Pages

Monday, February 25, 2008

ഒരു പാചക ദുരന്തം

സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ അദ്ധ്യാപകരായ മാതാപിതാക്കള്‍ ചില ദിവസങ്ങളില്‍ വൈകിയാണ്‌ വീട്ടിലെത്താറ്‌.അത്തരം ദിവസങ്ങളില്‍ ചായ ഇടാന്‍ഉമ്മ പഠിപ്പിച്ച്‌ തന്നിരുന്നു.ചോറും കറിയും ഉപ്പേരിയും എല്ലാം സ്വയംപാകം ചെയ്തിരുന്ന ബാപ്പയുടെ കൈപുണ്യം എനിക്ക്‌ ചായയില്‍ മാത്രമായി ഒതുങ്ങി.ആ ചായ തന്നെ , ഒരു തവണ തെങ്ങിന്റെ ഉണങ്ങിയ ഓല (ഞങ്ങള്‍ ഓലക്കൊടി എന്ന് വിളിക്കും) കത്തിച്ച്‌ കാച്ചിയതിനാല്‍ ടേസ്റ്റ്‌ മാറി നാശമായതോടെ ആ പരിപാടിയും ഞാന്‍ നിര്‍ത്തി.ഉമ്മയും ഉപ്പയും റിട്ടയര്‍ചെയ്യുകയും ഞാന്‍ വിവാഹിതനാവുകയും ചെയ്തതോടെ എന്റെ ഉള്ളിന്റെയുള്ളില്‍ഒളിഞ്ഞ്‌ കിടന്നിരുന്ന " മിസ്റ്റര്‍ കുക്ക്‌ " അവസരം കിട്ടാതെ അവശകലാകാരനായിമാറി.

നീണ്ട 20 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ജോലി ആവശ്യാര്‍ത്ഥം കുടുംബത്തില്‍ നിന്ന് മാറിത്താമസിച്ചതോടെ സംഗതി വീണ്ടും കുലുമാലായി.അന്തി മയങ്ങുമ്പോള്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വാചകകലയോടൊപ്പം , വയറ്‌ നിറയണമെങ്കില്‍ പാചകകലയും അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമായി.ആമാശയ വിപുലീകരണത്തിന്‌ആവശ്യമായ ഏറ്റവും മിനിമം പരിപാടിയായ കഞ്ഞിവെപ്പും കപ്പ പുഴുങ്ങലുംപഠിച്ചുകൊണ്ട്‌, എന്റെ ഉള്ളിലെ " മിസ്റ്റര്‍ കുക്ക്‌ " വീണ്ടും തളിരിടാന്‍ തുടങ്ങി.

റൂമിലെ നാല്‌ പേരും ഒരുമിക്കാന്‍ ഏറ്റവും സാധ്യതയുള്ള ദിവസമായ ബുധനാഴ്ചയായിരുന്നു ഞങ്ങളുടെ സ്പെഷ്യല്‍ ഡേ (പാചക പരീക്ഷണങ്ങള്‍നടത്താനായി ഞാന്‍ തന്നെ സംവിധാനം ചെയ്ത ഒരു കലാപരിപാടിയായിരുന്നുഇത്‌).അന്ന് ഞങ്ങള്‍ നാല്‍വര്‍ സംഘം അതുവരെ ഉണ്ടാക്കാത്ത ഒരു പുതിയ ഐറ്റം ഉണ്ടാക്കണം.നൂറ്‌ ശതമാനം പാളിപ്പോകും എന്നതിനാലും അതുവഴി കഞ്ഞികുടിമുട്ടും എന്നതിനാലും ഈ പുത്തന്‍ ഐറ്റം എപ്പോഴും സബ്സിഡിയറി ആയി നില്‍ക്കണംഎന്ന് ഞങ്ങളുടെ റൂം ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ അനുശാസിച്ചു.

