Pages

Friday, September 30, 2022

മഴ

 മഴയുടെയും പ്രണയത്തിന്റെയും ആസ്വാദ്യത വർണ്ണിച്ച്  സ്ഥാപിച്ച ആ ബന്ധം നിനച്ചിരിക്കാതെ പെയ്ത ഒരു മഴയിൽ നഷ്ടമായി. നശിച്ച ആ മഴ മുടിയിലെ ഡൈ മുഴുവൻ നക്കി നീക്കി.

Thursday, September 29, 2022

സ്രാമ്പി

കുട്ടിക്കാലത്ത് ബാപ്പയുടെ നാടായ നൊച്ചാട്  വിരുന്നു പോയപ്പോഴാണ് സ്രാമ്പി എന്ന പദം ആദ്യമായി കേട്ടത്. ബാപ്പയുടെ മൂത്ത ജ്യേഷ്ടത്തിയുടെ മകൻ അബ്ദുളളകുട്ടി കാക്കയുടെ വീടിനടുത്തായിരുന്നു ഒരു സ്രാമ്പി ഉണ്ടായിരുന്നത്.

മുസ്ലിംങ്ങളുടെ പ്രധാന ആരാധനയായ നമസ്കാരം നിർവ്വഹിക്കാനുള്ള ചെറിയൊരു കെട്ടിടത്തെയാണ് സ്രാമ്പി എന്ന് പറയുന്നത്.
മിക്ക സ്രാമ്പികൾക്കും സമീപം അംഗശുദ്ധി വരുത്താനായി ഒരു കുളവും ഉണ്ടായിരിക്കും.

നൊച്ചാട്ടെ സ്രാമ്പിക്കുളത്തിൽ ഒന്നൊന്നര മണിക്കൂർ നീരാടി വെള്ളം മുഴുവൻ കലക്കി മറിച്ച് കഴിയുമ്പോഴേക്കും തൊട്ടടുത്ത പറമ്പിൽ താമസിക്കുന്ന സ്രാമ്പി പരിപാലകന്റെ കയർക്കൽ ശബ്ദം ഉയരും. അതോടെ കുളി നിർത്തി തല തുവർത്തി സ്രാമ്പിയിൽ കയറി നമസ്കരിച്ച് മടങ്ങും. ഇന്ന് ആ സ്രാമ്പിയും കുളവും ഉണ്ടോ എന്നറിയില്ല.

അരീക്കോട് നിന്നും ഏതാനും കിലോമീറ്ററുകൾ അകലെ വെള്ളേരിയിലും ഒരു സ്രാമ്പി ഉണ്ടായിരുന്നു.നാല് തൂണുകളിൽ ഉയർത്തി നിർത്തിയ, തടി കൊണ്ട് നിർമ്മിച്ച ഓട് മേഞ്ഞ ഒരു ഒറ്റമുറി. ഒറ്റനോട്ടത്തിൽ തന്നെ ഒന്ന് കയറി നോക്കാൻ തോന്നും. താഴെ ചെറിയൊരു കുളവും ഉണ്ടായിരുന്നു. ഇന്ന് അത് നവീകരിച്ച് കോൺക്രീറ്റ് കെട്ടിടമായി മാറിയതോടെ പഴയ ആകർഷണീയത നഷ്ടമായി.

ഒരാഴ്ച മുമ്പാണ് പാലക്കാട്ടേക്കുള്ള യാത്രക്കിടയിൽ യാദൃശ്ചികമായി ഒരു സ്രാമ്പി എന്റെ ശ്രദ്ധയിൽ പെട്ടത്. പെരിന്തൽമണ്ണയിൽ  നിന്നും ഏതാനും കിലോമീറ്ററുകൾ അകലെ  താഴെക്കോടായിരുന്നു പ്രസ്തുത സ്രാമ്പി . കാറുമായി പോകുന്ന ഒരു ദിവസം സ്രാമ്പിയിൽ കയറാം എന്ന് അപ്പോൾ തന്നെ ഞാൻ മനസ്സിൽ കുറിച്ചിട്ടു.

പിറ്റേ ദിവസം ഹർത്താൽ ദിനത്തിൽ, സഹപ്രവർത്തകൻ ഇർഷാദ് സാറിന്റെ കാറിൽ പെരിന്തൽമണ്ണയിലേക്ക് മടങ്ങുകയായിരുന്നു ഞാനും എന്റെ ഡിപ്പാർട്ട്മെന്റിലെ റഹീം മാഷും. വൈകിട്ടുള്ള നമസ്കാരമായ അസർ നമസ്കാരം നിർവ്വഹിക്കാനായി, തലേ ദിവസം ഞാൻ മനസ്സിൽ കുറിച്ചിട്ട സ്രാമ്പിയിൽ കയറാം എന്ന് റഹിം മാഷ് പറഞ്ഞപ്പോൾ എനിക്കും സന്തോഷമായി.

