Pages

Sunday, February 26, 2017

ചേരമാന്‍ മസ്ജിദ്

    ബിനാലെ നഗരിയില്‍ എത്രയും പെട്ടെന്ന് എത്തണം എന്നായിരുന്നു എല്ലാവരുടെയും മനസ്സ് ആഗ്രഹിച്ചിരുന്നത്. പക്ഷെ, ഞങ്ങളുടെ ആതിഥേയന്റെ അതിഥി സല്‍ക്കാരത്തില്‍ സത്യം പറഞ്ഞാല്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ടു. 
   കൊടുങ്ങല്ലൂരിന് കിലോമീറ്ററുകള്‍ മാത്രം അകലെ ‘കടലായി’ എന്ന സ്ഥലത്താണ് ഞങ്ങള്‍ താമസിച്ചത് എന്ന് വാസിഹ് പറഞ്ഞു. മുമ്പ് അവിടെ കടല്‍ ആയിരുന്നു പോലും. “മുസ്‌രിസ്” എന്ന തുറമുഖ പട്ടണത്തെപ്പറ്റി ചരിത്രത്തില്‍ പഠിച്ചിരുന്നതിനാല്‍ അത് ശരിയായിരിക്കും എന്ന് എനിക്ക് തോന്നി. എന്റെ ചരിത്രബോധം കുടുംബത്തെ ധരിപ്പിച്ചപ്പോള്‍ ,അങ്ങനെയെങ്കില്‍ ‘കരയായി‘ എന്നല്ലേ പേരിടേണ്ടിയിരുന്നത് എന്ന മറുചോദ്യം !!
       കൊടുങ്ങല്ലൂര്‍ വരെ വാസിഹ് തന്നെ ഞങ്ങളെ കാറില്‍ എത്തിക്കാം എന്ന് അറിയിച്ചു. എങ്കില്‍ ബിനാലെയുടെ പേരിലെ വാല്‍ - മുസ്‌രിസിലെ പ്രധാന കൌതുകമായ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ചേരമാന്‍ മസ്ജിദ് ഒന്ന് കൂടി കാണാം എന്ന് തോന്നി. ഇന്ന് തന്നെ മട്ടാഞ്ചേരിയില്‍ ആദ്യത്തെ ജൂതപ്പള്ളിയും കാണാന്‍ ഉള്ളതിനാല്‍ ചരിത്രം പഠിക്കുന്ന കുട്ടികള്‍ക്ക് അത് പിന്നീട് ഓര്‍ത്തു വയ്ക്കാന്‍ എളുപ്പമാകും എന്നും തോന്നി.
   വെറും അരമണിക്കൂര്‍ യാത്ര ചെയ്തപ്പോഴേക്കും ഞങ്ങള്‍ ചേരമാന്‍ പള്ളിയിലെത്തി. വണ്ടി പാര്‍ക്കിംഗ് ചെയ്തപ്പോഴേക്കും ഒരാള്‍ റസീറ്റുമായി എത്തി. പള്ളിയുടെ ചുറ്റും താമസിക്കുന്നത് വാസിഹിന്റെ ബന്ധുക്കള്‍ ആണെന്ന് അവന്‍ പറഞ്ഞിരുന്നു.അവരിലാരുടെയോ പേര് പറഞ്ഞതോടെ മുറിച്ച റസീറ്റ് മറ്റാരെയോ തേടിപ്പോയി! മ്യൂസിയത്തോടനുബന്ധിച്ചുള്ള ഹാളില്‍ മുഹമ്മെദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക പ്രഭാഷണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ ഇത്തവണയും എനിക്ക് ആ മ്യൂസിയം കാണാന്‍ സാധിച്ചില്ല.
       മഹോദയപുരത്തെ രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതത്തില്‍ ആകൃഷ്ടനായി രാജഭരണം ബന്ധുക്കളെ ഏല്പിച്ച് മക്കയിലേക്ക് പോയെന്നും അവിടെ വച്ച് ഇസ്ലാം സ്വീകരിച്ച് താജുദ്ദീന്‍ എന്ന് പേരുമാറ്റിയെന്നും തിരിച്ച് കേരളത്തിലേക്ക് മടങ്ങും വഴി ഒമാനിലെ സലാലയില്‍ വച്ച് മരണപ്പെട്ടെന്നും ചരിത്രകാരന്മാര്‍ പറയുന്നു. മക്കയില്‍ നിന്നുള്ള മാലിക് ഇബ്നു ദീനാര്‍ ചേരമാന്‍ രാജാവിന്റെ എഴുത്തുമായി ഇന്ത്യയില്‍ എത്തി കൊടുങ്ങല്ലൂരില്‍ ആദ്യത്തെയും പിന്നീട് കേരളത്തിലെ മറ്റു സ്ഥലങ്ങളിലും പള്ളികള്‍ സ്ഥാപിച്ചു എന്നും ചരിത്രത്തില്‍ കാണാം.  
 പള്ളികകത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. എന്നാല്‍ പള്ളിക്കുളത്തിനടുത്തേക്കും മാലിക് ഇബ്നു ദീനാറിന്റെ മകന്‍ ഹബീബ് ഇബ്നു മാലിക്കിന്റെയും ഭാര്യ ഖുമരിയയുടെയും ആണെന്ന് പറയപ്പെടുന്ന ഖബറിടത്തിലേക്കും സ്ത്രീകള്‍ക്ക് പ്രവേശിക്കാം. ഞങ്ങള്‍ ആദ്യം പള്ളിക്കുളത്തിനടുത്തേക്ക് നീങ്ങി. പുനരുദ്ധാരണം നടത്തി കുളം നന്നായി മോടി പിടിപ്പിച്ചിരുന്നു.
മഖ്ബറ  (കടപ്പാട് : ചേരമാന്‍ മസ്ജിദ്)
      എ.ഡി 629ല്‍ ആണ് ചേരമാന്‍ പള്ളി സ്ഥാപിക്കപ്പെട്ടത് എന്ന് പള്ളിയുടെ ഗേറ്റിനടുത്തുള്ള ശിലാഫലകത്തില്‍ കൊത്തിവച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ജുമുഅ നമസ്കാരം (വെള്ളിയാഴ്ച പ്രാര്‍ത്ഥന) നടന്നതും ഇവിടെയാണെന്ന് പറയപ്പെടുന്നു.
 
                മെയിന്‍ ഗേറ്റിന് മുന്നില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന് എഴുതിക്കണ്ട ഞങ്ങള്‍ അകത്ത് കയറി അനുമതി ചോദിച്ചു. പള്ളിക്കകത്തേക്കാണ് പ്രവേശനം ഇല്ലാത്തത് എന്നും മഖ്ബറ കാണാമെന്നും അറിയിച്ചതിനാല്‍ ഭാര്യയെയും മക്കളെയും ഞാന്‍ അങ്ങോട്ട് പറഞ്ഞയച്ചു. ഞാനും വാസിഹും പള്ളിക്കകത്തേക്ക് കയറാനായി എതിര്‍ ദിശയിലും നീങ്ങി.

