Pages

Saturday, April 20, 2013

ഡൽഹിയിലെ താജ്മഹൽ (ആദ്യ വിമാനയാത്ര - 5)

 ഒന്നാം ഭാഗം 
  രണ്ടാം ഭാഗം
 മൂന്നാം ഭാഗം
നാലാം ഭാഗം.

എയർ ഹോസ്റ്റസുമാർ ഓരോരുത്തരുടേയും അടുത്ത് വന്ന് എന്തൊക്കെയോ പിറുപിറുക്കി.സീറ്റ് ബെൽറ്റിടാനാണ് അവർ പറയുന്നത് എന്ന് അവരുടെ നോട്ടത്തിന്റെ ദിശയിൽ നിന്നും ഞാൻ മനസ്സിലാക്കി.ബെൽറ്റ് ഇട്ടപോലെ കാണിച്ചുകൊണ്ട് ഞാൻ സമർത്ഥമായി മറച്ചു വച്ചു.എന്നിട്ട് നിസ്സാം സാറോട് ചോദിച്ചു.

“സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്വാ?”

“ടേക്ക് ഓഫിനും ലാന്റിങ്ങിനും സീറ്റ് ബെൽറ്റ് ഇടുന്നതാ ഉത്തമം...”

“ ഉത്തമൻ അവിടെ നിൽക്കട്ടെ , വേറെ ആരെങ്കിലും??”

“ഏയ്....ആരും നോക്കില്ല...”

“എങ്കിൽ ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ....”

“പക്ഷേ ചില സ്ഥലങ്ങളിൽ എയർ പോക്കറ്റുകൾ ഉണ്ടാകും ....വിമാനം പെട്ടെന്ന് എയർ പോക്കറ്റിൽ വീണാൽ...”

“ വീണാൽ...????”

“ഒരു പക്ഷേ കണ്ട്രോൾ പോയേക്കാം...”

“ബെൽറ്റിടാത്തവർക്കോ ?”

“വിമാനത്തിന്...ഒപ്പം ബെൽറ്റിടാത്തവർക്കും....”

“അതു സംഭവിക്കാറുണ്ടോ?”

“ങും...എന്റെകഴിഞ്ഞ യാത്രയിൽ ഞാൻ ഒരു കപ്പ് ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു... ബെൽറ്റിടാൻ നിർദ്ദേശം വന്നിട്ടും ചായ കുടിച്ച് കൊണ്ടിരുന്നതിനാൽ ഞാനത് അത്ര ഗൌനിച്ചില്ല....”

“എന്നിട്ട്?”

“ട്ടോ..:“ ഞാൻ ഞെട്ടിപ്പോയി...”ഒന്നുമില്ല , വിമാനം ഒരു എയർ പോക്കറ്റിൽ വീണു.ഞാനും ഗ്ലാസ്സും പെട്ടെന്ന് താഴ്ന്നു. ചായ എയറിലും...”

“ആഹാ....കട്ടൻ ചായയോ പാൽ ചായയോ?”

കേൾക്കാൻ രസമുള്ള ബഡായി ആയതിനാൽ ഞാൻ അറിയാതെ ചോദിച്ചുപോയി.നിസാം സാർ രൂക്ഷമായി എന്നെ ഒന്ന് നോക്കി.ഞാൻ കാക്കതൂറിയ ജഗദീശിനെപ്പോലെയായി.

“കറക്ട് ആ ചായയുടെ അടിയിലേക്ക് ഒരു കഷണ്ടി വന്ന് വീണു...” അത് എനിക്കിട്ടുള്ള ഒരു തട്ടാണെന്ന് മനസ്സിലായതിനാൽ ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല.കൂടുതൽ ഒന്നും ആലോചിക്കാതെ എന്റെ ബെൽറ്റ്‌ലെസ്സ് പരീക്ഷണം ഞാൻ മാറ്റിവച്ചു.

       വിൻഡോഗ്ലാസ്സിലൂടെ ദൽഹി നഗരത്തിൽ ഓടുന്ന വാഹനങ്ങളുടെ പ്രകാശിക്കുന്ന കണ്ണുകൾ ദൃശ്യമായിത്തുടങ്ങി.

