Pages

Thursday, April 18, 2013

കിട്ട്യാൽ ഊട്ടി, പോയാൽ പട്ടി - (ആദ്യ വിമാനയാത്ര - 4)

 ഒന്നാം ഭാഗം 
  രണ്ടാം ഭാഗം
 മൂന്നാം ഭാഗം

“സാർ…വെജ് ഓർ നോൻ വെജ്…?”

“ബെജ്ജോ ബെജ്ജന്നോ….അപ്പോ ങ്ങള് മലപ്പോറത്താരാല്ലേ….അല്ലെങ്കിലും ഈ ബയസ്സു കാലത്ത് ഇമ്മാതിരി ബണ്ടി ഉന്താനൊന്നും കജ്ജൂല…ങ്ങൾ ബ്‌ടി..ഞമ്മൾ ഉന്തിത്തരാ…” ഞാൻ ഒരു കൈ സഹായം ഓഫർ ചെയ്തു.

“സാറേ….വെജിടേറിയൻ വേണോ നോൺ വേണൊ ന്നാ ചോദിച്ചത്…ബെജ്ജോ ബെജ്ജന്നല്ല….വെജ് ഓർ നോൻ വെജ്….” നിസാം സാർ പറഞ്ഞു.

“അജ്ജേ…ന്നാ ജ്ജൊര് വെജ്ജ് ബെക്ക്….” ചമ്മലോടെ ഞാൻ പറഞ്ഞു.അവർക്ക് മനസ്സിലായ രൂപത്തിൽ ഒരു പൊതി വച്ച് അവർ അടുത്ത സീറ്റിലേക്ക് നീങ്ങി .തിന്നാനായി പൊതി തുറന്ന് നോക്കിയപ്പോൾ ആദ്യം കിട്ടിയത് ഒരു കോഴിക്കാലിന്റെ നാലിലൊന്നിന്റെ മൂന്നിലൊന്ന്!

“സാർ , ഞാൻ വെജ് ആയിരുന്നു പറഞ്ഞത്…” ഞാൻ നിസാം സാറോട് പറഞ്ഞു.

“ഇത് എയർ ഇന്ത്യാ വിമാനമാണ്…” നിസാം സാറുടെ മറുപടി എനിക്കൊന്നും മനസ്സിലായില്ല. പിന്നെ ഒന്നും പറയാതെ ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഭക്ഷണത്തിലേക്ക് നാലോ അഞ്ചോ തവണ കൈ പോയപ്പോഴേക്കും ‘ കറ കറാ’ ശബ്ദം കേട്ടു.

“സാറേ, പ്ലേറ്റ് കീറും…” നിസാം സാർ മുന്നറിയിപ്പ് നൽകി.

          ഭക്ഷണത്തോടൊപ്പം തന്നെ ചില ഐറ്റംസ് സർവ്വ് ചെയ്ത പാത്രങ്ങൾ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.ഡിസ്പോസിബിൾ ആയതിനാൽ അവ മെല്ലെ ബാഗിലാക്കാൻ ഞാൻ തീരുമാനിച്ചു. സ്ഥിരം യാത്രക്കാരനായ നിസാം സാർക്ക് ഈ പാത്രങ്ങളുടെ  ആവശ്യം വരില്ല എന്ന് എനിക്ക് തോന്നി.അപ്പോൾ അദ്ദേഹത്തിന്റേതും കൈക്കലാക്കാം എന്ന് കരുതി ഞാൻ നിസാം സാറോട് പറഞ്ഞു –

“സാറേ…ആ പാത്രങ്ങൾ ഒഴിഞ്ഞാൽ എനിക്ക് തരണേ….ബാഗിൽ എടുത്ത് വയ്ക്കാനാ…”

“ങൂ…ഹും…അവ തിരിച്ചു കൊടുക്കണം…”

“ഇല്ലെങ്കിൽ..?”

“ഇല്ലെങ്കിൽ ഇവരിവിടെ പിടിച്ചു വയ്ക്കും…”

“ഇവരാണ് പിടിക്കുന്നതെങ്കിൽ കുശാലായി!!!“

“ദേ …വണ്ടി തിരിച്ചു വരുന്നു….പാത്രം വേഗം കാലിയാക്കി തിരിച്ചു കൊടുക്കാൻ നോക്ക്…”

        കാലിയായ പാത്രം എന്റെ കയ്യിൽ നിന്ന് തട്ടിപ്പറിക്കുന്ന പോലെ എനിക്ക് തോന്നി.ഒന്ന് ചോദിച്ചു നോക്കിയാലോ – കിട്ട്യാൽ ഊട്ടി, പോയാൽ പട്ടി എന്നല്ലേ പണ്ടാരോ പറഞ്ഞത്?എന്തായാലും 20000 അടി മുകളിൽ നിന്നും പിടിച്ച് താഴേക്ക് ഇടുകയൊന്നുമില്ലല്ലോ.

“കാൻ ഐ ടേക്ക് ദിസ്…?” കയ്യിൽ കിട്ടിയ സാധനമെടുത്ത് ഞാൻ ധൈര്യസമേതം അവരോട് ചോദിച്ചു.

“വൈ നോട്ട്…!!!!!“

“താങ്ക് യൂ..” ഒരു സാമ്രാജ്യം കിട്ടിയ സന്തോഷത്തിൽ ഞാൻ എന്റെ കയ്യിലെ പാത്രത്തിലേക്ക് നോക്കി.

