Pages

Friday, March 31, 2017

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016

              കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016  ലെ അവസാന കാഴ്ചകള്‍ക്ക് വിരാമമിട്ട് ഞങ്ങള്‍ കായല്‍കരയില്‍ അല്പ നേരം വിശ്രമിച്ചു. ദൂരെ വല്ലാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനല്‍ കാണാമായിരുന്നു. പത്രത്തില്‍ വായിച്ചറിഞ്ഞ വല്ലാര്‍പ്പാടമാണ് കണ്‍‌മുന്നില്‍ കാണുന്നതെന്ന് ഞാന്‍ മക്കള്‍ക്ക് പറഞ്ഞുകൊടുത്തു.
              ഇതിനിടയില്‍ അന്ന് നാട്ടിലേക്ക് മടങ്ങേണ്ട എന്നും, രാത്രി ഖൈസിന്റെ ഫ്ലാറ്റില്‍ തങ്ങാം എന്നും പ്ലാന്‍ ചെയ്തു കഴിഞ്ഞിരുന്നു. ആ വിവരം ഖൈസിനെ വിളിച്ച് അറിയിക്കുകയും ഞങ്ങള്‍ എത്തേണ്ട സ്ഥലം അവന്‍ കൃത്യമായി പറഞ്ഞ് തരികയും ചെയ്തു.          
           അല്പ നേരത്തെ കാറ്റുകൊള്ളലിനാണ് ഇരുന്നതെങ്കിലും കൂടുതല്‍ കൊതുക് കടിയാണ് കൊള്ളുന്നത് എന്ന് മനസ്സിലായതോടെ ഞങ്ങള്‍ ആസ്പിന്‍ വാളിന്റെ ഗേറ്റിലേക്ക് നീങ്ങി. വഴിയില്‍ ഒരു ഇന്‍സ്റ്റലേഷന്‍ പോലെ കണ്ട സോഫയില്‍ എല്ലാരും കൂടി ഒന്നുകൂടി വിശ്രമിച്ചു. ഇവിടെയും അധിക നേരം ഇരിക്കാന്‍ ബിനാലെ അധികൃതര്‍ സമ്മതിച്ചില്ല. അല്പമകലെ ഭൂമി കുലുക്കത്തില്‍ വീണ പോലെ ഒരു വലിയ സ്ലാബ് മറിഞ്ഞ് കിടക്കുന്നത് കണ്ടു.അടുത്ത് പോയി നോക്കിയപ്പോള്‍ അതും ഒരു ഇന്‍സ്റ്റലേഷന്‍ ആയിരുന്നു!!!
           മട്ടാഞ്ചേരി സിനഗോഗ് കാണാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞായറാഴ്ച അവധിയാണെന്ന ഊബറ് ഡ്രൈവറുടെ തെറ്റായ വിവരണത്തില്‍ അത് നഷ്ടമായി. വെള്ളി, ശനി ദിവസങ്ങളിലാണ് സിനഗോഗിന് അവധി(കൂടുതല്‍ വിവരങ്ങള്‍ ഇവിടെ) . ഇനിയും വൈകിയാല്‍ ബോട്ട് യാത്രയും നഷ്ടമാകും എന്നതിനാല്‍  ഞങ്ങള്‍ ഫെറി ലക്ഷ്യമാക്കി നടത്തം തുടങ്ങി. പൌരാണികതയുടെ ഗതകാല സ്മരണകള്‍ പേറുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെയുള്ള ആ നടത്തം വളരെ ഹൃദ്യമായിത്തോന്നി.
         നാല് രൂപ ബോട്ട് ടിക്കറ്റ് എടുക്കാന്‍ അരമണിക്കൂര്‍ ക്യൂവില്‍ നിന്ന് വീണ്ടും കൊതുകു കടി കൊണ്ടു. അപ്പോഴേക്കും കായലില്‍ സന്ധ്യ പരന്ന് തുടങ്ങിയിരുന്നു. വല്ലാര്‍പാടത്ത് ദീപനാളങ്ങള്‍ കണക്കെ ലൈറ്റുകള്‍ മിന്നിത്തുടങ്ങി.ഇരുട്ടും പ്രകാശവും ചേര്‍ന്ന് കായലില്‍ മനോ‍ഹര ചിത്രങ്ങള്‍ വരക്കാനും തുടങ്ങി.