വലിയൊരു പാറയുടെ പുറത്ത് കരിങ്കൽ തൂണിൽ ഉയർത്തിയുണ്ടാക്കിയ സ്രാമ്പിയുടെ ഉൾഭാഗം വല്ലാത്തൊരു ഫീലാണ് ഞങ്ങളിലുണ്ടാക്കിയത്. തറയടക്കം മരത്തിൽ നിർമ്മിച്ചതിനാൽ ഒരു പ്രത്യേക തരം തണുപ്പും ഉള്ളിലനുഭവപ്പെട്ടു. പാറയുടെ താഴെ ഭാഗത്ത് കൂടി ഒഴുകുന്ന അരുവി കൂടി ചേർന്നപ്പോൾ ആ ഫ്രയിം വളരെ മനോഹരമായി (ഫോട്ടോയിൽ പകർത്താൻ അരുവി കടയ്ക്കണം എന്നതിനാൽ അതിന് മുതിർന്നില്ല ).

"സാറേ... ഈ ഓടിലെഴുതിയ വർഷം നോക്ക്..." താഴ്ത്തി മേഞ്ഞ ഓട് കാണിച്ചുകൊണ്ട് റഹിം മാഷ് പറഞ്ഞു.

"1876" 

" എന്ന് വച്ചാൽ ഏകദേശം നൂറ്റമ്പത് വർഷത്തെ പഴക്കം.... അന്നത്തെ ഏതോ മുതലാളി പറമ്പിൽ നിന്ന് കയറി വന്ന ശേഷം അൽപനേരം വിശ്രമിക്കാനും നമസ്കരിക്കാനും ഉണ്ടാക്കിയിട്ടതാവും..." 

"അതെ ... ഓരോ സ്രാമ്പിക്കും ഇങ്ങനെ ഓരോ കഥ പറയാനുണ്ടായിരിക്കും..."

പുറത്ത് സ്ഥാപിച്ച ധർമ്മപ്പെട്ടിക്ക് സമീപത്തെ എഴുത്തിൽ നിന്നും വാലിപ്പാറ സ്രാമ്പി ആണ് ഇതെന്ന് മനസ്സിലാക്കി. മൺമറയുന്ന സ്രാമ്പികൾ കാലയവനികക്കുള്ളിൽ ഒളിപ്പിക്കുന്നത് പഴയ ഒരു ചരിത്രപ്പെരുമ തന്നെയാകാം എന്നാണ് എനിക്ക് തോന്നുന്നത്. ആയതിനാൽ സ്രാമ്പികൾ അവയുടെ തനിമയോടെ നിലനിർത്താൻ അതാത് നാട്ടുകാർ ശ്രമിക്കണം.

Wednesday, September 28, 2022

സന്തോഷം...സന്തോഷം

ജോലിയിലെ സ്ഥാനക്കയറ്റം ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ശമ്പളം വർധിക്കും എന്നതാണ് ആ സന്തോഷത്തിന്റെ പിന്നിലെ രഹസ്യം.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 2004 ൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്ന പേരിൽ ജോയിൻ ചെയ്ത്, ഇടക്ക് ഏതോ വർഷം അത് കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന് പുനർ നാമകരണം ചെയ്തു എന്നതും സമയ ബന്ധിതമായ ഗ്രേഡുകൾ വാങ്ങി എന്നതും ഒഴിച്ചാൽ, കഴിഞ്ഞ പതിനെട്ട് വർഷം സ്ഥാനക്കയറ്റം ഇല്ലാതെ തുടരുകയായിരുന്നു ഞാൻ.

ഇന്നലെ ആ നീണ്ട വരൾച്ചക്ക് അറുതിയായി.ഒരു പക്ഷെ, സർക്കാർ സർവീസിലെ എൻറെ അവസാനത്തെ പ്രൊമോഷൻ കിട്ടി ഞാൻ സിസ്റ്റം അനലിസ്റ്റ് ആയി മാറിയ സന്തോഷം പങ്കിടുന്നു.

