Pages

Thursday, January 30, 2014

ബീപാത്തൂന്റെ ബാഷിംഗ് മെസീൻ

മുറ്റത്തെ  ടാപ്പിൽ നിന്നും വെള്ളം ഉറ്റിപ്പോകുന്നത് കണ്ടു കൊണ്ടാണ് കുട്ട്യാലിക്ക വീട്ടിലേക്ക് കയറിയത്.    
 “ വെള്ളം അമൂല്യമാണ് , അത് പാഴാക്കരുത്” 
വീട്ടിൽ കയറിയ ഉടനേ കുട്ട്യാലിക്ക ഭാര്യ ബീപാത്തുവിനോടായി പറഞ്ഞു.     

 “തൊടങ്ങി....മന്സൻ ഉപദേസങ്ങള്....” പ്രതീക്ഷിച്ചിരുന്ന മറുപടി തന്നെ കുട്ട്യാലിക്കക്ക് കിട്ടി.     

" നല്ല കാര്യങ്ങൾ പറഞ്ഞാലും പറഞ്ഞില്ലേലും കുറ്റം...”   

  “ങ്ങനെ പലേ സംഗതീം ബെടെ ബടക്കായിട്ട്‌ണ്ട്....ഇങ്ങള്ത്‌ എന്തേലും നോക്ക്‌ണ്ണ്ടോ മന്സാ...”  

  “ങേ!!!“ കുട്ട്യാലിക്ക ഒന്നു ഞെട്ടി. ‘രണ്ട് മാസം മുമ്പ് ഇടിമിന്നലിൽ പോയ അഞ്ച് ഫാനുകൾ റിപ്പേർ ചെയ്യാൻ കിടക്കുന്നുണ്ട് എന്നത് ശരി തന്നെ.പക്ഷേ രണ്ട് ബെഡ് റൂമിലെതും പിറ്റേന്ന് തന്നെ ലതീഫിനെ വിളിച്ച് മാറ്റി സ്ഥാപിച്ച് ഉറക്കം കെടാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.അതോടൊപ്പം അടിച്ച് പോയ കൈനറ്റൈസറും റിപ്പേർ ചെയ്ത്, കഞ്ഞികുടി മുട്ടാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.ഇനി ?’ ഭാര്യയുടെ മുനവച്ചുള്ള മറുപടി കേട്ട് കുട്ട്യാലിക്ക ആലോചിച്ചു. അതിനിടക്ക് വെള്ളം കഴിഞ്ഞതിനാൽ ബീപാത്തു താത്ത മോട്ടോർ സ്വിച്ച് ഓണാക്കി. 

    “കട്ടിലിന്റടീലെ പങ്കനെ പറ്റ്യായിരിക്കും ജ്ജ് പറ്യേണത്....ഒന്നിന് 400 ഉറുപ്പ്യ ബെച്ച് കറാറാക്കി ഒരാള് ബെന്നതും ഊര്യ പങ്ക മറ്റേ മുറീക്ക് ബെക്കാൻ 100 ഉറുപ്പ്യ അതികം ചോയ്ച്ചതും അന്റെ മുന്ന്‌ന്നല്ലേ ചെയ്ത്താനേ....മുറ്റത്തെ തെങ്ങില് മണ്ടരി പുട്ച്ച തേങ്ങ്യാ ഇപ്പളും കായ്ച്ച്‌ണത്, അഞ്ഞൂറിന്റിം ആയിര്ത്തിന്റിം നോട്ടല്ല....” കുട്ട്യാലിക്കയുടെ രക്തം തിളക്കാൻ തുടങ്ങി.   

 “ങ്ങക്കാവസ്യള്ളത് ങ്ങള് നന്നാക്കിച്ചല്ലോ....” 

   “ങേ....അതെത്താ...?”   

  “കമ്പൂട്ടർ ബല.....ഇന്റർനെറ്റ്......” 

