Pages

Wednesday, April 24, 2013

നരകക്കോഴിയെ ഏറ്റുവാങ്ങുമ്പോൾ.......


               കാട്ടാന നാട്ടിലിറങ്ങിയ വാര്‍ത്ത വായിച്ചാണ് ഏപ്രില്‍ 21 ന്റെ സുപ്രഭാതം തുടങ്ങിയത്. തുഞ്ചന്‍പറമ്പ് മീറ്റിന് കുടുംബ സമേതം പോകാന്‍ തീരുമാനിച്ചതിനാല്‍ ഇടക്കിടെ ഭാര്യയുടേയും കുട്ടികളുടേയും ഡ്രെസ്സിംഗിന്റെ പുരോഗതിയും പത്രവായനക്കിടക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 എട്ടു മണിക്കെങ്കിലും ഇറങ്ങാന്‍ വേണ്ടി ഏഴരക്ക് പോകണം എന്ന്  ഞാന്‍ ഭാര്യയോട് പറഞ്ഞിരുന്നു.ഈ അര മണിക്കൂര്‍ ‘ഇഞ്ചുറി ടൈം‘ കിട്ടും എന്ന് ഇപ്പോള്‍ അവള്‍ക്കും മനസ്സിലായി തുടങ്ങി.

“ദേ....സമയം ഇപ്പോള്‍ തന്നെ എട്ടാവാറായി ട്ടോ....” ഞാന്‍ ഭാര്യയെ വീണ്ടും ഓര്‍മ്മപ്പെടുത്തി.

“ഒമ്പതരക്കല്ലേ തുടങ്ങാ....?” അവളുടെ മറുചോദ്യം എനിക്കങ്ങ് ദഹിച്ചില്ല.

“ഒമ്പതരക്ക് തന്നെയാ....ഈ സാധനം വിട്ട് അങ്ങ് തിരൂര്‍ എത്തണമെങ്കില്‍ സമയം ശ്ശി പിടിക്കും....60 കിലോമീറ്ററിലധികം ദൂരം ഡ്രൈവ് ചെയ്യാനുണ്ട്...”

“ അപ്പോള്‍ ഉപ്പച്ചീ 60 കിലൊമീറ്റര്‍ പെര്‍ ഹവര്‍ സ്പീഡില്‍ പോയാല്‍ തന്നെ,  ഒരു മണിക്കൂര്‍ കൊണ്ട് എത്തുമല്ലോ?” മകള്‍ അവള്‍ പഠിച്ച ഫിസിക്സും മാത്‌സും ഒക്കെ പ്രയോഗിക്കാന്‍ തുടങ്ങി.

“:ങാ....അതിന് രാജവീഥി വേണം മോളേ.....നമ്മുടെ ഈ കുണ്ടനെടായി റോഡുകള്‍ പറ്റൂലാ...”

“ങ്ങള്‍ എന്തൊരുപ്പച്ച്യാ....സ്പീഡില് കാറ് വിടാനും കഴിയൂലാ....”

“മോളേ...ഇതെന്നെ ഉപ്പച്ചിക്ക് ഒത്തിട്ടല്ല....വേഗം എറങ്ങാന്‍ നോക്ക്....”

അല്പസമയത്തിനകം ഭാര്യയും കുട്ടികളും റെഡിയായി ഇറങ്ങി.കാറില്‍ കയറിയതും ഞാന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി, ഗിയര്‍ മാറ്റി , ആക്സിലേറ്ററില്‍ ചവിട്ടി...

 “ഉപ്പച്ച്യേ....ആ ഗേറ്റ് പുതിയതാട്ടോ...” അളിയന്റെ വീടിന്റെ മുന്നിലെ ഗേറ്റ് കാണിച്ചുകൊണ്ട് മോള്‍ പറഞ്ഞപ്പോള്‍ ഞാന്‍ കാല് ബ്രേക്കിലേക്ക് മാറ്റിച്ചവിട്ടി.വണ്ടി ഗേറ്റും കടന്ന് മെയിന്‍ റോഡില്‍ എത്തി,

“ഇന്ന് ‘നരകക്കോഴി’ ഇറങ്ങുന്നുണ്ട്...”ഞാന്‍ തുഞ്ചന്‍പറമ്പ് വിശേഷം തുടങ്ങി.

“നരകക്കോഴിയോ? അതെന്താ?” ഭാര്യയുടെ ചോദ്യം.

“അങ്ങനെ ഒരു സിനിമയെപറ്റി ഞങ്ങളും എവിടേയും വായിച്ചില്ലല്ലോ...” ഇറങ്ങുന്നു എന്ന് പറയുന്നതെല്ലാം സിനിമയോ സീഡിയോ ആണെന്ന് തെറ്റിദ്ധരിച്ച പുതുതലമുറയിലെ മകള്‍ പറഞ്ഞു.

“;നരകക്കോഴി’യെ ഞാന്‍ കണ്ടിട്ടുണ്ട്....കെ.ആര്‍ ബേക്കറിയില്‍...” രണ്ടാമത്തെ മകള്‍ അവളുടെ അറിവും വിളമ്പി.

“ഇത് അതൊന്നുമല്ല....പ്രശസ്ത ബ്ലോഗര്‍.....”

“ഒന്ന് മിണ്ടാതിരിക്കി.....പ്രശസ്ത ബ്ലോഗര്‍.....”  ഭാര്യ എന്നെ പറയാന്‍ അനുവദിച്ചില്ല.

“എടീ എന്നെ പറ്റിയല്ല പറയുന്നത്.....പ്രശസ്ത ബ്ലോഗര്‍ ഇസ്മായില്‍ കുറുമ്പടി.....”

“കുറുവടിയോ?” മക്കള്‍ കേട്ടത് അവര്‍ വിളിച്ചു ചോദിച്ചു.

 “കുറുവടിയല്ല മക്കളേ.....കുറുമ്പടി...ഇസ്മായി
ല്‍ കുറുമ്പടിയുടെ കുറേ കഥകളുടെ സമാഹാരം.....”

“ഓ എങ്കില്‍ എന്തായാലും വാങ്ങണം....ഞങ്ങള്‍ക്കത് വായിക്കണം.....” കഥ എന്ന് കേട്ടതോടെ മക്കള്‍സ് പാസ്സാക്കി.