ശമ്പള സ്കെയിൽ നേരത്തെ തന്നെ  ചാടിക്കടന്നതിനാൽ സാമ്പത്തികമായി മെച്ചം ഒന്നുമില്ല. നിലവിൽ ജോലി ചെയ്യുന്ന പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ പുതുതായി സൃഷ്ടിച്ച തസ്തികയിൽ തന്നെ ആയതിനാൽ സ്ഥലം മാറ്റവും ഇല്ല (1999 ൽ ആരംഭിച്ച ഈ കോളേജിലെ പ്രഥമ സിസ്റ്റം അനലിസ്റ്റ് എന്ന പേര് ഇനി എനിക്ക് സ്വന്തം!!).നിലവിൽ ചെയ്തു വരുന്ന ജോലിയിലും ഒരു മാറ്റവുമില്ല. ഡിപ്പാർട്മെന്റും ഇരിക്കുന്ന സീറ്റും തൽക്കാലം മാറ്റമില്ല.ഇതെന്ത് പ്രൊമോഷൻ എന്ന് ദയവായി ചോദിക്കരുത്.സർക്കാരിന് ചെലവില്ലാത്തതിനാൽ ഞാനും ചെലവ് ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു.

കോവിഡ്-19 എല്ലാവരെയും വീട്ടിൽ തളച്ച സമയത്ത് 2020 ഏപ്രിൽ എട്ടിന് ഒരു നേരമ്പോക്കിനായി ആരംഭിച്ച "സാൾട്ട് & കാംഫർ" എന്ന യൂട്യൂബ് ചാനൽ 25000 സബ്സ്ക്രൈബേഴ്‌സ് എന്ന നാഴികക്കല്ലും ഇന്നലെ പിന്നിട്ടു.പ്രോത്സാഹനം നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. 

അപ്പോൾ അഭിനന്ദനങ്ങൾ പോന്നോട്ടെ...

Monday, September 26, 2022

കാലം

 അന്ന്: 

കീറിപ്പറിഞ്ഞ വസ്ത്രമിട്ട് ജഡ പിടിച്ച മുടിയുമായി ഒറ്റക്ക് സംസാരിച്ച് നടന്നവൻ ഭ്രാന്തൻ.

ഇന്ന് : 

കീറിയ വസ്ത്രമിട്ട് കാട് പിടിച്ച മുടിയുമായി ഒറ്റക്ക് സംസാരിച്ച് നടക്കുന്നവൻ ന്യൂജെൻ.

Wednesday, September 21, 2022

മഴയെത്തും മുമ്പേ

"സിനിമാൾ പടി ... സിനിമാൾ പടി" ബസ് ജീവനക്കാരന്റെ വിളി കേട്ട് ഞാൻ പുറത്തേക്ക് നോക്കി. മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പ്, വിളി കേൾക്കുമ്പോൾ മനസ്സിലേക്ക് ഒഴുകി വന്നിരുന്ന കുളിരലകൾ എന്റെ മനസ്സിനെ വീണ്ടും തഴുകുന്നതായി എനിക്ക് തോന്നി.അന്ന്, മാസങ്ങൾക്ക് ശേഷം ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പായിരുന്നു സിനിമാൾ പടി.

ഏതൊരു നാട്ടിൻപുറത്തിന്റെയും മുഖമുദ്രയായിരുന്നു ഓലമേഞ്ഞ ഒരു സിനിമാ ശാല. ദിവസവും മൂന്ന് നേരം പ്രദർശിപ്പിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട്  ഒരു പാട് ജീവിതങ്ങൾ അവിടെ നിന്ന് അന്നം തേടിയിരുന്നു. മിഠായിയും ചായയും കപ്പലണ്ടിയും സിഗരറ്റും സോഡയും ഒക്കെ വിറ്റ് ജീവിക്കുന്ന നിരവധി പേർ സിനിമാശാലയുടെ ചുറ്റുവട്ടത്തും ഉണ്ടായിരുന്നു.സിനിമ കാണാൻ വരുന്നവർ, ഇന്റർവെൽ ബെൽ അടിക്കുമ്പോൾ കടകൾക്ക് ചുറ്റും പൊതിഞ്ഞ് കൂടുന്നത് എത്രയോ തവണ  ഞാൻ നോക്കി നിന്നിട്ടുണ്ട്.കടക്കാരൻ കാണാതെ മിഠായിയും കപ്പലണ്ടിയും കൈക്കലാക്കി മുങ്ങുന്നവരും  കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒരു കുടുംബത്തിന്റെ തുച്ഛ വരുമാനത്തിലാണ് താൻ കയ്യിട്ടു വാരുന്നത് എന്ന് ചിന്തിക്കാൻ അന്ന് സാധിച്ചിരുന്നില്ല.

സീറ്റിൽ നിന്ന് എണീറ്റ്, ഞാൻ വേഗം വാതിലിനടുത്തേക്ക് നീങ്ങി.