   “രണ്ട് മാസായി അയിന് ബെറ്‌തേ പൈസ അടക്ക്‌ണ്....ആ ഫോണ് നന്നാക്ക്യോണ്ടല്ലേ അന്റെ മൊബൈൽ ബാലൻസ് 100ന്ന് കൊറ്യാത്തത്....ഈ മാസത്തെ ബില്ല്‌ ബെരുമ്പോ അറ്യാം അന്റെ ബിളി ഏതൊക്കെ ബഹ്‌റ്‌ കടന്ന് പോയീക്ക്‌ണ്ന്ന്....”      

     പരാതി സുനാമി കണക്കെ അടിച്ചു കയറ്റുന്നതിനിടയിൽ ബീപാത്തു താത്ത മോട്ടോർ സ്വിച്ച് ഓണാക്കിയ വിവരം മറന്നുപോയി.ഫൂട്‌വാൾവിനും താഴെ പോയി ശൂന്യതയിൽ നിന്നും വെള്ളം ഉണ്ടാക്കാൻ മോട്ടോറ് പരിശ്രമിക്കുന്നതിന്റെ ദീനരോദനം കുട്ട്യാലിക്കയുടെ ചെവിയിൽ വന്നലച്ചു. 

      “ഒര് ഞെരക്കം കേക്ക്ണ്ടല്ലോ.....അന്റെ ബാപ്പ ബെന്നതോ അതോ ഞമ്മളെ പാവം മോട്ടോറോ?” 

   “യാ കുദാ!!!“ ബീപാത്തു താത്ത അടുക്കളയിലേക്കോടി മോട്ടോർ ഓഫാക്കി തിരിച്ച് വന്നു.   

 “ഓരോന്നും റിപ്പേറ്‌ ചെയ്യണ്ട്യ ഗതി എങ്ങന്യാ ണ്ടാവ്‌ണത്‌ന്ന് ഇപ്പം മൻസിലായോ?” കിട്ടിയ അവസരം മുതലാക്കി കുട്ട്യാലിക്ക ചോദിച്ചപ്പോൾ  ബീപാത്തു താത്ത മൌനം പാലിച്ചു.  

   “ആ ബാഷിംഗ് മെസീന് എത്രെ ദീസായി ലീക്ക് ഒല്ച്ചാൻ തൊടങ്ങീട്ട്....”  

  “അയ്‌നാടീ ....ഇന്നലെ മുയ്മൻ കുത്ത്‌ർന്ന് ഞാൻ ആ ഇന്റെർനെറ്റ് സര്യാക്ക്യേത്.....”     

" ങേ.....അപ്പം ഞ്ഞി തിര്മ്പലും ഇന്റെർനെറ്റ്ക്കൂട്യാ???!!“   

  “അതല്ലെടീ ബാഷിംഗ് മെസീന് നന്നാക്കാന് ഇന്റെർനെറ്റ് ബയി ബുക്ക് ചെയ്ത്ക്ക്‌ണ്...” 

  “നല്ല കത....പങ്ക നന്നാക്കാന് ബുക്ക് ചെയ്തിട്ട് അത്‌പ്പളും കട്ട്‌ല്ന്റെ അടീൽ തന്ന്യാ.....ഇഞ്ഞി....”  

 “ആ ഞാന് അങ്ങാടീല് പോയിട്ട് ബെരാ.....ആരെങ്കിലും ബ്‌ള്ച്ചാല് ബീരം പറഞ്ഞ് കൊട്‌ക്കണ്ടി....” 

  “പങ്ക്യോ.....പൈപ്പോ.....ബാഷിംഗ് മെസീനോ???”  

  “ബ്‌ളിച്ച്‌ണോൻ ചോയ്ച്ച്‌ണത്....”  

    *************************   

  “കാനനഛായയിൽ ആടുമേക്കാൻ....” ബീപാത്തു താത്തയുടെ ഫോൺ റിംഗ് ചെയ്തു.   

“ഹലോ....അറുകുറ്റ്യാലി...(ആർ യൂ കുട്ട്യാലി?)“ ഒരു പെൺശബ്ദം.   

“ആ ഹലോ....അറുകുറ്റ്യാലി അല്ല...അരൂകുറ്റിയിൽ കുട്ട്യാലിന്റെ കെട്ട്യോൾ ബീപാത്തു....” 

  “ഓ കെ....മേം സുലേഖ.....”   