അങ്ങിനെ ഒരു ബുധനാഴ്ചയുടെ തലേ ദിവസം.അന്ന് പുതിയൊരു ഐറ്റം ഞാന്‍ വായ കൊണ്ട്‌ introduce ചെയ്തു - മുട്ടമറി.വര്‍ണ്ണനയില്‍ ഒരു പിശുക്കും കാട്ടാത്തതിനാല്‍അത്‌ ഞാന്‍ ഉദ്ദേശിച്ച ഐറ്റം ആയാലുള്ള രുചി ഓര്‍ത്ത്‌ എന്റെ സഹമുറിയരുടെവായില്‍ കപ്പലോടി.ഞാന്‍ ഉദ്ദേശിക്കാത്ത ഐറ്റം ആയാലുള്ള സ്ഥിതിയോര്‍ത്ത്‌ എന്റെ ഇടനെഞ്ചില്‍ മിസൈലുമോടി.

ബുധനാഴ്ച രാത്രി പുതിയ വിഭവത്തിന്റെ എരിവും പുളിയും കലര്‍ന്ന രുചി ചിന്ത എല്ലാവരെയും പതിവിലും നേരത്തെ അടുക്കളയിലെത്തിച്ചു.ആവശ്യമുള്ള സാധനങ്ങളായ എട്ട്‌ കോഴിമുട്ടകളും ഉപ്പും കുരുമുളകുംകറിവേപ്പിലയും എല്ലാം റെഡി.

താജ്‌ റെസിഡന്‍സിയിലെ മെയിന്‍ കുക്കിന്റെ കൈ തഴക്കത്തോടെ , സ്പൂണ്‍ കൊണ്ടടിച്ച്‌പൊട്ടിച്ച്‌ മുട്ടകള്‍ ഞാന്‍ ഗ്ലാസ്സിലൊഴിച്ചു.ശേഷം മൂന്ന് സഹമുറിയന്മാരില്‍ഓരോരുത്തരെ വിളിച്ചു.ഉപ്പ്‌ ഒന്നാമനോടും കുരുമുളക്‌ രണ്ടാമനോടും കറിവേപ്പിലമൂന്നാമനോടും നിക്ഷേപ്പിക്കാന്‍ ആവശ്യപ്പെട്ടു( കൊളമായാല്‍ ഈ മുട്ടമറിയില്‍എനിക്ക്‌ പങ്കില്ല എന്ന് ആരും പറയരുതല്ലോ?).ശേഷം തട്ടുകടക്കാരന്‍കുട്ടപ്പേട്ടന്‍ അടിക്കുന്ന പോലെ സ്പൂണിട്ട്‌ നല്ലവണ്ണം അടിച്ചുകലക്കി.സഹമുറിയന്മാരുടെ ആകാംക്ഷാഭരിതമായ മുഖത്ത്‌ നിന്നും അവരുടെ ആമാശയത്തിന്റെ അങ്കലാപ്പ്‌ ഞാന്‍ വായിച്ചെടുത്തു.

സുനാമി അടിച്ച ഇന്തോനേഷ്യ പോലെയായ ഗ്ലാസ്സിലെ മിശ്രിതം ഞാന്‍ സ്റ്റൗവില്‍വച്ചിരുന്ന ചട്ടിയിലേക്ക്‌ നേരെയങ്ങ്‌ ഒഴിച്ചു (ചട്ടിയില്‍ എണ്ണ ഒഴിക്കണമെന്നഅടിസ്ഥാന വിവരം ആവേശത്തിനിടയില്‍ ഞാന്‍ മറന്നുപോയി ). ചൂടുള്ള ചട്ടിഒരു ശീല്‍ക്കാര ശബ്ദം പുറപ്പെടുവിച്ചു.എണ്ണ ഒഴിക്കതെയാണ്‌ ഈ വിഭവം തയ്യാറാക്കുന്നതെന്ന ധാരണയില്‍ ചട്ടിയിലേക്ക്‌ ആര്‍ത്തിയോടെ എത്തിനോക്കിയഎന്റെ സഹമുറിയന്മാരുടെ മുഖത്തേക്ക്‌ കരിഞ്ഞ മുട്ടയുടെ പുക അടിച്ചുകയറി.അബദ്ധം മനസ്സിലാക്കിയ ഞാന്‍ പെട്ടെന്ന് സ്റ്റൗ അണച്ചതിനാല്‍ കൂടുതല്‍ ഗ്യാസ്‌നഷ്ടമായില്ല.