            അപ്പോഴാണ് പത്രങ്ങളിലും ആനുകാലികങ്ങളിലും കണ്ട് പരിചയമുള്ള ചില മുഖങ്ങള്‍ പരിവാര സമേതം കാല്‍ കഴുകി അകത്ത് കയറുന്നത് ഞങ്ങള്‍ കണ്ടത്. നേരത്തെ സൂചിപ്പിച്ച അനുസ്മരണ സമ്മേളനത്തിന് എത്തിയ സാഹിത്യകാരന്മാരായ ശ്രീ.ബാലചന്ദ്രന്‍ വടക്കേടത്ത്, സിപ്പി പള്ളിപ്പുറം, സച്ചിദാനന്ദന്‍ തുടങ്ങിയവരായിരുന്നു അത്. അവരുടെ കൂടെത്തന്നെ ഞങ്ങളും പള്ളിയില്‍ പ്രവേശിച്ചു (ക്യാമറ മകളുടെ കയ്യിലായതിനാല്‍ അവരുടെ കൂടെ ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല)

         പള്ളിക്കകത്തെ പ്രധാന ആകര്‍ഷണം വലിയ ഒരു തൂക്കു വിളക്കാണ്. ഇത് നിലവിളക്കാണെന്നും പള്ളിക്കകത്ത് നിലവിളക്ക് കത്തിക്കുന്ന ഏക പള്ളിയാണെന്നും എവിടെയോ വായിച്ചിട്ടുണ്ട്. അതേ സമയം പണ്ട് കാലത്ത് മതപഠനം നടത്താന്‍ പ്രകാശത്തിനായി ഉപയോഗിച്ചിരുന്ന വിളക്കാണെന്ന് അവിടെ വിവരിക്കുന്നത് കേട്ടു.പക്ഷെ ഈ വിളക്കിലേക്ക് എണ്ണ നേര്‍ച്ച നേരുന്നതായും എത്രയോ ലിറ്റര്‍ എണ്ണ അതുവഴി പ്രസാദമായി വിതരണം ചെയ്യുന്നതായും വിവരണത്തില്‍ നിന്ന് മനസ്സിലായി. പ്രാചീന മലയാളത്തില്‍ എന്തോ ലിഖിതവും വിളക്കിലുണ്ട്. തൊട്ടടുത്ത് തന്നെ മരത്തില്‍ കൊത്തുപണി ചെയ്തുണ്ടാക്കിയ മിമ്പറും (പ്രസംഗ പീഠം) കാണാം. പച്ചിലച്ചാറുകളില്‍ നിന്നുണ്ടാക്കിയ നിറമാണ് അതില്‍ പൂശിയത് എന്നും കേട്ടു.സാഹിത്യകാരന്മാരുടെ കൂടെ കയറിയതിനാല്‍ മുമ്പ് കേട്ടിട്ടില്ലാത്ത ചരിത്ര വിവരങ്ങള്‍  കൂടി ലഭിച്ച സന്തോഷത്തില്‍ ഞാന്‍ പുറത്തിറങ്ങി.
          പള്ളിമുറ്റത്ത് പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന സമയമായിരുന്നു. 2007ല്‍ കുടുംബ സമേതം ഹൈദരാബാദിലെ മക്കാ മസ്ജിദ് സന്ദര്‍ശിച്ചതും അന്ന് കുട്ടികളായിരുന്ന ലുലുവും ലുഅയും പ്രാവുകള്‍ക്ക് പിന്നാലെ ഓടിയതും പെട്ടെന്ന് മനോമുകുരത്തിലൂടെ മിന്നിമറഞ്ഞു. 
              എ ഡി 52ല്‍ സെന്റ് തോമസ് വന്നിറങ്ങിയ സ്ഥലവും ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന്‍ പള്ളി സ്ഥാപിച്ചതും  ചേരമാന്‍ പളളിയില്‍ നിന്ന് വെറും 5 കി.മി അകലെയാണെന്ന് അറിഞ്ഞു.ഭരണിപ്പാട്ട് കൊണ്ട്  പ്രസിദ്ധമായ ഭഗവതി ക്ഷേത്രവും  രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ്. കൊങ്കിണികള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന ഒരു ക്ഷേത്രവും സമീപത്ത് തന്നെയുണ്ട്. പളളിയില്‍ നിന്ന് 250 മീറ്റര്‍ അകലെ ചേര രാജാക്കന്മാരുടെ പഴയ കൊട്ടാരവും നിലകൊളളുന്നു.  പക്ഷെ സമയം കൂടുതല്‍ ഇല്ലാത്തതിനാലും ബിനാലെ കണ്ട് ഇന്ന് തന്നെ നാട്ടിലേക്ക് തിരിക്കാനുള്ളതിനാലും ഞങ്ങള്‍ എറണാകുളത്തേക്ക് ബസ് കയറി. 

( ചേരമാന്‍ മസ്ജിദിനെപ്പറ്റി കൂടുതല്‍ അറിയാന്‍ നിരക്ഷരന്റെ ഈ കുറിപ്പ് വളരെ ഉപകാരപ്രദമാകും )

Friday, February 24, 2017

മകരനിലാവ് കൂട്ടായ്മ

            അതിരപ്പിള്ളിയിൽ നിന്നും ചാലക്കുടി എത്താൻ ഒരു മണിക്കൂറിലധികം യാത്ര ചെയ്യണം. മടക്ക യാത്രക്കിടക്ക് അന്നത്തെ എന്റെ ആതിഥേയനും എന്റെ വളണ്ടിയർ സെക്രട്ടറിയുമായ അബ്ദുൽ വാസിഹിനെ വിളിച്ചു. ചാലക്കുടിയിൽ എത്തിയിട്ട് ഇനി അവന്റെ നാട്ടിലേക്കുള്ള ബസ് കിട്ടാൻ സാധ്യതയില്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം അവൻ പറഞ്ഞു.കുഴഞ്ഞ് മറിഞ്ഞ ഒരു പോംവഴിയും അവൻ പറഞ്ഞെങ്കിലും ഞാൻ അത് ശ്രദ്ധിച്ചില്ല. വരുമ്പോൾ കാണാം എന്ന നിലക്ക് വിട്ടു.

           രാത്രി 7:15ന് ചാലക്കുടി സ്റ്റാന്റിൽ എത്തിയപ്പോൾ കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് മനസ്സിലായി.ബസ് സ്റ്റാന്റിൽ ഒരു കയ്യിൽ എണ്ണാവുന്ന അത്രയും ബസ്സുകൾ പോലും ഇല്ല!അടുത്ത സ്റ്റെപ് എന്ത് എന്ന് ചോദിക്കാനായി വാസിഹിനെ വിളിച്ചപ്പോൾ അവൻ ഔട്ട് ഓഫ് കോർപ്പറേഷൻ ഏരിയയും!!ഭാഗ്യത്തിന് അവന്റെ ഉപ്പയെ ഫോണിൽ കിട്ടി.
സ്റ്റാന്റിൽ “മഹാമായ” ഉണ്ടോ എന്ന് നോക്കാൻ അദ്ദേഹം പറഞ്ഞത് എനിക്ക് മനസ്സിലാകാത്തതിനാൽ ഞാൻ ഉറക്കെ ചോദിച്ചു “മഹാമായയോ?”

“അതേ...ഇതാണ് മഹാമായ..!!” എന്റെ മുന്നിൽ നിന്ന കാക്കി കുപ്പായക്കാരൻ പറഞ്ഞു.അദ്ദേഹത്തിന്റെ ബസ്സിന്റെ പേര് ആയിരുന്നു മഹാമായ.ആ നാട്ടിലേക്കുള്ള അവസാന ബസ് ഞങ്ങളെയും കാത്ത് കിടന്നത് പോലെ!! അതെ, ദൈവത്തിന്റെ സഹായത്തിന് ഞാൻ വീണ്ടും നന്ദി പറഞ്ഞു.