  “ ആ ..ച്ച് മൻസിലായി.....മൂപര് ഇന്റെർനെറ്റ് നന്നാക്ക്യേത് അന്നെ ബിൾച്ചാനായിനി ല്ലേ....ഏതാലും ഒരു മുസ്‌ലിമിനെ തന്നെ കിട്ട്യല്ലോ മൂപ്പര്ക്ക്....പെരുത്ത് സന്തോസം....”   

  “ഹലോ.....വാഷിംഗ് മെഷീൻ.....”  

  “ അള്ളാ.....ബടെ ബാഷിംഗ് മെസീന് ബടക്കായത് ബെരെ അന്നോട് പറഞ്ഞോ...അപ്പം ഞമ്മക്ക് ബിസേസം ള്ളതും ജ്ജ് അറ്ഞ്ഞ്‌ട്ട്‌ണ്ടാവും ല്ലേ....കജ്ജും ബീസി ങ്ങട്ട് ബെരണ്ടാ.....നാല് നെജ്ജും കുപ്പിം മാങ്ങിക്കോ...” 

  “ഹലോ....അയാം ഫ്രം സുലേഖ ഡോട്ട് കോം....”  

   “ആ.....ജ്ജ് സുലേഖ ഡോട്ട് കോം ആണെങ്കി ഞാം ബീപാത്തു ഡോട്ട് കോം ആണ്....ജ്ജ് അങ്ങനെ ബല്ല്യ ആളാകണ്ടടീ...അതൊക്കെ ഇപ്പത്തെ ഫേസൻ അല്ലേ?” 

  “ഹലോ....കാളിംഗ് ഫ്രം ചെന്നൈ....” 

   “അജ്ജേ....ഇത്രേം ബെല്യ ദുണിയാവ്‌ന്ന് മൂപ്പർക്ക് കിട്ട്യേത് അണ്ണാച്ച്യായ അന്ന്യാ....സെയിം....ഷെയിം....മൂപർങ്ങട്ട് ബെരട്ടെ....ന്റിം മാനം പോയി...”  

   തിരിച്ച് വീട്ടിലെത്തുമ്പോൾ കടന്നൽ കുത്തിയ മോന്ത പോലെ മുഖം വീർപ്പിച്ച് നിൽക്കുന്ന ബീപാത്തു താത്തയെ കണ്ട് കുട്ട്യാലിക്ക വേഗത അല്പം കുറച്ചു. 

  “ഒര് പെണ്ണ് ബിളിച്ചീനി....പച്ചേ അത് ന്റെ ഫോണ്ക്കായിപ്പോയി....” ബീപാത്തു താത്ത പറഞ്ഞു.  

  “ഓ...പുയ്യാപ്ല ഔട്ട് ഓഫ് ഹൌസ് ആണെങ്കി പെണ്ണ്ങ്ങളെ കിട്ട്‌ണ ന്യൂ ടെക്നോളജി ബെര്ണ്ണ്ട് ന്ന് കേട്ടീനി....അതയിക്കാരം...”

   “ ആ....അതെത്തേലും ആയ്ക്കോട്ടെ....ആരാ ഈ സുലൈക്ക...”

   “അതനക്ക് അറീലെ....ഞമ്മളെ മൂത്താപ്പാന്റെ മോള്....”

   “ആ....അത് ചേനായിലെ സുലൈക്ക...ഞാം ചോയ്ച്ചത് ചെന്നൈയിലെ അണ്ണാച്ചി സുലൈക്ക....” 

  “ങേ...അതാരാ...???” 

 “ ങും....ങ്ങൾക്ക്പ്പം ഇന്റെർനെറ്റ്‌ല് കളി കൊറച്ച് കൂട്‌ണ്ണ്ട്....ഓള് സുലൈക്ക ഡോട്ട് കോം ....” 

  “ങേ...അത് ഞമ്മളെ ബാഷിംഗ് മെസീൻ റിപ്പേർ ചെയ്യാന് ബുക്ക് ചെയ്ത സൈറ്റാ....സുലേഖ ഡോട്ട് കോം.....ന്നട്ട് ഓലെന്ത് പറഞ്ഞി?” 

