Pages

Friday, October 27, 2006

ദാമു മാസ്റ്ററുടെ കോപി പിടി.( സര്‍വീസ്‌ കഥകള്‍ - 1 )

വളരെക്കാലം സമാന്തര വിദ്യാലയ രംഗത്ത്‌ കണ്ഠമലിനീകരണം നടത്തിയ ശേഷമാണ്‌ ദാമു മാസ്റ്റര്‍ക്ക്‌ സ്കൂളില്‍ സ്ഥിരം ജോലി കിട്ടിയത്‌. ഒരു പരീക്ഷാ കാലത്താണ്‌ ദാമു മാസ്റ്റര്‍ സ്കൂളില്‍ ജോലിക്ക് ചേര്‍ന്നത്‌.

പരീക്ഷാ ഹാളിൽ ഓരോ കുട്ടിയെയും ശ്രദ്ധിച്ചുകൊണ്ട്‌ നടക്കുന്നതിന്നിടയിലാണ്‌ കണ്ടന്‍കുട്ടിയുടെ കൈ കീശയിലേക്ക്‌ ഊളിയിടുന്നതും ഒരു തുണ്ടുമായി തിരിച്ച്‌ വരുന്നതും ദാമു മാസ്റ്റര്‍ കണ്ടത്‌.കണ്ടന്‍കുട്ടി തുണ്ട്‌ കടലാസ്‌ നിവര്‍ത്തുന്നതിന്ന് മുമ്പ്‌ തന്നെ ദാമു മാസ്റ്റര്‍ കണ്ടന്‍കുട്ടിയുടെ കൈയില്‍ കയറി പിടിച്ചു.കണ്ടന്‍കുട്ടി സ്തബ്ധനായി എണീറ്റു.

 'നേരെ ഹെഡ്‌മാസ്റ്റെറെ ഏല്‍പ്പിക്കാം.ആദ്യദിവസം തന്നെ ആത്മാര്‍ത്ഥതയും സേവനതാല്‍പര്യവും തെളിയിക്കാന്‍ ദൈവം നീട്ടിത്തന്ന അവസരം' ദാമു മാസ്റ്റര്‍ ആത്മഗതം ചെയ്തു.

തുണ്ട് കടലാസ് സഹിതം കണ്ടന്‍കുട്ടി ഹെഡ്‌മാസ്റ്റെറുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു.ഹെഡ്‌മാസ്റ്റെര്‍ തന്നെ അഭിനന്ദിക്കുന്ന മനോഹര സ്വപ്നം  ദാമു മാസ്റ്ററുടെ ചുണ്ടില്‍ ഒരു മന്ദഹാസം വിരിയിച്ചു. ഹെഡ്‌മാസ്റ്റെര്‍ കണ്ടന്‍കുട്ടിയുടെ കൈയില്‍ നിന്നും തുണ്ട്‌ കടലാസ്‌ വാങ്ങി വായിച്ചു നോക്കി.കണ്ടന്‍കുട്ടി തല താഴ്ത്തി.

 "എന്താ മാഷെ ഇത്‌?"ഹെഡ്‌മാസ്റ്റെര്‍ ദാമു മാസ്റ്ററോട്‌ ചോദിച്ചു.

 "ഇവന്‍ കോപി..."

 "ഇതാണോ തൊണ്ടി?"

 "അതെ സര്‍, അത്‌ തന്നെ തൊണ്ടി.." ദാമു മാസ്റ്റര്‍ ഉറപ്പിച്ച്‌ പറഞ്ഞു.

 "മാഷ്‌ ഇതൊന്ന് വായിച്ചു നോക്കൂ....." ദാമു മാസ്റ്റര്‍ തുണ്ട്‌ കടലാസ്‌ വാങ്ങി വായിച്ചു.

“അരി 1കി.....പഞ്ചാര 1/2 കി....ഉലുവ 250.....“

Thursday, October 26, 2006

എറമുള്ളാന്റെ തിരിച്ച്‌(എ)റിയല്‍ കാര്‍ഡ്‌.

രംഗം - ഒന്ന്

                  "മാന്യ സുഹ്രുത്തേ, .......ലെ .........തെരഞ്ഞെടുപ്പില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കിയ വിവരം താങ്കള്‍ അറിഞ്ഞുകാണുമല്ലോ? കാര്‍ഡ്‌ തയ്യാറാക്കുന്നതിന്ന് ഫോട്ടോ എടുക്കുന്നതിന്നായി നിശ്ചിത സ്ഥലത്ത്‌ താങ്കളും കുടുംബാംഗങ്ങളും ഹാജരാകണമെന്ന് താല്‍പര്യപ്പെടുന്നു.അല്ലാത്ത പക്ഷം ഈ നിയോജക മണ്ഡരിത്തല താമസക്കാരനല്ലെന്ന നിഗമനത്തില്‍ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കുമെന്നും ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു (!!!)"
 നോട്ടീസ്‌ എറമുള്ളാന്‍ ഒരാവര്‍ത്തി കൂടി തപ്പിത്തടഞ്ഞ്‌ വായിച്ചു.എന്നിട്ടും നിയോജക മണ്ഡരിത്തല എന്ന തല മനസ്സിലായില്ല.

                എറമുള്ളാന്‌ 10 മക്കള്‍.പത്താമന്‍ ഒന്നാം ക്ലാസ്സിലും ഒന്നാമന്‍ പത്താം ക്ലാസ്സിലും പഠിക്കുന്നു.നോട്ടീസ്‌ കിട്ടി പിറ്റേന്ന് തന്നെ സര്‍ക്കാര്‍ ചെലവില്‍ ഒരു കുടുംബഫോട്ടോ എടുക്കാനായി എറമുള്ളാന്‍ തന്റെ 10 മക്കളെയും ഭാര്യയെയും കൂട്ടി താലൂക്കാപ്പീസ്‌ മാര്‍ച്ച്‌ നടത്തി. താലൂക്കാപ്പീസ്‌ പരിസരത്തെ നീണ്ട ക്യൂവില്‍ , മുന്നില്‍ എറമുള്ളാനും പിന്നില്‍, പുട്ടില്‍ തേങ്ങ ഇട്ടപോലെ 10 മക്കളും അവസാനം എറമുള്ളാന്റെ പ്രിയപത്നി കുഞ്ഞാമിയും ഒന്നിച്ചണിനിരന്നു.നീണ്ട കാത്തിരിപ്പിന്‌ ശേഷം എറമുള്ളാനും കുട്ട്യേളും കെട്ട്യേളും ആപ്പീസറുടെ മുമ്പിലെത്തി.

 "സര്‍, ഇതാ ഞാനും കെട്ട്യേളും എന്റെ 10 കുട്ട്യേളും....കജ്ജോങ്കില്‌ ഞമ്മള്‍ 12നെം ഒര്‌ പോട്ടത്തിലാക്കണം"

 രംഗം - രണ്ട്‌

 "എന്താ പേര്‌?" മുഖത്ത്‌ നോക്കാതെ ഓഫീസറുടെ ചോദ്യം.

 " എറമുള്ളാന്‍"

 "ആണോ പെണ്ണോ?" ഓഫീസറുടെ അടുത്ത ചോദ്യം.

 "ങേ!!!" ഇത്തവണ എറമുള്ളാന്‍ ഞെട്ടി.

 "ആണ്‌ തന്നെ " ഒന്ന് തപ്പി നോക്കി എറമുള്ളാന്‍ തറപ്പിച്ച്‌ പറഞ്ഞു.

 "ശരി....ഇരിക്കൂ....റെഡി...നെക്സ്റ്റ്‌ " എറമുള്ളാനോട്‌ പുറത്ത്‌ പോകാന്‍ ആംഗ്യഭാഷയില്‍ ഓഫീസര്‍ കല്‍പിച്ചു.

 "അപ്പൊ പോട്ടവും കാര്‍ഡും യൗട്ന്നാ കിട്ടാ...?" എറമുള്ളാന്‍ സംശയം പ്രകടിപ്പിച്ചു.

 "അത്‌ വില്ലേജാപ്പീസില്‍ നിന്ന് തരും "

 "ന്റ അള്ളോ...ഞ്‌ ഔടിം മാണോ പോകാ..."

