Pages

Saturday, September 27, 2025

റോത്താങ്ങിലെ മഞ്ഞുമലയിൽ...(മണാലി ഡയറീസ്-6)

മണാലി ഡയറീസ്-5

കാശ്മീരിൽ പോയപ്പോൾ മഞ്ഞിൽ കളിക്കാൻ വളരെ ചുരുങ്ങിയ സമയം  മാത്രമേ ഞങ്ങൾക്ക് കിട്ടിയിരുന്നുള്ളു.അതുതന്നെ സോനാമാർഗ്ഗിൽ  നിന്ന് ലഡാക്ക് പോകുന്ന വഴിയിലുള്ള സീറോ പോയിന്റിൽ എത്തിയപ്പോഴാണ്  കിട്ടിയത്.അതിനാൽ തന്നെ മണാലിയിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് മുമ്പേ ഞാൻ  ചോദിച്ചുറപ്പിച്ച കാര്യം മഞ്ഞ് എവിടെ കാണാൻ  പറ്റും എന്നത്  മാത്രമായിരുന്നു. മഞ്ഞ് കാണുന്നത് വരെ വണ്ടി പോകും എന്നായിരുന്നു എനിക്ക് അതിന് കിട്ടിയ മറുപടി.

അടൽ ടണലും കടന്ന് മുന്നോട്ട് പോയ ഞങ്ങൾ നാഷണൽ ഹൈവേയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു. കോക്സ്ർ എന്ന ഗ്രാമത്തിൽ  എത്തിയപ്പോൾ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.റോഹ്താങ് പാസ് പെർമിറ്റ് ചെക്കിംഗ് ആയിരുന്നു കാരണം.മലിനീകരണവും ഗതാഗതവും നിയന്ത്രിക്കുന്നതിന് എല്ലാ വാഹനങ്ങൾക്കും റോഹ്താങ് പാസ് പെർമിറ്റ് നിർബന്ധമാണ്. പ്രതിദിനം 1,200 വാഹനങ്ങൾ മാത്രമേ അനുവദിക്കൂ.അതിനാൽ യാത്ര തീയ്യതി മുൻകൂട്ടി ആസൂത്രണം ചെയ്യണം.പെർമിറ്റ് ടാക്സിക്കാർ തന്നെ എടുക്കും.         

കോക്സ്ർ  കഴിഞ്ഞതോടെ തന്നെ മഞ്ഞ് കാണാൻ തുടങ്ങി.കടുത്ത ചുമയുമായി യാത്ര തുടങ്ങിയ എനിക്ക്  കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാനും തുടങ്ങി.റോഹ്താങ് പാസിൽ എത്തുന്ന സഞ്ചാരികൾക്ക്  ശ്വാസ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമായതിനാൽ ഡ്രൈവർ രവി എന്നോട് ഇടക്കിടെ കാര്യങ്ങൾ തിരക്കിക്കൊണ്ടിരുന്നു. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം രവി  ഞങ്ങളെ സ്നോ പോയിന്റിൽ ഇറക്കി.

റോഡിന്റെ ഇരുവശവും മഞ്ഞു മതിലുകൾ രൂപപ്പെട്ടിരുന്നു.അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന വാഹനങ്ങളും പാർക്ക് ചെയ്ത വാഹനങ്ങളും കൂടി കടുത്ത ഗതാഗത തടസ്സവും സൃഷ്ടിച്ചു. മഞ്ഞു മതിലിനും വാഹനങ്ങൾക്കും ഇടയിലുള്ള ചെറിയ ഗ്യാപിലൂടെ നടന്ന്  മതിലിൽ കണ്ട ഒരു വിടവിലൂടെ ഞങ്ങൾ ജനനിബിഡമായ  ആക്ടിവിറ്റി ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു.സ്കീയിങ്,ബൈക്ക് റൈഡിംഗ്,ജീപ്പ് റൈഡിംഗ്  തുടങ്ങീ മഞ്ഞിലെ എല്ലാ തരം  ആക്ടിവിറ്റീസും അവിടെ നടക്കുന്നുണ്ടായിരുന്നു. 

കയ്യിൽ കരുതിയ ഭക്ഷണ സാമഗ്രികൾ ഒന്നും തന്നെ ഞങ്ങൾ കഴിച്ചിരുന്നില്ല.വിശപ്പ് അനുഭവപ്പെട്ടപ്പോഴാണ് അവ വണ്ടിയിൽ ആണെന്ന് ഓർമ്മ വന്നത്.വണ്ടി പാർക്കിംഗിനായി എങ്ങോ  പോയി മറയുകയും ചെയ്തിരുന്നു.അതിനാൽ ഞങ്ങൾ നേരെ മുന്നിൽ കണ്ട നൂഡിൽസ് തയ്യാറാക്കി നൽകുന്ന ആളുടെ അടുത്തേക്ക് നീങ്ങി.അമ്പത് രൂപ നിരക്കിൽ  എല്ലാവർക്കും ഓരോ പ്ലേറ്റ് നൂഡിൽസ് വാങ്ങി കഴിച്ചു.വീണ്ടും സോനാമാർഗ്ഗിലെ സീറോ പോയിന്റും അന്ന് നൂഡിൽസ് കഴിച്ച ടെന്റും ഓർമ്മയിലേക്ക് ഓടിയെത്തി.മഞ്ഞിൽ തണുത്ത് വിറക്കുമ്പോൾ ആവി പറക്കുന്ന നൂഡിൽസിന് പ്രത്യേക രുചിയാണെന്ന് ഞങ്ങൾ വീണ്ടും തിരിച്ചറിഞ്ഞു. 

കഫക്കെട്ട് കാരണം കൂടുതൽ ദൂരം നടക്കാൻ പ്രയാസമനുഭവപ്പെട്ടതിനാൽ ഞാനൊരു പാറയിൽ ഇരുന്നു. ഭാര്യയും എൻ്റെ കൂടെ തന്നെ അവിടെ ഇരുന്നു.മക്കൾ മഞ്ഞിൽ കളിക്കാനായി എങ്ങോട്ടോ നീങ്ങി.ആദ്യമാദ്യം അവർ ഞങ്ങളുടെ കണ്ണെത്തും ദൂരത്ത് ആയിരുന്നെങ്കിലും നടന്ന് നടന്ന് അവർ എവിടെയോ മറഞ്ഞു.

അര മണിക്കൂറോളം ഞാനും ഭാര്യയും അവിടെ ഇരുന്നു. പെട്ടെന്ന് ശക്തമായ കാറ്റ് വീശാൻ തുടങ്ങി. എൻ്റെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാവാനും തുടങ്ങി. മക്കൾ തിരിച്ചു വരാത്തതിനാൽ ഭാര്യ അവരെത്തേടി പുറപ്പെട്ടു.നടന്ന് നടന്ന് അവൾ എവിടെയോ എത്തി. പിന്നെ അവൾക്ക് എന്നെയും കാണാതായി.അവസാനം ഒരു കുന്നിൻ്റെ മറുഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലത്ത് എത്തി. ഒന്ന് ഫോൺ ചെയ്യാനായി ഏതോ ഒരു ഡ്രൈവറോട് അറിയാവുന്ന രീതിയിൽ പറഞ്ഞു. ഫോണിന് റേഞ്ച് ഇല്ല എന്നുള്ള സത്യം അപ്പോഴാണ് തിരിച്ചറിഞ്ഞത്.

വീണ്ടും കുന്ന് കയറി അവൾ തിരിച്ച് നടന്നു.വഴി തെറ്റിപ്പോയതിനാൽ എന്നെയും കാണാതായതോടെ അവൾ പരിഭ്രമത്തിലായി. പക്ഷേ, ദൂരെ അവളെ കണ്ടു കൊണ്ടിരുന്ന ഞാൻ കൈ പൊക്കി മാടി വിളിച്ചെങ്കിലും അവളുടെ ശ്രദ്ധയിൽപ്പെട്ടില്ല.  എണീറ്റ് അവളുടെ അടുത്തേക്ക് പോകാൻ എൻ്റെ ആരോഗ്യസ്ഥിതി അനുവദിച്ചതുമില്ല. അവസാനം ഞാനിരുന്നതിൻ്റെ അടുത്തുണ്ടായിരുന്ന നൂഡിൽസ് കട തിരിച്ചറിഞ്ഞ് അവൾ എന്നെ കണ്ടെത്തി.അൽപം കഴിഞ്ഞ് മക്കളും തിരിച്ചെത്തിയപ്പോഴാണ് അവളുടെ ശ്വാസഗതി നേരെയായത്.

Next : മഞ്ഞ് മഴയിൽ


Thursday, September 25, 2025

സോളാങ്ങ് വാലി വഴി അടൽ ടണലിൽ (മണാലി ഡയറീസ് - 5)

മണാലി ഡയറീസ് - 4

പിറ്റേ ദിവസം നേരത്തെ തന്നെ ഞങ്ങളുടെ ടാക്സി ഹോട്ടലിലെത്തി. എട്ട് മണിക്ക് പുറപ്പെടാം എന്ന എൻ്റെ പ്ലാൻ ആറ് മണിക്ക് പുറപ്പെടണം എന്നാക്കി ഡ്രൈവർ മഹേഷ് മാറ്റി. കാരണം അപ്പോൾ മനസ്സിലായില്ലെങ്കിലും യാത്രയിൽ മനസ്സിലായി. ഭക്ഷണമായി പഴങ്ങളും ബ്രഡും ഞങ്ങൾ കയ്യിൽ കരുതി. കാരണം മുകളിലേക്ക് എത്തിയാൽ ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല എങ്കിലും വില കേട്ടാൽ ശ്വാസം മുട്ടും എന്ന് മഹേഷ് പറഞ്ഞിരുന്നു.

ടാക്സിക്കടുത്ത് എത്തിയപ്പോഴാണ് ഡ്രൈവർ മാറിയത് അറിഞ്ഞത്. രവി ചൗഹാൻ എന്നായിരുന്നു പുതിയ ഡ്രൈവറുടെ പേര്.നഗരം വാഹനത്തിരക്കിൽ അമരുന്നതിന് മുമ്പ് തന്നെ ഞങ്ങൾ നഗരാതിർത്തി പിന്നിട്ടു. ബിയാസ് നദിയിൽ നിന്നുള്ള തണുത്ത കാറ്റ് ഞങ്ങളെ തലോടാൻ തുടങ്ങി. നദിയുടെ പുലർകാല കാഴ്ച വളരെ മനോഹരമായിരുന്നു. വണ്ടി ഒന്ന് നിർത്തി പുറത്തിറങ്ങി ആസ്വദിക്കാൻ മനസ്സ് കൊതിച്ചു. എൻ്റെ മനസ്സ് വായിച്ച പോലെ രവി വണ്ടി സൈഡാക്കി!