             അങ്ങനെ വാസിഹിന്റെ വീട്ടിലെത്തി അവരുടെ പുത്തൻ‌ചിറ കോട്ടക്കപ്പാടത്ത് മകര നിലാവ് കൂട്ടായ്മയിൽ പങ്കെടുത്തു. ജൈവ അരി കൊണ്ട് ഉണ്ടാക്കിയ കഞ്ഞിയും അതിലേക്ക് തന്നെ വിളമ്പിയ ചക്കപ്പുഴുക്കും ഇടിച്ചക്ക തോരനും ഇപ്പോഴും എന്റെ വായയിൽ വെള്ളമൂറിക്കുന്നു.നാടിന്റെ പല ഭാഗത്ത് നിന്നുമുള്ള പരിസ്ഥിതി പ്രവർത്തകരും ബന്ധുക്കളും പങ്കെടുത്ത രസകരമായ ഒരു കൂട്ടായ്മയായി എനിക്ക് അത് അനുഭവപ്പെട്ടു.ആണും പെണ്ണുമടക്കം  നിരവധി പേർ ഞങ്ങളെ വന്ന് പരിചയപ്പെട്ടു. മൈക്ക് വച്ചുള്ള ഘോര ഘോര പ്രസംഗവും മറ്റും ഇല്ലാത്ത, മറ്റുള്ളവരെ ശല്യം ചെയ്യാതെ നാടൻ പാട്ടും നല്ല ചിന്തകളും പങ്കു വച്ച് കൊണ്ടുള്ള, ജാതി മത ഭേദമന്യേയുള്ളതും ഒരു വ്യക്തി നേതൃത്വം നൽകുന്നതുമായ ആ കൂട്ടായ്മയിൽ അധികം സമയം ചെലവഴിക്കാൻ കഴിയാത്തത് എനിക്ക് നഷ്ടമായിത്തോന്നി.

              വാസിഹിന്റെ കൊച്ചാപ്പയുടെ (ഉമ്മയുടെ അനിയത്തിയുടെ ) വീട്ടിലായിരുന്നു അന്ന് ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്. തലേ ദിവസം പാലുകാച്ചൽ നടന്ന വീട്ടിൽ ആദ്യത്തെ അതിഥികളായി ഞങ്ങൾ എത്തുമ്പോൾ അതൊരു സാധാരണ വീട് മാത്രമായി തോന്നി.പക്ഷേ സ്നേഹം കൊണ്ട് ഞങ്ങളെ വീർപ്പ് മുട്ടിച്ച ഞങ്ങളുടെ ആതിഥേയൻ ഒരു പുലിയാണെന്ന് പിറ്റേന്ന് ഇറങ്ങാൻ നേരത്താണ് മനസ്സിലായത്.

              നിരവധി രാജ്യങ്ങളുടെ നാണയങ്ങളും കറൻസിയും ശേഖരിക്കുകയും പ്രദർശനം നടത്തുകയും ചെയ്യുന്ന ഒരു വ്യക്തി. നിരവധി രാജ്യങ്ങളുടെ സ്റ്റാമ്പുകൾ ശേഖരിക്കുകയും പ്രദർശനം നടത്തുകയും ചെയ്യുന്ന ഒരു വ്യക്തി. പല രാജ്യങ്ങളിലെയും കറൻസികളെപ്പറ്റിയും സ്റ്റാമ്പിനെപ്പറ്റിയും ഉള്ള ആധികാരിക വിവരങ്ങളും അറിയപ്പെടാത്ത വിവരങ്ങളും നൽകുന്ന വ്യക്തി.കൌതുകം ഇതിൽ മാത്രമല്ല , പല തരത്തിലുള്ള കുപ്പികൾ ശേഖരിക്കുന്നതിലും ഉണ്ട്!!

             പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ സ്റ്റാമ്പ് അധിഷ്ടിതമായ നിരവധി  സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് സദാ പ്രവർത്തിക്കുന്ന ഇദ്ദേഹത്തെ മുഴുവൻ മനസ്സിലാക്കാൻ ദിവസങ്ങളോളം കൂടെ താമസിക്കേണ്ടി വരും എന്ന് എനിക്ക് തോന്നി. അറിഞ്ഞ വിവരങ്ങളും കൊണ്ട് ഞാനും കുടുംബവും അവരോട് സലാം പറഞ്ഞിറങ്ങി.