“അതാ താജ്മഹൽ....” വിൻഡോസീറ്റിനടുത്തിരുന്ന മഹതികളിലൊരാൾ വിളിച്ചു പറഞ്ഞു.

“ആഹാ....താജ്മഹലിന് ഡൽഹിയിലും ബ്രാഞ്ച് തുടങ്ങിയോ?” എനിക്ക് ചോദിക്കാതിരിക്കാനായില്ല.

“അതെന്താ സാറ്‌ അങ്ങനെ പറഞ്ഞത്?നമ്മൾ താജ്മഹൽ കാണാനും പോകും എന്നാണല്ലോ പറഞ്ഞത്?” അഫ്നാസിന്റെ സംശയം.

“താജ്മഹൽ ആഗ്രയിലാ...”

“ആഗ്ര ഡൽഹിയിലല്ലേ?”

“ആഗ്ര ആഗ്രയിൽ, ഡൽഹി ഡൽഹിയിൽ....”

“ഓ...ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമ പ്രകാരം അല്ലേ?”

“ങേ!!!!!അതെങ്ങനെ?” അഫ്നാസിന്റെ ഉത്തരം കേട്ട് എന്റെ കഷണ്ടി  തിളച്ചുപോയി.

“ ഗുരുത്വാകർഷണനിയമ പ്രകാരം എല്ലാ വസ്തുക്കളേയും ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നു.ആഗ്ര ആഗ്രയുടെ കേന്ദ്രത്തിലേക്ക് ആകർഷിക്കപ്പെടുന്നതു കൊണ്ട് ആഗ്ര ആഗ്രയിലും, ഡൽഹി ഡൽഹിയുടെ കേന്ദ്രത്തിലേക്ക് ആകർഷിക്കപ്പെടുന്നതു കൊണ്ട് ഡൽഹി ഡൽഹിയിലും സ്ഥിതി ചെയ്യുന്നു...”

               പെട്ടെന്ന് വിമാനം എവിടെയോ തട്ടുന്നപോലെ തോന്നി. ചെറിയ ഒരു കുലുക്കവും അനുഭവിച്ചു. വിമാനം വീണ്ടും ഭൂമിയിലിറങ്ങി. റൺ‌വേയിലെ ലൈറ്റുകൾക്കിടയിലൂടെ നീങ്ങി വിമാനം എവിടെയോ പോയി നിന്നു. അല്പ സമയത്തിന് ശേഷം എല്ലാവരും സീറ്റിൽ നിന്ന് എണീറ്റു.ഹാന്റ്റ് ബാഗുകളുമെടുത്ത് ഞങ്ങൾ വിമാനത്തിൽ നിന്നും പുറത്തിറങ്ങി.ലഗേജ് കിട്ടിയപ്പോൾ വിമാനത്താവള കാഴ്ചകളും കണ്ട് ഞങ്ങൾ പുറത്തെത്തി.നേരത്തെ പറഞ്ഞ് ഏല്പിച്ചിരുന്നതിനാൽ,  ഞങ്ങളുടെ സംഘത്തലവൻ കെ.ആർ.എസ് പാർസൽ സർവീസിന്റെ ഡ്രൈവറെ ഫോണിൽ ബന്ധപ്പെട്ടു.

‘ഇത്രയും പേരും അവരുടെ ലഗേജും അടങ്ങുമ്പോൾ ലോറി തന്നെ വേണ്ടി വരും’ ഞങ്ങളെ കൊണ്ടുപോകാൻ പാർസൽ സർവീസിന്റെ ലോറി തന്നെ ഏർപ്പാടാക്കിയതിലുള്ള ഔചിത്യം ഞാൻ എന്റെ മനസ്സിനെ മനസ്സിലാക്കിച്ചു.


(തുടരും....)


11 comments:

ajith said...

“ആഹാ....താജ്മഹലിന് ഡൽഹിയിലും ബ്രാഞ്ച് തുടങ്ങിയോ?”