“ശരി...നമുക്ക് വാങ്ങാം....തുഞ്ചപറമ്പ് എത്തിക്കോട്ടെ....”

*************************************************************

രെജിസ്ട്രേഷന്‍ കഴിഞ്ഞ് ഔദ്യോഗിക ചടങ്ങുകൾ ഒന്നും ഇല്ലാതെ മീറ്റ് തുടങ്ങി.അപ്പോഴാണ് മീറ്റ് തൊഴിലാളികളില്‍ ഒരാളായ കൊട്ടോട്ടി പറഞ്ഞത്.
“നരകക്കോഴിയെ അരീക്കോടന്‍ മാഷ് ഏറ്റ് വാങ്ങണം...”

ഒരു നിമിഷം ഞാന്‍ എതോ ലോകത്തെത്തി.പ്രശസ്തരായ പല സാഹിത്യകാരന്മാരും പുസ്തകപ്രകാശനം നടത്തി അത് ഏറ്റുവാങ്ങാറുണ്ട്.മലയാള ഭാഷാ പിതാവിന്റെ മണ്ണില്‍ വച്ച് അതേ പോലൊരു സൌഭാഗ്യം എന്നെ തേടി എത്തിയിരിക്കുന്നു.
 
 ബൂലോക കാരണവരായ ഷരീഫ്‌ക്ക (ഷരീഫ് കൊട്ടാരക്കര)യില്‍ നിന്നും സ്നേഹപൂര്‍വ്വം ‘നരകക്കോഴി’ യെ ഏറ്റുവാങ്ങുമ്പോള്‍ എന്റെ കൈ പൊള്ളി്!!!പ്രസ്സില്‍ നിന്നും അച്ചടി മഷി പുരണ്ട് പുറത്തിറങ്ങിയിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയിരുന്നുള്ളൂ.ബാക്കി ഇനി പുസ്തകം വായിച്ചതിന് ശേഷം പറയാം.




ഈ പുസ്തകം ഏറ്റുവാങ്ങാൻ  എന്നെ ക്ഷണിച്ച മീറ്റ് തൊഴിലാളികള്‍ക്കും പുസ്തകം എഴുതിയ ഇസ്മായില്‍ തണലിനും പബ്ലിഷ് ചെയ്ത സീ.ൽ.എസ് ബുക്‍സിനും നന്ദിയോടെ....

Monday, April 22, 2013

ഞമ്മളും ടെലിവിഷനകത്ത് !!!

|വരിയും വരയും| : ഇ - ലോകം Epi: 8 (20.12.2012)

ദർശന ടി.വി ഞമ്മളെ ഇട്ട് പൊര്ച്ച്‌ണത് കണ്ടോളി.....ഞമ്മളും ബ്‌ടൂല.....(പരിപാടി കൈഞ്ഞ കൊല്ലം കൈഞ്ഞി....ഇപ്പളാ ത്‌ന്റെ ലിങ്ക് കിട്ട്യേത്)....പിന്നെ ഏതോ ഒരു പ്ലഗ്ഗ് ഒക്കെ ഇൻ ആക്കാൻ പറിം....അതൊക്കെ ഇന്നാക്ക്യാലേ ഞമ്മളെ കണൊള്ളൂ ന്ന് ആദ്യം തെന്നെ പറഞ്ഞേക്കാം.

Saturday, April 20, 2013

ഡൽഹിയിലെ താജ്മഹൽ (ആദ്യ വിമാനയാത്ര - 5)

 ഒന്നാം ഭാഗം 
  രണ്ടാം ഭാഗം
 മൂന്നാം ഭാഗം
നാലാം ഭാഗം.

എയർ ഹോസ്റ്റസുമാർ ഓരോരുത്തരുടേയും അടുത്ത് വന്ന് എന്തൊക്കെയോ പിറുപിറുക്കി.സീറ്റ് ബെൽറ്റിടാനാണ് അവർ പറയുന്നത് എന്ന് അവരുടെ നോട്ടത്തിന്റെ ദിശയിൽ നിന്നും ഞാൻ മനസ്സിലാക്കി.ബെൽറ്റ് ഇട്ടപോലെ കാണിച്ചുകൊണ്ട് ഞാൻ സമർത്ഥമായി മറച്ചു വച്ചു.എന്നിട്ട് നിസ്സാം സാറോട് ചോദിച്ചു.

“സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്വാ?”

“ടേക്ക് ഓഫിനും ലാന്റിങ്ങിനും സീറ്റ് ബെൽറ്റ് ഇടുന്നതാ ഉത്തമം...”

“ ഉത്തമൻ അവിടെ നിൽക്കട്ടെ , വേറെ ആരെങ്കിലും??”

“ഏയ്....ആരും നോക്കില്ല...”

“എങ്കിൽ ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ....”

“പക്ഷേ ചില സ്ഥലങ്ങളിൽ എയർ പോക്കറ്റുകൾ ഉണ്ടാകും ....വിമാനം പെട്ടെന്ന് എയർ പോക്കറ്റിൽ വീണാൽ...”

“ വീണാൽ...????”

“ഒരു പക്ഷേ കണ്ട്രോൾ പോയേക്കാം...”

“ബെൽറ്റിടാത്തവർക്കോ ?”

“വിമാനത്തിന്...ഒപ്പം ബെൽറ്റിടാത്തവർക്കും....”

“അതു സംഭവിക്കാറുണ്ടോ?”

“ങും...എന്റെകഴിഞ്ഞ യാത്രയിൽ ഞാൻ ഒരു കപ്പ് ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു... ബെൽറ്റിടാൻ നിർദ്ദേശം വന്നിട്ടും ചായ കുടിച്ച് കൊണ്ടിരുന്നതിനാൽ ഞാനത് അത്ര ഗൌനിച്ചില്ല....”

“എന്നിട്ട്?”

“ട്ടോ..:“ ഞാൻ ഞെട്ടിപ്പോയി...”ഒന്നുമില്ല , വിമാനം ഒരു എയർ പോക്കറ്റിൽ വീണു.ഞാനും ഗ്ലാസ്സും പെട്ടെന്ന് താഴ്ന്നു. ചായ എയറിലും...”

“ആഹാ....കട്ടൻ ചായയോ പാൽ ചായയോ?”