"ഇത് തന്നെയല്ലേ വിജയാ പടി ?" ഞാൻ ചോദിച്ചു.

"അതെ...ഇവിടെത്തെ സിനിമാഹാളിന്റെ പേരായിരുന്നു വിജയ... ഇപ്പോൾ അതില്ലെങ്കിലും പേര് സിനിമാൾ പടി എന്ന് തന്നെയാ... "

കണ്ടക്ടർ എനിക്കായി സിംഗിൾ ബെല്ലടിച്ചു. ഉരുണ്ടുരുണ്ട് സാവധാനം നിശ്ചലമായ ബസ്സിൽ നിന്നും ഞാൻ പുറത്തിറങ്ങി.കൂമൻകാവിൽ  ബസ്സ് ചെന്നു നിന്നപ്പോൾ രവിക്ക് തോന്നിയ പോലെ, എനിക്കും സ്ഥലം അപരിചിതമായി തോന്നിയില്ല. പക്ഷെ കേരള മയമാക്കയുടെ മിഠായി കട വെറും ഒരു പെട്ടിയായും സലാമാക്കാൻറെ മിഠായി കട കുറെ നിരപ്പലകകൾ മാത്രമായും മാറിയിരുന്നു. സിനിമാശാലയുടെ ഗെയ്റ്റിനോട് ചേർന്നു ഓടക്ക് മുകളിൽ കെട്ടി നിർത്തിയിരുന്ന ഉന്തുവണ്ടിയും പഞ്ചറായി തുരുമ്പെടുക്കാൻ തുടങ്ങിയിരുന്നു . സിനിമാശാലയിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ പോസ്റ്റർ ഒട്ടിച്ചിരുന്ന ചുമർ മാത്രം അപ്പോഴും തല ഉയർത്തി നിന്നിരുന്നു. അവസാനമായി പ്രദർശിപ്പിച്ച സിനിമയുടെ പോസ്റ്റർ ചുമരിൽ അപ്പോഴും ബാക്കിയായിരുന്നു. മഴയും വെയിലും ആർത്തിയോടെ നക്കിയെടുത്ത് അവ്യക്തമായ ആ പോസ്റ്ററിലെ അക്ഷരങ്ങൾ ഞാൻ വായിച്ചെടുത്തു - മഴയെത്തും മുമ്പേ ! 

സിനിമയും എന്റെ ആഗമനോദ്ദേശവും തമ്മിൽ എന്തോ ഒരു ബന്ധമുള്ളതായി എനിക്ക് തോന്നി. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടുന്നത് ഞാനറിഞ്ഞു. മഴയെത്തും മുമ്പേ എനിക്കെന്റെ കുട്ടിക്കാല കഥാഭൂമിയിലൂടെ ഒന്ന് സഞ്ചരിക്കണം. മഴ പെയ്താൽ തൊട്ടടുത്ത തൊടിയിൽ നിന്ന് ഒരു ചേമ്പില അറുത്ത് അൽപ സമയം കുടയാക്കണം. പിന്നെ എല്ലാം മറന്ന് മഴ നനഞ്ഞാസ്വദിക്കണം. ഓടയിലൂടെ ഒഴുകുന്ന മഴവെള്ളത്തിൽ ഒരു കടലാസ് തോണി  ഒഴുക്കി വിട്ട് കരയിലൂടെ അതിനെ പിന്തുടരണം. അങ്ങനെ നാല്പത് വർഷങ്ങൾക്ക് മുമ്പേക്ക് എനിക്കൊന്ന് പറക്കണം.

ടാക്കീസ് ഇന്ന് ഇല്ല എന്ന്  ബസ് ജീവനക്കാരൻ പറഞ്ഞിരുന്നെങ്കിലും ഞാൻ വെറുതെ അങ്ങോട്ടൊന്ന് കണ്ണോടിച്ചു . പൊടി പോലും ബാക്കിയില്ലാതെ നിരപ്പാക്കിയ സ്ഥലത്ത് ഒരു മണ്ണുമാന്തി ജന്തു തന്റെ ദ്രംഷ്ടകൾ കൂർപ്പിക്കുന്നുണ്ട്. രാമൻ കുട്ട്യേട്ടൻ മുറിച്ചിട്ട സിനിമാ ടിക്കറ്റുകളുടെ പാതിഭാഗങ്ങൾ മണ്ണിൽ അവിടവിടെ പാറിനടക്കുന്നുണ്ട്. കാണാമറയത്തിരുന്ന് ബീഡിക്കറ പുരണ്ട പല്ലും കാട്ടി രാമൻ കുട്ട്യേട്ടൻ ചിരിക്കുന്നുമുണ്ട്. പറമ്പിന്റെ മൂലയിൽ കൂട്ടിയിട്ട പാഴ്വസ്തുക്കളിലെ ലൗഡ് സ്പീക്കറിൽ നിന്ന് ഉയരുന്ന ഒരു ഗാനം എന്റെ ചെവിയിൽ വന്നലച്ചു.