              ബോട്ടില്‍ കയറിയപ്പോഴേക്കും കായല്‍ ഇരുട്ടില്‍ മുങ്ങി. കായലിന്റെ എല്ലാ ഭാഗത്തും നിയോണ്‍ ബള്‍ബുകള്‍ മഞ്ഞപ്രകാശം പരത്തി. ലിദുമോന്റെ ആദ്യത്തെ ബോട്ട് സവാരിയും ഈ യാത്രയിലൂടെ സാധ്യമായി.
              പത്തോ പതിനഞ്ചോ മിനുട്ട് യാത്രക്ക് ശേഷം ബോട്ട് എറണാകുളം ജെട്ടിയില്‍ എത്തി.ഊബറ് ടാക്സി വിളിച്ച് നേരെ എന്റെ ആതിഥേയന്‍ ഖൈസിനൊപ്പം ചേര്‍ന്നതോടെ ഈ വര്‍ഷത്തെ ഞങ്ങളുടെ ബിനാലെ യാത്രക്കും സമാപനമായി. ഇനിയും കാ‍ണാനുള്ള ബിനാലെ വേദികളില്‍ ഇതേ ടിക്കറ്റ് ഉപയോഗിച്ച് മാര്‍ച്ച് 29 വരെ കയറാമെന്നതിനാല്‍ ടിക്കറ്റുകള്‍ ഖൈസിന് നല്‍കി പിറ്റേ ദിവസം ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങി. 


             “അടുത്തത് ഇനി ആലപ്പുഴയിലേക്ക്” - മടക്ക യാത്രക്കിടയില്‍ മക്കള്‍ അവരുടെ ആഗ്രഹം പ്രകടിപ്പിച്ചു. 
“ഇന്‍ഷാ അല്ലാഹ്” ഞാന്‍ സമ്മതം മൂളി.


Monday, March 20, 2017

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016 - ആസ്പിന്‍ വാള്‍ 2

                   ആസ്പിന്‍ വാളിലെ കാഴ്ചകള്‍ വിസ്മയാവഹമാണ്. സാധാരണ ഇന്‍സ്റ്റലേഷനുകളില്‍ നിന്നും വ്യത്യസ്തമായി നിറവും ശബ്ദവും വെളിച്ചവും എല്ലാം ഉപയോഗിച്ചുകൊണ്ടുള്ള വിവിധ കലാകാരന്മാരുടെ ഭാവനകള്‍ നിറഞ്ഞതായിരുന്നു ഇത്തവണത്തെ കൊച്ചിന്‍ മുസ്‌രിസ് ബിനാലെ എന്ന് പറയാതിരിക്കാന്‍ വയ്യ. 
                അങ്ങനെ എത്തിപ്പെട്ടതാണ് ഈ ഇരുട്ട് മുറിയിലും. പക്ഷെ ഇടക്ക് വരുന്ന റോസ് വെളിച്ചത്തില്‍ കസേരയിലിരിക്കുന്ന ഒരു മനുഷ്യന്‍ തെളിഞ്ഞു കാണുന്നുണ്ട്. അത് യഥാര്‍ത്ഥ മനുഷ്യനല്ല എന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് അറിഞ്ഞത് - ഒരു മെഴുക് പ്രതിമ ! നാം അതിനടുത്ത് നില്‍ക്കുന്നതിനനുസരിച്ച് അത് ഉരുകിത്തീരുമത്രേ!
                 ശിതീകരിച്ച മുറിയായതിനാല്‍ അവിടെ കുറച്ച് നേരം തങ്ങാമെന്നുണ്ടായിരുന്നു.  പക്ഷെ അയാള്‍ ഉരുകിത്തീര്‍ന്നാല്‍ എന്റെ പിന്നാലെ മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും ഒക്കെ കഷ്ടപ്പെട്ട് വരുന്നവര്‍ക്ക് ഒന്നും കാണാനുണ്ടാകില്ലല്ലോ ...? ഞാനും കുടുംബവും മെല്ലെ അടുത്ത് മുറിയിലേക്ക് നീങ്ങി.

