Pages

Monday, February 24, 2025

അക്ഷർധാം ക്ഷേത്രവും അഡലജ് പടിക്കിണറും ( ദ ഐവി - 3)

കഥ തുടരുന്നു.... ( For Previous episodes Click Here )

എൻ്റെ ഹൃദയത്തിൻ്റെ തുടി കൊട്ടലിനെക്കാളും പവർഫുൾ ആയിരുന്നു അക്ഷർധാം ക്ഷേത്രത്തിലെ മണിനാദം എന്ന് അൽപ സമയത്തിനകം തിരിച്ചറിഞ്ഞു.ടൂർ ചാർട്ടിൽ ഇല്ലാതിരുന്ന അക്ഷർധാം ക്ഷേത്രം കാണാം എന്ന് പെട്ടെന്നാണ് അറിയിപ്പ് വന്നത്. അതനുസരിച്ച് "ഷഹജാനന്ദ്" അക്ഷർധാമിനെ ലക്ഷ്യമാക്കി നീങ്ങി.

2013 - ൽ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള  ഇന്ദിരാഗാന്ധി എൻ.എസ്.എസ് നാഷണൽ അവാർഡ്  (Click n Read) സ്വീകരിക്കാൻ രാഷ്ട്രപതി ഭവനിൽ എത്തുന്നതിൻ്റെ തലേ ദിവസം ഞാൻ , കുടുംബ സമേതം ഡൽഹി അക്ഷർധാം ക്ഷേത്രം സന്ദർശിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം കാണാം എന്ന ആഗ്രഹത്തിലാണ് ഞാനവിടെ എത്തിയത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായി പൊരിവെയിലത്ത് കാത്ത് നിൽക്കുന്ന ഭക്തജനങ്ങളെ കണ്ടപ്പോൾ എനിക്ക്  അത്ഭുതം തോന്നി. ഞങ്ങളുടെ വേഷ വിധാനങ്ങൾ കണ്ട് അന്ന് പലരും ഞങ്ങളെ തുറിച്ച് നോക്കി. പത്ത് കിലോമീറ്ററിലധികം കുതിര വണ്ടിയിൽ കുലുങ്ങി കുലുങ്ങി എത്തിയതിനാൽ ക്ഷേത്രം കണ്ട് തന്നെ മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. അന്നത്തെപ്പോലെയുള്ള തിരക്ക് പ്രതീക്ഷിച്ചാണ് ഞാൻ അഹമ്മദാബാദ് അക്ഷർധാമിലും എത്തിയത്.

കണക്കിൽ പണ്ടേ ഞാൻ മോശമായിരുന്നതിനാൽ, എൻ്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി. ഒഴിഞ്ഞ് കിടക്കുന്ന പ്രവേശന കവാടത്തിൽ ഞങ്ങൾ എല്ലാവരും ദേഹ പരിശോധനക്ക് വിധേയരായി. ക്ഷേത്ര സമുച്ചയത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരു തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദനീയമല്ല. ബെൽറ്റടക്കം അഴിച്ച് പരിശോധിക്കും. 

പാദരക്ഷകൾ അഴിച്ചുവച്ച് എല്ലാവരും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു. ഏറ്റവും അടുത്ത രണ്ട് അനുയായികൾക്ക് ഒപ്പമുള്ള സ്വാമി നാരായണിൻ്റെ പ്രതിമയാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ആ രണ്ട് അനുയായികളിൽ ഒരാളാണ് ഷഹജാനന്ദ് എന്നും സ്വാമിയുടെ തന്നെ മറ്റൊരു പേരാണ് ഷഹജാനന്ദ് എന്നും പറയപ്പെടുന്നുണ്ട്. സ്വാമി നാരായണിൻ്റെ ജീവ ചരിത്രം ക്ഷേത്രത്തിൻ്റെ മുകൾത്തട്ടിൽ ക്രമീകരിച്ച ചിത്ര സഹിതമുള്ള വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാം.

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്വാമിനാരായൺ എന്ന സന്യാസിയുടെ പേരിലുള്ള  Bochasanwasi Akshar Purushottam Swaminarayan Sanstha എന്ന trust ൻ്റെ കീഴിലാണ് ലോകമാകമാനമുള്ള അക്ഷർധാം ക്ഷേത്രങ്ങൾ. ശില്പഭംഗി കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുന്ന വിധത്തിലാണ് എല്ലാ ക്ഷേത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ ന്യൂഡൽഹിക്കും അഹമ്മദാബാദിനും പുറമെ ഗാന്ധിനഗറിൽ കൂടി ഒരു അക്ഷർധാം ക്ഷേത്രം ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ക്ഷേത്ര സമുച്ചയത്തിലെ കഫറ്റീരിയയിൽ നിന്ന് തന്നെ ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ അടുത്ത സന്ദർശന സ്ഥലമായ അഡ്‌ലജ്  സ്റ്റെപ് കിണറിലേക്ക് നീങ്ങി.

സിന്ധു നദീതട സംസ്കാരത്തിന്റെ തനത് മുദ്രകളിൽ ഒന്നാണ് സ്റ്റെപ് കിണറുകൾ. കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് സമൃദ്ധമായ രാജസ്ഥാനിൽ നിരവധി പടിക്കിണറുകൾ ഉണ്ട്. 2020 ലെ ജയ്‌പൂർ സന്ദർശന വേളയിൽ നഹാർഗർഹ് കോട്ടയ്ക്കുള്ളിൽ (click & read) വലിയ ഒരു Step Well ഞാൻ കണ്ടിരുന്നു. അപൂർവ്വമായി ലഭിക്കുന്ന മഴയുടെ സിംഹഭാഗം വെള്ളവും ശേഖരിച്ച് വയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയതാണ് പടിക്കിണറുകൾ. കൂടാതെ തീർത്ഥാടകർക്കും വാണിജ്യ സംഘങ്ങൾക്കും വിശ്രമ കേന്ദ്രമായും ഇവ ഉപയോഗപ്പെടുത്തിയിരുന്നു.

വാസ്കോഡ ഗാമ കോഴിക്കോട്ട് കാല് കുത്തിയ 1498ൽ തന്നെയാണ് അഡ്ലെജ് സ്റ്റെപ്പ് വെല്ലും നിർമ്മിതമായത്.നാട്ടു രാജാവായിരുന്ന റാണാ വീർ സിംഗ് ആണ് ഈ അഞ്ച് നില സ്റ്റെപ്പ് വെൽ നിർമ്മാണം തുടങ്ങിയത്. എങ്കിലും ഇതിൻ്റെ മറ്റൊരു പേര് രുധാബായി സ്റ്റെപ്പ് വെൽ എന്നാണ്. അതിൻ്റെ പിന്നിൽ ഒരു ചരിത്രമുണ്ട്.

സ്റ്റെപ്പ് വെൽ നിർമ്മാണം പൂർത്തിയാക്കുന്നതിന് മുമ്പ് മെഹ്മൂദ് ബഗോഡയുമായുള്ള യുദ്ധത്തിൽ റാണാ വീർ സിംഗ് കൊല്ലപ്പെട്ടു.  വീർ സിംഗിൻ്റെ ഭാര്യയായ രുധാബായിയുമായി ബഗോഡ പ്രണയത്തിലായി. വിവാഹം കഴിക്കാൻ രുധാബായി മുന്നോട്ട് വച്ച വ്യവസ്ഥകളിൽ ഒന്ന് ഈ സ്റ്റെപ്പ് വെൽ നിർമ്മാണം പൂർത്തിയാക്കണം എന്നായിരുന്നു. ബഗോഡ അത് അംഗീകരിച്ചു. നിർമ്മാണം പൂർത്തിയായ സ്റ്റെപ്പ് വെൽ പുണ്യാഹം നടത്താനായി ഏതാനും വിശുദ്ധ സന്യാസിമാരോട് അതിൽ സ്നാനം ചെയ്യാൻ രുധാബായി കൽപിച്ചു. അങ്ങനെ  പുണ്യമാക്കിയ കിണറിൽ വീണ് രുധാബായി മരിച്ചു. 

ശില്പചാതുരി കൊണ്ട് ആകർഷണീയമായ സ്റ്റെപ്പ് വെല്ലിനകത്തേക്ക് ഇറങ്ങുന്തോറും തണുപ്പ് കൂടിക്കൂടി വരുന്നത് അനുഭവിച്ചറിയാം. ചുറ്റും ബാരിക്കേഡ് കെട്ടിയതിനാൽ വെള്ളത്തിലേക്ക് ഇറങ്ങാൻ സാധിക്കില്ല. ഇനി ഇതുപോലെ ഒരു സ്റ്റെപ്പ് വെൽ എവിടെയും നിർമ്മിക്കരുത് എന്നതിനാൽ ഈ സ്റ്റെപ്പ് വെല്ലിൻ്റെ ആറ് ശിൽപികളെയും മഹ്മൂദ് ബഗോഡ വധിച്ചതായി പറയപ്പെടുന്നു. അവരുടെ ശവകുടീരങ്ങളും സമീപത്ത് കാണാം.