  “ബദ്‌രീങ്ങളേ.....ന്നാ അതൊന്ന് പറ്യണ്ട മന്സാ....ഒര് പെണ്ണ്‌ ബിൾച്ച് ചെന്നൈന്ന് സുലൈക്കാണെന്ന് പറഞ്ഞപ്പം ഞാൻ ബിചാരിച്ച് ങ്ങളെ മറ്റോളാന്ന്.....കാലം പ്പം അങ്ങനല്ല്യേ...ഓള് ഇംഗ്രീസിൽ എത്തൊക്ക്യോ പറഞ്ഞി....ച്ച് ണ്ടോ അത് തിരിണ്....ബാഷിംഗ് മെസീൻ ന്നും പറഞ്ഞി...അപ്പളും ച്ച് പുടി കിട്ടീല...” 

  “അപ്പം ജ്ജ് അതും കൊളാക്കി....ഇഞ്ഞി പോർട്ടർ ബേലായ്ദനെ ങ്ങട്ട് ബ്‌ളിച്ചോ...” 

  “ബാഷിംഗ് മെസീൻ നന്നാക്കാനോ?” 

 “അല്ല....അതങ്ങട്ട് അയമൂന്റെ ആക്രിപ്പീട്യേക്ക് ട്ക്കാന്....മാസം മൂന്നായില്ലേ അച്ചേക്ക് മൂലേല് കടക്കാൻ തൊടങ്ങീട്ട്....അയമൂന് കൊട്ത്താല് സെലം ഒയിഞ്ഞും ക്‌ട്ടും...ബേലായ്ദന്റെ കൂലിം കയ്ച്ച് 100 ഉറുപ്പിം ക്‌ട്ടും....”      


*****************************

Tuesday, January 07, 2014

ഇനി ലുധിയാനയിലേക്ക്.....

                 നാഷണൽ സർവീസ് സ്കീം എനിക്ക് നൽകിയ അവസരങ്ങളിൽ പലതും പല തവണയായി ഞാൻ എന്റെ ബ്ലോഗിലൂടെ പറഞ്ഞുപോയിട്ടുണ്ട്. അവസാനമായി കുടുംബസമേതം രാഷ്ട്രപതിഭവനിൽ കയറിയതും  ദേശീയ അവാർഡ് ലഭിച്ചതും എല്ലാം എൻ.എസ്.എസ്സിലൂടെ തന്നെയായിരുന്നു.  

                     പ്രോഗ്രാം ഓഫീസറായി ചാർജ്ജെടുത്ത വർഷം തന്നെ കേരള എൻ.എസ്.എസ് ടീമിനേയും കൊണ്ട്, പോണ്ടിച്ചേരിയിൽ നടന്ന നാഷണൽ ഇന്റെഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.അന്ന് കേരള ടീമിലെ പത്ത് വളണ്ടിയർമാരും എന്റെ കോളേജിൽ നിന്നു തന്നെയായിരുന്നു എന്നത് മികച്ച പ്രകടന്ം കാഴ്ച വയ്ക്കാൻ ഞങ്ങളെ തുണച്ചു. ഇന്നും അന്നുണ്ടാക്കിയ  പല സൌഹൃദങ്ങളും തുടരുന്നു. 

          പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ സർക്കാർ വകുപ്പുകളിലും വിവിധ യൂണിവേഴ്സിറ്റികളിലും എൻ.എസ്.എസ് എന്ന കൂട്ടായ്മയുടെ  കരുത്തിൽ ഞാൻ ആദരണീയനായി. ഇന്നും  മലപ്പുറം ജില്ലക്കാരനായ എനിക്ക് കോഴിക്കോട് ജില്ലയിൽ മേൽ‌‌‌വി‌ലാസം  തരുന്നത് ഈ കൂട്ടായ്മ തന്നെ.     