കേൾക്കാൻ രസമുള്ള ബഡായി ആയതിനാൽ ഞാൻ അറിയാതെ ചോദിച്ചുപോയി.നിസാം സാർ രൂക്ഷമായി എന്നെ ഒന്ന് നോക്കി.ഞാൻ കാക്കതൂറിയ ജഗദീശിനെപ്പോലെയായി.

“കറക്ട് ആ ചായയുടെ അടിയിലേക്ക് ഒരു കഷണ്ടി വന്ന് വീണു...” അത് എനിക്കിട്ടുള്ള ഒരു തട്ടാണെന്ന് മനസ്സിലായതിനാൽ ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല.കൂടുതൽ ഒന്നും ആലോചിക്കാതെ എന്റെ ബെൽറ്റ്‌ലെസ്സ് പരീക്ഷണം ഞാൻ മാറ്റിവച്ചു.

       വിൻഡോഗ്ലാസ്സിലൂടെ ദൽഹി നഗരത്തിൽ ഓടുന്ന വാഹനങ്ങളുടെ പ്രകാശിക്കുന്ന കണ്ണുകൾ ദൃശ്യമായിത്തുടങ്ങി.

“അതാ താജ്മഹൽ....” വിൻഡോസീറ്റിനടുത്തിരുന്ന മഹതികളിലൊരാൾ വിളിച്ചു പറഞ്ഞു.

“ആഹാ....താജ്മഹലിന് ഡൽഹിയിലും ബ്രാഞ്ച് തുടങ്ങിയോ?” എനിക്ക് ചോദിക്കാതിരിക്കാനായില്ല.

“അതെന്താ സാറ്‌ അങ്ങനെ പറഞ്ഞത്?നമ്മൾ താജ്മഹൽ കാണാനും പോകും എന്നാണല്ലോ പറഞ്ഞത്?” അഫ്നാസിന്റെ സംശയം.

“താജ്മഹൽ ആഗ്രയിലാ...”

“ആഗ്ര ഡൽഹിയിലല്ലേ?”

“ആഗ്ര ആഗ്രയിൽ, ഡൽഹി ഡൽഹിയിൽ....”

“ഓ...ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമ പ്രകാരം അല്ലേ?”

“ങേ!!!!!അതെങ്ങനെ?” അഫ്നാസിന്റെ ഉത്തരം കേട്ട് എന്റെ കഷണ്ടി  തിളച്ചുപോയി.

“ ഗുരുത്വാകർഷണനിയമ പ്രകാരം എല്ലാ വസ്തുക്കളേയും ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നു.ആഗ്ര ആഗ്രയുടെ കേന്ദ്രത്തിലേക്ക് ആകർഷിക്കപ്പെടുന്നതു കൊണ്ട് ആഗ്ര ആഗ്രയിലും, ഡൽഹി ഡൽഹിയുടെ കേന്ദ്രത്തിലേക്ക് ആകർഷിക്കപ്പെടുന്നതു കൊണ്ട് ഡൽഹി ഡൽഹിയിലും സ്ഥിതി ചെയ്യുന്നു...”

               പെട്ടെന്ന് വിമാനം എവിടെയോ തട്ടുന്നപോലെ തോന്നി. ചെറിയ ഒരു കുലുക്കവും അനുഭവിച്ചു. വിമാനം വീണ്ടും ഭൂമിയിലിറങ്ങി. റൺ‌വേയിലെ ലൈറ്റുകൾക്കിടയിലൂടെ നീങ്ങി വിമാനം എവിടെയോ പോയി നിന്നു. അല്പ സമയത്തിന് ശേഷം എല്ലാവരും സീറ്റിൽ നിന്ന് എണീറ്റു.ഹാന്റ്റ് ബാഗുകളുമെടുത്ത് ഞങ്ങൾ വിമാനത്തിൽ നിന്നും പുറത്തിറങ്ങി.ലഗേജ് കിട്ടിയപ്പോൾ വിമാനത്താവള കാഴ്ചകളും കണ്ട് ഞങ്ങൾ പുറത്തെത്തി.നേരത്തെ പറഞ്ഞ് ഏല്പിച്ചിരുന്നതിനാൽ,  ഞങ്ങളുടെ സംഘത്തലവൻ കെ.ആർ.എസ് പാർസൽ സർവീസിന്റെ ഡ്രൈവറെ ഫോണിൽ ബന്ധപ്പെട്ടു.

‘ഇത്രയും പേരും അവരുടെ ലഗേജും അടങ്ങുമ്പോൾ ലോറി തന്നെ വേണ്ടി വരും’ ഞങ്ങളെ കൊണ്ടുപോകാൻ പാർസൽ സർവീസിന്റെ ലോറി തന്നെ ഏർപ്പാടാക്കിയതിലുള്ള ഔചിത്യം ഞാൻ എന്റെ മനസ്സിനെ മനസ്സിലാക്കിച്ചു.


(തുടരും....)


Thursday, April 18, 2013

കിട്ട്യാൽ ഊട്ടി, പോയാൽ പട്ടി - (ആദ്യ വിമാനയാത്ര - 4)

  (
മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
)

“സാർ…വെജ് ഓർ നോൻ വെജ്…?”

“ബെജ്ജോ ബെജ്ജന്നോ….അപ്പോ ങ്ങള് മലപ്പോറത്താരാല്ലേ….അല്ലെങ്കിലും ഈ ബയസ്സു കാലത്ത് ഇമ്മാതിരി ബണ്ടി ഉന്താനൊന്നും കജ്ജൂല…ങ്ങൾ ബ്‌ടി..ഞമ്മൾ ഉന്തിത്തരാ…” ഞാൻ ഒരു കൈ സഹായം ഓഫർ ചെയ്തു.

“സാറേ….വെജിടേറിയൻ വേണോ നോൺ വേണൊ ന്നാ ചോദിച്ചത്…ബെജ്ജോ ബെജ്ജന്നല്ല….വെജ് ഓർ നോൻ വെജ്….” നിസാം സാർ പറഞ്ഞു.

“അജ്ജേ…ന്നാ ജ്ജൊര് വെജ്ജ് ബെക്ക്….” ചമ്മലോടെ ഞാൻ പറഞ്ഞു.അവർക്ക് മനസ്സിലായ രൂപത്തിൽ ഒരു പൊതി വച്ച് അവർ അടുത്ത സീറ്റിലേക്ക് നീങ്ങി .തിന്നാനായി പൊതി തുറന്ന് നോക്കിയപ്പോൾ ആദ്യം കിട്ടിയത് ഒരു കോഴിക്കാലിന്റെ നാലിലൊന്നിന്റെ മൂന്നിലൊന്ന്!

