കോവിഡ് രണ്ടാം തരംഗം നാട്ടിലാകെ താണ്ഡവമാടുമ്പോൾ വീട്ടിൽ അടച്ചു പൂട്ടിയിരിക്കുകയല്ലാതെ മറ്റു നിർവ്വാഹമൊന്നുമോ ഇല്ലായിരുന്നു. മലപ്പുറം ജില്ലയിൽ മൂന്നാഴ്ചയോളം മുപ്പൂട്ട് ( എല്ലാം ചുരുക്കിപ്പറയുന്ന മലപ്പുറത്ത് ട്രിപ്പിൾ ലോക്‌ഡൗൺ ഇങ്ങനെ ചുരുക്കി പറയും) ആയതിനാൽ വീട്ടിലെ അടുക്കളത്തോട്ടം പരിപാലനത്തിലും ബ്ലോഗ്-വ്‌ളോഗ് തയ്യാറാക്കലിലും ആയിരുന്നു എന്റെ പ്രധാന ശ്രദ്ധ. അതിനിടയിൽ ആണ് തീർത്തും അപ്രതീക്ഷിതമായി രണ്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യേണ്ടി വന്നത്.
നാഷണൽ സർവീസ് സ്‌കീമിന്റെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും, ഇന്നും എന്റെ സിരകളിൽ ഒഴുകുന്ന രക്തത്തിന് ചൂടുണ്ടെങ്കിൽ നാഷണൽ സർവീസ് സ്‌കീം എന്ന് കേൾക്കുമ്പോൾ അതിന്റെ ഒഴുക്കിന് ഒരിക്കൽ കൂടി ചൂട് പിടിക്കും.ആ അവസ്ഥയിലാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ ഡോ. മിഥുൻ എന്നെ വിളിച്ചത്. കോഴിക്കോട് സർവകലാശാലക്ക് കീഴിൽ വരുന്ന തൃശൂർ ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറിമാർക്ക് വേണ്ടി ഒരു ഓറിയെന്റേഷൻ ക്ലാസ് എടുക്കാനാവശ്യപ്പെട്ടു കൊണ്ടായിരുന്നു ആ വിളി.
മിഥുൻ സാറെ മുൻ പരിചയമില്ലെങ്കിലും ഞാനാ ക്ഷണം സ്വീകരിച്ചു. കാരണം അദ്ദേഹം എന്നെ കണ്ടെത്തിയ രീതിയിലെ കൗതുകം തന്നെ. കേരളത്തിൽ എത്രയോ പ്രഗത്ഭരായ പ്രോഗ്രാം ഓഫീസർമാർ ഉണ്ടായിട്ടും അദ്ദേഹം പോയത് നേരെ എം.എച്.ആർ.ഡി വെബ്സൈറ്റിലേക്കാണ്.അവിടെ നിന്ന് അദ്ദേഹത്തിന് കിട്ടിയത് എന്നെയും എന്റെ സതീർഥ്യനായിരുന്ന കോതമംഗലം എം.എ എഞ്ചിനീയറിംഗ് കോളേജിലെ പ്രോഗ്രാം ഓഫീസറായ ഡോ. ജയ് എം പോൾ സാറെയും ആയിരുന്നു (ഞങ്ങൾ രണ്ട് പേരും ദേശീയ അവാർഡ് ജേതാക്കൾ ആയതിനാലാണ് എം.എച്.ആർ.ഡി വെബ്സൈറ്റിൽ വന്നത് ).
ക്ലാസ് ആരംഭിച്ചത് എനിക്കോർമ്മയുണ്ട്. പിന്നെ ഞാൻ പറഞ്ഞുകൊണ്ടേ ഇരുന്നു. രണ്ട് മണിക്കൂർ ഓൺലൈനിൽ തീർന്നത് ഞാനും അറിഞ്ഞില്ല, കേട്ടിരുന്ന മക്കളും അറിഞ്ഞില്ല.സെഷൻ കഴിഞ്ഞ് മീറ്റിൽ നിന്നും എല്ലാവരും ഇറങ്ങിയ ശേഷം മിഥുൻ സാർ എന്നെ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ സന്തോഷം പ്രകടിപ്പിച്ചപ്പോൾ എനിക്ക് വീണ്ടും അഭിമാനം തോന്നി.കാരണം തൃശൂർ ജില്ലക്കാരിയും യൂണിവേഴ്സിറ്റി റിസോഴ്‌സ് പേഴ്‌സണും ദേശീയ അവാർഡ് ജേതാവുമായ മുൻ പ്രോഗ്രാം ഓഫീസർ ഡോ. സോണിയെയും ഡോ. ജയ് എം പോൾ സാറേയും മിഥുൻ സാർ ബന്ധപ്പെട്ടപ്പോൾ അവരുടെ വിജയഗാഥക്ക് പിന്നിലുള്ള കൈ എന്റേതാണെന്ന് അറിയിച്ചിരുന്നു പോലും. യാതൊരു മുൻ പരിചയവും ഇല്ലാതെ എന്നെ തെരഞ്ഞെടുത്ത ശേഷമാണ് ഈ വിവരങ്ങൾ എല്ലാം കിട്ടിയത് എന്നും ശരിക്കും ഇതൊരു സർപ്രൈസ് സെലക്ഷൻ ആയിരുന്നു എന്നും അറിഞ്ഞപ്പോൾ എനിക്കും ഏറെ സന്തോഷമായി.
രണ്ടാമത്തെ ക്ലാസ് കോഴിക്കോട് , മലപ്പുറം ജില്ലകളിലെ പന്ത്രണ്ടോളം എൻ.എസ്.എസ് വളണ്ടിയർമാർക്കായിരുന്നു. വിവിധ എൻ.എസ്.എസ് യൂണിറ്റുകൾക്കായി ഓറിയന്റെഷൻ ക്ലാസ് എടുക്കാൻ ഒരു ടീമിനെ സജ്ജമാക്കുക എന്ന ആശയത്തോടെ കോഴിക്കോട് AWH പോളിടെക്ക്നിക്കിലെ അദ്ധ്യാപകനും ട്രെയിനറുമായ സുനിൽ എം.എസ് രൂപം കൊടുത്ത 'പെൻസിൽ ബോക്സ്' എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഈ ക്ലാസ്. രാവിലെ കൃത്യം ഏഴരക്ക് തുടങ്ങിയ പ്രോഗ്രാമിന്റെ ഒഴുക്ക് മന്ദഗതിയിലാകുമ്പോഴേക്കും സമയം ഒമ്പതര കഴിഞ്ഞിരുന്നു. കുട്ടികളുടെയും പങ്കെടുത്ത പ്രോഗ്രാം ഓഫീസർമാരുടെയും ഫീഡ്ബാക്ക് ആവേശം നിറഞ്ഞതായിരുന്നു.