                 പല വലിപ്പത്തിലുള്ള പല ജാതി ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് അടുത്തടുത്ത് തൂക്കിയിട്ടിരിക്കുന്നു. ഏത് നോക്കണം , എന്തിന് നോക്കണം എന്ന് സംശയിച്ചു. കുറെ സെല്‍ഫി ഭ്രാന്തന്മാര്‍ ഇവിടെ നിന്നും സെല്‍ഫി എടുക്കുന്നത് കണ്ടു. പത്ത് വര്‍ഷം മുമ്പ് വരെ പല വീടുകളുടെയും, സ്കൂളിന്റെയും ചുമരുകളില്‍ നിറഞ്ഞാടിയിരുന്നതും ഈ രൂപത്തിലുള്ള നമ്മുടെ  ചിത്രങ്ങളായിരുന്നു എന്ന് അവര്‍ക്ക് അറിയില്ലായിരിക്കാം.
                      അലേഷ് ഷ്‌റ്റെയ്ഗറിന്റെ ‘ദ പിരമിഡ് ഓഫ് എക്സൈല്‍ഡ്’ പുറത്ത് നിന്ന് നോക്കിയാല്‍ ഒരു കൂറ്റന്‍ പിരമിഡ് ആണ്. ഒരു വാതിലിലൂടെ അകത്ത് കടന്നപ്പോഴാണ് അതിനുള്ളിലെ ഇരുട്ട് മനസ്സിലായത്. അല്പ നേരം സംശയിച്ച് നിന്നു , ടോര്‍ച്ച് അടിക്കണോ വേണ്ടേ എന്ന്. പിന്നെ രണ്ടും കല്പിച്ച് അതിനുള്ളിലൂടെ നടന്നു. മങ്ങിയ വെളിച്ചത്തില്‍ ഉയരുന്ന പ്രത്യേക ഗീതങ്ങള്‍ എന്തിനെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു. പുറത്തേക്കുള്ള വഴി കണ്ടെത്തിയപ്പോഴേക്കും പിന്നിലുള്ളവര്‍ മൊബൈല്‍ ഫ്ലാഷ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ വരുന്നത് കണ്ടു. അവര്‍ക്ക് ഇത് ഒട്ടും ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ടാകില്ല എന്ന് തീര്‍ച്ച.


                 ചിലിയിലെ കവിയായ റൌള്‍ സുരിറ്റ (Raul Zurita)യുടെ  "Sea of Pain" എന്ന ഇന്‍സ്റ്റലേഷന്‍ ലോകത്തിലെ മുഴുവന്‍ അഭയാര്‍ത്ഥികളുടെയും ദു:ഖം പങ്കു വയ്ക്കുന്ന ഒന്നാണ്. ഒരു മുറി നിറയെ വെള്ളം നിറച്ചുള്ള ഈ ഇന്‍സ്റ്റലേഷനിലൂടെ നടന്നു നീങ്ങുമ്പോള്‍ ഐലന്‍ കുര്‍ദിയും മറ്റു നിഷ്കളങ്കരായ നിരവധി ജീവിതങ്ങളും നമ്മുടെ മനോമുകുരത്തില്‍ അശ്രുകണങ്ങള്‍ സൃഷ്ടിക്കും. യഥാര്‍ത്ഥ ജീവിതത്തില്‍ ഈ പലായനം സൃഷ്ടിക്കുന്ന ഭീതിയും സാഹസികതയും മനസ്സിലാക്കിത്തരാന്‍ റൌള്‍ സുരിറ്റക്ക് ഇതിലൂടെ സാധിച്ചിട്ടുണ്ട്.