              നാളെ ഇതേ കൂട്ടായ്മയുടെ ബാനറിൽ ഞാൻ മറ്റൊരു ക്യാമ്പിന് പുറപ്പെടുന്നു - യുവജനദിനമായ ജനുവരി 12 മുതൽ 16 വരെ  പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന  നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന കേരള-ലക്ഷദ്വീപ് എൻ.എസ്.എസ് ടീമിനെ നയിക്കാനുള്ള അവസരം ഇത്തവണ ലഭിച്ചത് എനിക്കാണെന്ന സന്തോഷവാർത്ത അറിയിക്കുന്നു.“യുവത്വം ലഹരിക്കെതിരെ” എന്ന കാലികപ്രസക്തിയുള്ള വിഷയമാണ് ഇത്തവണത്തെ  യൂത്ത് ഫെസ്റ്റിവലിന്റേത്.     

       


              നാളെ 12:55 ന് എറണാകുളത്ത് നിന്നും അമൃതസർ എക്സ്പ്രെസ്സിൽ ടീം യാത്ര പുറപ്പെടും. തീർച്ചയായും ബ്ലോഗിലൂടെ ആ യാത്രയും പങ്കുവയ്ക്കാം എന്ന് പ്രതീക്ഷിക്കുന്നു.

Sunday, January 05, 2014

ജീവിതം എന്ന റിലേ

                ലോകജനസംഖ്യ 600 കോടി കവിഞ്ഞ് നിൽക്കുകയാണല്ലോ?ജനനന്നിരക്ക് മരണ നിരക്കിനെക്കാൾ കാതങ്ങൾ ഉയരത്തിലായതിനാൽ ജനസംഖ്യ അനുനിമിഷം വർദ്ധിച്ചുക്കൊണ്ടിരിക്കുന്നു.ജീവിക്കാൻ അനുവദിക്കാതെ ഗർഭപാത്രത്തിന്റെ ഇരുട്ടറയിൽ തന്നെ കൊലചെയ്യപ്പെടുന്നവരുടെ എണ്ണവും കുറവല്ല.

                  ഭൂമിയിൽ പിറന്നുവീണ് ശൈശവവും ബാല്യവും കൌമാരവും പിന്നിട്ട് 20-കളിൽ എത്തിനിൽക്കുന്ന ഒരാളെ യുവാവ് അല്ലെങ്കിൽ യുവതി എന്ന് വിളിക്കാം .ഇന്ത്യയുടെ ജനസംഖ്യയിൽ അറുപത് ശതമാനവും ഇന്ന് 20-നും 25-നും ഇടയിൽ പ്രായമുള്ള യുവത്വമാണ്.അതുതന്നെയാണ്  വരും നാളുകളിൽ ഇന്ത്യ ഒരു വൻശക്തിയായി മാറും എന്ന് ലോകരാജ്യങ്ങൾ മുഴുവൻ നിഗമനം നടത്താൻ കാരണവും.എന്നാൽ ഈ യുവാക്കളെല്ലാം ഭാവിയിലെ വൃദ്ധന്മാരാണെന്ന സത്യം നാം വിസ്മരിക്കുന്നു.

                    അതായത് ജീവിതം ഒരു റിലേ പോലെയാണ്. നമ്മുടെ മുത്തച്ഛൻ നമ്മുടെ അച്ഛന് കൈമാറിയ ഒരു ബാറ്റണും കൊണ്ട് നാല്പതോ നാല്പത്തഞ്ചോ വർഷം അദ്ദേഹം ഓടി.ശേഷം അത് നമുക്ക് കൈമാറി. നമ്മുടെ ജീവിതവും അച്ഛന്റെ ജീവിതവും മുത്തച്ഛന്റെ ജീവിതവും ഏറെ വ്യത്യസ്തമാണ്.പക്ഷെ പരമ്പര നിലനിർത്തുക എന്ന അടിസ്ഥാനദൌത്യത്തിന് മാറ്റമില്ല.അതായത് ബാറ്റൺ എന്നും സ്ഥിരമാണ്.പക്ഷേ അതിൽ ഓരോ തലമുറയും പലതരം മിനുക്ക് പണികൾ നടത്തുന്നു എന്ന് മാത്രം.