"വെള്ളിച്ചില്ലും വിതറീ .... തുള്ളി തുള്ളിയൊഴുകും ...

.പൊരി നുര ചിതറും കാട്ടരുവീ .... പറയാമോ നീ ...

എങ്ങാണു സംഗമം..... എങ്ങാണു സംഗമം"

ഞാൻ നേരെ അതിനപ്പുറത്തുള്ള തൊടിയിലേക്ക് കയറി. രാമൻ കുട്ട്യേട്ടൻറെ വീട് അവിടെയായിരുന്നു. വീടിനു മുറ്റത്തെ പഞ്ചാരമാവ് തല ഉയർത്തി തന്നെ നിൽപ്പുണ്ട്. താഴെ വീണു കിടക്കുന്ന മാങ്ങകൾ ആർക്കും വേണ്ടാതെ ഈച്ചയും പുഴുവും തിന്നുന്നു. 

"രാമങ്കുട്ട്യേട്ടാ...രാമങ്കുട്ട്യേട്ടാ..." ഞാൻ നീട്ടി വിളിച്ചു .

ഭാർഗ്ഗവീ നിലയം പോലെ, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടിന്റെ ഉള്ളാകെ എന്റെ ശബ്ദം അലയടിച്ചെങ്കിലും രാമങ്കുട്ട്യേട്ടൻ ഉത്തരം നൽകിയില്ല.

"രാമങ്കുട്ട്യേട്ടാ...രാമങ്കുട്ട്യേട്ടാ..." ഞാൻ വീണ്ടും നീട്ടി വിളിച്ചു

"നീയാരാ മോനെ?" പിന്നിൽ നിന്നും ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

"ഞാൻ...ഞാൻ.... ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഇവിടെ താമസിച്ചിരുന്ന അബ്ദു മാഷെ മകൻ.." 

"...അബ്ദു മാഷെ മകൻ...."

"ഇതെന്താ... മാങ്ങ ഇങ്ങനെ ആർക്കും വേണ്ടാതെ ...?" വീണു കിടക്കുന്ന മാങ്ങകളിലേക്ക് ചൂണ്ടി ഞാൻ ചോദിച്ചു.

"താഴെ വീണ മാങ്ങ ഇപ്പോൾ തിന്നാൻ കൊള്ളില്ല മോനെ?"

"ങേ ... അതെന്താ?"

"അവയെല്ലാം വവ്വാൽ തൊട്ടതായിരിക്കും പോലും..."

"വവ്വാൽ കടിച്ചത് പോലും പണ്ട് നമ്മൾ കഴിച്ചിരുന്നല്ലോ ?"

"അതെപക്ഷെ, ഇപ്പോൾ പല രോഗങ്ങളും അതിലൂടെയാണത്രെ പകരുന്നത് ... ആട്ടെ...നീ ഇപ്പോൾ എവിടെയാ ? "

"ഡൽഹീലാ...ഇത്തവണ അവധിക്ക് നാട്ടിൽ വന്നപ്പോൾ എന്റെ പഴയ കളിസ്ഥലങ്ങൾ കാണാമെന്ന് കരുതി വന്നതായിരുന്നു ..."

"എന്നിട്ട് ?"

"ഒന്നുംല്ലാ ... എല്ലാം തുടച്ച് നീക്കി പോയില്ലേ..." എന്റെ കണ്ഠമിടറി.

"കാലം അങ്ങനെയല്ലേ മോനേ ... ഒരടയാളവും ബാക്കി വയ്ക്കാതെ കുത്തി ഒഴുകും.... ഓർമ്മകൾ മുഴുവൻ മനസ്സിൽ കോറി ഇടുകയും ചെയ്യും..."

"ങാ... നിങ്ങളാരാന്ന് മനസ്സിലായില്ല ..."

എന്റെ ചോദ്യത്തിന് ഉത്തരം തരാതെ അയാൾ അപ്രത്യക്ഷനായി. പെട്ടെന്ന് ഞാൻ വിയർക്കാൻ തുടങ്ങി. ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോഴാണ് വൈദ്യുതി ഇല്ല എന്ന് തിരിച്ചറിഞ്ഞത്.പുറത്ത് അപ്പോൾ രാത്രിമഴ തിമർത്ത് പെയ്യുകയായിരുന്നു.