ഗുജറാത്തിൻ്റെ തലസ്ഥാന നഗരിയായ ഗാന്ധിനഗറിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ അകലെയാണ് Adalaj Step Well സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദിൽ നിന്ന് പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെ പ്രവേശനമുണ്ട്. പ്രവേശന ഫീസ് ഇല്ല.

ടൂർ ഇറ്റിനറി പ്രകാരം അഹമ്മദാബാദിൽ ഇനി കാണാനുള്ളത് രാഷ്ട്രപിതാവ് ബാപ്പുജിയുടെ കാലടികളാൽ ധന്യമായ സബർമതി ആശ്രമം ആണ്. അവിടം കാണാനായി ഞങ്ങൾ യാത്ര തിരിച്ചു.

(തുടരും...)

Sunday, February 23, 2025

അമുലിൻ്റെ മുറ്റത്ത് (ദ ഐവി - 2)

കഥ ഇതുവരെ

അഹമ്മദാബാദ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങളെയും കാത്ത് "ഷഹജാനന്ദ് " പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു.ബസ്സിൻ്റെ ഈ പേരിൻ്റെ പൊരുൾ അറിഞ്ഞത് അക്ഷർധാം ടെമ്പിൾ സന്ദർശിച്ചപ്പോഴാണ്. അഹമ്മദാബാദിലെ ടൂർ മാനേജറായ സൂര്യയും റെയിൽവെ സ്റ്റേഷനിൽ എത്തിയിരുന്നു.

ബസ് നീങ്ങാൻ തുടങ്ങിയപ്പോൾ തെരുവിലേക്ക് നോക്കുന്നതിന് പകരം എൻ്റെ കണ്ണ് പോയത് ആകാശത്തേക്കാണ്. അഹമ്മദാബാദിൻ്റെ ആകാശത്ത് അന്ന് ഞാൻ ആദ്യമായി കണ്ട കാഴ്ച കുതിച്ച് പൊങ്ങുന്ന ഒരു ജെറ്റ് വിമാനമായിരുന്നു. അതൊരു സിമ്പോളിക് കാഴ്ചയായിരുന്നു എന്ന് ഉച്ചയോടെ തിരിച്ചറിഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കേരളം ഗുജറാത്തിനെ പിന്തള്ളി ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിൻ്റെ ഫൈനലിലേക്ക് കുതിച്ചതിൻ്റെ ഒരു മുന്നറിയിപ്പായിരുന്നു രാവിലെ കണ്ടത്.

അഹമ്മദാബാദ് മെട്രോയുടെ തൂണുകളിൽ കണ്ട ഗാന്ധിജിയുടെ ഏറ്റവും സിമ്പിളായ വരയായിരുന്നു തെരുവിൽ എനിക്ക് ഇഷ്ടപ്പെട്ട കാഴ്ച. 

സ്റ്റേഷനിൽ നിന്നും ഏറെ അകലെയല്ലാത്ത ഹോട്ടൽ ക്രൗണിൽ ആയിരുന്നു ഞങ്ങൾക്ക് ഫ്രഷ് അപ്പും ബ്രേക്ക് ഫാസ്റ്റും ഒരുക്കിയത്. വൃത്തിയിലും വെടിപ്പിലും സ്വാദിലും ഹോട്ടൽ എനിക്കിഷ്ടപ്പെട്ടു. പക്ഷെ,ചില്ല് കൂട്ടിനകത്ത് ഒരു കർട്ടനിട്ട് ടോയ്ലറ്റിൽ ഇരിക്കാൻ അൽപം ലജ്ജ തോന്നി. സമയം പാഴാക്കാതെ പെട്ടെന്ന് തന്നെ ഞങ്ങൾ അവിടെ നിന്ന് പാക്കപ്പ് ചെയ്തു.

ഈ യാത്രയുടെ പേരിനോട് നീതി പുലർത്തിക്കൊണ്ട് ഞങ്ങളുടെ ആദ്യത്തെ സന്ദർശനം ഇന്ത്യയിലെ നമ്പർ വൺ ക്ഷീര വ്യവസായമായ അമുൽ ഇൻഡസ്ട്രീസിലേക്കായിരുന്നു. 'അമുൽ - ദ ടേസ്റ്റ് ഓഫ് ഇന്ത്യ' എന്ന് കുട്ടിക്കാലത്ത് നിരവധി തവണ കേട്ടിരുന്നു. അന്ന് മിൽമ പാൽ ഇല്ലാത്തതിനാൽ അമുലിൻ്റെ പാൽപൊടിയായ 'അനിക് സ്പ്രേ' വാങ്ങിയതും സൈക്കിളിൽ നിന്ന് വീണ് അതിൻ്റെ അടപ്പ് പൊട്ടിപ്പോയതും എല്ലാം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. "പൊടി പോലുമില്ല കണ്ടുപിടിക്കാൻ" എന്ന പരസ്യം അക്ഷരാർത്ഥത്തിൽ അറം പറ്റി അനിക് സ്പ്രേ നമ്മുടെ നാട്ടിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.

മലയാളിയായ വർഗ്ഗീസ് കുര്യന്റെ നേതൃത്വത്തിൽ നടന്ന ധവള വിപ്ലവത്തിലൂടെ മുളച്ച് വൻമരമായി വളർന്ന് നിൽക്കുന്ന അമുലിൻ്റെ തണലിൽ എത്തിയപ്പോൾ ശരിക്കും അഭിമാനം തോന്നി. ട്രെയിനിംഗ് ഓഫീസർ കങ്കണബെൻ അമുലിൻ്റെ ചരിത്രം ഒരു ഡോക്യുമെൻ്ററിയായി പ്രദർശിപ്പിച്ചു. ഇതിനിടയിൽ തന്നെ വെൽകം ഡ്രിങ്കായി അമുൽ ട്രൂ (ഓറഞ്ച് ഫ്ലേവർ) എല്ലാവരുടെയും മുന്നിലെത്തി. 

പിന്നീട് പാൽ-പാലനുബന്ധ ഉൽപന്നങ്ങളുടെ ഉൽപാദനത്തിൻ്റെ വിവിധ ഘട്ടങ്ങളും കങ്കണ ഞങ്ങൾക്ക് കാണിച്ച് തന്നു. നാട്ടിലെ മിൽമ പ്ലാൻ്റിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഒരു മെഗാരൂപം ആയിട്ടാണ് എനിക്ക് ഇതനുഭവപ്പെട്ടത്.എന്നാൽ ആദ്യമായിട്ട് കാണുന്നവർക്ക് വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകളാണ് എന്നതിൽ സംശയമേതുമില്ല. തിരിച്ചിറങ്ങുമ്പോൾ ഒരു സംഭാരം കൂടി പ്രതീക്ഷിച്ചെങ്കിലും അത് പ്രതീക്ഷ മാത്രമായി അസ്തമിച്ചു. ഈ യാത്രയിലെ ഏക ഇൻഡസ്ട്രിയൽ വിസിറ്റിനും അതോടെ പരിസമാപ്തിയായി.

"അഗല കാഴ്ച സബർമതി ആശ്രമം ഹെ". സൂര്യ ഞങ്ങൾക്ക് അറിയിപ്പ് തരും എന്ന് ഞാൻ പ്രതീക്ഷിച്ചു. ഗാന്ധിജിയുടെ പാദസ്പർശം പതിഞ്ഞ ആ മണ്ണും പരിസരവും കാണാൻ എൻ്റെ ഹൃദയം തുടികൊട്ടി.


(തുടരും...)

Saturday, February 22, 2025

ദ ഐവി - 1

ഐവി എന്ന് കേൾക്കുമ്പോഴേക്കും ശശി എന്ന് കൂടി എൻ്റെ മനസ്സിൽ വരും. ഐ.വി ശശി എന്ന സുപ്രസിദ്ധ സംവിധായകൻ്റെ പേരാണ് ആ ഓർമ്മ വരുന്നതെങ്കിലും ഞാൻ "ശശി"യായ ഒരു കഥ കൂടി അതിൻ്റെ പിന്നിലുണ്ട്.

2004 ലാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി ഞാൻ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ജോലിക്ക് ചേർന്നത്. തൊട്ടടുത്ത വർഷം തന്നെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഇൻഡസ്ട്രിയൽ വിസിറ്റിന് കുട്ടികളെ അനുഗമിക്കാൻ അവർ എന്നെ ക്ഷണിച്ചു. കുടുംബത്തെയും കൊണ്ടു പോകാൻ സമ്മതമെങ്കിൽ ഞാനും റെഡിയാണെന്ന് അറിയിച്ചതോടെ ആളില്ലാതെ വലഞ്ഞിരുന്ന അവർ ഡബിൾ ഹാപ്പിയായി. കാരണം ഒരു ലേഡിയെ കൂടി അവർക്ക് ആവശ്യമുണ്ടായിരുന്നു. ബട്ട്, വിഷയം പ്രിൻസിപ്പാളിൻ്റെ അടുത്തെത്തിയപ്പോൾ എൻ്റെ ഔദ്യോഗിക പദവിയുടെ പേരിൽ എനിക്ക് വിലക്ക് വീണു.

