രചയിതാവ് : നിഗാർ ബീഗം
പ്രസാധകർ : ലിപി പബ്ലിക്കെഷൻസ്
പേജ് : 80
വില : 80 രൂപ
എന്റെ ചിന്തകള് ഇറക്കിവച്ച് പൊടിതട്ടി മിനുക്കിയെടുക്കാനുള്ളൊരിടം....
2006-ൽ തുടങ്ങിയതാണ് ബ്ലോഗെഴുത്ത്. എഴുത്തിൻ്റെ പ്രവാഹം നിലക്കാത്തതിനാൽ അതിന്നും തുടരുന്നു. മുന്നൂറു മുതൽ ആയിരത്തി അഞ്ഞൂറ് വരെ ഒക്കെ ആളുകൾ വായിക്കുകയും മുപ്പത് മുതൽ അമ്പത് വരെ ഒക്കെ കമൻറുകൾ ( റിപ്ലെ ഒഴികെ) കിട്ടുകയും ചെയ്തിരുന്ന ഒരു കാലം ബ്ലോഗിനുണ്ടായിരുന്നു. ചില പുപ്പുലികൾക്ക് എല്ലാ പോസ്റ്റിനും നൂറിലധികം കമൻ്റ് കിട്ടിയതും ഓർക്കുന്നു. ഇന്ന് ബ്ലോഗെഴുത്ത് എനിക്ക് ആത്മസംതൃപ്തിക്ക് വേണ്ടി മാത്രമാണ്. മിക്ക പോസ്റ്റുകളും വായിക്കുന്നത് ഇരുപതോ മുപ്പതോ പേര് മാത്രം. കമൻ്റിടാൻ ആർക്കും ധൈര്യവും ഇല്ല !
ബ്ലോഗെഴുത്ത് തുടങ്ങുന്നതിന് രണ്ട് വർഷം മുമ്പ് തന്നെ ഞാൻ കമ്പ്യൂട്ടറുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നു. കമ്പ്യുട്ടർ പ്രോഗ്രാമർ എന്ന ജോലിയിലൂടെ. പക്ഷെ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് , ഇൻസ്റ്റഗ്രാം തുടങ്ങീ സോഷ്യൽ മീഡിയകളിൽ സജീവമാകാൻ ഞാൻ മടിച്ചു. ബ്ലോഗെഴുത്ത് നിലച്ച് പോകും എന്ന ഭയം തന്നെയായിരുന്നു അതിന് പിന്നിൽ. പക്ഷെ ബ്ലോഗ് പോലെ വ്‌ളോഗ് ചെയ്യുക എന്നൊരാശയം ഇത്ര കാലമായിട്ടും എൻ്റെ തലയിൽ കയറിയിരുന്നില്ല.
2020 ഏപ്രിൽ മാസത്തിൽ മലയാളികൾ മുഴുവൻ കൊറോണ ഭീതിയിൽ സ്വന്തം വീടുകളിലേക്ക് ഉൾവലിഞ്ഞപ്പോൾ യൂടൂബിൽ കാറ്റ് നിറയാൻ തുടങ്ങി. അഭൂത പൂർവ്വമായ വളർച്ചയാണ് മലയാളം വ്‌ളോഗ് രംഗത്ത് ലോക് ഡൗൺ സൃഷ്ടിച്ചത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഞാനും ആ വലയിൽ വീണു.
അങ്ങനെ എൻ്റെ വരികൾക്ക് മകൾ ശബ്ദം നൽകി അവൾ തന്നെ ക്യാമറയും എഡിറ്റിംഗും നിർവഹിച്ച് ആദ്യത്തെ വ്ലോഗ് 8.4.2020 ന് ലോകമാകമാനം റിലീസായി. മൈക്രോ ഗ്രീനിനെപ്പറ്റിയുള്ള മൂന്ന് മിനുട്ടിൽ താഴെയുള്ള ആ വീഡിയോ മുവായിരത്തിലധികം ആൾക്കാർ കണ്ടു. സബ്സ്ക്രൈബർമാരും ദിനംപ്രതി കൂടി. ആശയവും ക്യാമറയും എഡിറ്റിംഗും എല്ലാം കൃത്യസമയം പാലിക്കാതെ വന്നതോടെ രണ്ട് മാസം കൊണ്ട് തന്നെ ചാനൽ സംപ്രേഷണം നിലച്ചു.