                    ‘ദ പിരമിഡ് ഓഫ് എക്സൈല്‍ഡ്’ , "Sea of Pain" , ‘ഡാ‍ന്‍സ് ഓഫ് ഡെത്ത്’ എന്നിവയാണ് കൊച്ചിന്‍ മുസ്‌രിസ് ബിനാലെയില്‍ നിര്‍ബന്ധമായും കാണേണ്ട ഇന്‍സ്റ്റലേഷനുകള്‍ എന്ന് ഇവിടെ വായിച്ചിരുന്നു. ഇതില്‍ മൂന്നാമത്തേത് കാണാന്‍ കൊതിക്കുമ്പോഴേക്കും സമയം ആറ് മണിയായിരുന്നു. കൃത്യം ആറ് മണിക്ക് തന്നെ ലൈറ്റുകള്‍ അണയാനും മുറികള്‍ക്ക് താഴ് വീഴാനും തുടങ്ങി. ഒഴിവ് ദിനമായിട്ടു പോലും ഇത്രയും കൃത്യമായി അടച്ചുപൂട്ടിയതിലുള്ള പ്രതിഷേധവും ‘ഡാ‍ന്‍സ് ഓഫ് ഡെത്ത്’ കാണാന്‍ സാധിക്കാത്തതിലുള്ള അമര്‍ഷവും മനസ്സില്‍ അടക്കി ഈ വര്‍ഷത്തെ ബിനാലെ കാഴ്ചകള്‍ക്ക് തിരശീലയിട്ട് ഞങ്ങള്‍ കായല്‍ തീരത്തേക്ക് നീങ്ങി
(വേറെ നിരവധി ഇന്‍സ്റ്റലേഷനുകള്‍ കണ്ടിട്ടുണ്ട്....എല്ലാം കൂ‍ടി ഇവിടെ നിരത്താന്‍ വയ്യ).

Thursday, March 09, 2017

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016 - ആസ്പിന്‍ വാള്‍ 1

           ബിനാലെയുടെ പ്രധാന വേദി  ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍ വാള്‍ ആണ്. ഒഴിഞ്ഞ് കിടക്കുന്ന ധാരാളം സ്ഥലം ഉള്ളതിനാലും ഫോര്‍ട്ട് കൊച്ചിയുടെ പൌരാണികതയും ആകാം, ബിനാലെയുടെ പ്രധാന വേദി എന്നും ആസ്പിന്‍ വാള്‍ ആകുന്നതിന് കാരണാം. പ്രകൃതി സൌന്ദര്യവും ബിനാലെയുടെ സൌന്ദര്യവും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന അനുഭൂതിയും ഒന്ന് വേറെത്തന്നെയാണ്.
           ടാക്സി ആസ്പിന്‍ വാള്‍ എന്ന് ലേബല്‍ ചെയ്ത ഒരു വലിയ മതിലിന് മുന്നില്‍ നിര്‍ത്തി. ചെറിയ ഒരു വാതില്‍ വഴി അകത്ത് കയറിയപ്പോള്‍ തന്നെ സ്ഥലം മാറിപ്പോയോ എന്ന് സംശയിച്ചു. ആസ്പിന്‍ വാള്‍ ആണ് ബിനാലെ ടിക്കറ്റ് ലഭിക്കുന്ന മറ്റൊരു സ്ഥലം എന്ന് അറിയിച്ചിരുന്നതിനാല്‍ സ്വാഭാവികമായും അല്പമെങ്കിലും തിരക്ക് പ്രതീക്ഷിച്ചതിനാലാണ് ഈ സംശയം ഉണ്ടായത്. പിന്നീടാണ് ഞങ്ങള്‍ എത്തിയത് കബ്രാള്‍ യാര്‍ഡ് എന്ന വേദിയിലാണ് എന്നറിഞ്ഞത്.