"ക്യാ ഹുവ ?" ഞാൻ ചോദിച്ചു.

"യഹാം സെ ജാക്കറ്റ് ഓർ ഷൂ റെൻ്റ് ലേന ഹെ... സബ് മേരെ സാഥ് ആവൊ..." മഞ്ഞിൽ കളിക്കാനുള്ള വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന ഷോപ്പ് റോഡിൻ്റെ മറുഭാഗത്ത് ഞങ്ങൾ കണ്ടു. രവിക്കൊപ്പം ഞങ്ങൾ അങ്ങോട്ട് നടന്നു.

കാശ്മീരിൽ നിന്നും വ്യത്യസ്തമായി വിവിധ വർണ്ണങ്ങളിലുള്ള കോട്ടുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഒരു സ്ത്രീയായിരുന്നു കടയുടമ.  ഓരോരുത്തർക്കും പാകമായ കോട്ടും ഷൂസും തന്നെ കിട്ടി. സെറ്റ് ഒന്നിന് മുന്നൂറ് രൂപയായിരുന്നു വാടക. ഓരോ സെറ്റ് ഗ്ലൗസും തെർമൽ സോക്സും നൂറ് രൂപക്ക് ഇതിൻ്റെ കൂടെ മൂപ്പത്തി കച്ചവടമാക്കി.പുറത്തിറങ്ങിയപ്പോൾ ഒരു ചായക്കാരൻ കൃത്യ സമയത്ത് വന്നതിനാൽ നല്ലൊരു ചായയും കുടിച്ച ശേഷം    പുതിയ വേഷത്തിൽ ഞങ്ങൾ യാത്ര തുടർന്നു.

"സർ,  പഹ്ല  ഹം സോളാങ്ങ് വാലി ദേഖേഗ"  രവി പറഞ്ഞു.

"ആയിക്കോട്ടെ" ഞാൻ സമ്മതിച്ചു. 

സോളാങ്ങ് വാലിയെപ്പറ്റി പലരും പറഞ്ഞു കേട്ട അറിവും ഫോട്ടോകളിൽ കണ്ട അറിവും മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.മണാലിയിൽ പോകുന്നവർ എല്ലാവരും സോളാങ്ങ് വാലിയിൽ കൂടി പോകണം എന്ന് പണ്ടാരോ പറഞ്ഞുവച്ചത് പോലെയാണ് പല ടൂർ ഓപ്പറേറ്റർമാരുടെയും  വിവരണം കേൾക്കാറുള്ളത്.അതിനാൽ തന്നെ വളരെ പ്രതീക്ഷയോടെയാണ് ഞാൻ സോളാങ്ങ് വാലിയിലേക്ക് യാത്ര തുടർന്നത്.പൽചൻ പാലം കടന്ന് ഏതാനും നിമിഷങ്ങൾ പിന്നിട്ടപ്പോഴേക്കും രവി വാഹനം നിർത്തി.

"സർ, യെഹ് ഹേ സോളാങ്ങ് വാലി"  ആളൊഴിഞ്ഞ, മൈതാനം പോലെയുള്ള ഒരു സ്ഥലം കാണിച്ചുകൊണ്ട് രവി  പറഞ്ഞു.

"യെഹ്??"വിശ്വാസം വരാതെ ഞാൻ ചോദിച്ചു.

"ഹാം, യെഹ് ഹേ... മാർച്ച് തക് യഹാം സ്നോ ഹോത്താ ഹേ... തബ് പാരാഗ്ലൈഡിങ്,സ്കീയിങ് വഗെയ്‌രഹ് ചൽത്ത ഹെ"

"ചുരുക്കിപ്പറഞ്ഞാൽ മഞ്ഞുകാല സോളാങ് വാലി ബഹുത്ത് ഖുബ്‌സൂരത്ത് ഹെ"  ഞാൻ പറഞ്ഞു.

"ഹാം" ഞാൻ പറഞ്ഞതിലെ ഹിന്ദി മാത്രം മനസ്സിലായ രവി തലയാട്ടി.

സമയം അപ്പോൾ രാവിലെ ഏഴ് മണി കഴിഞ്ഞ് പതിനഞ്ച് മിനുട്ട് മാത്രമേ ആയിരുന്നുള്ളൂ.വാലിയിൽ മനുഷ്യർ ആരും ഉണ്ടായിരുന്നില്ല.പ്രത്യേകിച്ച് ഒരു ആകർഷണവും തോന്നാത്തതിനാൽ ഏതാനും ഫോട്ടോകൾ എടുത്ത്  ഞങ്ങൾ വേഗം സ്ഥലം വിട്ടു.പത്തിരുപത് മിനുട്ട് സഞ്ചരിച്ചപ്പോഴേക്കും ഞങ്ങൾ അടൽ ടണലിന്റെ മുന്നിലെത്തി.

ലേ - മണാലി ഹൈവേയിലെ തുരങ്കമായ അടൽ ടണൽ, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഏറ്റവും നീളമേറിയ ടണലാണ്.പതിനായിരം അടി ഉയരത്തിലുള്ള ടണലിന്റെ നീളം ഒമ്പത് കിലോമീറ്റർ ആണ്.2020 ലാണ് ഇതിന്റെ ഉത്‌ഘാടനം നടന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയത്.

ഞങ്ങൾ ആവശ്യപ്പെടാതെ തന്നെ ടണലിന്റെ കവാടത്തിൽ രവി കാർ സൈഡാക്കി.ശേഷം എല്ലാവരെയും ഇറക്കി നിരവധി ഫോട്ടോകൾ എടുത്തു.

എല്ലാവരെയും തിരിച്ച് വീണ്ടും കാറിൽ കയറ്റി രവി യാത്ര തുടർന്നു.കാശ്‍മീർ സന്ദർശന വേളയിൽ  ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് തുരങ്കമായ ശ്യാമപ്രസാദ് മുഖർജി ടണലിലൂടെ കടന്നു പോയ ഓർമ്മകൾ ഞങ്ങളുടെ മനസ്സിൽ തിരതല്ലി. ടണലിനുള്ളിൽ എവിടെയും ഇറങ്ങാനോ വണ്ടി നിർത്തി ഫോട്ടോ എടുക്കാനോ അനുവാദമില്ല.ഒമ്പത് കിലോമീറ്റർ സഞ്ചരിച്ച ശേഷം ഞങ്ങൾ വീണ്ടും സൂര്യപ്രകാശത്തിൽ എത്തി.


Next : മഞ്ഞു മലയിൽ

                       

Monday, September 22, 2025

ടിബറ്റൻ ലാഫിംഗും മറ്റ് സ്ട്രീറ്റ് ഫുഡുകളും (മണാലി ഡയറീസ് - 4)

മണാലി ഡയറീസ് - 3

ഉത്തരേന്ത്യൻ യാത്രകളിൽ പലരും നേരിടുന്ന പ്രധാന വെല്ലുവിളി ഭക്ഷണമാണ്. പല തരത്തിലുള്ള ഭക്ഷണവും ലഭ്യമാണെങ്കിലും ദക്ഷിണേന്ത്യൻ നാവുകൾക്ക് അത് ഇഷ്ടപ്പെടില്ല. ഭക്ഷണത്തിൽ ചേർക്കുന്ന രസക്കൂട്ടുകളും കടുകെണ്ണയും ആണ് ഇതിന് പ്രധാന കാരണം. കാശ്മീരിൻ്റെ വിവിധ ഭാഗങ്ങളിൽ, ബിസ്കറ്റ് മാത്രം തിന്നുകൊണ്ട് ഒരു മാസത്തോളം കറങ്ങേണ്ടി വന്ന അവസ്ഥ എൻ്റെ മുൻ സഹപ്രവർത്തകൻ പങ്കുവച്ചിരുന്നു.

ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തന്നെ തിന്നണം എന്ന നയമായതിനാലും ഒരു നാടിനെ അറിയാൻ അവരുടെ രുചിഭേദങ്ങൾ കൂടി അറിയണം എന്നതിനാലും ഇപ്രാവശ്യത്തെ യാത്രയിൽ ഞാൻ സ്ട്രീറ്റ് ഫുഡ് എക്സ്പ്ലൊറേഷൻ കൂടി ഉൾപ്പെടുത്തിയിരുന്നു.

ബുദ്ധ മൊണാസ്ട്രിയിൽ നിന്ന് പുറത്തിറങ്ങി വരുന്ന വഴിയിൽ ആദ്യം കണ്ടത് ഒരു പാനി പൂരി കച്ചവടക്കാരനെ ആയിരുന്നു.നാട്ടിലും സുലഭമായി കിട്ടുന്ന സാധനമാണെങ്കിലും അതിൻ്റെ മൊത്തം അപ്പിയറൻസ് പലപ്പോഴും മനം പിരട്ടുന്നതായതിനാൽ ഇതുവരെ ഞാനത്  രുചി നോക്കിയിട്ടില്ല. ഇവിടെയും ആ അവസ്ഥയിൽ നിന്ന് വലിയ വ്യത്യാസമൊന്നും ഞാൻ കണ്ടില്ല. ഒരു പക്ഷേ ഇതിലും വൃത്തിഹീനമായ സ്ഥലത്തോ സാഹചര്യങ്ങളിലോ ഭക്ഷണം കഴിച്ചത് കൊണ്ടാവാം, ജമ്മുവിൽ പഠിച്ച എൻ്റെ മൂത്ത മോൾക്കും മരുമകനും ഡൽഹിയിൽ പഠിച്ചു കൊണ്ടിരിക്കുന്ന രണ്ടാമത്തെ മകൾക്കും ഈ പാനീ പൂരി കടയും കടക്കാരനും അനഭിമതനായില്ല. അങ്ങനെ രണ്ടോ മൂന്നോ പ്ലേറ്റ് അകത്താക്കി അവർ സ്ട്രീറ്റ് ഈറ്റിംഗിന് തുടക്കം കുറിച്ചു. 