“സാർ , ഞാൻ വെജ് ആയിരുന്നു പറഞ്ഞത്…” ഞാൻ നിസാം സാറോട് പറഞ്ഞു.

“ഇത് എയർ ഇന്ത്യാ വിമാനമാണ്…” നിസാം സാറുടെ മറുപടി എനിക്കൊന്നും മനസ്സിലായില്ല. പിന്നെ ഒന്നും പറയാതെ ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഭക്ഷണത്തിലേക്ക് നാലോ അഞ്ചോ തവണ കൈ പോയപ്പോഴേക്കും ‘ കറ കറാ’ ശബ്ദം കേട്ടു.

“സാറേ, പ്ലേറ്റ് കീറും…” നിസാം സാർ മുന്നറിയിപ്പ് നൽകി.

          ഭക്ഷണത്തോടൊപ്പം തന്നെ ചില ഐറ്റംസ് സർവ്വ് ചെയ്ത പാത്രങ്ങൾ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.ഡിസ്പോസിബിൾ ആയതിനാൽ അവ മെല്ലെ ബാഗിലാക്കാൻ ഞാൻ തീരുമാനിച്ചു. സ്ഥിരം യാത്രക്കാരനായ നിസാം സാർക്ക് ഈ പാത്രങ്ങളുടെ  ആവശ്യം വരില്ല എന്ന് എനിക്ക് തോന്നി.അപ്പോൾ അദ്ദേഹത്തിന്റേതും കൈക്കലാക്കാം എന്ന് കരുതി ഞാൻ നിസാം സാറോട് പറഞ്ഞു –

“സാറേ…ആ പാത്രങ്ങൾ ഒഴിഞ്ഞാൽ എനിക്ക് തരണേ….ബാഗിൽ എടുത്ത് വയ്ക്കാനാ…”

“ങൂ…ഹും…അവ തിരിച്ചു കൊടുക്കണം…”

“ഇല്ലെങ്കിൽ..?”

“ഇല്ലെങ്കിൽ ഇവരിവിടെ പിടിച്ചു വയ്ക്കും…”

“ഇവരാണ് പിടിക്കുന്നതെങ്കിൽ കുശാലായി!!!“

“ദേ …വണ്ടി തിരിച്ചു വരുന്നു….പാത്രം വേഗം കാലിയാക്കി തിരിച്ചു കൊടുക്കാൻ നോക്ക്…”

        കാലിയായ പാത്രം എന്റെ കയ്യിൽ നിന്ന് തട്ടിപ്പറിക്കുന്ന പോലെ എനിക്ക് തോന്നി.ഒന്ന് ചോദിച്ചു നോക്കിയാലോ – കിട്ട്യാൽ ഊട്ടി, പോയാൽ പട്ടി എന്നല്ലേ പണ്ടാരോ പറഞ്ഞത്?എന്തായാലും 20000 അടി മുകളിൽ നിന്നും പിടിച്ച് താഴേക്ക് ഇടുകയൊന്നുമില്ലല്ലോ.

“കാൻ ഐ ടേക്ക് ദിസ്…?” കയ്യിൽ കിട്ടിയ സാധനമെടുത്ത് ഞാൻ ധൈര്യസമേതം അവരോട് ചോദിച്ചു.

“വൈ നോട്ട്…!!!!!“

“താങ്ക് യൂ..” ഒരു സാമ്രാജ്യം കിട്ടിയ സന്തോഷത്തിൽ ഞാൻ എന്റെ കയ്യിലെ പാത്രത്തിലേക്ക് നോക്കി.

“ഛെ!!“ എന്റെ കയ്യിൽ ഉണ്ടായിരുന്നത് ഒരു ഡിസ്പോസിബിൾ വാട്ടർ ബോട്ടിൽ ആയിരുന്നു.എനിക്ക് സമ്മതം തന്നത് അത് എടുക്കാനാണ് എന്ന് മനസ്സിലാക്കിയ ആ നിമിഷം തന്നെ മറ്റ് സാധനങ്ങൾക്കൊപ്പം ഞാൻ അതും മടക്കി കൊടുത്തു.നിസാം സാർ ഒന്നുമറിയാത്തപോലെ മുകളിലേക്ക് നോക്കി ചിരിച്ചുകൊണ്ടിരുന്നു.

          അല്പനേരം കൂടി കഴിഞ്ഞു കാണും, എന്റെ ചെവി വേദനിക്കാൻ തുടങ്ങി.വേദന അമർത്തിപ്പിടിച്ച് ഞാൻ ശ്രദ്ധതിരിക്കാൻ നോക്കി.വേദന കൂടിക്കൂടി വന്ന് അസഹ്യമായി തോന്നി.ഇനിയും തുടർന്നാൽ എന്റെ ചെവി ക്ലോസാകും എന്ന് എനിക്കുറപ്പായി.തീവണ്ടിയിലെപ്പോലെ പിടിച്ചുവലിക്കാൻ എവിടെയെങ്കിലും ചങ്ങലയുണ്ടോ എന്ന് ഞാൻ വീണ്ടും നോക്കി.ഓക്സിജൻ ലഭ്യതക്ക് സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ എയർഹോസ്റ്റസുമാർ ഡെമോ നൽകിയിരുന്നെങ്കിലും ചെവി വേദനക്ക് ഒരു മരുന്നും നിർദ്ദേശിച്ചിരുന്നില്ല.

           പെട്ടെന്ന് , സീറ്റ് ബെൽറ്റ് ഇടാനുള്ള നിർദ്ദേശം വന്നു.ഉറങ്ങുന്നവരെ എയർഹോസ്റ്റസുമാർ തട്ടിയുണർത്തി, സീറ്റ് നേരെയാക്കി ബെൽറ്റിടാൻ നിർദ്ദേശിച്ചു.വിമാനം ഒന്ന് താഴ്ന്നു.ലാന്റിങ്ങിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് എന്ന് മനസ്സിലായി.അപ്പോഴാണ് എനിക്ക് ഒരു കുബുദ്ധി തോന്നിയത് – ‘ടേക്ക് ഓഫിനും ലാന്റിങ്ങിനും സീറ്റ് ബെൽറ്റിടണം എന്നാണല്ലോ…ഇടാതെ ഒന്ന് പരീക്ഷിച്ചാലല്ലേ അതു കൊണ്ടുള്ള പ്രശ്നത്തിന്റെ ഗുട്ടൻസ് മനസിലാകൂ…’


(അടുത്തഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക....)