              പനയോലകൊണ്ട് പ്രത്യേക ആകൃതിയില്‍ ഉണ്ടാക്കിയ വലിയൊരു കൂടാരമാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.മൂന്നോ നാലോ വീഡിയോ ഇന്‍സ്റ്റലേഷനുകള്‍ ആയിരുന്നു അതിനുള്ളില്‍ ഒരുക്കിയിരുന്നത്. അവയില്‍ ഉരുണ്ട് കളിക്കുന്ന ഒരു വെള്ളത്തുള്ളി എല്ലാവര്‍ക്കും ഇഷ്ടമായി.

              കബ്രാള്‍ യാര്‍ഡില്‍ കൂടുതല്‍ ഇന്‍സ്റ്റലേഷനുകള്‍ ഒന്നും തന്നെയില്ല. ബിനാലെയോട് അനുബന്ധിച്ചുള്ള സിനിമാ പ്രദര്‍ശനങ്ങളും യോഗങ്ങളും ചര്‍ച്ചകളും ഒക്കെ നടത്താനുള്ള വേദിയാണ് കബ്രാല്‍ യാര്‍ഡ്.അവിടെക്കണ്ട ഹാളിന് പിന്നിലെ ഒരു ഇന്‍സ്റ്റലേഷനില്‍ കുട്ടികള്‍ കയറി നോക്കി.അവിടെ കൂട്ടിയിട്ട പൊട്ടിയ കസേരകളില്‍ ഒന്നില്‍ വിശ്രമിക്കാനായി ഞാന്‍ അല്പ സമയം ഇരുന്നു. അതു വഴി വരുന്നവരെല്ലാം എന്നെ തുറിച്ച് നോക്കാനും അഭിപ്രായം പറയാനും തുടങ്ങിയപ്പോഴാണ് ഞാന്‍ കയറി ഇരിക്കുന്നതും ഒരു ഇന്‍സ്റ്റലേഷന്‍ ആണെന്ന് മനസ്സിലായത്!!

            കബ്രാള്‍ യാര്‍ഡിന്റെ തൊട്ടടുത്ത് തന്നെയാണ് ആസ്പിന്‍ വാള്‍. ഇവിട് എത്തിയപ്പോഴാണ് ബിനാലെയുടെ ഒരു പ്രതീതി തോന്നിയത്. ടിക്കറ്റ് പഞ്ച് ചെയ്ത് ഞങ്ങള്‍ അകത്ത് കയറി. ഒരു വെര്‍ട്ടിക്കല്‍ സപ്പോര്‍ട്ടും ഇല്ലാതെ നില്‍ക്കുന്ന സ്റ്റെപ്പുകള്‍, കണ്ണാടികള്‍ തുടങ്ങിയവയാണ് ഇവിടെ ആദ്യം കണ്ടത്.
              പല ഹാളുകളിലൂടെയും കയറി ഞങ്ങള്‍ വലിയ ഒരു ഇരുട്ട് മുറിയിലേക്ക് പ്രവേശിച്ചു. ഇരുട്ടിലെ ബെഞ്ചില്‍ ചിലര്‍ ഇരിക്കുന്നുണ്ടായിരുന്നു. മുന്നിലെ സ്ക്രീനില്‍ കടലിലെ വെള്ളം നുരഞ്ഞ് പതഞ്ഞ് കൊണ്ടിരിക്കുന്നു. ഒരു യാത്രാ കപ്പലിന്റെയും കടലിന്റെയും ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. അപ്പോഴാണ് ഞങ്ങള്‍ പ്രവേശിച്ച സ്ഥലത്തുള്ള ഒരു നിര്‍മ്മിതി എന്റെ ശ്രദ്ധയില്‍ പെട്ടത്. ഒഴുകി നീങ്ങുന്ന ഒരു മുറിയുടെ ആവിഷ്കാരമായിരുന്നു അത്.മുറിക്കുള്ളില്‍ എരിയുന്ന ഒരു പുകയിലച്ചുരുട്ടുമുണ്ട്.കാപ്പിരി മുത്തപ്പനുള്ള വഴിപാടാണത് പോലും.ഗബ്രിയേല്‍ ലെസ്റ്റര്‍ എന്ന നെതര്‍ലന്റുകാരന്റെ “ഡ്വെല്ലിംഗ് കാപ്പിരി സ്പിരിറ്റ്സ്‌“ എന്ന ഇന്‍സ്റ്റലേഷനാണിത്. ദൃശ്യവും ശബ്ദവും ക്രമീകരണവും എല്ലാം കൂടി നല്ല ഒരു അനുഭവം നല്‍കുന്ന ഈ ആവിഷ്കാരം ആസ്പിന്‍ വാളിലെ വലിയ ഇന്‍സ്റ്റലേഷനുകളില്‍ ഒന്നാണ്.