അൽപം കൂടി മുന്നോട്ട് നീങ്ങിയപ്പോൾ, നാട്ടിൽ പാൻ മസാല വില്ക്കുന്ന പോലെ ഒരു പെട്ടിയും അടച്ച് വെച്ച കുറച്ച് പാത്രങ്ങളുമായി ഒരു സ്ത്രീ ഇരിക്കുന്നത് കണ്ടു. അവർ എന്തോ ഒരു സാധനം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പെട്ടിയുടെ പുറത്ത് അതിൻ്റെ ചിത്രങ്ങളും 'ടിബറ്റൻ ലാഫിംഗ്' എന്ന പേരുമുണ്ട്. പണ്ട് എൻ്റെ ഉമ്മ ഉണ്ടാക്കിയിരുന്ന മൈദ ദോശ പോലെയുള്ള ഒരു സാധനമാണ് അടിസ്ഥാന വസ്തു. അതിലേക്ക് അല്പം അച്ചാറും ഉപ്പും എന്തോ ഒരു പൊടിയും വച്ച ശേഷം എണ്ണപോലെ ഒരു ദ്രാവകം ഒഴിച്ച് ഒരു സ്പൂണു കൊണ്ട് എല്ലായിടത്തും പരത്തി തേക്കും. ശേഷം അരി വറുത്തത് പോലെ എന്തോ ഒന്ന് ഒരു പിടി ഇതിനുള്ളിൽ വിതറും.അത് കഴിഞ്ഞ് മിക്സ്ചറിലെ കൊള്ളി പോലെയുള്ള എന്തോ ഒരു സാധനം കൂടി അൽപം ചേർക്കും.പിന്നെ അത് ചുരുട്ടിയെടുത്ത് ഒരു വെട്ടു കത്തി കൊണ്ട് ആറ് പീസാക്കി നാല് ടൂത്ത് പിക്കിനൊപ്പം ഒരു പ്ലേറ്റിലിട്ട് തരും. ഇതാണ് ടിബറ്റൻ ലാഫിംഗ്.

ടിബറ്റൻ ലാഫിംഗിന് ആകെ പത്ത് രൂപ പോലും  ചെലവുണ്ടാവില്ല എന്നാണ് എൻ്റെ വിശ്വാസം.മൂന്ന് മിനുട്ട് പോലും അധ്വാനവും ഇല്ല. രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന സ്വാദും ഇല്ല. തിന്ന് കഴിഞ്ഞ് നൂറ് രൂപ കൊടുക്കുമ്പോൾ, ലാഫിംഗ് തിന്ന് ക്രൈയിംഗ് മൂഡിലാവും എന്നതാണ് ടിബറ്റൻ ലാഫിംഗിൻ്റെ പ്രത്യേകത.

വൈകുന്നേരമായതിനാൽ  ഒരു ചായ കുടിക്കാൻ എല്ലാവർക്കും ആഗ്രഹം തോന്നി. അൽപം മുന്നോട്ട് നീങ്ങിയപ്പോഴേക്കും ഒരാൾക്കൂട്ടം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. ചെന്ന് നോക്കുമ്പോൾ ചായ കുടിക്കാനുള്ള തിരക്കാണ്.മണ്ണു കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കപ്പിൽ ആണ് ചായ നൽകുന്നത്. അൽപം മാത്രമേ ഉള്ളൂ എങ്കിലും കുടിച്ച് കഴിഞ്ഞപ്പോൾ ശരിക്കും ഒരു ഉന്മേഷം കിട്ടി.

രാത്രി വീണ്ടും ഞങ്ങൾ മാൾ റോഡിലേക്കിറങ്ങി. മാൾ റോഡിൻ്റെ രാത്രി ദൃശ്യങ്ങൾ ആസ്വദിക്കുന്നതോടൊപ്പം സ്ട്രീറ്റ് ഫുഡ് രുചിക്കുക എന്നത് കൂടിയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. അൽപം നടന്നപ്പോഴേക്കും ഒരു ഇന്തോ-നേപ്പാൾ ദമ്പതിമാർ നടത്തുന്ന കടയിലെത്തി. ആക്ച്വലി റോഡ് സൈഡിൽ ഡിസ്പ്ലേയും അടുക്കള മറ്റെവിടെയോയും ആയിരുന്നു.മോമോസും തുപ്പയും ആയിരുന്നു പ്രധാന വിഭവങ്ങൾ. ഒരു പ്ലേറ്റ് മോമോസിൽ തുടങ്ങി ക്രമമായി മുന്നേറി ആ ദമ്പതികൾ അന്നത്തെ കച്ചവടം നിർത്തുമ്പോഴും ഞങ്ങൾ അടുത്ത ഓർഡറിനുള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടെന്ന് മഴ പെയ്തതിനാൽ മണാലിയിലെ സ്ട്രീറ്റ് ഫുഡ് എക്സ്പ്ലൊറേഷൻ ഞങ്ങൾ നിർത്തി.


Next : അടൽ ടണലിലേക്ക്.....

Saturday, September 20, 2025

മധുരിക്കും ഓര്‍മ്മകളെ...

മധുരിക്കും ഓര്‍മ്മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ...
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍....

മുമ്പ് പഠിച്ച സ്കൂളിലോ കലാലയത്തിലോ ഒരു വട്ടം കൂടി എത്തുമ്പോഴാണ് "കാരണവർ" എന്ന സിനിമയിലെ ഈ ഗാനം പലപ്പോഴും ഓർമ്മ വരാറ്. ഇന്നലെ എൻ്റെ നാട്ടിലെ പ്രഥമ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എത്തിയപ്പോൾ എൻ്റെ മനസ്സിലൂടെ ആരോ ഈ ഗാനം മൂളി.

ഞാൻ ഒരു വിദ്യാർത്ഥിയായി പഠിച്ചില്ല എങ്കിലും എനിക്ക് ഏറെ ഹൃദയ ബന്ധമുള്ള ഒരു സ്കൂളാണ് അരീക്കോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. എൻ്റെ വന്ദ്യപിതാവ് വളരെക്കാലം അദ്ധ്യാപകനായും പിന്നീട് ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിച്ച സ്കൂൾ,ഹയർ സെക്കൻഡറി ആയി ഉയർത്തിയപ്പോൾ ഞാൻ ഫിസിക്സ് അതിഥി അദ്ധ്യാപകനായി സേവനം ചെയ്ത സ്കൂൾ,എൻ്റെ മൂത്ത മകൾ ലുലു പ്ലസ് ടുവിന് പഠിച്ച സ്കൂൾ എന്നിവയാണ് ഇതിൽ എനിക്ക്  പ്രത്യക്ഷത്തിലുള്ള ബന്ധം. പക്ഷേ, അതിലുപരി എൻ്റെ കുട്ടിക്കാലത്തെ പുഷ്കലമാക്കിയ ഒരു ബന്ധം കൂടി ഈ സ്കൂളുമായി എനിക്കുണ്ട്.

ഞാനും അനിയനും യു പി സ്കൂളിൽ  പഠിക്കുന്ന കാലത്ത്, മദ്ധ്യവേനലവധി ആരംഭിച്ചാൽ ഞങ്ങളുടെ പിതാവ് ഞങ്ങളെ ഈ സ്കൂളിലേക്ക് അയക്കും.അവധിക്കാലത്ത് വായിക്കാനായി സ്കൂളിലെ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കാനാണ് ഇങ്ങനെ അയക്കുന്നത്. ജീവിതത്തിൽ ആദ്യമായി ലൈബ്രറി കണ്ടത് അന്നാണ്. കുറെ കഥാ പുസ്തകങ്ങളുമായി വീട്ടിൽ തിരിച്ചെത്തുന്ന ഞങ്ങൾ പിറ്റേന്ന് മുതൽ വായനയും തുടങ്ങും. ഞങ്ങൾ രണ്ട് പേരും ജ്യേഷ്ഠത്തിയും എല്ലാ പുസ്തകവും വായിച്ച് കഴിഞ്ഞാൽ അതെല്ലാം തിരിച്ച് കൊടുക്കും. വീണ്ടും പുതിയ പുസ്തകങ്ങൾ എടുക്കും. എൻ്റെ വായനയെയും എഴുത്തിനെയും രൂപപ്പെടുത്തിയത് ഈ കാലഘട്ടമാണ് എന്ന് ഞാൻ കരുതുന്നു.

ഇന്നലെ ഈ സ്കൂളിലെ യു.പി വിഭാഗത്തിലെ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനമായിരുന്നു. പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ അദ്ധ്യാപകരും പി.ടി.എയും ഒരുമിച്ച് പ്രയത്നിച്ചാണ് പന്ത്രണ്ട് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാറ്റിയത്. അതിനാൽ തന്നെ ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കേണ്ടതും അവരിൽപ്പെട്ട ഒരാളാകണം എന്ന് സംഘാടകർ തീരുമാനിച്ചു. ബാപ്പയുടെ സ്മരണകൾ നിറഞ്ഞ് നിൽക്കുന്ന സ്കൂളായതിനാൽ ഒരു ക്ലാസ് റൂം സ്മാർട്ടാക്കാനുള്ള പ്രഥമ ദൗത്യം ഞങ്ങളുടെ കുടുംബമായിരുന്നു ഏറ്റെടുത്തിരുന്നത്. അതിനാൽ സ്നേഹനിധിയായ എൻ്റെ ഉമ്മ കൊല്ലത്തൊടി ആയിഷാബി ടീച്ചറെ ആയിരുന്നു ഉദ്ഘാടകയായി തെരഞ്ഞെടുത്തത്.

സ്കൂളിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ ടീച്ചറുടെ സാന്നിദ്ധ്യത്തിൽ ഉമ്മ ആ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പഠനക്കാലത്തെപ്പറ്റി ഓർത്തെടുത്തും, ലഹരിയിൽ നിന്നും വിട്ടു നിൽക്കാൻ പുതിയ തലമുറയെ ഓർമ്മപ്പെടുത്തിയും, എൺപത്തിമൂന്ന് വയസ്സ് കഴിഞ്ഞ ഉമ്മ നല്ലൊരു പ്രസംഗം നടത്തി. ഉമ്മാക്ക് അകമ്പടി പോയ ഞാനും കുമ്പിടിയായി ചടങ്ങിൽ പങ്കെടുത്തു. പഴയ ലൈബ്രറി ഓർമ്മകൾ തിര തല്ലി വന്നതിനാൽ ഞാൻ എഴുതിയ മൂന്ന് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് നൽകിക്കൊണ്ട് പഴയ കടപ്പാടിൻ്റെ വളരെ ചെറിയ ഒരംശം കൂടി ഞാൻ നിറവേറ്റി.

വാൽ: വൈകിട്ട്, എൻ്റെ പഴയ സ്കൂളിൽ അപ്പുണ്ണി എന്ന കലാകാരൻ്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ഒരു കൊച്ചു കുട്ടി എൻ്റെ അടുത്തേക്ക് ഓടി വന്ന് ചോദിച്ചു - "സാർ ഇന്ന് ഞങ്ങളുടെ സ്കൂളിൽ പുസ്തകം തന്ന സാറല്ലേ?". സന്തോഷം കൊണ്ട് ഞാനവനെ എന്നോട് ചേർത്ത് പിടിച്ച് തലയിൽ തലോടി.