 രംഗം - മൂന്ന്

 വില്ലേജാപ്പീസില്‍ നിന്നും കിട്ടിയ കാര്‍ഡ്‌ എറമുള്ളാന്‍ തിരിച്ചും മറിച്ചും നോക്കി.തിരിച്ചറിയാത്ത ഫോട്ടോ തന്റേത്‌ തന്നെ എന്ന് ഉറപ്പ്‌ വരുത്താന്‍ എറമുള്ളാന്‍ തൊട്ടടുത്ത്‌ നിന്ന ആളോട്‌ ചോദിച്ചു-"ഈ പോട്ടം ആര്‌താ..?"

 "നിങ്ങള്‍ത്‌ തന്നെ ആകാനാണ്‌ സാധ്യത " ചിരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു.

 "അയിലെ പേരോ..?"

 "എള്ളമുറാന്‍" അയാള്‍ വായിച്ചു കൊടുത്തു.

 "ങേ...ആ ഇബ്‌ലീസേള്‌ ഇന്റെ പേരും മാറ്റ്യോ?"

 " പിന്നേയ്‌...നിങ്ങള്‍ പെണ്ണാണെന്നാ ഈ കാര്‍ഡില്‌.."

 "ഹേ....ആ ചൈത്താന്‍ ചോയിച്ചപ്ലേ ഞാന്‍ ഒറപ്പിച്ചതാ...ആണാണെന്ന്...ന്ന്ട്ട്‌പ്പം..."എറമുള്ളാന്‌ ദ്വേഷ്യം ഇരച്ചു കയറി.

 "ഈ കാര്‍ഡ്‌ ഇന്റെ കുഞ്ഞാമിന്റേതല്ലേ?" ഭാര്യയുടെ കാര്‍ഡ്‌ കാട്ടി എറമുള്ളാന്‍ ചോദിച്ചു.

 "ങാ...പക്ഷെ..... ഫോട്ടോ.."

 "പോട്ടത്തിന്ന് എത്താ കൊയപ്പം?" എറമുള്ളാന്‌ സംശയമായി.

 "ഇത്‌.. പൊട്ട്‌ തൊട്ട്‌...സാരിയുടുത്ത്‌....തലയില്‍ തട്ടമിടാത്ത...."

 "ങേ!!! ആ ഹംക്കുകള്‌ ഇന്റെ കുഞ്ഞാമിനിം..." എറമുള്ളാന്‌ ദ്വേഷ്യം സഹിക്കാനായില്ല.കാര്‍ഡ്‌, അത്‌ തന്ന ഓഫീസര്‍ക്ക്‌ തന്നെ വലിച്ചെറിഞ്ഞ്‌ കൊടുത്ത്‌ കൊണ്ട്‌ എറമുള്ളാന്‍ വീട്ടിലേക്ക്‌ മടങ്ങി.

 'വെറുതെയല്ല ഈ കാര്‍ഡിനെ തിരിച്ചെറിയല്‍ കാര്‍ഡ്‌ എന്ന് പറയുന്നത്‌' ' എറമുള്ളാന്‍ ആത്മഗതം ചെയ്തു.

 *****************

ഒരു ഫ്രീ ഷേക്‌ക്‍ഹാന്‍ഡ്‌

സ്ഥലത്തെ പ്രധാന പയ്യന്‍സായിരുന്നു മാമുവും കോമുവും.അതിരാവിലെ തന്നെ ഐദര്‍മാന്റെ ചായമക്കാനിയെ സജീവമാക്കിയിരുന്നത്‌ മാമു ആന്‍ഡ്‌ കോമു കമ്പനി ആയിരുന്നു.അക്ഷരമാലയില്‍ "ക"യും "മ"യും നില്‍ക്കുന്നത്‌ പോലെ ചര്‍ച്ചകളിലെല്ലാം മാമുവും കോമുവും രണ്ടറ്റത്തായിരുന്നു. അന്നും മാമു ആന്‍ഡ്‌ കോമു കമ്പനി ഐദര്‍മാന്റെ ചായമക്കാനിയില്‍ കണ്ടുമുട്ടി.ആവി പറക്കുന്ന കട്ടനോടൊപ്പം അരങ്ങേറാന്‍ പോകുന്ന ചൂടന്‍ ചര്‍ച്ചകള്‍ക്കായി എല്ലാവരും കാതോര്‍ത്തു. "പഞ്ഞമില്ല ...പഞ്ഞമില്ല...പഞ്ഞമില്ലാ കാലം..."മാമു ഒന്ന് മൂളിപ്പാടി. "ഏത്‌ മാവേലിയുടെ കാലത്തെയാ മാമൂ അയവിറക്കുന്നത്‌?" കോമു ചോദിച്ചു. "മാബേലി അല്ല...ബയ്യാബേലി...അന്റെ ബയ്യാബേലി ഗേര്‍മന്റ്‌.." "ങാ..അത്‌ ശരിയാ...ശരിക്കും പഞ്ഞമില്ലാ കാലം തന്നെ....പിന്നെ 140-ല്‍ നൂറാ.....നീയൊക്കെ 5 കൊല്ലം പാടി തന്നെ തീര്‍ക്കേണ്ടി വരും....ഹ..ഹ...ഹാ..."കോമുവും സഹചായകുടിയന്മാരും ഒന്നിച്ച്‌ ചിരിച്ചു. "ആ..അയിനെന്ന്യാ മുറുഗീയ പൂരിപച്ചം ന്ന് പറേണത്‌....നല്ല ഒന്നാന്തരം കാട്ടോത്തേളും ബെട്ടോത്തേളും കൂട്യല്ലേ അന്റെ ആ നൂറ്‌..?"മാമുവും വിട്ടുകൊടുത്തില്ല. "എന്നിട്ടെന്താ ഇപ്പൊ കൊഴപ്പം?" "തേങ്ങ..!!!" മാമുവിന്ന് കലി കയറി തുടങ്ങി. "ങാ...തേങ്ങാ....അടയ്ക്കാ...റബ്ബര്‍....അതിലൊന്നും തൊടരുത്‌....അതെല്ലാം കേന്ദ്രസര്‍ക്കാര്‍ സാധനങ്ങളാ...." "സരി സരി..തേങ്ങിം അടയ്ക്കിം കേന്ദ്രസംവരണത്ത്ക്കാക്കി പാവം ക്രുസിക്കാരനെ ബൈജാദാരാക്കി.....