേറാന്‍ ഇന്നെന്റെ ആപ്പിള്‍മരം ഇല്ല - അകാലത്തില്‍ പൊലിഞ്ഞ്‌പോയ എന്റെ പ്രിയസുഹൃത്തിന് ആദരാജ്ഞലികള്‍.പുത്തന്‍ തലമുറക്ക് ഇത്തരം ഒരു ബാല്യം അന്യമായിരിക്കുന്നു.അങ്കണമുണ്ടെങ്കിലല്ലേ അങ്കണത്തൈമാവ് ഉണ്ടാവുകയുള്ളൂ.പുത്തന്‍ ഫ്ലാറ്റ് സംസ്കാരത്തില്‍ അങ്കണം എവിടെ??വൈലോപ്പിള്ളിയുടെ പ്രശസ്തമായ വരികള്‍ "അങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം..." ചൊല്ലിയ കുട്ടിയെ വിളിച്ച് അങ്കണത്തൈമാവ് എന്തെന്നറിയോ എന്ന് ചോദിച്ചപ്പോള്‍ ഒട്ടും സങ്കോചമില്ലാതെ മറുപടി കിട്ടി - "സേലന്‍മാവ് പോലെ ഒരു മാവാണ് അങ്കണത്തൈമാവ് !!!"
Saturday, March 24, 2007
ബാല്യകാലസ്മരണകള്‍ - നാല്
കുഞ്ഞങ്കാക്കയുടെ മകനായ ചാത്തനും പറമ്പിലെ കിള-നടീല്‍ പണികള്‍ക്കായി ഇടക്കിടെ വീട്ടില്‍ വരും.ഇഞ്ചി,മഞ്ഞള്‍,ചേമ്പ്,ചേന,നടുതല്‍ തുടങ്ങിയവയെല്ലാം വീട്ടില്‍തന്നെ കൃഷിചെയ്തുണ്ടാക്കിയിരുന്നു.തൊടി നിറഞ്ഞ് നില്‍ക്കുന്ന പയര്‍പന്തലും വള്ളിയില്‍ പയര്‍ തൂങ്ങി നില്‍ക്കുന്നതും ചുവന്ന നിറത്തിലുള്ള ഒരു പ്ലാസ്റ്റിക് കുട്ടയെടുത്ത് പയറിറുക്കാന്‍ പോകുന്നതും ഞാന്‍ ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു.
പയര്‍ മോഷ്ടിച്ചു തിന്നാന്‍ വരുന്ന അണ്ണാറക്കണ്ണനെ ഒരിക്കല്‍ എലിപ്പത്തായം വച്ച് പിടിച്ചു.എലിപ്പത്തായത്തില്‍ നിന്നും അണ്ണാനെ കുരുക്കിട്ട് പിടിക്കാനായി ചെറിയ അമ്മാവന്റെ അടുത്തേക്ക് കൊണ്ടുപോയി.പ്ലാസ്റ്റിക് കയറില്‍ പ്രത്യേക തരത്തില്‍ കുരുക്കിട്ട് അണ്ണാന്റെ ഊരക്കിട്ട് തന്നെ അമ്മാവന്‍ കുരുക്ക് മുറുക്കി.ശേഷം അതിനെ അറുത്ത് ഫ്രൈ ആക്കി.ചെറുപ്പമായതിനാല്‍ ഈ കുരുക്കിടല്‍ വിദ്യ എനിക്ക് മനസ്സിലായില്ല.എന്റെ പന്ത്രണ്ടാം വയസ്സിലാണെന്ന് തോന്നുന്നു ചെറിയ അമ്മാവന്‍ പെട്ടെന്ന് മരിച്ചു.