Tuesday, April 16, 2013

ആകാശത്തെ ‘പ്ലസ്‌പോയിന്റുകൾ’ -(ആദ്യ വിമാനയാത്ര - 3)


  ( മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

             സീറ്റുകൾ ഏകദേശം ഫുൾ ആയതോടെ നേരത്തെ വെൽകം ചെയ്തപോലെയുള്ള രണ്ടെണ്ണം കൂടി അകത്ത് പ്രത്യക്ഷപ്പെട്ടു.യാത്രക്കാരുടെ ലഗേജ് വയ്ക്കാനും സീറ്റ് കണ്ടുപിടിക്കാനും എല്ലാം അവർ സഹായിക്കുന്നത് കണ്ടു.അല്പം കഴിഞ്ഞ് മൂന്ന് പേരും മൂന്ന് പൊസിഷനുകളിൽ നിന്നു.വിമാനത്തിനകത്ത് സ്പീക്കറിലൂടെ ചില നിർദ്ദേശങ്ങൾ വന്നു കൊണ്ടിരുന്നു.ഈ മൂന്ന് പേരും അതിനനുസരിച്ചുള്ള ആംഗ്യങ്ങൾ കാണിച്ചു.ഒരു കോമഡി മൈം പോലെയാണ് എനിക്കത് തോന്നിയത്.

             അല്പസമയത്തിന് ശേഷം വിമാനം പാർക്കിംഗ് ബേയിൽ നിന്ന് ട്രാക്കിലേക്ക് മാറ്റി.വിമാനം മെല്ലെ നീങ്ങാൻ തുടങ്ങിയതും സീറ്റ്ബെൽറ്റ് മുറുക്കാനുള്ള നിർദ്ദേശം വന്നു.നിസ്സാം സാറുടെ വയർ ബെൽറ്റിനുള്ളിൽ ശരിക്കും കുടുങ്ങിയപ്പോൾ , എത്ര കളിച്ചിട്ടും കുരുക്ക് മുറുക്കാൻ കഴിയാതെ ഞാൻ പാടുപെട്ടു.ആദ്യ വിമാനയാത്രയായതിനാൽ ഒരു പരീക്ഷണം വേണ്ട എന്ന് കരുതി ഞാൻ ബെൽറ്റിന്റെ ഒരു ഭാഗം ആഞ്ഞ് വലിച്ചു. “ആഹ്….” ബെൽറ്റിനുള്ളിൽ എന്റെ പൌരുഷം ഞെരിഞ്ഞമർന്നു.എങ്കിലും സുരക്ഷിതനായ സന്തോഷത്തിൽ ഞാൻ വേദന മറച്ചു വച്ചു.

             വിമാനം റൺ‌വേയിലൂടെ മന്ദം മന്ദം നീങ്ങിത്തുടങ്ങി.എല്ലാവരും സീറ്റ് ബെൽറ്റ് ഒന്നുകൂടി മുറുക്കി.വിമാന വേഗത ക്രമേണ കൂടി അതിന്റെ ഉച്ചസ്ഥായിയിലെത്തി.വശങ്ങളിൽ മിന്നിമറയുന്നത് എന്തെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത അത്ര വേഗത്തിൽ പിന്നിലേക്കോടി.പെട്ടെന്ന് വയറൊന്ന് കാളി – വിമാനം നിലം വിട്ട് ആകാശത്തിലേക്ക് പൊങ്ങി! ശരിക്കും എന്റെ ശരീരം ആകാശത്തിലൂടെ ചിറക് വിരിച്ച് പറക്കുന്ന പോലെ എനിക്ക് തോന്നി. പൈലറ്റ്, വിമാനം അല്പമൊന്ന് ചരിച്ചു.ആകാശത്തും വളവും തിരിവും ഉണ്ടെന്ന് അപ്പോൾ മനസ്സിലായി.

                 ഞാൻ സൈഡ് വിന്റോയിലൂടെ പുറത്തേക്ക് തലയിടാൻ ശ്രമിച്ചു. കഷണ്ടി ഗ്ലാസ്സിൽ നന്നായൊന്നിടിച്ചു.എന്നാലും താഴെ വാഹനങ്ങൾ നീങ്ങുന്നതും കെട്ടിടങ്ങളിലും മറ്റും ലൈറ്റുകൾ തെളിഞ്ഞ് നിൽക്കുന്നതും കാണുന്നുണ്ട്.ആ കാഴ്ച പെട്ടെന്ന് തന്നെ മറഞ്ഞു.ഇപ്പോൾ വിമാനം പറക്കുന്നത് അറബിക്കടലിന്റെ മുകളിൽ കൂടിയാണ്.എനിക്ക് ഒട്ടും ഭയം തോന്നിയില്ല.കോഴിക്കോട്ടെ അറബിക്കടലും കൊച്ചിയിലെ അറബിക്കടലും തിരുവനന്തപുരത്തെ അറബിക്കടലും ഒക്കെ നേരിട്ട് പോയി തൊട്ട ഞമ്മക്കുണ്ടോ അതിന്റെ മുകളിൽകൂടി പറക്കുമ്പോ പേടി ?

             പെട്ടെന്ന് വിമാനം ഒന്ന് കൂടി പൊങ്ങുന്നതായി തോന്നി.പിന്നെ ഒരു കുലുക്കം തുടങ്ങി – തവക്കൽതു അലള്ളാഹ്. ഞാൻ കണ്ണടച്ച് മനസ്സിൽ ഒന്ന് കൂടി പറഞ്ഞു.നേരത്തെ ആകാശത്ത് വളവുകൾ ഉണ്ടായപോലെ ഇനി ഗട്ടറുകളും ഉണ്ടാകുമോ എന്ന് ന്യായമായും ഞാൻ സംശയിച്ചു.എയർപോക്കറ്റ്, മേഘവിസ്ഫോടനം, ബർമുഡ ട്രയാംകിൾ തുടങ്ങീ ആകാശത്തെ നിരവധി ‘പ്ലസ്പോയിന്റുകൾ’ കേട്ട് മാത്രം പരിചയമുള്ളത് നേരിട്ട് അനുഭവിക്കാൻ പോകുന്നതായി എനിക്ക് തോന്നി.പിടിച്ചു വലിക്കാൻ ചങ്ങല ഒന്നും കാണാത്തതിനാൽ ഞാൻ വീണ്ടും നിസാം സാറിന്റെ മുഖത്തേക്ക് നോക്കി.