സറണ്ടര്‍-മുരണ്ടല്‍-വരണ്ടല്‍ ഒക്കെ ബെട്ടിനെരത്തി ഉദ്യൊഗസ്തമ്മാരെ പെരുബജ്ജ്‌ലാക്കി...(നിയമന നിരോധത്തിലൂടെ ചെറുപ്പക്കാരെ മുഴുവന്‍ നിരാശയുടെ പടുകുഴിയിലാക്കി)...."മാമു വാ തോരാതെ പറഞ്ഞു. "അതാ പറഞ്ഞത്‌ തനിക്കൊന്നും ബുദ്ധിയില്ല എന്ന്....എടോ സാമ്രാജ്യത്വത്തിന്റെ മൃഷ്ടാന്നം തിന്ന് കൊഴുത്തവരാ ആ പറഞ്ഞതെല്ലാം....ശുദ്ധമായ ഭക്ഷണം കഴിച്ച്‌ വളര്‍ന്ന് വരുന്ന ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുത്ത്‌ ഒരു മാറ്റം സൃഷ്ടിക്കാനാ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌."കോമു ന്യായീകരിച്ചു. "ങേ...അതെങ്ങന്യാ..?"മാമുവിന്റെ കലി അടങ്ങി. "അതാണ്‌ സര്‍ക്കാരിന്റെ പരിപാടി...ഒരു കപ്പ്‌ പാലും ഷേക്‌ക്‍ഹാന്‍ഡും..." "അല്ലല്ല..ഒരു ഗപ്പ്‌ പാല്‌ന്റെബള്ളോൂം..ന്ന് തിര്‌ത്തി എയ്തണം"മാമുവും വിട്ടില്ല. "ങാ...ചിലേടത്തൊക്കെ പാലില്‍ വെള്ളം ചേരും..." "എന്ന്‌ട്ടാര്‌ക്കാ ഈ പാലും കേക്കും കൊടുക്ക്‌ണത്‌?" മാമു ചോദിച്ചു. "ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള ആറു മാസം മുതല്‍ പ്രൈമറിതലം വരെയുള്ള കുട്ടികള്‍ക്ക്‌..." "അപ്പം ഇന്റെ നാലെണ്ണത്തിനും സര്‍ക്കാര്‍ ബക പാലുംബള്ളും സോക്ക്ട്രീറ്റ്‌മെന്റും ക്‌ട്ടും...നല്ല ബരിപാടി" മാമു സര്‍ക്കാരിനെ അഭിനന്ദിച്ചു. "നിന്റെ നാലിനും എന്റെ 1...2...3...4...5...6....ആറെണ്ണത്തിനും...പക്ഷേ..."കോമു ഒന്ന് നിര്‍ത്തി. "എത്ത്‌ പച്ചെ...?"മാമുവിന്ന് ആകാംക്ഷയായി. "ദാരിദ്ര്യരേഖ...???" "അത്‌ ബെരക്കാനാ ഇത്തിര ബെസമം...ഒര്‌ത്തനെ ചോര്‌മ്മെ ചാരി നിര്‍ത്തി ചെവിക്കുറ്റിമ്മെ അണ്ട്‌ പുട്ച്ചി ഓന്റെ തലന്റെ മോള്‌ക്കൂടെ ഒറ്റ ബര.....കയ്‌ഞ്ഞിലേ പ്രസനം...?" "കറക്റ്റ്‌...നല്ല ഐഡിയ....അപ്പോ തൂക്കം?" കൊമു അടുത്ത ഉടക്കിട്ടു. "തൂക്കോ...കെട്ടിത്തൂക്കോ കോയിത്തൂക്കോ" മാമുവിന്ന് മനസ്സിലായില്ല. "അതൊന്നുമല്ല....കുട്ടിയുടെ കനം കൂട്യാല്‍ പാലില്ല..." "ആ....അയ്‌നാപ്പം ...ആര്‌ തൂങ്ങ്യാലും 10 കിലോ കാണ്‍ച്ച്‌ണ നല്ല ഒന്നാം നമ്പറൊരു സാനം ഞമ്മളട്ത്ത്ണ്ട്‌....ഞമ്മക്കൈമെ തൂക്കാം.."മാമു അതും പരിഹരിച്ചു.. "വെരിഗുഡ്‌....അപ്പോള്‍?"മാമു പിന്നെയും സംശയിച്ചു. "ഇഞ്ഞും എത്താ പ്രസനം..?" "പാല്‌ കൊടുക്കാന്‍ ഗ്ലാസ്സ്‌..?" "അ അ ആ...അത്‌പ്പം ഒരു പ്രസനാ....??? ഐദര്‍മാന്റെ ഈ മക്കാനീല്‌ ബരെ ഇമ്പോസ്സിബ്ല് അല്ലേ ക്ലാസ്‌...." "ok..ok..അതും ക്ലിയര്‍...പിന്നെ...പിന്നെ?"കൊമു വീണ്ടും തല ചൊറിഞ്ഞു. "ങേ....ഇഞ്ഞും കൊയപ്പോ...?"മാമുവിന്‍ പാല്‍ കിട്ടാന്‍ തിരക്കായി. "ഇനിയല്ലേ..യഥാര്‍ത്ഥ പ്രശ്നം........സാമ്പത്തിക പ്രതിസന്ധി..."കോമു അവസാനത്തെ വെടി പൊട്ടിച്ചു. "പ്ഫൂ....അപ്പം കായില്ലാന്ന്ല്ലേ...പിന്നെ എത്ത്‌ മണ്ണാങ്കട്ടേ അന്റെ ഗേര്‍മന്റ്‌ കൊട്ക്കാ...???" മാമുവിന്ന് വീണ്ടും കലി കയറി. "ഒരു ഫ്രീ ഷേക്‌ക്‍ഹാന്‍ഡ്‌.....!!!!"മാമു പറഞ്ഞ്‌ നിര്‍ത്തി. ****************************