അമ്മാവന്റെ മരണത്തിന് മുമ്പ് ഒരു ദിവസം സ്കൂളില്‍ ഒരു ശാസ്ത്രജാഥ വന്നു.ശാസ്ത്ര സാഹിത്യ പരിഷത്തിന്റേതോ അതോ മറ്റാരുടേതെങ്കിലുമോ എന്നോര്‍മ്മയില്ല - മുന്നില്‍ ഒരു വാന്‍. അതില്‍ നിന്നും കുറെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌പറയും.ഞങ്ങള്‍ കുട്ടികള്‍ ഈ വാനിന്റെ പുറകില്‍ വരിവരിയായി നീങ്ങി ആ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കണം.
ജാഥയില്‍ എന്റെ മൂന്ന് ക്ലാസ് മുകളില്‍ പഠിക്കുന്ന എന്റെ ഇത്താത്തയും ഞാനും ഒരുമിച്ച് നിന്നു.ജാഥ തുടങ്ങി.വാനില്‍ നിന്നും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.കുട്ടികളായ ഞങ്ങള്‍ കേട്ടത് ഏറ്റ് വിളിച്ചു.പെട്ടെന്ന് ഒരു മുദ്രാവാക്യം; എനിക്ക് പിടികിട്ടിയില്ല...എന്നെ ഒന്ന് നോക്കിയ ശേഷം ഇത്ത ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു....
"ചാത്തന്‍ നെല്ലുണ്ടാക്കാന്‍..!!!"
പിന്നിലണിനിരന്ന ഞങ്ങളെല്ലാവരും ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞു....
"ചാത്തന്‍ നെല്ലുണ്ടാക്കാന്‍..!!!"
'ശാസ്ത്രം നെല്ലുണ്ടാക്കാന്‍ ' എന്നാണ് അന്ന് വിളിച്ചു പറഞ്ഞതെന്നും അന്നത് മനസ്സിലാവാത്തതിനാല്‍ ഞങ്ങളുടെ വീട്ടില്‍ നെല്ലുണ്ടാക്കാനും മറ്റും വന്നിരുന്ന ചാത്തനെയാണ് പറഞ്ഞതെന്ന അനുമാനത്തിലാണ് അങ്ങനെ വിളിച്ചുപറഞ്ഞതെന്നും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു കുടുംബസംഗമത്തില്‍ ഇത്താത്ത അയവിറക്കുകയുണ്ടായി.
Monday, March 19, 2007
കുമ്പളങ്ങയുടെ വില
സാധനങ്ങള്‍ വാങ്ങാനായി ചന്തയില്‍ എത്തിയതായിരുന്നു നമ്പൂരി.ഒരു മധ്യവയസ്കനായ കച്ചവടക്കാരന്റെ അടുത്തെത്തി നമ്പൂരി ചോദിച്ചു.
"ഓറെഞ്ചിനെന്താ വില ?"
"അമ്പത്"
"ഛി......നോം നിന്റെ വയസ്സല്ല ചോദിച്ചത്....ഓറെഞ്ചിന്റെ വിലയാ..." ആത്മഗതം ചെയ്തുകൊണ്ട് നമ്പൂരി അടുത്ത കടയിലേക്ക് നീങ്ങി.
"ആപ്പിളിനെന്താ വില ?"
"നൂറ് രൂപ"
"ഫൂ ! ത്രാസ്സടക്കമുള്ള വിലയല്ലടോ ഞാന്‍ ചോദിച്ചത്..." പിറുപിറുത്തുകൊണ്ട് നമ്പൂരി പച്ചക്കറി കടയിലേക്ക് നീങ്ങി.കടയിലെത്തി നമ്പൂരി ചോദിച്ചു
"നിന്റെ വയസ്സും ത്രാസിന്റെ വിലയും കൂട്ടാത്ത , ഒരു കിലോ കുമ്പളങ്ങക്ക് എന്താ വില ?"