അങ്ങനെ ഞാൻ "ശശി"യായതോടെ  പ്രതീക്ഷിച്ച് കാത്തിരുന്ന യാത്ര കുടുംബത്തിനും നഷ്ടമായി. അന്ന് പ്രതിഷേധിച്ചതിനാലാണോ എന്നറിയില്ല പിന്നീടുള്ള വർഷങ്ങളിൽ ഏത് സ്ഥിരം ജീവനക്കാരനും ഇൻഡസ്ട്രിയൽ വിസിറ്റിനെ അനുഗമിക്കാം എന്ന സ്ഥിതി വന്നു.എനിക്ക് പിന്നീട്  ഇൻഡസ്ട്രിയൽ വിസിറ്റിന് ഒരവസരം ലഭിച്ചില്ല. പക്ഷെ, കുടുംബത്തോടൊപ്പം എല്ലാ വർഷവും ഞാൻ ഒരു വിനോദയാത്ര പതിവാക്കി.

അങ്ങനെയിരിക്കെയാണ് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ AE &  I ഡിപ്പാർട്ട്മെൻറിൻ്റെ ഇൻഡസ്ട്രിയൽ വിസിറ്റിംഗ് ടീമിൻ്റെ കൂടെ പോകേണ്ട സണ്ണി സാറിന് പെട്ടെന്ന് എന്തോ അസൗകര്യം നേരിട്ടത്. അനുഗമിക്കുന്ന മറ്റ് രണ്ട് സ്റ്റാഫുകളും അതിഥി അദ്ധ്യാപകരായതിനാൽ സ്ഥിരം സ്റ്റാഫില്ലെങ്കിൽ യാത്ര മുടങ്ങും എന്ന അവസ്ഥയായി. ഉത്തരേന്ത്യൻ യാത്രകൾ നടത്തി പരിചയമുള്ള ആൾ ഞാനാണെന്ന് ആരോ സണ്ണി സാറിനെ ധരിപ്പിച്ചു. അങ്ങനെ ആ റിക്വസ്റ്റ് എൻ്റെ അടുത്തെത്തി. 

തൊട്ടടുത്ത ദിവസം പുറപ്പെടേണ്ടതിനാലും പഞ്ചിംഗ് ഏർപ്പെടുത്തുന്നതിൻ്റെ തിരക്കായതിനാലും വീട്ടിൽ തുടങ്ങി വച്ച ചില മരാമത്ത് പണികൾ പൂർത്തിയാക്കേണ്ടതിനാലും സർവ്വോപരി ടൂർ അവസാനിക്കുന്നതിൻ്റെ മുമ്പ് റംസാൻ വ്രതം ആരംഭിക്കുന്നതിനാലും എൻ്റെ മനസ്സ് പെട്ടെന്ന് വഴങ്ങിയില്ല. വീട്ടിലെ കാര്യം ഒഴികെ ബാക്കി എല്ലാറ്റിനും പരിഹാരം ഉണ്ടാക്കിത്തരാം എന്ന് സഹപ്രവർത്തകർ അറിയിച്ചതോടെ ഞാൻ പാതി മനസ്സിൽ ആയി. കാണാൻ പോകുന്ന സ്ഥലങ്ങൾ കേട്ടതോടെ എനിക്ക് പൂർണ്ണ സമ്മതം മൂളേണ്ടി വന്നു . നിമിഷങ്ങൾക്കകം തന്നെ ഡെൽഹിയിൽ നിന്നുള്ള എൻ്റെ റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് അടക്കം എല്ലാ പേപ്പറുകളും റെഡിയായി.

എഫ് ബി യിൽ ആരോ സബർമതി ആശ്രമം സന്ദർശിച്ച ഒരു കുറിപ്പ് ഞാൻ വായിച്ചിരുന്നു. ഗാന്ധിജിയുടെ നാടും വാസ സ്ഥലങ്ങളും സമര ഭൂമികളും ഫാമിലി സഹിതം ഒന്ന് കാണണമെന്ന് അന്ന് തോന്നി. രണ്ട് മാസം മുമ്പ് ഒരു ബന്ധു ജയ്സാൽമീറിലെ മരുഭൂമി സന്ദർശനവും ക്യാമ്പനുഭവങ്ങളും കുടുംബ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ അതും മനസ്സിലിട്ടു. ജയ്പൂരിൽ നേരത്തെ സന്ദർശനം നടത്തിയിരുന്നതിനാൽ ഈ അടുത്തൊന്നും നടക്കാൻ സാധ്യതയില്ലാത്ത മറ്റൊരു രാജസ്ഥാൻ പര്യടനത്തിൽ ആവാം അതെന്നും മനസ്സിൽ കരുതി. അതേ പോലെ രണ്ട് കാശ്മീർ യാത്രകൾ നടത്തിയതിനാൽ പഴയ പല സുഹൃത്തുക്കൾക്കും ഈ വർഷം അവിടെ പോകണം എന്ന ആഗ്രഹവും പങ്ക് വച്ചിരുന്നു.  ബട്ട്, മനുഷ്യൻ ആസൂത്രണം ചെയ്യുന്നു ദൈവം നിശ്ചയിക്കുന്നു എന്ന വാക്യം അക്ഷരാർത്ഥത്തിൽ ശരിവച്ച് അഹമ്മദാബാദും ജയ്സാൽമീറും കാശ്മീറും ആണ് ഈ ഇൻഡസ്ട്രിയൽ വിസിറ്റിലെ പ്രധാന ഡെസ്റ്റിനേഷനുകളായി തീരുമാനിച്ചിരുന്നത്. ഒപ്പം ഞാൻ എത്രയോ തവണ സന്ദർശിച്ച ഡെൽഹിയും ആഗ്രയും.

അങ്ങനെ പതിനാല് ദിവസം നീണ്ട് നിൽക്കുന്ന യാത്രക്കായി ഞാനും രണ്ട് സഹപ്രവർത്തകരും നാൽപത്തിമൂന്ന് കുട്ടികളും ഫെബ്രുവരി 20 പുലർച്ചെ പന്ത്രണ്ടരയ്ക്ക് കോഴിക്കോട് നിന്നും ട്രെയിൻ കയറി.ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തായതിനാൽ ഞാൻ സണ്ണിയും കൂടെയുള്ള വിനോദൻ മാഷ് ബിജീഷും ആയിട്ടായിരുന്നു യാത്ര ! രാത്രി ആയതിനാൽ ടിക്കറ്റ് പരിശോധനയിൽ ഐഡി കാർഡ് ഒന്നും നോക്കാതെ സണ്ണിയും ബിജീഷുമായി ടി.ടി.ആർ ഞങ്ങളെ രേഖപ്പെടുത്തി. എ.സി കോച്ചിലെ യാത്ര അത്ര രസകരമല്ല എന്ന് ഒരിക്കൽ കൂടി മനസ്സിലായി. രണ്ടാം ദിവസം, റെയിൽവെ തന്ന ബ്ലാങ്കറ്റ് മാറ്റുന്നതിൽ നേരിട്ട പ്രയാസം ഞാൻ "സണ്ണി" ആയതിനാൽ രേഖാമൂലം പരാതിപ്പെടാൻ സാധിച്ചില്ല.ഫെബ്രുവരി 22 ന് രാവിലെ ഏഴ് മണിക്ക് ഞങ്ങൾ അഹമ്മദാബാദ് സ്റ്റേഷനിൽ വണ്ടി ഇറങ്ങി.


(Next : അമുലിൻ്റെ തണലിൽ ...

Thursday, February 20, 2025

മലബാർ കലാപ ചരിത്ര ഭൂമികളിലൂടെ.... 3 - കൊണ്ടോട്ടി ഖുബ്ബ

"കൊണ്ടോട്ടി ഖുബ്ബേന്ന് 
മേലോട്ട് നോക്ക്യപ്പം 
തടസ്സൊന്നും കൂടാതെ 
ആകാശം കണ്ടോവർ"  

എന്റെ കുട്ടിക്കാലത്ത് ഏതൊക്കെയോ മതപ്രസംഗത്തിനിടക്ക് പ്രാസംഗികർ പാടാറുണ്ടായിരുന്ന ചില വരികളാണിത്.ഇതിലെ ഖുബ്ബ എന്താണെന്ന് കണ്ടതും മനസ്സിലായതും പി.എസ്.എം.ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. എല്ലാ ആഴ്ചയും ഒരു അപ്പും ഒരു ഡൗണുമായി രണ്ട് തവണ ഖുബ്ബക്ക് സമീപത്തുകൂടി ബസ്സിൽ കടന്നുപോകും.അതിനിടക്ക് അൽപ നേരം കാണുന്ന ആ കാഴ്ച തന്നെയായിരുന്നു എനിക്കതിനെപ്പറ്റി ആകെയുള്ള അറിവും. 