           മറ്റൊരു ഗോവണി കയറി ഞങ്ങള്‍ എത്തിയത് മഞ്ഞ നിറഞ്ഞ ഒരു മുറിയില്‍ ആയിരുന്നു. നൂല്‍ നൂല്പിന്റെ യന്ത്രങ്ങള്‍ മുഴുവന്‍ മരത്തില്‍ തീര്‍ത്ത് ക്രമീകരിച്ച് വച്ചതാണെന്ന് തോന്നുന്നു. കുറച്ച് കോട്ടുകളും അടുത്ത് തന്നെ തൂക്കിയിട്ടിട്ടുണ്ട്.അധിക സമയം കളയാതെ ഒന്ന് വലം വച്ച് ഞങ്ങള്‍ പുറത്തെത്തി.
              അടുത്ത മുറികളില്‍ പലതിലും കയറി ഇറങ്ങിയെങ്കിലും പ്രത്യേകിച്ച് ഒന്നും തന്നെ മനസ്സിലായില്ല.താടിയും മുടിയും പ്രത്യേക രീതിയില്‍ വളര്‍ത്തിയവരും വെട്ടിയവരും അവിടവിടെയൊക്കെ കറങ്ങുന്നുണ്ട്.ചെറിയ ഒരു വിശ്രമത്തിനായി ഞാന്‍ പുറത്തെ മരത്തണലിലേക്ക് നീങ്ങി.

(തുടരും...) 

Saturday, March 04, 2017

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016 - ദര്‍ബാര്‍ ഹാള്‍

                 ഏകദേശം 12 മണിയോടെ ഞങ്ങള്‍ എറണാകുളം ജെട്ടി സ്റ്റോപ്പില്‍ ബസ്സിറങ്ങി. ബിനാലെക്ക് ടിക്കറ്റെടുക്കണമെന്നും അടുത്ത് തന്നെയുള്ള ദര്‍ബാര്‍ ഹാളില്‍ ടിക്കറ്റ് ലഭിക്കുമെന്നും കൊച്ചിയിലെ ഞങ്ങളുടെ ആതിഥേയനും എന്റെ ഡിഗ്രി ക്ലാസ്മേറ്റുമായ ഖൈസില്‍ നിന്നും മനസ്സിലാക്കി (2012ലെ ആദ്യത്തെ ബിനാലെയില്‍ ടിക്കറ്റ് എടുത്തതായി എന്റെ ഓര്‍മ്മയില്‍ ഇല്ലായിരുന്നു. ഏതോ ചില ദിവസങ്ങളില്‍ സൌജന്യ പ്രവേശനം അനുവദിക്കുന്നതായി പിന്നീട് അറിഞ്ഞു.അന്ന് അത്തരം ഒരു ദിവസത്തിലായിരിക്കാം ഞങ്ങള്‍ അവിടെ എത്തിയത്!!).