Thursday, March 15, 2007
സൈനബയുടെ വിചാരണ
ഊരിപ്പിടിച്ച വാളു കണക്കെ കയ്യില്‍ ചൂരലുമായി മോലികാക്കയും പിന്നാലെ സൈനബയും മുറിക്കകത്തേക്ക് കയറി.മോലികാക്ക വാതിലിന്റെ സാക്ഷയിട്ടു.വായുവില്‍ ചൂരല്‍ വീശുമ്പോള്‍ ഉണ്ടാകുന്ന ശീല്‍കാര ശബ്ദവും സൈനബയുടെ വേദനയോടെയുള്ള കരച്ചിലും കോപാഗ്നിയില്‍ ജ്വലിച്ച് ശബ്ദമുയര്‍ത്തുന്ന മോലികാക്കയും പുറത്ത് കൂടി നിന്നവരുടെ മനസ്സിലൂടെ കടന്നു പോയി.ആ രംഗം കാണാന്‍ കെല്‍പില്ലാതെ പലരും പിരിഞ്ഞ്‌പോയി.
"മോളേ .....സൈനബാ...." മോലികാക്ക ശാന്തനായി വിളിച്ചു.
"എത്തെ ഇപ്പാ..?"
"മോളിന്നലെ ഓത്തള്ളീ പോയീന്യോ ?"
"പോയിനിം.."
"മോളെത്ത്‌നാ ഓത്തള്ളീ പോണേ ?"
"ഓത്തട്ച്ചാന്‍ തെന്നെ"
"ഓത്തള്ളീല് മോള്‍ക്കാരെ ഇസ്ടം ?"
"അത്....ആരെപ്പം പറ്യാ?"
"ജ്ജ് പേട്ച്ചാതെങ്ങട്ട് പറഞ്ഞോ...."
"പാറക്കുജ്ജ്‌ലെ കജ്ജൂനെ....!"
"ച്ചെ....അനക്ക് പെരുത്തിസ്ടം ആരോടാ..?"
"പെരുത്തിസ്ടം കജ്ജൂനോട് ന്നെ"സൈനബ തറപ്പിച്ച് പറഞ്ഞു.
മോലികാക്ക ഇനിയെങ്ങിനെയത് നേരിട്ട് ചോദിക്കും എന്നാലോചിച്ച് പരവശനായി.കദീശുതാത്തയും അവശേഷിച്ച സ്ത്രീജനങ്ങളും മുറിക്കകത്ത് നടക്കുന്നതെന്തന്നറിയാതെ ആകാംക്ഷയുടെ മുള്‍മുനയില്‍ തന്നെ നിന്നു.
"ആങ്കൂസമ്മാരില്‍ ആരാ നല്ല ആങ്കൂസന്‍ ?"
"അത്...അത്‌പ്പം..."
"ആ...മോള്‍ക്ക് പറ്റ്യെ ആങ്കൂസനങ്ങട്ട് പറഞ്ഞോ....."
"അ...അ..."
"ആ....അങ്ങനെങ്ങട്ട് പറ്യെടീ..."
"അര്‍മാന്‍ മോല്യാര്‍...!"
"റബ്ബുല്‍ ആലമീനായ തമ്പുരാനേ...ബേറെ നല്ല ബാല്യേക്കാരൊന്നും ല്ലടീ അന്റെ ഓത്തള്ളീല്....ആ കെളവന്‍ മോല്യാരെ.....ങാ...മോളൊര് കാര്യം ചെജ്ജ്....നാളെ മൊതല്‍ ഓത്തള്ളീക്ക് പോണ്ട....ഇപ്പാന്റെ ചായമക്കാനീല് ഇപ്പാനെ സകായിക്കാന് ഒരാളെ മാണം...ഓസ് പറ്റി ഇപ്പാനെ മുട്‌പ്പിച്ച്‌ണ കൊറെ ഹംക്കേളെ കെട്ടിപ്പൂട്ടി ബിടും മാണം...."
"സരി...ഇപ്പാ...." സൈനബയും ബാപ്പയുടെ നിര്‍ദ്ദേശം സ്വീകരിച്ചു.