Wednesday, October 25, 2006

അബുവിന്റെ മുഹബ്ബത്ത്‌

ഓത്തുപള്ളിയിലെ ഏതോ ഒരു സന്ധ്യക്ക്‌ മുനിഞ്ഞ്‌ കത്തുന്ന പാനീസ്‌ വിളക്കിന്റെ വെളിച്ചത്തില്‍ സൈനബയെ കണ്ട അന്ന് മുതലാണ്‌ അബുവിന്റെ മനസ്സില്‍ സൈനബയോടുള്ള മുഹബ്ബത്ത്‌ പൊട്ടിമുളച്ചത്‌.ചുവപ്പില്‍ വെളുത്ത പുള്ളികളുള്ള കസവുതട്ടവും സ്വര്‍ണ്ണ നൂലിട്ട കുപ്പായവും വെള്ളക്കാച്ചിയുമുടുത്ത സൈനബ ....പാനീസിന്റെ അരണ്ട വെളിച്ചത്തില്‍ സൈനബ കൂടുതല്‍ സുന്ദരിയായി അബുവിന്‌ തോന്നി.പക്ഷേ സൈനബയോടത്‌ തുറന്ന് പറയാന്‍ അബുവിന്‌ ഒരു നാണം.പോരാത്തതിന്ന് അര്‍മാന്‍ മോല്യാര്‍ എന്ന വന്മതിലും.എന്നാലും മുഹബ്ബത്ത്‌ എങ്ങിനേ എങ്കിലും പ്രകടിപ്പിക്കാന്‍ അബു തീരുമാനിച്ചു.അപ്രകാരം മുഴുത്തൊരു വെള്ളത്തണ്ട്‌ ഒപ്പിച്ചതിന്റെ വേദന ചന്തിയില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നു!ചന്തിയില്‍ മുള്ള്‌ കോറിയാലെന്താ...സൈനബക്കുള്ള വെള്ളത്തണ്ട്‌ കിട്ടിയില്ലേ...ഹൊ...രാമേട്ടന്റെ പട്ടിയുടെ അന്നത്തെ ആ വരവ്‌.....രാമേട്ടന്റെ കയ്യാലയില്‍ തൂങ്ങിക്കിടന്ന വെള്ളത്തണ്ട്‌ കണ്ടപ്പോള്‍ അത്‌ വേരോടെ പറിക്കാന്‍ തോന്നി......കുറുക്കന്‍,നായ,കീരി തുടങ്ങിയവ നുഴഞ്ഞ്‌ കയറുന്ന ഒരു സ്ഥലം കണ്ടെത്തി ശ്വാസം പോലും വിടാതെ ഇഴഞ്ഞിഴഞ്ഞ്‌ പറമ്പില്‍ കയറി.ഹായ്‌....ധാരാളം തുടുത്ത വെള്ളത്തണ്ടുകള്‍....ഏറ്റവും വലിയ ഒന്ന് പറിച്ച്‌ അടുത്തതിന്നായി തിരയുമ്പോളാണ്‌ രാമേട്ടന്റെ പട്ടി ഓടി വരുന്നത്‌ കണ്ടത്‌.ഒറ്റക്കുതിപ്പ്‌.മുന്നില്‍ മുള്ളുവേലി ഉണ്ടായിരുന്നത്‌ അറിഞ്ഞതേയില്ല.അബു അപ്പുറം പട്ടി ഇപ്പുറം.കുറെ ദൂരം ഓടിയപ്പോളാണ്‌ കാലിലൂടെ എന്തോ ഒലിക്കുന്നതായി തോന്നിയത്‌.ചന്തിയില്‍ മുള്ള്‌ കോറി ചോര ഒലിക്കുന്നത്‌ അപ്പോളാണ്‌ കണ്ടത്‌.സാരമില്ല...സൈനബക്ക്‌ വേണ്ടിയല്ലേ....പക്ഷേ ആ കള്ളബലാല്‍ കോമു ആ വെള്ളത്തണ്ട്‌ തട്ടിപ്പറിച്ചപ്പോള്‍ ഖല്‍ബിന്റെ കഷ്ണം പോയത്‌ പോലെ തോന്നി.അന്ന് ഓത്തുപള്ളിയില്‍ നിന്ന് മടങ്ങി വന്നപ്പോളാണ്‌ ഉമ്മ നെല്ലിക്ക ഉപ്പിലിടുന്നത്‌ കണ്ടത്‌.ഇനി നെല്ലിക്ക പാകമാകട്ടെ,സൈനബക്ക്‌ രണ്ടെണ്ണം കൊണ്ടുകൊടുക്കണം.പക്ഷെ അത്‌ അര്‍മാന്‍ മോല്യാരും കശപിശയാക്കി.അബു കഴിഞ്ഞ കഥകള്‍ അയവിറക്കി. ആയിടക്കാണ്‌ അബുവിന്റെ എളാപ്പ കോയാമു ഗള്‍ഫില്‍ നിന്ന് വന്നത്‌.എളാപ്പയുടെ വക അബുവിന്‌ നല്ലൊരു സമ്മാനമുണ്ടായിരുന്നു.അബു അത്‌ തിരിച്ചും മറിച്ചും നോക്കി. "എത്താ അബോ ജ്ജ്‌ കുര്‍ക്കന്‌ ആമ ക്ട്ട്‌യ മാതിരി ങനെ നോക്‌ക്‍ണാ..."ഉമ്മ അബുവിനോട്‌ ചോദിച്ചു. "ഇമ്മാ....ഇത്‌ ആപ്പ തെന്നതാ .....ഞെക്ക്യാ ചീറ്റ്‌ണ ശെന്റ്‌...." പിറ്റേ ദിവസം ഓത്തുപള്ളിയില്‍ പോകുമ്പോള്‍ ഉമ്മ കാണാതെ അബു ആ കുപ്പിയും കീശയിലിട്ടു.'ഓത്തുപള്ളിയിലെ എല്ലാര്‍ക്കും കാണിച്ച്‌ കൊടുക്കണം.സൈനബക്ക്‌ തൊട്ട്‌ നോക്കാനും കൊടുക്കണം.'അബു മനസ്സില്‍ കരുതി. അന്ന് അബു നേരത്തെ ഓത്തുപള്ളിയില്‍ എത്തി.ഭാഗ്യം...അര്‍മാന്‍ മോല്യാര്‍ എത്തിയിട്ടില്ല. "ബഡ്ക്കൂസുകളേ....ബഡ്ക്കൂസികളേ...." അബു ഗമയില്‍ ഞെളിഞ്ഞ്‌ നിന്ന് എല്ലാവരെയും വിളിച്ചു. "ഇന്റെ കീസേലെ സാനം കാണണെങ്കി ഒരു കോല്‌...സൈനബക്ക്‌ മാത്തിരം ഫ്‌രീ!!!" അബുവിന്റെ കീശയിലെ സാധനം കാണാന്‍ അബ്ദുവും ഐദറും കോമുവും കാദറും കൈസുവും പാത്തുവും സൈനബയും എല്ലാം തിക്കി തിരക്കി വന്നു. "തിക്കണ്ട തിക്കണ്ടാ..എല്ലാരും ബെരിബെരിക്ക്‌ നിന്നോളി..." "എടീ.....അന്റേമ്മന്ന് ഒര്‌ കോല്‌ന്റെ കസ്‌ണം ഇച്ചും തെരോ..." പാത്തുവിനോട്‌ അയ്ഷു ചോദിച്ചു. "ആരും കോല്‌ പൊട്ടിച്ചര്‌ത്‌...പൊട്ടിച്ച കോല്‌ ഇട്ക്കൂല..."അബുവിന്റെ അടുത്ത കല്‍പന വന്നു. "അബോ..... അയ്ദറു ബെടെ കൊള്ളി തീര്‌ണ്‌..." വരിയില്‍ തിരക്കി കയറാന്‍ ശ്രമിച്ച ഐദറിനെ തള്ളിമാറ്റിക്കൊണ്ട്‌ കാദര്‍ പറഞ്ഞു. " ആങ്കൂസമ്മാര്‌ ഒര്‌ ബെരി...പെങ്കൂസമ്മാര്‌ ബേറെ ബെരി..."അബു നിര്‍ദ്ദേശിച്ചു. " കോല്‌ന്‌ ബെല്‍പം എത്തര മാണം ?" കൈസു അബുവിനോട്‌ ചോദിച്ചു. "പെങ്കൂസമ്മാര്‌ ബെരീല്‌ ഏറ്റം മുന്ന്ല്‌ സൈനബ ബെരട്ടെ..."അബു നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്‌ കൊണ്ടിരുന്നു. "അര്‍മാന്‍ മോല്യാര്‍ ....!!!"പെട്ടെന്നാരോ വിളിച്ച്‌ പറഞ്ഞു.വാണം വിട്ട പോലെ അബു മൂത്രപ്പുരയിലേക്കും മറ്റുള്ളവര്‍ ക്ലാസ്സിലേക്കും ഓടി മറഞ്ഞു. *********************************** കോല്‌: സ്ലേറ്റ്‌ പെന്‍സില്‍ കഷ്ണം.

Monday, October 23, 2006

മരുഭൂമിയിലൂടെ ഒരു അന്ത്യയാത്ര!!!

"എങ്ങോട്ടാ നമ്മുടെ ഈ യാത്ര?"

 "പുതിയൊരു വാസസ്ഥലത്തേക്ക്‌" "എത്ര ദിവസം ഇങ്ങനെ അലയേണ്ടി വരും?"

 "നമ്മെ ആരും കണ്ടെത്തിയില്ലെങ്കില്‍ ഒരു ദിവസം"

 "ആരെങ്കിലും കണ്ടാല്‍?"

 "കണ്ടാല്‍ നമ്മുടെ പുതിയ വാസസ്ഥലത്തെത്തില്ല"

 അവര്‍ യാത്ര തുടര്‍ന്നു.ഇടക്ക്‌ അടുത്ത ചോദ്യം ഉയര്‍ന്നു. "ഇതിനെയാണോ മരുഭൂമി എന്ന് പറയുന്നത്‌?"

 "ജന്തുവാസമില്ലാത്ത സ്ഥലമാണ്‌ മരുഭൂമി"

 "ഇവിടെ എങ്ങും ജന്തുവാസമില്ലല്ലോ?"

 "ഇല്ല എന്ന് തോന്നുന്നു"

"അപ്പോള്‍ ഇത്‌ തന്നെ മരുഭൂമി"

 "പക്ഷേ...."

 "എന്താ?"

 " മരുഭൂമിയാണെങ്കിലും ഒരു മരുപ്പച്ച കാണേണ്ടതാണ്‌"

 "മരുപ്പച്ച എന്നാല്‍ എന്താ?"

 "നാം അന്വേഷിക്കുന്ന നമ്മുടെ പുതിയ വാസസ്ഥലം" അവര്‍ യാത്ര തുടര്‍ന്നു.

"അയ്യോ....ഇനി വയ്യ...എനിക്ക്‌ ദാഹിക്കുന്നു..."

"നമുക്കിവിടെ ഒന്ന് കുഴിച്ച്‌ നോക്കാം....ദാഹം തീര്‍ക്കാന്‍ വല്ലതും കിട്ടുമോ എന്ന്"

പെട്ടെന്നാണ്‌ എന്റെ സമൃദ്ധമായ കഷണ്ടിയുടെ നടുവില്‍ സൂചി കുത്തുന്ന പോലെ ചെറിയൊരു വേദന.ഞാന്‍ കൈ കൊണ്ട്‌ തപ്പിപ്പിടിച്ചു-ഒരു തള്ളപ്പേനും ഒരു കുട്ടിപ്പേനും!!!രണ്ട്‌ പേരെയും കാലപുരിയിലേക്ക്‌ അയച്ച്‌ ഞാന്‍ വീണ്ടും എന്റെ ജോലിയില്‍ മുഴുകി.

Thursday, October 19, 2006

ആത്മാക്കള്‍ വോട്ട്‌ ചെയ്യുന്ന സ്ഥലം..!!!