                ദര്‍ബാര്‍ ഹാളില്‍ എത്തിയ എനിക്ക് സ്ഥലം മാറിപ്പോയോ എന്ന സംശയമുണ്ടായി.ഞായറാഴ്ച ആയിട്ടും ആരെയും അവിടെ കണ്ടില്ല. വാതിലിനടുത്ത് രണ്ട് മൂന്ന് പയ്യന്മാര്‍ സൊറ പറഞ്ഞിരിക്കുന്നുണ്ട്. അവിടെ ചെന്നപ്പോഴാണ് അത് തന്നെയാണ് ടിക്കറ്റ് കൌണ്ടര്‍ എന്ന് മനസ്സിലായത്. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന ഫീ. 4 മുതിര്‍5ന്നവരും 2 കുട്ടികളും എന്ന് പറഞ്ഞപ്പോള്‍ എല്ലാവരെയും ഒന്ന് നോക്കിയ ശേഷം 5 ടിക്കറ്റ് തന്നു - 3 മുതിര്‍ന്നവരും 2 കുട്ടികളും!! 7 വയസ്സു മുതല്‍ 18 വയസ്സുവരെയുള്ളവര്‍ കുട്ടി ഗണത്തില്‍ പെടും പോലും!!!2000 രൂപ കൊടുത്തപ്പോള്‍ അതിന് ചില്ലറ ആയിട്ടില്ല എന്ന് കൂടി പറഞ്ഞപ്പോള്‍ അവിടെ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം എന്റെ മനസ്സിലൂടെ ഓടിപ്പോയി.

                ദര്‍ബാര്‍ ഹാളില്‍ തന്നെ ചില ഇന്‍സ്റ്റലേഷനുകള്‍ ഉള്ളതായി ഖൈസ് പറഞ്ഞിരുന്നു. അത് കാണാനായി ഞങ്ങള്‍ അകത്ത് കയറി.എന്തുകൊണ്ടൊക്കെയോ ഉണ്ടാക്കിയ കുറെ മൊട്ടത്തലകള്‍ ആയിരുന്നു ആദ്യത്തെ കാഴ്ച. അതു കഴിഞ്ഞ് ഒന്നാം നിലയില്‍ കയറിയപ്പോള്‍ കണ്ട ആദ്യത്തെ കാഴ്ച ഇതാണ്.
                 ഫാറൂഖ് കോളേജിലെ ഞങ്ങളുടെ കെമിസ്ട്രി ലാബിന്റെ പിന്നാമ്പുറത്ത് കൂട്ടിയിട്ട സാധനങ്ങള്‍ കഴുകി വൃത്തിയാക്കി ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതൊക്കെയോ അക്ഷരങ്ങള്‍ ചേര്‍ത്തു വച്ച പ്രതീതി. അതെ, പൊട്ടിയ കോണിക്കല്‍ ഫ്ലാസ്ക് , ബ്യൂററ്റ്,പിപ്പറ്റ് , ഗ്ലാസ് ടംബ്ലര്‍ എന്നിവയൊക്കെയായിരുന്നു ഈ ഇന്‍സ്റ്റലേഷന്‍.പക്ഷെ നല്ല വൃത്തിയുണ്ട് കാണാന്‍.പേര് വായിച്ചെടുക്കാന്‍ പ്രയാസമാണെന്ന് മാത്രമല്ല, മനസ്സിലാകുകയും ഇല്ല. തൊട്ടടുത്ത് തന്നെ ഒരു പിരിയന്‍ പാത്രത്തിനകത്ത് എവിടെ നിന്നോ പ്രൊജക്ട് ചെയ്യുന്ന ചിത്രങ്ങള്‍ മിന്നി മറയുന്നുണ്ട്.