    റിലേയിൽ ഓരോരുത്തരും ഓടേണ്ട ദൂരം നിശ്ചിതമാക്കപ്പെട്ടിരിക്കുന്നു..ജീവിതം എന്ന റിലേയിലും ഓരോ തലമുറയിലും പെടുന്നവർ ബാറ്റൺ കൈമാറേണ്ട പ്രായം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.പക്ഷേ വ്യത്യാസം ഒന്ന് മാത്രം-അടുത്ത തലമുറയിലേക്ക് ബാറ്റൺ കൈമാറുന്നതിന് മുമ്പ് ആ ബാറ്റണിൽ ചില മിനുക്ക് പണികൾ നടത്തണം.ആ മിനുക്ക് പണികൾ ആണ് സ്വന്തം ജീവിതം.നഷ്ടപ്പെട്ട ജീവിതം നയിക്കുന്നവൻ കൈമാറുന്ന ബാറ്റണും നശിച്ചതായിരിക്കും.ക്രമേണ ആ ബാറ്റൺ തന്നെ നശിച്ചുപോകുന്നു - ആ സമൂഹം തന്നെ ഭൂമിയിൽ നിന്ന് തുടച്ച്നീക്കപ്പെടുന്നു.നല്ല ജീവിതം നയിക്കുന്നവൻ തന്റെ കയ്യിൽ ലഭിച്ച ബാറ്റൺ ഒന്ന് കൂടി മിനുക്കി അടുത്ത തലമുറക്ക്  കൈമാറുന്നതോടെ ആ നല്ല ഗുണങ്ങളെല്ലാം അടുത്ത തലമുറയിലേക്കും പകരുന്നു.

                   ഇങ്ങനെ ജീവിതമെന്ന റിലേയിൽ ഭാഗഭാക്കാവാൻ നിർബന്ധിതരായ നാം ഓരോരുത്തരും സ്വയം തീരുമാനിക്കുക - നമ്മുടെ കയ്യിൽ കിട്ടുന്ന ബാറ്റൺ മിനുക്കണോ അതോ നശിപ്പിക്കണോ?

Wednesday, January 01, 2014

ഗോപാലേട്ടൻ എന്ന സൽമാൻ

         പുതുവർഷം സമാഗതമാകുമ്പോൾ പലർക്കും പലതും ഓർമ്മ വരും. ചിലർക്ക് ചെയ്യാതെ പോയ കാര്യങ്ങൾ ആണെങ്കിൽ മറ്റു ചിലർക്ക് ചെയ്യാൻ പറ്റാതെപോയ കാര്യങ്ങൾ ആയിരിക്കും.ചിലർക്ക് ജീവിതത്തിലെ അനർഘനിമിഷങ്ങൾ ആണ് ഓർമ്മ വരുന്നതെങ്കിൽ  ചിലർക്ക് കയ്പ്പേറിയ നിമിഷങ്ങൾ ആയിരിക്കും.ഓർമ്മയിൽ എത്തുന്നത്.ന്യൂ ഇയർ വരുമ്പോൾ എന്റെ മനസ്സിൽ ഓടി എത്തുന്നത് എന്റെ കുട്ടിക്കാലത്ത് സൽമാൻ ഗോപാലേട്ടനായ പ്രശസ്തമായ ആ സംഭവമാണ്.

      കുട്ടികളായ ഞങ്ങളിൽ പലരും സൈക്കിൾ ചവിട്ടാൻ പഠിക്കുന്നത് വേനലവധിക്കാലത്താണ്. ഒരു വിധം ബാലൻസ് ഒപ്പിച്ചു കഴിഞ്ഞാൽ പിന്നെ, പല തരത്തിലും സ്വരൂപിച്ച് കിട്ടുന്ന 50 പൈസയുമായി കോരുകുട്ട്യേട്ടന്റെ സൈക്കിൾ കടയിൽ എത്തും.അരവണ്ടി , മുക്കാൽ വണ്ടി , ഫുൾ വണ്ടി എന്നിങ്ങനെയുള്ളതിൽ , വീണാൽ നിലത്ത് കാല് കുത്താൻ കഴിയുന്ന ഒരു സൈക്കിൾ തെരഞ്ഞെടുക്കും.സൈക്കിളെടുത്ത് തൊട്ടടുത്ത കൈപ്പക്കുളം പാടത്തെത്തി സുന്ദരമായി വട്ടത്തിൽ ചവിട്ടും.അതിനിടയിൽ കാശ് തികയാത്ത കുറേ ദരിദ്ര നാരായണന്മാർ ഒരു റൌണ്ട് അടിക്കാൻ സൈക്കിളിനായി കെഞ്ചും.പലപ്പോഴും ഞാൻ ആ വിഭാഗത്തിൽ വരുന്നതിനാൽ ചോദിക്കുന്നവർക്കൊക്കെ ഞാൻ സൈക്കിൾ നൽകും.