"ചാണകക്കുണ്ട്‌ പഞ്ചായത്തിലെ ബൂത്ത്‌ നംബര്‍ 13-ലെ പ്രിസൈഡിംഗ്‌ ഓഫീസര്‍ ലംബോധരന്‍ ഇത്‌ വരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല...പരിസരത്ത്‌ എവിടെ എങ്കിലും അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്നുണ്ടെങ്കില്‍ ഉടന്‍ കൗണ്ടറില്‍ എത്തി സാധനങ്ങള്‍ ഏറ്റുവാങ്ങേണ്ടതാണ്‌...." മൈക്കില്‍ നിന്നുള്ള കര്‍ണ്ണകഠോര ശബ്ദം കേട്ടുകൊണ്ടാണ്‌ ലംബോധരന്‍ മാസ്റ്റര്‍ പോളിങ്ങ്‌സാമഗ്രി വിതരണ കേന്ദ്രത്തില്‍ എത്തിയത്‌.സഹ പോളിംഗ്‌ ആപ്പീസര്‍മാരെല്ലാം നേരത്തെ ഹാജരായിരുന്നതിനാല്‍ ലംബോധരന്‍ മാഷും പരിവാരങ്ങളും സാമഗ്രികളെല്ലാം മൊത്തമായി ഏറ്റുവാങ്ങി.തടസ്സമില്ലാത്ത സൂര്യധാര കഷണ്ടിത്തലയില്‍ ഏറ്റുവാങ്ങിക്കൊണ്ട്‌ സാമഗ്രികളെല്ലാം പറഞ്ഞതിലും കുറവാണെന്ന് ഒന്ന് കൂടി ഉറപ്പ്‌ വരുത്തിയ ശേഷം വണ്ടിക്കടുത്തേക്ക്‌ നീങ്ങി.

* * * * * * * * * * * * "

ഇതാണ്‌ നിങ്ങള്‍ക്കനുവദിച്ച ബൂത്ത്‌.ആവശ്യമായ അസൗകര്യങ്ങളെല്ലാം ചെയ്യാന്‍ കഴിയുന്നത്‌ പോലെ ശ്രദ്ധിച്ചിട്ടുണ്ട്‌....ഇനി താങ്കളും പരിവാരങ്ങളും രണ്ട്‌ ദിവസത്തെ നരകയാതന അനുഭവിച്ച്‌കൊള്ളുക" എന്ന് റൂട്ട്‌ ഓഫീസര്‍ പറഞ്ഞില്ലെങ്കിലും പറഞ്ഞതായി തോന്നി.കടവാവലുകളും പ്രാവുകളും നരിച്ചീറുകളും കൂട്‌കൂട്ടിയ ഇടിഞ്ഞ്‌വീഴാറായ ഒരു ലൈബ്രറി കെട്ടിടം....ആള്‍പെരുമാറ്റം ഇല്ലാത്തതിനാല്‍ മനുഷ്യജന്യ വൃത്തികേടുകള്‍ മാത്രം ഇല്ല...ഭാര്‍ഗവീനിലയത്തിന്റെ മറ്റൊരു പതിപ്പ്‌ തന്നെ. പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനാവശ്യമായ ഇടം തേടി നടക്കുമ്പോളാണ്‌ ഒരശരീരി കേട്ടത്‌... "സമൃദ്ധമായ ഈ കാട്ടില്‍ പ്രകൃതിയുടെ വിളിക്ക്‌ ഉത്തരം നല്‍കാന്‍ സ്വാഗതം...!!!"

 * * * * * * * * * * * * *

 സമയം രാത്രി.ലംബോധരന്‍ മാഷും പരിവാരങ്ങളും പോളിംഗ്‌ ബൂത്ത്‌ ഒരുക്കുന്ന തിരക്കിലാണ്‌.അപ്പോഴാണ്‌ മൂന്ന് പേര്‍ ബൂത്തിലേക്ക്‌ കയറിവന്നത്‌.

"ഞങ്ങള്‍ .....സ്ഥാനാര്‍തിയുടെ പോളിങ്ങ്‌ഏജന്റ്‌മാരാണ്‌....ഒട്ടേറെ പരേതവോട്ടര്‍മാര്‍ ഉള്ള ബൂത്താണിത്‌...സ്വര്‍ഗ്ഗം പൂകിയ വോട്ടര്‍മാരുടെ ലിസ്റ്റ്‌ ഇതാ....സാറിന്‌ ഒരു റഫറന്‍സിന്‌...!!!!"

"ങേ...!!!ആത്മാക്കളും വോട്ട്‌ ചെയ്യാന്‍ വരികയോ...??"ലംബോധരന്‍ മാസ്റ്ററുടെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി.

"ങാ..അത്‌ നിങ്ങള്‍ തന്നെ വച്ചോളൂ....പരേതന്മാര്‍ വരുമ്പോള്‍ ഒന്നറിയിച്ചേക്കണം..."

അല്‍പം കഴിഞ്ഞ്‌ മറ്റൊരു സംഘം വന്നു.അവരില്‍ നേതാവ്‌ എന്ന് തോന്നിക്കുന്ന ആള്‍ പറഞ്ഞു.
"ഞാന്‍ ഈ വാര്‍ഡിലെ സ്ഥാനാര്‍ഥി - C.K കശ്മലന്‍...ഇതെന്റെ സഹായികള്‍..സാറന്മാരെയെല്ലാം ഒന്ന് വെറുതെ കാണാന്‍ വന്നതാ...വിശദമായി നാളെ സംസാരിക്കാം...വരട്ടെ.."

 "ശ്ശൊ..പേര്‌ പോലെ തന്നെ ഒരു കശ്മലന്‍. "ശ്വാസം നേരെവിട്ടുകൊണ്ട്‌ മാഷ്‌ മന്ത്രിച്ചു.

കുറച്ച്‌ കഴിഞ്ഞ്‌ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ വന്നു.

"സാര്‍...വാതിലും ജനലുമെല്ലാം ഭദ്രമായി കുറ്റിയിട്ട്‌ കിടക്കണം..ബൂത്ത്‌ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യറിപ്പോര്‍ട്ടുണ്ട്‌..രാത്രി എന്ത്‌ സംഭവിച്ചാലും ഞങ്ങളെ ശല്ല്യം ചെയ്തേക്കരുത്‌...ഗുഡ്‌ നൈറ്റ്‌..."

 * * * * * * * * * * *

പോളിംഗ്‌ ദിനം...വോട്ടര്‍മാര്‍ ബൂത്തിന്‌ മുന്നില്‍ അണിനിരന്നു.ലംബോധരന്‍ മാഷ്‌ വെറുതേ ഒന്ന് പുറത്തേക്ക്‌ നോക്കി..
 "കശ്മലനും സംഘവും പുറത്തുണ്ട്‌...പരേതരുടെ ലിസ്റ്റുമായി ഒരു സംഘം അകത്തും....ബൂത്ത്‌ പിടുത്തക്കാര്‍ വല്ലതും...." മാസ്റ്ററുടെ ചിന്ത കാടുകയറാന്‍ തുടങ്ങി.

 "24. പാറ്റ..." ഒന്നാം പോളിംഗ്‌ ഓഫീസര്‍ ഉച്ചത്തില്‍ വിളിച്ചു.

"ങേ...!!" ലംബോധരന്‍ മാസ്റ്റര്‍ ആദ്യത്തെ ഞെട്ടല്‍ രേഖപ്പെടുത്തി.പിന്നാലെ പരേതരുടെ ലിസ്റ്റുമായി ഒരുവന്‍ എണീറ്റ്‌ നിന്നു.

"സാര്‍...ഈ പാറ്റ മരിച്ച്‌പോയിരിക്കുന്നു!!!"

"ങേ...!!" ലംബോധരന്‍ മാസ്റ്റര്‍ വീണ്ടും ഞെട്ടി. 'ആത്മാക്കള്‍ വോട്ട്‌ ചെയ്യാന്‍ വന്ന് തുടങ്ങി" ലംബോധരന്‍ മാസ്റ്റര്‍ ആത്മഗതം ചെയ്തു.

"സാര്‍...ഇവരെ വോട്ട്‌ ചെയ്യാന്‍ അനുവദിക്കരുത്‌...ഈ പാറ്റയല്ല ആ പാറ്റ..."

"അവരെ വോട്ട്‌ ചെയ്യാന്‍ അനുവദിക്കണം...അവരുടെ പേര്‍ പാറ്റ തന്നെയാണ്‌..."