ഇതങ്ങനെ നിർത്തേണ്ട സംഗതി അല്ല എന്ന തോന്നലും 250 ലധികം വരുന്ന സബ്സ്ക്രൈബർമാരെ പെരുവഴിയിലിട്ട് പോകുന്നതിലെ അനൗചിത്യവും കാരണം വീണ്ടും ഒരു ശ്രമം നടത്താൻ തീരുമാനിച്ചു.അങ്ങനെ പണ്ട് ബ്ലോഗിൽ ചെയ്തിരുന്ന പ്രതിവാരക്കുറിപ്പുകൾ എന്ന ഇംഗ്ലീഷ് പേരിൽ ഇറക്കി.ഉള്ള പ്രേക്ഷകർ കൂടി പോയിക്കിട്ടാൻ അത് സഹായകമായി. എങ്കിലും ചങ്കൂറ്റം എന്നെ മുന്നോട്ട് നയിച്ചു.ക്രമേണ എണ്ണം കൂടി വന്നെങ്കിലും 250 കടക്കാൻ പലപ്പോഴും പ്രയാസപ്പെട്ടു. സബ്സ്ക്രൈബർമാരുടെ എണ്ണവും സ്ഥിര സംഖ്യയായി.
ഒരു വ്‌ളോഗ് പബ്ലിഷ് ചെയ്‌താൽ ഞാൻ അംഗമായ മുപ്പതോളം വാട്സ്ആപ് ഗ്രൂപ്പിലും സുഹൃത്തുക്കൾക്ക് പി എം ലും ഇട്ടുകൊടുത്ത് നിരന്തരം ശല്യം ചെയ്ത് അവരെ സബ്സ്ക്രൈബർമാരാക്കി.അങ്ങനെ സബ്സ്ക്രൈബർമാർ അഞ്ഞൂറായെങ്കിലും കാണുന്നത് അതിന്റെ പകുതി പോലും ഇല്ലായിരുന്നു. ടൺ K യും മില്യണുകളും വ്യൂ ഉള്ള വീഡിയോകൾക്കിടക്ക് എൻ്റെ 250 ന്റെ വീഡിയോ കാണുമ്പോൾ എനിക്ക് തന്നെ നാണം തോന്നി.എങ്കിലും ചങ്കൂറ്റം എന്നെ മുന്നോട്ട് നയിച്ചു.
ഏതോ ഒരു സുപ്രഭാതത്തിൽ, കഴിഞ്ഞ 12 വർഷമായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന നടപടി ക്രമങ്ങളിൽ പലരും വരുത്തുന്ന തെറ്റുകളെക്കുറിച്ച് ഒരു അറിയിപ്പ് നൽകാം എന്ന് വെറുതെ തോന്നി. ആദ്യത്തെ വീഡിയോ ശ്രദ്ധ പിടിച്ചില്ലെങ്കിലും രണ്ടാമത്തേത് എന്നെ അത്ഭുതപ്പെടുത്തി. ആയിരത്തിലധികം ആൾക്കാർ അത് കണ്ടു. പിന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് സംബന്ധമായ വീഡിയോകൾ ഇട്ടു. സബ്സ്ക്രൈബർ എണ്ണം കുതിക്കുന്നത് ഞാൻ നോക്കി നിന്നു.
പതിനഞ്ച് ദിവസം കൊണ്ട് സബ്സ്ക്രൈബർമാരുടെ എണ്ണം 500 ൽ നിന്ന് 1000 ആയി.2021 ജനുവരിയിൽ അല്ലെങ്കിൽ അതും കഴിഞ്ഞ് ആയിരുന്നു ഈ മാന്ത്രിക സംഖ്യ ഞാൻ പ്രതീക്ഷിച്ചിരുന്നത്. മറ്റൊരു കടമ്പയായ 4000 മണിക്കൂർ വാച്ച് ഹവർ ദിനംപ്രതി പോസ്റ്റിട്ടാൽ മാത്രമേ എത്തൂ എന്നും ഞാൻ കണക്ക് കൂട്ടിയിരുന്നു.അതും ഇപ്പോൾ 2000 ന്റെ അടുത്തെത്തി.