Thursday, September 18, 2025

ഹഡിംബ - മാൾറോഡ് - മൊണാസ്ട്രി (മണാലി ഡയറീസ് - 3)

മണാലി ഡയറീസ് - 2 (click & Read)

മണാലിയിൽ ഞങ്ങളെത്തുന്ന സമയവും താമസിക്കുന്ന ഹോട്ടലും എല്ലാം ടാക്സിക്കാരൻ മഹേഷ് എന്നോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു. ബസ് സ്റ്റാൻഡിൽ നിന്നും നടക്കാവുന്ന ദൂരത്തിലാണ് ഹോട്ടൽ ന്യൂ കെനിൽവർത്ത് ഇൻ്റർനാഷനൽ എന്ന ഞങ്ങളുടെ ഹോട്ടൽ എന്ന് അനിയനും പറഞ്ഞിരുന്നു. ലഗേജും അധികമില്ലാത്തതിനാൽ നടന്നു പോകാം എന്നായിരുന്നു ഞാൻ ഉദ്ദേശിച്ചത്. പക്ഷേ, മഹേഷ് അവിടെയും ഒരു മുഴം മുന്നിൽ ചാടി. സ്റ്റാൻഡിൽ ഇറങ്ങിയ ഉടൻ വിളിച്ചാൽ ഹോട്ടലിലേക്ക് പിക്കപ്പിന് വണ്ടിയുമായി എത്താം എന്ന് അയാൾ ഇങ്ങോട്ട് പറഞ്ഞു! മഴയായതിനാൽ അത് ഞങ്ങൾക്ക് ഉപകാരപ്രദവുമായി.

ഷെഡ്യൂൾ പ്രകാരമുള്ള സമയത്തിനും ഒരു മണിക്കൂർ മുമ്പ് ബസ് മണാലിയിൽ എത്തിയിരുന്നു. അതിനാൽ തന്നെ ബസ് ഇറങ്ങിയ ശേഷം വിളിച്ചപ്പോൾ മഹേഷ് അല്പനേരം കാത്തിരിക്കാൻ പറഞ്ഞു. കാത്തിരുന്ന് മുഷിയുന്നതിന് മുമ്പ് തന്നെ എനിക്ക് തിരിച്ച് വിളി വന്നു.പത്ത് മിനിട്ടിനകം ഞങ്ങൾ ഹോട്ടൽ ന്യൂ കെനിൽവർത്ത് ഇൻ്റർനാഷനലിൽ എത്തി. ഒന്ന് ഫ്രഷായി പ്രാതലും അൽപനേരം വിശ്രമവും കഴിഞ്ഞ ശേഷം പുറപ്പെട്ടാൽ തന്നെ സിറ്റിയിൽ ഇന്ന് കാണാവുന്ന കാഴ്ചകൾ പൂർത്തിയാക്കാം എന്ന് മഹേഷ് പറഞ്ഞു.

പ്രഭാത കർമ്മങ്ങളും കുളിയും കഴിഞ്ഞു ഞങ്ങൾ ഭക്ഷണത്തിനായി പുറത്തിറങ്ങി. മണാലിയിൽ തട്ടുകടയിൽ നിന്ന് നല്ല ഭക്ഷണം കിട്ടുമെന്നും ഹോട്ടലുകൾ കഴുത്തറുക്കും എന്നും അനിയൻ സൂചന നൽകിയിരുന്നു. സമയം വൈകിയതിനാൽ തട്ടുകടയിൽ ഭക്ഷണം കഴിഞ്ഞിരുന്നു. അതിനാൽ ബ്രഞ്ചാക്കി അൽപം കനത്തിൽ തന്നെ വിശപ്പടക്കി. ഉച്ചയോടെ മഹേഷിനൊപ്പം ഞങ്ങളുടെ മണാലി പര്യടനം തുടങ്ങി.

ഹിഡിംബാ ദേവി ക്ഷേത്രത്തിലേക്കായിരുന്നു മഹേഷ് ഞങ്ങളെ ആദ്യം കൊണ്ടുപോയത്. വളരെയധികം ഭക്തജനങ്ങളും അതിലേറെ ടൂറിസ്റ്റുകളും കടന്നു പോകുന്ന റോഡായിട്ട് പോലും അതിൻ്റെ വീതിയും അവസ്ഥയും വളരെ പരിതാപകരമായിരുന്നു. ചെറിയ ചില ബ്ലോക്കുകളിൽ പെട്ടെങ്കിലും അധികം വൈകാതെ ഞങ്ങൾ പാർക്കിംഗ് ഏരിയയിൽ എത്തി. ചില ദിവസങ്ങളിൽ മുകളിലേക്ക് എത്താൻ തന്നെ നാലഞ്ച് മണിക്കൂർ സമയമെടുക്കും എന്നറിഞ്ഞപ്പോൾ ഇന്നത്തെ സ്ഥിതിയിൽ വളരെയധികം ആശ്വാസം തോന്നി.തിരിച്ചിറങ്ങുമ്പോൾ വിളിച്ചാൽ മതി എന്നറിയിച്ച് മഹേഷ് എങ്ങോ പോയി.

പാർക്കിംഗ് ഏരിയയിൽ നിന്ന് ക്ഷേത്രത്തിലേക്ക് നീളുന്ന പാതയിൽ നല്ല തിരക്കായിരുന്നു. ഒരു കുന്നിന് മുകളിലായാണ് ക്ഷേത്രം എന്നത് മുന്നോട്ടുള്ള സ്റ്റെപ്പുകൾ വെയ്ക്കും തോറും എനിക്ക് മനസ്സിലായി.രണ്ട് ദിവസമായി തുടരുന്ന കഫക്കെട്ട് കാരണം ചെറിയ കയറ്റം പോലും എന്നെ ബുദ്ധിമുട്ടിച്ചിരുന്നു.ക്ഷേത്രം കാണാതെ തിരിച്ചു പോകാൻ എനിക്ക് മനസ്സ് വന്നതുമില്ല.

ജീവിതത്തിലാദ്യമായി "യാക്ക് " എന്ന മൃഗത്തെ ഞങ്ങൾ ഇവിടെ വെച്ച് കണ്ടു. ഇംഗ്ലീഷിലെ  "വൈ" എന്ന അക്ഷരം മക്കളെ പഠിപ്പിക്കുമ്പോൾ കണ്ട ചിത്രം എൻ്റെ മനസ്സിൽ വീണ്ടും തെളിഞ്ഞു. ഹിമാലയ റീജ്യണിലെ താമസക്കാർ പാലിനും മാംസത്തിനും കമ്പിളിക്കും ഗതാഗതത്തിനും എല്ലാം ഉപയോഗപ്പെടുത്തുന്ന പശു വർഗ്ഗത്തിൽപ്പെട്ടതാണ് ഈ മൃഗം. നല്ല സൈസ് ഉണ്ടെങ്കിലും ആള് പച്ചപ്പാവമാണ് എന്ന് പിന്നീട് മനസ്സിലായി.

ചെറിയ സ്റ്റെപ്പുകൾ കയറി ഞങ്ങൾ കാട് പോലെയുള്ള ഒരു സ്ഥലത്തെത്തി.ദേവദാരു വൃക്ഷങ്ങളായിരുന്നു മരങ്ങളിൽ കൂടുതലും. ധുംഗരി വൻ വിഹാർ എന്ന വനത്താൽ ചുറ്റപ്പെട്ടതാണ് ധുംഗരി ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്ന ഹഡിംബ ക്ഷേത്രം. 1553 ലാണ് പൂർണ്ണമായും മരത്തടിയിലുള്ള ഈ ക്ഷേത്രം നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു. മഹാഭാരത കഥയിലെ ഭീമൻ്റെ ഭാര്യ ഹിഡിംബ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്.

ക്ഷേത്രത്തിനകത്ത് പ്രവേശിക്കാൻ നീണ്ട ക്യൂ ആയിരുന്നു. ഞങ്ങൾക്കതിൽ താല്പര്യം ഇല്ലാത്തതിനാൽ മക്കൾ ദേവദാരു കാട്ടിലൂടെ ഒരു പ്രദക്ഷിണം നടത്താൻ പോയി. ഞാനും ഭാര്യയും ക്ഷേത്ര പരിസരത്ത് തന്നെ ഇരുന്നു. മക്കൾ തിരിച്ചെത്തിയതോടെ മഹേഷിനെ വിളിച്ച് ഞങ്ങൾ തിരിച്ച് പോന്നു.

മണാലിയിലെ മാൾ റോഡായിരുന്നു പിന്നീട് കാണാനുള്ളത്. മണാലിയിലെ ഏറ്റവും തിരക്കേറിയ തെരുവാണ് മാൾ റോഡ്. ഏതെങ്കിലും മാളുകൾ സ്ഥിതി ചെയ്യുന്നത് കൊണ്ടല്ല ഈ പേര് ലഭിച്ചത്. പേരിൻ്റെ പിന്നിൽ ബ്രീട്ടീഷുകാരുമായി ബന്ധമുണ്ട്.കുന്നിൻ പ്രദേശത്തുള്ള ഈ റോഡിന്റെ ഒരു വശത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഭാര്യമാരോടും കുട്ടികളോടും ഒപ്പം താമസിച്ചിരുന്നു. മറുവശത്ത് സൈനികർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇക്കാരണത്താൽ ഇതിന് മാരീഡ് അക്കൊമഡേഷൻ ആൻഡ് ലിവിംഗ് ലൈൻ (MALL റോഡ്) എന്ന് പേരിട്ടതാണ് പോലും.

ഷിംലയിലാണ് ഏറ്റവും പ്രസിദ്ധമായ മാൾ റോഡുള്ളത്. ഹിമാചൽ പ്രദേശിലെ തനത് സാധനങ്ങൾ എല്ലാം മാൾ റോഡിൽ ലഭ്യമാണ്. സ്ട്രീറ്റ് ഫുഡ് ടേസ്റ്റിംഗ് ഈ യാത്രയുടെ പ്രധാന അജണ്ടയിൽപ്പെട്ട ഒന്നായതിനാലും രാത്രിയാണ് അതിൻ്റെ വൈബ് എന്നതിനാലും മാൾ റോഡിൽ ഞങ്ങൾ അധികം നിന്നില്ല. മഹേഷ് പറഞ്ഞ് തന്ന വഴിയിലൂടെ നടന്ന് ഞങ്ങൾ ബുദ്ധ മൊണാസ്ട്രിയിലെത്തി.