മോലികാക്കയുടെ ശബ്ദമോ സൈനബയുടെ കരച്ചിലോ മുറിക്ക് പുറത്തേക്ക് കേള്‍ക്കാത്തതിനാല്‍ കൂടി നിന്ന പെണ്ണുങ്ങള്‍ പരസ്പരം നോക്കി.അല്‍പസമയം കഴിഞ്ഞ് ചിരിക്കുന്ന മുഖത്തോടെ സൈനബയും ശാന്തമനസ്സോടെ മോലികാക്കയും മുറിയില്‍ നിന്ന് പുറത്തിറങ്ങി.സൈനബ ആടുകളെ മേക്കാനായി മുറ്റത്തേക്ക് പോയി.
"എത്താ...മോളെ ആ ഹിമാറിനെക്കൊണ്ടങ്ങട്ട് നിക്കാഹ് കയ്പ്പിച്ചാന്‍ നിച്ചയിച്ചോ?" കദീശുതാത്ത മോലികാക്കയെ നോക്കി ചോദിച്ചു.
"ആ...പൊന്നും പണ്ടോം മാണ്ടെങ്കി.......പച്ചേ..."
"ങേ....അപ്പം ങളത് നിച്ചയിച്ചാനാ മുറിം പൂട്ടി ഇര്‌ന്നത്..?"
"ഞാനോളോട് ചോയ്ച്ചി.....ഓള്‍ക്ക് പെരുത്തിസ്ടം.... പാറക്കുജ്ജ്‌ലെ കജ്ജൂന്യാത്രെ....പിന്നെ പെരുത്തിസ്ടം ...."
"ചാണക്കുണ്ട്‌ലെ അബൂനെ..." കദീശുതാത്ത മുഴുവനാക്കി.
"അല്ലെടീ ആ കെളവന്‍ മോല്യാരെ.....അതോണ്ട് ഞി ഓളെ ഓത്തള്ളീക്ക് ബിട്‌ണ്‌ല്ല...ഇന്റെ സൈനുചായമക്കാനീല് നാളെ മൊതല്‍ ഓള്‌ന്നെ സകായിച്ചും..."
"നന്നായി.....ഞിപ്പം ബേറെ എത്തൊക്ക്യാ കേക്കണ്ടി ബര ന്റെ മമ്പര്‍ത്തെതങ്ങളേ...." വിലപിച്ചുകൊണ്ട് കദീശുതാത്ത അകത്തേക്ക് പോയി.മോലികാക്ക വരാന്തയിലിട്ട ചാരുകസേരയില്‍ ചിന്താമഗ്നനായി കിടന്നു.
Wednesday, March 14, 2007
ബാല്യകാലസ്മരണകള്‍ - മൂന്ന്
ഞങ്ങളുടെ പറമ്പില്‍ മാത്രം ഉണ്ടായിരുന്ന ഒരു മാവായിരുന്നു മൂവാണ്ടന്‍.ഉപ്പയുടെ നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത മാവാണ്.അവിടെ അതിനെ കുറുക്കന്‍ മാങ്ങ (കുറുക്കന്‍ തിന്നുന്നത് കൊണ്ടാവാം) എന്ന് വിളിക്കും.കണ്ണിമാങ്ങ കാലത്ത് ഇത്ര കയ്പുള്ള ഒരു മാങ്ങ ലോകത്ത് മറ്റൊന്നില്ല.അതുപോലെതന്നെ പഴുത്ത് കഴിഞ്ഞാല്‍ ഇത്ര സൗന്‍ദര്യവും(!) മധുരവുമുള്ള മറ്റൊരു മാങ്ങയുമില്ല (എന്ന് ഞാന്‍).കുഞ്ഞങ്കാക്കയെ പോലെ തന്നെ എലുമ്പനായി നില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്റെ ശിഖരങ്ങളില്‍ വെണ്ണീര്‍ കലര്‍ന്ന പച്ച നിറത്തില്‍ തൂങ്ങി നില്‍ക്കുന്ന മാങ്ങകള്‍ ഇന്നും കൊതിയൂറുന്ന കാഴ്ചയാണ്.