ഇത്രയും മാരക അഡിക്ഷൻ സംഭവിക്കുന്ന ഒന്നാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. തോട്ടം തൊഴിലാളികൾ മുതൽ ഡോക്ടർമാർ വരെ വീഡിയോ ശ്രദ്ധിക്കുകയും നല്ല അഭിപ്രായങ്ങൾ ഫോണിലൂടെ അറിയിക്കുകയും ചെയ്യുമ്പോൾ ഈ ചാനലിലൂടെ ഞാൻ ഉദ്ദേശിച്ച കാര്യങ്ങൾ സാധിച്ചതായി തോന്നുന്നു.തുടക്കത്തിൽ ബ്ലോഗ് ലോകം തന്ന പിന്തുണ മറക്കാനാവാത്തതാണ് . എന്റെ എല്ലാ പ്രേക്ഷകർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
Channel Link : https://www.youtube.com/channel/UC96v87JZXuT6JPGyV_PN7oQ
16.10.2020 വെള്ളിയാഴ്ച . എൻ്റെ ജീവിതത്തിൽ എന്തോ ഒരു റീ സ്റ്റാർട്ട് നടന്നതായി അനുഭവപ്പെട്ട ദിവസമായിരുന്നു അന്ന്. അതെ , 13.3.2020 ന് ശേഷം ഇന്നാണ് ഞാൻ വെള്ളിയാഴ്ച ജുമുഅ യിൽ സംബന്ധിച്ചത്. അതായത് ഏഴ് മാസത്തിലധികം നീണ്ട ഒരു ഇടവേളക്ക് ശേഷമായിരുന്നു ഈ പളളിപ്രവേശം എന്നർത്ഥം.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ആഴ്ചയിൽ ഒരിക്കലുള്ള ഈ സാമൂഹ്യ സംഗമം പലതരത്തിലും പ്രാധാന്യമർഹിക്കുന്നതാണ്. മതവിശ്വാസ പ്രകാരമുള്ള ഒരു നിർബന്ധ കർമ്മം എന്നതിലുപരി ഈ സംഗമം പല ധർമ്മങ്ങളും നിർവ്വഹിച്ചിരുന്നു. വാർത്താവിനിമയ മാധ്യമങ്ങൾ ഇന്നത്തെപ്പോലെ സുലഭമല്ലാത്ത ഒരു കാലത്ത് സുഖാന്വേഷണങ്ങൾ നടന്നിരുന്നത് ഈ വാരാന്ത സംഗമത്തിലായിരുന്നു. പലരുടെയും കല്യാണ വിവരങ്ങളും രോഗ - മരണ വാർത്തകളും കൈമാറ്റം ചെയ്തിരുന്നതും പള്ളികളിൽ വച്ചായിരുന്നു. പലരും പലരെയും സാമ്പത്തികമായി സഹായിക്കുന്നതും ഈ സംഗമത്തിൻ്റെ ശേഷമായിരുന്നു.
മേൽ പറഞ്ഞവയെല്ലാം ഇന്ന് അപ്രസക്തമാണെങ്കിലും എൻ്റെ നാട്ടിലൊക്കെ പഴയ തലമുറയിൽ പെട്ടവർ ഇന്നും വെള്ളിയാഴ്ചയെ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. വീടിന് പുറത്ത് പോകാൻ ഒരവസരം എന്നതും സമപ്രായക്കാരെ കാണുന്നതിലുള്ള സന്തോഷവും ആണ് ഇതിൻ്റെ പിന്നിലെ രഹസ്യം. എന്നാൽ 65 വയസ്സിന് മുകളിലുള്ളവർ പുറത്തിറങ്ങരുത് എന്ന കോവിഡ് 19 നിർദ്ദേശം ഇവരെയെല്ലാം വീടുകളിൽ പൂട്ടിയിരിക്കുകയാണ്.
നാട്ടുകാരണവന്മാരുടെ അഭാവം പള്ളിയിൽ സൃഷ്ടിക്കുന്ന ശൂന്യത ഇന്ന് ശരിക്കും ഞാൻ തിരിച്ചറിഞ്ഞു. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള പള്ളിയിലെ ഇരുത്തവും പുതിയ അനുഭവമായി. നൂറിലധികം ആൾക്കാർ തിങ്ങി ഇരുന്ന് ശ്രവിക്കുന്ന ഉത്ബോധന പ്രസംഗം ശ്രവിക്കാനും നമസ്കാരത്തിൽ പങ്കെടുക്കാനും പരമാവധി നാൽപത് പേർക്കേ അനുവാദമുണ്ടായിരുന്നുള്ളൂ. അതും മുസല്ല അഥവാ നമസ്കാരപടം സ്വന്തമായി കൊണ്ടുവരികയും വേണം. തറയിൽ വിരിച്ചിരുന്ന പായ നീക്കം ചെയ്തതിനാൽ നമസ്കാര പടം കൊണ്ടു വരാത്തവർ പേപ്പറെങ്കിലും വിരിച്ചിരിക്കണം. ഇങ്ങനെ നിരവധി മാറ്റങ്ങളുമായി നടന്ന ജുമുഅ ജീവിതത്തിൽ ഒരു അടയാള ദിനമായി എന്നും നിലനിൽക്കും.
കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ റിസോഴ്സ് എൻ.ജി.ഒ. ആയി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ റിസർച്ച് സൊസൈറ്റി, മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ എമിനൻ്റ് സോഷ്യൽ വർക്കർ അവാർഡിന് എന്നെ തെരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിക്കുന്നു.
"ഫിക്ഷന്റെ സ്വതസിദ്ധമായ സ്വാതന്ത്ര്യത്തെയും സവിശേഷതകളെയും ഇത്രയും സഫലമായി പരിചരിക്കുന്ന നോവലുകൾ നമ്മുടെ ഭാഷയിൽ അധികമുണ്ടെന്ന് തോന്നുന്നില്ല.കഥകളുടെ അനന്തമായ രാവണൻ കോട്ടയിൽ അലയാൻ പ്രേരിപ്പിക്കുന്ന കഥാപരത തന്നെയാണ് ആയിരത്തൊന്ന് മലബാർ രാവുകളുടെ സവിശേഷത. ഫിക്ഷനുകളെക്കുറിച്ചുള്ള ഫിക്ഷൻ."
താഹ മാടായിയുടെ ഏറ്റവും പുതിയ പുസ്തകമായ ആയിരത്തൊന്ന് മലബാർ രാവുകളുടെ, ഈ പിൻകുറിപ്പ് വായിച്ചപ്പോൾ എനിക്ക് ഒന്നും മനസ്സിലായില്ല. പുസ്തകത്തിന്റെ കവറും എന്നെപ്പോലുള്ള അന്തം കമ്മികളെ കുമ്മിയടിപ്പിക്കും. എന്നാൽ കുഞ്ഞുമൊയ്തീൻ,കുഞ്ഞാലി,കുട്യാലി, കുഞ്ഞാമിനു , കുഞ്ഞപ്പ, കുഞ്ഞലിമ , കുഞ്ഞായിൻ മുസ്ല്യാർ എന്നീ "കു" കഥാപാത്രങ്ങളൂം പുസ്തകത്തിന്റെ പേരും ഒരു മലബാറുകാരനെ ഈ പുസ്തകം കയ്യിലെടുപ്പിക്കും.
പ്രായപൂർത്തിയായ ഒരു സ്ത്രീ ഒരു യുവാവിനോട് ഒരു സഹായം ആവശ്യപ്പെടുന്നതും അതിന്റെ മേൽ തല പുകച്ച് തല പുകഞ്ഞു പോകുന്ന ആ യുവാവിന്റെയും കഥയാണ് ഈ നോവൽ. ഇതിനിടയിലൂടെ നാട്ടിലെ ചില രഹസ്യങ്ങൾ കൂടി പുറത്ത് വരുന്നുണ്ട്. എം.മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി എന്ന നോവലും ഇതേ പോലെ ഒരു ദുരൂഹതക്ക് പിന്നിലൂടെയാണ് പുരോഗമിക്കുന്നത്.
ആയിരത്തൊന്ന് രാവുകളിൽ ഷെഹ്റാസാദ പറയുന്ന കഥകൾ പോലെയല്ല ആയിരത്തൊന്ന് മലബാർ രാവുകളിലെ കഥകൾ. അതിന്റെ നാലയലത്ത് പോലും എത്തില്ല എന്ന് ഞാൻ പറയും.എന്നാൽ കഥയുടെ ആഖ്യാന ശൈലി വ്യത്യസ്തമായതിനാലും തുടക്കം വല്ലാത്തൊരു 'പരിചയപ്പെടുത്തൽ' ആയതിനാലും വായന തുടരാൻ പ്രേരിപ്പിക്കും.ഒരു കൗമാര വായനക്കാരൻ കുഞ്ഞാലിയുടെ വഴികളിലൂടെ അപഥ സഞ്ചാരം നടത്താനും ഒരു പക്ഷെ ഈ പുസ്തകം കാരണമായേക്കും എന്ന് ഞാൻ ആശങ്കപ്പെടുന്നു.
മൂസാപ്പി ആയഞ്ചേരിയുടെ കുറിക്ക് കൊള്ളുന്ന വരികളും മീസാൻ കല്ലുകൾ ഇളക്കി കുഞ്ഞായിൻ മുസ്ല്യാർ പ്രത്യക്ഷപ്പെടുന്നതും എല്ലാം രസകരമായ ഒരു വായനാനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. പക്ഷെ പുസ്തകാവസാനം വായിച്ചെത്തുമ്പോൾ ആയിരത്തൊന്ന് രാവുകൾക്കിടയിൽ കണ്ട ഒരു സ്വപ്നം പോലെ അവ്യക്തമായിരിക്കും മനസ്സ് എന്നാണ് എൻ്റെ അനുഭവം.