മനോഹരമായ ഒരു കുന്നിൻ ചെരുവിലാണ് 1969ൽ സ്ഥാപിച്ച ഗധൻ തെച്ചോക്കിംഗ് ഗോമ്പ എന്ന ബുദ്ധ ആശ്രമം സ്ഥിതി ചെയ്യുന്നത്. ജാതി മത ലിംഗ ഭേദമന്യേ എല്ലാവർക്കും ബുദ്ധ ആശ്രമത്തിലേക്ക് പ്രവേശിക്കാം. മന്ത്രമുരുവിടുന്ന ബുദ്ധ ഭിക്ഷുക്കളെയും വലിയ ബുദ്ധ പ്രതിമകളെയുമാണ് അകത്ത് കാണാനുള്ളത്. ക്ഷേത്രച്ചുമരിലെ വർഷിപ്പ് വീൽ കറക്കിക്കൊണ്ട് ക്ഷേത്രം ചുറ്റുന്നതും ഒരു ആചാരമാണ്. രണ്ട് വർഷം മുമ്പ് കുടകിലെ തിബത്തൻ ഗോൾഡൻ ടെമ്പിൾ സന്ദർശിച്ചതിനാൽ ഇത് അത്ര ആകർഷണീയമായി ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല.

തിരിച്ച് മാൾ റോഡിൽ എത്തി വിളിച്ച ഉടനെത്തന്നെ കാർ എത്തി. മഹേഷിന് പകരം മറ്റൊരാളായിരുന്നു ഡ്രൈവർ. ഞങ്ങളെ ഹോട്ടലിൽ തിരിച്ചെത്തിച്ച് പിറ്റേ ദിവസം രാവിലെ എത്താം എന്ന് പറഞ്ഞു അയാൾ സ്ഥലം വിട്ടു.

Next: ടിബറ്റൻ ലാഫിംഗ്

Tuesday, September 16, 2025

മണാലി ഡയറീസ് - 2

 മണാലി ഡയറീസ് - 1 

ഡൽഹി യാത്രയെപ്പോലെ മണാലി ട്രിപ്പും ഞാൻ നന്നായി മനസ്സിലാക്കിത്തന്നെ ഷെഡ്യൂൾ ചെയ്തിരുന്നു. ഡൽഹിയിലെ പര്യടനത്തിനിടയിലെ രണ്ട് ദിവസം ആയതിനാൽ സമയത്തെ മാക്സിമം ഉപയോഗപ്രദമാക്കുക എന്നതായിടുന്നു പ്രധാന കടമ്പ.അതിന് ഏറ്റവും അനുയോജ്യമായ മാർഗ്ഗം പകൽ മുഴുവൻ ഡൽഹിയിൽ കറങ്ങി രാത്രി മണാലിയിലേക്ക് തിരിക്കുക എന്നതായിരുന്നു. രാവിലെ മണാലി എത്തും എന്നതിനാൽ അന്ന് തന്നെ കാഴ്ചകൾ കാണാനും സാധിക്കും. രാത്രി നിരവധി വോൾവോ എ സി സെമി സ്ലീപ്പർ ബസ്സുകൾ സർവ്വീസ് നടത്തുന്നുമുണ്ട്.

ഓരോ ട്രാവൽസ്കാർക്കും ഓരോ റേറ്റ് ആയതിനാൽ ബസ് തെരഞ്ഞെടുപ്പ് അത്ര എളുപ്പമായിരുന്നില്ല. മാത്രമല്ല സീറ്റിൻ്റെ സ്ഥാനം അനുസരിച്ചും ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ട്. റോഡിൻ്റെ സ്ഥിതി അറിയാത്തതിനാൽ റേറ്റ് കുറഞ്ഞ ബാക്ക് സീറ്റുകൾ ആദ്യം തന്നെ ഞാൻ ഒഴിവാക്കി.  റിവ്യൂവും റേറ്റിംഗും സാധാരണ നോക്കാത്ത എനിക്ക് ഇത്തവണ അതും ഉപയോഗപ്പെടുത്തേണ്ടി വന്നു. എന്നിട്ടും തീരുമാനം ബുദ്ധിമുട്ടായതിനാൽ ഒരു മാസം മുമ്പ് മണാലി സന്ദർശിച്ച അനുജൻ്റെ ഉപദേശങ്ങളും ഞാൻ തേടി. അങ്ങനെ പി.എ.എൽ ട്രാവത്സിൽ ഒരാൾക്ക് 1100 രൂപ എന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തു.

ഒരു സ്ഥലം സന്ദർശിക്കുമ്പോൾ അവിടെ ഒരു പരിചയക്കാരനുണ്ടെങ്കിൽ അപ്രതീക്ഷിതമായ ധാരാളം സൗകര്യങ്ങൾ നമുക്ക് ലഭിക്കും. ഡൽഹിയിൽ ശ്രീജിത്ത് എന്ന കൂട്ടുകാരനിലൂടെയും കാശ്മീരിൽ എൻ്റെ സ്റ്റുഡൻ്റ് ഇഷ്ഫാഖിലൂടെയും ജയ്പൂരിൽ എൻ്റെ വീടിൻ്റെ മാർബിൾ പണിക്കാരൻ്റെ അനിയൻ അമീനിലൂടെയും എല്ലാം ഞാനത് നേരിട്ടനുഭവിച്ചതാണ്. ഹിമാചലിലും ഇങ്ങനെ ഒരു ബന്ധം എനിക്കുണ്ടായിരുന്നു. 

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഏക് ഭാരത് ശ്രേഷ്ട് ഭാരത് ക്ലബിൻ്റെ കോർഡിനേറ്ററായിരിക്കെ ഹിമാചൽ പ്രദേശിലെ സുന്ദർനഗർ ഗവ. പോളിടെക്നിക്കുമായിട്ടായിരുന്നു ഞങ്ങളുടെ ടൈ അപ്പ്. പ്രസ്തുത കോളേജിൽ ഇതേ പദവിയിലുള്ള സോണൽ മാഡം മണാലിക്കടുത്താണ് താമസം എന്ന് പറഞ്ഞിരുന്നു. ആയതിനാൽ ഈ യാത്രയിൽ ആദ്യമായി അവരെ കാണാനും പറ്റുമെങ്കിൽ ഒരു ദിവസം അവിടെ തങ്ങാനും ഞാൻ ഉദ്ദേശിച്ചിരുന്നു. പക്ഷേ, മണാലിയിലേക്കുള്ള റൂട്ടിലെ മണ്ടിയിൽ ആണ് അവരെന്നും ഞങ്ങളുടെ ബസ് പുലർച്ചെ നാല് മണിക്കാണ് അതിലൂടെ കടന്ന് പോകുന്നതും എന്നതിനാൽ ആ പ്ലാൻ നടന്നില്ല. എങ്കിലും കാണാനുള്ള സ്ഥലങ്ങളെപ്പറ്റി അൽപം കൂടി നല്ലൊരു ധാരണ ഉണ്ടാക്കാൻ ഈ ബന്ധം ഉപകരിച്ചു.

മണാലിയിൽ എത്തിയ ശേഷം വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ള ടാക്സി എല്പിക്കലായിരുന്നു മറ്റൊരു കടമ്പ. ഡൽഹിയിൽ നിന്ന് തുടങ്ങി തിരിച്ച് ഡൽഹി വരെ എത്തുന്ന ഒരു പാക്കേജ് ഒരു ഡൽഹി വാല ടൂർ ഓപ്പറേറ്ററും മണാലിയിൽ മാത്രം ഒതുങ്ങുന്ന ഒരു പാക്കേജ് ഒരു മലയാളി ടൂർ ഓപ്പറേറ്ററും തന്നെങ്കിലും രണ്ടും ഉയർന്ന നിരക്കാണെന്ന് അനിയൻ്റെ അനുഭവത്തിൽ നിന്ന് അവൻ പറഞ്ഞു.

അവസാനം, അനിയന് റൂം സെറ്റാക്കിക്കൊടുത്ത നാട്ടുകാരനായ ടൂർ ഓപ്പറേറ്റർ തന്നെ ഞങ്ങൾക്കും വളരെ സൗകര്യപ്രദമായ ഒരു റൂം സെറ്റാക്കി തന്നതോടെ വണ്ടിയുടെ കാര്യം മാത്രം നോക്കിയാൽ മതി എന്നായി.അതും ഓൺലൈനിൽ ഒരു ഓപ്പറേറ്ററുമായി സംസാരിച്ച് ഞാൻ ഡീലാക്കി. പക്ഷെ, അയാൾ അഡ്വാൻസ് ചോദിച്ചതിനാൽ ഞാനൊന്ന് പിന്നോട്ട് നിന്നു. ആ തീരുമാനവും നന്നായി എന്ന് ഡൽഹിയിൽ ഞാൻ എത്തിയ ദിവസം തിരിച്ചറിഞ്ഞു.

മെയ് 27 ന് ഡൽഹിയിൽ ഇറങ്ങി ഒന്ന് കറങ്ങിയ ശേഷം റൂമിലേക്ക് പോകാനായി മോളെ കാത്ത് നിൽക്കെ ഒരു അജ്ഞാത നമ്പറിൽ നിന്നും എനിക്ക് ഒരു വിളി വന്നു.

"സർ.... മേരാ നാം മഹേഷ്... മണാലി സെ ... ആപ് പി.എ എൽ ട്രാവൽസ് മേം മണാലി ആതാ ഹേ ന ?"

"ഹാം.." ഞാൻ മറുപടി പറഞ്ഞു.

"ആപ് ടാക്സി ഔർ ഹോട്ടൽ ബുക്ക് കിയാ യാ നഹി ?"

"റൂം കിയാ... ലേകിൻ ടാക്സി നഹീം.."

"അച്ചാ... സാർ ആപ് കിത് നെ ലോഗ് ഹെ?"

"സാത്..."

"അച്ച... സാത് ലോഗ് കെലിയെ എക് എർട്ടിഗ അച്ച ഹെ..."

"ഹാം ... ആപ് ബോലോ ... കിത്ന ഹോഗ?" പിടിവള്ളി കിട്ടിയ ആശ്വാസത്തിൽ ഞാൻ പറഞ്ഞു.

"യെഹ് വാട്സപ്പ് നമ്പർ ഹെ ന? മേം അഭീ ബേച്ചേഗ... "

നിമിഷങ്ങൾക്കുള്ളിൽ കുളു മണാലി മൂന്ന് ദിവസത്തെ യാത്രയുടെ ഒരു രൂപരേഖ മഹേഷ് അയച്ചു തന്നു.കുളു വേണ്ട എന്നറിയിച്ചപ്പോൾ രണ്ട് ദിവസത്തിന് 6500 രൂപയ്ക്ക് ടാക്സി ഉറപ്പിച്ചു. 9000 രൂപയായിരുന്നു ഞാൻ ആദ്യം ഡീലാക്കിയ ഡ്രൈവർ പറഞ്ഞത്.