മാങ്ങാക്കാലമായാല്‍ ഞാന്‍ കുഞ്ഞങ്കാക്കയെ തന്നെ ചുറ്റിപ്പറ്റി നടക്കും.മാവില്‍ കയറാന്‍ കുഞ്ഞങ്കാക്കാക്കെ അറിയൂ.മാവിനെറിയാന്‍ പാടില്ല - ഉപ്പായുടെ സ്റ്റേ ഓര്‍ഡര്‍ നിലവിലുണ്ട്.തോട്ടിയിട്ട് പറിക്കാം - പക്ഷേ കുട്ടികളായ ഞങ്ങള്‍ക്ക് പൊങ്ങില്ല.പൊങ്ങുന്ന തോട്ടി മാവിലേക്കെത്തുകയുമില്ല.പിന്നെ പുളിയുറുമ്പ് (മിശ്‌റ്) ശല്യവും.കുഞ്ഞങ്കാക്കയെ ശട്ടം കെട്ടിയാല്‍ എല്ലാം സുന്ദരമായി നടക്കും.
അങ്ങിനെ ഒരു ദിവസം മാവ് കുലുക്കാന്‍ ഉപ്പ കുഞ്ഞങ്കാക്കയെ ഏല്‍പ്പിച്ചു.മുഴുവന്‍ കുലുക്കി കഴിഞ്ഞേ പെറുക്കാനിറങ്ങാവൂ എന്ന് കുഞ്ഞങ്കാക്കയുടെ സന്തതസഹചാരിയായ എനിക്ക് കുഞ്ഞങ്കാക്ക നിര്‍ദ്ദേശം തന്നു.മിനുട്ടുകള്‍ക്കകം കുഞ്ഞങ്കാക്ക മാവിന്റെ ഉച്ചിയിലെത്തി.
"ചക്കപ്പോ.... മാറിക്കോ...മാങ്ങ തലയില്‍ വീഴും....കുലുക്കാന്‍ പോവുകയാണ്.." കുഞ്ഞങ്കാക്ക മുകളില്‍ നിന്നും വിളിച്ചു പറഞ്ഞു.ഞാന്‍ അകലേക്ക് മാറിനിന്നു.കുഞ്ഞങ്കാക്കയുടെ കുലുക്കലില്‍ മാങ്ങ ചടപട വീണ് നാല്‌പാടും ചിതറി.
പെട്ടെന്നാണ് പഴുത്തൊരു മാങ്ങ വീണുകിടക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടത്.കുഞ്ഞങ്കാക്ക അടുത്ത കൊമ്പിലേക്ക് നീങ്ങുന്ന ഇടവേളയില്‍ ആ മാങ്ങ എടുക്കാന്‍ ഞാന്‍ ചാടി ഇറങ്ങി.ഇതൊന്നുമറിയാതെ കുഞ്ഞങ്കാക്ക നിന്ന നില്‍പ്പില്‍ നിന്ന് ശക്തിയായൊരു കുലുക്കല്‍ - " ഠേ " മുഴുത്തൊരു മാങ്ങ കൃത്യം എന്റെ തലയുടെ ഉച്ചിയില്‍ തന്നെ വീണു.വേദനയുടെ മരവിപ്പില്‍ നക്ഷത്രമെണ്ണിക്കൊണ്ട് ഞാന്‍ എങ്ങോട്ടോ ഓടി.കരഞ്ഞാല്‍ കുഞ്ഞങ്കാക്ക മാവില്‍ നിന്നിറങ്ങും, മാങ്ങ പറി നില്‍ക്കും എന്നതിനാല്‍ ഒന്ന് കരയാന്‍ പോലുമാവാതെ ഞാനിരുന്നു.അന്ന് ഒരു ചാക്ക് നിറയെ മൂവാണ്ടന്‍ മാങ്ങ കിട്ടിയെങ്കിലും എനിക്കശേഷം സന്തോഷം തോന്നിയില്ല.(അന്ന് വീണ ആ മാങ്ങയാണോ ഇന്നത്തെ എന്റെ കഷണ്ടിയുടെ രഹസ്യം എന്ന് ന്യായമായും ഞാന്‍ സംശയിക്കുന്നു.)