“ഛെ!!“ എന്റെ കയ്യിൽ ഉണ്ടായിരുന്നത് ഒരു ഡിസ്പോസിബിൾ വാട്ടർ ബോട്ടിൽ ആയിരുന്നു.എനിക്ക് സമ്മതം തന്നത് അത് എടുക്കാനാണ് എന്ന് മനസ്സിലാക്കിയ ആ നിമിഷം തന്നെ മറ്റ് സാധനങ്ങൾക്കൊപ്പം ഞാൻ അതും മടക്കി കൊടുത്തു.നിസാം സാർ ഒന്നുമറിയാത്തപോലെ മുകളിലേക്ക് നോക്കി ചിരിച്ചുകൊണ്ടിരുന്നു.

          അല്പനേരം കൂടി കഴിഞ്ഞു കാണും, എന്റെ ചെവി വേദനിക്കാൻ തുടങ്ങി.വേദന അമർത്തിപ്പിടിച്ച് ഞാൻ ശ്രദ്ധതിരിക്കാൻ നോക്കി.വേദന കൂടിക്കൂടി വന്ന് അസഹ്യമായി തോന്നി.ഇനിയും തുടർന്നാൽ എന്റെ ചെവി ക്ലോസാകും എന്ന് എനിക്കുറപ്പായി.തീവണ്ടിയിലെപ്പോലെ പിടിച്ചുവലിക്കാൻ എവിടെയെങ്കിലും ചങ്ങലയുണ്ടോ എന്ന് ഞാൻ വീണ്ടും നോക്കി.ഓക്സിജൻ ലഭ്യതക്ക് സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ എയർഹോസ്റ്റസുമാർ ഡെമോ നൽകിയിരുന്നെങ്കിലും ചെവി വേദനക്ക് ഒരു മരുന്നും നിർദ്ദേശിച്ചിരുന്നില്ല.

           പെട്ടെന്ന് , സീറ്റ് ബെൽറ്റ് ഇടാനുള്ള നിർദ്ദേശം വന്നു.ഉറങ്ങുന്നവരെ എയർഹോസ്റ്റസുമാർ തട്ടിയുണർത്തി, സീറ്റ് നേരെയാക്കി ബെൽറ്റിടാൻ നിർദ്ദേശിച്ചു.വിമാനം ഒന്ന് താഴ്ന്നു.ലാന്റിങ്ങിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് എന്ന് മനസ്സിലായി.അപ്പോഴാണ് എനിക്ക് ഒരു കുബുദ്ധി തോന്നിയത് – ‘ടേക്ക് ഓഫിനും ലാന്റിങ്ങിനും സീറ്റ് ബെൽറ്റിടണം എന്നാണല്ലോ…ഇടാതെ ഒന്ന് പരീക്ഷിച്ചാലല്ലേ അതു കൊണ്ടുള്ള പ്രശ്നത്തിന്റെ ഗുട്ടൻസ് മനസിലാകൂ…’


(തുടരും....)

9 comments:

Areekkodan | അരീക്കോടന്‍ said...

“താങ്ക് യൂ..” ഒരു സാമ്രാജ്യം കിട്ടിയ സന്തോഷത്തിൽ ഞാൻ എന്റെ കയ്യിലെ പാത്രത്തിലേക്ക് നോക്കി.

ajith said...

ഒരു കോഴിക്കാലിന്റെ നാലിലൊന്നിന്റെ മൂന്നിലൊന്നെന്ന് പറഞ്ഞാലെത്ര്യാ....??

ഫൈസല്‍ ബാബു said...

“അജ്ജേ…ന്നാ ജ്ജൊര് വെജ്ജ് ബെക്ക്…. hahaha ,,,athu kalaki

kochumol(കുങ്കുമം) said...

ഗുട്ടൻസ് മനസിലാക്കിയാ ..:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതുശരി അപ്പൊ ആദ്യം തന്ന മിട്ടായി ഒക്കെ കടിച്ചു ചവച്ചങ്ങു വിഴുങ്ങി കാണും അല്ലെ?

Areekkodan | അരീക്കോടന്‍ said...

ajithjee...അതിനാ പറഞ്ഞേ തലക്കകത്ത് അല്പം കിഡ്‌നി വേണം ന്ന്...

ഫൈസലേ...ഞമ്മള്‍ ബിചാരിച്ച് ഓള് മലപ്പൊറത്താന്ന്....

കൊച്ചുമോളേ....മനസ്സിലാക്കി അല്ലേ?

പണിക്കര്‍ മാഷേ....അതൊന്നും കിറ്റിയില്ല, എയര്‍ ഇന്ത്യ്യാണേ....

പട്ടേപ്പാടം റാംജി said...

ആദ്യം കിട്ടിയത് ഒരു കോഴിക്കാലിന്റെ നാലിലൊന്നിന്റെ മൂന്നിലൊന്ന്!
അടുത്തേല് പരീക്ഷണമാകും അല്ലേ?

Akbar said...

“അജ്ജേ…ന്നാ ജ്ജൊര് വെജ്ജ് ബെക്ക്….” ചമ്മലോടെ ഞാൻ പറഞ്ഞു.അവർക്ക് മനസ്സിലായ രൂപത്തിൽ ഒരു പൊതി വച്ച് അവർ അടുത്ത സീറ്റിലേക്ക് നീങ്ങി .തിന്നാനായി പൊതി തുറന്ന് നോക്കിയപ്പോൾ ആദ്യം കിട്ടിയത് ഒരു കോഴിക്കാലിന്റെ നാലിലൊന്നിന്റെ മൂന്നിലൊന്ന്!

ha ha ha ha :)

ente lokam said...

ithanu indian airlines..ha..ha..

Post a Comment

നന്ദി....വീണ്ടും വരിക