          സൈക്കിൾ ബാലൻസിൽ അഗ്രഗണ്യനായാൽ  അടുത്ത പാഠം  ഓവർലോഡ് വയ്ക്കാൻ പഠിക്കുക എന്നതാണ്. സൈക്കിളിന്റെ പിന്നിൽ ഒരാളെ കയറ്റുന്നതാണ് ഓവർലോഡ്  എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗമയിൽ സൈക്കിൾ ചവിട്ടി വരുമ്പോൾ ഒരുത്തൻ കൈകാട്ടി ഒരു ലിഫ്റ്റ് ചോദിച്ചിട്ട് അത് നൽകാൻ സാധിച്ചില്ലെങ്കിൽ പിറ്റേന്ന് തന്നെ അത് സ്കൂളിൽ പാട്ടാകും എന്നതിനാൽ ഈ അഭ്യാസവും എല്ലാവരും വേഗം സ്വായത്തമാക്കാൻ ശ്രമിക്കും.സൈക്കിൾ സവാരി പഠിക്കാതെ ഓസിന് മൂട്ടിൽ മാത്രം കയറുന്ന വിരുതന്മാരും അക്കാലത്തുണ്ടായിരുന്നു.

           ഓവർലോഡ് വയ്ക്കുന്നത് ഒരാളെയാണെങ്കിൽ, ചവിട്ടുന്ന ആൾ ചെറിയ മതിലിലോ മറ്റോ താങ്ങി നിന്ന് മറ്റെയാളെ  കയറ്റി ഇരുത്തി സാവധാനം മുന്നോട്ട് നീങ്ങുന്ന ഒരു രീതിയാണ് ഒന്ന്.ഓടുന്ന സൈക്കിളിൽ ചാടിക്കയറി ഇരിക്കുന്നതാണ് രണ്ടാമത്തെ രീതി.രണ്ടാമത്തെ രീതിയിൽ, കയറുന്നവനും ചവിട്ടുന്നവനും ഒരേ പോലെ എക്സ്പെർട്ട് അല്ലെങ്കിൽ ബാലൻസ് തെറ്റാനും കെട്ടിമറിഞ്ഞ് വീഴാനും മാത്രമേ സാധ്യതയുള്ളൂ.എങ്കിലും മിക്കപേരും രണ്ടാം രീതി ആണ് അവലംബിക്കാറ്.

          അങ്ങനെ ആ വർഷത്തെ കൃസ്തുമസ് അവധിയിലാണ് ഒരു മഹാസംഭവം നടന്നത്.വീട്ടിൽ സ്വന്തം സൈക്കിൾ ഉള്ളതിനാൽ സൈക്കിൾ സവാരിയിൽ അഗ്രഗണ്യനായ എന്റെ മൂത്തുമ്മയുടെ മകൻ സൽമാനും ഞങ്ങളുടെ അയൽ‌വാസി ഹരിദാസനും  സൈക്കിളിൽ ഓവർലോഡും വച്ച് നല്ല സ്പീഡിൽ ഇറക്കം വിട്ട് വന്ന് കൊണ്ടിരിക്കുന്നു.ആ ഇറക്കത്തിന്റെ അവസാനം രണ്ട് മൂന്ന് പോലീസുകാർ റോഡിൽ നിൽക്കുന്നു!(ഇന്ന് ഹെൽമെറ്റ് , സീറ്റ്ബെൽറ്റ് എന്നിങ്ങനെയുള്ള കേസുകളുടെ അന്നത്തെ വെർഷൻ ഓവുപാലത്തിൽ ഇരിക്കൽ , സൈക്കിളിൽ ഓവർലോഡ് വയ്ക്കൽ തുടങ്ങിയവയായിരുന്നു).പോലീസിനെ കണ്ടതും പിന്നിലിരുന്ന സൽമാൻ ചാടാൻ ശ്രമിച്ചു.പക്ഷേ സൈക്കിളിന്റെ സ്പീഡ് കാരണം അത് നടന്നില്ല.ഹരിദാസനാകട്ടെ സൈക്കിൾ ഒന്ന് നിർത്താൻ സകല ശക്തിയും ഉപയോഗിച്ച് ബ്രേക്ക് പിടിച്ചെങ്കിലും നേരെ പോയി നിന്നത് കൃത്യം പോലീസിന്റെ മുമ്പിൽ തന്നെ!