Sunday, February 19, 2017

ആതിരപ്പിള്ളി വെള്ളച്ചാട്ടം

             രണ്ടാം ശനിയാഴ്ച ആയതിനാല്‍ അതിരപ്പിള്ളിയില്‍ അന്ന് അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു.കൂടുതല്‍ സമയം പുറത്ത് കളഞ്ഞാല്‍ ദൈവം ഒരുക്കിയ ബിനാലെ കാണാതെ മടങ്ങേണ്ടി വരുമോ എന്ന സംശയം ഉയര്‍ന്നതിനാല്‍ കൊടും വെയിലിനെ അവഗണിച്ച് ഞങ്ങള്‍ അകത്ത് കയറി.ഇരു ഭാഗത്തും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ ഏകദേശം എല്ലാം തന്നെ എന്റെ തലപോലെ ആയിരുന്നു. വെള്ളച്ചാട്ടത്തിലേക്ക് നീളുന്ന കോണ്‍ക്രീറ്റ് പാതയിലൂടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങി.
              വെള്ളച്ചാട്ടത്തിന്റെ ശബ്ദം ദൂരെ നിന്ന് തന്നെ കേള്‍ക്കുന്നുണ്ടെങ്കിലും അത് നേരിട്ട് കാണാന്‍ താഴെ വരെ ഇറങ്ങി എത്തേണ്ടതുണ്ട്. മക്കള്‍ മുന്നിലും ഞാന്‍ പിന്നിലുമായി ഇറക്കം ആരംഭിച്ചു. "Breath taking waterfall may take your breath...." എന്ന് തുടങ്ങുന്ന ഒരു മുന്നറിയിപ്പ് ബോര്‍ഡ് താഴേക്ക് ഇറങ്ങുന്നവര്‍ക്കുള്ള സൂചന തന്നെയാണ്.എന്നിട്ടും കാലിന് വയ്യാത്തവരും തടി കൂടിയവരും എല്ലാം താഴേക്ക് ഇറങ്ങുന്നത് കണ്ടു.മുകളിലേക്ക് കയറി വരല്‍ അത്ര എളുപ്പമല്ല എന്ന് ഇറങ്ങുന്നവര്‍ അറിയുന്നില്ല. ആരോഗ്യപരമായി താരതമ്യേന ഒരു പ്രശ്നവും ഇല്ലാത്ത ഞാന്‍ അനുഭവിച്ച പ്രയാസങ്ങള്‍ ,താഴേക്ക് ഇറങ്ങാന്‍ ശ്രമിച്ച ചിലരോടെങ്കിലും ഷെയര്‍ ചെയ്തു.നല്ലൊരു വഴി ഉണ്ടായിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഈ മനോഹര വെള്ളച്ചാട്ടം അനുഭവിക്കാന്‍ സാധിക്കുമായിരുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു.”ഗ്രീന്‍ കാര്‍പറ്റ്” എന്ന പദ്ധതിയിലൂടെ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ ലക്ഷ്യമിടുന്നതും അത് തന്നെയാണ്.
               ശരാവതി നദിയിലെ മനോഹരമായ വെള്ളച്ചാട്ടമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ജോഗ് വെള്ളച്ചാട്ടം. ഏകദേശം അതുപോലെ തന്നെ കുറെ പാറക്കെട്ടുകളിലൂടെ മന്ദം മന്ദം ഒഴുകിയെത്തി പിന്നെ വലിയൊരു പാറക്കെട്ടില്‍ നിന്നും താഴേക്ക് മൂക്കും കുത്തി വീഴുന്നതാണ് ചാലക്കുടി പുഴയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടവും. 24 മീറ്റര്‍ മാത്രമേ ഉയരമുള്ളൂ എന്ന് മാത്രം.
            നിരവധി സിനിമാ രംഗങ്ങള്‍ ഈ സ്ഥലത്ത് വച്ച് ഷൂട്ട് ചെയ്തതായി പറയപ്പെടുന്നു. ഞാന്‍ അവിടെ നില്‍ക്കുമ്പോള്‍ തന്നെ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി ‘ബാഹുബലി’ ഇവിടെ ഷൂട്ട് ചെയ്തതല്ലേ എന്നൊരു ചോദ്യവും എന്നോട് ചോദിച്ചു.സിനിമയെപ്പറ്റി എനിക്ക് അധികം വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ എനിക്കതിന് ഉത്തരം പറയാന്‍ സാധിച്ചില്ല. ഷാറൂഖ് ഖാന്റെ ‘ദിത്സെ’ അടക്കം ഹിന്ദി,തമിഴ്,മലയാളം ചിത്രങ്ങളിലെ പാട്ട് രംഗങ്ങള്‍ പലതും ഇവിടെയാണ് ചിത്രീകരിച്ചത് എന്ന് ഞാന്‍ പിന്നീട് വായിച്ചറിഞ്ഞു.    
              അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഇരുവശവും നല്ല വനങ്ങളാണ്. ഈ വനവും ജലപാതവും സമീപ ഭാവിയില്‍ തന്നെ സഞ്ചാരികളുടെ അതിക്രമം കാരണം ഇല്ലാതാകും എന്ന് തീര്‍ച്ചയാണ്. അത്രയും അധികം പ്ലാസ്റ്റിക് ഉല്പ‍ന്നങ്ങളാണ് ദിനേന അവിടെ നിക്ഷേപ്പിക്കപ്പെടുന്നത്. അധികൃതരും ഈ പ്രകൃതി ദാരുണ വധത്തെ എതിര്‍ക്കുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.
              വെള്ളച്ചാട്ടം താഴെ എത്തി ആസ്വദിക്കുന്നത് തന്നെയാണ് ഏറെ രസകരം. ചാടുന്ന വെള്ളത്തില്‍ നിന്ന് ഉതിരുന്ന ജലകണങ്ങള്‍ ദേഹത്ത് വന്ന് വീഴുമ്പോള്‍ ലഭിക്കുന്ന പ്രത്യേക അനുഭൂതി അനുഭവിച്ചറിയുക തന്നെ വേണം. എല്ലാം ആവോളം ആസ്വദിച്ച് ഞങ്ങള്‍ മേലേക്ക് തന്നെ കയറി.
            പരന്നൊഴുകുന്ന ചാലക്കുടി പുഴയിലെ പാറക്കെട്ടുകളില്‍ അല്പ സമയം ചെലവഴിക്കാന്‍ ഞങ്ങള്‍ പുഴയിലേക്ക് ഇറങ്ങി. കുളിക്കാനുള്ള സൌകര്യവും ഇവിടെയെ ഉള്ളൂ. വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാന്‍ സാധിക്കില്ല. കരയില്‍ ബാഗും മറ്റ് വസ്തുക്കളും വച്ച് പുഴയില്‍ ഇറങ്ങിയാല്‍ വാനരന്മാര്‍ അവ തട്ടിക്കൊണ്ടു പോകും.ആട്ടിയോടിക്കാന്‍ ശ്രമിച്ചാല്‍ ശബ്ദമുണ്ടാക്കി മറ്റു വാനരന്മാരെയും എത്തിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും.ഞാന്‍ നോക്കി നില്‍ക്കെ ഒരു കുരങ്ങ് അവിടെ ഇരിക്കുന്ന സ്ത്രീകളില്‍ ഒരാളെ പിന്നില്‍ നിന്നും കയറിപ്പിടിച്ചു. അവന്‍ ‘വാ’നരന്‍ ആയതിനാല്‍ സ്ത്രീപീഢന കേസില്‍ നിന്നും രക്ഷപ്പെട്ടു.
            സമയം ഇരുട്ടാന്‍ തുടങ്ങി.സൂര്യന്‍ ചക്രവാളത്തില്‍ നിന്ന് മായുന്നതും ഇവിടെ നിന്നും കാണുന്നതിന് ഒരു പ്രത്യേക മാനോഹാ‍രിതയുണ്ട്. പാറക്കൂട്ടങ്ങള്‍ കറുത്തിരുണ്ട് തുടങ്ങി.സൂര്യന്‍ വെള്ളത്തില്‍ വരക്കുന്ന പ്രകാശ ചിത്രം അതിമനോഹരമാണ്.
             പുഴയില്‍ നിന്നും കയറി ഞങ്ങള്‍ പുറത്തേക്ക് നീങ്ങുമ്പോള്‍ വഴിയരികില്‍ തന്നെ ഒരു ഇലയനക്കം.ദൂരെ നിന്നും കണ്ടപ്പോള്‍ ഒരു കഴുതയാണെന്ന് എനിക്ക് തോന്നി,മറ്റുള്ളവര്‍ക്ക് പശുവായും. അടുത്തെത്തിയപ്പോഴാണ് ആ കാട്ടില്‍ വസിക്കുന്ന കേഴമാനുകളാണ് അവ എന്ന് മനസ്സിലായത്.
              വാഴച്ചാലിലേക്ക് ഇതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പ്രവേശിക്കാം. അതിരപ്പിള്ളിയില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരമുണ്ട്. വഴിയില്‍ ചെര്‍പ്പ എന്നൊരു വെള്ളച്ചാട്ടം കൂടി ഉണ്ട്. പക്ഷെ 5 മണി വരെയേ പ്രവേശനം അനുവദിക്കൂ. ഇപ്പോള്‍ തന്നെ സമയം 6 മണിയായി. ഗേറ്റിന് പുറത്ത് കണ്ട ആദ്യത്തെ ബസ്സില്‍ തന്നെ ഞങ്ങള്‍ ചാലക്കുടിയിലേക്ക് തിരിച്ച് കയറി.

ഇനി ബിനാലെ കാണണം...അതിന് മുമ്പ് മറ്റു ചിലതും...പറയാം, അടുത്ത പോസ്റ്റില്‍.

Thursday, February 16, 2017

ആതിരപ്പിള്ളിയിലേക്ക്....