"മുട്ടമറി" ചട്ടിയില്‍ "മുട്ടകരി" ആയി കിടക്കുമ്പോള്‍ വിഭവം റെഡിയായി എന്നധാരണയില്‍ സഹമുറിയന്മാര്‍ കഞ്ഞി വിളമ്പാനുള്ള തയ്യാറെടുപ്പിലായിരുന്നു.അവരെയും നഷ്ടപ്പെട്ട എട്ട്‌ മുട്ടകളെയും കുറിച്ചോര്‍ത്ത്‌ സഹതാപത്തോടെഞാനും അവരോടൊപ്പം ചേര്‍ന്നു.

Wednesday, February 20, 2008

ടൈഗര്‍ എന്നാല്‍ നായ

സ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോഴേക്കും വരാന്‍ സാധ്യതയുള്ള മടി എന്ന രോഗത്തിന്‌ മുന്‍കരുതല്‍ മരുന്നായിട്ടാണ്‌ മൂന്ന് വയസ്സ്‌ തികഞ്ഞ എന്റെ ഇളയ മോളെ ഞാന്‍ പ്ലേ സ്കൂളില്‍ വിടാന്‍ തുടങ്ങിയത്‌.ധാരാളം പാട്ടുകളും ഇംഗ്ലീഷ്‌ അക്ഷരങ്ങളും എണ്ണലും അവള്‍ പഠിച്ച്‌ അവതരിപ്പിച്ചപ്പോള്‍ എന്റെ തീരുമാനത്തില്‍ എനിക്ക്‌ അഭിമാനവും സന്തോഷവും തോന്നി. അങ്ങനെ ഇരിക്കെ ഒരു ദിവസം മോള്‍ എന്നോട്‌ പറഞ്ഞു."ഉപ്പാ....പ്ലേ സ്കൂളില്‍ ഞങ്ങള്‍ 'അമ്പ'ക്ക്‌ (പശു) കൗ എന്നാ പറയാ..""ആഹാ...."ഞാന്‍ ആശ്ചര്യം പ്രകടിപ്പിച്ചു. "അപ്പോ...ആടിനെന്താ പറയാ..?" മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മൂത്തമകള്‍ ചോദിച്ചു. "ആട്‌ ഞങ്ങളുടെ സ്കൂളില്‍ ഇല്ല.." പെട്ടെന്ന് തന്നെ മറുപടി വന്നു. "എന്നാല്‍ നായക്ക്‌ എന്താ പറയാ?" സ്കൂളില്‍ നായ ഉള്ളതിനാല്‍ മൂത്തവള്‍ വീണ്ടും ചോദിച്ചു. "ടൈഗര്‍!!" ഉത്തരം പതിവിലും വേഗത്തില്‍ വന്നു. "ങേ!!" ഞങ്ങളെല്ലാവരും ഞെട്ടി. "ടൈഗര്‍ എന്നോ...നായക്ക്‌ ഡോഗ്‌ എന്നല്ലേ പറയാ..."മൂത്തവള്‍ അനിയത്തിയെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. "അല്ല....ടൈഗര്‍ എന്ന് തന്നെയാ...ടീച്ചര്‍ അങ്ങനെയാ വിളിക്കുന്നത്‌..." ഇളയവളും വിട്ടില്ല. "അല്ലല്ല....ഡോഗ്‌ എന്നാ.." മൂത്തവള്‍ തറപ്പിച്ച്‌ പറഞ്ഞു. "ആ...മതി..മതി..." ഞാന്‍ ഇടക്ക്‌ കയറി പ്രശ്നം അവസാനിപ്പിച്ചു. അടുത്ത ദിവസം സ്കൂളില്‍ പോയപ്പോള്‍ ഞാന്‍ ടീച്ചറെ കണ്ട്‌ ചോദിച്ചു. "ടീച്ചറേ...ടീച്ചര്‍ നായയെ ടൈഗര്‍ എന്നാണ്‌ വിളിക്കാറ്‌ എന്ന് മോള്‍ പറഞ്ഞു...നായക്ക്‌ ഡോഗ്‌ എന്നല്ലേ പറയുക..." "ഹ..ഹ..ഹാ.." ടീച്ചര്‍ എന്നെ നോക്കി പൊട്ടിച്ചിരിച്ചു.ശേഷം പറഞ്ഞു. "മോള്‍ പറഞ്ഞത്‌ ശരിയാ....എന്റെ വീട്ടിലെ നായയുടെ പേര്‌ ടൈഗര്‍ എന്നാ....ഞാന്‍ അതിനെ ടൈഗര്‍ എന്ന് വിളിക്കുന്നത്‌ അവള്‍ കേട്ടിട്ടുണ്ടാകും..." മക്കളെ സ്കൂളില്‍ ചേര്‍ത്തുമ്പോള്‍ അവിടെ വളര്‍ത്തുന്ന മൃഗങ്ങളുടെ വിളിപ്പേര്‌ കൂടി അറിഞ്ഞിരിക്കണം എന്ന "സാമാന്യബുദ്ധി" അപ്പോഴാണ്‌ എനിക്കുണ്ടായത്‌.