2007 ൽ ഹൈദരാബാദിൽ പോയപ്പോൾ കണ്ട ഏഴ് കുത്തബ് ഷാഹി ശവകുടീരങ്ങളുമായി കൊണ്ടോട്ടി ഖുബ്ബക്കുള്ള രൂപ സാദൃശ്യം, പിന്നീട് അത് വഴിയുള്ള യാത്രകളിൽ ഞാൻ ശ്രദ്ധിച്ചിരുന്നു.മലബാർ കലാപത്തിൽ ബ്രിട്ടീഷുകാർക്കൊപ്പം നിന്ന തങ്ങളുടെ ചരിത്രം കൂടി വായിച്ചതോടെ അവിടം സന്ദർശിച്ച്  കാര്യങ്ങൾ മനസ്സിലാക്കണമെന്നും മനസ്സിൽ കരുതി.

മമ്പുറം തങ്ങളുടെയും പൊന്നാനി ഖാസിമാരുടെയും നേതൃത്വത്തിൽ, മലബാറിലെ മുസ്ലിംകൾ ഐക്യത്തോടെ കഴിഞ്ഞു കൊണ്ടിരുന്ന കാലത്താണ് മഹാരാഷ്ട്രയിനിന്നും മുഹമ്മദ് ഷാ എന്നൊരാൾ കൊണ്ടോട്ടിയിലെത്തുന്നത്. സൂഫി പരിവേഷത്തിലെത്തിയ ഷാ, വലിയ്യ് എന്ന് സ്വയം പരിചയപ്പെടുത്തി ധാരാളം അനുയായികളെ ആകർഷിച്ചു. യഥാർത്ഥ ഇസ്‌ലാമിന് വിരുദ്ധമായ ആശയങ്ങളും ആചാരങ്ങളും പ്രചരിപ്പിച്ച മുഹമ്മദ് ഷായുമായി ബന്ധം പുലർത്തുന്നത് പിഴച്ച വിശ്വാസത്തിലേക്ക് നയിക്കുമെന്നും വിശ്വാസികൾക്ക് അദ്ദേഹവുമായി യാതൊരു തരത്തിലുള്ള ബന്ധങ്ങളും പാടില്ലെന്നും പൊന്നാനി ഖാസിമാരും മമ്പുറം തങ്ങളും മത വിധി പുറപ്പെടുവിച്ചു.

പൊന്നാനി ഖാസിക്ക് കീഴിലുള്ളവർ ഷായുടെ അനുയായികൾ എന്നിങ്ങനെ ഇരുവിഭാഗങ്ങളായി പിരിഞ്ഞതോടെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിൽ സമുദായത്തിനകത്ത് കലഹത്തിന് തുടക്കമായി. ഇത് പലപ്പോഴും സംഘട്ടനങ്ങളിൽ വരെ എത്തിച്ചേർന്നു  മുഹമ്മദ് ഷാ ക്രമേണ കൊണ്ടോട്ടി തങ്ങളായി മാറി.

പൊന്നാനി ഖാസിമാരും അനുയായികളായ പൊന്നാനി കൈക്കാരും അധിനിവേശ വിരുദ്ധ പോരാളികളായിരുന്നു. എന്നാൽ കൊണ്ടോട്ടി തങ്ങൾമാരും അനുയായികളായ കൊണ്ടോട്ടി കൈക്കാരും ബ്രിട്ടീഷ് അനുകൂലികളായിരുന്നു. കൊണ്ടോട്ടി തങ്ങൾ കുടുംബത്തിന് അരീക്കോട് താഴത്തങ്ങാടിയിൽ ഒരു തഖിയ ഉണ്ടായിരുന്നു. ഇവിടെയുള്ള തങ്ങൾ കുടുംബം 'തഖിയേക്കൽ' എന്നറിയപ്പെട്ടു. 

താഴത്തങ്ങാടി നിവാസികൾ നൂറ് ശതമാനവും പൊന്നാനി കൈക്കാരായിരുന്നു. അതിനാൽ തന്നെ വിശ്വാസാദർശങ്ങളിലും രാഷ്ട്രീയ സാംസ്കാരിക സമീപനങ്ങളിലും അരീക്കോട്ടുകാരും കൊണ്ടോട്ടി തങ്ങൾമാരും തമ്മിൽ ധ്രുവാന്തരമുണ്ടായിരുന്നു.ഈ വൈരുദ്ധ്യങ്ങളുടെ സംഘർഷമാണ് "കൊടികേറ്റം" എന്ന പ്രതിഷേധ സമരത്തിൻ്റെ അന്തഃസത്ത. അരീക്കോടിന്റെ സാമൂഹിക,, സാംസ്കാരിക, രാഷ്ട്രീയ ജീവിതത്തിന്റെ നേർചിത്രം വരച്ചുകാണിക്കുന്ന ഒരു ചരിത്ര കൃതി കൂടിയാണ് "കൊടികേറ്റം".

മുഹമ്മദ് ഷായുടെ മരണ ശേഷം അദ്ദേഹത്തെ കൊണ്ടോട്ടിയിൽ തന്നെ ഖബറടക്കി. മുഗൾ ശൈലിയിൽ പൂര്‍ണമായും കരിങ്കല്ലുകൊണ്ട് പണിത അദ്ദേഹത്തിൻ്റെ ശവകുടീരമാണ് കൊണ്ടോട്ടി ഖുബ്ബ എന്നറിയപ്പെടുന്നത്. 

പേര്‍ഷ്യന്‍ ശില്പകലയിലുള്ള കേരളത്തിലെ ആദ്യത്തെ ചരിത്രസ്മാരകം കൂടിയാണിത്. കര്‍ണ്ണാടകയിലെ ബീജാപ്പൂർ സുല്‍ത്താന്‍മാര്‍ അയച്ചുകൊടുത്ത ശില്പികളാണ് ഖുബ്ബ നിര്‍മ്മിച്ചത് എന്ന് പറയപ്പെടുന്നു.  ചിഷ്തി ഖാദിരി തരീഖ്വത്ത് വിഭാഗക്കാരുടെ ആരാധനാകേന്ദ്രം കൂടിയാണ് കൊണ്ടോട്ടി ഖുബ്ബ. കൊണ്ടോട്ടി നേര്‍ച്ച നടക്കുന്നതും  ഇവിടെയാണ്.മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ഖബറിടവും ഖുബ്ബയ്ക്ക് സമീപത്താണ്.

പ്രാർത്ഥനക്കായി മഖാമുകൾ സന്ദർശിക്കുന്നത് എനിക്കും കുടുംബത്തിനും താല്പര്യമില്ല. ഖുബ്ബക്കകത്ത് തങ്ങളുടെ മഖാമാണ് എന്നറിഞ്ഞത് ഈ ആദ്യ സന്ദർശനത്തിലാണ്. അവിടെ കണ്ട വ്യക്തിയോട് അടുത്ത് ചെന്ന് കാണാൻ അനുവാദം ചോദിച്ചപ്പോൾ അമർഷത്തോടെയായിരുന്നു മറുപടി കിട്ടിയത്. അതിനാൽ പുറത്ത് നിന്ന് മഖ്ബറ കണ്ട് ഞങ്ങൾ അടുത്ത സന്ദർശന സ്ഥലത്തേക്ക് നീങ്ങി.

(തുടരും..)

Tuesday, February 18, 2025

Sapiens - A brief history of humankind

മനുഷ്യരറിയാൻ എന്ന പുസ്തകം വായന പൂർത്തിയാക്കി തിരിച്ച് കൊടുത്ത ദിവസമാണ് ഇതിനെക്കാളും മുന്തിയത് എന്ന കള്ളച്ചിരിയോടെ എൻ്റെ സഹപ്രവർത്തകനായ സുമേഷ് "സാപിയൻസ്" എനിക്ക് നേരെ നീട്ടിയത്. എന്തൊക്കെയോ വിവാദങ്ങൾ ഈ പുസ്തകത്തെപ്പറ്റി കേട്ടിരുന്നതിനാൽ അതൊന്ന് വായിക്കാം എന്ന് എനിക്കും തോന്നി. പിറ്റേ ദിവസം അതിൻ്റെ മലയാള പരിഭാഷയും കൂടി സുമേഷ് തന്നതിനാൽ വായന എനിക്ക് എളുപ്പമായി.

നൂറ്റാണ്ടുകൾക്ക് മുൻപുള്ള നിയാണ്ടർതാൽ വിഭാഗത്തിൽ പെട്ട മനുഷ്യരെ ഉൻമൂലനം ചെയ്ത് ഹോമോ സാപിയൻസ് എന്ന മനുഷ്യവിഭാഗം ഭൂമിയിൽ ആധിപത്യം സ്ഥാപിച്ചത് എങ്ങനെ എന്നതാണ് ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.നിസ്സാരമായ ആൾക്കുരങ്ങുകളിൽ നിന്നും ലോകാധിപരിലേക്കുള്ള മനുഷ്യൻ്റെ വളർച്ചയുടെ ചരിത്രം എന്നാണ് ഈ പുസ്തകത്തെപ്പറ്റി ചിലരുടെ അഭിപ്രായം.