            ആതിരപ്പിള്ളി എന്ന് പറയുമ്പോഴേ വായയില്‍ വാഴച്ചാലും ഓട്ടോമാറ്റിക്കായി എത്തും (സംശയമുണ്ടെങ്കില്‍ ഒന്ന് പറഞ്ഞ് നോക്കുക) ! അതിന്റെ ഗുട്ടന്‍സ് അറിയാന്‍ ഒന്ന് അവിടെ സന്ദര്‍ശിക്കാനുള്ള ആഗ്രഹം കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്തോ, സമയവും സന്ദര്‍ഭവും ഇക്കഴിഞ്ഞ 44 വര്‍ഷത്തിനിടക്ക് ഒത്ത് വന്നില്ല. സ്കൂള്‍ ടൂറുകള്‍ മിക്കതും ഇപ്പറഞ്ഞ സ്ഥലത്തേക്കായിരിക്കും.പക്ഷെ എനിക്കും, പ്ലസ് ടു , എട്ട് , ഒന്ന് ക്ലാസ്സുകളില്‍ പഠിക്കുന്ന മക്കള്‍ക്കും ഇതുവരെ അവസരം ലഭിച്ച ടൂറുകള്‍ ഒന്നും ഇങ്ങോട്ടായില്ല.വിരോധാഭാസമെന്ന് പറയട്ടെ സ്കൂളില്‍ നിന്ന് ഒരേ ഒരു ടൂര്‍ പോകാന്‍ അവസരം ലഭിച്ച എന്റെ സഹധര്‍മ്മിണിക്ക് കാണാന്‍ സാധിച്ചത് ആതിരപ്പിള്ളിയും !!

              അങ്ങനെയിരിക്കെയാണ് കൊച്ചിയില്‍ മൂന്നാമതും ബിനാലെ എത്തിയതും എന്റെ മക്കള്‍ക്ക് അത് കാണാന്‍ മോഹമുദിച്ചതും. അതെ സമയം തന്നെയാണ് ചാലക്കുടിയില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അപ്പുറത്ത് പുത്തന്‍‌ചിറയില്‍ താമസിക്കുന്ന എന്റെ എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറിയുടെ വീട്ടില്‍ വര്‍ഷം തോറും നടന്നു വന്നിരുന്ന “മകരനിലാവ് കൂട്ടായ്മ” യുടെ പുനരുജ്ജീവന സംഗമവും. രണ്ടും കൂടി കൂട്ടി അടിച്ച് ഒരു ഫാമിലി ടൂര്‍ ആക്കാം എന്ന് കരുതിയപ്പോള്‍ മൂത്തമോള്‍ ലുലുവിന് പ്ലസ് ടു മോഡല്‍ അറബി പരീക്ഷ ബാക്കി. എങ്കിലും രണ്ടും കല്‍പ്പിച്ച് രാവിലെ ആറ് മണിയുടെ ബസ്സിന് ഞങ്ങള്‍ പുറപ്പെട്ടു.അങ്ങാടിപ്പുറത്ത് നിന്നും ട്രെയിന്‍ മാര്‍ഗ്ഗം തൃശൂരിലും  അടുത്ത ട്രെയിനില്‍ ചാലക്കുടിയിലും എത്തുമ്പോള്‍ സമയം 11 മണി കഴിഞ്ഞിരുന്നു.കൊച്ചുമോന്‍ ലിദുവിന്റെ ആദ്യത്തെ ട്രെയിന്‍ യാത്രയായിരുന്നു ഇത്. അവനുള്ള ഭക്ഷണം നല്‍കല്‍ കഴിഞ്ഞതോടെ സമയം പതിനൊന്നര കഴിഞ്ഞു.

                  സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി അടുത്ത ബസ്സിന് കയറി 12 മണിയോടെ മുനിസിപ്പല്‍ ബസ്‌സ്റ്റാന്റില്‍ എത്തി.രാവിലെ ഒമ്പതര മണിക്ക് ഒരു KSRTC പോയാല്‍ പിന്നെ അടുത്തത് 12:05ന് ആണെന്ന്  www.aanavandi.com ല്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു. അത്രയും തിരക്ക് പ്രതീക്ഷിച്ചതിനാല്‍ നേരെ KSRTC സ്റ്റാന്റിലേക്ക് പോയാലോ എന്നും ആലോചിച്ചു പോയി. ദയവ് ചെയ്ത് ആരും അത്തരം മണ്ടത്തരം കാണിക്കരുത്. പ്രൈവറ്റ് ബസ്സുകള്‍ ഇടക്കിടക്ക് സര്‍വീസ് നടത്തുന്നതിനാല്‍ ഒരു തിരക്കും ഇല്ല.ഞങ്ങള്‍ സ്റ്റാന്റില്‍ എത്തുമ്പോള്‍ ട്രാക്കില്‍ നിന്നും മാറി ഒരു പ്രൈവറ്റ് ബസ് കിടന്നിരുന്നു.നേരത്തെ സൂചിപ്പിച്ച KSRTC പോകാനുണ്ട് എന്ന് അവര്‍ പറഞ്ഞു.സ്റ്റേഷനില്‍ കണ്ട മിക്കവരും ബസ്സില്‍ സ്ഥലം പിടിച്ചിരുന്നതിനാല്‍ ഞങ്ങളും അതില്‍ കയറി.

               ചാലക്കുടിയില്‍ നിന്ന് 25 രൂപയാണ് അതിരപ്പിള്ളിയിലേക്ക് ബസ് ചാര്‍ജ്ജ്. ഏകദേശം ഒരു മണിക്കൂറും 15 മിനുട്ടും സമയം എടുക്കും.ഇടക്ക് അല്പ നേരം കാട്ടിലൂടെ യാത്രയുണ്ട്. വേനല്‍ ആയതിനാല്‍ കാട് വളരെ ഡ്രൈ ആണ്.മഴക്കാലം കഴിഞ്ഞ ഉടനെയാണെങ്കില്‍ യാത്ര രസകരമായിരിക്കും എന്ന് തോന്നുന്നു.പക്ഷെ വെള്ളച്ചാട്ടത്തിന് അടുത്ത് എത്താന്‍ പ്രയാസവും ആയിരിക്കും. പോകുന്ന വഴിയിലാണ്  ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കും സില്‌വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കും. സൌജന്യമായി പുഴയില്‍ കുളിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് കാശ് കൊടുത്ത്  കുളത്തില്‍ കളിക്കാന്‍ ഇവിടെങ്ങളില്‍ സൌകര്യം ഉണ്ടാകും.

              റോഡിന്റെ ഒരു വശം മുഴുവന്‍ കിലോമീറ്ററുകളോളം നീളുന്ന ഒരു പ്രത്യേക തരം മരം കണ്ടു. സഹയാത്രികനോട് ചോദിച്ചപ്പോഴാണ് അത് ഗവണ്മെന്റ് വക എണ്ണപനത്തോട്ടമാണെന്ന് മനസ്സിലായത്. വയനാട് ചുണ്ടയില്‍ റോഡ് സൈഡിലെ ഒരു തോട്ടത്തില്‍ വളര്‍ന്ന് വരുന്നതും ഇതു തന്നെയാണെന്ന് ഇപ്പോള്‍ മനസ്സിലായി (മനസ്സില്‍ പുകയുന്ന ഒരു ചോദ്യത്തിന് അതോടെ ഉത്തരമായി!). 

              ഉച്ചക്ക് ഒന്നേ കാല്‍ മണിയോടെ ഞങ്ങള്‍ അതിരപ്പിള്ളിയില്‍ എത്തി. കൌണ്ടറിനടുത്ത് ഇറങ്ങി ടിക്കറ്റെടുക്കാന്‍ ബസ് കണ്ടക്ടര്‍ എന്നോട് പറഞ്ഞു.കുടുംബത്തെയും വഹിച്ച് ബസ് മുന്നോട്ട് നീങ്ങി. മറ്റൊരാളുടെ കൂടെ യാത്ര ചെയ്തിരുന്ന ഒരു വിദേശി വനിത ഒപ്പമുള്ളയാള്‍ ഇറങ്ങിയതറിയാതെ ബഹളം വച്ചതായി പിന്നീട് ഞാനറിഞ്ഞു.കൌണ്ടറും പ്രവേശന കവാടവും അത്യാവശ്യം ദൂരമുണ്ട്. പ്രൈവറ്റ് ബസ്സ് ആയതിനാല്‍ അവര്‍ കൃത്യമായി എല്ലാം പറഞ്ഞ് തന്നു. മുതിര്‍ന്നവര്‍ക്ക് 30 രൂപയും 5 മുതല്‍ 13 വയസ്സ് വരെയുള്ളവര്‍ക്ക് 2 രൂപയും(ഇത് എന്നത്തെ റേറ്റ് ആണാവോ?)  സ്റ്റില്‍ ക്യാമറക്ക് 20 രൂപയും ആണ് ചാര്‍ജ്ജ്.