Monday, February 18, 2008

അബു നാട്ടിലെത്തുന്നു....

മോല്യാരും അബുവും സൈതാലിയുടെ കാളവണ്ടിയില്‍ കയറി.സൈതാലിയും തന്റെ സീറ്റില്‍ ഇരുപ്പുറപ്പിച്ചു. "ന്നാ....പോവല്ലേ മോല്യാരേ....?" "ആ...." "ഡൈ....കാളൈ..."സൈതാലി എന്തോ ഒരു ശബ്ദം പുറപ്പെടിവിച്ചുകൊണ്ട്‌കാളകളെ വടികൊണ്ട്‌ ഒന്ന് തട്ടി.കാളകള്‍ നടക്കാന്‍ തുടങ്ങി.പിന്നില്‍കോയാക്കയുടെ മക്കാനി ഒരു ചെറിയ പൊട്ടായി മാറുന്നത്‌ വരെ അബു അങ്ങോട്ട്‌ തന്നെ നോക്കി ഇരുന്നു.മക്കാനി കണ്ണില്‍ നിന്നും മറഞ്ഞ നിമിഷത്തില്‍ അബുവിന്റെകണ്ണില്‍ നിന്നും കണ്ണുനീര്‍ ഇറ്റി വീണു. പരസ്പരം എന്ത്‌ പറയണമെന്നറിയാതെ അബുവും അര്‍മാന്‍ മോല്യാരും ഇരുന്നു.ഇടക്കെപ്പഴോ സന്ധ്യ മയങ്ങി.വണ്ടിയിലും വഴിയിലും ഇരുട്ട്‌ വ്യാപിച്ചപ്പോള്‍സൈതാലി വണ്ടി നിര്‍ത്തി. "മോല്യാരെ...ആ...ബള്‍ക്ക്‌* ങട്ട്‌ ട്‌ ക്കി* .." വണ്ടിയുടെ മേല്‍ക്കൂരയില്‍ തൂക്കിയിട്ടിരുന്ന റാന്തല്വിളക്ക്‌ ചൂണ്ടിക്കാട്ടി സൈതാലി പറഞ്ഞു. അബു എഴുന്നേറ്റ്‌ വിളക്കിനായി ഏന്തി നോക്കിയെങ്കിലും കൈ എത്തിയില്ല. "ജ്ജ്‌ ഔടെ കുത്തര്‍ന്നോ......ബള്‍ക്ക്‌ ഞമ്മള്‌ ട്‌ത്ത്‌ കൊടുത്തോളാ..." അബുവിനെനോക്കി അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. അബു വണ്ടിയില്‍ തന്നെ ഇരുന്നു. മോല്യാര്‍ വിളക്കെടുത്ത്‌ സൈതാലിക്ക്‌ നല്‍കി.വിളക്ക്‌ കത്തിച്ച ശേഷം സൈതാലി മോല്യാര്‍ക്ക്‌ തന്നെ തിരിച്ച്‌ നല്‍കി.മോല്യാര്‍ വിളക്ക്‌ വണ്ടിയില്‍ തന്നെ തൂക്കി.വണ്ടി വീണ്ടും നീങ്ങിത്തുടങ്ങി. ചിവീടുകളുടെ ശബ്ദവും കാളക്കുളമ്പടിയും രാത്രിയുടെ നിശ്ശബ്ദതയെഭേദിച്ചുകൊണ്ടിരുന്നു.ഇരുട്ടില്‍ പിന്നിടുന്ന സ്ഥലങ്ങള്‍ തിരിച്ചറിയാത്തതിനാലുംമനസ്സിന്‌ ശാന്തി ലഭിച്ചതിനാലും അര്‍മാന്‍ മോല്യാര്‍ മയങ്ങാന്‍ തുടങ്ങി.കുത്തിക്കുലുങ്ങിഓടുന്ന വണ്ടിയില്‍ അബുവും വണ്ടിയുടെ മേല്‍ക്കൂരയിലേക്ക്‌ നോക്കി ചാഞ്ഞു കിടന്നു. മേല്‍ക്കൂരയില്‍ തൂക്കിയ വിളക്കിലേക്ക്‌ നോക്കിയ അബുവിന്‌ അര്‍മാന്‍ മോല്യാര്‍മദ്രസയില്‍ പഠിപ്പിച്ച രംഗം ഓര്‍മ്മയില്‍ വന്നു.മോല്യാരുടെ ഉറക്കെയുള്ള ശബ്ദം.... 'മി.......സ്‌.......ബാ.......ഹും.....മി.......സ്‌.......ബാ.......