“പേടിക്കേണ്ട….ഇപ്പോൾ എഞ്ചിൻ ഓഫാണ്….”

“ഈശ്വരാ…ഇത്രേം മുകളിലെത്തീട്ട് എഞ്ചിൻ ഓഫാക്കിയാൽ….അമ്മേ…കൃഷ്ണാ…” തൊട്ടപ്പുറത്തിരുന്ന സ്ത്രീകളുടെ സീറ്റിൽ നിന്നും ആശങ്കാകുലമായ മന്ത്രണങ്ങൾ ഉയർന്നുകൊണ്ടിരുന്നു.

“ഇത്രേം നേരം അമ്മയേയും അഛനേയും ഒന്നും ഓർമ്മ ഇല്ലായിരുന്നല്ലോ…ഒരു പൈലറ്റ് വിചാരിച്ചാൽ നിങ്ങൾ ആരൊക്കെയൊക്കെ വിളിക്കും…?” എന്റെ ഉള്ളിലെ ചോദ്യം പക്ഷേ പുറത്തേക്ക് വന്നില്ല.അപ്പോഴേക്കും ഒരു ഉന്തുവണ്ടിയുമായി ആ വയസ്സൻ സുന്ദരിമാർ എത്തി.


(അടുത്തഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.....)

Sunday, April 14, 2013

ഉലഹന്നാൻ ഉലാത്തുകയാണ്.....(ആദ്യ വിമാനയാത്ര - 2)

       (  മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

               രേഖാപരിശോധനകൾക്ക് ശേഷം എത്തിയത് ബാറ്റു പോലെ ഒരു സാധനം പിടിച്ച് നിൽക്കുന്ന തൊപ്പിക്കാരന്റെ മുന്നിലാണ്.കയ്യിലുള്ള ബാഗ് സൈഡിലുള്ള ഒരു യന്ത്രത്തിൽ വയ്ക്കാൻ പറഞ്ഞു.അത് സുന്ദരമായി ഒരു കർട്ടനുള്ളിലൂടെ പോയി അപ്പുറം എത്തി.എന്നെ ഒരു പ്ലാറ്റ്ഫോമിലേക്ക് കയറ്റി ഹാൻസ് അപ് പൊസിഷനിൽ നിർത്തി.ശേഷം പ്രസ്തുത ‘ബാറ്റ്’ശരീരത്തിലൂടെ മുഴുവൻ ഓടിച്ച് നോക്കി(ഒന്നരലക്ഷം രൂപ വില വരുന്ന ബോംബ് ഡിറ്റക്ടർ ആയിരുന്നു ആ ‘ബാറ്റ്’ എന്ന് ഇക്കഴിഞ്ഞ ജനുവരി അവസാനം കോളേജിൽ വച്ച് നടന്ന ലക്ഷ്യ ’13 എക്സിബിഷനിൽ വച്ചാണ് തിരിച്ചറിഞ്ഞത്.)

         ഈ ടെസ്റ്റും പാസ്സായവർക്ക് യാത്രക്കാർക്കായി ഒരുക്കിയ ലോഞ്ചിൽ പോയി വിശ്രമിക്കാം . ഞാനും മറ്റുള്ളവരുടെ കൂടെ ലോഞ്ചിലെത്തി. ആദ്യത്തെ അനുഭവങ്ങൾ ആയതിനാൽ കലശലായ മൂത്രശങ്ക ഉണ്ടായിരുന്നു.അടുത്ത സ്റ്റെപ് എന്താണെന്നറിയാത്തതിനാൽ മൂത്രമൊഴിക്കാൻ പോകാൻ ചെറിയ ഒരു പേടിയും ഉണ്ടായിരുന്നു.അതിനാൽ തന്നെ കമ്പനിക്കായി ഒരാളേയും കൂടി ഒപ്പം കൂട്ടി.വിമാനം വിട്ടു പോകാതിരിക്കാൻ അവിടെ നിന്ന ആരോടോ ‘പെർമിഷനും’ വാങ്ങി.’മൂത്രമൊഴിക്കാൻ അനുവാദം ചോദിച്ച് പോകുന്നത് എൽ.പി ക്ലാസ്സിന് ശേഷം ആദ്യമായിട്ടാ…” എന്റെ സഹയാത്രികൻ പറഞ്ഞു.

         “എ 137 മുംബൈക്ക് പോകുന്ന സ്പൈസ്ജെറ്റ് എയർവെയ്സിലെ യാത്രക്കാരനായ ഉലഹന്നാൻ എത്രയും പെട്ടെന്ന് ഫ്ലൈറ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്…” മൂത്രമൊഴിച്ച് തിരിച്ചെത്തിയപ്പോൾ ഞാൻ കേട്ടത് ഇതായിരുന്നു.ഓരോ ഫ്ലൈറ്റിലേയും യാത്രക്കാർക്ക് ഇരിക്കാനുള്ള പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങളിലേക്ക് ഞങ്ങൾ നീങ്ങി.എൻ‌ട്രി പോയിന്റ്ൽ നിൽക്കുന്ന പെൺകുട്ടികൾ ബോർഡിംഗ് പാസ് ചെക്ക് ചെയ്ത് ഞങ്ങളെ കയറ്റി ഇരുത്തി.അപ്പോഴാണ് ഒരു ചായ കുടിച്ചാൽ കൊള്ളാം എന്ന് ഒരാൾക്ക് തോന്നിയത്.

          “എ 137 മുംബൈക്ക് പോകുന്ന സ്പൈസ്ജെറ്റ് എയർവെയ്സിലെ യാത്രക്കാരനായ ഉലഹന്നാൻ എത്രയും പെട്ടെന്ന് ഫ്ലൈറ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്…” വീണ്ടും അനൌൻസ്മെന്റ് മലയാളത്തിലും ഇംഗ്ലീഷിലും കേട്ടു.’ഈ ഉലഹന്നാൻ എവിടെ പോയി ഉലാത്തുകയാണാവോ…’ ഞാൻ ആത്മഗതം ചെയ്തു.