“ഇറങ്ങേടാ” പോലീസിന്റെ ശബ്ദം കേട്ടതും സൽമാൻ അറിയാതെ സൈക്കിളിൽ നിന്നും വീണു. ഹരിദാസൻ വിറച്ച് വിറച്ച് സൈക്കിൾ സൈഡാക്കി.

“എവിടുന്നാ വരുന്നത് ?” പോലീസിന്റെ അടുത്ത ചോദ്യം

“കോലോത്ത്ന്ന്.” (ഞങ്ങൾ സൈക്ക്ലിംഗ് പഠിക്കാൻ പോകുന്ന മറ്റൊരു സ്ഥലമാണ് കോലൊത്ത്.)

“ആഹാ.കോലോത്തും കൊട്ടാരത്തീന്നോ.നീ എന്താ മനുഷ്യനെ കളിയാക്കാ?” ഹരിദാസന്റെ ചെവി പിടിച്ച് തിരുമ്മിക്കൊണ്ട് പോലീസുകാരൻ ചോദിച്ചു.

‘അപ്പോൾ സത്യം പറഞ്ഞാൽ ചെവിക്ക് തിരുമ്മൽ കിട്ടും’ – മൂടും തട്ടി എണീക്കുന്നതിനിടയിൽ സൽമാന്റെ മനസ്സ് മന്ത്രിച്ചു.

“എന്താടാ നിന്റെ പേര്?”  സൽമാന്റെ നേരെ തിരിഞ്ഞ് പോലീസ് ചോദിച്ചു.

“ഗോപാലേട്ടൻ!!!“ ഇടം വലം നോക്കാതെ സൽമാൻ പറഞ്ഞു.

“ങേ!!“ പോലീസുകാരൻ ഞെട്ടി.സൽമാൻ കൂസലൊന്നുമില്ലാതെ നിന്നു.

“അപ്പോൾ നീ ഏത് ഏട്ടനാ?” ഹരിദാസന്റെ നേരെ തിരിഞ്ഞ് പോലീസ് ചോദിച്ചു.

“അദ്വാക്ക” ഹരിദാസനും പേര് മാറ്റി പറഞ്ഞു.

“അല്ല ഹരിദാസാ.നീ എന്നാ അദ്വാക്കയായത്?” ഹരിദാസന്റെ മറുപടി കേട്ട് സൽമാൻ ചോദിച്ചു.

“സൽമാൻ ഗോപാലേട്ടനായ അന്ന് മുതൽ ഹരിദാസൻ അദ്വാക്കയുമായി !!!“ ഹരിദാസൻ മറുപടി പറഞ്ഞു.

“കേറെടാ രണ്ടും ജീപ്പിൽ.ഓവർലോഡ് വച്ചതും പോരാ.പേരും മാറ്റി പറഞ്ഞ് പോലീസിനെ പറ്റിക്കാൻ നോക്കുന്നോനടക്ക് സ്റ്റേഷനിലേക്ക്.” പോലീസിന്റെ ആജ്ഞ കേട്ട് ഒരു ഞെട്ടലോടെ രണ്ട് പേരും ജീപ്പിൽ കയറി

സ്റ്റേഷനിൽ പോയി തിരിച്ചെത്തിയ ഹരിദാസനും സൽമാനും ഞങ്ങൾക്ക് തന്ന പുതുവത്സര സന്ദേശം ഇതായിരുന്നു – “ഡിസമ്പർ മാസത്തിൽ ഓവർലോഡ് പാടില്ല !!“