ഹും.....മിസ്ബാഹും ന്ന് പറഞ്ഞാ ബള്‍ക്ക്‌.....മിസ്ബാഹും...ബള്‍ക്ക്‌....മിസ്ബാഹും ന്ന് പറഞ്ഞാഎത്താ അബോ...?' അശ്രദ്ധയോടെ ഇരുന്ന അബുവിന്റെ നേരെ അര്‍മാന്‍ മോല്യാരുടെചോദ്യം പാഞ്ഞു. തൊട്ടപ്പുറത്തെ ക്ലാസ്സില്‍ സൈനബയെ നോക്കി ഇരുന്ന അബു ഞെട്ടി.അബു മെല്ലെ ഇരിപ്പിടത്തില്‍ നിന്നും എണീറ്റ്‌ നിന്ന് എന്ത്‌ പറയണമെന്നറിയാതെ അര്‍മാന്‍ മോല്യാരെനോക്കി. "എത്താ ജ്ജ്‌ പന്തം കണ്ട പെര്‌ച്ചായ്‌ന്റെ* മാതിരി ന്‌ക്ക്‌ണെ....മിസ്ബാഹും ന്ന് പറഞ്ഞാലെത്താ ന്നാ ചോയ്ച്ചത്‌..." ഉത്തരം കിട്ടാതെ അബു തല ചൊറിഞ്ഞു.ശേഷം മടിച്ച്‌ മടിച്ച്‌ പറഞ്ഞു "പാവാട" "ഫൂ...അന്റെ തല.....കുത്തര്‍ക്കൗടെ* ഹമ്‌ക്കേ...." മോല്യാരുടെ അലര്‍ച്ചയില്‍ അബു അറിയാതെ ഇരുന്നു പോയി. അര്‍മാന്‍ മോല്യാര്‍ വീണ്ടും ക്ലാസെടുക്കാന്‍ തുടങ്ങി.അബു പഴയപടി സൈനബയെ ശ്രദ്ധിക്കാനും..ചുവപ്പില്‍ വെളുത്ത പുള്ളികളോട്‌ കൂടിയ സൈനബയുടെ പാവാട അബുവിന്റെ കണ്ണിനെ പിടിച്ചുകെട്ടി.അബുവിന്റെ ശ്രദ്ധ മേറ്റ്വിടെയോ ആണെന്ന് അബുവിനെ നോക്കിയ മോല്യാര്‍ക്ക്‌മനസ്സിലായി.ഉടന്‍ മോല്യര്‍ ചോദിച്ചു. "എത്താ അബോ മിസ്ബാഹും ന്ന് പറഞ്ഞാ?" "ഇന്റെ തല!!!" ചാടി എണീറ്റുകൊണ്ട്‌ അബു പറഞ്ഞു. "ഹ.......ഹ....ഹാ...ഹാ....."ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും മോല്യാരും പൊട്ടിച്ചിരിച്ചു.കാര്യമെന്തെന്നറിയാതെ അബു മിഴിച്ച്‌ നില്‍ക്കുമ്പോള്‍ അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "ഹിമാറെ....മിസ്ബാഹും ന്ന് പറഞ്ഞാ ബള്‍ക്ക്‌.....അന്റെ കുടീലും* കാളബണ്ടീലും ഒക്കെ കാണ്‌ണ ബള്‍ക്ക്‌‌ല്ലേ......ബള്‍ക്ക്‌...അയ്നാ മിസ്ബാഹും ന്ന് പറ്യണത്‌..." അബുവിന്റെ മനസ്സിലൂടെ പഴയ മദ്രസകാലം പായുമ്പോള്‍ മോല്യാര്‍ വണ്ടിയില്‍ കിടന്ന്കൂര്‍ക്കം വലിക്കാന്‍ തുടങ്ങി.അല്‍പ സമയത്തിന്‌ ശേഷം അബുവും തൂങ്ങിത്തുടങ്ങി.സുഖസുന്ദരമായ നിദ്രക്കൊടുവില്‍ പിറ്റേന്ന് രാവിലെ അബുവും മോല്യാരും അരീക്കോട്ട്‌തിരിച്ചെത്തി. തുടരും) ******************************* ബള്‍ക്ക്‌ = വിളക്ക്‌ ട്‌ക്കി = എടുക്കൂ പെര്‌ച്ചായ്‌ = വലിയ എലി കുത്തര്‍ക്കൗടെ = ഇരിക്കവിടെ കുടീല്‍ = വീട്ടില്‍