          “ബോർഡിംഗ് പാസ് എടുത്തയാളെ കയറ്റാതെ വിമാനം പൊങ്ങില്ല” നിസാം സാർ പറഞ്ഞപ്പോൾ ടെക്നോളജി അത്രയും വളർന്നോ എന്ന് ഞാനും സംശയിച്ചു.തൊട്ടടുത്ത കഫറ്റീരിയയിൽ ചായ കുടിച്ചിരിക്കുമ്പോഴാണ് അടുത്ത അനൌൻസ്മെന്റ് കേട്ടത് –
 “എ 320 എയരിന്ത്യാ എക്സ്പ്രെസ്സിലെ യാത്രക്കാർ ദയവായി ലോഞ്ചിൽ കയറി ഇരിക്കേണ്ടതാണ്…”

       ഞങ്ങളിൽ പലരും ആദ്യമായിട്ട് വിമാനയാത്ര ചെയ്യുന്നവരായതിനാൽ അവിടേയും ഇവിടേയും അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്നവർ വേഗം ഇരിപ്പിടങ്ങളിലേക്ക് കയറി ഇരുന്നു.കുടിച്ചുകൊണ്ടിരുന്ന ചായ മുഴുവനാക്കി കടക്കാരനോട് വില ചോദിച്ചപ്പോൾ മനസ്സിൽ ഒരു ബോംബ് തന്നെ പൊട്ടി – ഒരു ചായക്ക് വെറും തൊണ്ണൂറ് രൂപ!!!!

         വിമാനം കയറുന്നതിന് മുമ്പുള്ള സ്ഥിതി വിശേഷങ്ങൾ ഭാര്യയേയും കുട്ടികളേയും ഫോണിൽ വിളിച്ചറിയിച്ചു.കാരണം വിമാനം പൊങ്ങുമ്പോൾ കോടിയിലൊരാൾക്ക് ഹൃദയാഘാതം സംഭവിക്കാറുണ്ട് പോലും!ആ അപൂർവ്വ ‘സെലക്ഷൻ‘ കിട്ടിയാൽ പിന്നെ ഈ കഥയൊന്നും പറയാൻ ഭാര്യയെ ലൈനിൽ കിട്ടില്ലല്ലോ.

            ഫോൺ വിളി കഴിഞ്ഞ ഉടനെ, കൂട്ടത്തിലെ വനിതാ യാത്രക്കാരികളിൽ ഒരാൾക്ക് ഒടുക്കത്തെ ഒരു സംശയം – വിന്റോ സീറ്റാണ് കിട്ടിയിരിക്കുന്നത് , ഷട്ടർ താഴ്ത്തിയാൽ കാഴ്ചകൾ ഒന്നും കാണാൻ പറ്റില്ല, താഴ്ത്തിയില്ലെങ്കിൽ കാറ്റടിച്ച് ജലദോഷം പിടിക്കുകയും ചെയ്യും. എനിക്ക് ഒരു പരിഹാരവും നിർദ്ദേശിക്കാൻ ഇല്ലാത്തതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല.

             വിവിധ വിമാനങ്ങളിൽ കയറാനുള്ളവർക്കുള്ള നിർദ്ദേശങ്ങൾ പല സമയങ്ങളിലായി വന്നു കൊണ്ടിരുന്നു.പെട്ടെന്ന് എല്ലാവരും എണീറ്റ് അതേ ലോഞ്ചിൽ തന്നെയുള്ള കൂറ്റൻ ചില്ലിനടുത്തേക്ക് നീങ്ങുന്നത് കണ്ടു.അതുവരെ ഒരു ചുമരു പോലെ നിന്നിരുന്ന ആ ചില്ല് പെട്ടെന്ന് ഒരു വാതിലായി തുറക്കപ്പെട്ടു! ഓരോരുത്തരായി ആ വാതിലിലൂടെ ഒരു ഇടനാഴിയിലേക്ക് പ്രവേശിച്ചു.ഇടുങ്ങിയ ആ ഇടനാഴി അവസാനിക്കുന്നിടത്ത് ,സാരിയുടെ മുകളിൽ കോട്ടിട്ട് ചുണ്ടുകൾ നന്നായി ചുവപ്പിച്ച് രണ്ട് സുന്ദരികൾ പുഞ്ചിരിച്ച് നിൽക്കുന്നു.

“വെൽകം സാർ” എന്നെ കണ്ട ഉടനെ അവർ പറഞ്ഞു.

                ‘ഓ ഞാൻ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സാറാണെന്ന് ഇവർ മനസ്സിലാക്കി’ എന്ന് ഞാൻ അഭിമാനിച്ചു.എന്റെ കോളേജിലെ പയ്യനായ അഫ്നാസിനോടും അവർ “വെൽകം സാർ” . പറഞ്ഞപ്പോൾ അതിന്റെ യാന്ത്രികത എനിക്ക് മനസ്സിലായി.അവരേയും കടന്ന് ഞാൻ വിമാനത്തിനകത്തേക്ക് പ്രവേശിച്ചു.

            നീളം കൂടിയ ഒരു ടൂറിസ്റ്റ് ബസ്സിനുള്ളീൽ എത്തിയ പോലെയാണ് എനിക്ക് തോന്നിയത്.ഇരു ഭാഗങ്ങളിലുമായി മൂന്ന് സീറ്റുകൾ വീതമുള്ള അനേകം നിരകൾ.അതിൽ അവസാനത്തേതിന് തൊട്ടുമുന്നിലെ വരിയിലായിരുന്നു ഞങ്ങളുടെ സീറ്റ്.തലക്ക് തൊട്ടുമുകളിലുള്ള ലഗേജ് കാരിയറിലേക്ക് ഞാൻ ബാഗ് വച്ചു.

          മുമ്പിലെ സീറ്റിന്റെ പുറകിലുള്ള കവറിൽ ചില പ്രസിദ്ധീകരണങ്ങൾ കണ്ടു.അതിലൊന്ന് യാത്രക്കാർക്കുള്ള നിർദ്ദേശങ്ങളും മുന്നറിയിപ്പുമായിരുന്നു. മറ്റൊന്ന് ഒരു ബിസിനസ് മാഗസിൻ ആയിരുന്നു.പിന്നെ അന്നത്തെ ഒരു ഇംഗ്ലീഷ് പത്രവും.