അങ്ങനെ മെയ് 29 ൻ്റെ പകൽ കറക്കങ്ങൾ മുഴുവൻ തീർത്ത് രാത്രി 8.10 ന് കാശ്മീരി ഗേറ്റിലെ ഐ.ജി.ബി.ടി യിൽ നിന്നും ഞങ്ങളുടെ കന്നി മണാലി യാത്ര ആരംഭിച്ചു. വഴിയിൽ നിന്ന് വാങ്ങിയ ബ്രെഡ് ഓംലെറ്റ് ആയിരുന്നു രാത്രി ഭക്ഷണം. രാവിലെ ഏഴ് മണിക്ക് മണാലിയിൽ ഞങ്ങളിറങ്ങുമ്പോൾ അവിടെ മഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു.



Next : ഹഡിംബ - മാൾറോഡ് 


Sunday, September 14, 2025

മുറ്റത്തൊരു Mercedes-Benz GLS SUV

എൻ്റെ പഞ്ചായത്തിലെ ബുദ്ധിപരമായ വൈകല്യമുള്ള കുട്ടികൾക്ക് വിവിധതരം തെറാപ്പികളും പരിശീലനവും നൽകുന്ന ഒരു സ്ഥാപനം സന്ദർശിച്ച അനുഭവം നാട്ടുകാരനും ബാല്യകാലം മുതലേ സുഹൃത്തുമായ ഡോ. ഫസലുറഹ്മാൻ എന്നോട് പങ്ക് വച്ചിരുന്നു. പ്രസ്തുത സ്ഥാപനത്തിന് ഒരു കൈതാങ്ങ് എന്ന നിലയിൽ കൂടുതൽ സൗകര്യപ്രദമായ ഒരു സ്ഥലത്ത് ശരിയായ പരിശീലനം ലഭിച്ചവരുടെ ശിക്ഷണത്തിൽ അരീക്കോട് ടൗൺ പരിസരത്ത് ഒരു സ്ഥാപനം തുടങ്ങുന്നതിനെപ്പറ്റി ഒന്നാലോചിക്കാനും അന്ന് ഫസൽ പറഞ്ഞു. തീർത്തും സൗജന്യമായി നൽകാൻ ഉദ്ദേശിക്കുന്ന പദ്ധതി ഇത്തരം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആശ്വാസം ലഭിക്കുന്ന രൂപത്തിൽ വളരെ പ്ലാൻ ചെയ്തു നടപ്പിലാക്കുന്നതിനെപ്പറ്റിയും ഫസൽ സംസാരിച്ചു.

അങ്ങനെയാണ് യു.കെ യിലുള്ള ഫസൽ ഒരു ഓൺലൈൻ മീറ്റിംഗ് വിളിച്ചത്. വളരെ സ്തുത്യർഹമായ രീതിയിൽ ഇത്തരം ഒരു സ്ഥാപനം നടത്തി വരുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചെയർമാൻ ഡോക്ടർ ഇദ്‌രീസ് വി ആയിരുന്നു മീറ്റിംഗിലെ ഒരു ക്ഷണിതാവ്. കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായിരിക്കെ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഡോക്ടറുമായി സഹകരിച്ച് പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നതിനാൽ ഞങ്ങൾ തമ്മിൽ മുൻ പരിചയം ഉണ്ടായിരുന്നു.പക്ഷെ, ഫസലിന് അത് അറിയുമായിരുന്നില്ല. 

രണ്ടാമത്തെ ക്ഷണിതാവ് ഞാൻ ധാരാളം കേട്ടറിഞ്ഞ പ്രമുഖനായ ഒരു ബിസിനസ്മാൻ ആയിരുന്നു. ദാരിദ്ര്യം പിടിച്ച കുട്ടിക്കാല അനുഭവങ്ങളിൽ നിന്ന് ജീവിതം പഠിച്ച് വളർന്ന് ഇന്ന് ലോകം മുഴുവൻ പടർന്ന് നിൽക്കുന്ന ദുബൈ ആസ്ഥാനമായ ഐഡി ഫ്രഷ് ഫുഡ്  എന്ന സംരംഭത്തിൻ്റെ സി.ഇ.ഒ ആയ പി.സി.മുസ്തഫ ആയിരുന്നു അത്.ഇഡ്‌ലി - ദോശ മാവ് വിൽപന എന്ന ചെറിയ ഒരു സംരംഭത്തിലൂടെ ഹാർവാർഡ് കെന്നഡി സ്കൂളിൽ (പേര് സ്കൂൾ എന്നാണെങ്കിലും ഒന്നൊന്നര യൂണിവേഴ്സിറ്റിയാണ്) വിസിറ്റിംഗ് ഫാക്കൽറ്റി വരെ ആയി വളർന്ന ഈ വയനാട്ടുകാരൻ ഡോ.ഫസലിൻ്റെ ഹോസ്റ്റൽ മേറ്റുമായിരുന്നു.

മീറ്റിംഗിൽ ഞങ്ങൾ ധാരാളം കാര്യങ്ങൾ ചർച്ച ചെയ്തു. സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ചും സ്റ്റാഫിനെക്കുറിച്ചും നടത്തിപ്പ് ഫണ്ടിനെക്കുറിച്ചും മേൽനോട്ടത്തെക്കുറിച്ചും സുദീർഘമായി തന്നെ എല്ലാവരും ആശയങ്ങൾ പങ്ക് വെച്ചു. ഇത്തരം ഒരു മീറ്റിംഗിൽ അത്രയും സമയം ചെലവഴിക്കാൻ വളരെ തിരക്കേറിയ ഇവർ കാണിച്ച ആവേശം എന്നെ വളരെയധികം അത്ഭുതപ്പെടുത്തി. ഒരു പ്രവർത്തന മാതൃക നേരിട്ട് കണ്ടറിയാൻ കോഴിക്കോട്ടെ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്ഥാപനം സന്ദർശിക്കാൻ നാട്ടിലുള്ള എന്നെ ഫസൽ ചുമതലപ്പെടുത്തുകയും ചെയ്തു.

ഞങ്ങളുടെ മീറ്റിംഗ് കഴിഞ്ഞ് രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷമാണ് എൻ്റെയും ഫസലിൻ്റെയും അദ്ധ്യാപകൻ കൂടിയായ പ്രൊഫ. കെ. കോയട്ടി സാറും മറ്റ് ചിലരും ചേർന്ന് കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിനടുത്ത് "പാരഡൈസ്" എന്ന പേരിൽ അതി വിപുലമായ ഒരു പ്രൊജക്ട് ആരംഭിക്കുന്ന വിവരം കോയട്ടി സാറെ സന്ദർശിച്ച വേളയിൽ ഞാനറിഞ്ഞത്. ഫസലിനെ ഈ കാര്യം അറിയിച്ചപ്പോൾ ഞങ്ങളുടെ പ്ലാൻ തത്കാലം നിർത്തിവച്ചു.

മീറ്റിംഗ് പിരിയുന്നതിന് മുമ്പ് പി.സി. മുസ്തഫക്ക് എന്നെ ഫസൽ വിശദമായി പരിചയപ്പെടുത്തിക്കൊടുത്തു. അപ്പോഴാണ് എൻ്റെ അനിയൻ ഡോ.അഫീഫ് തറവട്ടത്തിൻ്റെ ക്ലാസ്മേറ്റാണ് പി.സി.മുസ്തഫ എന്നറിഞ്ഞത്. അവരുടെ ക്ലാസ് ഗ്രൂപ്പിൽ നടക്കുന്ന അനിയൻ്റെ 'കലാപ്രകടനങ്ങളും' മുസ്തഫ പരാമർശിച്ചു. 

ഇക്കഴിഞ്ഞ ദിവസം എൻ്റെ തൊട്ടടുത്ത പഞ്ചായത്തിലെ കോളേജിൽ ഒരു മോട്ടിവേഷൻ ക്ലാസിന് വന്നപ്പോൾ മുസ്തഫയെ അനിയൻ ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു. അങ്ങനെ അന്ന് ഓൺലൈനിൽ കണ്ട ആ പ്രതിഭ എൻ്റെ വീട്ടിലും എത്തി. സ്വീകരണ മുറിയിലെ ഷോകേസിൽ നിന്നും എൻ്റെ 'പിരാന്തുകൾ' ഒപ്പിയെടുത്ത മുസ്തഫയ്ക്ക് ഞാൻ എൻ്റെ മൂന്ന് പുസ്തകങ്ങളും കയ്യൊപ്പിട്ട് സമ്മാനിച്ചു. നല്ലൊരു വായനക്കാരനായ എൻ്റെ മകനെ ചേർത്ത് പിടിച്ച് അഭിനന്ദിക്കാനും ഈ "ഫോർബ്സ് ഇന്ത്യ ബിസിനസ് ടൈക്കൂൺ ഓഫ് ടുമോറോ" മറന്നില്ല.

ലോകത്തെ തന്നെ ഏറ്റവും വില കൂടിയ കാറുകളിൽ ഒന്നായ Mercedes-Benz GLS SUV സ്വന്തം വീട്ടുമുറ്റത്തെത്തിയ സന്തോഷത്തിൽ എൻ്റെ കുഞ്ഞുമോൻ ലിദുവും കാറിനൊപ്പം നിന്ന് നിരവധി ഫോട്ടോകളും എടുത്തു.


ചില സംഗതികൾ അങ്ങനെയാണ്. എവിടെയൊക്കെയോ കണ്ണി ചേർന്ന് ചേർന്ന് അപ്രതീക്ഷിതമായി അത് നമ്മിലേക്കെത്തും. അത് നമ്മുടെ ജീവിതത്തിലെ ഏറെ സന്തോഷമുള്ള നിമിഷങ്ങളായിരിക്കും എന്ന് അനുഭവത്തിലൂടെ ഞാൻ തിരിച്ചറിഞ്ഞു.