"പറ്റില്ല...ഇവര്‍ കള്ളവോട്ട്‌ ചെയ്യാന്‍ വന്നതാണ്‌....ഇവരെ അറസ്റ്റ്‌ ചെയ്യണം..."ബൂത്ത്‌ ശബ്ദമുഖരിതമാകാന്‍ തുടങ്ങിയതോടെ ലംബോധരന്‍ മാസ്റ്റര്‍ പാറ്റയെ അടുത്തേക്ക്‌ വിളിച്ചു.

"ഭര്‍ത്താവിന്റെ പേരെന്താ?"

 "മുതല"

 "ങേ....!!!"ലംബോധരന്‍ മാസ്റ്റര്‍ വീണ്ടും വീണ്ടും ഞെട്ടി.

 "ശരി ശരി.....അച്ചന്റെ പേരെന്താ?"

 "കരിമൂര്‍ഖന്‍.."

"ദൈവമേ....!! കാക്കണേ...!!!!.വെള്ളം...വെള്ളം...."
 'പ്ധിം..'ലംബോധരന്‍ മാസ്റ്റര്‍ മറിഞ്ഞ്‌ വീണു.ബോധം തിരിച്ച്‌ കിട്ടുമ്പോള്‍ ലംബോധരന്‍ മാസ്റ്റര്‍ ചാണകക്കുണ്ടില്‍ നിന്നും തിരിച്ച്‌ കയറിയിരുന്നു.

 * * * * * * * * * *

Thursday, October 12, 2006

സൈനബക്കുള്ള നെല്ലിക്കകള്‍.

"ജ്ജ്‌ യൗടെ കുത്തിര്‌ക്കാട ബലാലെ.....ഈ ചായന്റെ ബള്ളം ബേം ബല്‍ച്ച്‌ കുടിച്ച്‌ മണ്ടിക്കോ....നേരംത്ര ആയീന്നറ്യോ അന്‍ക്ക്‌...." ഉമ്മയുടെ വിളി കേട്ട്‌ അബു ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. "ഇമ്മാ....പ്പം ബരാം...." "ബലാലെ...ഇന്നന്‍ക്ക്‌ ഓത്തള്ളീല്‍ പോണ്ടേ ....അര്‍മാന്‍ മോല്യാര്‍ അന്നേം കാത്ത്‌ ന്‌ക്‌ക്‍ണ്‌ണ്ടാകും...ബേം ബന്നാ...." അബു അപ്പോഴും ചിന്തയിലായിരുന്നു. 'ഉമ്മ കഴിഞ്ഞ ആഴ്ച തയ്യാറാക്കിയ ഉപ്പിലിട്ട നെല്ലിക്കയില്‍ നിന്ന് നാലെണ്ണം എടുത്ത്‌ ഓത്തുപള്ളിയില്‍ കൊണ്ടുപോകണം...അതില്‍ രണ്ടെണ്ണം സൈനബാക്ക്‌ കൊടുക്കണം.ഒന്ന് എനിക്കും.പിന്നെ ഒന്ന് സൈനബാന്റെ ക്ലാസ്സിലെ കോമുവിനും.കഴിഞ്ഞ ആഴ്ച സൈനബക്കായി കൊണ്ടുപോയ മുഴുത്തൊരു വെള്ളത്തണ്ട്‌ ആ കള്ളക്കോമു പറ്റിച്ചു.ഇപ്രാവശ്യം അവന്‍ ഒന്ന് പറ്റിച്ചാലും ബാക്കി രണ്ടെണ്ണം സൈനബാക്ക്‌ കൊടുക്കാം...പക്ഷെ ഉമ്മയെ കാണാതെ നെല്ലിക്ക എങ്ങനെ എടുക്കും?' "ഒന്ന്ങ്ങട്ട്‌ ബാടാ ഹിമാറേ.." ഉമ്മ വീണ്ടും അബുവിനെ വിളിക്കാന്‍ തുടങ്ങി. "ഇമ്മാ....ഞമ്മളെ നിസ്കാരപ്പായീല്‌...." "നിസ്കാരപ്പായീല്‌ ജ്ജ്‌ മുള്ള്യോ?" "അല്ലമ്മാ....നിസ്കാരപ്പായീല്‌...." നമസ്കാരപ്പായയില്‍ എന്താണെന്നറിയാന്‍ ഉമ്മ വരുന്നത്‌ കണ്ട അബു മറുഭാഗത്തുകൂടെ അടുക്കളയിലേക്കോടി.ഉമ്മ നമസ്കാരപ്പായ തിരിച്ചും മറിച്ചും നോക്കി. "നിസ്കാരപ്പായീല്‌ എന്താ ജ്ജ്‌ കണ്ടേ?" നാല്‌ നെല്ലിക്ക ട്രൗസറിന്റെ കീശയിലേക്ക്‌ തിരുകുന്നതിന്നിടയില്‍ അബു വിളിച്ച്‌ പറഞ്ഞു..."ഒരു ചോണനുറുമ്പ്‌.....ഇമ്മാ...ഞാന്‍ പോകാ....അസ്സലാമലൈക്കും...." "ഫ..ബലാലെ...വലൈക്കുമുസ്സലാം...." സൈനബക്ക്‌ നെല്ലിക്ക കൊടുക്കുന്നതും അവള്‍ അത്‌ കടിച്ച്‌ തിന്നുന്നതും നാളെയും രണ്ടെണ്ണം കൊണ്ടുവരണം എന്ന് പറയുന്നതും ആലോചിച്ച്‌കൊണ്ട്‌ അബു ഓത്തുപള്ളിയിലേക്ക്‌ ഓടി.അര്‍മാന്‍ മോല്യാര്‍ ഓത്തുപള്ളിയുടെ വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്നത്‌ കണ്ട അബു ഒന്ന് ഞെട്ടി. 'സൈനബാക്ക്‌ നെല്ലിക്ക കൊടുക്കുന്നത്‌ അര്‍മാന്‍ മോല്യാരെങ്ങാനും കണ്ടാല്‍...!!'..."ബദ്‌രീങ്ങളെ..."അബു മനസ്സില്‍ വിളിച്ച്‌പോയി. ".അസ്സലാമലൈക്കും....."അബു അര്‍മാന്‍ മോല്യാര്‍ക്ക്‌ സലാം ചൊല്ലി. "വലൈക്കും..."ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ അബു ക്ലാസ്സിലേക്ക്‌ ഓടി.ഓട്ടത്തിനിടയില്‍ അടുത്ത ക്ലാസ്സിലെ അവസാനത്തെ ബെഞ്ചിന്റെ അറ്റത്തേക്ക്‌ നോക്കാന്‍ മറന്നില്ല..! 'ആ...സൈനബ വന്നിട്ടുണ്ട്‌..'അബു മനസ്സില്‍ പറഞ്ഞു. അര്‍മാന്‍ മോല്യാര്‍ ഓരോ ക്ലാസ്സിലും ഖുര്‍ആന്‍ ഓതാന്‍ കൊടുത്ത്‌ അബുവിന്റെ ക്ലാസ്സില്‍ വന്നിരുന്നു.അര്‍മാന്‍ മോല്യാരുടെ കയ്യിലെ വടി കണ്ടപ്പോള്‍ അബു മനസ്സില്‍ വീണ്ടും വിളിച്ചു..."മംബ്രത്തെ തങ്ങളേ..." അര്‍മാന്‍ മോല്യാര്‍ ഓതാന്‍ തുടങ്ങി.."ബിസ്മില്ലാഹി റഹ്മാനിറഹീം...അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍....അര്‍റഹ്മാനി...." "ഔ" പെട്ടെന്നാണ്‌ അബു അലറിയത്‌.നെല്ലിക്കയുടെ കൂടെ കീശയിലെത്തിയ മുളക്‍വെള്ളം അബുവിന്‌ എരിച്ചിലുണ്ടാക്കിത്തുടങ്ങിയിരുന്നു. "ഏത്‌ പോത്താടാ അലറ്യേത്‌?"അര്‍മാന്‍ മോല്യാരുടെ കനത്ത ശബ്ദം കേട്ട്‌ അബു താനെ എണീറ്റ്‌ നിന്നു. "അബു പോത്ത്‌" "ആ...എത്താ കൊയപ്പം?" "എത്തുംല്ലാ...."അബു പറഞ്ഞു. "പിന്നെത്ത്‌നാടാ ഹമുക്കെ ജ്ജ്‌ അലറ്യേത്‌?" "മിസ്‌റ്‌ കട്ച്ചി..." മോല്യാര്‍ നെല്ലിക്ക കണ്ടാലുള്ള സ്ഥിതിയോര്‍ത്ത്‌ അബു ഒരു നുണ പറഞ്ഞു. "യൗടാടാ കട്ച്ചത്‌?" അബു പ്രതീക്ഷിക്കാതെ അര്‍മാന്‍ മോല്യാരുടെ അടുത്ത ചോദ്യം വന്നു. "അത്‌...അത്‌...പറ്യാന്‍ ഇച്ച്‌ മട്യാ....." "ആ...അപ്പം അന്റെ കാല്‍സറായിന്റെ കീസേല്‌ മിസ്‌റിന്‌ തിന്നാനുള്ള സാനംണ്ട്‌......ഇങ്ങട്ട്‌ ബാടാ....നോക്കട്ടെ...." അബു ഞെട്ടിപ്പോയി.' നെല്ലിക്ക അര്‍മാന്‍ മോല്യാരും മറ്റെല്ലാ കുട്ടികളും കാണും...ആര്‍ക്കാന്ന് ചോദിച്ചാല്‍....???' വിറച്ചുവിറച്ച്‌ അബു അര്‍മാന്‍ മോല്യാരുടെ അടുത്തെത്തി.അര്‍മാന്‍ മോല്യാര്‍ അബുവിന്റെ കീശയില്‍ കയ്യിട്ടു നോക്കി.കീശ നനഞ്ഞ്‌ കുതിര്‍ന്നിരുന്നു.അബു നല്ല ഒരു അടിയും പ്രതീക്ഷിച്ച്‌ നിന്നു. "കള്ളഹമുക്കേ....ടൗസറില്‍ മുള്ള്യാല്‍ ചൊറീംന്ന് അനക്ക്‌ തിരീല്ലെ...ഹിമാറെ....പോയി നല്ലോണം കെയ്കി ബാ...." വിധി കേട്ടതും അബു മൂത്രപ്പുരയിലേക്കോടി.മൂത്രപ്പുരയിലെത്തി കീശ ശരിക്കും ഒന്ന് തപ്പിനോക്കി.നെല്ലിക്ക കാണാനില്ല!ഓത്തുപള്ളിയിലേക്കുള്ള ഓട്ടത്തിനിടയില്‍ അവ വീണുപോയത്‌ അബു അറിഞ്ഞിരുന്നില്ല.