            ടിക്കറ്റെടുത്ത്  പ്രവേശന കവാടത്തിലേക്ക് നടക്കുന്ന വഴിയില്‍ നിന്നുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വിദൂര കാഴ്ച കാണാന്‍ പോകുന്ന പൂരത്തെപ്പറ്റിയുള്ള മുന്നറിയിപ്പാണ്. 
               നല്ല വെയിലായതിനാല്‍ തൊട്ടടുത്ത ഹോട്ടലില്‍ കയറി ഊണ് കഴിച്ച് കുറെ നേരം അവിടെത്തന്നെ വിശ്രമിച്ച ശേഷമാണ് ഞങ്ങള്‍ അകത്തേക്ക് കയറിയത്. ആ കാഴ്ചകളും അനുഭവങ്ങളും പിന്നീട്.

Tuesday, February 14, 2017

മരണത്തിന്റെ വാട്ട്സാപ്പ് സന്ദേശം

കുപ്പായത്തിന്റെ കീശയിലിട്ട സ്മാർട്ട് ഫോണിൽ നിന്ന് വാട്ട്സാപ്പ് സന്ദേശം വന്നതിന്റെ അടയാളം അവൻ കേട്ടു...ജലത്തിനടിയിൽ നിന്നും ഒരു കുമിള ഉയർന്നുവരുന്ന ശബ്ദം പോലെ.

സാങ്കേതിക വിദ്യ എല്ലാ ഹൃദയങ്ങളെയും ചുരുക്കി.  വികിരണങ്ങൾ അതിനെ മുക്കിക്കൊന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെ അവസാന ശ്വാസത്തിന്റെ കുമിളകൾ രക്തത്തിലൂടെ ഉയർന്ന് വരുമ്പോൾ ഉണ്ടാകുന്നതും ഇതേ ശബ്ദം തന്നെയല്ലേ? അവൻ ചിന്തിച്ചു.

പിറ്റേ ദിവസത്തെ ചരമക്കോളത്തിൽ അവന്റെ പടവും ഉണ്ടായിരുന്നു.

Friday, February 10, 2017

ബിനാലെ കാണാന്‍...

2012ല്‍ ആണ് കൊച്ചിന്‍ മുസ്രിസ് ബിനാലെ ആരംഭിച്ചത്. 12/12/12 എന്ന തീയതിയുടെ കൌതുകം കാരണം അന്നാണ് അത് ഉത്ഘാടനം ചെയ്യപ്പെട്ടത്. അന്ന് കേരള ജനതക്ക് എന്നല്ല ഇന്ത്യന്‍ ജനതക്ക് തന്നെ ഇത് എന്താണ് സംഭവം എന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് ബിനാലെ വീണ്ടും 2014ല്‍ എത്തി.ഡിസംബറില്‍ ആരംഭിച്ച് 100 ദിവസത്തിലധികം അത് കൊച്ചിയില്‍ ആറാടി.എന്നിട്ടും കേരള ജനത അതിന് വലിയ പ്രാധാന്യം നല്‍കിയില്ല എന്ന് തോന്നുന്നു - ആര്‍ക്കെങ്കിലും മനസ്സിലാകുന്ന സംഗതി ആണെങ്കില്‍ അല്ലേ അങ്ങോട്ട് അടുക്കൂ !!

ആദ്യ ബിനാലെ കണ്ട അല്പം ചില കേരളീയ കുടുംബങ്ങളില്‍ ഒന്ന് എന്റെതാണ് എന്ന് ഞാന്‍ അഭിമാനപൂര്‍വ്വം പറയാറുണ്ട് - എനിക്കും അന്ന് ഒന്നും മനസ്സിലായില്ല എന്നത് സത്യം തന്നെ. അന്നത്തെ ചില ഇന്‍സ്റ്റലേഷനുകളെപ്പറ്റി ഇതാ ഇവിടെ സവിസ്തരം പറഞ്ഞിട്ടുണ്ട്.

അന്ന് എന്റെ മൂത്ത മകള്‍ എട്ടാം ക്ലാസ്സിലും രണ്ടാമത്തെ മോള്‍ നാലാം ക്ലാസ്സിലും മൂന്നാമള്‍ പൊടിമോളും ആയിരുന്നു. ആ ബിനാലെ ഓര്‍മ്മയില്‍ അല്പമെങ്കിലും തങ്ങി നില്‍ക്കുന്ന മൂത്ത മോള്‍ ലുലുവിന് ഈ വര്‍ഷവും ബിനാലെ കാണാന്‍ ആഗ്രഹം !! അടുത്ത ബിനാലെക്ക് ഇനിയും രണ്ട് വര്‍ഷം കാത്ത് നില്‍ക്കണം എന്നതിനാലും ഈ ശനിയാഴ്ച എനിക്ക് തൃശൂര്‍ ചാലക്കുടിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഉള്ളതിനാലും ഇതു തന്നെ നല്ല അവസരം എന്ന് തീരുമാനമായി.അങ്ങനെ  ലുലുവിന് പ്ലസ് ടു മോഡല്‍ പരീക്ഷ നടക്കുകയാണെങ്കിലും ഞങ്ങള്‍ ബിനാലെ കാണാന്‍ നാളെ എറണാകുളത്തേക്ക്...

എന്റെ ബ്ലോഗിന്റെ അതേ ടൈറ്റില്‍ പോലെയുള്ള  മനോരാജ്യത്തില്‍  ബിനാലെ കണ്ട അനുഭവം വായിച്ചു. ആദ്യ ബിനാലെ കണ്ട എന്റെ അതേ അവസ്ഥ തന്നെയാണ് ദിവാകരന്‍‌ജിക്ക് എന്ന് മനസ്സിലായി. ബാക്കി ഇനി ഞാന്‍ കണ്ടതിന് ശേഷം പറയാം , ഇന്‍ഷാ അല്ലാഹ്.

താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ്

അപ്പോള്‍ പറഞ്ഞു വരുന്നത് താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ് എന്നെ സഹായിച്ച കഥകള്‍. ഞാന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആയി ചാര്‍ജ്ജ് എടുത്ത ശേഷം എത്ര തവണ കളമശ്ശേരിയില്‍ പോയി എന്ന് എനിക്കറിയില്ല. അത്യാവശ്യം നന്നായി പ്രവര്‍ത്തിക്കുന്ന മിക്ക യൂണിറ്റുകളിലെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും സ്ഥിതി ഇതു തന്നെയായിരിക്കും.

