വലിയൊരു ഭാരം തലയിൽ നിന്നും ഇറക്കി വച്ചത് പോലെയായിരുന്നു മകളുടെ വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ എണീറ്റപ്പോൾ എനിക്ക് അനുഭവപ്പെട്ടത്. കല്യാണവുമായി ബന്ധപ്പെട്ട് നടത്തിയ സകല മരാമത്ത് പണികളും തൃപ്തികരമായി പൂർത്തിയായതും കല്യാണ പരിപാടികൾ തടസ്സമൊന്നുമില്ലാതെ ഭംഗിയായി സമാപിച്ചതും ആയിരുന്നു ഈ ആശ്വാസത്തിന് കാരണം. അപ്പോഴാണ് ഭാര്യ അടുത്തില്ല എന്ന വിവരം ഞാൻ തിരിച്ചറിഞ്ഞത്. ഉരുണ്ട് മറിഞ്ഞ് താഴെ വീണിട്ടുണ്ടോ എന്നറിയാനായി ഞാൻ ലൈറ്റ് തെളിയിച്ചു. അവിടെയും ഇല്ല! ഞാൻ പതുക്കെ എണീറ്റ് അടുക്കള ഭാഗത്തേക്ക് നടന്നു.
".... വരണം ട്ടോ.." ഭാര്യ ആരോടോ ഫോണിൽ വിളിച്ച് പറയുന്നത് കേട്ടു കൊണ്ടാണ് ഞാൻ അവിടെ എത്തിയത്.
"ങേ!!" ഞാനൊന്ന് ഞെട്ടിപ്പോയി.കഴിഞ്ഞ ഇരുപത് ദിവസമായി രാവിലെ എണീറ്റ് ഇരുപത്തഞ്ചാളെ വീതം അവൾ കല്യാണത്തിന് ക്ഷണിക്കുന്നുണ്ട്. ഒരു ശീലമായി മാറിക്കഴിഞ്ഞതിനാൽ അത് തുടരുകയാണോ എന്നറിയാൻ എനിക്ക് ഉത്കണ്ഠയായി.
"ആരെയാ നീ ഇനിയും കല്യാണത്തിന് ക്ഷണിക്കുന്നത് ?" ഞാൻ ചോദിച്ചു.
"എൻ്റെ ഫ്രണ്ടിനെ..." സംസാരിക്കുന്നതിനിടയിൽ തന്നെ അവൾ പറഞ്ഞു.
"കല്യാണം ഇന്നലെ കഴിഞ്ഞ വിവരം നിനക്ക് അറിയില്ലേ?" ഞാൻ ഒന്ന് ശബ്ദം കൂട്ടി ചോദിച്ചു.
"എന്നാ... ഞാൻ വയ്ക്കട്ടെ ... പിന്നെ വിളിക്കാം.." കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് അവൾ പറഞ്ഞു. ഞാൻ അവളുടെ മറുപടിക്കായി കാത്തു നിന്നു.
"അതേയ്... എൻ്റെ ഫ്രണ്ട്സ് ചിലരെ ഒന്നും കല്യാണത്തിന് കണ്ടില്ല ..."
"അത് എൻ്റെ ഫ്രണ്ട്സും കുറെ പേര് വന്നിട്ടില്ല "
"അല്ല... അവർ മറന്നു പോയി ന്ന് ... "
"ങാ... എൻ്റെ ചില ചങ്ങാതിമാരും അത് തന്നെ പറഞ്ഞു."
"ഓ.. അപ്പോൾ നമ്മുടെ അടുത്ത് തന്നെയാ തെറ്റ് അല്ലേ?"
"എന്ത് തെറ്റ് ?"
"അല്ല... നമ്മൾ അവരെ ഓർമ്മിപ്പിച്ചില്ല.."
"അതിന് ആരൊക്കെ ഡേറ്റ് മറക്കും എന്ന് നിനക്കറിയാമായിരുന്നോ.?"
"ഓ... അത് ശരിയാ.. അങ്ങനെ ഉള്ളവരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കണമായിരുന്നു ...''
"ആര് ?"
"നമ്മൾ തന്നെ ... എന്നിട്ട് കല്യാണത്തലേന്ന് അതിൽ ഒരു റിമൈൻഡർ നൽകണമായിരുന്നു..."
"ഇവിടെ ക്ഷണം തന്നെ മുഴുവനാക്കാൻ സമയമില്ല... പിന്നല്ലേ മറന്നു പോയവരുടെ ഗ്രൂപ്പ് ... അതേയ് ... ആ ഫോണിന് ഇനി ഒരു രണ്ട് ദിവസം റെസ്റ്റ് കൊടുക്ക് ... അതോടെ നിൻ്റെ തലയിലെ ഈ ഓളം വെട്ടൽ നിൽക്കും ..."
മനസ്സില്ലാ മനസ്സോടെ ഫോൺ താഴെ വച്ച് അവൾ അടുക്കളയിലേക്ക് നീങ്ങി.