എഴുപതിനായിരം കൊല്ലങ്ങൾക്ക് മുന്‍പ് കഴുതയെയും കടുവയെയും കുരങ്ങനെയും പോലെ മറ്റൊരു ജീവി മാത്രമായിരുന്നു മനുഷ്യന്‍. അവൻ എങ്ങനെയാണ് ഇത്ര പെട്ടെന്ന് ലോകത്തെ നിയന്ത്രിക്കുന്ന വര്‍ഗമായത് എന്ന അന്വേഷണം പുസ്തകത്തിൻ്റെ ഗതി പല വഴികളിലൂടെയും തിരിച്ചുവിടുന്നു. സങ്കല്‍പ്പത്തില്‍ മാത്രമുള്ള കാര്യങ്ങള്‍ കൂട്ടായി വിശ്വസിക്കാന്‍ കഴിവുള്ള ഒരേ ഒരു മൃഗമായതുകൊണ്ടാണ് മനുഷ്യന് ഇത് സാധിച്ചതെന്ന് പുസ്തക രചയിതാവ് പറയുന്നു. ദൈവം, രാജ്യം, കറന്‍സി, മതം, നിയമം, തുടങ്ങീ ഇന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം മനുഷ്യന്‍റെ ഭാവനയില്‍ മാത്രമുള്ള കാര്യങ്ങളാണ് എന്നും ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു.

മാനവ ചരിത്രത്തിലെ വഴിത്തിരിവായി കൃഷിയെ എല്ലാവരും വാഴ്ത്തുമ്പോള്‍  കൃഷിയായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമെന്ന് ഗ്രന്ഥകർത്താവ് ഹരാരി പറയുന്നു. ഗോതമ്പിന്‍റെ കണ്ണില്‍ കൂടി മനുഷ്യനെ നോക്കിയാൽ മനുഷ്യന്‍ ഗോതമ്പ് ചെടിയെയല്ല, ഗോതമ്പ് മനുഷ്യനെയാണ് മെരുക്കിയത് എന്ന് അദ്ദേഹം സമർത്ഥിക്കുന്നത് ഇങ്ങനെയാണ്. ഭൂഗോളത്തില്‍ അപൂര്‍വം ചിലയിടങ്ങളില്‍ മാത്രം കണ്ടിരുന്ന ഗോതമ്പ് ചെടിയെ മനുഷ്യന്‍ ലോകം മുഴുവന്‍  എത്തിച്ചു. ഗോതമ്പ് പാടങ്ങൾക്കായി വൈവിധ്യമാര്‍ന്ന നിരവധി ചെടികളെ നശിപ്പിച്ചു. അതുവരെ പല ചെടികളില്‍ നിന്ന് കിട്ടിയിരുന്ന പോഷണ വൈവിധ്യം അതോടെ നിലച്ചു. കുറച്ച് നേരം മാത്രം ജോലി ചെയ്ത്, ഈ ചെടിയെ സംരക്ഷിക്കാനായി അതിനടുത്ത സ്ഥലത്ത് തന്നെ ജീവിതം മുഴുവന്‍ ജീവിച്ച് തീര്‍ത്തു. ഈ ചെടി കീടബാധയേറ്റോ വെള്ളം കയറിയോ വെള്ളം കിട്ടാതെയോ നശിച്ചപ്പോള്‍ പട്ടിണി കിടന്ന് മനുഷ്യനും നശിച്ചു. ചുരുക്കിപ്പറഞ്ഞാൽ,ഗോതമ്പിനെ ആശ്രയിക്കുന്ന  ജീവിയായി മനുഷ്യന്‍ മാറി.

ഇങ്ങനെ ലോകത്ത് സംഭവിച്ച പലതും മറ്റൊരു വീക്ഷണ കോണിലൂടെ അവതരിപ്പിച്ച് വായനക്കാരനെയും ആ രീതിയിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകമാണ് സാപിയൻസ്. അതിൽ ദൈവത്തെ വരെ ചോദ്യം ചെയ്യുന്നു.Is there anything more dangerous than dissatisfied and irresponsible gods who don't know what they want ? എന്നാണ് ഹരാരിയുടെ ചോദ്യം.

ഇംഗ്ലീഷ് പതിപ്പിൻ്റെ നേർക്ക് നേരെയുള്ള മൊഴിമാറ്റമാണ് മലയാള പതിപ്പ് എന്നതിനാൽ രണ്ടും വായിക്കുന്നവർക്ക് ചിലപ്പോൾ ബോറടിക്കും. എന്നാൽ മലയാള പതിപ്പിലെ ചിത്രങ്ങളാണ് കൂടുതൽ തെളിവുള്ളത് എന്നത് എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.

Provocative എന്ന് ഒബാമയും Fascinating എന്ന് ബിൽ ഗേറ്റ്സും
Full of Shocking and wondrous stories എന്ന് Sunday Times ഉം വിശേഷിപ്പിച്ച ഈ പുസ്തക വായനയിലൂടെ ഞാൻ 2025 ലെ വായനാ വസന്തത്തിന് തുടക്കമിടുന്നു.

പുസ്തകം: Sapiens - A brief history of humankind
രചയിതാവ്: യുവാൽ നോവാ ഹരാരി
പ്രസാധകർ: Vintage books
Page: 498  (മലയാള പതിപ്പ് - 552)
വില: 10 പൗണ്ട് = Rs 1080

Thursday, February 13, 2025

കൂ...പീ വണ്ടി

"കൂ...പീ... കൂ..പീ...  കൂ...പീ...  " നാൽവർ സംഘം സ്കൂളിലേക്ക് പോകുമ്പോൾ ഒരു ശബ്ദം കേട്ടു. ശബ്ദം ക്രമേണ ക്രമേണ അടുത്ത് വന്നു.

"എനിക്ക് ഈ ശബ്ദം കേൾക്കുന്നത് തന്നെ പേടിയാ.. " ആമി പറഞ്ഞു.

"അതെന്തിനാ പേടിക്കുന്നത്?" ബാബു ചോദിച്ചു.

"ആ കൂ...പീ വണ്ടിയിൽ ഏതോ ഒരു മനുഷ്യൻ ചോരയിൽ കുളിച്ച് ... ഹോ ! ആലോചിക്കാൻ പോലും വയ്യ. " ആമി പറഞ്ഞു.

"ഹ...ഹ... ഹാ... കൂ...പീ വണ്ടിയല്ല...ആംബുലൻസ് എന്നാ അതിനെ പറയുക ... ഇത് അത് തന്നെയാണോ എന്നറിയില്ല.... എല്ലാ ആംബുലൻസിലും ചോരയിൽ കുളിച്ചവരാകണം എന്നും ഇല്ല ..." ബാബു പറഞ്ഞു.

"അതാ... നോക്ക് ... അത് ഒരു ആംബുലൻസ് തന്നെ ..." മിനിമോൾ ആമിക്ക് പിന്തുണ കൊടുത്തു.

"ഇത്രയും ശബ്ദത്തിനൊപ്പം എന്തിനാ ആ ലൈറ്റും കൂടി അവർ മിന്നിക്കുന്നത് ? എല്ലാം കൂടി കാണുമ്പോൾ ഒരു ഭീകരത തോന്നുന്നു" ആമി പറഞ്ഞു.

"നീ ആ ലൈറ്റിൻ്റെ നിറം ശ്രദ്ധിച്ചോ ?" അബ്ദു ചോദിച്ചു.

"ചുവപ്പ്" ആമി പറഞ്ഞു.

"ങാ... ചുവപ്പ് നിറം അടിയന്തിര അവസ്ഥയെ സൂചിപ്പിക്കുന്നു ... അടിയന്തിര മെഡിക്കൽ സേവനം ആവശ്യമുള്ള ആളെയും വഹിച്ചു കൊണ്ട് വരുന്ന ആംബുലൻസിൽ ചുവപ്പ് ലൈറ്റ് ഉപയോഗിക്കാം.."

"അഗ്നി രക്ഷാ സേനയുടെ വാഹനത്തിലും ചുവപ്പ് ലൈറ്റ് കണ്ടിട്ടുണ്ട്. " മിനിമോൾ പറഞ്ഞു.

"തീർന്നില്ല... ചുവപ്പിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്.." അബ്ദു പറഞ്ഞു.

"അതെന്താ?" എല്ലാവരും അബ്ദുവിനെ നോക്കി.

"ചുവന്ന പ്രകാശത്തിന് തരംഗ ദൈർഘ്യം കൂടുതലാണ്..." 

"ങാ.." ഇതുവരെ കേൾക്കാത്ത ഒരു സംഗതി ആയതിനാൽ എല്ലാവരും മൂളി.

"പ്രകാശം വസ്തുക്കളിൽ തട്ടുമ്പോൾ ചിന്നിച്ചിതറും ..." അബ്ദു തുടർന്നു.

"ങേ!! പ്രകാശം ചിതറുകയോ? അപ്പോ അത് ഇല്ലാതാവില്ലേ? " അതും അവർക്ക് പുതിയ അറിവായിരുന്നു.

"അതെ.... നമുക്കത് പെട്ടെന്ന് ബോധ്യപ്പെടില്ല എന്ന് മാത്രം... അത് ഞാൻ മറ്റൊരവസരത്തിൽ പറഞ്ഞു തരാം.." അബ്ദു പറഞ്ഞു.

"ങാ... എന്നിട്ട് ..?"

"തരംഗ ദൈർഘ്യം കൂടുതലുള്ള നിറങ്ങൾ വളരെ കുറച്ചേ ചിതറിപ്പോവൂ.. അതായത് ചുവപ്പ് പ്രകാശം അധികം ചിതറുകയില്ല .." അബ്ദു വിശദീകരിച്ചു. 