              കാലിഫോര്‍ണിയക്കാരന്‍ ഗാരി ഹില്ലിന്റെ ഡ്രീം സ്റ്റോപ് ആയിരുന്നു അടുത്ത മുറിയില്‍. വിശാലമായ ആ മുറിയുടെ ചുമരില്‍ മുഴുവന്‍ കാണികള്‍ ഇന്‍സ്റ്റലേഷന്‍ ആവുന്ന കാഴ്ച ആയിരുന്നു അവിടെ ഒരുക്കിയത്. ഇതിനായി 31 വീഡിയോ ക്യാമറകളും 31 പ്രൊജക്ടറുകളും ഉപയോഗിച്ചതായി പുറത്തുള്ള കുറിപ്പില്‍ പറയുന്നു.
                 മദ്ധ്യത്തില്‍ കാണുന്ന വളയത്തിലാണ് ക്യാമറകള്‍ മുഴുവന്‍. ഇതിനെ ടെക്നോളജിക്കല്‍ ഇന്‍സ്റ്റലേഷന്‍ എന്ന് പറയുന്നതാവും കൂടുതല്‍ നല്ലത്. വരാന്‍ പോകുന്ന കാഴ്ചകളുടെ ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു ഇത് എന്ന് പിന്നീട് തോന്നി.

            ദര്‍ബാര്‍ ഹാളില്‍ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും എന്റെ സുഹൃത്ത് ഖൈസും മകനും അവിടെ എത്തിയിരുന്നു. കൊച്ചിയില്‍ താമസിച്ചിട്ടും ഇതുവരെ ബിനാലെ കാണാന്‍ തോന്നിയിട്ടില്ല എന്ന് അവന്‍ പറഞ്ഞു. അല്ലെങ്കിലും കൊച്ചിയിലെ മിക്ക സുഹൃത്തുക്കള്‍ക്കും അത് കാണാന്‍ ഇതുവരെ തോന്നിയിട്ടില്ല എന്നതാണ് സത്യം.
                കേട്ട് മാത്രം പരിചയമുള്ള “കായിക്കാസ് ബിരിയാണി” കിട്ടുന്ന സ്ഥലം തൊട്ടടുത്ത് തന്നെയാണെന്ന് ഖൈസ് അറിയിച്ചു. ഹോട്ടലിന്റെ പേര് തന്റെ പേര് തന്നെയാണെന്ന് ബോഡിലേക്ക് നോക്കി ഖൈസ് പറഞ്ഞു. അതെ “Kayees" എന്നായിരുന്നു അതിന്റെ പേര്.ബിരിയാണി തിന്നാന്‍ ടോക്കണെടുത്ത് കാത്തിരിക്കുന്ന നിരവധി പേരിലേക്ക് ഞങ്ങളും ചേക്കേറി. ചുമരില്‍ “കായിക്കാസ് ബിരിയാണി”യെക്കുറിച്ച് വിവിധ പത്രങ്ങളില്‍ വന്ന കുറിപ്പുകള്‍ നിറഞ്ഞിരുന്നു. ചിക്കന്‍ ബിരിയാണിക്ക് 150 രൂപയും മട്ടണ്‍  ബിരിയാണിക്ക് 180 രൂപയും ആണ് നിരക്ക്.
 
             കായിക്കാസ് ബിരിയാണിയും തട്ടി അവിടെത്തന്നെയുള്ള നമസ്കാര മുറിയില്‍ നിന്നും നമസ്കരിച്ച് പുറത്തിറങ്ങിയപ്പോള്‍ അതാ പതിവ് പോലെ ഒരു വളണ്ടിയര്‍ കൂട്ടം - കോഴിക്കോട്ടെ വിവിധ കോളേജുകളില്‍ നിന്നുള്ള എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, കൊച്ചിയില്‍ എത്തിയപ്പോള്‍ കായിക്കാസ് ബിരിയാണിയുടെ രുചി അറിയാന്‍ വന്നതാണ്!!

          അല്പ നേരം അവരോടൊപ്പവും ചെലവഴിച്ച് ഖൈസ് തന്നെ ഏര്‍പ്പാടാക്കിയ ഊബര്‍ ടാക്സിയില്‍ ഞങ്ങള്‍ ബിനാലെയുടെ പ്രധാന വേദിയായ ഫോര്‍ട്ട് കൊച്ചിയിലേക്ക് യാത്ര തിരിച്ചു.

(തുടരും....)