Friday, September 12, 2025

മണാലി ഡയറീസ് - 1

1998 ലാണ് എൻ്റെ വിവാഹം നടന്നത്. അത്യാവശ്യം നല്ല ശമ്പളം ലഭിക്കുന്ന സർക്കാർ ഉദ്യോഗത്തിൽ കയറിയിരുന്നതിനാൽ അടക്കിപ്പിടിച്ചു വച്ചിരുന്ന ചില മോഹങ്ങൾ ചിറകു വിരിക്കാൻ തുടങ്ങിയതും ഈ സമയത്താണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വിനോദയാത്രകൾ. ആറാം ക്ലാസിൽ നിന്ന് പോയ മൈസൂർ ടൂർ,പത്താം ക്ലാസിൽ പഠിക്കുമ്പോൾ പോയ മദ്രാസ് ടൂർ, ഡിഗ്രി പഠനകാലത്തെ ഊട്ടി ടൂറും ബാംഗ്ലൂർ ടൂറും എന്നിവയായിരുന്നു ഇരുപത്തൊന്ന് വയസ്സിനിടയിൽ ആകെ നടത്തിയ യാത്രകൾ. സ്കൂളിൽ നിന്നും സ്ഥിരം പോകാറുള്ള മലമ്പുഴ, പീച്ചി തുടങ്ങീ സംസ്ഥാനത്തിനകത്തെ പല സ്ഥലങ്ങളും ഞാൻ കണ്ടിരുന്നില്ല. ഡൽഹിയിൽ ഏഴോ എട്ടോ തവണ പോയ ഞാൻ, ഇപ്പോഴും പീച്ചിയും ഇടുക്കിയും കണ്ടിട്ടില്ല!

1992-ൽ ഡിഗ്രി നല്ല മാർക്കോടെ പാസ്സായി എങ്കിലും ഫിസിക്സ് എന്ന വിഷയത്തിൽ അന്ന് കേരളത്തിൽ ബിരുദാനന്തര പഠനം ഉണ്ടായിരുന്നത് വെറും ഏഴ് കോളേജുകളിലായിരുന്നു.ഒരു കോളേജിൽ ആകെയുള്ള സീറ്റ് എട്ടെണ്ണവും. അതായത് കേരളത്തിലാകെ അവസരം ലഭിക്കുന്നത്  അമ്പത്തിയാറ് പേർക്ക് മാത്രം. അതിനാൽ തന്നെ മറ്റ് മാർഗ്ഗങ്ങൾ തേടുന്നതിൻ്റെ ഭാഗമായി ഞാൻ ബോംബെയിലെ (മുംബൈ അന്ന് ബോംബെ ആയിരുന്നു) ഭാഭ അറ്റോമിക് റിസർച്ച് സെൻ്ററിലും അലീഗഡ് യൂണിവേഴ്സിറ്റിയിലും ഡൽഹിയിലും എല്ലാം ഒറ്റക്ക് എത്തിയിരുന്നു. പിതാവിൻ്റെ ആത്മവിശ്വാസത്തിൽ എന്നെ സ്വതന്ത്രനായി വിട്ട ഈ യാത്രകളാണ് എൻ്റെ യാത്രാരംഭത്തിൻ്റെ മൂലധനം എന്ന് ഞാൻ വിശ്വസിക്കുന്നു.

വിവാഹം കഴിഞ്ഞവർ ഹണിമൂൺ എന്ന പേരിൽ യാത്രകൾ നടത്തുന്നത് ഞാൻ കേട്ടിരുന്നു.പക്ഷേ, എൻ്റെ മുമ്പ് കല്യാണം കഴിച്ച എൻ്റെ ജ്യേഷ്ഠത്തിയോ കുടുംബത്തിലെ മറ്റാരെങ്കിലുമോ അത്തരം യാത്രകൾ നടത്തിയതായി ഞാൻ കേട്ടിരുന്നില്ല. ഊട്ടിയായിരുന്നു ഹണിമൂണുകാരുടെ അന്നത്തെ ഇഷ്ട ലൊക്കേഷൻ. പക്ഷേ, ഒരു സാദാ സർക്കാർ ജോലിക്കാരന് താങ്ങാൻ പറ്റുന്ന ബഡ്ജറ്റ് ആയിരുന്നില്ല ഈ ട്രിപ്പുകൾക്ക് . 

ഭാഗ്യത്തിന്, പി.ജി.ഡി.സി.എ ക്ക് ഒരുമിച്ച് പഠിച്ച കൃഷ്ണകുമാറിന് ഊട്ടിയിൽ ബന്ധുക്കൾ ഉള്ളതിനാൽ എനിക്ക് ഊട്ടിയിലേക്ക് ഒരു സൗജന്യ ക്ഷണം ലഭിച്ചു. ബട്ട്, ഭാര്യയുടെ ഉദരത്തിൽ ഞങ്ങളുടെ ആദ്യത്തെ കൺമണി നീന്തി കളിക്കാൻ തുടങ്ങിയിരുന്നതിനാൽ എൻ്റെ ഹണിമൂൺ ഒരു സോളോ യാത്രയായി. പഹ്‌ല പ്രസവം സിസേറിയൻ കൂടിയായതോടെ മോൾ എൽ.കെ.ജി യിൽ പഠിക്കുമ്പോഴാണ് പിന്നീട് ഞങ്ങൾക്ക് ഒരു യാത്രാ അവസരം ലഭിച്ചത്. എസ്.ബി.ഐ ബാങ്കിൻ്റെ ലഖ്നോവിൽ വച്ചുള്ള ഒരു ഇൻ്റർവ്യൂവിന് അനിയൻ്റെ കൂടെ പോകാനുള്ള എൻ്റെ പിതാവിൻ്റെ നിർദ്ദേശമാണ് എൻ്റെ കുടുംബയാത്രകളുടെ ഹരിശ്രീ കുറിച്ചത്. അന്ന് ഞാൻ ആദ്യമായി ലഖ്നോയും ഭാര്യയും മോളും ആദ്യമായി താജ്മഹലും ഡൽഹിയും കണ്ടു.

ഊട്ടിക്ക് പിന്നാലെ കൊടൈക്കനാലിനായിരുന്നു നവദമ്പതികളുടെ കേളീരംഗമായി മാറാനുള്ള അവസരം. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ ഉത്തരേന്ത്യയിലേക്ക് തിരിക്കാനും യുവമിഥുനങ്ങൾ ആവേശം പൂണ്ടു. അങ്ങനെയാണ് കുളു മണാലി എന്ന് ഞാൻ ആദ്യമായി കേൾക്കുന്നത്. കേരളത്തിലെ കലാലയങ്ങളിൽ നിന്നുള്ള മിക്ക "സ്റ്റഡി ടൂറുകളും" കുളു മണാലിയിലേക്കായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. സയൻസ് ആർട്സ് കൊമേഴ്സ് എന്ന് വേണ്ട എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പോലും "പഠിക്കാൻ" പോകാൻ മാത്രം ഈ നാടിന് എന്ത് പ്രത്യേകത എന്ന ചോദ്യം എൻ്റെ മനസ്സിൽ തറച്ച് നിന്നു.

അങ്ങനെ 2025 ലെ എൻ്റെ ഫാമിലി ടൂർ പ്ലാൻ ചെയ്തപ്പോൾ ഡൽഹിയിൽ നിന്നും ഒറ്റ രാത്രി കൊണ്ട് എത്തിച്ചേരാവുന്ന മണാലിയും ഞാൻ പ്ലാനിൽ ഉൾപ്പെടുത്തി. കുറെ അഡ്വഞ്ചർ ആക്ടിവിറ്റീസ് ചെയ്യാനുള്ള സ്ഥലം എന്നതിലുപരി കുളുവിൽ പ്രത്യേകിച്ച് ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയതിനാലാണ് കുളു ഒഴിവാക്കി മണാലി മാത്രമാക്കിയത്.



Next : മണാലി ഡയറീസ് - 2

Tuesday, September 09, 2025

ബ്ലഡി മൂൺ

"കുഞ്ഞിമ്മോ..." വീടിൻ്റെ ഗേറ്റ് കടന്ന ഉടനെ ആബു മാസ്റ്റർ ഭാര്യയെ നീട്ടി വിളിച്ചു.

"എന്തെയ്നു..?" ഉപ്പ് മാവിൽ ഉപ്പ് കൂടിയതിൻ്റെ വിമ്മിഷ്ടത്തിൽ നിന്ന കുഞ്ഞിമ്മു വിളി കേട്ടു.

"കുഞ്ഞിമ്മോ...കുഞ്ഞിമ്മോ..." ഭാര്യയുടെ ഉത്തരം കേൾക്കാതെ ആബു മാസ്റ്റർ വീണ്ടും വിളിച്ചു. ഭർത്താവിൻ്റെ വിളിയിൽ എന്തോ പന്തികേട് തോന്നിയതിനാൽ കുഞ്ഞിമ്മു അടുക്കളയിൽ നിന്ന് കോലായിലേക്ക് ധൃതിയിൽ നടന്നു. മാഷ് ഗേറ്റ് കടന്ന് നടന്നു വരുന്നത് കുഞ്ഞിമ്മു കണ്ടു.

"എന്തിനാ മന്സാ, ഇങ്ങനെ വിളിച്ച് കൂവി വരുന്നത്? പുറത്തൊരു ടോയ്ലറ്റ് ഉണ്ടാക്കീട്ടുണ്ടല്ലോ?" ആബു മാസ്റ്ററുടെ വിളിയുടെ പ്രൈമറി ഉദ്ദേശം അറിയാവുന്ന കുഞ്ഞിമ്മു ചോദിച്ചു.

"എടീ....ഇന്നത്തെ ദിവസത്തിൻ്റെ പ്രത്യേകത നിനക്കറിയോ?"

'ങേ !! അങ്ങാടിയിൽ പോകും വരെ ഒരു പ്രത്യേകതയും ഈ ദിവസത്തിന് ഇല്ലായിരുന്നല്ലോ...എന്താ ഇപ്പോ പെട്ടെന്നൊരു പ്രത്യേകത ഉണ്ടായത് ?' കുഞ്ഞിമ്മു ആലോചിച്ചു.

"ങാ... അതിനാ രാവിലെ പത്രം വായിക്കണം എന്ന് പറയുന്നത്..." ആബു മാസ്റ്റർ ഭാര്യയെ ഒന്നിരുത്താൻ ശ്രമിച്ചു.

"എന്നിട്ടിപ്പോ അങ്ങാടിയിൽ പോയപ്പോഴാണല്ലോ ഈ പത്രാസുകാരന് ഈ ദിവസത്തിൻ്റെ പ്രത്യേകത തിരിഞ്ഞത്?"

"ഓ.... അത് പിന്നെ..." ആബു മാസ്റ്റർ നിന്ന് പരുങ്ങി.

"ങാ... അത് പോട്ടെ... ആ പ്രത്യേകത എന്താന്ന് പറയൂ..ഞാനും കേൾക്കട്ടെ ...."

"അത്...അത്..." ആബു മാസ്റ്റർ പറയാൻ വന്ന കാര്യം ഒരു നിമിഷം മറന്ന് പോയി.