Thursday, February 14, 2008

ചിന്താവിഷ്ട(നാ/യാ)യ .....

ഊണിലും ഉറക്കിലും ഒരേ ചിന്ത .... പ്രഭാതത്തിലും പ്രദോഷത്തിലും ഒരേ ചിന്ത .... സ്ഥാനത്തും അസ്ഥാനത്തും ഒരേ ചിന്ത .... വാക്കിലും നോക്കിലും ഒരേ ചിന്ത .... എന്തിനേറെ കുളിമുറിയിലും കക്കൂസിലും അതേ ചിന്ത .... ഇന്നത്തെ ആ ചിന്താവിഷയം..... നാളെ എന്തു പോസ്റ്റും ??? (മരുന്ന് കഴിഞ്ഞിട്ടൊന്നുമില്ലട്ടോ..)

Wednesday, February 06, 2008

മുന്‍പരിചയം

വിവാഹം കഴിഞ്ഞ്‌ ആദ്യരാത്രി നമ്പൂരി ഭാര്യയോട്‌: നോം ആദ്യായിട്ടാ വേളി കഴിക്ക്‌ണത്‌....നീയോ....?" ഭാര്യ : ഞാനും.... നമ്പൂരി : ശിവ....ശിവാ......ഇനീപ്പോ എന്താ ചെയ്യ്‌വോ...? ഭാര്യ : എന്താ.....എന്തുപറ്റി..? നമ്പൂരി : നോം കരുതി......നെനക്കെങ്കിലും വേളി കഴിച്ച്‌ മുന്‍പരിചയം ണ്ടാവുമ്ന്ന്‌....