കളമശ്ശേരിയിലെ യോഗങ്ങള്‍ എല്ലാം തെക്ക് നിന്നും വടക്കു നിന്നും വരുന്ന ട്രെയിനുകള്‍ ആലുവ എത്തുന്ന സമയത്തിനനുസരിച്ചാണ് ക്രമീകരിക്കാറ്. നിര്‍ഭാഗ്യവശാല്‍ വടക്ക് നിന്നുള്ള രണ്ട് ട്രെയിനും പിടിക്കണമെങ്കില്‍ ഞാന്‍ തലേ ദിവസം റെയില്‍‌വെ സ്റ്റേഷനില്‍ എത്തണം , നാട്ടില്‍ നിന്നുള്ള ബസ്, ട്രെയിന്‍ പോയി അഞ്ച് മിനുട്ട് കഴിഞ്ഞേ കോഴിക്കോട്ടെത്തൂ എന്നത് തന്നെ കാരണം. ഏതെങ്കിലും ഒരു ഡ്രൈവര്‍ കനിഞ്ഞാല്‍ ഒഴിവാക്കാവുന്ന പ്രശ്നം.പക്ഷേ രണ്ടും നടക്കാത്ത സ്വപ്നം.

അതേപോലെ തന്നെയാണ് മീറ്റിംഗ് കഴിഞ്ഞുള്ള അവസ്ഥയും.രണ്ട് മണിക്ക് ശേഷമാണ് കഴിയുന്നതെങ്കില്‍ ഏത് ട്രെയിനിന് പോന്നാലും അന്ന് രാത്രി റെയില്‍‌വെ സ്റ്റേഷനെ തറവാട് എന്ന് ഉറപ്പ്. ബസ്സിനാണെങ്കിലും ഏതെങ്കിലും ബസ്‌സ്റ്റാന്റില്‍ രാത്രിയുറക്കം സോറി രാത്രികറക്കം നിര്‍ബന്ധം.

അങ്ങനെ ഏതോ ഒരു മാര്‍ച്ച് മാസത്തിലെ ഒരു ദിവസം. കളമശ്ശേരിയിലെ യോഗം കഴിഞ്ഞത് രണ്ടരക്ക്. രാവിലെ അങ്ങോട്ട് എത്തിയ കണക്കനുസരിച്ച് തിരിച്ചെത്താന്‍ പറ്റും എന്ന് തോന്നിയതിനാല്‍ അടുത്ത ബസ്സിന് ഞാന്‍ തൃശൂരിലേക്ക് കയറി. അന്നാണ് ആദ്യമായി താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റിനെ ഞാന്‍ പരിചയപ്പെട്ടത്.നാലരയായപ്പോള്‍ എന്റെ മനസ്സ് കുളിര്‍പ്പിച്ച് കൊണ്ട് ആ ബസ് തൃശൂര്‍ ബസ്‌സ്റ്റാന്റില്‍ എന്റെ മുന്നില്‍ വന്ന് നിന്നു. അന്ന് എട്ടു മണിയോടെ ഞാന്‍ വീട്ടില്‍ എത്തുകയും ചെയ്തു.

അടുത്ത തവണ യോഗം കളമശ്ശേരി ആയിരുന്നില്ല. എറണാകുളം അപ്പുറം ഏതോ ഒരു മീറ്റിംഗ് കഴിഞ്ഞുള്ള വരവായിരുന്നു.കിട്ടിയ ബസ്സുകളില്‍ കയറി ഞാന്‍ പെരിന്തല്‍മണ്ണ വരെ എത്തി. മഞ്ചേരിയിലേക്ക് എന്തെങ്കിലും വാഹനം കിട്ടും എന്ന പ്രതീക്ഷയില്‍ ബസ് കാത്ത് നിന്നു.പ്രതീക്ഷ തെറ്റിയില്ല , അസമയത്ത് ഒരു സൂപ്പര്‍ ഫാസ്റ്റ്.ബോര്‍ഡിലേക്ക് നോക്കിയ നിമിഷം ഞാന്‍ ദൈവത്തെ സ്തുതിച്ചു - താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ്!!

മറ്റൊരു ദിവസം.  വീണ്ടും കളമശ്ശേരിയിലെ ഒരു യോഗം കഴിഞ്ഞ് ആലുവ നിന്നും ഞാന്‍ ട്രെയിന്‍ കയറി. മുക്കിയും മൂളിയും ആ വണ്ടി ഏതൊക്കെയോ സ്റ്റേഷനില്‍ നിര്‍ത്തിയതോടെ, നിന്ന് യാത്ര ചെയ്യുന്നതിന്റെ ‘സുഖം’ കൂടി അറിഞ്ഞു. ഇനി മുതല്‍ വൈകി പുറപ്പെടുന്ന ദിവസങ്ങളില്‍ ബസ് യാത്ര തന്നെ നല്ലതെന്ന ബോധം അന്നുണ്ടായി. തൃശൂരില്‍ ആ വണ്ടി എത്തുമ്പോള്‍ സമയം അഞ്ചു മണി കഴിഞ്ഞിരുന്നു.സ്റ്റേഷനില്‍ ഇറങ്ങിയ ഉടനെ റോഡിലേക്ക് ഓടാന്‍  ആരോ എന്റെ മനസ്സില്‍ മന്ത്രിച്ചു. അത്യാവശ്യം കനമുള്ള ബാഗും കൊണ്ട് ഞാന്‍ ഓടി റോഡില്‍ എത്തിയ ഉടനെ ഒരു സൂപ്പര്‍ഫാസ്റ്റ് വരുന്നു.ബോര്‍ഡിലേക്ക് നോക്കിയ നിമിഷം ഞാന്‍ ദൈവത്തെ വീണ്ടും വീണ്ടും സ്തുതിച്ചു - താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ്!!

ഇപ്പോഴിതാ ഇക്കഴിഞ്ഞ ആഴ്ച കളമശ്ശേരിയില്‍ നിന്ന് നേരിട്ട് താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ്!!


ഇനിയും ഈ താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റിന് എന്നെ വഹിക്കാനുള്ള യോഗം എത്ര ഉണ്ടോ ആവോ??


Wednesday, February 08, 2017

ദൈവത്തിന്റെ കണക്കു കൂട്ടലുകള്‍

           ദൈവത്തിന്റെ കണക്കു കൂട്ടലുകള്‍ അനുഭവിച്ചറിയുമ്പോള്‍ എപ്പോഴും ഞാന്‍ ദൈവത്തെ സ്തുതിക്കാറുണ്ട്. ഇന്നലെയും ഒരു അനുഭവം ആ കണക്കിന്റെ കൃത്യത എന്നെ ബോധ്യപ്പെടുത്തി.

         നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്ലിന്റെ ഈ വര്‍ഷത്തെ രണ്ട് വ്യത്യസ്ത അവാര്‍ഡ് കമ്മിറ്റി മുമ്പാകെ എന്റെ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാന്‍ കളമശ്ശേരിയില്‍ എത്തിയതായിരുന്നു ഞാന്‍. ഒന്ന് രാവിലെ പതിനൊന്നരക്കും രണ്ടാമത്തേത് ഉച്ചക്ക് ശേഷം രണ്ടര മണിക്കും ആയിരുന്നു നിശ്ചയിച്ചത്. രണ്ടാമത്തേതില്‍ അന്റെ അവസരം എപ്പോഴാണ് എന്ന് അറിയാത്തതിനാല്‍ അന്നേ ദിവസം വീട്ടില്‍ തിരിച്ച് എത്താന്‍ സാധിക്കില്ല എന്ന് ഞാന്‍ കണക്ക് കൂട്ടി.പിറ്റേന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തുന്ന രീതിയില്‍ കളമശ്ശേരിയില്‍ നിന്ന് തിരിച്ച് ബസ് കയറാനും മനസ്സില്‍ പദ്ധതിയുണ്ടാക്കി.