"ഇന്ന് ഞായറാഴ്ചയാണ്... സൺഡേ ഹോളിഡേ .... ഇതാണ് എനിക്കറിയാവുന്ന ഈ ദിവസത്തിൻ്റെ പ്രത്യേകത.." മുഖത്ത് ഒരു വക്രച്ചിരിയോടെ കുഞ്ഞിമ്മു പറഞ്ഞു.

"യെസ്... അത് തന്നെ... ഇന്ന് ചതയ ദിനം...നോട്ട് ഓൺലി എ ഹോളിഡേ ബട്ട് ആൾസൊ എ ഹോളീ ഡേ"

"അ... അ... ആ... അങ്ങാടിയിൽ വച്ച് പഴയ ഇംഗ്ലീഷ് മാസ്റ്ററെ കണ്ടിരുന്നോ? രാവിലെ തന്നെ ഒരു ബട്ടോൺലി നൊട്ടാൾസോ ? "

"അത്... ഇന്ന് ചന്ദ്രൻ ഭൂമിയുടെ നിഴലിൽ ചതയും ..."

"എന്താവും ന്ന്?"

"ചതയും ന്ന്..."

"അതാണോ നിങ്ങൾ പറഞ്ഞ ചതയ ദിനം ?" കുഞ്ഞിമ്മു ചോദിച്ചു.

"അതാണോ എന്നറിയില്ല.... പക്ഷേ ഇന്ന് പൂർണ്ണ ചന്ദ്രഗ്രഹണ ദിവസമാണ് ..."

"അതിന് ?"

"അപ്പോൾ ആകാശത്ത് ചില പോക്കിരിത്തരങ്ങൾ നടക്കും.."

"ങാ... ബഡായി ആണെങ്കിലും കേൾക്കട്ടെ.."

"സൂര്യൻ ദേ നൂറ് സ്പീഡിൽ ചന്ദ്രൻ്റെ നേരെ ഇങ്ങനെ ഒരു വരവാ....." ആബു മാസ്റ്റർ കുതിരവട്ടം പപ്പു  കളിച്ച് കാണിച്ചു.

"എന്താ ചന്ദ്രൻ സൂര്യൻ്റെ ബാപ്പാക്ക് വിളിച്ചോ?"

"അതൊന്നും എനിക്കറിയില്ല...പക്ഷേ, നമ്മളെ ഭൂമിയുണ്ടേല്ലോ.. അതിന് ഒന്നൊന്നര ധൈര്യമാ... എന്നെപ്പോലെ..." ആബു മാഷ് ഒന്ന് ഞെളിഞ്ഞു.

"ദേ .... ഒരു പാമ്പ് വരുന്നു ..." കുഞ്ഞിമ്മു പെട്ടെന്ന് പറഞ്ഞു.

"ങ്ങേ !! എവിടെ ?? " ആബു മാഷ് പേടിച്ച് കോലായിലേക്ക് ഓടിക്കയറി.

"ആ... ധൈര്യം ഇപ്പോൾ മനസ്സിലായി...ബാക്കി കൂടി പറയൂ..." കിതക്കുന്ന ആബു മാസ്റ്ററെ നോക്കി ചിരിച്ചു കൊണ്ട് കുഞ്ഞിമ്മു പറഞ്ഞു.

"നൂറ് സ്പീഡിൽ വരുന്ന പാമ്പ്....ഛെ , ചന്ദ്രൻ്റെ നേരെ വരുന്ന സൂര്യൻ്റെ മുമ്പിൽ ഭൂമി അങ്ങ് കയറി നിൽക്കും.."

"അയ്യോ.... അപ്പോ സൂര്യൻ ഭൂമിയെ ഇടിച്ച് പാപ്പറാക്കില്ലേ?"

"പിന്നല്ലാതെ .... ഭൂമിയുടെ ചോര തെറിച്ച് ചന്ദ്രനങ്ങോട്ട് ചുവയ്ക്കും .... ചോരച്ചന്ദ്രനാവും...അതാണ് ബ്ലഡി മൂൺ....."

"ബ്ലഡി സൺ അല്ലേ?നിങ്ങളെന്തിനാ ചന്ദ്രനെ തെറിവിളിക്കുന്നത് ?"

"തെറി വിളിച്ചതല്ല, ബ്ലഡി മൂൺ എന്ന് പറഞ്ഞാൽ ചോരച്ചന്ദ്രൻ"

"എന്നിട്ടിപ്പോൾ ആകാശത്ത് ചന്ദ്രനെ കാണുന്നില്ലല്ലോ..?" ആകാശത്തിലേക്ക് നോക്കി കുഞ്ഞിമ്മു പറഞ്ഞു.

"ഇത് ഇന്ന് രാത്രി നടക്കാൻ പോകുന്ന കാര്യമാ പറഞ്ഞത് "

"എത്ര മണിക്ക് ?"

"രാത്രി പന്ത്രണ്ടരക്ക് ശേഷം .."

"ങാ... നടന്നത് തന്നെ... പണ്ട് ഇതേ പോലെ സൂര്യഗ്രഹണം കാണാൻ എന്നും പറഞ്ഞ് വയനാട്ടിൽ പോയി സമയവും കാശും കളഞ്ഞത് ഓർമ്മയില്ലേ?"

"ഉം..." ആബു മാസ്റ്റർ മൂളി.

"ഇനി ചന്ദ്രഗ്രഹണം എന്നും പറഞ്ഞു്  വെറുതെ ഉറക്കം കൂടി കളയണ്ട... നിങ്ങളെ നിലവിളി കേട്ടപ്പോ ഞാൻ കരുതി വല്ല സ്വർണ്ണനിധിയും കിട്ടിയോ ന്ന്..."

"ഉം" ആബു മാസ്റ്റർ വീണ്ടും മൂളി.

"ബഡായി കേട്ടിരുന്ന് സമയം പോയി...ഇന്നിനി ബ്രേക്ക് ഫാസ്റ്റ് നോട്ട് ഒൺലി ഉപ്പ് മാവ് ബട്ട് ആൾസൊ ഉപ്പ് കൂടിയത് ...''

രാവിലെ പറ്റിയ കൈപ്പിഴയിൽ നിന്ന് കുഞ്ഞിമ്മു നൈസായി തലയൂരി.

Saturday, September 06, 2025

നബിദിനത്തിലെ മാവേലി

രണ്ടു  പേർ കണ്ടുമുട്ടുമ്പോൾ കൈ കൊടുത്ത് സലാം പറയണം എന്ന് ഉസ്താദ് മദ്രസയിൽ നിന്ന് പഠിപ്പിച്ചിരുന്നു. മാവേലിയെ ആദ്യമായി കണ്ട കൊച്ചുമോൻ ഓടിച്ചെന്ന് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു -

"അസ്സലാമു അലൈക്കും "🤩

ചിരിയടക്കാൻ ഞങ്ങൾ പാടുപെടുന്നതിനിടയിൽ മാവേലിയുടെ മറുപടി -

"വ അലൈക്കുമുസ്സലാം"😆

നബിദിനവും തിരുവോണവും ഒരുമിച്ച് വന്നാലുള്ള ഓരോരോ മുസീബത്തുകൾ 🫣🫣


Wednesday, September 03, 2025

ഒരു "ജഹാംഗീർ" ചരിതം

എൻ്റെ മൂത്ത മകൾ ലുലുവിൻ്റെ നിക്കാഹ് നടന്നത് 2024 ആഗസ്റ്റ് പതിനഞ്ചിനാണ്. അപ്പൻ എന്ന പദവിയിൽ നിന്ന് അമ്മായി അപ്പൻ എന്ന പദവിയിലേക്ക് (ഭാവിയിൽ അപ്പൂപ്പൻ എന്ന പദവിയിലേക്കും ) അന്ന് എനിക്ക് പ്രമോഷൻ ലഭിച്ചു. അഞ്ച് ദിവസം കഴിഞ്ഞ് ആഗസ്റ്റ് ഇരുപതിനാണ് എൻ്റെ നേതൃത്വത്തിൽ ഞങ്ങളുടെ പത്താം ക്ലാസ് കൂട്ടായ്മയുടെ രണ്ടാം സംഗമം "ഒരു വട്ടം കൂടി - സീസൺ 2"  നടന്നത്. സംഗമത്തിൻ്റെ ഓർമ്മയ്ക്കായി, പങ്കെടുത്തവർക്കെല്ലാം 'നീലിഷ' ഇനത്തിൽ പെട്ട ഓരോ മാവിൻ തൈകൾ നൽകിയിരുന്നു.എനിക്ക് കിട്ടിയത് 'ജഹാംഗീർ' എന്ന ഇനത്തിൽ പെട്ട ഒരു തൈ ആയിരുന്നു.

2024 ആഗസ്റ്റ് 26 നാണ് പുതിയ മരുമകൻ ആദ്യമായി വിരുന്നു വന്നത്. ജീവിതത്തിലെ വിശേഷ ദിവസങ്ങൾ ഭൂമിയിൽ അടയാളപ്പെടുത്തുന്ന എൻ്റെ 'ഫലവൃക്ഷപ്പിരാന്ത്'  അന്ന് വീണ്ടും പുറത്ത് ചാടി. ലോക ചരിത്രത്തിലാദ്യമായി മരുമകൻ്റെ ഒന്നാം വരവിൻ്റെ സ്മാരകം പണിത ഒരു അമ്മായി അപ്പനായി ഞാൻ മാറി. പത്താം ക്ലാസ് സംഗമത്തിന് കിട്ടിയ 'ജഹാംഗീർ ' മാവിൻ തൈ മകളും മരുമകനും കൂടി മുറ്റത്ത് നട്ടു. അങ്ങനെ, ഞങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തിന് നട്ട കാശ്മീരിൽ നിന്ന് കൊണ്ടു വന്ന ആപ്പിൾ തൈക്ക് കാശ്മീരുമായി അഭേദ്യ ബന്ധമുള്ള 'ജഹാംഗീർ' തന്നെ ഒരു കൂട്ടായി.

വർഷം ഒന്ന് പറന്നങ്ങ് പോയി. 'ജഹാംഗീർ' തളിർത്തും കിളിർത്തും വളർന്നു. മുറ്റത്ത് തല ഉയർത്തി നിൽക്കുന്ന 'ജഹാംഗീർ' ൻ്റെ കൂടെ മകളും മരുമകനും ഒരിക്കൽ കൂടി ഇന്ന് നിന്ന് നോക്കി. അന്നത്തെ കുഞ്ഞൻ തൈ ഇന്ന് മരുമകൻ്റെ തലയ്ക്ക് മീതെ എത്തി. താമസിയാതെ മാങ്ങ പറിക്കാനും 'ജഹാംഗീർ' അവസരം സൃഷ്ടിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.