"ഓ... അപ്പോ അത് എല്ലാവർക്കും എപ്പോഴും കാണാം.."

"അതെ... വളരെ ദൂരെ നിന്ന് തന്നെ കാണാൻ സാധിക്കുന്നത് കൊണ്ട് പെട്ടെന്ന് വഴി ക്ലിയർ ചെയ്യാനും ഉപകരിക്കും" അബ്ദുവിൻ്റെ വിശദീകരണം എല്ലാവർക്കും തൃപ്തികരമായി.

"എനിക്ക് ഒരു സംശയം കൂടി ഉണ്ട്..'' ആമി പറഞ്ഞു.

" ങാ ... ചോദിക്ക് .."

"ആ പോയ വാഹനത്തിൽ ആംബുലൻസ് എന്ന് എഴുതിയത് അറബി ഇംഗ്ലീഷിലാണല്ലോ? അതെന്താ അങ്ങനെ ?" ആമി ചോദിച്ചു.

"ങേ!! അറബി ഇംഗ്ലീഷോ?" 

"അതെ.. വലത്ത് നിന്ന് ഇടത്തോട്ട് ...ഇംഗ്ലീഷിൽ"

"ഓ... അങ്ങനെ ... അത് മുന്നിലെ വണ്ടിയിലെ ഡ്രൈവർക്ക് മനസ്സിലാകാൻ വേണ്ടിയാണ്.."

"അതെങ്ങനെ?"

"ഒരു ഡ്രൈവർ തൻ്റെ പിന്നിലെ വണ്ടിയെ നിരീക്ഷിക്കുന്നത് ഇരു വശത്തെയും കണ്ണാടികളിലൂടെയാണ്. "

" ആ... അത് ശരിയാ... " 

"കണ്ണാടിയിൽ കാണുന്നത് പ്രതിബിംബമാണ്. അപ്പോൾ ഈ വിധത്തിൽ എഴുതിയാൽ അതിൻ്റെ പ്രതിബിംബം വായിക്കാൻ പറ്റുന്ന രൂപത്തിൽ ദർശിക്കാൻ സാധിക്കും. അങ്ങനെ വഴി മാറിക്കൊടുക്കാനും എളുപ്പമാകും " അബ്ദു വിശദമാക്കി.

"ആ... അത് നല്ല ഐഡിയ ആണല്ലോ..."

"ദേ... നമ്മൾ സ്കൂളിലെത്തി.ഇതു പോലെ നിത്യ ജീവിതത്തിലെ നിരവധി കാര്യങ്ങൾ ഇനിയും നമുക്ക് പഠിക്കാനുണ്ട്. ഓരോ ദിവസവും നമുക്കവ പരിചയപ്പെടാം. '

"ശരി..ശരി" 

ഓരോരുത്തരും അവരവരുടെ ക്ലാസുകളിലേക്ക് നീങ്ങി.

Thursday, February 06, 2025

മലബാർ കലാപ ചരിത്ര ഭൂമികളിലൂടെ.... 2 - അരീക്കോട്‌ വലിയ ജുമുഅത്ത്‌ പള്ളി (എന്റെ അരീക്കോട്)

മലബാർകലാപ ചരിത്ര ഭൂമികളിലൂടെ -1

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ എന്റെ നാടായ അരീക്കോട് ഒരു പൊതുജന ശ്രദ്ധാകേന്ദ്രമായിരുന്നു.സ്വാതന്ത്ര്യം കിട്ടുന്നത് വരെ ബ്രിട്ടീഷ് പട്ടാളത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നായിരുന്നു അരീക്കോട്. 

മദ്രസയിൽ പഠിക്കുന്ന കാലത്ത്, വെള്ളപ്പട്ടാളം എന്നറിയപ്പെടുന്ന ബ്രിട്ടീഷ് പട്ടാളത്തെ നേരിൽ കണ്ടത് എൻ്റെ മൂത്തുമ്മയിൽ നിന്ന് ഞാൻ നിരവധി തവണ കേട്ടിട്ടുണ്ട്. വെള്ളപ്പട്ടാളം നാട്ടിൽ നടത്തിയ ചില ക്രൂര സംഭവങ്ങൾ പല സ്ഥലങ്ങളിലും ഞാൻ വായിച്ചിട്ടുമുണ്ട്.അനീതിക്ക് എതിരെ നിർഭയം പ്രതികരിക്കുന്ന ഒരു ജനതയായിരുന്നു അരീക്കോട്ടുകാർ എന്നും അതിനാൽ പട്ടാള സാന്നിദ്ധ്യം എപ്പോഴും അനിവാര്യമായിരുന്നു എന്നാണ് വാമൊഴികളിലൂടെ കേട്ടത്.ഇതിന്റെ ബാക്കിപത്രം എന്നോണമാണ് മലബാർ സ്‌പെഷ്യൽ പോലീസിന്റെ (എം.എസ്.പി) ഒരു ക്യാമ്പ് അരീക്കോട്ട് സ്ഥാപിതമായത് എന്നാണറിവ്. തൊട്ടടുത്ത് തന്നെ ഇന്നും പ്രവർത്തിക്കുന്ന ഒരു ടൂറിസ്റ്റു ബംഗ്ളാവും ഉണ്ട്.എം.എസ്.പി ക്യാമ്പ് ഇപ്പോൾ മാവോയിസ്റ്റ് തീവ്രവാദ വിരുദ്ധ സേനയായ തണ്ടർ ബോൾട്ടിന്റെ ക്യാമ്പായി പ്രവർത്തിക്കുന്നു.

മലബാറിലെ മാപ്പിള ചരിത്രത്തിൽ എടുത്തു പറയേണ്ട ഒരു പള്ളി അരീക്കോട്ടുണ്ട് -1719 ൽ (ഹിജ്റ വർഷം 1131) അരീക്കോട് താഴത്തങ്ങാടിയിൽ സ്ഥാപിതമായ ചെറിയ പള്ളി.ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ അതേ രൂപമാതൃകയാണിതിന്.  

ഈ പള്ളിയിലെ സ്ഥലപരിമിതി കാരണം, തൊട്ടടുത്ത് തന്നെ 1769ൽ  നിർമ്മിക്കപ്പെട്ട വലിയ പള്ളി സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ പല സംഭവങ്ങൾക്കും മൂക സാക്ഷിയാണ്. ചെറിയ പള്ളിയിലെയും വലിയ പള്ളിയിലെയും ആദ്യകാല ഖാളിമാരെ നിശ്ചയിച്ചിരുന്നത്‌ പൊന്നാനിയില്‍ നിന്നായിരുന്നു.

പണ്ഡിതനും സൂഫി വര്യനുമായിരുന്ന അഹമ്മദ് കുരിക്കളാണ്‌ വലിയ പള്ളിയുടെ സ്ഥാപകന്‍. അരീക്കോട് കോവിലകത്തെ തമ്പുരാന്‌ (തമ്പുരാന്റെ മകൾക്ക് എന്നും പറയപ്പെടുന്നുണ്ട്) പിടിപെട്ട ഒരു കണ്ണസുഖം  ഭേദമാക്കുന്നതില്‍ നാട്ടു വൈദ്യന്‍മാരെല്ലാം പരാജയപെട്ടപ്പോള്‍ ചികിത്സകന്‍ കൂടിയായിരുന്ന അഹ്‌മദ്‌ കുരിക്കള്‍ അതു സുഖപ്പെടുത്തി. പ്രതിഫലമായി തമ്പുരാന്‍ പല പാരിതോഷികങ്ങളും വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അതെല്ലാം നിരസിച്ചു കൊണ്ട് ഒരു പള്ളി നിര്‍മ്മിക്കാനുള്ള സ്ഥലം ആവശ്യപ്പെട്ടു. അങ്ങനെ, ഇപ്പോൾ വലിയ പള്ളി നില്‍ക്കുന്ന സ്ഥലം തമ്പുരാൻ വിട്ടു കൊടുത്തു. പള്ളിയുടെ മുന്‍വശത്ത്  പള്ളിയോടു ചേര്‍ന്നു അഹമ്മദ് കുരിക്കളുടെ മഖ്‌ബറ ഇന്നും കാണാം. 

വലിയ പള്ളിയുടെ അകവശം ഇന്നും ഞാൻ അത്ഭുതത്തോടെയാണ് നോക്കിക്കാണാറുള്ളത്. മരത്തിൽ തീർത്ത വണ്ണമുള്ള തൂണുകളും മിമ്പറും (പ്രസംഗ പീഠം) നല്ല കനമുള്ള മരത്തിന്റെ വാതിൽ പൊളികളും തടി കൊണ്ടു തന്നെയുള്ള  മച്ചും എന്തോ ഒരു പ്രത്യേക അനുഭൂതി സൃഷ്ടിക്കും.