           കൃത്യം 11 മണിക്ക് കളമശ്ശേരി ഓഫീസില്‍ എത്തിയെങ്കിലും കമ്മിറ്റി മെമ്പര്‍മാര്‍ എത്താന്‍ വൈകിയതിനാല്‍ പന്ത്രണ്ടരക്കാണ് അവതരണം ആരംഭിച്ചത്. ദൈവത്തിന്റെ കണക്ക് കൂട്ടലുകള്‍ അവിടെ ആരംഭിച്ചിരുന്നു. 12 കോളേജുകള്‍ പങ്കെടുക്കേണ്ടിടത്ത് എത്തിയത് ആറോ ഏഴോ എണ്ണം.എല്ലാം കൂടി രണ്ട് മണിക്ക് മുമ്പ് ആദ്യത്തെ അവതരണം തീര്‍ന്നു!

          കൃത്യം രണ്ടരക്ക് തന്നെ രണ്ടാമത്തെ അവാര്‍ഡ് കമ്മിറ്റിയുടെ മുമ്പിലുള്ള അവതരണം ആരംഭിച്ചു. രണ്ടരക്ക് കളമശ്ശേരിയില്‍ നിന്ന് തിരിച്ചാല്‍ രാത്രി പത്ത് മണിക്ക് കഷ്ടിച്ച് വീട്ടില്‍ എത്താം.ഒരു  സാധ്യതയും ഇല്ലാത്തതിനാല്‍ ഞാന്‍ ആ ചിന്ത തന്നെ ഉപേക്ഷിച്ചു. പക്ഷെ ളുഹര്‍ നമസ്കാരം നിര്‍വ്വഹിക്കാനും ഊണ്‍ കഴിക്കാനും ഉള്ളതിനാല്‍ ആദ്യത്തെ രണ്ട് പേര്‍ക്ക് ശേഷം ഞാന്‍ മുന്നോട്ട് നീങ്ങിയിരുന്നു. എന്റെ മുമ്പെ രണ്ട് പേര്‍ അവിടെ കാത്ത് നിന്നിരുന്നതിനാല്‍ അവര്‍ കഴിഞ്ഞേ ഞാന്‍ പോകൂ എന്ന് അവരെ സമാധാനിപ്പിച്ചു. ദൈവം വീണ്ടും ഇടപെട്ടു. അവര്‍ രണ്ട് പേരും എനിക്കായി വഴിമാറി!

          രണ്ടാമത്തെ കമ്മിറ്റി വെരിഫിക്കേഷന്‍ മാത്രമേ നടത്തുന്നുണ്ടായിരുന്നുള്ളൂ. അതിനാല്‍ തന്നെ  അഞ്ച് മിനുട്ടിനകം അത് തീര്‍ന്നു.സമയം 3 മണികഴിഞ്ഞ് 3 മിനുട്ട്. ഒന്ന് ആഞ്ഞു പിടിച്ചാല്‍ ഒരു പക്ഷെ ഇന്ന് രാത്രി തന്നെ വീട്ടില്‍ തിരിച്ചെത്താം എന്ന ചിന്ത പെട്ടെന്ന് മനസ്സിലുദിച്ചു. പക്ഷെ നമസ്കാരവും ഭക്ഷണവും ബാക്കി. തൊട്ടടുത്ത പള്ളിയില്‍ കയറി ഞാന്‍ ളുഹറും അസറും നമസ്കരിച്ചു. ഭക്ഷണം തല്‍ക്കാലം വേണ്ടെന്ന് തീരുമാനിച്ചു.

           മെയിന്‍ റോഡിലുള്ള സ്റ്റോപ്പിലേക്ക് സാധാരണ നടന്നു പോകാറുള്ള ഞാന്‍ തൊട്ടടുത്ത സ്റ്റോപ്പായിട്ട് പോലും അന്ന് ബസ്സില്‍ കയറി. പക്ഷെ ഇറങ്ങേണ്ട സ്ഥലത്തിന് മുമ്പ് ഇറങ്ങുകയും ചെയ്തു - ദൈവത്തിന്റെ കണക്കുകളുടെ കളി തന്നെ!തൃശൂരിലേക്കുള്ള ബസ് കാത്ത് നില്‍ക്കുമ്പോള്‍ അതാ വലത്തെ ട്രാക്കിലൂടെ ഒരു പാലക്കാട് എ.സി ലോ ഫ്ലോര്‍ ബസ് വരുന്നു.അത് സുന്ദരമായി കടന്നു പോയി.പിന്നാലെ അടുത്ത എ.സി ലോ ഫ്ലോര്‍ ബസ് തൃശൂരിലേക്ക്.അതും എന്നെ മൈന്റ് ചെയ്യാതെ കടന്നു പോയി.

           ഞാന്‍ നില്‍ക്കുന്നത് യഥാര്‍ത്ഥ സ്റ്റോപ്പില്‍ തന്നെയല്ലേ എന്ന് സംശയമുയര്‍ന്നപ്പോള്‍ ഒരു അങ്കമാലി എ.സി ലോ ഫ്ലോര്‍ ബസ് എന്റെ മുമ്പില്‍ വന്ന് നിന്നു. പിന്നാലെ ഒരു ആലുവ ബസും. അതോടെ ബസ് സ്റ്റോപ് അത് തന്നെ എന്ന് ഞാന്‍ ഉറപ്പിച്ചു. അപ്പോഴതാ വലത്തെ ട്രാക്കിലൂടെ ഒരു സൂപ്പര്‍ ഫാസ്റ്റ് ചീറി വരുന്നു. ഒരു നിമിഷം ഞാന്‍ ആ ബോര്‍ഡിലേക്ക് ഒന്ന് നോക്കി - തൃശൂര്‍ താമരശ്ശേരി !എന്ന് വച്ചാല്‍ എന്റെ നാട്ടി്ലേക്ക് നേരിട്ടുള്ള ബസ്!!

          ഞാന്‍ കൈ പൊക്കി കാണിച്ചു കൊണ്ട് ഡ്രൈവറെ നോക്കി. അയാളെന്നെയും നോക്കി. ഒരു നിമിഷം വലത്തെ ട്രാക്കില്‍ നിന്ന് ഇടത്തേ ട്രാക്കിലേക്ക് ബസ് മാറാന്‍ ശ്രമിച്ചെങ്കിലും മറ്റു വാഹനങ്ങള്‍ വരുന്നത് കാരണം അവിടത്തന്നെ നിര്‍ത്തി.വളരെ ശ്രദ്ധിച്ച് വാഹനങ്ങള്‍ക്കിടയിലൂടെ ഓടി, വാതില്‍ തുറന്ന് ഞാന്‍ ബസ്സില്‍ കയറി.ബസ് മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോഴാണ് ദീര്‍ഘദൂര ബസ്സുകളുടെ സ്റ്റോപ് അല്പം കൂടി മുന്നിലായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയത്.പക്ഷെ ദൈവം എല്ലാ കണക്കും കൃത്യമായി ചെയ്തു വച്ചിരുന്നതിനാല്‍ രാത്രി ഒമ്പതരയോടെ ഞാന്‍ വീട്ടില്‍ തിരിച്ചെത്തി.

(താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ് എന്റെ എന്‍.എസ്.എസ് ജീവിതത്തില്‍ ഇതേ പോലെ നിരവധി തവണ എനിക്ക് സഹായകമായിട്ടുണ്ട്.അടുത്ത പോസ്റ്റില്‍ അവയില്‍ ചിലത്)