ചോദിച്ചില്ലെങ്കിലേ അതിശയമുള്ളു

Sureshkumar Punjhayil said...

Yathra thathparyathode thudarunnu ...!

Manoharam, Ashamsakal...!

പട്ടേപ്പാടം റാംജി said...

ഞാൻ കാക്കതൂറിയ ജഗദീശിനെപ്പോലെയായി.

ആവു..സമാധാനമായി. കുന്തം നിന്നല്ലോ.
നന്നായി ചിരിപ്പിച്ചു, ഒപ്പം പഠിപ്പിച്ചു.

Cv Thankappan said...

ഗുരുത്വാകര്‍ഷണം.......
ആശംസകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മുകളിലേക്കു പോയ ചായ വായിച്ചപ്പോൾ ഞാൻ ഇത് ഓർത്തു പോയി. ഹ ഹ ഹ

അഷ്‌റഫ്‌ സല്‍വ said...

ഞങ്ങളെ ചിരിപ്പിക്കാൻ നിങ്ങള്ക്ക് എന്തെങ്കിലും ഒരു കാരണം കിട്ടിയാൽ മതിയല്ലോ

ഫൈസല്‍ ബാബു said...

തട്ടി മുട്ടി അങ്ങിനെ ഡല്‍ഹിയില്‍ എത്തി അല്ലെ ,,ഹാവൂ സമാധാനമായി ..

Akbar said...

സീറ്റ് ബെൽട്ടിന്റെ കാര്യം പറഞ്ഞപ്പോൾ കഴിഞ്ഞ തവണ നാട്ടിൽ പോകുമ്പോൾ ഉണ്ടായ ഒരു അനുഭവം ഓർമ്മ വരുന്നു.

ഉംറ കഴിഞ്ഞു തിരിച്ചു പോകുന്ന കുറെ പേർ ഉണ്ടായിരുന്നു ആ ഫ്ലൈറ്റിൽ. ഞാൻ പിറകിലെ ടോയിലെറ്റിൽ പോയി തിരിച്ചു വരുമ്പോൾ ഒരു വൃദ്ധയായ സ്ത്രീ എന്നെ ദയനീയമായി നോക്കുന്നു.

എന്നോട് എന്തോയാജിക്കും പോലെ തോന്നി. ഞാൻ ചോദിച്ചു എന്ത് പറ്റി. അവർ മറുപടി പറയുന്നതിന് പകരം ബെല്ട്ടിലേക്കു ചൂണ്ടിക്കാട്ടി.

കാര്യം മനസ്സിലായ ഞാൻ അതു അണ്‍ലോക്ക് ചെയ്തു കൊടുത്തു. പിന്നെ അവർ ടോയിലെറ്റിലേക്ക് ഒരു ഓട്ടം ആയിരുന്നു.

(ഇത്തരം ബെൽട്ടുകളുടെ മോഡൽ കുറഞ്ഞ വിലക്ക് വാങ്ങിക്കാൻ കിട്ടും. ഉംറ ഹജ്ജ് യാത്രകൾ സംഘടിപ്പിക്കുന്ന ട്രാവൽ എജെന്സികൾ ഒരെണ്ണം വാങ്ങി വെച്ച് ആദ്യ യാത്രക്കാരായ തീർഥാടകർക്ക് ഒന്ന് കാണിച്ചു കൊടുത്താൽ അതൊരു പുണ്ണ്യ കർമ്മം ആയിരിക്കും)

Echmukutty said...

ആഹാ! കൊള്ളാമല്ലോ. അപ്പോ ദില്ലിയിലെത്തി അല്ലേ?

ente lokam said...

ചിരിപ്പിച്ചു നിങ്ങൾ കൊല്ലും .


ഗുരുത്വാകര്ഷണ നിയമ പ്രകാരം
ആഗ്ര ആഗ്രയിലും ഡല്ഹി ഡൽഹിയിലും

kochumol(കുങ്കുമം) said...

അങ്ങനെ ഡല്‍ഹി എത്തി ..

Post a Comment

നന്ദി....വീണ്ടും വരിക