അകം പള്ളിയുടെ വാതിലിൽ ബ്രിട്ടീഷ് പട്ടാളം ശൗര്യം തീർത്തതിന്റെ അടയാളങ്ങളും കാണാം. പള്ളിയുടെ ചുമരിൽ കാണുന്ന ചിത്രപ്പണികൾ പുരാതന  പേർഷ്യയിൽ കണ്ടിരുന്ന ചിത്രങ്ങളുമായി സാമ്യം ഉള്ളതായി പറയപ്പെടുന്നു.പ്രസ്തുത ചിത്രങ്ങൾ പലതും ഇന്ന് നശിച്ചു കൊണ്ടിരിക്കുന്നു.

വളരെ ഇടുങ്ങിയ ഒരു തെരുവാണ് താഴത്തങ്ങാടി.ഇവിടെ താള്‍തൊടിയില്‍, ശിയാ വിഭാഗത്തിൽ പെട്ട കൊണ്ടോട്ടി തങ്ങന്മാര്‍ക്ക്‌ ആസ്ഥാനം ഉണ്ടായിരുന്നു. കൊടിയേറ്റവും നേര്‍ച്ചയും ചെണ്ടവാദ്യങ്ങളും ഇവിടെ നടത്തിയിരുന്നു.അനിസ്‌ലാമികമായ ഈ ആചാരങ്ങൾക്ക് തടയിടാന്‍ നാട്ടുകാരും പള്ളി ഭാരവാഹികളും തീരുമാനിച്ചു. 

വലിയ പള്ളിയുടെ മുമ്പിലൂടെ ചെണ്ട കൊട്ടി ബഹളം വച്ച് കൊണ്ടുള്ള ജാഥ കടന്നുപോവാന്‍ അനുവദിക്കില്ലെന്ന്‌ പറഞ്ഞു കൊണ്ട് നാട്ടുകാർ ആ വർഷത്തെ നേർച്ച വരവ് തടഞ്ഞു. സർവ്വ സന്നാഹങ്ങളോടെ മറുവിഭാഗവും ഏറ്റുമുട്ടാൻ ഒരുങ്ങിയപ്പോള്‍ പോലീസ്‌ ഇടപെട്ടു.അങ്ങനെ ആ വര്‍ഷം നേര്‍ച്ച ഒഴിവാക്കി. അടുത്ത വര്‍ഷം പോലീസ്‌ സന്നാഹത്തോടെ തങ്ങന്മാരുടെ ആളുകള്‍ വീണ്ടും ഒരു വരവ്‌ നടത്തി. എന്നാല്‍ നാട്ടുകാരുടെ കടുത്ത നിസ്സഹകരണം മൂലം നേർച്ച ആഘോഷം വിജയിച്ചില്ല. തുടര്‍ വര്‍ഷങ്ങളില്‍ കൊടിയേറ്റവും അനുബന്ധ പരിപാടികളും പൂര്‍ണ്ണമായും നിർത്തി.1917 ൽ നടന്ന ഈ സംഭവമാണ് കൊടിയേറ്റം എന്ന പേരിൽ അറിയപ്പെടുന്നത്. 

കൊടിയേറ്റത്തെ ആസ്പദമാക്കി അരീക്കോട്ടുകാരനായ മാപ്പിള മഹാകവി മുണ്ടമ്പ്ര ഉണ്ണിമമ്മദ് അറബിമലയാളത്തിലെഴുതിയ "കൊടികേറ്റം" എന്ന മാപ്പിള ഖണ്ഡകാവ്യമാണ് അരീക്കോടിന്റെ എഴുതപ്പെട്ട ആദ്യ ചരിത്രരേഖ. അക്കാലത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക ചരിത്രത്തെ ഈ കൃതി വരച്ചുകാണിക്കുന്നു. 

(തുടരും...)

Saturday, February 01, 2025

ആര്യൻ

1988ൽ ഞാൻ പ്രീഡിഗ്രി ഒന്നാം വർഷത്തിൽ നിന്നും രണ്ടാം വർഷത്തിലേക്ക് എത്തി.സ്‌കൂളിലെപ്പോലെ മുൻ ക്‌ളാസിൽ നിന്ന് ജയിച്ചാലേ അടുത്ത ക്‌ളാസിൽ ഇരിക്കാൻ പറ്റൂ എന്ന നിയമം ഇല്ലാത്തതിനാൽ എന്നെപ്പോലെ, കൂടെയുള്ള പലരും അന്ന് രണ്ടാം വർഷ ക്‌ളാസ്സിലെത്തി.സീനിയർ ആയി എന്നതിന്റെ അടയാളങ്ങൾ താടിയും മീശയുമായി മുഖത്ത് മുളച്ച് പൊന്തിയിരുന്നു. പക്ഷേ, സീനിയോറിറ്റി തെളിയിക്കാൻ  കോളേജിലും ഹോസ്റ്റലിലും ജൂനിയേഴ്‌സ് വരണമായിരുന്നു.

പ്രീഡിഗ്രി മോർണിംഗ് ബാച്ച് ആയതിനാലും ഹോസ്റ്റലിൽ താമസമായതിനാലും അന്ന്, ദിവസത്തിന് ഇരുപത്തിനാല് മണിക്കൂറിലും കൂടുതൽ നീളമുണ്ടായിരുന്നു എന്നാണ് എന്റെ അനുഭവം.അതിനാൽ തന്നെ സിനിമ കാണൽ അന്ന് ഹോസ്റ്റലിലെ പലരുടെയും ഒരു ഹോബിയായിരുന്നു.

മമ്മുട്ടിയും മോഹൻലാലും താരപദവിക്കായി കിട മത്സരം നടക്കുന്ന കാലം കൂടിയായിരുന്നു അത്.ജയറാം സിനിമയിലേക്ക് വരുന്നതും ആ വർഷത്തിലാണ്. 1921,ആഗസ്ത് 1 ,അബ്‌കാരി, ദിനരാത്രങ്ങൾ,മനു അങ്കിൾ, മുക്തി,ഒരു CBI ഡയറിക്കുറിപ്പ്,തന്ത്രം തുടങ്ങീ മമ്മൂട്ടി ഹിറ്റുകളും ആര്യൻ,അനുരാഗി, അയിത്തം, ചിത്രം, മൂന്നാം മുറ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ഉത്സവപ്പിറ്റേന്ന്, വെള്ളാനകളുടെ നാട് തുടങ്ങീ മോഹൻലാൽ ഹിറ്റുകളും ഇറങ്ങിയത് ആ വർഷത്തിലായിരുന്നു.

അന്ന് ഹോസ്റ്റലിലെ സിനിമാ കമ്പക്കാരിൽ പ്രധാനികളായിരുന്നു അനിയും അഹമ്മദും അൻസറും.അനി മമ്മൂട്ടി ഭ്രാന്തനും അഹമ്മദ് മോഹൻലാൽ പ്രാന്തനും അൻസാർ രണ്ടും കൂടിയ പിരാന്തനും ആയിരുന്നു.പക്ഷെ ചെമ്മാട് 'ദർശന'യിൽ (അതായിരുന്നു ഏറ്റവും അടുത്ത തിയേറ്റർ) ആരുടെ സിനിമ വന്നാലും ഈ സംഘം അത് കണ്ടിട്ടേ ബാക്കിയുള്ളവർ അറിയുക പോലുമുള്ളൂ. അങ്ങനെയിരിക്കെയാണ് മോഹൻലാൽ, ദേവനാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആര്യൻ' പ്രദർശനത്തിനെത്തിയത്.പതിവ് പോലെ മൂവരും പ്രഥമ ദിവസം തന്നെ സിനിമ കണ്ടു.

"ഒരു കാര്യം ഇപ്പോൾ മനസ്സിലായില്ലേ?" തിയേറ്ററിൽ നിന്നും പുറത്തിറങ്ങിയ ശേഷം അഹമ്മദ് മറ്റുള്ളവരോടായി ചോദിച്ചു.

"മോഹൻലാൽ മമ്മൂട്ടിയുടെ നാലയലത്ത് എത്തില്ല എന്നല്ലേ?" മമ്മൂട്ടി ഫാനായ അനി ഉടൻ ചോദിച്ചു.

"പോടാ ......... മകനേ..." മോഹൻലാൽ ഭ്രാന്തനായ അഹമ്മദ് അപ്പോൾ തന്നെ തിരിച്ചടിച്ചു.

"പിന്നെന്താ നീ ഉദ്ദേശിച്ചത്?" അനി ചോദിച്ചു.

"വാ...നമുക്ക് ആ ചായക്കടയിലിരുന്ന് സംസാരിക്കാം..." ആളൊഴിഞ്ഞ ഒരു ചായക്കട ചൂണ്ടി അഹമ്മദ് പറഞ്ഞു. മൂവരും ചായക്കടയിലേക്ക് കയറി.

"നാല് ചായ.... അഞ്ച് കടിയും..." അഹമ്മദ് ഓർഡർ കൊടുത്തു.

"ങേ!!" അനിയും അൻസറും കൂടെയുള്ള നാലാമത്തെ ആളെ അറിയാൻ തിരിഞ്ഞു നോക്കി.

"ഹ..ഹ..ഹാ... തിരിഞ്ഞു നോക്കണ്ട... ഇന്ന് മുതൽ ദേവനാരായൺ പറഞ്ഞത് പോലെ ആകാൻ പോകുകയാണ്..." കസേരയിലേക്കിരുന്നുകൊണ്ട് അഹമ്മദ് പറഞ്ഞു.