 എല്ലാവരും അതൊക്കെ എടുത്ത് നോക്കുന്നത് കണ്ട അഫ്‌നാസും ഒരു ഇംഗ്ലീഷ് പത്രം എടുത്തു.  

“അതേയ്...കൈ തുടക്കാൻ അവിടെ ടിഷ്യൂ പേപ്പർ കാണും “  ഞാൻ അഫ്‌നാസിനോട് പറഞ്ഞു. 


(അടുത്ത ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ...)

Friday, April 12, 2013

എന്റെ ആദ്യ വിമാനയാത്ര - 1

        ജീവിതത്തിലെ ആദ്യത്തെ പല സംഭവങ്ങളും എലാവരുടേയും മനസ്സിൽ പച്ചപിടിച്ചു നിൽക്കാറുണ്ട്.അവയെപറ്റി നാം അറിയാതെ വാചാലരാവാറുമുണ്ട്.നാഷണൽ സർവ്വീസ് സ്കീമിലെ (എൻ.എസ്.എസ്) മൂന്ന് വർഷത്തെ പ്രോഗ്രാം ഓഫീസർ ജീവിതത്തിൽ എനിക്ക് ഒട്ടേറെ ‘ആദ്യാനുഭവങ്ങൾ’ ഉണ്ടായിട്ടുണ്ട്.അതിലൊന്നാണ് എന്റെ ആദ്യ വിമാനയാത്ര (ആദ്യ കപ്പൽ യാത്ര ഇവിടെ)

      ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറേണ്ടി വരും എന്ന് എനിക്ക് ഉറപ്പായിരുന്നു.കാരണം ഒരു മുസൽമാനെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ശേഷി അനുവദിക്കുന്നുവെങ്കിൽ ഹജ്ജ് നിർബന്ധമാണ്. അത് സൌദിഅറേബ്യയിലെ മക്കയിൽ ചെന്ന് തന്നെ നിർവ്വഹിക്കണം എന്നതിനാലും ഒരു മുസ്ലിം എന്ന നിലയിൽ എന്റെ ചിരകാലാഭിലാഷമായതിനാലും വിമാനയാത്ര ഞാൻ സ്വപ്നം കണ്ടിരുന്നു.

                2011-12 വർഷത്തെ ദേശീയ എൻ.എസ്.എസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ , ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ അപ്രീസിയേഷൻ അവാർഡിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ എൻ.എസ്.എസും തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് സഹായകമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ച വച്ച യൂണിറ്റിന്റെ അമരക്കാരൻ എന്ന നിലയിൽ പുരസ്കാര സ്വീകരണത്തിന് ദൽഹിയിൽ പോകാനുള്ള ടീമിലേക്ക് എനിക്കും ക്ഷണം കിട്ടി.ഡൽഹിയിൽ മുമ്പ് രണ്ട് തവണ പോയിരുന്നതിനാൽ വിമാനയാത്രയുടെ ത്രില്ലും രാഷ്ട്രപതി ഭവനിൽ വച്ച് നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിലുള്ള അഭിമാനവും ആയിരുന്നു ഈ യാത്രക്ക് സമ്മതം മൂളുമ്പോൾ എന്റെ മനസ്സ് നിറയെ.

           സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഒരു ജംബോ ടീം തന്നെയായിരുന്നു ദൽഹിയിലേക്ക് യാത്ര തിരിച്ചത്.നെടുംബാശേരി അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്ന് 2012 നവംബർ 18നുള്ള എയർ ഇന്ത്യാ വിമാനത്തിൽ ആയിരുന്നു ഞങ്ങളുടെ യാത്ര.ഇന്റെർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത് എടുത്ത ഒരു തുണ്ട് പേപ്പറും തിരിച്ചറിയൽ കാർഡുമായി ഞാനും എന്റെ ബാഗേജും ഇന്റർനാഷണൽ ടെർമിനലിൽ പ്രവേശിച്ചു.(എയർ ഇന്ത്യയുടെ ഏതൊക്കെയോ വിമാനങ്ങൾ ഇന്റർനാഷണൽ ആയതിനാൽ ആഭ്യന്തര വിമാനങ്ങളും ഈ ടെർമിനലിൽ നിന്നാണത്രെ പുറപ്പെടാറ്‌.പക്ഷേ വിമാനം ഇന്ത്യൻനാഷണൽ തന്നെ!)

                 കൌണ്ടറിൽ എന്തൊക്കെയോ പൂരിപ്പിച്ച് നൽകി ബാഗിന് അന്തസ്സുള്ള ഒരു ‘നെക്ലേസും’ കെട്ടി അതിനെ അവർ പറഞ്ഞ സ്ഥലത്ത് വച്ചു കൊടുത്തു.”ദിം…ഡിം….” ബാഗ് എന്നെ വിട്ട് ഒരു ബെൽറ്റിലൂടെ നീങ്ങാൻ തുടങ്ങി.അത് എവിടേക്കോ പോയ് മറഞ്ഞു.ഇതേപോലെ മറ്റുള്ളവരുടെ ബാഗും അപ്രത്യക്ഷമാകാൻ തുടങ്ങിയതോടെ എന്റെ മലയാളി മനസ്സിന് സമാധാനമായി!കയ്യിലുള്ള ബാഗിനും എയർ ഇന്ത്യ നെക്ലേസ് കെട്ടി അടുത്ത കൌണ്ടറിലേക്ക് നീങ്ങി.വിമാനയാത്ര ചിരപരിതനായ നിസാം സാർ കൂടെയുണ്ടായിരുന്നതാണ് ഏക ആശ്വാസം.

           അടുത്ത കൌണ്ടറിൽ കർശനമായ ചെക്കിംഗ് നടത്തുന്നത് കണ്ട് അല്പം അന്ധാളിച്ചെങ്കിലും ,ഡൊമസ്റ്റിക് യാത്രക്കാർക്ക് അത് ആവശ്യമില്ല എന്ന് തൊട്ടടുത്ത നിമിഷം മനസ്സിലായി.എങ്കിലും ഇത്രയും യാത്രക്കാരെ പരിശോധിക്കാൻ ഒരു കൌണ്ടർ മാത്രം ഒരുക്കിയവരുടെ അതിബുദ്ധിയെ ഞാൻ മനസ്സിൽ ശപിച്ചു.