പുസ്തകം : ആയിരത്തൊന്ന് മലബാർ രാവുകൾ
രചയിതാവ്: താഹ മാടായി
പ്രസാധകർ: DC Books
പേജ്: 120
വില : 120 രൂപ
ഡിഗ്രി കഴിഞ്ഞ ഉടനെയുള്ള വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു സിവിൽ സർവീസ് എഴുതുക എന്നത്. പരീക്ഷ പാസാകുക എന്നതല്ല, എഴുതുക എന്നത് തന്നെ. കാരണം അന്ന് ഉത്തര കേരളക്കാർ മുഴുവൻ പരീക്ഷ എഴുതേണ്ടത് കൊച്ചിയിൽ ആയിരുന്നു. അത് എഴുതാൻ പോകുന്നത് തന്നെ വലിയ ഒരു സംഗതി ആയിരുന്നു.
1992 ലാണാ സംഭവം. എറണാകുളം മഹാരാജാസ് കോളേജ് ആയിരുന്നു എന്റെ പരീക്ഷാ കേന്ദ്രം. മെറ്റൽ ഡിറ്റക്ടർ ഘടിപ്പിച്ച കവാടത്തിലൂടെ അകത്തേക്ക് കടന്നു പോയത് എന്റെ ഓർമ്മയിലുണ്ട്. അന്നത്തെ ചോദ്യങ്ങളും പരീക്ഷയുടെ സ്വഭാവവും ഒന്നും ഇന്ന് ഓർമ്മയിലില്ല. പരീക്ഷ എഴുതിയാൽ പിന്നെ റിസൾട്ട് വരുമ്പോൾ അതിലൂടെ കണ്ണോടിക്കുന്നത് ഒരു പതിവായതിനാൽ അന്നും അത് തെറ്റിച്ചില്ല. അത്ഭുതം ഒന്നും സംഭവിച്ചില്ല. അന്ന് കൊച്ചി കണ്ടത് മിച്ചം .
ഇന്ന് കാലം 2020 ൽ എത്തി നിൽക്കുന്നു.സിവിൽ സർവീസ് പരീക്ഷയിൽ യു.പി.എസ്.സി നിരവധി പരിഷ്‌കാരങ്ങൾ വരുത്തി. മലബാറുകാർക്ക് കോഴിക്കോട് പരീക്ഷാ കേന്ദ്രം വന്നു. കുട്ടികളിൽ സിവിൽ സർവീസ് അഭിരുചി കൂടുതലായി.കുഗ്രാമങ്ങളിൽ നിന്നും നാട്ടിൻപുറങ്ങളിൽ നിന്നും സിവിൽ സർവീസ് വിജയികൾ ഉണ്ടാകുന്നത് കൂടുതൽ പേർക്ക് പ്രചോദനം നൽകി.
അന്ന് ഞാൻ എഴുതിയ പരീക്ഷയെ ഇന്ന് അനുസ്മരിക്കാൻ കാരണം, ഇന്ന് നടന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ തന്നെ.മെറ്റൽ ഡിറ്റക്ടറിന് പകരം ഗേറ്റിൽ ഉണ്ടായിരുന്നത് തെർമൽ സ്കാനർ ആയിരുന്നു. കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ പുതിയ പ്രാക്ടീസ് ആയിരുന്നു അത്.അന്നത്തെ പോലെ മെറ്റൽ ഡിറ്റക്ടർ എവിടെയും കണ്ടില്ല. പക്ഷെ അന്ന് ഇല്ലാതിരുന്ന മൊബൈൽ ഫോണും അതിന്റെ ദുരുപയോഗവും ക്രമാതീതമായതിനാൽ മൊബൈൽ ജാമറുകൾ സ്ഥാപിച്ചത് കണ്ടു.
പരീക്ഷാർത്ഥി എന്നതിൽ നിന്നും ഉയർന്ന് ഞാൻ ഇൻവിജിലേറ്റർ എന്ന നിലയിലേക്കെത്തി. നാല് മണിക്കൂർ പരീക്ഷക്ക് പത്ത് മണിക്കൂറോളം ഡ്യൂട്ടി ചെയ്യണം എന്നതും തിരിച്ചറിഞ്ഞു. ടെക്‌നോളജി വികസിക്കുമ്പോഴും സമയ ലാഭം പല മേഖലയിലും ഇന്നും അപ്രാപ്യമാണ് എന്നും മനസ്സിലായി.