 "എന്ത്?" അനിയും അൻസറും അഹമ്മദിനെ നോക്കി ചോദിച്ചു.

"പണം.... എന്തിനും പണം ആണ് പ്രധാനം... അതിനാൽ ഏത് മാർഗേണയും പണം സമ്പാദിക്കണം.." അഹമ്മദ് പറഞ്ഞപ്പോൾ അനിയും അൻസറും ശരി വച്ചു.

"അതിനാൽ ഈ ടീമിന്റെ ക്യാപ്റ്റൻസി ഞാൻ സ്വയം ഏറ്റെടുക്കുന്നു.. അതിന്റെ ആദ്യ പടി ക്യാപ്റ്റന് രണ്ട് ചായയും മൂന്ന് കടിയും... യൂ ഫോള്ളോവെഴ്‌സ് വൺ ടീ ആൻഡ് വൺ കടി ഒൺലി ... അനി , തും ചായ് ക പൈസ ദേന ഹേ..." അഹമ്മദിന്റെ ദേവനാരായണനായുള്ള മാറ്റം ആദ്യ ഡയലോഗിൽ തന്നെ വെളിവായി.

"യെസ് ബോസ്... പക്ഷേ, പണം എങ്ങനെ സമ്പാദിക്കും?"  അനിയും അൻസറും ചോദിച്ചു.

"വെരി സിംപിൾ... യൂ നോ , ദേർ ആർ മെനി പീപ്പിൾ ഇൻ ഔർ ഹോസ്റ്റൽ ഹാവിങ് വാല്യൂബിൾ കമ്മോഡിറ്റീസ്..." അഹമ്മദ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ തന്നെ രണ്ടു പേർക്കും കാര്യം മനസ്സിലായി.ചായ കുടിക്കുന്നതിനിടയിൽ അവർ ഭാവി പരിപാടികൾ എല്ലാം ആസൂത്രണം ചെയ്തു.അനി ചായയുടെ കാശ് കൊടുത്ത് പുറത്തിറങ്ങി.

പിറ്റേ ദിവസം മുതൽ തന്നെ ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ മൂവർ സംഘം ഓപ്പറേഷൻസ് ആരംഭിച്ചു.ഇന്ന് ജൂനിയറിന്റെ വാച്ച് ആണെങ്കിൽ നാളെ സഹമുറിയന്റെ കാഷ് ; അടുത്ത ദിവസം സഹപാഠിയുടെ കാൽക്കുലേറ്റർ... അങ്ങനെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ പലരുടെ റൂമിൽ നിന്നും പലതും അപ്രത്യക്ഷമാകാൻ തുടങ്ങി.അതിലൂടെ കിട്ടിയ കാശ് ഉപയോഗിച്ച് മൂവർ സംഘം സിനിമ കണ്ടും പൊറോട്ട വിത്ത് ബീഫ് കഴിച്ചും ഫലൂദ തിന്നും ആർമാദിച്ചു. 

കാശ് കയ്യിൽ വരാൻ തുടങ്ങിയതോടെ ക്യാപ്റ്റന് മറ്റൊരു ആഗ്രഹം കൂടി മുളപൊട്ടി. ദേവനാരായണന് ഉള്ളത് പോലെ ഒരു കാമുകി കൂടി വേണം. നാട്ടിലേക്ക് പോകുമ്പോൾ പലപ്പോഴും അതേ ബസ്സിൽ ഉണ്ടാകാറുള്ള, ജൂനിയറായ രഹ്നയെ അഹമ്മദ് പെട്ടെന്ന് തന്നെ വലയിലാക്കി.അനിയും അൻസറും ഇത് അറിയാതിരിക്കാൻ അഹമ്മദ് പ്രത്യേകം ശ്രദ്ധിച്ചു.മൂവർ സംഘത്തിന്റെ പണ സമ്പാദനം തുടർന്നെങ്കിലും അഹമ്മദിന്റെ പെരുമാറ്റത്തിൽ പെട്ടെന്ന് ചില മാറ്റങ്ങൾ വന്നത് അനിയും അൻസറും ശ്രദ്ധിച്ചു.

"ദർശനയിൽ 'ചിത്രം' പ്രദർശനത്തിനെത്തിയിട്ടുണ്ട്.നാളെ മാറ്റിനിക്ക് പോയാലോ?" അന്നത്തെ 'ഓപ്പറേഷന്' ശേഷമുള്ള കൂടിയാലോചനയിൽ അൻസർ ചോദിച്ചു.

"വേണ്ട...എനിക്ക് നാളെ തലവേദനയാ..." അഹമ്മദ് പെട്ടെന്ന് അറിയാതെ പറഞ്ഞു.

"നാളെ തലവേദനയോ?" അനി ചോദിച്ചു.

"ആ... ചിലതൊക്കെ നമുക്ക് ലക്ഷണം വച്ച് മുൻകൂട്ടി പറയാൻ കഴിയുമല്ലോ.." അഹമ്മദ് വീണിടത്ത് കിടന്ന് ഉരുണ്ടു.

"ങാ ... എന്നാൽ ഞങ്ങൾ പൊയ്‌ക്കോളാം... ഇന്നത്തെ ഷെയർ താ..." അൻസർ പറഞ്ഞു.

"അത്...അത്...നാളെ രാത്രി എടുക്കാം..." അഹമ്മദ് മെല്ലെ ഒഴിഞ്ഞുമാറി.

"അവൻ ആരെയോ ലൈൻ ആക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്"  അനി അൻസറിന്റെ ചെവിയിൽ പറഞ്ഞു.

"എങ്കിൽ നമുക്കതങ്ങ് പൊളിച്ച് കൊടുക്കാം..." അൻസർ പറഞ്ഞു. 

അഹമ്മദിന്റെ സംസാരത്തിലെയും പെരുമാറ്റത്തിലെയും പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണം  കണ്ടുപിടിക്കാൻ അനിയും അൻസറും തീരുമാനിച്ചു.പിറ്റേന്ന് മാറ്റിനിക്ക് പോകുന്നു എന്ന ഭാവത്തിൽ അഹമ്മദിന്റെ മുന്നിൽ വച്ച് അവർ ബസ് കയറി, തൊട്ടടുത്ത സ്റ്റോപ്പായ അങ്ങാടിയിൽ ഇറങ്ങി.കോളേജിലെ മിക്ക കപിൾസും എത്തുന്ന അങ്ങാടിയിലെ 'രസ്ന' കൂൾബാറിലേക്ക് അവർ കയറി. അധികമാരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ ചെന്ന് അവർ ഇരുന്നു.

പത്ത് പതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ അഹമ്മദും രഹ്‌നയുടെ കൂടെ അവിടെ എത്തി ഒരു ഇരുട്ട് മൂലയിൽ ഇടം പിടിച്ചു. അഹമ്മദ് ഒരു ഫ്രൂട് സലാഡ് ഓർഡർ ചെയ്തു. ഫ്രൂട് സലാഡ് അവരുടെ മുമ്പിൽ എത്തിയതും അനിയും അൻസറും എഴുന്നേറ്റ് ചെന്ന് അത് കൈക്കലാക്കി.കൂട്ടുകാരുടെ അപ്രതീക്ഷിത നീക്കത്തിൽ ഒന്ന് പതറിയെങ്കിലും, മുൻകോപിയായ അഹമ്മദ് അൻസറിനെ ആഞ്ഞൊരടി കൊടുത്തു. അൻസറിന്റെ കയ്യിലുള്ള ഫ്രൂട് സലാഡ് തെറിച്ച് തൊട്ടപ്പുറത്തിരുന്നിരുന്ന സീനിയർ വിദ്യാർത്ഥികളുടെ ദേഹത്ത് വീണു. കോപിഷ്ഠരായ അവർ എണീറ്റു വന്ന് അഹമ്മദിനെ പൊതിരെ തല്ലി.അടി കൊണ്ട് വീണ അഹമ്മദിന്റെ മൂക്കുപൊട്ടി.ഇതിനിടയിൽ അൻസറും അനിയും രഹ്നയെയും കൊണ്ട് തടിതപ്പി.

അടി പൂരം കഴിഞ്ഞപ്പോൾ അഹമ്മദ് ചുറ്റും നോക്കി.എല്ലാവരും തന്നെ നോക്കി പരിഹസിക്കുന്നതായി അവന് തോന്നി.രഹ്നയെ അവിടെയെങ്ങും കണ്ടതുമില്ല.കാമുകിയുടെ മുമ്പിൽ വച്ച് നാണം കെട്ട അഹമ്മദിന് പിന്നെ കോളേജിലേക്ക് തിരിച്ചു പോകാൻ തോന്നിയില്ല. അന്ന് വൈകിട്ട് തന്നെ ആരോടും പറയാതെ അവൻ ഹോസ്റ്റലിൽ നിന്ന് സ്‌കൂട്ടായി. പിന്നീട് അഹമ്മദിനെ ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല.

(മൂലകഥയ്ക്ക് സുഹൃത്തുക്കളോട് കടപ്പാട്)