Thursday, October 05, 2006

ആശാന്റെ നെഞ്ചത്ത്‌ അല്ലെങ്കില്‍ കളരിക്ക്‌ പുറത്ത്‌.....

സ്ഥലത്തെ പ്രധാന സര്‍ക്കാര്‍ വിദ്യാലയത്തിലെ മൂന്നാം ക്ലാസ്സ്‌ ക്ലാസ്സ്‌ മാസ്റ്ററാണ്‌ വീരാപ്പു മാസ്റ്റര്‍.വന്നതും വരുന്നതും വരാനുള്ളതുമായ ഡി എ, ടി.എ , എം എ ,ബി എ (?) അലവ(ലാതിയ)ന്‍സുകളെപ്പറ്റി ഗുണന - ഹരണ - മരണ ക്രിയകള്‍ നടത്തലാണ്‌ മാസ്റ്ററുടെ പ്രധാന ഹോബി.

പതിവ്‌ പോലെ അന്നും വീരാപ്പു മാസ്റ്റര്‍ തന്റെ പ്രിയപ്പെട്ട ക്ലാസ്സിലേക്ക്‌ മന്ദം മന്ദം അടി വച്ചു.എല്ലാവരും ആദരപൂര്‍വ്വം എണീറ്റ്‌ നിന്നു കൊണ്ട്‌ വീരാപ്പു മാസ്റ്റര്‍ക്ക്‌ നമസ്കാരം ചൊല്ലി.ഹാജര്‍ വിളിയും ബേജാര്‍ വിളിയും കഴിഞ്ഞ്‌ വീരാപ്പു മാസ്റ്റര്‍ പാഠഭാഗത്തേക്ക്‌ കടന്നു.

"ഇന്ന് നമുക്ക്‌ മഹാഭാരത യുദ്ധത്തെപ്പറ്റി പഠിക്കാം..."വീരാപ്പു മാസ്റ്റര്‍ പറഞ്ഞു.

 "മഹാഭാരത യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?മണിമണ്ടന്‍ കുട്ടിപറയൂ"

 "ഇന്ത്യയും പാകിസ്ഥാനും തമ്മില്‍" മണിമണ്ടന്‍ കുട്ടി ചാടി എണീറ്റ്‌ പറഞ്ഞു.

 "ബെല്‍ ഫൂള്‍!(മണിമണ്ടന്‍ !!) ..ഇരിക്ക്‌...മാത്യൂസ്‌ പറയൂ" വീരാപ്പു മാസ്റ്റര്‍ അടുത്ത കുട്ടിയുടെ നേരെ തിരിഞ്ഞു.

"അമേരിക്കയും ഇറാഖും തമ്മില്‍"...മാത്യൂസ്‌ തനിക്കറിയുന്ന യുദ്ധത്തെപ്പറ്റി പറഞ്ഞു.

"വണ്ടര്‍ഫൂള്‍!! മമ്മോക്കര്‍ പറയൂ..."

"കരുണാകരനും ആന്റന്‍ണിയും തമ്മില്‍" മമ്മോക്കറിന്റെ മറുപടി പെട്ടെന്നായിരുന്നു.

"ബ്യൂട്ടിഫൂള്‍...ഉത്തരം ശരിയാണ്‌....മമ്മോക്കറിന്‌ 916 പോയിന്റ്‌!!"വീരാപ്പു മാസ്റ്റര്‍ പ്രഖ്യാപിച്ചു.

"സര്‍,ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ പറഞ്ഞില്ല..."ഏതോ ഒരുത്തന്‍ ക്രമപ്രശ്‌നമുന്നയിച്ചു.

'അല്ലെങ്കിലും ഈ ഡീപിയീപീ എന്നാല്‍ ആളെ കുപ്പീലാക്കി പീഢിപ്പിക്കുന്ന സാധനമാ....മഹാഭാരത യുദ്ധത്തെപ്പറ്റി പറയുമ്പോളാ അവന്റെ കുന്ത്രാണ്ടം പിടിച്ച പ്രധാന വാര്‍ത്ത.." വീരാപ്പു മാസ്റ്റര്‍ ആത്മഗതം ചെയ്തു.

 "ങാ...കുഞ്ചു ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വായിക്കൂ...." വീരാപ്പു മാസ്റ്റര്‍ പറഞ്ഞു.വാര്‍ത്തകള്‍ വായിക്കാനായി കുഞ്ചു എഴുന്നേറ്റ്‌ നിന്നു.

"ആകാശവാണി ....... വാര്‍ത്തകള്‍ വായിക്കുന്നത്‌ മൊട്ടത്തലയന്‍ കുഞ്ചു ....സംസ്ഥാന നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ഏറ്റവും നല്ല നാടകം "ആശാന്റെ നെഞ്ചത്ത്‌ അല്ലെങ്കില്‍ കളരിക്ക്‌ പുറത്ത്‌"....മികച്ച നടി....ശോഭനാദേവി....ഏറ്റവും നല്ല ഹാസ്യനടന്‍....കോ...കോ..."

"എന്താടൊ കോഴി കൂവുന്നത്‌ പോലെ..." വീരാപ്പു മാസ്റ്റര്‍ ചോദിച്ചു.

"ഏറ്റവും നല്ല ഹാസ്യനടന്‍....കോടോരത്ത്‌ ഗോപാലന്‍......"

 "ങേ!!!"വീരാപ്പു മാസ്റ്റര്‍ ഞെട്ടി.

"ഏറ്റവും നല്ല നാടകം സംവിധാനം ചെയ്തത്‌ ആരാ.?"ഏതോ ഒരുത്തന്റെ ചോദ്യം.

"ഡീലര്‍...കെ.....കെ.കെ.കരുണാകരന്‍..." മമ്മോക്കറിന്റെ ഉത്തരം പെട്ടെന്നായിരുന്നു.

 "വെരി ഗുഡ്‌.... മമ്മോക്കര്‍ ഔര്‍ എക്‌ ചക്കാമാര....!!!"വീരാപ്പു മാസ്റ്റര്‍ വീണ്ടും പ്രഖ്യാപിച്ചു. അപ്പൊഴേക്കും പിരീഡ്‌ ബെല്‍ മുഴങ്ങി.ഡിപ്പീപ്പികളുടെ ബഹളത്തില്‍ നിന്ന് വീരാപ്പു മാഷ്‌ മെല്ലെ തലയൂരി.

 * * * * * * * * * * * * * *

Sunday, October 01, 2006

കൊലക്ട്രോണിക്‌ മീറ്റര്‍

റിട്ടയര്‍മന്റ്‌ ജീവിതത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിലാണ്‌ അവറാന്‍ മാസ്റ്റര്‍.പ്രായത്തിന്റെ വെല്ലുവിളികള്‍ക്ക്‌ മറുപടി നല്‍കാന്‍ കഴിയാതെ മാസ്റ്ററുടെ ചെവിയും കുറേശെയായി കണ്ണും പിന്നെ കൈകാലുകളും പണിമുടക്ക്‌ നോട്ടീസ്‌ നല്‍കിത്തുടങ്ങിയിട്ടുണ്ട്‌.എങ്കിലും തന്റേതായ കാര്യങ്ങള്‍ താന്‍ തന്നെ ചെയ്ത്‌ തീര്‍ക്കണമെന്ന പിടിവാശി ഇപ്പോഴും മാസ്റ്ററെ വിട്ടുപിരിഞ്ഞിട്ടില്ല.പതിവ്‌ പോലെ പത്രവുമായി പുറത്തിരിക്കുമ്പോഴാണ്‌ രണ്ട്‌ പയ്യന്മാര്‍ മാസ്റ്ററുടെ വീട്ടിലേക്ക്‌ കയറി വന്നത്‌.ഒരുവന്റെ കയ്യില്‍ ചെറിയ ഒരു കടലാസ്‌ പെട്ടിയും മറ്റവന്റെ കയ്യില്‍ ഒരു പഴകിയ പ്ലാസ്റ്റിക്ക്‌ ചാക്കും.പഴയ സാധനങ്ങള്‍ പെറുക്കാന്‍ വന്നവരാണെന്ന ധാരണയില്‍ മാസ്റ്റര്‍ രൗദ്രഭാവത്തോടെ പയ്യന്മാരെ ഒന്നുഴിഞ്ഞ്‌ നോക്കി.ശേഷം ഉച്ചത്തില്‍ പറഞ്ഞു. "പഴയ സാധനങ്ങളൊന്നുമില്ല....പോ ...പോ..." "പഴയ സാധനങ്ങള്‍ക്കല്ല.....പഴയ മീറ്റര്‍ എടുക്കാനാ..."പയ്യന്മാര്‍ വരവിന്റെ ഉദ്ദേശം അറിയിച്ചു. "എന്തോ...എന്തെടുക്കാന്‍....?"കേള്‍വി കുറവായതിനാല്‍ മാസ്റ്റര്‍ വീണ്ടും ചോദിച്ചു. "പഴയ മീറ്റര്‍ മാറ്റാനാ.."മാസ്റ്ററുടെ പ്രായം മാനിച്ച്‌ ഒരുവന്‍ വിളിച്ച്‌ കൂകി. "ങേ!!പഴയ മീറ്റര്‍ എടുക്കാനോ?നിങ്ങള്‍ എവിടുന്നാ....?" "KSEB യില്‍ നിന്ന്..." അധികാരഭാവത്തോടെ പയ്യന്‍സ്‌ മൊഴിഞ്ഞു. "എന്ത്‌!?...JCB യില്‍ നിന്നോ..?"എന്തോ കേട്ട മാസ്റ്റര്‍ അല്‍ഭുതം കൂറി. "JCB അല്ല....KSEB...കരണ്ടാപ്പീസ്‌ കാര്‍ണോരെ..." "ങാ....രണ്ടിന്റെയും പണി ഒന്നു തന്നെ...മാന്തല്‍ അല്ലെങ്കില്‍ കരണ്ടല്‍..."ആരോടെന്നില്ലാതെ മാസ്റ്റര്‍ പറഞ്ഞു. "APDRP സ്കീം പ്രകാരം പഴയ..........".പയ്യന്മാരിലൊരാള്‍ വിശദീകരണ പ്രസംഗം ആരംഭിച്ചു. "ങേ...ആ DPEP... KSEB യിലും എത്തിയോ?" "ശ്ശെ....DPEPയല്ല....APDRP...എന്ന് വച്ചാല്‍ ഊര്‍ജ്ജിത......." പയ്യന്മാരിലൊരാള്‍ ഉറക്കെ പറയാന്‍ തുടങ്ങി. "ഓ....ഊര്‍ജ്ജിത കന്നുകാലി പരിപാലനം..."മാസ്റ്റര്‍ മുഴുവനാക്കി. "ങാ.." ശല്യം ഒഴിവാക്കാന്‍ പയ്യന്‍സില്‍ ഒരാള്‍ മൂളി "ഈ സ്കീം പ്രകാരം പഴയ മീറ്ററുകള്‍ മാറ്റി പുതിയ ഇലക്ട്രോണിക്‌ മീറ്ററുകള്‍ ഘടിപ്പിക്കുകയാണ്‌." "ഓഹോ....പഴയതിന്‌ പകരം പുതിയത്‌....സര്‍ക്കാരും തുടങ്ങിയോ എക്സ്ചേഞ്ച്‌ മേള..." "ങാ.....അതു തന്നെ..."പയ്യന്മാര്‍ പെട്ടെന്ന് ജോലി ആരംഭിച്ചു. "എന്നാലും ഇപ്പോഴെങ്കിലും സര്‍ക്കാരിന്‌ തോന്നിയല്ലോ...ഈ ശിലായുഗ മീറ്ററുകള്‍ മാറ്റാന്‍...ഞാനെത്ര തവണ ഓഫീസില്‍ കയറി ഇറങ്ങിയതാ....ഇന്ന്....നാളെ....ആളില്ല....കോളില്ല.... മീറ്ററില്ല....എത്ര എത്ര മറുപടികള്‍..."ഗതകാല സ്മരണകള്‍ അയവിറക്കിക്കൊണ്ട്‌ മാസ്റ്റര്‍ പറഞ്ഞു... "ങാ...എന്നാല്‍ ഞങ്ങള്‍ വരട്ടെ..."പണിപൂര്‍ത്തിയാക്കിയ പയ്യന്‍സ്‌ പറഞ്ഞു. "ശരി മക്കളേ...വീണ്ടും കാണണേ...."മാസ്റ്റര്‍ പയ്യന്മാരെ യാത്രയാക്കി. "ങാ...നാളെ അറ്റാക്കായില്ലെങ്കില്‍ വീണ്ടും കാണാം.!!" പിറ്റേ ദിവസം ഒരു കുട്ടിയുടെ കൗതുകത്തോടെ മാസ്റ്റര്‍ മീറ്ററിനെ വീക്ഷിക്കാനായി നീങ്ങി.മീറ്ററിലെ ലൈറ്റിംഗ്‌ സംവിധാനങ്ങള്‍ മാസ്റ്റര്‍ക്ക്‌ ശ്ശി പിടിച്ചു.അവസാനമാണ്‌ മാസ്റ്റര്‍ മീറ്ററിന്റെ ഡിജിറ്റല്‍ പാനലിലേക്ക്‌ നോക്കിയത്‌. "ങേ..!!!!!"മാസ്റ്റര്‍ ഒന്ന് ഞെട്ടി...കണ്ണട ശരിയാക്കി വീണ്ടും നോക്കി... "റബ്ബുല്‍ ആലമീനായ തമ്പുരാനേ!!!!!!ഒറ്റ ദിവസം കൊണ്ട്‌ ഇരുനൂറ്‌ യൂണിറ്റോ..?????.ഇത്‌ ഇലക്ട്രോണിക്‌ മീറ്ററോ അതോ കൊലക്ട്രോണിക്‌ മീറ്ററോ....???"പിറുപിറുത്തുകൊണ്ട്‌ മാസ്റ്റര്‍ തിരിഞ്ഞ്‌ നടന്നു. ********************************************